Prabodhanm Weekly

Pages

Search

2020 ഒക്‌ടോബര്‍ 02

3170

1442 സഫര്‍ 14

'ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരുകതന്നെ ചെയ്യും'

സയ്യിദ് സഫര്‍ മഹ്മൂദ്/ഗൗരവ് വിവേക് ഭട്‌നഗര്‍

'യു.പി.എസ്.സി ജിഹാദ്' എന്ന പേരില്‍ സുദര്‍ശന്‍ ടി.വി ഒരു പരിപാടി സംപ്രേഷണം ചെയ്തിരുന്നു. ആഗസ്റ്റ് അവസാനവാരമാണ് ഈ പരിപാടിയുടെ പ്രൊമോ പുറത്തുവന്നത്. അന്നുമുതല്‍തന്നെ ഇത് ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് കാരണമായി. ഒരു ജില്ലാ മജിസ്ട്രേറ്റ് ജാമിഅ മില്ലിയ്യയില്‍നിന്നുള്ള ജിഹാദിയാണ് എന്ന വാദമുന്നയിച്ചാണ് ടി.വി ഈ പരിപാടിയുടെ പരസ്യം കാണിച്ചത്. അതോടെ ഈ പരിപാടിയുടെ യഥാര്‍ഥ ഉദ്ദേശ്യം പുറത്തായി. ഉടനെ ദല്‍ഹി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പരിപാടിയുടെ സംപ്രേഷണം തടയുന്നതിനായുള്ള ഹരജികള്‍ വന്നു.
സുപ്രീം കോടതി വിഷയത്തില്‍ ഇടപെടാന്‍ സന്നദ്ധമായില്ല. എന്നാല്‍ ദല്‍ഹി ഹൈക്കോടതി ആഗസ്റ്റ് 28-ന് സംപ്രേഷണം സ്റ്റേ ചെയ്തു. കേന്ദ്രവാര്‍ത്താവിനിമയ മന്ത്രാലയത്തോട് വിഷയത്തില്‍ വിശദീകരണം തേടി. പിന്നീട് സെന്‍സര്‍ഷിപ്പോടെ സംപ്രേഷണം ചെയ്യാന്‍ വാര്‍ത്താവിനിമയ മന്ത്രാലയം അനുവാദം നല്‍കിയതോടെ സെപ്റ്റംബര്‍ 11 മുതല്‍ 14 വരെ നാല് എപ്പിസോഡുകള്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഓരോ എപ്പിസോഡും മുസ്ലിംവിരോധം കുത്തിനിറച്ചാണ് ചാനല്‍ സംപ്രേഷണം ചെയ്തത്. അത് ചൂണ്ടിക്കാണിച്ച് ഹൈക്കോടതി തുടര്‍സംപ്രേഷണം തടഞ്ഞു.
മുസ്ലിംകള്‍ക്ക് സിവില്‍ സര്‍വീസില്‍ കയറാന്‍ സകാത്ത് ഫൗണ്ടേഷന്‍ എന്ന സ്ഥാപനം പ്രത്യേക പരിശീലനം നല്‍കുന്നുണ്ടെന്നും ഫൗണ്ടേഷന് ഫണ്ട് നല്‍കുന്നത് യു.കെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ദേശവിരുദ്ധ സംഘടനയാണെന്നുമായിരുന്നു സുദര്‍ശന്‍ ടി.വി ഉന്നയിച്ച പ്രധാന ആരോപണങ്ങള്‍. ഉര്‍ദുവില്‍ യു.പി.എസ്.സി പരീക്ഷക്ക് അവസരമുള്ളതിനാല്‍ കൂടുതല്‍ മുസ്ലിംകള്‍ തെരഞ്ഞെടുക്കപ്പെടുന്നു, ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്ന മുസ്ലിം ഉദ്യോഗാര്‍ഥികള്‍ക്ക് മറ്റു സമുദായങ്ങളിലേതിനേക്കാള്‍ 9 ശതമാനം മാര്‍ക്ക് കൂടുതല്‍ ലഭിച്ചിട്ടുണ്ട്, കൂടുതല്‍ തവണ അവസരവും കൂടുതല്‍ പ്രായംവരെ അവസരവും മറ്റു സമുദായങ്ങളില്‍നിന്ന് ഭിന്നമായി മുസ്ലിംകള്‍ക്ക് ലഭിക്കുന്നു തുടങ്ങിയ മുസ്ലിംകളെ മൊത്തം പ്രതികളാക്കുന്ന ആരോപണങ്ങളുമുണ്ടായിരുന്നു. ഇത്തരത്തില്‍ പ്രത്യേക പരിശീലനം ലഭിക്കുന്നതിനാല്‍ മറ്റു സമുദായങ്ങളേക്കാള്‍ മുസ്ലിംകള്‍ക്ക് ആധിപത്യം ലഭിക്കുന്നു എന്നും അവതാരകന്‍ ആരോപിച്ചു. ഈ പരിപാടിയില്‍ ആരോപണ വിധേയമായ സകാത്ത് ഫൗണ്ടേഷന്റെ സ്ഥാപക നേതാവായ സയ്യിദ് സഫര്‍ മഹ്മൂദുമായി The Wire.in നടത്തിയ സംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍.


