Prabodhanm Weekly

Pages

Search

2020 ഒക്‌ടോബര്‍ 02

3170

1442 സഫര്‍ 14

'സിവില്‍ സര്‍വീസ് നുഴഞ്ഞുകയറ്റം' വിദ്വേഷ പ്രചാരണത്തിന്റെ മറ്റൊരു ഭീകരമുഖം

ബഷീര്‍ മാടാല

ജനാധിപത്യത്തിന് ഒരുപാട് നന്മകളുണ്ടെങ്കിലും ന്യൂനപക്ഷ അഭിപ്രായങ്ങളെ ഭൂരിപക്ഷം എപ്പോഴും ചവിട്ടിമെതിക്കും. അതാണ് ദുരന്തം. ഭൂരിപക്ഷം അംഗീകരിക്കുന്നതുകൊണ്ട് തെറ്റായ ഒരു കാര്യം ഒരിക്കലും ശരിയാണെന്നു വരില്ല. എന്നാല്‍ ജനാധിപത്യ സംവിധാനത്തില്‍ ഭൂരിപക്ഷം പറയുന്നതാണ് ആത്യന്തികമായി ശരിവെക്കപ്പെടുന്നത്. കാലക്രമേണ ഭൂരിപക്ഷത്തിന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് ബോധ്യപ്പെട്ടാലും അത് തിരുത്താന്‍ കഴിയാതെയും വരും. 
തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരുന്ന പാര്‍ട്ടികള്‍ എപ്പോഴും ന്യൂനപക്ഷങ്ങളുടെ അഭിപ്രായങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്. വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്നവരും വിഭിന്നമായ സംസ്‌കാരമുള്ളവരും അടങ്ങിയതാണ് നമ്മുടെ രാജ്യം. ഭാഷയുടെയോ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ മനുഷ്യരെ അകറ്റിനിര്‍ത്താനോ അവഗണിക്കാനോ പാടില്ല. നമ്മുടെ രാജ്യത്തിന്റെ പ്രത്യേകത തന്നെ നാനാത്വത്തില്‍ ഏകത്വം എന്ന മഹത്തായ സങ്കല്‍പ്പമാണ്. വിഭിന്നമായ ഈ സംസ്‌കാരമാണ് ഇന്ത്യയെ മറ്റ് രാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. 
ഒരുകാലത്ത് അവഗണിക്കപ്പെട്ട പട്ടികവര്‍ഗക്കാരും ദലിതരും മുസ്‌ലിംകളും പില്‍ക്കാലത്ത് ഉയര്‍ന്നുവരികയും അവര്‍ നമ്മുടെ ഭരണ സംവിധാനങ്ങളുടെ താക്കോല്‍ സ്ഥാനങ്ങളില്‍ എത്തുകയും ചെയ്യും. മഹാത്മജിയും നെഹ്റുവും അടക്കമുള്ള ദേശീയ നേതാക്കള്‍ സ്വപ്നം കണ്ടിരുന്നത് സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള ഇവരുടെ ഉന്നമനമാണ്. അതുകൊണ്ടാണ് ഭരണാധികാരികള്‍ ഏതു തീരുമാനം എടുക്കുമ്പോഴും അവരുടെ മനസ്സില്‍ തെളിഞ്ഞുവരേണ്ടത് ഏറ്റവും പാവപ്പെട്ടവന്റെ മുഖമായിരിക്കണമെന്ന് മഹാത്മജി എഴുതിയിട്ടുള്ളത്. 
 ദലിതരെ പോലെയും മറ്റ് പിന്നാക്ക ജനവിഭാഗങ്ങളെ പോലെയും അവഗണിക്കപ്പെട്ട സമുദായമാണ് ഇന്ത്യയിലെ മുസ്‌ലിംകള്‍. കേരളം ഇതില്‍നിന്ന് വ്യത്യസ്തമാണ്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുസ്‌ലിം ജനവിഭാഗങ്ങളുടെ അവസ്ഥ ദലിതരെ പോലെ തന്നെ ദയനീയമാണ്. ബംഗാളിലായാലും ഗുജറാത്തിലായാലും യു.പിയിലായാലും അതുതന്നെയാണ് സ്ഥിതി. ഈ അവസ്ഥയില്‍നിന്ന് ആ സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ഒപ്പം നിര്‍ത്താനും ശ്രമിക്കേണ്ടത് ഭൂരിപക്ഷ സമൂഹങ്ങളാണ്. ഭൂരിപക്ഷ വര്‍ഗീയത ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടികള്‍ രാജ്യം ഭരിക്കുമ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുമുണ്ട്. 
