Prabodhanm Weekly

Pages

Search

2020 ഒക്‌ടോബര്‍ 02

3170

1442 സഫര്‍ 14

മൗലാനാ അമീന്‍ ഉസ്മാനി, ഡോ. യാസീന്‍ മസ്ഹര്‍ സിദ്ദീഖി

ഹഫീദ് നദ്‌വി

പണ്ഡിതന്മാരുടെ മരണത്തിലൂടെയാണ് വിജ്ഞാനം തിരിച്ചുപിടിക്കപ്പെടുന്നത് എന്ന ഹദീസ് എത്രയോ സത്യമാണെന്ന് യഥാര്‍ഥ ജ്ഞാനികള്‍  അന്തരിക്കുമ്പോഴാണ് നമുക്ക് ശരിക്കും അനുഭവപ്പെടുക. ഒരു മാസത്തിനുള്ളില്‍ അത്തരം രണ്ട് വിയോഗങ്ങളുണ്ടായി. വിജ്ഞാനത്തെ സ്‌നേഹിക്കുന്നവരെ ദുഃഖത്തിലാഴ്ത്തി ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമി(ഐ.എഫ്.എ)യുടെ സെക്രട്ടറി മൗലാനാ അമീന്‍ ഉസ്മാനിയും അലീഗഢിലെ ഇസ്‌ലാമിക് സ്റ്റഡീസ് മുന്‍ തലവന്‍ ഡോ. യാസീന്‍ മസ്ഹര്‍ സിദ്ദീഖിയും വിടവാങ്ങി.
മൗലാനാ അമീന്‍ ഉസ്മാനി നദ്വി(1956 മെയ് 15 - 2020 ആഗസ്റ്റ് 2)യുടെ നിര്യാണത്തോടെ ഈ ഉമ്മത്തിന് ഒരു വിലപ്പെട്ട ഫിഖ്ഹീ - മഖാസ്വിദീ അവലംബമാണ് നഷ്ടമായത്. കഴിഞ്ഞ ജൂലൈ 28-ന് ഹംദര്‍ദ് മജീദിയാ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം കോവിഡ് പോസിറ്റീവായതിനാല്‍ വെന്റിലേറ്ററിലായിരുന്നു. ആഗസ്റ്റ് രണ്ടിനാണ് പുത്രന്‍ അബാന്‍ ഉസ്മാനി മരണം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്. ഒരാഴ്ചയോളം നീണ്ട പ്ലാസ്മാ ദാനത്തില്‍ സഹകരിച്ചവര്‍ക്കെല്ലാം അദ്ദേഹം നന്ദിയും കടപ്പാടും അറിയിക്കുകയും ചെയ്തു.
നിശ്ശബ്ദനായ സ്ഥിരോത്സാഹിയും നിഷ്‌കാമ കര്‍മിയുമായിരുന്നു ഉസ്മാനി സാഹിബ്. മതം, കര്‍മശാസ്ത്രം, ഇസ്‌ലാമിക പ്രസ്ഥാനം തുടങ്ങി താന്‍ കൈവെച്ച എല്ലാ മേഖലകളിലും നല്‍കിയ വിലപ്പെട്ട സേവനങ്ങള്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഇന്ത്യന്‍ പണ്ഡിതരില്‍ വേറെ പലരിലും ഈ അളവില്‍ കണ്ടെത്താന്‍ പ്രയാസമാണ്. ഇന്ത്യയില്‍ ഫിഖ്ഹ് അക്കാദമി സ്ഥാപിക്കുന്നതിലും ഏകീകരിക്കുന്നതിലും അദ്ദേഹം  പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. മരണം വരെ ഐ.