'യു.പി.എസ്.സി ജിഹാദ്' എന്ന പേരില്‍ സകാത്ത് ഫൗണ്ടേഷനെതിരെ സുദര്‍ശന്‍ ടി.വിയുടെ പരിപാടി വന്നല്ലോ. താങ്കള്‍ പ്രധാനമന്ത്രിയുടെ സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായി വരെ പ്രവര്‍ത്തിച്ച സിവില്‍ സര്‍വന്റായിരുന്നു, മാത്രമല്ല സിവില്‍ സര്‍വീസില്‍ സേവനമനുഷ്ഠിച്ച ധാരാളം ആളുകളുള്ള കുടുംബത്തില്‍നിന്നാണ് താങ്കള്‍ വരുന്നത്. താങ്കള്‍ എങ്ങനെയാണ് ഈ വിവാദത്തെ കാണുന്നത്? സാമൂഹിക സംഘടനകള്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കി അവരുടെ കഴിവുകള്‍ വളര്‍ത്തുന്നതിനെ കുറിച്ച് എന്താണ് പറയാനുള്ളത്?

ഈ വിഷയം ചര്‍ച്ചക്കെടുത്തതിന് താങ്കളോട് നന്ദി പറയുന്നു. സകാത്ത് ഫൗണ്ടേഷന്‍ സ്ഥാപിതമായത് 1997-ലാണ്. അന്നുമുതല്‍തന്നെ അനൗദ്യോഗികമായി വിവിധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. 2001-ല്‍ ചാരിറ്റബ്ള്‍ സൊസൈറ്റിയായി അത് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് 12 എ, 80 ജി സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുകയും ഇന്‍കം ടാക്സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൃത്യപ്പെടുത്തുകയും ചെയ്തു. എഫ്.സി അക്കൗണ്ടും ലഭിച്ചു. ഏകദേശം 20 വര്‍ഷത്തോളമായി പല പരിപാടികളും ഫൗണ്ടേഷന്‍ സംഘടിപ്പിച്ചുവരുന്നു.
സ്ഥാപിതമായതു മുതല്‍ 2007 വരെ ഫൗണ്ടേഷന്‍ കാര്യമായി പ്രവര്‍ത്തിച്ചത് അനാഥകളുടെ സംരക്ഷണത്തിനു വേണ്ടിയായിരുന്നു. അനാഥാലയങ്ങള്‍ സ്ഥാപിക്കുകയും നടത്തുകയും ചെയ്തു. വിധവകള്‍ക്കും മറ്റു പാവപ്പെട്ടവര്‍ക്കും മാസാന്ത റേഷന്‍ സംവിധാനം ഏര്‍പ്പെടുത്തി. ഇവരുടെ മക്കളുടെ വിവാഹത്തിനും മറ്റും സഹായങ്ങള്‍ നല്‍കിവരുന്നു. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സഹായങ്ങളും ഡിസ്‌പെന്‍സറികള്‍ സ്ഥാപിച്ച് സൗജന്യ വൈദ്യസഹായങ്ങളും ലഭ്യമാക്കി. ഇക്കാലത്തൊന്നും ആര്‍ക്കും ഫൗണ്ടേഷനോട് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല.
അതിനിടെയാണ് 2006 നവംബറില്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിക്കപ്പെടുകയും അതിന്റെ പ്രയോഗവത്കരണത്തിനായി കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തത്. കാബിനറ്റ് സെക്രട്ടറിക്കായിരുന്നു അതിന്റെ ചുമതല. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പല യാഥാര്‍ഥ്യങ്ങളും പുറത്തുകൊണ്ടുവന്നു. രാജ്യത്ത് മുസ്ലിംകള്‍ സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പട്ടിക ജാതിക്കാരേക്കാള്‍ പിന്നാക്കമാണെന്നതായിരുന്നു അതില്‍ പ്രധാനം. സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും അധികാര പങ്കാളിത്തത്തിലും മുസ്ലിംകള്‍ വളരെ പിറകിലാണെന്നും കമ്മിറ്റി കണ്ടെത്തി. 2001-ലെ സെന്‍സസ് പ്രകാരം 14.2 ശതമാനം ജനസംഖ്യാനുപാതമുള്ള മുസ്ലിംകള്‍ അധികാര പങ്കാളിത്തത്തില്‍ വളരെ പിറകിലാണ്. അതുകൊണ്ട് മുസ്ലിംകളെ മുന്നോട്ടുകൊണ്ടുവരാനാകുന്ന തരത്തില്‍ പ്രത്യേക സംവരണ പാക്കേജുകള്‍ വേണമെന്നും സച്ചാര്‍ കമ്മിറ്റി നിര്‍ദേശിച്ചു.