സിവില്‍ സര്‍വീസിലേക്ക് മുസ്‌ലിംകള്‍ കൂടുതലായി എത്തുന്നത് 'യു.പി.എസ്.സി ജിഹാദ്' ആയതുകൊണ്ടാണ് എന്നാരോപിച്ച് സുദര്‍ശന്‍ ടി.വി പ്രക്ഷേപണം ചെയ്യുന്ന വാര്‍ത്താധിഷ്ഠിത പരിപാടിക്ക് സുപ്രീം കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 'ബിന്ദാസ് ബോല്‍' എന്ന ഷോ മുസ്‌ലിംകളെ അധിക്ഷേപിക്കുന്നതാണ് എന്നുപറഞ്ഞുകൊണ്ടാണ് പരമോന്നത കോടതി ആ പരിപാടി വിലക്കിയത്. മുസ്‌ലിം സമുദായത്തില്‍പെട്ടവര്‍ സിവില്‍ സര്‍വീസില്‍ നുഴഞ്ഞുകയറുന്നുവെന്ന് ആരു പറഞ്ഞാലും അത് അനുവദിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര, കെ.എം ജോസഫ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ജാമിഅ മിലിയ്യ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ സിവില്‍ സര്‍വീസില്‍ എത്തുന്നത് ഗൂഢാലോചനയാണെന്ന വാദം അടിസ്ഥാനരഹിതമാണെന്നും കോടതി വ്യക്തമാക്കി. 
മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരില്‍ മാധ്യമങ്ങള്‍ക്ക് എന്തും പറയാമെന്ന് കരുതരുതെന്ന് കോടതി നിരീക്ഷിച്ചു. മറ്റ് പൗരന്മാര്‍ക്കുള്ള സ്വാതന്ത്ര്യം മാത്രമേ മാധ്യമപ്രവര്‍ത്തകര്‍ക്കുമുള്ളൂ. അമേരിക്കയിലേതുപോലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രത്യേക സ്വാതന്ത്ര്യം ഇന്ത്യയില്‍ ഇല്ലെന്ന് ജസ്റ്റിസ് കെ.എം ജോസഫ് ഓര്‍മിപ്പിച്ചു. ദൃശ്യമാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ പരിധി നിശ്ചയിക്കാന്‍ സമിതി രൂപീകരിക്കേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു. ചില വാര്‍ത്താ ചാനലുകളില്‍ നടക്കുന്ന ഏകപക്ഷീയമായ ചര്‍ച്ചകളെയും കോടതി വിമര്‍ശിച്ചു. ചില ചര്‍ച്ചകളില്‍ ആങ്കര്‍മാരാണ് കൂടുതല്‍ സമയവും സംസാരിക്കുന്നത്. അതിഥികള്‍ക്ക് സ്വതന്ത്രമായി സംസാരിക്കാന്‍ അവസരം നല്‍കാറില്ല. ചില അവസരങ്ങളില്‍ അതിഥികളുടെ മൈക്ക് ഓഫ് ചെയ്യുന്നതുപോലും കാണാറുണ്ട്. ചര്‍ച്ചകളില്‍ നിഷ്പക്ഷരായ മാധ്യമ പ്രവര്‍ത്തകരാണ് ആങ്കര്‍മാരായി വരേണ്ടതെന്ന് ജസ്റ്റിസ് ജോസഫ് അഭിപ്രായപ്പെട്ടു. 
