Prabodhanm Weekly

Pages

Search

2020 ഒക്‌ടോബര്‍ 02

3170

1442 സഫര്‍ 14

തുര്‍ക്കിയുടെ ഊര്‍ജശക്തി ഉറക്കം കെടുത്തുന്നത് ആരുടെയൊക്കെ?

പി.കെ നിയാസ് 

അന്താരാഷ്ട്ര തലത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുക വഴി കുറേ  ശത്രുക്കളെ സമ്പാദിച്ച രാജ്യമായി മാറിയിരിക്കുകയാണ് തുര്‍ക്കി. സയണിസത്തിനെതിരായ പോരാട്ടവും സിറിയയില്‍ ബശ്ശാറുല്‍ അസദിനെതിരായ നീക്കങ്ങളും മുസ്‌ലിം ലോകം അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ നേതൃപരമായ പങ്ക് വഹിക്കുന്നതുമൊക്കെ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്നും തുര്‍ക്കിക്കും മിത്രങ്ങളേക്കാള്‍ ശത്രുക്കളെയാണ് സമ്മാനിച്ചിട്ടുള്ളത്. ഹയാ സോഫിയ പള്ളി വിഷയത്തിലും ഫലസ്ത്വീന്‍ പ്രശ്‌നത്തിലുമൊക്കെ പല മുസ്‌ലിം രാജ്യങ്ങളുടെയും തുര്‍ക്കിയോടുള്ള നീരസം മറനീക്കി പുറത്തുവന്നത് ഈയിടെയാണ്. അതേസമയം, തുര്‍ക്കിയുടെ സാമ്പത്തിക മേഖലയില്‍ വന്‍ വിപ്ലവം വിതക്കുന്ന കരിങ്കടലിലെ (Black Sea) പ്രകൃതിവാതക ശേഖരം (സക്കരിയ ഫീല്‍ഡ്) പല രാജ്യങ്ങളുടെയും ഉറക്കം കെടുത്തിയിട്ടുമുണ്ട്.
കിഴക്കന്‍ മെഡിറ്ററേനിയനില്‍ തുര്‍ക്കി നടത്തുന്ന എണ്ണ-പ്രകൃതിവാതക പര്യവേഷണത്തിനെതിരെ ഗ്രീസ് രംഗത്തുവന്നതാണ് പുതിയ തര്‍ക്കങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. തുര്‍ക്കിയും ഗ്രീസും തമ്മില്‍ സമുദ്രാതിരുകള്‍ സംബന്ധിച്ച തര്‍ക്കത്തിന് പതിറ്റാണ്ടുകള്‍ പഴക്കമുണ്ടെങ്കിലും അത് പരിഹരിക്കാനുള്ള അര്‍ഥവത്തായ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. 1,600 കി.മീറ്റര്‍ മെഡിറ്ററേനിയന്‍ തീരം (Turquoise Coast)  പങ്കിടുന്ന രാജ്യമാണ് തുര്‍ക്കി. തുര്‍ക്കിയുടെ തീരങ്ങളിലാണ് ഗ്രീസിന്റെ അധീനതയിലുള്ള വിവിധ ദ്വീപുകളുള്ളത്. അതിനാല്‍ അതിരുകളിന്മേല്‍ ഇരു രാജ്യങ്ങളും തമ്മില്‍ പല തരത്തിലുള്ള സംഘര്‍ഷങ്ങളും ഉടലെടുക്കാറുണ്ട്. തങ്ങളുടെ അധീനതയിലുള്ള ദ്വീപുകളെ മെഡിറ്ററേനിയനിലെ പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിച്ച ഗ്രീസിന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് തുര്‍ക്കി വാദിക്കുന്നു. ലിബിയയും തുനീഷ്യയും തമ്മില്‍ 1982-ലുണ്ടായ സമുദ്രാതിര്‍ത്തി തര്‍ക്കത്തിന് അന്താരാഷ്ട്ര ട്രൈബ്യണല്‍ നല്‍കിയ വിധി തങ്ങളുടെ നിലപാടിന് അനുകൂലമായി തുര്‍ക്കി ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു. അതേസമയം, സമുദ്രാതിര്‍ത്തിയുമായി ബന്ധപ്പെട്ട യു.എന്‍ കണ്‍വെന്‍ഷനില്‍ തുര്‍ക്കി ഒപ്പുവെച്ചിട്ടുമില്ല. 
