നബി(സ)യുടെ മുദ്ര പതിഞ്ഞ മാനേജ്‌മെന്റ് തിയറികള്‍
'തലമുറകള്‍ കൈകോര്‍ത്ത സുവര്‍ണ കാലം' എന്ന പി.കെ ജമാലിന്റെ ലേഖനം (സെപ്റ്റംബര്‍ 4) ചിന്താര്‍ഹമാണ്. അവതരണ രീതിയും ചരിത്ര സംഭവങ്ങളുടെ വിവരണവും നിരീക്ഷണങ്ങളും ഏറെ ആകര്‍ഷകം.
ദീര്‍ഘകാലമായി വ്യവസായ - വാണിജ്യ സംരംഭങ്ങള്‍ സ്ഥാപിക്കുകയും അവയുടെ മാനേജ്‌മെന്റ് ചുമതലകള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന വ്യക്തി എന്ന നിലക്ക് ബോധ്യപ്പെട്ട വസ്തുത, പഴമയും പുതുമയും സംയോജിപ്പിച്ചു മാത്രമേ സ്ഥാപനങ്ങള്‍ക്ക് വിജയം കൈവരിക്കാനാവൂ എന്നതാണ്. പഴയ തലമുറയുടെ അനുഭവ സമ്പത്തും പരിചയവും പുതിയ തലമുറയുടെ സാങ്കേതിക ജ്ഞാനവും ചടുലതയും സമര്‍ഥമായി ഉപയോഗപ്പെടുത്തുന്നതിലാണ് സ്ഥാപനങ്ങളുടെ വിജയം.
തന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓരോ വ്യക്തിയുടെയും കഴിവും അര്‍ഹതയും യോഗ്യതയും തിരിച്ചറിഞ്ഞ് മനുഷ്യവിഭവ ശേഷി ഫലപ്രദമായി വിനിയോഗിക്കുകയാണ് മാനേജ്‌മെന്റ് ചെയ്യുന്നതും ചെയ്യേണ്ടതും. അനുയായികളില്‍ ആത്മവിശ്വാസം വളര്‍ത്താനും അഭിനന്ദനങ്ങള്‍ ചൊരിഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കാനും നബി (സ) ശ്രദ്ധിച്ചു. ലൈഫ് സ്‌കില്‍ - മോട്ടിവേഷന്‍ തത്ത്വങ്ങളായി ഇന്ന് ഉയര്‍ത്തിക്കൊണ്ടു വരുന്ന പല തിയറികളുടെയും അടിസ്ഥാനങ്ങള്‍ നബിയുടെ ജീവചരിത്രത്തില്‍നിന്ന് കണ്ടെടുക്കാനാവും. ആധുനിക മാനേജ്‌മെന്റ് ശാസ്ത്രം പ്രവാചകനോട് കടപ്പെട്ടിരിക്കുന്നു.
ആസൂത്രണം, സംഘാടനം, മാന്‍, മെറ്റീരിയല്‍, മെഷീന്‍, മെത്തേഡ്, മണി, മാര്‍ക്കറ്റ് എന്നീ ഘടകങ്ങള്‍ സമര്‍ഥമായി ഉപയോഗപ്പെടുത്തി കാര്യക്ഷമമായ പ്രവര്‍ത്തനം, മാര്‍ഗദര്‍ശനം, സംയോജനം, മനുഷ്യാധ്വാനത്തിന്ന് നേതൃത്വം എന്നിവയിലൂടെയുള്ള ലക്ഷ്യ സാക്ഷാല്‍ക്കാരമാണ് മാനേജ്‌മെന്റ് നിര്‍വഹിക്കുന്നത്. ഈ രംഗങ്ങളില്‍ തന്റെ കാലത്ത് പ്രസക്തമായ ഘടകങ്ങള്‍ നബി കുറ്റമറ്റ രീതിയില്‍ ഉപയോഗപ്പെടുത്തുകയും അതില്‍ വിജയിക്കുകയും ചെയ്തു.
