Prabodhanm Weekly

Pages

Search

2020 ഒക്‌ടോബര്‍ 02

3170

1442 സഫര്‍ 14

കരിങ്കടലിലെ പ്രകൃതിവാതക നിക്ഷേപവും തുര്‍ക്കിയുടെ മനുഷ്യവിഭവവും

യാസീന്‍ അഖ്ത്വായ്

കരിങ്കടലില്‍ വലിയ തോതില്‍ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തിയതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഈയിടെ പ്രഖ്യാപിക്കുകയുണ്ടായി. തുര്‍ക്കിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതിവാതക കണ്ടെത്തലാണിത്. ഈ കണ്ടെത്തലോടെ തുര്‍ക്കി പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്ന് അദ്ദേഹം പറയുന്നു. ഇസ്തംബൂള്‍ വിജയത്തിന്റെ സ്മരണ പുതുക്കുന്ന വേളയില്‍ കഴിഞ്ഞ മെയ് 29-നാണ് അല്‍ ഫാതിഹ് എന്ന സെസ്മിക് (Seismic) കപ്പല്‍ പര്യവേക്ഷണങ്ങള്‍ തുടങ്ങി എന്ന വാര്‍ത്ത പുറത്തുവരുന്നത്. ഗ്യാസ് നിക്ഷേപം 320 ബില്യന്‍ ചതുരശ്ര മീറ്റര്‍ വരുമെന്ന് കണക്കാക്കിയിരിക്കുന്നു.
യഥാര്‍ഥത്തില്‍ ഇപ്പോള്‍ കണ്ടെത്തി എന്നു പറയുന്ന പ്രകൃതിവാതക നിക്ഷേപം തുര്‍ക്കിയുടെ ആറു വര്‍ഷത്തെ ആവശ്യങ്ങള്‍ക്കു മാത്രമേ തികയുകയുള്ളൂ. പക്ഷേ, വലിയ പ്രകൃതിവാതക നിക്ഷേപങ്ങള്‍ കണ്ടെത്താനാവുമെന്ന പ്രതീക്ഷയാണ് അത് നല്‍കുന്നത്. ഇതിനേക്കാളൊക്കെ പ്രധാനമായ സംഗതി, കരിങ്കടലിലെ മുഴുവന്‍ പര്യവേക്ഷണങ്ങളും തുര്‍ക്കി നടത്തിയിരിക്കുന്നത് സ്വന്തം സാങ്കേതിക കഴിവുകളും മനുഷ്യവിഭവങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ടാണ് എന്നതാണ്. പര്യവേക്ഷണ വിവരങ്ങള്‍ പുറത്തുവരുന്നത് കഴിഞ്ഞ ആഗസ്റ്റിലാണ്. ചരിത്രത്തില്‍ തുര്‍ക്കിക്ക് പല വിജയങ്ങളും സമ്മാനിച്ച മാസമാണ് ആഗസ്റ്റ്. ഈ കണ്ടെത്തലിന് ആശയപരമായ വലിയ അര്‍ഥതലങ്ങളുണ്ട് എന്നര്‍ഥം.
ഊര്‍ജ വിഷയങ്ങളില്‍ വിദേശ രാഷ്ട്രങ്ങളായിരുന്നു തുര്‍ക്കിക്ക് ആശ്രയം. ഊര്‍ജസ്രോതസ്സുകള്‍ പരന്നുകിടക്കുന്ന ഈ മേഖലയില്‍ ഭൂമിശാസ്ത്രപരമായി തന്ത്രപ്രധാനമായ സ്ഥാനത്ത് നിലകൊള്ളുന്നു എന്നത് മാത്രമായിരുന്നു തുടര്‍ക്കിയുടെ മികവ്. അതേസമയം തങ്ങളുടെ കരയിലും കടലിലും ഊര്‍ജ നിക്ഷേപങ്ങളുണ്ട് എന്ന അറിവ് തുര്‍ക്കിക്ക് നേരത്തേ തന്നെയുണ്ട്. പക്ഷേ അത് പര്യവേക്ഷണം നടത്തി കൃത്യമായ സ്ഥാനനിര്‍ണയം നടത്താനുള്ള സാങ്കേതികമായ അറിവും കഴിവും തുര്‍ക്കിക്ക് ഉണ്ടായിരുന്നില്ല. വിദേശത്തുനിന്ന് കടമെടുത്ത യന്ത്രസജ്ജീകരണങ്ങളുപയോഗിച്ച് കോര്‍പറേറ്റ് കമ്പനികളുടെ നേതൃത്വത്തില്‍ പര്യവേക്ഷണങ്ങള്‍ നടന്നിരുന്നുവെങ്കിലും ഒന്നും ഫലവത്തായില്ല. ഭാരിച്ച ചെലവുകള്‍ വന്നത് മിച്ചം. പര്യവേക്ഷണത്തിന് ഫലമുണ്ടാകാതിരുന്നതോടൊപ്പം, അതിന് വമ്പിച്ച ചെലവുകള്‍ വന്നതും തുര്‍ക്കിയെ മാനസികമായി തളര്‍ത്തിക്കളഞ്ഞു.
പര്യവേക്ഷണത്തിനുള്ള പുതിയ സ്ട്രാറ്റജികള്‍ തുര്‍ക്കി രൂപപ്പെടുത്തുന്നത് മൂന്നു വര്‍ഷം മുമ്പാണ്. അതിനു വേണ്ടി പ്രത്യേകം തയാറാക്കപ്പെട്ട, ഭൂകമ്പ തരംഗങ്ങള്‍ കൃത്യമായി അളക്കാന്‍ കഴിയുന്ന സെസ്മിക് കപ്പലുകള്‍ തയാറാക്കിക്കൊണ്ടായിരുന്നു തുടക്കം. പഠന, പര്യവേക്ഷണ ചെലവുകള്‍ ഗണ്യമായി കുറക്കാന്‍ ഇതുവഴി സാധിച്ചു. അതേസമയം ഉദ്ദേശിച്ച അളവില്‍ ആ പഠനപ്രവര്‍ത്തനങ്ങളെ മുന്നോട്ടു കൊണ്ടുപോകാനുമായി. കപ്പലുകളും എഞ്ചിനീയര്‍മാരും മറ്റു സാങ്കേതിക വിദഗ്ധരുമെല്ലാം തുര്‍ക്കിയുടെ സ്വന്തം. ഈ ആവശ്യാര്‍ഥം ഫാതിഹ്, യാവുസ് തുടങ്ങിയ മൂന്ന് കപ്പലുകള്‍ തുര്‍ക്കി വിലകൊടുത്ത് വാങ്ങുകയായിരുന്നു. അങ്ങനെ കരിങ്കടലിലും മെഡിറ്ററേനിയന്‍ കടലിലും പര്യവേക്ഷണങ്ങള്‍ ആരംഭിച്ചു. തുടക്കത്തില്‍ തന്നെ ഫലവും വന്നുതുടങ്ങി.
തുര്‍ക്കിയെ സംബന്ധിച്ച് ചില നിരീക്ഷണങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ പ്രസക്തമാണെന്ന് കരുതുന്നു. ലോക സാമ്പത്തിക ശക്തികളില്‍ 37-ാം സ്ഥാനത്തുണ്ടായിരുന്ന തുര്‍ക്കി ഇപ്പോള്‍ പതിനേഴാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ലോകത്തെ ഇരുപത് സാമ്പത്തിക ശക്തികളില്‍ ഒന്നായി അത് മാറിയിരിക്കുന്നു. പ്രകൃതിവിഭവങ്ങളെ ആശ്രയിച്ചല്ല തുര്‍ക്കി ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് എന്നതാണ് പ്രധാനം. ഊര്‍ജ നിക്ഷേപങ്ങളുടെ അപര്യാപ്തത ഓരോ വര്‍ഷവും തുര്‍ക്കിയുടെ വ്യാപാരത്തെ വളരെ പ്രതികൂലമായി ബാധിക്കുന്നുണ്ടെങ്കിലും, ഈ വലിയ പരിമിതിയെ മറികടന്നുകൊണ്ടാണ് അത് മത്സരത്തില്‍ പങ്കാളിയാവുന്നത്.