നാറ്റോയിലെ പ്രമുഖ അംഗങ്ങളായ തുര്‍ക്കിയും ഗ്രീസും തമ്മിലെ സ്വരച്ചേര്‍ച്ചയില്ലായ്മക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1453-ല്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ ഉസ്മാനിയാ ഖിലാഫത്തിന്റെ കീഴിലായതു മുതല്‍ ആരംഭിച്ചതാണ് ഗ്രീസിന്റെ തുര്‍ക്കിവിരോധം. ഇസ്തംബൂളിലെ ഹയാ  സോഫിയ വീണ്ടും പള്ളിയായി പരിവര്‍ത്തിപ്പിച്ച സംഭവത്തില്‍ ഏറ്റവുമധികം പ്രതിഷേധമുയര്‍ത്തിയത് ഗ്രീസാണ്. അവിടെ തുര്‍ക്കിയുടെ ദേശീയ പതാകകള്‍ കത്തിച്ച സംഭവങ്ങള്‍ വരെയുണ്ടായി.
ഒന്നാം ലോക യുദ്ധത്തില്‍ പരാജയപ്പെട്ട ഉസ്മാനീ തുര്‍ക്കിയുടെ ചില ഭാഗങ്ങള്‍ വീതംവെച്ച് നല്‍കാമെന്ന് പടിഞ്ഞാറന്‍ സഖ്യകക്ഷികള്‍ വിശിഷ്യാ, ബ്രിട്ടന്‍ ഗ്രീസിന് ഉറപ്പുനല്‍കിയിരുന്നു. ഉസ്മാനീ ആധിപത്യത്തിനു കീഴിലാകുന്നതിനു മുമ്പ് അനറ്റോലിയ (ഇന്നത്തെ തുര്‍ക്കി ഉള്‍പ്പെടുന്ന പ്രദേശം) പുരാതന ഗ്രീസിന്റെയും റോമാ സാമ്രാജ്യത്തിന്റെയും ഭാഗമായിരുന്നു. 1919 മുതല്‍ 1922 വരെ മൂന്നു വര്‍ഷത്തിലേറെ നീണ്ട യുദ്ധത്തില്‍ ഗ്രീക്ക് സേന ഇന്നത്തെ ഇസ്മിര്‍ പ്രദേശം പിടിച്ചടക്കിയെങ്കിലും ടര്‍ക്കിഷ് സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ അടിയറവ് പറയുകയായിരുന്നു. പഴയ യുദ്ധത്തിന്റെ ഓര്‍മകള്‍ ഇരുരാജ്യങ്ങളിലും ശക്തമായ വികാരമായി നിലനില്‍ക്കുന്നുണ്ടെങ്കിലും അതിനുശേഷം ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധമുഖത്ത് കണ്ടുമുട്ടിയിട്ടില്ല.
സൈപ്രസുമായി ബന്ധപ്പെട്ടും തുര്‍ക്കിക്ക് പ്രശ്‌നങ്ങളുണ്ട്. ടര്‍ക്കിഷ് ഭാഷ സംസാരിക്കുന്ന വടക്കന്‍ സൈപ്രസില്‍ 1974-ല്‍ ഗ്രീസിന്റെ പിന്തുണയോടെ നടന്ന പട്ടാള അട്ടിമറി തുര്‍ക്കിയുടെ സൈന്യം പരാജയപ്പെടുത്തുകയുണ്ടായി. വിഭജിക്കപ്പെട്ട സൈപ്രസിന്റെ ഒരു ഭാഗം തുര്‍ക്കിയുടെ കൈവശമാണെങ്കിലും  (Turksih Republic of Northern Cyprus)  അന്താരാഷ്ട്ര അംഗീകാരമില്ല. മുഴുവന്‍ സൈപ്രസിന്റെയും ആധിപത്യം തങ്ങള്‍ക്കാണെന്ന വാദമുയര്‍ത്തി സമുദ്രാതിര്‍ത്തി സൈപ്രസ് റിപ്പബ്ലിക്ക് കൈയടക്കിവെക്കുക മാത്രമല്ല, വിവിധ ബ്ലോക്കുകള്‍ അന്താരാഷ്ട്ര ഊര്‍ജ കമ്പനികള്‍ക്ക് ടെന്‍ഡര്‍ വഴി നല്‍കുക കൂടി ചെയ്തു. ഇരു സൈപ്രസുകള്‍ക്കും തുല്യമായി വീതിക്കേണ്ട ആനുകൂല്യങ്ങള്‍ നിക്കോഷ്യ കൈയടക്കിവെക്കുകയാണെന്നാണ് തുര്‍ക്കിയുടെ ആരോപണം. മാത്രമല്ല, തെക്കന്‍ തീരത്ത് തങ്ങള്‍ക്ക് സാമ്പത്തികാവകാശമുെണ്ടന്ന തുര്‍ക്കിയുടെ വാദം നിക്കോഷ്യ അംഗീകരിക്കുന്നുമില്ല.
