Prabodhanm Weekly

Pages

Search

2020 ഒക്‌ടോബര്‍ 02

3170

1442 സഫര്‍ 14

ഖുര്‍ആന്‍ അപ്രകാരം തന്നെയാണ് പ്രവചിച്ചത്

ഡോ. ടി.കെ യൂസുഫ്

ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട് എഴുതിയ 'വിശുദ്ധ ഖുര്‍ആന്‍ അപ്രകാരം പ്രവചിച്ചിട്ടില്ല' എന്ന കുറിപ്പിനുള്ള (ലക്കം 3168) പ്രതികരണമാണ് ഇത്. ഫറോവയുടെ ജഡം ജീര്‍ണിച്ചുപോകാതെ സൂക്ഷിക്കുമെന്ന് ഖുര്‍ആന്‍ പ്രവചിച്ചിട്ടില്ലെന്നും പൗരാണിക വ്യാഖ്യാനങ്ങള്‍ അതിനെ പിന്തുണക്കുന്നില്ലെന്നുമാണ് അദ്ദേഹം സമര്‍ഥിക്കുന്നത്.
ഖുര്‍ആനിലെ 10:92 വചനം, വ്യാഖ്യാനങ്ങള്‍ ഒന്നും കൂടാതെ ഭാഷാപരമായി വിശകലനം ചെയ്താല്‍ തന്നെ ഈജിപ്ത് മ്യൂസിയത്തിലുള്ള റംസീസ് രണ്ടാമന്‍ എന്ന ഫറോവയുടെ മമ്മിയെ കുറിച്ചുള്ള പ്രവചനമാണ് അതെന്ന് ബോധ്യപ്പെടും. പ്രസ്തുത വചനത്തിന്റെ മലയാള വിവര്‍ത്തനങ്ങളില്‍ ഒരു ചെറിയ അപാകത സംഭവിച്ചിട്ടുണ്ടെന്ന് ആദ്യമായി ഉണര്‍ത്തുന്നു. നജ്ജാ എന്ന അറബി പദത്തിന് രക്ഷപ്പെടുത്തി എന്ന അര്‍ഥം ഉള്ളതു പോലെ ഉയര്‍ന്ന സ്ഥലത്ത് ഉപേക്ഷിച്ചു എന്നും അര്‍ഥമുണ്ട്. അപ്പോള്‍ പ്രസ്തുത ആയത്തിന്റെ അര്‍ഥം 'ഇന്ന് നാം നിന്നെ ജഡമായി ഉയര്‍ന്ന സ്ഥലത്ത് ഉപേക്ഷിക്കും' എന്നായിരിക്കും. ഇത് ഭാഷയോടും ചരിത്രവസ്തുതകളോടും ആധികാരിക വ്യാഖ്യാനങ്ങളോടും യോജിക്കുന്നതാണ്. 'നീ നിന്റെ പിന്‍തലമുറക്ക് ഒരു ദൃഷ്ടാന്തമാകുന്നതിന്' എന്ന പ്രയോഗം മ്യൂസിയത്തിലുള്ള മമ്മിയിലേക്ക് വ്യക്തമായ സൂചന നല്‍കുന്നതാണ്.
നൂഹ് നബിയുടെ ജനതയെ നശിപ്പിച്ചതടക്കമുള്ള ഒരുപാട് ദൃഷ്ടാന്തങ്ങളെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നുണ്ടെങ്കിലും അവിടങ്ങളിലെല്ലാം ജനങ്ങള്‍ക്ക്, അല്ലെങ്കില്‍ ലോകര്‍ക്ക് ദൃഷ്ടാന്തമാക്കി എന്നാണ് പറയുന്നത്. നിന്റെ പിന്‍തലമുറക്ക് എന്ന് പ്രത്യേകം പറയുന്നില്ല. ഖുര്‍ആനില്‍ പിന്‍ഗാമികള്‍ക്ക് മാത്രമായി അല്ലാഹു നിശ്ചയിച്ച ഒരു ദൃഷ്ടാന്തം ഫറോവയുടെ ജഡത്തെക്കുറിച്ചുള്ള പരാമര്‍ശം മാത്രമാണ്. മറ്റു ദൃഷ്ടാന്തങ്ങളെക്കുറിച്ച് പറയുന്ന അധിക