എഫ്.എയുടെ സെക്രട്ടറിയായിരുന്നു. ഫിഖ്ഹ് പുനര്‍വായനയുമായി ബന്ധപ്പെട്ട അഭിപ്രായ ക്രോഡീകരണത്തിനായി നിരവധി പദ്ധതികള്‍ മുന്നോട്ടു വെക്കുകയും ഇന്ത്യയിലുടനീളം സമ്മേളനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. ഐ.എഫ്.എ സ്ഥാപകന്‍ മര്‍ഹും മൗലാനാ മുജാഹിദുല്‍ ഇസ്‌ലാം ഖാസിമി, ഇപ്പോഴത്തെ ഐ.എഫ്.എ പ്രസിഡന്റ് മൗലാനാ ഖാലിദ് സൈഫുല്ലാ റഹ്മാനി എന്നിവരെ പോലുള്ള ദയൂബന്ദീ പണ്ഡിതര്‍ക്ക് ഇസ്‌ലാമിക പ്രസ്ഥാനവുമായുണ്ടായിരുന്ന അകല്‍ച്ച ഇല്ലാതാക്കാന്‍ പാലമായി വര്‍ത്തിച്ചത് ഉസ്മാനിയായിരുന്നു.
ഡോ. സ്വലാഹ് സുല്‍ത്താന്‍, ഡോ. ജാസിര്‍ ഔദ തുടങ്ങിയ ഇഖ്‌വാന്‍ ധാരയിലെ അക്കാദമീഷ്യന്മാരെ ഇന്ത്യക്ക് പരിചയപ്പെടുത്തിയതും ശാന്തപുരം അല്‍ ജാമിഅയിലടക്കം മഖാസ്വിദുശ്ശരീഅ: വര്‍ക്ക് ഷോപ്പുകള്‍ സംഘടിപ്പിച്ചതും അദ്ദേഹത്തിന്റെ പ്രാസ്ഥാനിക കൂറ് വിളിച്ചോതുന്നു. സുഊദി, കുവൈത്ത്, തുര്‍ക്കി എന്നിവിടങ്ങളില്‍ നടന്ന ലോക ഫിഖ്ഹ് സമ്മേളനങ്ങളില്‍ സ്ഥിരം ക്ഷണിതാവായിരുന്നു ഉസ്മാനി.
ആധുനിക പ്രശ്‌നങ്ങളില്‍ള ഇജ്തിഹാദീ മനോഭാവത്തോടെ ആലോചന നടത്തുകയും അവക്ക് പരിഹാരം കണ്ടെത്തുകയും ചെയ്യുക, ലോകമെമ്പാടുമുള്ള പണ്ഡിതരുമായി നിരന്തര സമ്പര്‍ക്കം സ്ഥാപിക്കുക, അവരുടെ അഭിപ്രായങ്ങള്‍ ഉപയോഗപ്പെടുത്തി ഐ.എഫ്.എയുടെ ഫിഖ്ഹീ നിലപാടുകള്‍ പ്രസിദ്ധീകരിക്കുക, യുവ പണ്ഡിതന്മാരെ വളര്‍ത്തിക്കൊണ്ടുവരിക, പുതിയ മേഖലകളിലെ ഗവേഷണങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക തുടങ്ങി അദ്ദേഹം ഏര്‍പ്പെട്ട വൈജ്ഞാനിക ദൗത്യങ്ങള്‍ നിരവധി.