ഫ്രാന്‍സാണ് തുര്‍ക്കിയെ ടാര്‍ഗറ്റ് ചെയ്യുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ മുമ്പന്‍. ഇതിന്റെ പേരില്‍ ഉര്‍ദുഗാനും ഫ്രഞ്ച് പ്രസിഡന്റ് മാക്രോണും തമ്മില്‍ രൂക്ഷമായ പ്രസ്താവനാ യുദ്ധം തന്നെ നടക്കുന്നുണ്ട്. കിഴക്കന്‍ മെഡിറ്ററേനിയനിലെ തുര്‍ക്കിയുടെ നീക്കം മാത്രമല്ല ഫ്രാന്‍സിന്റെ വിഷയം. ലിബിയയില്‍ യു.എന്‍ അംഗീകാരമുള്ള ഫായിസ് അസ്സര്‍റാജിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനൊപ്പമാണ് തുര്‍ക്കി. ഫ്രാന്‍സാവട്ടെ, യുദ്ധപ്രഭുവായ ഖലീഫ ഹഫ്തറിനെ യു.എന്‍ വിലക്കുകള്‍ ലംഘിച്ച് ആയുധങ്ങള്‍ നല്‍കി സഹായിക്കുന്നു. അവിടെ തുടങ്ങിയ പോര് മെഡിറ്ററേനിയന്‍ പൈപ്പ്‌ലൈന്‍ വിഷയത്തില്‍ ആളിക്കത്തിക്കാനും യൂറോപ്യന്‍ യൂനിയനെക്കൊണ്ട് തുര്‍ക്കിക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിക്കാനുമൊക്കെ കൊണ്ടുപിടിച്ചു ശ്രമിക്കുകയാണ് മാക്രോണ്‍. കിട്ടുന്ന അവസരത്തില്‍ അമേരിക്കയും തുര്‍ക്കിയെ ചൊടിപ്പിക്കാറുണ്ട്. റഷ്യയില്‍നിന്ന് മിസൈല്‍ വാങ്ങിയതിന്റെ പേരില്‍ തുര്‍ക്കിക്കെതിരെ ഉപരോധ ഭീഷണി മുഴക്കിയ അമേരിക്ക, ഹമാസ് നേതാക്കളുമായി ഉര്‍ദുഗാന്‍ അങ്കാറയില്‍ ചര്‍ച്ച നടത്തിയതാണ് വലിയ പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടുന്നത്. ഹമാസിനെ അമേരിക്ക ഭീകര സംഘടനയായാണ് കാണുന്നത്. തുര്‍ക്കിയും അതുപോലെയാവണമെന്നാണ് വാഷിംഗ്ടണിന്റെ തിട്ടൂരം. എന്നാല്‍ ഹമാസിലെ ചില നേതാക്കള്‍ക്ക് ടര്‍ക്കിഷ് പാസ്‌പോര്‍ട്ട് സമ്മാനിച്ചാണ് ട്രംപിന്റെ ഭീഷണിക്ക് ഉര്‍ദുഗാന്‍ മറുപടി നല്‍കിയത്. സൈപ്രസിനു മേലുള്ള ആയുധ നിരോധനം ഭാഗികമായി അമേരിക്ക പിന്‍വലിച്ചത് ഇക്കഴിഞ്ഞ ആഴ്ചയാണ്. അതേസമയം, ഉര്‍ദുഗാനെ 2016-ല്‍ അട്ടിമറിക്കാന്‍ ശ്രമിച്ചതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് തുര്‍ക്കി ആരോപിക്കുന്ന ഫത്ഹുല്ലാ ഗുലനെ കൈമാറാനുള്ള അങ്കാറയുടെ ആവശ്യത്തോട് വാഷിംഗ്ടണ്‍ ഇന്നോളം മുഖംതിരിക്കുകയാണുണ്ടായത്.  