സ്ഥാപനങ്ങളായാലും സംഘടനകളായാലും പ്രസ്ഥാനങ്ങളായാലും നബിയുടെ ജീവിതചരിത്രത്തില്‍നിന്ന് നിരവധി പുതിയ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുണ്ടെന്ന സത്യം ബോധ്യപ്പെടുത്താന്‍ ഉതകി പ്രബോധനത്തിലെ ലേഖനം.
കുറ്റപ്പെടുത്തേണ്ടത് പുതുതലമുറയെ അല്ല
'ബന്ധങ്ങള്‍ ഭദ്രമാക്കാന്‍ തലമുറ വിടവിന്റെ വ്യാപ്തി കുറക്കുക' എന്ന നാസിറുദ്ദീന്‍ ആലുങ്ങലിന്റെ ലേഖനം (ലക്കം 3166) ശ്രദ്ധേയവും കാലികവുമായി. സാധാരണ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ പുതുതലമുറയെ കുറ്റപ്പെടുത്തുകയാണ് പതിവ്. എന്നാല്‍ നാസിറുദ്ദീന്‍ പുതിയ തലമുറയുടെ ഭാഗത്തു നിന്നു കൊണ്ടാണ് സംസാരിക്കുന്നത്. അതു തന്നെയാണ് ഈ ലേഖനത്തെ വ്യത്യസ്തമാക്കുന്നതും.
തലമുറ വിടവിന്റെ ഭാഗമാണ് അവര്‍ തമ്മില്‍ നിലനില്‍ക്കുന്ന പോര്, ആരോപണ പ്രത്യാരോപണങ്ങളുടെ പോര്. ഇത് സംഭവിക്കുന്നത് പരസ്പരം അംഗീകരിക്കാത്തതുകൊണ്ടാണ്. പരസ്പരം അംഗീകരിക്കാത്തത് സ്വയം അംഗീകരിക്കാത്തതുകൊണ്ടുമാണ്. സ്വയം അംഗീകരിക്കുമ്പോള്‍ മാത്രമാണ് നമ്മുടെ കുറവുകളും പോരായ്മകളും നമുക്ക് ബോധ്യമാകുന്നത്. അപ്പോള്‍ മാത്രമാണ് മറ്റുള്ളവര്‍ക്കും കുറവുകളും പോരായ്മകളുമുണ്ടെന്ന തിരിച്ചറിവുണ്ടാകുന്നതും. അവരെ അംഗീകരിക്കാനുള്ള മനസ്സുണ്ടാകുന്നതും അപ്പോഴാണ്. രണ്ടു പേര്‍ക്കും അപ്‌ഡേഷന്‍ ആവശ്യമാണ്.
ന്യൂജന്നിന്റെ 'നവീകരണ'ത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അവര്‍ക്ക് വ്യായാമം കുറവുണ്ടോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്. കൂടുതല്‍ സമയവും ലാപ് ടോപ്പിന്റെയോ മൊബൈലിന്റെയോ മുന്നില്‍ കുത്തിയിരിപ്പാണല്ലോ. പോഷകാഹാരക്കുറവും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ചും കൗമാരക്കാര്‍ക്കിടയില്‍. അങ്ങനെ വരുമ്പോള്‍ തലച്ചോറിന് ആവശ്യമായ ഓക്‌സിജനും പോഷകവും ലഭിക്കാതെ പോകുന്നു. ബൗദ്ധിക പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് തടസ്സമായി വരുന്നു.
കൂടുതല്‍ സമയം വിഷ്വല്‍ മീഡിയയുടെ മുന്നില്‍ ഇരിക്കുന്ന കുട്ടികള്‍ക്ക് പഠന വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ചില പഠനങ്ങളില്‍ കാണുന്നു. അമിത വേഗത്തില്‍ ചലിക്കുന്ന ചിത്രങ്ങളില്‍നിന്നാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. കുട്ടികളില്‍ പഠനവൈകല്യം വര്‍ധിച്ചുവരുന്നതിന്റെ ഒരു കാരണം ഇതാണെന്ന് വിലയിരുത്തപ്പെടുന്നു.