സാമ്പത്തിക ശക്തികളില്‍ ആദ്യ ഇരുപതില്‍ വരുന്ന ചില രാഷ്ട്രങ്ങളെ നോക്കുക. അവയുടെ സാമ്പത്തിക പിന്‍ബലം പെട്രോളും ഗ്യാസും മറ്റു പ്രകൃതിവിഭവങ്ങളും മാത്രമാണെന്നു കാണാം. അതിന്റെ അര്‍ഥം ആ രാഷ്ട്രങ്ങള്‍ സാമ്പത്തികമായി ശക്തമാണെങ്കിലും, അവയുടെയൊന്നും സമ്പദ് ഘടന ചലനാത്മകമല്ല എന്നതാണ്. എണ്ണവിലയിലെ ചാഞ്ചാട്ടങ്ങള്‍ ആ രാഷ്ട്രങ്ങളെ വലിയ തോതില്‍ പ്രയാസപ്പെടുത്തുന്നതും നാം കാണുന്നുണ്ട്. തങ്ങളുടെ സമ്പദ് ഘടന പൂര്‍ണമായും ആശ്രയിച്ചുനില്‍ക്കുന്ന ഊര്‍ജ സ്രോതസ്സുകളുടെയും മറ്റു പ്രകൃതിവിഭവങ്ങളുടെയും മേഖലകള്‍ വികസിപ്പിക്കുന്നതിലല്ലാതെ മറ്റു വികസന മേഖലകളില്‍ അവര്‍ ശ്രദ്ധ പതിപ്പിക്കുന്നതായും കാണുന്നില്ല.
തുര്‍ക്കിയുടെയാകട്ടെ, മുഖ്യ നിക്ഷേപം മനുഷ്യവിഭവത്തിലാണ്. അതിനെ ഫലപ്രദമായി വിനിയോഗിച്ചുകൊണ്ടാണ് പ്രകൃതി വിഭവകമ്മിയെ അത് മറികടക്കുന്നത്. മനുഷ്യവിഭവത്തിന്റെ അടിസ്ഥാന സ്തംഭങ്ങള്‍ രണ്ടെണ്ണമാണ്; വിദ്യാഭ്യാസവും ഉല്‍പാദനവും. കഴിഞ്ഞ പതിനെട്ടു വര്‍ഷത്തിനകം തുര്‍ക്കി അതിന്റെ യൂനിവേഴ്‌സിറ്റികളുടെ എണ്ണം 130-ല്‍നിന്ന് 210 ആയി വര്‍ധിപ്പിക്കുകയുണ്ടായി.  മികവും വൈവിധ്യവുമാണ് ഈ യൂനിവേഴ്‌സിറ്റികളുടെയെല്ലാം പ്രത്യേകത. തുര്‍ക്കിയിലെ മനുഷ്യവിഭവത്തെ സംരക്ഷിക്കാനും വേണ്ടവിധം പ്രയോജനപ്പെടുത്താനും ഈ യൂനിവേഴ്‌സിറ്റികള്‍ സഹായകമാവുകയും ചെയ്യുന്നു.
ഈ യൂനിവേഴ്‌സിറ്റികളില്‍ എട്ടു ദശലക്ഷത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്നു, അവരുടെ മികവ് തുര്‍ക്കിയില്‍ മാത്രമല്ല അന്താരാഷ്ട്ര തലത്തിലും ചര്‍ച്ചയാകുന്നു. തുര്‍ക്കി ജനതയുടെ മൊത്തം എട്ടര ശതമാനം ഉയര്‍ന്ന വിദ്യാഭ്യാസം നേടുന്നുണ്ടെന്നാണ് കണക്ക്. സര്‍വകലാശാലാ വിദ്യാര്‍ഥികളുടെ ഈ എണ്ണപ്പെരുപ്പമാണ് ഏതൊരു രാഷ്ട്രത്തിന്റെയും ഭാവിയിലേക്കുള്ള മികച്ച കരുതിവെപ്പ്. തുര്‍ക്കിക്കകത്തും പുറത്തും ഖ്യാതി നേടിയ ഈ സര്‍വകലാശാലകളാണ് അതിന്റെ ഏറ്റവും സുപ്രധാനമായ മാനവശേഷി.