യൂറോപ്യന്‍ യൂനിയനിലെ കുറുമുന്നണിയെന്ന് അറിയപ്പെടുന്ന ഏഴ് തെക്കന്‍ രാജ്യങ്ങളുടെ കൂട്ടായ്മ (മെഡ് 7) ഒന്നിച്ചണിനിരന്നാണ് മെഡിറ്ററേനിയന്‍ പര്യവേക്ഷണ പ്രശ്‌നത്തില്‍ ഇ.യുവിനെക്കൊണ്ട് തുര്‍ക്കിക്കെതിരെ ഉപരോധ ഭീഷണി മുഴക്കുന്നത്. സൈപ്രസ്, ഗ്രീസ് എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, മാര്‍ട്ട, പോര്‍ച്ചുഗല്‍ എന്നിവ കൂടി ഉള്‍പ്പെടുന്നതാണ് മെഡ് 7.
മെഡിറ്ററേനിയനിലെ തങ്ങളുടെ സമുദ്രാതിര്‍ത്തിയില്‍ വിവിധ രാജ്യങ്ങള്‍ എണ്ണ-പ്രകൃതിവാതക ശേഖരം കണ്ടെത്തുകയും ഉല്‍പാദനം ആരംഭിക്കുകയും ചെയ്‌തെങ്കിലും തുര്‍ക്കിയെ അതിന് അനുവദിക്കില്ലെന്ന നിലപാടാണ് വിഷയത്തിന്റെ മര്‍മം. ഉദാഹരണത്തിന് 2009-ല്‍ വാതകശേഖരം കണ്ടെത്തിയ ഇസ്രയേല്‍ അടുത്ത വര്‍ഷം ലെവിയാതന്‍ ഫീല്‍ഡില്‍ അതിനേക്കാള്‍ വലിയ ശേഖരം കൈപ്പിടിയിലൊതുക്കി. 2011-ലാണ് സൈപ്രസ് ആദ്യം പ്രകൃതിവാതകം മെഡിറ്ററേനിയനില്‍ കണ്ടെത്തിയത്. തുടര്‍ന്ന് 2018-ലും 2019-ലും വന്‍കിട എണ്ണക്കമ്പനികളായ ഏനി, ടൊറ്റാല്‍, എക്‌സണ്‍മോബില്‍ എന്നിവയും സൈപ്രസിന് പുതിയ ഊര്‍ജസ്രോതസ്സുകള്‍ തുറന്നു. മെഡിറ്ററേനിയനിലെ ഈജിപ്തിന്റെ ഗ്യാസ് ശേഖരമാണ് 2015-ല്‍ കണ്ടെത്തിയ സൊഹര്‍ ഫീല്‍ഡ്. ഇറ്റാലിയന്‍ കമ്പനിയായ ഏനിയാണ് ഇവിടെ പര്യവേഷണം നടത്തിയത്. 2017-ല്‍ ഉല്‍പാദനം തുടങ്ങിയ ഈ ഫീല്‍ഡില്‍നിന്ന് ബില്യന്‍ കണക്കിന് ഡോളറുകളാണ് ഈജിപ്ഷ്യന്‍ ഖജനാവിലേക്കെത്തുന്നത്.
എണ്ണ-പ്രകൃതിവാതക കണ്ടുപിടിത്തങ്ങളില്‍ ഏറെയും മെഡിറ്ററേനിയന്റെ തെക്കു-കിഴക്കന്‍ ഭാഗത്താണ്. ഇസ്രയേലിനും ഈജിപ്തിനുമാണ് ഇതിന്റെ ആനുകൂല്യം ഏറെയും ലഭിക്കുന്നത്. എന്നാല്‍ തുര്‍ക്കി പര്യവേഷണം നടത്തിക്കൊണ്ടിരിക്കുന്ന മെഡിറ്ററേനിയന്‍ ഭാഗത്ത് വാതകശേഖരം ഉണ്ടെന്ന് ഇനിയും ഉറപ്പായിട്ടുമില്ല.