സ്ഥലത്തും ആയത്ത്, അതായത് ദൃഷ്ടാന്തം എന്ന് പറഞ്ഞതിനു ശേഷമാണ് ആര്‍ക്കു വേണ്ടി എന്ന് പറയുന്നത്. എന്നാല്‍ ഈ വചനത്തില്‍ നിന്റെ പിന്‍തലമുറക്ക് എന്ന് പറഞ്ഞതിനു ശേഷമാണ് ദൃഷ്ടാന്തം എന്ന് പറയുന്നത്. അര്‍ഥത്തില്‍ കാര്യമായ മാറ്റമൊന്നുമില്ലെങ്കിലും ഒരു കാര്യത്തിന്റെ പ്രത്യേകതയും പ്രാധാന്യവും ഊന്നിപ്പറയുന്നതിനു വേണ്ടിയാണ് ഇത്തരം മുന്തിക്കല്‍ നടത്തുന്നത് എന്നാണ് വ്യാകരണ അലങ്കാര ശാസ്ത്രം പറയുന്നത്. ഈ പദപ്രയോഗവും പത്തൊമ്പതാം നൂറ്റാണ്ടില്‍ കണ്ടെടുക്കപ്പെട്ട ഫറോവയുടെ മൃതശരീരത്തെയാണ് സൂചിപ്പിക്കുന്നത്. ഈ മമ്മി മൂസാ നബിയുടെ കാലത്ത് മുക്കി നശിപ്പിക്കപ്പെട്ട ഫിര്‍ഔനിന്റേതാണോ എന്ന് പലരും സംശയം പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍ മൂവായിരം വര്‍ഷങ്ങളോളം ഒരു ശരീരം ഈ രൂപത്തില്‍ നിലനില്‍ക്കുന്നതിന് ദൈവിക ദൃഷ്ടാന്തം എന്നല്ലാതെ മറ്റൊരു വ്യാഖ്യാനം നല്‍കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല.
ലേഖകന്‍ സൂചിപ്പിച്ചതുപോലെ ഖുര്‍ആനിന്റെ അവതരണം മുതല്‍ 1881 വരെയുള്ള കാലയളവില്‍ പ്രസ്തുത ആയത്തിനെക്കുറിച്ച് ഉയര്‍ന്നുവരാനിടയുള്ള സംശയങ്ങള്‍ പ്രസക്തമാണ്. എന്നാല്‍ എക്കാലത്തേക്കുമായി അവതീര്‍ണമായ ദൈവിക വചനമായ ഖുര്‍ആന്‍ ഒരു കാലഘട്ടത്തിലുള്ളവര്‍ക്ക് അര്‍ഥശങ്കക്കിടയില്ലാത്തവിധം മനസ്സിലായിക്കൊള്ളണമെന്നില്ല. ഉത്തമ നൂറ്റാണ്ടിലുള്ളവര്‍ക്ക് അറിയാത്ത കാര്യങ്ങള്‍ പിന്നീട് വരുന്നവര്‍ക്ക് ഗ്രഹിക്കാന്‍ കഴിയുമെന്ന് ഖുര്‍ആനിലും നബിവചനങ്ങളിലും വ്യക്തമാക്കിയതാണ്. ഈ വേദം സത്യമാണെന്ന് തെളിയിക്കുന്നതിനു വേണ്ടി അല്ലാഹു ജനങ്ങള്‍ക്ക് മനുഷ്യരിലും ചക്രവാളങ്ങളിലും ദൃഷ്ടാന്തങ്ങള്‍ കാണിച്ചുകൊടുക്കുമെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. അല്ലാഹു പറയുന്നു: ''ഇത് (ഖുര്‍ആന്‍) സത്യമാണെന്ന് അവര്‍ക്ക് വ്യക്തമാകത്തക്കവണ്ണം വിവിധ ദിക്കുകളിലും അവരില്‍ തന്നെയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വഴിയെ നാം