മള്‍ട്ടിടാസ്‌ക്കിംഗാണ് ന്യൂജന്നിന്റെ മറ്റൊരു പ്രത്യേകത. ആഹാരം കഴിക്കുമ്പോഴും കൈയില്‍ മൊബൈല്‍. ഫേസ് ബുക്ക്, വാട്ട്‌സ് ആപ്പ് പിന്നെ പിന്നണിയില്‍ അടിപൊളി മ്യൂസിക്കും. ഒരേസമയം പല കാര്യങ്ങളില്‍ വ്യാപൃതനാകുന്നത് തലച്ചോറിന് ക്ഷീണമുണ്ടാക്കുന്നുവെന്ന് ആധുനിക ന്യൂറോ സയന്‍സ് പറയുന്നു. ക്രമേണ അത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു.
'ന്യൂജന്നി'നെ കുറ്റം പറയുന്നതിനു മുമ്പ് മുതിര്‍ന്നവര്‍ ആത്മവിമര്‍ശനം നടത്തേണ്ടതുണ്ട്. അവരുടെ ഭാഗം തീര്‍ത്തും ശരിയാണോ? പുതിയ തലമുറയെ ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചതില്‍ മുതിര്‍ന്നവര്‍ക്ക് എന്തെങ്കിലും പങ്കുണ്ടോ? ഈ പുതു തലമുറ ഒറ്റ മഴക്ക് കിളിര്‍ത്ത് വലുതായതല്ലല്ലോ. അവര്‍ പതിറ്റാണ്ടുകള്‍ നമ്മുടെ കൂടെ ആയിരുന്നില്ലേ. എന്നിട്ടും അവര്‍ വഴിതെറ്റുന്നുവെങ്കില്‍ അതിന് മുതിര്‍ന്നവരും ഉത്തരവാദികളല്ലേ?
ഖലീല്‍ ജിബ്രാന്‍ പറഞ്ഞു: ''നിങ്ങള്‍ അവര്‍ക്ക് സ്‌നേഹം നല്‍കണം, പക്ഷേ നിങ്ങളുടെ ചിന്തകള്‍ നല്‍കരുത്. കാരണം അവര്‍ക്ക് അവരുടേതായ ചിന്തകളുണ്ട് .......നിങ്ങള്‍ക്ക് അവരെപ്പോലെയാകാന്‍ ശ്രമിക്കാം, ഒരിക്കലും അവര്‍ നിങ്ങളെപ്പോലെയാകാന്‍ പരിശ്രമിക്കരുത്'' (The Prophet).
പ്രഫ. കെ.എം അബ്ദുല്ലക്കുട്ടി, കായംകുളം
ലോകം വിരല്‍ത്തുമ്പില്‍, രോഗവും
ടി.ഇ.എം റാഫി വടുതലയുടെ 'മനുഷ്യാ നീ എത്ര ദുര്‍ബലന്‍' എന്ന കുറിപ്പ് (ലക്കം 15) ചിന്താശീലര്‍ക്ക് ഏറെ പ്രയോജനപ്പെടും. ശാസ്ത്ര ലോകത്തിന്റെ വികാസം ശാസ്ത്രലോകത്ത് മാത്രമല്ല, സാധാരണ ജനങ്ങളിലും ധാര്‍ഷ്ട്യ മനോഭാവവും അഹങ്കാരവും സൃഷ്ടിക്കുകയുണ്ടായി. അങ്ങനെയാണ് ലോകം വിരല്‍ തുമ്പില്‍ എന്ന മുദ്രാവാക്യം മനസ്സുകളില്‍ ചേക്കേറിയത്. ഇന്നത് രോഗം വിരല്‍ത്തുമ്പില്‍ എന്ന് മാറ്റിപ്പറയേണ്ട അവസ്ഥയിലാണ്.
ലോകത്തെ ഇത്രത്തോളം ഭീതിയിലാക്കിയ ഒരു വൈറസ് ശാസ്ത്രലോകത്തിന്റെ ഭാവനയില്‍ പോലും ഉണ്ടാകാന്‍ സാധ്യതയില്ലായിരുന്നു. നിര്‍ഭാഗ്യവശാല്‍, ഈ മഹാമാരിയെയും ഏകാധിപത്യ സാമ്രാജ്യത്വ ഭരണകൂടങ്ങളും അവയെ താങ്ങിനിര്‍ത്തുന്ന ബഹുരാഷ്ട്ര കുത്തകകളും തങ്ങളുടെ താല്‍പര്യ സംരക്ഷണത്തിനു വേണ്ടി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഈ വൈറസിന്റെ ഉറവിടം പോലും സംശയത്തിന്റെ നിഴലിലാണല്ലോ. രണ്ട് വന്‍ശക്തികള്‍ തമ്മിലുള്ള ആരോപണപ്രത്യാരോപണങ്ങള്‍ അതിനുള്ള തെളിവാണ്.
കെ.എ ജബ്ബാര്‍ അമ്പലപ്പുഴ
ഉള്‍വെളിച്ചമാകുന്ന അകക്കണ്ണ്
എ.ആര്‍ എഴുതിയ അകക്കണ്ണ് (ലക്കം 3165) ഉള്‍വെളിച്ചം നല്‍കുന്നതായി. വെള്ളിമാടുകുന്നില്‍ ഉദിച്ച വെള്ളിനക്ഷത്രമെന്ന് അക്ഷരങ്ങളുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ വിശേഷിപ്പിച്ച് പത്രപ്രവര്‍ത്തന ലോകത്തെ എക്കാലത്തെയും കുലപതി കുല്‍ദീപ് നയാര്‍ക്ക് നല്‍കി പ്രകാശനം ചെയ്ത 'മാധ്യമ'ത്തിന്റെ ശില്‍പി കെ.സി അബ്ദുല്ല മൗലവിയെ അനുസ്മരിച്ചത് സന്ദര്‍ഭോചിതവും ശ്രദ്ധയേവുമായി. മലയാള പത്രപ്രവര്‍ത്തന ചരിത്രമെഴുതുമ്പോള്‍ മാധ്യമത്തിന്റെ പിറവിക്ക് മുമ്പും ശേഷവും എന്ന് വേര്‍തിരിക്കേണ്ടവിധം സംവാദത്തിന്റെയും ഇടപെടലിന്റെയും രാഷ്ട്രീയമാണ് മാധ്യമം അന്നും ഇന്നും ഉയര്‍ത്തിപ്പിടിക്കുന്നത്. ലേഖകന്‍ തന്റെ ആത്മകഥയില്‍ മുമ്പ് പരാമര്‍ശിച്ചതുപോലെ അസാമാന്യമായ നിശ്ചയദാര്‍ഢ്യത്തിന്റെ ഉടമയായ ഈ പത്രശില്‍പി കേവലമൊരു പണ്ഡിതന്‍ എന്നതിലുപരി ദീര്‍ഘദൃഷ്ടിയുള്ള നേതാവ് എന്ന നിലയില്‍ എക്കാലത്തും അനുസ്മരിക്കപ്പെടും.