കിഴക്കന്‍ മെഡിറ്ററേനിയനില്‍ ഒളിഞ്ഞിരിക്കുന്ന പ്രകൃതിവാതകത്തിനായുള്ള അന്വേഷണം എങ്ങനെയാണ് രാഷ്ട്രീയ പിരിമുറുക്കത്തിനുള്ള വേദിയായി മാറുന്നത് എന്നതാണ് അന്വഷിക്കേണ്ടത്. തുര്‍ക്കി മെഡിറ്ററേനിയന്‍ പര്യവേഷണം ആരംഭിക്കുന്നതിനു മാസങ്ങള്‍ക്കു മുമ്പു തന്നെ ജനുവരിയില്‍ ഈസ്റ്റ്‌മെഡ് ഗ്യാസ് ഫോറം എന്ന പേരില്‍ ഒരു സഖ്യം രൂപപ്പെട്ടിരുന്നു. മെഡിറ്ററേനിയനിലെ ഗ്യാസ് ഉല്‍പാദന രാജ്യങ്ങളുടെ ഒപെക് എന്നുമറിയപ്പെടുന്ന ഈ ഫോറത്തിന്റെ കടിഞ്ഞാണേന്തുന്നത് തുര്‍ക്കിയുമായി ശത്രുതയിലുള്ള ഈജിപ്തും ഇസ്രയേലുമാണ്. ഫലസ്ത്വീന്‍ അതോറിറ്റി, ജോര്‍ദാന്‍, ഗ്രീസ്, സൈപ്രസ്, ഇറ്റലി എന്നിവയാണ് മറ്റു അംഗരാജ്യങ്ങള്‍. മെഡിറ്ററേനിയന്‍ മേഖലയിലെ ഊര്‍ജ ഹബ് ആക്കിമാറ്റാനുള്ള ലക്ഷ്യത്തോടെ ഫ്രാന്‍സിനെയും സഖ്യത്തില്‍ ചേരാന്‍ ക്ഷണിച്ചിട്ടുണ്ട്. തങ്ങളെ സ്ഥിരം നിരീക്ഷകരായി ഉള്‍പ്പെടുത്തണമെന്ന് മെഡിറ്ററേനിയനുമായി ഒരു ബന്ധവുമില്ലാത്ത അമേരിക്കയും അപേക്ഷ നല്‍കിയിരിക്കുകയാണ്.
മെഡിറ്ററേനിയനുമായി പൊക്കിള്‍ക്കൊടി ബന്ധമുള്ള തുര്‍ക്കിയെ ഒഴിവാക്കിയത് ബോധപൂര്‍വമാണ്. യാഥാര്‍ഥ്യങ്ങളുമായി ബന്ധമില്ലാത്ത കൂട്ടായ്മയെന്നാണ് ടര്‍ക്കിഷ് വിദേശകാര്യ മന്ത്രാലയം കൂട്ടായ്മയെ വിശേഷിപ്പിച്ചത്. അങ്കാറ ഈ ഫോറത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ഡ്രില്ലിംഗിന്റെ പേരില്‍ ഗ്രീസുമായി പുതിയ തര്‍ക്കങ്ങള്‍ ഉടലെടുക്കാനുള്ള സാധ്യത പോലും മങ്ങുമായിരുന്നു.