ഭരണഘടനയിലെ 15, 16 വകുപ്പുകളനുസരിച്ച് സ്റ്റേറ്റിലെ വിവിധ സമുദായങ്ങളുടെ അധികാര പങ്കാളിത്തം (നിയമനിര്‍മാണസഭയിലും നീതിന്യായവ്യവസ്ഥയിലും ഉദ്യോഗത്തിലും സാമൂഹിക പങ്കാളിത്തത്തിലും മാധ്യമങ്ങളിലുമെല്ലാമുള്ള) സ്റ്റേറ്റ് വിലയിരുത്തുകയും ദുര്‍ബല സമുദായങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യേണ്ടതുണ്ട്. ഇക്കാലംവരെയുള്ള സര്‍ക്കാറുകളുടെ ഇത്തരം നടപടികളില്‍ പരിമിതികളുണ്ടായിരുന്നു. അത് തിരുത്താന്‍ സച്ചാര്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ വെച്ചു. അതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാറിനെ സഹായിക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സകാത്ത് ഫൗണ്ടേഷന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി സര്‍ സയ്യിദ് കോച്ചിംഗ് സെന്റര്‍ ഫോര്‍ സിവില്‍ സര്‍വീസസ് എന്ന പേരില്‍ ഒരു പുതിയ ഘടനകൂടി സകാത്ത് ഫൗണ്ടേഷനു കീഴില്‍ രൂപീകരിച്ചു.
ഈ കോച്ചിംഗ് സെന്ററിന്റെ കീഴില്‍ രാജ്യത്തുടനീളം 40-ഓളം കേന്ദ്രങ്ങളില്‍ സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍ സംഘടിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്കിടയില്‍ സിവില്‍ സര്‍വീസിനെ കുറിച്ചുള്ള ധാരണയുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. അതിനു ശേഷം അവിടെ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് ഒരു എഴുത്തു പരീക്ഷ നടത്തുന്നു. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി അഭിമുഖ പരീക്ഷ കൂടി നടത്തിയാണ് സകാത്ത് ഫൗണ്ടേഷന്‍ സൗജന്യ സിവില്‍ സര്‍വീസ് കോച്ചിംഗിന് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. പിന്നീട് ഇവരെ ഉന്നത വിജയശതമാനമുള്ള ദല്‍ഹിയിലെ അനുയോജ്യമായ കോച്ചിംഗ് സെന്ററുകളില്‍ പഠിക്കാന്‍ അയക്കുകയാണ് ചെയ്യുന്നത്. അവരുടെ പഠനത്തിന് ഫൗണ്ടേഷന്‍ നിശ്ചയിച്ച ആളുകള്‍ മേല്‍നോട്ടം വഹിക്കുകയും ചെയ്യും.

ഇത് യഥാര്‍ഥത്തില്‍ അധികാര പങ്കാളിത്തത്തില്‍ പിന്നിലായിപ്പോയ ജനവിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കാനുള്ള ശ്രമങ്ങളായിരുന്നു. ഇപ്പോള്‍ ചിലര്‍ ഫൗണ്ടേഷനെതിരെ പ്രചാരണങ്ങളുമായി ഇറങ്ങിയിരിക്കുകയാണ്. ഫൗണ്ടേഷന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തെറ്റാണെന്നാണോ ഇവര്‍ പറയുന്നത്?

ഇതുവരെ എത്രത്തോളം വിദ്യാര്‍ഥികളാണ് സകാത്ത് ഫൗണ്ടേഷന്‍ വഴി സിവില്‍ സര്‍വീസിലെത്തിയത്?