അതേ ലക്കത്തില്‍ തന്നെ 'കുട്ടിക്കടത്തി'ന്റെ പേരില്‍ പ്രചരിപ്പിച്ചതെല്ലാം നുണകളായിരുന്നു എന്ന ലേഖനവും ചിന്താര്‍ഹമായിരുന്നു. സമുദായ രക്ഷകരെന്ന് അവകാശപ്പെടുന്ന മുസ്‌ലിം ലീഗ് മന്ത്രിയുടെ പോലും മൗനാനുവാദത്തോടെ കെട്ടിയുയര്‍ത്തിയ 'കുട്ടിക്കടത്തെ'ന്ന നുണ പര്‍വതമാണല്ലോ രാജ്യത്തെ ഉന്നത അന്വേഷണ ഏജന്‍സിയായ സി.ബി.ഐ അന്വേഷിച്ചിട്ടും തുമ്പൊന്നും കിട്ടാതെ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുപോയത്! അനാഥാലയങ്ങളുടെ സംരക്ഷണത്തിനായി നിയമനടപടികള്‍ തുടരുന്നതോടൊപ്പം തികഞ്ഞ മനുഷ്യാവകാശ ലംഘനം നടത്തിയ ബന്ധപ്പെട്ട വകുപ്പിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരെ മനുഷ്യാവകാശ കമീഷനടക്കമുള്ള നീതിപീഠങ്ങളെ സമീപിക്കാനും നഷ്ടപരിഹാരം ഉറപ്പാക്കി തക്കതായ ശിക്ഷ നല്‍കാനും ബന്ധപ്പെട്ട സമിതിക്കായെങ്കില്‍ മാത്രമേ ഇത്തരം ദുഷ്പ്രവൃത്തികള്‍ക്ക് ഒരു പരിധിവരെയെങ്കിലും തടയിടാനാവൂ. നുണ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ നാം പ്രതികരിക്കുമെങ്കിലും അവക്കെതിരില്‍ നിയമനടപടികള്‍ സ്വീകരിക്കുന്നത് വേണ്ടത്ര ഗൗരവത്തിലെടുക്കാറില്ല. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്‌ലാം സ്വീകരിച്ച പ്രശസ്ത ബ്രിട്ടീഷ് പത്രപ്രവര്‍ത്തക യിവോണ്‍ റിഡ്‌ലി എസ്.ഐ.ഒവിന്റെ അതിഥിയായി കേരളത്തിലെത്തിയപ്പോള്‍ 'ദേശാഭിമാനി' ഉള്‍പ്പെടെയുള്ള ഏതാനും പത്രങ്ങള്‍ അവരെ മതമൗലികവാദി എന്നു പരാമര്‍ശിച്ചപ്പോള്‍ ബന്ധപ്പെട്ട പത്രസ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പൊതുവേദിയില്‍ വെച്ച് അന്നത്തെ എസ്.ഐ.ഒ നേതൃത്വത്തോട് ആവശ്യപ്പെട്ടത് ഇപ്പോള്‍ ഓര്‍മയിലെത്തുകയാണ്.
എം.എസ് സിയാദ് മനക്കല്‍, ആലപ്പുഴ
പോസ്റ്റ് കോവിഡ് കാലത്തിന്റെ സാധ്യതകള്‍
'കോവിഡാനന്തര ലോകവും നമ്മുടെ പ്രബോധനവും' എന്ന തലക്കെട്ടില്‍ സയ്യിദ് സആദത്തുല്ല ഹുസൈനി എഴുതിയ ലേഖനം (സെപ്റ്റംബര്‍ 4) പഠനാര്‍ഹവും ചിന്താര്‍ഹവുമാണ്. ആഗോള മഹാമാരികളും അവയുടെ ഫലങ്ങളും കൃത്യമായി അവലോകനം ചെയ്യുകയും അതിന്റെ അനന്തരഫലങ്ങളിലേക്ക് സൂചന നല്‍കുകയും ചെയ്യുന്നു ലേഖനം.
പോസ്റ്റ് കോവിഡ് സാഹചര്യത്തിലെ ഒരുപാട് ചര്‍ച്ചാ സാധ്യതകള്‍ അദ്ദേഹം മുന്നോട്ടുവെക്കുന്നുണ്ട്. ലോകം ദൈവകേന്ദ്രീകൃതമായ ഒരു വഴിയിലേക്കാണ് പോകുന്നത് എന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്.