തുര്‍ക്കിയെ ഒഴിവാക്കാന്‍ ഈജിപ്തിന് പല ന്യായങ്ങളുമുണ്ട്. അതില്‍  പ്രധാനം ലിബിയയിലെ രാഷ്ട്രീയ സംഭവവികാസങ്ങളാണ്. മുഅമ്മര്‍ ഖദ്ദാഫിക്കു ശേഷം ജനാധിപത്യത്തിലേക്ക് തിരിച്ചുവരവ് നടത്തിയ ലിബിയയെ കുട്ടിച്ചോറാക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുന്ന പഴയ സൈനിക ജനറല്‍ ഖലീഫ ഹഫ്തറിന്റെ നേതൃത്വത്തിലുള്ള കലാപകാരികള്‍ക്ക് സൈനിക സഹായം നല്‍കുന്നത് പ്രധാനമായും ഈജിപ്താണ്. ഐക്യരാഷ്ട്ര സഭയുടെ അംഗീകാരമുള്ള ഫായിസ് അസ്സര്‍റാജിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെയാണ് തുര്‍ക്കിയും ഇറ്റലിയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പിന്തുണക്കുന്നത്. സര്‍റാജ് ഒക്‌ടോബര്‍ അവസാനത്തോടെ സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ലിബിയയുടെ കാര്യത്തില്‍ തങ്ങളുടെ നയനിലപാടുകള്‍ മാറില്ലെന്ന് തുര്‍ക്കി വ്യക്തമാക്കിയിട്ടുണ്ട്. യു.എന്‍ അംഗീകാരമുള്ള തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറാണെങ്കിലും ഈജിപ്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സൈനിക പിന്തുണയോടെ ഹഫ്തര്‍ മിലീഷ്യ നിരന്തരമായി നടത്തിവരുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള സൈനിക ശക്തി ലിബിയയിലെ ഔദ്യോഗിക ഗവണ്‍മെന്റിന് കുറവാണ്. തുര്‍ക്കിയാണ് സര്‍റാജ് സര്‍ക്കാറിനെ സൈനികവും സാമ്പത്തികവും രാഷ്ട്രീയവുമായി പിന്തുണക്കുന്ന പ്രമുഖ രാജ്യം. ഈജിപ്തിന്റെ നേതൃത്വത്തില്‍ വിധ്വംസക ഭരണകൂടത്തെ ലിബിയയില്‍ പ്രതിഷ്ഠിക്കാനുള്ള നീക്കത്തിന് പ്രതിബന്ധമായത് തുര്‍ക്കിയാണ്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ലിബിയന്‍ സര്‍ക്കാറുമായി തുര്‍ക്കി ഒപ്പുവെച്ച കരാറുകളാണ് ഹഫ്തര്‍ സഖ്യത്തിന്റെ പിടിയില്‍ അമരാന്‍ പോവുകയായിരുന്ന ലിബിയയെ രക്ഷിച്ചത്. ടര്‍ക്കിഷ് സേനയുടെ ഇടപെടല്‍ ഈജിപ്തിന്റെ നേതൃത്വത്തിലുള്ള ഹഫ്തര്‍ മിലീഷ്യക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയത്. കൈയടക്കിയ പ്രദേശങ്ങളില്‍നിന്ന് ഒന്നൊന്നായി ഹഫ്തറിന്റെ കൂലിപ്പട്ടാളത്തിന് പിന്‍വാങ്ങേണ്ടിവന്നു. സൈനിക സഹായങ്ങള്‍ നല്‍കുന്നതിനുള്ള കരാറിനു പുറമെ, ലിബിയന്‍ സര്‍ക്കാറുമായി നാവിക കരാറിലും തുര്‍ക്കി ഒപ്പുവെക്കുകയുണ്ടായി. തുര്‍ക്കിയും ലിബിയയും തമ്മില്‍ നേരിട്ടുള്ള സമുദ്രാതിര്‍ത്തിയില്ലാതിരിക്കെ ഈ കരാറിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെട്ടു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഗ്രീസിന്റെ അധീനതയിലുള്ള ക്രീറ്റ് ദ്വീപുണ്ടെന്നതാണ് കാരണം. തുര്‍ക്കിയുടെ നടപടി യൂറോപ്പിലേക്ക് പൈപ്പ്‌വഴി ഗ്യാസ് കൊണ്ടുപോകാനുള്ള പദ്ധതിയെ ബാധിക്കുമെന്ന ആശങ്കയാണ് ഗ്രീസിനും സൈപ്രസിനും. ഇതിനു പിന്നാലെയാണ് ഗ്രീസും സൈപ്രസും സംയുക്തമായി സൈനികാഭ്യാസം സംഘടിപ്പിച്ചത്.