ലോകത്തിലെ ഏതു പണ്ഡിതന്മാര്‍ക്ക് ഏതു വിഷയത്തില്‍  എന്തഭിപ്രായമാണെന്നറിയാന്‍  അദ്ദേഹത്തെയായിരുന്നു ഈ കുറിപ്പുകാരന്‍ ആശ്രയിച്ചിരുന്നത്. കേരളത്തില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലടക്കം നടന്ന ഫിഖ്ഹീ സെമിനാറുകള്‍, ശാഫിഈ ഫിഖ്ഹ് സമ്മേളനങ്ങള്‍ എന്നിവക്ക് ഡോ. യൂസുഫ് നദ്വിയുമായും ഡോ. അബൂബക്കര്‍ വടക്കാങ്ങരയുമായും ഈയുള്ളവനുമായും മറ്റും നിരന്തരം ബന്ധപ്പെടാറുണ്ടായിരുന്നു. രണ്ടു വര്‍ഷം മുമ്പ് ഓച്ചിറ ദാറുല്‍ ഉലൂമില്‍ നടന്ന ഉലമാ കോണ്‍ഫറന്‍സില്‍ വ്യത്യസ്ത മതസംഘടനകളിലെ പണ്ഡിതന്മാരെ ഒന്നിച്ചിരുത്തി നല്ലൊരു മാതൃക സൃഷ്ടിക്കുകയും ചെയ്തിരുന്നു.
കാലാകാലങ്ങളില്‍ അദ്ദേഹത്തിന്റെ ഉപദേശങ്ങളും ധാരാളം വിവരങ്ങളടങ്ങിയ വിലയേറിയ കത്തുകളും ലഭിക്കാറുണ്ടായിരുന്നു. മിക്കവാറും സംഭാഷണങ്ങളും കത്തുകളും  പുതുതായി ഇറങ്ങുന്ന പണ്ഡിതോചിതമായ കൃതികളുമായി ബന്ധപ്പെട്ടവയായിരുന്നു. കേന്ദ്ര ജമാഅത്ത് ആസ്ഥാനത്തെ ഇശാഅത്തെ ഇസ്‌ലാം പള്ളിയില്‍  ഹ്രസ്വമായ നസ്വീഹത്തുകള്‍ നടത്താറുണ്ടായിരുന്നു.
സയ്യിദ് സആദത്തുല്ലാ ഹുസൈനി ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീറായി തെരഞ്ഞെടുക്കപ്പെട്ട പുതിയ മീഖാത്തില്‍, ഇന്ത്യയിലെ ജമാഅത്തെ ഇസ്‌ലാമിയുടെ ശരീഅത്ത് കൗണ്‍സില്‍ അംഗത്വം സ്വീകരിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. കൃത്യാന്തര ബാഹുല്യങ്ങള്‍ക്കിടയിലും കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു വന്നിരുന്നു. അദ്ദേഹത്തിന്റെ അറിവും വായനയും വളരെയധികം ശരീഅത്ത് കൗണ്‍സിലിന് പ്രയോജനപ്പെട്ടുവെന്ന് അമീര്‍ തന്റെ അനുസ്മരണക്കുറിപ്പില്‍ എടുത്തു പറയുന്നു. ആഗോള പണ്ഡിതവേദി അധ്യക്ഷന്‍ ഡോ. അഹ്മദ് റൈസൂനിയും സെക്രട്ടറി ജനറല്‍ ഡോ. അലി ഖുറദാഗിയും ഉസ്മാനിക്ക് വേണ്ടി പ്രാര്‍ഥിച്ചു കൊണ്ട് അനുസ്മരണ കുറിപ്പ് ഇറക്കിയിരുന്നു. അബൂ ഉബൈദത്തുല്‍ ജര്‍റാഹി(റ)നെ കുറിച്ച് നബി (സ) പറഞ്ഞതു പോലെ, ഇന്ത്യയിലെ മഖാസ്വിദ് പഠിതാക്കളുടെ അക്ഷരാര്‍ഥത്തിലുള്ള അമീന്‍ (സൂക്ഷിപ്പുകാരന്‍ / സെക്രട്ടറി)ആയിരുന്നു നമ്മെ വിട്ടുപിരിഞ്ഞ ഉസ്മാനി. 