റസാഖ് പുലാപ്പറ്റ
ആ വ്യാഖ്യാനം എങ്ങനെ തെറ്റാകും?
കെ. മുഹമ്മദ് പാണ്ടിക്കാടിന്റെ 'ഖുര്‍ആന്‍ അപ്രകാരം പ്രവചിച്ചിട്ടില്ല' എന്ന ലേഖനം (2020 സെപ്റ്റംബര്‍ 18) വായിച്ചു. ഞാനും ഡോ. മുസ്തഫാ കമാല്‍ പാഷയും ചേര്‍ന്ന് 22 വര്‍ഷങ്ങള്‍ക്കു മുമ്പ് ഖുര്‍ആന്‍ ചരിത്ര ഗവേഷണ യാത്ര നടത്തുകയുണ്ടായി. അതേതുടര്‍ന്ന് പ്രസിദ്ധീകരിച്ച 'ഖുര്‍ആനിന്റെ ചരിത്ര ഭൂമികളിലൂടെ' വീഡിയോ ഫിലിമില്‍ ഫിര്‍ഔനിന്റെ ജഡം 3000-ല്‍ പരം വര്‍ഷങ്ങള്‍ കടലില്‍ കിടന്നിട്ടും മത്സ്യം തിന്ന് നശിപ്പിക്കുകയോ കടലില്‍ ലയിച്ചുപോവുകയോ ചെയ്തില്ല, ഫിര്‍ഔനിന്റെ ജഡം മമ്മിയല്ല, അതിന്റെ നീളം 202 സെന്റി മീറ്റര്‍ ആണ് എന്നാണ് കമന്ററിയിലുള്ളത്. അത് പ്രസിദ്ധീകരിച്ച കാലത്ത് വേണ്ടത്ര ഇന്റര്‍നെറ്റ് സെര്‍ച്ച് ചെയ്യാന്‍ പറ്റാത്തതിനാല്‍ സ്‌ക്രിപ്റ്റില്‍ ഞങ്ങള്‍ക്ക് പറ്റിയ പിഴവാണത്. ഫിര്‍ഔനിന്റെ ജഡം മുങ്ങിച്ചത്ത ദിവസം തന്നെ കരക്കടിഞ്ഞു. അതിന്റെ ആന്തരികാവയവങ്ങള്‍ പുറത്തെടുത്തു കളഞ്ഞ് പ്രത്യേകം മരുന്നുകള്‍ പുരട്ടി സൂക്ഷിച്ചു, അഥവാ മമ്മിയാക്കി പെട്ടിയിലടച്ച് കുഴിച്ചിട്ടു. 1881-ല്‍ ഈജിപ്തിലെ ദൈറുല്‍ ബഹ്‌റി എന്ന സ്ഥലത്തു നിന്ന് അത് കണ്ടെടുത്തു. കയ്‌റോയിലെ ഈജിപ്ഷ്യന്‍ മ്യൂസിയത്തില്‍ ഗ്ലാസ് പെട്ടിയില്‍ സൂക്ഷിച്ചു. പില്‍ക്കാലത്ത് ഞാന്‍ ആ ജഡം അളന്നു നോക്കിയിട്ടുണ്ട്. 175 സെന്റി മീറ്റര്‍ (5 അടി 9 ഇഞ്ച്) ആണ് അതിന്റെ നീളം.