മേഖലയില്‍ തുര്‍ക്കിയുടെ സ്വാധീനം വലുതാണെന്ന് തിരിച്ചറിഞ്ഞവരാണ് യൂറോപ്യന്‍ യൂനിയനിലെ (ഇ.യു) ഭൂരിഭാഗം അംഗരാജ്യങ്ങളും. അതിനാല്‍ ഗ്രീസും തുര്‍ക്കിയും തമ്മിലുള്ള തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ഈ രാജ്യങ്ങളെല്ലാം ശ്രമം നടത്തിവരുന്നു. തുര്‍ക്കിയെ യൂറോപ്യന്‍ യൂനിയനില്‍ ഉള്‍പ്പെടുത്തുന്നതിന് ഉടക്കുവെച്ച യൂറോപ്യന്‍ രാജ്യങ്ങള്‍ പക്ഷേ, മികച്ച സാമ്പത്തിക പങ്കാളിയായാണ് അങ്കാറയെ കാണുന്നത്. മാത്രമല്ല, സിറിയയില്‍നിന്നുള്ള അഭയാര്‍ഥികളുടെ യൂറോപ്പിലേക്കുള്ള കുത്തൊഴുക്ക് തടുത്തുനിര്‍ത്തിയതും മില്യന്‍ കണക്കിന് അഭയാര്‍ഥികളെ സ്വീകരിച്ചതും തുര്‍ക്കിയാണെന്ന് അവര്‍ക്കറിയാം. ഇതിനൊക്കെ പുറമെ, മിഡിലീസ്റ്റിന്റെ സുരക്ഷിതത്വത്തിന് തുര്‍ക്കി അവഗണിക്കാനാവാത്ത ഘടകമാണെന്നും അവര്‍ മനസ്സിലാക്കുന്നു. ഇക്കഴിഞ്ഞ ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ഏതന്‍സിനും അങ്കാറക്കുമിടയില്‍ മാധ്യസ്ഥ ശ്രമവുമായി ജര്‍മനി രംഗത്തുവന്നിരുന്നു. അതിനിടയിലാണ് ഈജിപ്തുമായി ഗ്രീസ് നാവിക കരാര്‍ ഒപ്പിട്ടത്. ഇത് തുര്‍ക്കിയെ ചൊടിപ്പിച്ചു. ഇപ്പോള്‍ ചര്‍ച്ചയും നടക്കുന്നില്ല. യൂറോപ്യന്‍ യൂനിയന്റെ ഉന്നതതല യോഗം എന്തു തീരുമാനിക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.
ഊര്‍ജ മേഖലയില്‍ തുര്‍ക്കിക്ക് വന്‍ കുതിപ്പിന് അവസരം നല്‍കുന്ന കണ്ടുപിടിത്തമാണ് കരിങ്കടലിനടിയിലെ പ്രകൃതിവാതക നിക്ഷേപം. തുര്‍ക്കിയുടെ സാമ്പത്തിക രംഗത്തെ തന്നെ ഇളക്കിമറിക്കുന്ന ചരിത്രനേട്ടമാണിതെന്ന് ആഗസ്റ്റ് 21-ന് പ്രസിഡന്റ് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചു. കരിങ്കടലില്‍ 320 ബില്യന്‍ ക്യുബിക് മീറ്റര്‍ വാതക ശേഖരമാണ് തുര്‍ക്കി കണ്ടെത്തിയത്. രാഷ്ട്രപിതാവ് അത്താതുര്‍ക്ക് വിഭാവനം ചെയ്ത ആധുനിക തുര്‍ക്കിയുടെ നൂറാം വാര്‍ഷികമായ 2023-ല്‍ ഉല്‍പാദനം ആരംഭിക്കുമെന്നാണ് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
സാമ്പത്തിക മേഖലയിലെ വമ്പന്‍ കുതിപ്പിനൊപ്പം വന്‍തോതിലുള്ള പ്രകൃതിവാതകമാണ് വര്‍ഷംതോറും തുര്‍ക്കി ഉപയോഗിക്കുന്നത്. 1987-ല്‍ വെറും 0.5 ബി.സി.എം ആയിരുന്നു ഉപഭോഗമെങ്കില്‍ 2017-ല്‍ എത്തിയപ്പോള്‍ അത് 53.5 ബി.സി.