ആ യുദ്ധം തുര്ക്കിയുമായിട്ടാകുമോ?
നാഷ്നല് ഇന്ററസ്റ്റ് എന്ന അമേരിക്കന് മാഗസിനില് നയതന്ത്ര വിദഗ്ധന് റോബര്ട്ട് ഫാര്ലെ എഴുതിയ ലേഖനത്തില്, മൂന്നാം ലോകയുദ്ധമായി പരിണമിച്ചേക്കാവുന്ന സംഘട്ടനങ്ങള് ലോകത്തിന്റെ ഏതൊക്കെ ഭാഗങ്ങളില് നടക്കാനിടയുണ്ട് എന്നൊരു പ്രവചനം നടത്തിയിരുന്നു. അതിനുള്ള സാധ്യത വിദൂരമാണെന്നും അദ്ദേഹം തന്നെ പറയുന്നുണ്ട്. അഞ്ച് സംഘട്ടന സാധ്യതകളാണ് അദ്ദേഹം എടുത്തുപറയുന്നത്. ഒന്നാമത്തെ സാധ്യത ഇറാനും ഇസ്രയേലും തമ്മില് തന്നെ. കഴിഞ്ഞ വര്ഷം സിറിയയില് ഇറാനും ഇസ്രയേലും ഏറക്കുറെ മുഖാമുഖം വന്നെങ്കിലും വലിയ സംഘട്ടനത്തിലേക്ക് അത് എത്തിയില്ല. ലബനാന് പോലുള്ള രാജ്യങ്ങളില് ഇരു രാജ്യങ്ങളുടെ ബിനാമികള് തമ്മില് ഏറ്റുമുട്ടാറുണ്ട്. ഇറാനെ മേഖലയിലെ സുരക്ഷക്ക് ഭീഷണിയായി കാണുന്ന അമേരിക്കയും ഗള്ഫ് രാജ്യങ്ങളും കൂടി അണിനിരക്കുമ്പോള് അത് ഏതു നിമിഷവും വലിയൊരു യുദ്ധമായി പരിണമിച്ചേക്കാമെന്നാണ് ഫാര്ലെയുടെ പക്ഷം. കശ്മീര് പ്രശ്നത്തില് ഇന്ത്യയും പാകിസ്താനും തമ്മില് സംഘട്ടനമുണ്ടായാലും തല്പര കക്ഷികള് ഇരുപക്ഷത്തും അണിനിരന്ന് ആഗോള യുദ്ധത്തിലേക്ക് വഴിമാറിയേക്കുമെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്.
മൂന്നാമത്തേത് അമേരിക്കയും വടക്കന് കൊറിയയും തമ്മിലുള്ള സംഘട്ടന സാധ്യതയാണ്. കഴിഞ്ഞ വര്ഷം പിരിമുറുക്കത്തിന്റെയും ഉദ്വേഗത്തിന്റെയും പല സന്ദര്ഭങ്ങളിലൂടെ ലോകം കടന്നുപോയെങ്കിലും, സൈനിക നീക്കത്തില്നിന്ന് ഇരുരാജ്യങ്ങളും വിട്ടുനില്ക്കുകയായിരുന്നു. നാലാമത്തേതിലും ഒരു ഭാഗത്ത് അമേരിക്ക തന്നെയാണ്. മറുപക്ഷത്ത് ചൈനയും. അതിസങ്കീര്ണമായ ദക്ഷിണ ചൈനാ കടല് തര്ക്കങ്ങളാകും ഒരുപക്ഷേ അതിന് നിമിത്തമാവുക. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധങ്ങള് അതിന്റെ ചില പ്രത്യക്ഷങ്ങള് മാത്രം. കോവിഡും സാമ്പത്തിക കുഴമറിച്ചിലുകളും സംഘര്ഷത്തെ തല്ക്കാലത്തേക്കെങ്കിലും ശമിപ്പിച്ചിട്ടുണ്ട്.