നാലു പതിറ്റാണ്ടോളമായി  ഇന്ത്യയിലെ മുസ്‌ലിം ചരിത്ര വിദ്യാര്‍ഥികളുടെ ഒന്നാം റഫറന്‍സ് ആയിരുന്ന ഡോ. യാസീന്‍ മസ്ഹര്‍ സിദ്ദീഖി നദ്വിയും കാലയവനികക്കുള്ളില്‍ മറഞ്ഞു. ഉത്തര്‍പ്രദേശിലെ ചരിത്രമുറങ്ങുന്ന ലഖിംപൂര്‍കാരനായിരുന്നു അദ്ദേഹം. മാതാപിതാക്കളും മികച്ച പണ്ഡിതന്മാരായിരുന്നു. മൗലാനാ ഇസ്ഹാഖ് സിദ്ദിഖി നദ്വി സന്ധീല്‍വിയുടെ ആദ്യകാല ശിഷ്യന്മാരിലൊരാള്‍.  ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമായിലെ ബിരുദത്തിനു ശേഷം ജാമിഅ മില്ലിയ ഇസ്‌ലാമിയ, അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്ന് പി.ജിയും ഡോക്ടറേറ്റും നേടി. മസ്ഹര്‍ സിദ്ദീഖി ചരിത്രകാരനും മാനുസ്‌ക്രിപ്റ്റ് സ്‌പെഷ്യലിസ്റ്റുമായാണ് അറിയപ്പെട്ടത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മുസ്‌ലിം ചരിത്രത്തിന്റെ ഇമാമെന്നും അദ്ദേഹം പ്രശംസിക്കപ്പെട്ടു. ചരിത്ര നിരീക്ഷണങ്ങളില്‍ ഇബ്‌നു ഇസ്ഹാഖ്, അലി സ്വല്ലാബി   ധാരയിലായിരുന്നു അദ്ദേഹത്തിന്റെ എഴുത്തുകളും പ്രഭാഷണങ്ങളും. അഥവാ ചരിത്രാവലോകനത്തില്‍ സുന്നീ-ശീഈ പരിഗണനകള്‍ ബാധകമല്ലെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. ഈ തുറന്നെഴുത്തിന്റെ /തുറന്നു പറച്ചിലിന്റെ പേരില്‍ മൗലാനാ അലി മിയാനും മറ്റ് ചില  അധ്യാപകരും ഇക്കാര്യത്തില്‍ അദ്ദേഹത്തോട് വളരെ മുമ്പേ വിയോജിച്ചിരുന്നതായി അറിയുന്നു (ഖവാരിജീ / ശീഈ സീലുകള്‍ കൈയില്‍ കൊണ്ടുനടക്കുന്ന പല ഉത്തരേന്ത്യന്‍ പണ്ഡിതന്മാര്‍ക്കും ഉള്‍ക്കൊള്ളാവുന്നതിലപ്പുറമായിരുന്നു ഇതുപോലുള്ള ചരിത്ര പണ്ഡിതരുടെ തുറന്നെഴുത്തുകള്‍).
ഇന്ത്യയെ കൂടാതെ, പാകിസ്താനിലും അദ്ദേഹത്തിന് വായനക്കാര്‍ ധാരാളമുണ്ട്. അദ്ദേഹത്തിന്റെ തമാശകള്‍ പോലും ചരിത്രത്തില്‍നിന്നായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ശിഷ്യര്‍ പറയുന്നത്. ന്യൂനപക്ഷ ജീവിതത്തിന്റെ പ്രവാചക ചരിത്ര മാതൃകകള്‍, പ്രവാചക കാലഘട്ടത്തിലെ നാഗരികത, ഇസ്‌ലാമിന്റെ വളര്‍ത്തുമ്മമാര്‍, പ്രവാചക ജീവിതത്തിലെ സ്ത്രീ സാന്നിധ്യങ്ങള്‍, ഇന്തോ- പേര്‍ഷ്യന്‍ മാനുസ്‌ക്രിപ്റ്റ്‌സ് എന്നിങ്ങനെ വ്യത്യസ്ത ചരിത്ര മേഖലകളുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റേതായി ഉര്‍ദുവിലും ഇംഗ്ലീഷിലും അറബിയിലും ലഭ്യമാണ്. ഏറെക്കാലം  അലീഗഢ് യൂനിവേഴ്‌സിറ്റിയിലെ പ്രശസ്തമായ മാനുസ്‌ക്രിപ്റ്റ്‌സ് വിഭാഗത്തിന്റെയും ഇസ്‌ലാമിക് സ്റ്റഡീസ് വകുപ്പിന്റെയും തലവനായിരിക്കുമ്പോഴായിരുന്നു സിദ്ദീഖി ജോലിയില്‍നിന്ന് വിരമിക്കുന്നത്. ആഗോളതലത്തില്‍ നടന്ന പല മുസ്‌ലിം ചരിത്ര സെമിനാറുകളിലെയും നിറസാന്നിധ്യമായിരുന്നു സിദ്ദീഖി. ഇസ്‌ലാമിക ചരിത്രത്തിലെ ഏത് വ്യക്തി/ സ്ഥലനാമങ്ങള്‍ , വര്‍ഷങ്ങള്‍ എന്നിവ എത്രയും പെട്ടെന്ന് ഉത്തരം കിട്ടണമെങ്കില്‍ ഡോക്ടര്‍ സിദ്ദീഖിയോട് ചോദിക്കൂവെന്നാണ് പറയാറുള്ളത്. അല്ലാഹു രണ്ടു മഹാമനീഷികളുടെയും  നന്മകളെ സ്വീകരിക്കുകയും വീഴ്ചകള്‍ പൊറുത്തുകൊടുക്കുകയും ചെയ്യുമാറാകട്ടെ- ആമീന്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (1-5)
ടി.കെ ഉബൈദ്‌

ഹദീസ്‌

മൂന്ന് ദുര്‍ഗുണങ്ങള്‍
കെ.സി ജലീല്‍ പുളിക്കല്‍