മാധ്യമ സ്വാതന്ത്ര്യം അംഗീകരിച്ചും ബഹുമാനിച്ചും കൊണ്ടുമാത്രമേ ജസ്റ്റിസ് കെ.എം ജോസഫ് മുന്നോട്ടുവെച്ച ആശങ്ക പരിഹരിക്കാന്‍ കഴിയുകയുള്ളൂവെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ അത് ജനാധിപത്യത്തിന്റെ തകര്‍ച്ചക്കു പോലും വഴിവെക്കും. പല വെബ് പോര്‍ട്ടലുകളുടെയും യഥാര്‍ഥ ഉടമ ആരാണെന്നു പോലും ആര്‍ക്കുമറിയില്ല. ഒരു സമാന്തര മാധ്യമ സംസ്‌കാരം ഇവിടെ വളരുകയാണ്. ഒരു ലാപ്ടോപ്പും നെറ്റും ഉണ്ടെങ്കില്‍ ഒരു മാധ്യമ പ്രവര്‍ത്തകന് ഈ സമാന്തര സംവിധാനത്തിലൂടെ എന്തു വാര്‍ത്തയും ലക്ഷക്കണക്കിനാളുകളിലേക്ക് എത്തിക്കാന്‍ കഴിയും. ഇത്തരം മാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കാന്‍ ഇവിടെ ഒരു സംവിധാനവും നിലവിലില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ മേത്ത പറഞ്ഞു. 
ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാലാണ് തങ്ങള്‍ 'ബിന്ദാസ് ബോല്‍' എന്ന ഷോ നടത്തുന്നതെന്നായിരുന്നു ചാനലിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്റെ വാദം. വിദേശ രാജ്യങ്ങളില്‍നിന്ന് വലിയ തോതില്‍ ഫണ്ടിംഗ് ഉള്‍പ്പെടുന്ന വിഷയമാണെന്നും അഭിഭാഷകന്‍ വാദിച്ചു. ഈ വാദങ്ങളെ തള്ളിയാണ് സുപ്രീം കോടതി പരിപാടി വിലക്കിയത്. 
ഇന്ന് ഓരോ പൗരനും റിപ്പോര്‍ട്ടറും പത്രാധിപരും പത്ര ഉടമയുമാണ്. വാര്‍ത്തകള്‍ ഓരോ പൗരന്റെയും വിരല്‍ത്തുമ്പിലാണ്. ആരുടെയും നിയന്ത്രണങ്ങളില്ലാതെ പൗരന് കൈവന്നിരിക്കുന്ന ഈ സ്വാതന്ത്ര്യം അമൂല്യമാണ്. എന്നാല്‍ ഓരോ പൗരനും സോഷ്യല്‍ മീഡിയയിലൂടെ പറയുന്ന കാര്യം മറ്റ് മനുഷ്യരെ, സമൂഹത്തെ എങ്ങനെ ബാധിക്കും എന്ന് തിരിച്ചറിയണം. സ്വതന്ത്രമായ ആവിഷ്‌കാര സ്വാതന്ത്ര്യം ഉള്ളപ്പോള്‍ തന്നെ ആ സ്വാതന്ത്ര്യത്തിന് സ്വയംനിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഓരോ വ്യക്തിക്കും കഴിയണം. ഭരണകൂടങ്ങള്‍ക്കോ കോടതികള്‍ക്കോ ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയാത്ത ഒന്നാണിത്. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ മതേതരത്വവും സാഹോദര്യവും വൈവിധ്യവും തിരിച്ചറിഞ്ഞുകൊണ്ടുവേണം ഓരോ മനുഷ്യനും സമൂഹ മാധ്യമങ്ങളിലൂടെ സംവദിക്കേണ്ടത്. തൊടുത്തുവിടുന്ന അമ്പു പോലെയാണ് ഓരോ വാക്കും. ഒരിക്കല്‍ തൊടുത്തുവിട്ടു കഴിഞ്ഞാല്‍ അയാള്‍ക്കുപോലും അത് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് ഓര്‍മ വേണം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (1-5)
ടി.കെ ഉബൈദ്‌

ഹദീസ്‌

മൂന്ന് ദുര്‍ഗുണങ്ങള്‍
കെ.സി ജലീല്‍ പുളിക്കല്‍