സൂറത്ത് യൂനുസ് 92-ാം വചനത്തില്‍ അല്ലാഹു പറയുന്നു: ''നിന്റെ പിറകെ വരുന്നവര്‍ക്ക്, നീ ഒരു ദൃഷ്ടാന്തമായിരിക്കുന്നതിനു വേണ്ടി ഇന്ന് നിന്റെ ശരീരത്തെ നാം രക്ഷപ്പെടുത്തിയെടുക്കുന്നതാണ്. തീര്‍ച്ചയായും മനുഷ്യരില്‍ ധാരാളം പേര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി അശ്രദ്ധരാകുന്നു.'' ഈ വചനത്തിന്റെ വെളിച്ചത്തില്‍ ആ ജഡം അന്ത്യനാള്‍ വരെ കേടുകൂടാതെ നിലനില്‍ക്കുമെന്ന് പറയാന്‍ കഴിയില്ല എന്നതു ശരിതന്നെ. 'ഇന്ന് നിന്റെ ശരീരം രക്ഷപ്പെടുത്തിയെടുക്കും' എന്ന പ്രയോഗത്തില്‍നിന്ന് അക്കാലത്തെ ആളുകള്‍ക്കു മാത്രമേ ദൃഷ്ടാന്തമുള്ളൂ എന്ന് അര്‍ഥമില്ല. ശരീരം മുങ്ങിച്ചത്ത അന്നുതന്നെ രക്ഷപ്പെടുത്തുമെന്നാണ് അതുകൊണ്ട് ഉദ്ദേശിച്ചത്. അക്കാലത്തുള്ള ഇസ്രാഈല്‍ ജനതക്കും ഫിര്‍ഔനിന്റെ അനുകൂലികള്‍ക്കും ദൈവമാണെന്ന് വാദിച്ച ധിക്കാരി മുങ്ങിച്ചത്ത സംഭവത്തില്‍നിന്ന്, അല്ലാഹുവിന്റെ ശക്തി അജയ്യമാണെന്നും ഏതു ധിക്കാരിയെയും നശിപ്പിക്കാന്‍ അല്ലാഹുവിനു കഴിവുണ്ടെന്നും ദൃഷ്ടാന്തമുണ്ട് എന്ന് മുന്‍കാല വ്യാഖ്യാതാക്കള്‍ വ്യക്തമാക്കി എന്നതുകൊണ്ടു മാത്രം പില്‍ക്കാലക്കാര്‍ക്ക് ഒരു ദൃഷ്ടാന്തവും അതില്‍ ഇല്ല എന്നും അര്‍ഥമില്ല. നബി (സ) ഏതെങ്കിലും ഒരു വ്യാഖ്യാനം വ്യക്തമായി പറഞ്ഞാല്‍ അത് അപ്പടി അംഗീകരിക്കാം. എന്നാല്‍ മുന്‍ വ്യാഖ്യാതാക്കള്‍ മനസ്സിലാക്കിയതിനപ്പുറം മറ്റൊന്നും പില്‍ക്കാലത്ത് നമുക്ക് ഗ്രഹിക്കാന്‍ കഴിയില്ല എന്ന ധാരണ ശരിയല്ല. പില്‍ക്കാലക്കാര്‍ക്കും ഫിര്‍ഔനിന്റെ നാശവും അവന്റെ ജഡവും ദൃഷ്ടാന്തമാണ്.