സിവില്‍ സര്‍വീസ് പരീക്ഷകള്‍ മൂന്ന് തലങ്ങളിലായാണ് നടക്കുക. ഒന്നാമത്തെ തലമായ പ്രിലിമിനറിയില്‍ ലക്ഷത്തിലധികം ആളുകള്‍ എഴുതാറുണ്ട്. ഇതില്‍ ഗൗരവത്തിലെഴുതുന്നവരും വെറുതെ പരീക്ഷക്കിരിക്കുന്നവരുമെല്ലാം ഉണ്ടാകും. അതില്‍നിന്ന് 25000-30000 ആളുകളാണ് രണ്ടാമത്തെ ഘട്ടമായ മെയിന്‍ പരീക്ഷയിലേക്ക് തെരഞ്ഞെടുക്കപ്പെടുക. അതില്‍നിന്ന് തെരഞ്ഞെടുത്ത 2500-3000 ഉദ്യോഗാര്‍ഥികളെയാണ് അഭിമുഖത്തിന് വിളിക്കുന്നത്. അവരില്‍നിന്നാണ് സിവില്‍ സര്‍വീസുകാര്‍ ഉണ്ടാവുക.
സകാത്ത് ഫൗണ്ടേഷന്‍ ഇപ്പോള്‍ വര്‍ഷത്തിലൊരിക്കല്‍ ദേശീയ തലത്തില്‍ ഒരു പ്രവേശന പരീക്ഷയാണ് നടത്തുന്നത്. ഓണ്‍ലൈനായാണ് അത് സംഘടിപ്പിക്കാറ്. അതില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രിലിമിനറി പരീക്ഷക്കുള്ള കോച്ചിംഗിനു പോകാം. അതിനുള്ള ഫീസിന്റെ 90 ശതമാനം ഫൗണ്ടേഷന്‍ നല്‍കും. ബാക്കി 10 ശതമാനം ഉദ്യോഗാര്‍ഥി കണ്ടെത്തണം. അതില്‍ യോഗ്യത നേടുന്നവരെ മെയിന്‍ പരീക്ഷക്കായുള്ള കോച്ചിംഗിന് ചേര്‍ക്കും. പ്രിലിമിനറിക്ക് ഫൗണ്ടേഷന്റെ സഹായമില്ലാതെത്തന്നെ യോഗ്യത നേടിയവരും ഫൗണ്ടേഷനെ സമീപിച്ചാല്‍ അവര്‍ക്കും ഫൗണ്ടേഷന്‍ പരിഗണന നല്‍കും. ഈ രണ്ടു പരീക്ഷകള്‍ക്കിടയില്‍ മാസങ്ങളുടെ ഇടവേളയാണുണ്ടാവുക. അതിനാല്‍ ഓരോ മണിക്കൂറും വിലപ്പെട്ടതാണ്. ആ പ്രാധാന്യത്തോടെ ഫൗണ്ടേഷന്‍ അവര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കും. അതിനു ശേഷം ലിസ്റ്റില്‍ വന്നവര്‍ക്ക് അഭിമുഖത്തിനായുള്ള കോച്ചിംഗിന് സഹായം നല്‍കും. ഫൗണ്ടേഷന്‍ അതുവരെ സഹായിക്കാത്തവര്‍ അഭിമുഖത്തിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ അപേക്ഷിച്ചാല്‍ ബാക്കി സഹായങ്ങള്‍ ഫൗണ്ടേഷന്‍ നല്‍കും. ഇങ്ങനെ മൂന്ന് ഘട്ടങ്ങളിലും ഉദ്യോഗാര്‍ഥികള്‍ക്ക് ഫൗണ്ടേഷന്റെ സഹായം നേടാനുള്ള അവസരങ്ങള്‍ നല്‍കുന്നുണ്ട്. ഇങ്ങനെ മുഴുവനായി സകാത്ത് ഫൗണ്ടേഷനു കീഴില്‍ പരിശീലനം നേടി സര്‍വീസിലെത്തിയവരും ഭാഗികമായി പഠിച്ചവരുമെല്ലാം ഉണ്ട്. എല്ലാവരെയും കൂട്ടുമ്പോള്‍ 149 ഉദ്യോഗാര്‍ഥികളാണ് സകാത്ത് ഫൗണ്ടേഷന്റെ സഹായത്തോടെ സിവില്‍ സര്‍വീസിലെത്തിയത്.