ഈ സര്‍വകലാശാലാ ഉല്‍പന്നങ്ങളാണ് തുര്‍ക്കി വിവിധ മേഖലകളില്‍ നേടുന്ന വിജയത്തിന്റെ ആധാരമായിത്തീര്‍ന്നിരിക്കുന്നത്. കൊറോണാ വൈറസിനെ തുരത്തുന്നതില്‍ തുര്‍ക്കിയുടെ ആരോഗ്യമേഖല കൈവരിച്ച വിജയം ലോകശ്രദ്ധ ആകര്‍ഷിച്ചതാണ്. വ്യവസായ മേഖലയില്‍, തുര്‍ക്കിക്ക് ആവശ്യമായതെല്ലാം നിര്‍മിക്കാന്‍ വേണ്ട സാങ്കേതിക വിദഗ്ധരും എഞ്ചിനീയര്‍മാരും ഇന്നതിന് സ്വന്തമായുണ്ട്. തദ്ദേശീയ വിദ്യാലയങ്ങളില്‍ പഠിച്ചവര്‍ക്കു തന്നെ പ്രതിരോധ വ്യവസായത്തിലും മികവു പുലര്‍ത്താനാവുന്നുണ്ട്. ചുരുക്കത്തില്‍, മനുഷ്യവിഭവത്തെ ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിഞ്ഞു എന്നതു തന്നെയാണ് തുര്‍ക്കിയുടെ വിജയം. ആഗോള സമ്പദ്ഘടന ആടിയുലയുമ്പോഴെല്ലാം ഈയൊരു മികച്ച ഇന്‍ഫ്രാസ്ട്രക്ച്ചറിന്റെ പിന്‍ബലത്തിലാണ് അത് പിടിച്ചുനില്‍ക്കുന്നത്.
പെട്രോള്‍ സമ്പന്നമായ രാജ്യങ്ങളില്‍ ഈ വിധത്തില്‍ മനുഷ്യവിഭവശേഷിയെ മാറ്റിയെടുക്കാന്‍ കഴിയാത്തതുകൊണ്ട് അത് അലസതക്കും സ്തംഭനത്തിനും കാരണമാകുന്നുണ്ട്. പെട്രോള്‍ വരുമാനം നിലച്ചുകഴിഞ്ഞാല്‍ ഈ നാടുകളുടെ അവസ്ഥ എന്താകുമെന്നത്  വിശകലനമര്‍ഹിക്കുന്ന ഒരു സുപ്രധാന സാമൂഹിക വിഷയമാണ്. തുര്‍ക്കി ഒരു വലിയ സാമ്പത്തിക പരിമിതിയെ അവസരമാക്കി മാറ്റുകയാണ് ചെയ്തത്. കഴിഞ്ഞ പതിനെട്ടു വര്‍ഷമായി ഭരണകൂടം തുടരുന്ന രാഷ്ട്രീയ നയങ്ങളാണ് ഈ വിജയം സാധ്യമാക്കിയത്.
ഇപ്പോഴിതാ തുര്‍ക്കിക്ക് പ്രകൃതിവാതകവും ലഭിക്കാന്‍ പോകുന്നു. മനുഷ്യവിഭവം ഫലപ്രദമായി ഉപയോഗിക്കാന്‍ തുടങ്ങിയ ഘട്ടത്തില്‍ തന്നെ ഇത് കൂടി വന്നുചേര്‍ന്നത് അല്ലാഹുവിന്റെ അനുഗ്രഹമാണ്; അവന്റെ വലിയ ആസൂത്രണവും അതിനു പിറകിലുണ്ട്. മനുഷ്യവിഭവ ശേഷിയെ കൂടുതല്‍ ഉല്‍പാദനപരമാക്കാന്‍ പ്രകൃതിവാതകത്തിന്റെ കണ്ടെത്തല്‍ പ്രയോജനപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.
(എ.കെ പാര്‍ട്ടിയുടെ വൈസ് ചെയര്‍മാനും തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്റെ മുഖ്യ ഉപദേഷ്ടാക്കളിലൊരാളുമാണ് ലേഖകന്‍. കൊന്‍യയിലെ സെല്‍ജൂക് യൂനിവേഴ്‌സിറ്റിയില്‍ സോഷ്യോളജി പ്രഫസറാണ്. അല്‍ജസീറ നെറ്റില്‍ കോളം ചെയ്യുന്നുണ്ട്).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (1-5)
ടി.കെ ഉബൈദ്‌

ഹദീസ്‌

മൂന്ന് ദുര്‍ഗുണങ്ങള്‍
കെ.സി ജലീല്‍ പുളിക്കല്‍