സൂറത്തുശ്ശുഅറാഅ് 67-ല്‍ ആ സംഭവത്തിലെ ദൃഷ്ടാന്തം മാത്രമാണ് പറയുന്നത്. എന്നാല്‍ യൂനുസ് 92-ല്‍ ജഡം ഉള്‍പ്പെടെ ദൃഷ്ടാന്തമാണ് എന്ന് സൂചിപ്പിക്കുന്നു. സ്വഹാബികള്‍ നബി(സ)യോട് ആ ജഡത്തെപ്പറ്റി ചോദിച്ചില്ല എന്നതുകൊണ്ട് ജഡം ദൃഷ്ടാന്തമല്ല എന്നു വരുമോ? പ്രവാചകനെ മുന്നില്‍ കാണുകയും വഹ്‌യ് ഇറങ്ങുന്നതിന് വ്യക്തമായി സാക്ഷികളാവുകയും ചെയ്തതിനാല്‍ അവര്‍ക്ക് കൂടുതല്‍ ചോദിക്കേണ്ട ആവശ്യമില്ല. ഉദാഹരണമായി, അസ്ഹാബുല്‍ കഹ്ഫിന്റെ ഗുഹ മണ്ണ് മൂടിക്കിടക്കുന്ന അവസ്ഥയിലാണ് ഖുര്‍ആന്‍ അവതരിച്ചത്. എന്നിട്ടും സ്വഹാബികള്‍ ആ ഗുഹ അന്വേഷിച്ചില്ല. പില്‍ക്കാലത്താണ് ആ ഗുഹ കണ്ടെത്തിയത്. ആ ഗുഹ ഖുര്‍ആനിക ചരിത്രത്തിന്റെ ആധികാരികമായ തെളിവാണ് എന്നതുപോലെ ഫിര്‍ഔനിന്റെ ശരീരം കണ്ടെടുത്തതും ഖുര്‍ആനിന്റെ ചരിത്രപരമായ ആധികാരികതക്ക് തെളിവാണ്.
'ബി.സി 1279 മുതല്‍ 1213' വരെയായിരുന്നു റംസിസ് രണ്ടാമന്‍ എന്ന് ഈ ഫറോവയുടെ ജഡത്തിന് സമീപം എഴുതിവെച്ചിട്ടുണ്ട്. റംസിസ് രണ്ടാമനോ മകന്‍ മര്‍നപ്തയോ, ആരാണ് മുങ്ങിച്ചത്തത് എന്നതില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ആ ജഡം പരിശോധിച്ച ഡോ. മോറിസ് ബുക്കായ് എന്ന ശാസ്ത്രജ്ഞന്‍ തന്റെ 'ബൈബിള്‍-ഖുര്‍ആന്‍-ശാസ്ത്രം' എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ''ഖുര്‍ആനിന്റെ അമാനുഷികത നേരിട്ട് കണ്ണ് കൊണ്ട് കാണാന്‍ ആഗ്രഹിക്കുന്നവര്‍ കയ്‌റോയിലെ ഈജിപ്ഷ്യന്‍ മ്യൂസിയത്തില്‍ വന്ന് ആ ശരീരം കാണുക.''
ഖുര്‍ആനിന്റെ ആധികാരികത ബോധ്യപ്പെട്ട അദ്ദേഹം പിന്നീട് മുസ്‌ലിമാവുകയും ചെയ്തു. 1998-ല്‍ അദ്ദേഹം മരണപ്പെട്ടു. മറ്റു ചില ഫറോവമാരുടെ ജഡം അവിടെയുണ്ടെങ്കിലും റംസിസ് രണ്ടാമന്റെ ജഡം മാത്രമാണ് ഈജിപ്ഷ്യന്‍ മ്യൂസിയത്തിന്റെ റോയല്‍ മമ്മി ഹാളില്‍ മുടിയും പല്ലും നഖവും പോകാതെ കൂടുതല്‍ വ്യക്തമായി കാണുന്നത്. മാത്രമല്ല മറ്റെല്ലാ ജഡങ്ങളുടെയും കൈകള്‍ നെഞ്ചോട് ചേര്‍ത്തു വെച്ചാണ് മമ്മിയാക്കുന്നത്. റംസിസ് രണ്ടാമന്‍ മുങ്ങിച്ചാകുമ്പോള്‍ വെള്ളം തടുക്കാന്‍ വൃഥാശ്രമം നടത്തിയതുകൊണ്ടാകാം, അവന്റെ കൈ മാത്രം പൊങ്ങിനില്‍ക്കുന്നത്; സൂക്ഷ്മ വിവരം അല്ലാഹുവിന് അറിയാം.
ഡോ. പി.കെ അബ്ദുര്‍റസാഖ് സുല്ലമി
Comments