നാലു ദിവസത്തെ പ്രദര്‍ശനത്തിനു ശേഷം സുദര്‍ശന്‍ ടി.വിയുടെ പരിപാടി സുപ്രീം കോടതി നിര്‍ത്തിവെപ്പിക്കുകയായിരുന്നു. മുസ്ലിം സമുദായത്തെ ഒന്നടങ്കം വില്ലന്മാരായി ചിത്രീകരിക്കുകയാണ് പരിപാടി ചെയ്യുന്നതെന്നാണ് കോടതി നിരീക്ഷിച്ചത്. ഇത് അന്വേഷണാത്മക പത്രപ്രവര്‍ത്തനം മാത്രമാണെന്നാണ് സുദര്‍ശന്‍ ടി.വിയുടെ വാദം. എന്നാല്‍ കോടതി അത് അംഗീകരിച്ചില്ല. ബാക്കി സംപ്രേഷണം നിര്‍ത്തിവെക്കാന്‍ ഉത്തരവിടുകയായിരുന്നു. ഇപ്പോഴും സുപ്രീം കോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. വിദ്വേഷപ്രചാരണം എന്നാല്‍ എന്താണ്, അഭിപ്രായസ്വാതന്ത്ര്യത്തെ  എങ്ങനെ നിര്‍വചിക്കും തുടങ്ങിയ ചോദ്യങ്ങളുയര്‍ത്തുകയാണ് വാദിഭാഗം ചെയ്തിരിക്കുന്നത്. ഇതെല്ലാം ഉള്‍പ്പെടുത്തി സുപ്രീം കോടതിയില്‍ വാദം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഈ വിഷയത്തില്‍ സുദര്‍ശന്‍ ടി.വി വേറെയും ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഉഡാന്‍ എന്ന പേരിലുള്ളൊരു ഫണ്ട് മുസ്ലിംകള്‍ക്ക് ലഭിക്കുന്നുണ്ട്, ലക്ഷം രൂപ വരെ നല്‍കുന്ന പദ്ധതിയാണിത്, അത് ഹിന്ദുക്കള്‍ക്കോ മറ്റോ ലഭിക്കില്ല, അതിനാല്‍ ഇത് വിവേചനമാണ് എന്നാണ് ഒരു  ആരോപണം. 2012 മുതല്‍ ഉര്‍ദുവില്‍ അഭിമുഖത്തിനുള്ള സൗകര്യം നല്‍കുന്നുണ്ട്, ഉര്‍ദു കൂടുതല്‍ മുസ്ലിംകളാണ് ഉപയോഗിക്കുന്നത്, ഇത് മുസ്ലിംകള്‍ക്കു മാത്രം കൂടുതല്‍ അവസരം ലഭിക്കാന്‍ കാരണമാകുന്നു. ഇതാണ് മറ്റൊരു ആരോപണം. എന്താണ് താങ്കളുടെ നിലപാട്?

ഭരണഘടനയില്‍ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്, ദുര്‍ബല വിഭാഗങ്ങളെ ശ്രദ്ധിക്കുകയും അവരെ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യേണ്ടത്  സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണെന്ന്. ഇത്തരം കാര്യങ്ങള്‍ക്കു വേണ്ടിയാണ് ന്യൂനപക്ഷ മന്ത്രാലയവും കമീഷനുമെല്ലാം പ്രവര്‍ത്തിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ എന്നു പറയുമ്പോള്‍ അതില്‍ മുസ്ലിംകള്‍ മാത്രമല്ലല്ലോ ഉള്ളത്. രാജ്യത്തെ എല്ലാ മൈനോറിറ്റികളും അതില്‍ ഉള്‍പ്പെടും. അവര്‍ക്കുള്ള പ്രത്യേക അവകാശങ്ങളും ഈ എല്ലാ വിഭാഗങ്ങള്‍ക്കുമുള്ളതാണ്. രാജ്യത്തിന്റെ അകത്ത് അനിവാര്യമായും ഉണ്ടാകേണ്ട സംവിധാനമായി ഇതിനെ മനസ്സിലാക്കണം.
രണ്ടാമത്തെ കാര്യം ഉര്‍ദുവിനെക്കുറിച്ചാണ്. അത് അസത്യമാണ്. ആ വാദം സ്ഥാപിക്കാനായി ഉന്നയിച്ച കാര്യങ്ങളെല്ലാം വസ്തുതാവിരുദ്ധമാണ്. അതില്‍ പറയുന്ന കണക്കുകള്‍ക്കും മറ്റും അവര്‍ ഒരു അവലംബവും പറയുന്നില്ലെന്നതു തന്നെ വാദത്തിന് അടിസ്ഥാനമില്ലെന്ന് തെളിയിക്കുന്നുണ്ട്. എന്നാല്‍ ഉര്‍ദു മാതൃഭാഷയായി ഉപയോഗിക്കുന്നവരില്‍നിന്ന് മത്സര പരീക്ഷകളിലും മറ്റും വരുന്നവര്‍ക്ക് ഉര്‍ദു എഴുതാനും മറ്റും അറിയില്ലെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അതായത് സിവില്‍ സര്‍വീസിലെത്തുന്ന മുസ്ലിംകളില്‍ രണ്ടോ മൂന്നോ ശതമാനത്തിനു മാത്രമാണ് അത് ഉപയോഗപ്പെടുന്നത്. ഇത്തരത്തില്‍ മലയാളം, കന്നട, തമിഴ് പോലുള്ള ഭാഷകള്‍ക്കും അവസരങ്ങള്‍ നല്‍കുന്നുണ്ട്. അതിലൂടെയെല്ലാം ആരാണ് സിവില്‍ സര്‍വീസിലെത്തുന്നത് എന്ന് തിരയുന്നത് സങ്കുചിത മനസ്സിന്റെ അടയാളമാണ്. അത് അവര്‍ക്ക് പ്രത്യേകമായി നല്‍കിയ അവകാശമായി മനസ്സിലാക്കുകയാണ് ചെയ്യേണ്ടത്. ഉര്‍ദു അറിയുന്നവര്‍ക്കും മലയാളം, കന്നട, തമിഴ്, തെലുങ്ക് പോലുള്ള ഭാഷ ഉപയോഗിക്കുന്നവര്‍ക്കുമെല്ലാം ഈ ആനുകൂല്യം ലഭിക്കുന്നുണ്ട്. നേരത്തേ പറഞ്ഞ രീതിയില്‍ സ്റ്റേറ്റ് പ്രത്യേകം പരിഗണിക്കേണ്ടവരെന്ന നിലയില്‍ തന്നെയാണ് ഇവരെയും പരിഗണിക്കുന്നതെന്ന് നമ്മള്‍ മനസ്സിലാക്കണം.