ലോകയുദ്ധമായി വികസിക്കാനിടയുള്ള അഞ്ചാമത്തെ സാധ്യതയില് അമേരിക്കയുടെയും ഗ്രീസിന്റെയും ഇസ്രയേലിന്റെയുമൊക്കെ മുഖ്യ പ്രതിയോഗിയായി വരുന്നത് തുര്ക്കിയായിരിക്കും. തുര്ക്കിയും അമേരിക്കയും തമ്മിലുള്ള ബന്ധങ്ങള് കഴിഞ്ഞ വര്ഷം പറ്റേ മോശമായിരുന്നു. തുര്ക്കിയോട് ചേര്ന്നുള്ള സിറിയന് പ്രദേശങ്ങളില്നിന്ന് അമേരിക്കന് സേന പിന്വാങ്ങിയപ്പോള്, അവിടെയുള്ള കുര്ദ് മേഖലകളില് തുര്ക്കി സൈന്യം കനത്ത ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിന് ആദ്യം അമേരിക്ക പച്ചക്കൊടി കാട്ടിയിരുന്നുവെങ്കിലും, പിന്നീട് വാക്കു മാറി. തുര്ക്കിക്കെതിരെ ഉപരോധമേര്പ്പെടുത്തുമെന്ന് ഭീഷണി മുഴക്കി. തുര്ക്കിയുമായി നേര്ക്കുനേരെ ഏറ്റുമുട്ടിയാല് അത് നാറ്റോവിന്റെ തകര്ച്ചക്ക് തന്നെ കാരണമാവുമെന്ന് തോന്നിയതിനാലാവാം ഒടുവില് അമേരിക്ക പിന്വാങ്ങുകയായിരുന്നു.
ഇപ്പോഴും അത്തരമൊരു യുദ്ധസാധ്യത വിദൂരമായെങ്കിലും നിലനില്ക്കുന്നുണ്ട്. പോര്ക്കളം സിറിയയില്നിന്ന് കരിങ്കടലിലേക്കും മെഡിറ്ററേനിയന് തീരങ്ങളിലേക്കും നീങ്ങിയിട്ടുണ്ടെന്ന് മാത്രം. തുര്ക്കി തങ്ങളുടെ കടല് പരിധികള്ക്കകത്ത് പ്രകൃതിവാതക നിക്ഷേപങ്ങള് കണ്ടെത്തിയതാണ് അമേരിക്കയെയും മറ്റു പാശ്ചാത്യ ശക്തികളെയും ചൊടിപ്പിക്കുന്നത്. ഗ്രീസിനെയും ഗ്രീക്കനുകൂല സൈപ്രസിനെയുമൊക്കെ മുന്നില് നിര്ത്തിയാണ് തുര്ക്കിക്കെതിരെയുള്ള ബിനാമി യുദ്ധത്തിന് കോപ്പു കൂട്ടുന്നത്. മെഡിറ്ററേനിയന് മേഖലയിലെ രാഷ്ട്രങ്ങള് തങ്ങളുടെ കടല്പരിധിയില് എണ്ണ-വാതക പര്യവേക്ഷണങ്ങളും ഖനനവുമൊക്കെ നിര്ബാധം നടത്തുന്നുണ്ടെങ്കിലും തുര്ക്കിയെ അതിന് അനുവദിച്ചുകൂടാ എന്ന ശാഠ്യബുദ്ധിയിലാണ് അമേരിക്കയും യൂറോപ്യന് രാജ്യങ്ങളും പശ്ചിമേഷ്യയിലെ ചില രാജ്യങ്ങളും. ഭീഷണികള്ക്കൊന്നും വഴങ്ങില്ലെന്നും പര്യവേക്ഷണവുമായി മുന്നോട്ടുപോകുമെന്നും തുര്ക്കിയും പ്രഖ്യാപിക്കുന്നു. സാമ്രാജ്യത്വ ശക്തികളും നിക്ഷിപ്ത താല്പര്യക്കാരും സ്വേഛാധിപതികളുമൊക്കെയാണ് മറുപക്ഷത്ത് അണിനിരക്കുന്നത് എന്നതുതന്നെ തുര്ക്കിയെ പലനിലയില് ഉയര്ത്തിനിര്ത്തുന്നുണ്ട്.
Comments