എം ആയി ഉയര്‍ന്നു. ആഭ്യന്തര ഉപഭോഗത്തിന് ആവശ്യമായ പ്രകൃതിവാതകത്തിന്റെ 98 ശതമാനവും തുര്‍ക്കി ഇറക്കുമതി ചെയ്യുകയാണ്. റഷ്യയാണ് തുര്‍ക്കിക്ക് ഏറ്റവുമധികം വാതകം വിതരണം ചെയ്യുന്നത്. ഇറാന്‍, അസര്‍ബൈജാന്‍, അള്‍ജീരിയ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും തുര്‍ക്കി പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്നുണ്ട്. കരിങ്കടലില്‍ കണ്ടെത്തിയ ശേഖരത്തില്‍ ഉല്‍പാദനം നൂറു ശതമാനവും യാഥാര്‍ഥ്യമാകുന്നതോടെ തുര്‍ക്കിക്ക് ഇറക്കുമതി പൂര്‍ണമായും നിര്‍ത്താനും അവശേഷിക്കുന്ന വാതകം കയറ്റുമതി ചെയ്യാനും കഴിയുമെന്നാണ് കണക്കാക്കുന്നത്. തുര്‍ക്കിയുടെ കരിങ്കടല്‍ സമുദ്രതീരത്തുനിന്ന് 150 കി.മീറ്ററിലേറെ അകലെയാണ് വാതകശേഖരം കണ്ടെത്തിയ ട്യൂണ 1 മേഖല. ബള്‍ഗേറിയയുടെയും റുമാന്യയുടെയും സമുദ്രാതിര്‍ത്തി ഇവിടെനിന്ന് അകലെയൊന്നുമല്ല. 2012-ല്‍ റുമാന്യയുടെ നെപ്റ്റിയൂണ്‍ ബ്ലോക്കില്‍ കണ്ടെത്തിയ ഡോമിനോ ഫീല്‍ഡില്‍ 42 ബി.എം.സിക്കും 84 ബി.എം.സിക്കും ഇടയില്‍ ശേഖരമേയുള്ളൂ. തുര്‍ക്കിയുടെ സക്കരിയ വാതകശേഖരം 320 ബി.എം.സിയാണ്. മാത്രമല്ല, ഇനിയും ഖനനം നടക്കേണ്ടതുണ്ടെന്നും അതിലൂടെ കൂടുതല്‍ ശേഖരം കണ്ടെത്താനാകുമെന്നുമാണ് അങ്കാറയുടെ കണക്കുകൂട്ടല്‍.
തുര്‍ക്കിയുടെ ഫാതിഹ് ഡ്രില്ലിംഗ് ഷിപ്പ് ഒരു മാസത്തെ പരിശ്രമത്തില്‍ കണ്ടെത്തിയ കരിങ്കടല്‍ വാതകശേഖരവുമായി ബന്ധപ്പെട്ട് വിവാദങ്ങളൊന്നും ഉയര്‍ന്നിട്ടില്ലെങ്കിലും ഉദ്ദേശിച്ച രീതിയില്‍ ഉല്‍പാദനവും വിപണനവും നടത്താന്‍ കടമ്പകള്‍ ഏറെയാണെന്ന് വിദഗ്ധര്‍ പറയുന്നു. ഉദ്ദേശിക്കുന്ന വിധം 2023-ല്‍ ഇത് കമീഷന്‍ ചെയ്യാന്‍ കഴിയണമെന്നില്ല. എത്ര വേഗത്തില്‍ പദ്ധതി പൂര്‍ത്തിയാകുന്നുവോ അത്രയും ഊര്‍ജ മേഖലയില്‍ തുര്‍ക്കിക്ക് സ്വയംപര്യാപ്തത കൈവരിക്കാന്‍ അത് വഴിവെക്കും. പുതിയ കണ്ടുപിടിത്തം പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുമായി വിലപേശാനും തുര്‍ക്കിക്ക് അവസരമൊരുക്കും. റഷ്യയുമായി രണ്ട് കരാറുകള്‍ നിലനില്‍ക്കുന്നുണ്ട്. ഒരെണ്ണം 2021-ല്‍ അവസാനിക്കുമെങ്കിലും കരിങ്കടലിലൂടെ റഷ്യന്‍ ഗ്യാസ് തുര്‍ക്കിയിലെത്തിക്കുന്ന ബ്ലൂ സ്ട്രീം പൈപ്പ്‌ലൈന്‍ കരാര്‍ 2025 വരെയുണ്ട്. അസര്‍ബൈജാനുമായുള്ള കരാര്‍ അടുത്ത വര്‍ഷം അവസാനിക്കും. ഇറാനുമായുള്ള ധാരണ 2026 വരെയാണ്. മിഡിലീസ്റ്റിലെ നിര്‍ണായക രാഷ്ട്രീയ ശക്തിയാകുന്നതോടൊപ്പം വലിയ ഊര്‍ജശക്തിയുമായി തുര്‍ക്കി മാറുന്നത് മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിതുറക്കുമെന്നതില്‍ സംശയമില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (1-5)
ടി.കെ ഉബൈദ്‌

ഹദീസ്‌

മൂന്ന് ദുര്‍ഗുണങ്ങള്‍
കെ.സി ജലീല്‍ പുളിക്കല്‍