അഭിമുഖത്തില്‍ പങ്കെടുത്ത മുസ്ലിം ഉദ്യോഗാര്‍ഥികള്‍ മൊത്തം നോക്കുമ്പോള്‍ 9 ശതമാനം കൂടുതല്‍ മാര്‍ക്ക് സ്‌കോര്‍ ചെയ്തിരിക്കുന്നെന്ന ആരോപണത്തെക്കുറിച്ച്?

ഇന്ത്യന്‍ സര്‍ക്കാറിനെയും അതിന്റെ ഏജന്‍സികളെയുമെല്ലാം പരിഹസിക്കുന്ന വാദമാണിത്. കാരണം ഇവിടെ സര്‍ക്കാര്‍ സംവിധാനങ്ങളും ഭരണഘടനാ ബോഡികളും യു.പി.എസ്.സി പോലുള്ള ഏജന്‍സികളുമെല്ലാം മുസ്ലിംകള്‍ക്ക് മാത്രം പരീക്ഷയിലും അഭിമുഖത്തിലും മാര്‍ക്ക് കൂട്ടി നല്‍കുന്നു എന്ന വാദം ചിരിക്കാനേ വകനല്‍കുന്നുള്ളൂ. ഇനി ഇതിനെയെല്ലാം മറികടന്ന് മുസ്ലിംകള്‍ എന്തോ നേട്ടമുണ്ടാക്കുന്നു എന്നാണ് വാദമെങ്കില്‍ അത് വലിയ സംഭവംതന്നെ! യഥാര്‍ഥത്തില്‍ ഈ വാദം തന്നെ ദേശവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്. കാരണം അതിന്റെ വ്യവസ്ഥയെ തന്നെ അവിശ്വസിക്കുന്ന ആരോപണമാണിത്.