അവര്‍ക്ക് കാണിച്ചുകൊടുക്കുന്നതാണ്'' (ഫുസ്സ്വിലത്ത് 53). ഈ വചനത്തിലെ സനുരീഹിം അതായത് 'വഴിയെ നാം അവര്‍ക്ക് കാണിച്ചുകൊടുക്കും' എന്ന വാക്യം പ്രത്യേകം ശ്രദ്ധേയമാണ്. ഖുര്‍ആന്‍ അവതരിക്കുന്ന കാലത്ത് ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ പിന്നീട് വരുന്ന ജനങ്ങള്‍ക്ക് ഗ്രഹിക്കാന്‍ കഴിയുമെന്നാണ് ഈ വാചകം സൂചിപ്പിക്കുന്നത്.
ഖുര്‍ആനില്‍ പരാമര്‍ശിച്ച മുഴുവന്‍ ദൃഷ്ടാന്തങ്ങളും മനസ്സിലാക്കാന്‍ പൂര്‍വികര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും വരുംതലമുറക്ക് അത് കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നും സൂചിപ്പിക്കുന്ന ഖുര്‍ആന്‍ വചനങ്ങള്‍ വേറെയും നമുക്ക് കാണാന്‍ കഴിയും. അല്ലാഹു പറയുന്നു: ''ഇത് ലോകര്‍ക്കുള്ള ഒരു ഉദ്‌ബോധനം മാത്രമാകുന്നു. ഒരു കാലയളവിനു ശേഷം ഇതിലെ വൃത്താന്തം നിങ്ങള്‍ക്ക് മനസ്സിലാവുക തന്നെ ചെയ്യും'' (38:88). ഖുര്‍ആന്‍ അവതരണ കാലത്ത് ഇതിലെ ദൃഷ്ടാന്തങ്ങള്‍ മനസ്സിലാക്കാന്‍ മാത്രം അവരുടെ വൈജ്ഞാനിക മണ്ഡലം വികസിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ആ ജനത നബി(സ)യെ കളവാക്കുകയാണ് ചെയ്തത്. എന്നാല്‍ ശാസ്ത്ര സൂചനകള്‍ പഠനവിധേയമാക്കി വിലയിരുത്തി ഇത് സത്യം തന്നെയാണ് എന്ന് ജനം അംഗീകരിക്കുന്ന ഒരു കാലം വരുമെന്നും ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: ''ഓരോ വൃത്താന്തത്തിനും അത് സത്യമായി പ ുലരുന്ന ഒരു സന്ദര്‍ഭമുണ്ട്. വഴിയെ നിങ്ങള്‍ അത് അറിഞ്ഞുകൊള്ളും'' (അല്‍അന്‍ആം 67).
ആത്മീയതയിലും ആരാധനാ കാര്യങ്ങളിലും അതീവശ്രദ്ധ പുലര്‍ത്തിയിരുന്ന ഉത്തമ തലമുറ അറിവിന്റെ കാര്യത്തില്‍ മറ്റുള്ളവരേക്കാള്‍ മികവുറ്റവരായിരിക്കുമെന്ന് നബി (സ) ഒരിക്കലും പറഞ്ഞിട്ടില്ല. മാത്രമല്ല, ഇനി വരുന്നവര്‍ക്കായിരിക്കും കൂടുതല്‍ ഗ്രാഹ്യശക്തിയുണ്ടാവുക എന്ന് നബി (സ) സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നബി (സ) തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു: ''ഞാന്‍ ഇത് നിങ്ങള്‍ക്ക് എത്തിച്ചുതന്നില്ലയോ... അല്ലാഹുവേ നീ സാക്ഷി... നിങ്ങളില്‍ ഹാജറുള്ളവര്‍ ഹാജറില്ലാത്തവര്‍ക്ക് ഇത് എത്തിച്ചുകൊടുക്കട്ടെ. എത്രയെത്ര എത്തിച്ചു കൊടുക്കപ്പെടുന്നവരാണ് ഇത് കേട്ടവരേക്കാള്‍ കൂടുതല്‍ ഗ്രാഹ്യശക്തിയുള്ളവരായിട്ടുള്ളത്!'' (ബുഖാരി). ഖുര്‍ആന്‍ വചനങ്ങളിലെ ശാസ്ത്രസൂചനകളും മറ്റും തിരുനബിയില്‍നിന്ന് നേരില്‍ കേട്ട സ്വഹാബികളേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ അവര്‍ മുഖേന ഈ സന്ദേശം ലഭിച്ച പിന്‍തലമുറക്ക് മനസ്സിലാക്കാന്‍ സാധിക്കുമെന്നാണ് ഈ നബിവചനവും സൂചിപ്പിക്കുന്നത്.
ഖുര്‍ആനില്‍ രണ്ടായിരത്തോളം സ്ഥലങ്ങളില്‍ ശാസ്ത്ര പ്രാപഞ്ചിക വിസ്മയങ്ങള്‍ പ്രതിപാദിക്കുന്നുണ്ടെങ്കിലും അവയില്‍ അധികമൊന്നും ഹദീസുകളില്‍ വിശദീകരിക്കപ്പെട്ടിട്ടില്ല. ഖുര്‍ആനില്‍ സൂചിപ്പിച്ച ശാസ്ത്രസത്യങ്ങള്‍ അക്കാലത്തുള്ളവര്‍ക്കു തന്നെ അറിഞ്ഞിരിക്കല്‍ നിര്‍ബന്ധമായിരുന്നുവെങ്കില്‍ നബി (സ) തന്റെ അനുചരന്മാര്‍ക്ക് അവ വിശദീകരിച്ചുകൊടുക്കുമായിരുന്നു. മൈക്രോസ്‌കോപ്പ് കണ്ടുപിടിച്ചതിനു ശേഷമാണ് മനുഷ്യന് ബീജവും അണ്ഡവും അവയുടെ രൂപവും തിരിച്ചറിയാനായത്. മുന്‍കാല തലമുറകള്‍ക്ക് ഇതൊന്നും മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല എന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടുതന്നെ ഈ വിഷയത്തിലെ ഹദീസുകളുടെ ശാസ്ത്രീയത അവര്‍ ഗ്രഹിച്ചിരിക്കാന്‍ ഇടയില്ല. എന്നാല്‍ ഇവയില്‍ വിശദീകരിക്കപ്പെട്ട വിശ്വാസകാര്യങ്ങള്‍ ശാസ്ത്രവിവരം ഉള്ളവരെന്നോ ഇല്ലാത്തവരെന്നോ എന്ന വേര്‍തിരിവുകളൊന്നും കൂടാതെ ഏതു കാലഘട്ടത്തിലുള്ളവര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്നതാണ്.
പൗരാണിക ഖുര്‍ആന്‍ വ്യാഖ്യാനങ്ങളൊന്നും തന്നെ ഖുര്‍ആനിലെ ശാസ്ത്രസൂക്തങ്ങളുടെ ശരിയായ വിവരണം ഉള്‍ക്കൊള്ളുന്നില്ല. അതിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്: ഒന്ന്, നബി(സ)യുടെ ഹദീസുകളില്‍ ശാസ്ത്രസൂക്തങ്ങള്‍ വിശദീകരിക്കപ്പെട്ടിട്ടില്ല. രണ്ട്, പൗരാണിക തഫ്‌സീറുകള്‍ രചിക്കപ്പെട്ട കാലത്ത് ശാസ്ത്ര വിഷയങ്ങളിലുള്ള അറിവ് ഒട്ടും വികാസം പ്രാപിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഖുര്‍ആനിന്റെ ആധികാരിക വ്യാഖ്യാതാക്കളില്‍ അധികപേരും ശാസ്ത്രസൂക്തങ്ങള്‍ വ്യാഖ്യാനിക്കാറില്ല. ചിലര്‍ അവര്‍ ജീവിച്ച കാലത്ത് നിലവിലുണ്ടായിരുന്ന, അത്രയൊന്നും വളര്‍ച്ചയെത്താത്ത ശാസ്ത്ര വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വ്യാഖ്യാനമെഴുതിയത്. 'അലഖ്' എന്ന പദത്തിന് രക്തപിണ്ഡം എന്ന് അര്‍ഥം നല്‍കിയത് അങ്ങനെയാണ്. ആധുനിക പരിഭാഷകളില്‍ സിക്താണ്ഡം എന്നാണല്ലോ അതിന് അര്‍ഥം നല്‍കിയിട്ടുള്ളത്.
ശാസ്ത്രം എത്ര പുരോഗമിച്ചാലും ഖുര്‍ആനിലോ ഹദീസിലോ വന്ന ഒരു പദപ്രയോഗത്തില്‍ പോലും അബദ്ധം കണ്ടെത്തുക സാധ്യമല്ല. കാരണം സര്‍വ ശാസ്ത്രത്തെക്കുറിച്ചും സൂക്ഷ്മവും അഗാധവുമായ ജ്ഞാനമുള്ള അല്ലാഹുവില്‍നിന്നുള്ള വെളിപാടിന്റെ അടിസ്ഥാനത്തിലാണ് അവ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഖുര്‍ആനിന്റെ വ്യാഖ്യാനങ്ങള്‍ക്ക് അത്തരത്തിലുള്ള അപ്രമാദിത്വം കല്‍പിക്കാന്‍ പാടില്ല. കാരണം അവയെല്ലാം മനുഷ്യരുടെ കരങ്ങളാല്‍ രചിക്കപ്പെട്ടതാണ്. ഖുര്‍ആനിലെ മുഴുവന്‍ സൂക്തങ്ങളും തികച്ചും ശാസ്ത്രീയമായും പ്രാമാണികമായും വ്യാഖ്യാനിക്കാന്‍ ഒരാള്‍ക്കും സാധ്യമാവുകയില്ല. കാരണം മനുഷ്യന് വിജ്ഞാനത്തില്‍നിന്ന് അല്‍പം മാത്രമേ നല്‍കപ്പെട്ടിട്ടുള്ളൂ. ചില വിഷയങ്ങളില്‍ മുന്‍കാല മുഫസ്സിറുകള്‍ക്ക് കണ്ടെത്താന്‍ കഴിയാത്ത വിവരങ്ങള്‍ പില്‍ക്കാലത്ത് വരുന്നവര്‍ക്ക് ലഭ്യമായെന്നിരിക്കും. ഫറോവയുടെ ജഡം പോലുള്ള ശാസ്ത്ര വിഷയങ്ങളില്‍ മതവും ശാസ്ത്രവും പഠിച്ച മോറിസ് ബുക്കായിയെ പോലുള്ള പണ്ഡിതരുടെ വിലയിരുത്തലുകളാണ് പൊതുവെ സ്വീകാര്യം. ഖേദകരമെന്നു പറയട്ടെ ഖുര്‍ആന്‍ സൂചിപ്പിച്ചതു പോലെ അധിക ജനങ്ങളും ഇത്തരം ദൃഷ്ടാന്തങ്ങളെക്കുറിച്ച് അശ്രദ്ധരാണ്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (1-5)
ടി.കെ ഉബൈദ്‌

ഹദീസ്‌

മൂന്ന് ദുര്‍ഗുണങ്ങള്‍
കെ.സി ജലീല്‍ പുളിക്കല്‍