ഇവിടെ സകാത്ത് ഫൗണ്ടേഷനെ കുറിച്ച് സംസാരിക്കുമ്പോള്‍ അത് മാത്രമാണോ രാജ്യത്ത് സിവില്‍സര്‍വീസ് കോച്ചിംഗിന് സഹായിക്കുന്ന ഫൗണ്ടേഷന്‍ എന്ന് ചിന്തിക്കേണ്ടതുണ്ട്. ആര്‍.എസ്.എസ് നടത്തുന്ന സങ്കല്‍പ് ഫൗണ്ടേഷന്‍ എന്നൊരു സ്ഥാപനമുണ്ട്. അത് 1986-ലാണ് സ്ഥാപിതമായത്. അന്നു മുതല്‍ തന്നെ സിവില്‍ സര്‍വീസില്‍ അവര്‍ക്കാവശ്യമുള്ളവരെ കൊണ്ടുവരാനുള്ള പരിശീലന പരിപാടികള്‍ അവര്‍ നടത്തുന്നുണ്ട്. 2020-ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഈ ഫൗണ്ടേഷന്റെ തന്നെ അവകാശവാദമനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ട 759 പേരില്‍ 466 ഉദ്യോഗാര്‍ഥികളും സങ്കല്‍പ് ഫൗണ്ടേഷന്‍ വഴിയാണ് വന്നത്. ഈ വര്‍ഷം സിവില്‍ സര്‍വീസ് ലഭിച്ചവരുടെ 61 ശതമാനം വരും ഇത്. സങ്കല്‍പ് ഫൗണ്ടേഷന്റെ സൈറ്റില്‍ അതിന്റെ ലക്ഷ്യമായി പറഞ്ഞിരിക്കുന്നത് ദേശീയ വികാരവും മൂല്യങ്ങളുമുള്ള ഉദ്യോഗാര്‍ഥികളെ വളര്‍ത്തിയെടുക്കുകയെന്നാണ്. അതായത് ആര്‍.എസ്.എസും ബി.ജെ.പിയും എണ്‍പതുകള്‍ മുതല്‍ തന്നെ തങ്ങളുടെ ആശയമുള്ളവരെ സിവില്‍ സര്‍വീസില്‍ എത്തിക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നതാണ് ഇത് വ്യക്തമാക്കുന്നത്.

സ്വാതന്ത്ര്യാനന്തരം ഇടത്-ലിബറല്‍ പശ്ചാത്തലമുള്ളവര്‍ക്കായിരുന്നു ബ്യൂറോക്രസിയില്‍ ആധിപത്യം. എന്നാല്‍ ഇപ്പോള്‍ അത് കാവിവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് പലരും പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. സര്‍വീസില്‍ ഉണ്ടായിരുന്ന ആളെന്ന നിലയില്‍ ഇതുമായി ബന്ധപ്പെട്ട് എന്താണ് പറയാനുള്ളത്?

ഇതിന് മറുപടിയെന്ന നിലയില്‍ ഒരു കവിതയാണ് ഓര്‍മവരുന്നത്; 
'ഉന്‍കാ ജോ ഫര്‍ദ് ഹൈ വോ അഹ്ലെസിയാസത്ത് ജാനേന്‍
മേരാ പൈഗാം മൊഹബ്ബത്ത് ഹൈ ജഹാന്‍ തക് പഹുഞ്ചേ'
(രാഷ്ട്രീയക്കാരുടെ ഉത്തരവാദിത്തമെന്താണെന്ന് അവര്‍ അറിഞ്ഞിരിക്കട്ടെ, എന്റെ സന്ദേശം എവിടെയായിരുന്നാലും സ്നേഹമാണ്).
സകാത്ത് ഫൗണ്ടേഷന്റെ ഭാരവാഹിയെന്ന നിലയില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നതാണ് ഞങ്ങള്‍ ചെയ്യുന്നത്. അതിന് മാര്‍ഗദര്‍ശനമേകുന്നത് സ്രഷ്ടാവിന്റെ വെളിച്ചമാണ്. മാത്രമല്ല അതെല്ലാം കൃത്യമായി ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് നടത്തുന്നത്. സര്‍ക്കാറിന്റെയും ഭരണഘടനയുടെയും നിയമങ്ങളെല്ലാം പാലിച്ചാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. നിയമപ്രകാരമുള്ള ഓഡിറ്റിംഗുകള്‍, രജിസ്ട്രേഷനുകള്‍ എല്ലാം നടക്കുന്നു. ഇതുപോലെ ഇവിടെ എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നാണ് എനിക്ക് പറയാനുള്ളത്. നിയമവും ധാര്‍മികതയും പുലര്‍ത്തണമെന്ന് മാത്രമാണ് നിബന്ധന. ആര്‍ക്കെങ്കിലും എതിരായ വിദ്വേഷമോ മറ്റോ പ്രചരിപ്പിക്കാനാകരുത് ഇതെന്നു മാത്രം.

സര്‍വീസിലെത്തുന്ന ഒരാള്‍ സമുദായമോ മറ്റോ ഒന്നും നോക്കാതെ സേവനം ചെയ്യേണ്ടവനാണ്. ഒരു നിയമപാലന പ്രശ്നം ഉണ്ടായാല്‍ സമുദായമോ മറ്റു വ്യത്യാസങ്ങളോ ഒന്നും പരിഗണിക്കാതെ ഉത്തരവാദിത്തം നിര്‍വഹിക്കുകയാണ് അയാള്‍ ചെയ്യേണ്ടത്. എന്നാല്‍ ഇപ്പോള്‍ എത്രത്തോളം അത്തരത്തിലുള്ള നിഷ്പക്ഷമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്? ഉദ്യോഗസ്ഥരുടെ വിശ്വാസ്യതയെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്?

പൂര്‍ണമായും നിഷ്പക്ഷമായി കാര്യങ്ങള്‍ നടക്കുന്നു എന്ന് നിലവിലെ അവസ്ഥയില്‍ വിശ്വസിക്കാനാകില്ല. പലതരത്തിലുള്ള സങ്കുചിത വീക്ഷണങ്ങളും ഉദ്യോഗസ്ഥരെ സ്വാധീനിക്കുന്നുണ്ട്. ഒടുവിലത്തെ ഇത്തരം പ്രവണതകള്‍ പരിശോധിച്ചാല്‍ പ്രശ്നങ്ങള്‍ വര്‍ധിച്ചുവരുന്നതായും കാണാം. രാജ്യത്ത് ഭരണഘടനാ മൂല്യങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ചകള്‍ വന്നുകൊണ്ടിരിക്കുന്നു. മനുഷ്യന്റെ  പരിമിതി തന്നെയാണിത്. നല്ലതും ചീത്തതും തിരിച്ചറിയാനുള്ള കഴിവ് മനുഷ്യന് സ്രഷ്ടാവ് നല്‍കിയിട്ടുണ്ട്. അതിനെ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. എന്നാല്‍ ജനങ്ങളില്‍ ഭൂരിപക്ഷവും അത് ശരിയായി ഉള്‍ക്കൊള്ളുന്നില്ല. അതില്‍ തുടര്‍ച്ചയായി അവര്‍ വീഴ്ച വരുത്തുന്നു. ഇത് വഴിതെറ്റലാണെന്ന് മനസ്സിലാക്കണം. ഭരണഘടനാ മൂല്യങ്ങള്‍ ഇവിടെ അട്ടിമറിക്കപ്പെടുന്നുണ്ടെങ്കില്‍ അത് നിലനിര്‍ത്തേണ്ടത് ഭരണഘടനാ സ്ഥാപനങ്ങള്‍, നിയമനിര്‍മാണസഭകള്‍, നീതിന്യായ വ്യവസ്ഥ, ഉദ്യോഗസ്ഥര്‍, മാധ്യമങ്ങള്‍, പൗരസമൂഹം എന്നിവരുടെയെല്ലാം കൂട്ടുത്തരവാദിത്തമാണ്. അത് എല്ലാവരും ചേര്‍ന്ന് ചെയ്യേണ്ടതുണ്ട്. അതില്‍ വീഴ്ച വരുന്നില്ലെന്ന് ഓരോരുത്തരും ഉറപ്പാക്കണം.

കുറേകാലം സര്‍വീസില്‍ ഉണ്ടായിരുന്ന ആളെന്ന നിലയില്‍ സിവില്‍ സര്‍വീസിലുണ്ടായിരുന്ന പലരുടെയും മാറ്റങ്ങള്‍ താങ്കള്‍ ശ്രദ്ധിക്കുന്നുണ്ടാകുമല്ലോ. ചിലര്‍ പരസ്യമായി വംശീയവും വിഭാഗീയവുമായ ഇടപെടലുകള്‍ നടത്തുന്നു. പച്ചയായ വിഭാഗീയ പ്രവണതകള്‍ പ്രകടിപ്പിക്കുന്നവരുമുണ്ട്. ഇവരെക്കുറിച്ച് താങ്കള്‍ക്കെന്താണ് പറയാനുള്ളത്?

രാജ്യത്ത് പലരും വിഭാഗീയ പ്രവണതകള്‍ പ്രകടിപ്പിക്കുന്നുണ്ട്. അത് ഉദ്യോഗസ്ഥരില്‍ പരിമിതമല്ല. ആളുകള്‍ക്കിടയില്‍ പ്രചാരമുള്ള കാര്യങ്ങളാണ് ഇപ്പോള്‍ വിരമിച്ചവരിലേക്കും മറ്റും പകര്‍ന്നുകൊണ്ടിരിക്കുന്നത്. 
പൊതുവെ ഇത്തരം ആശയങ്ങള്‍ക്ക് സ്വാധീനം വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ അത് സ്വാഭാവികവുമാണ്. എന്നാല്‍ പ്രതീക്ഷ നല്‍കുന്നത് രാജ്യത്തെ ഭൂരിപക്ഷം ഇപ്പോഴും ഇത്തരം കെണികളില്‍ പെട്ടിട്ടില്ലെന്നതാണ്. അവരാരും അക്രമത്തെയോ  അനീതിയെയോ പ്രോത്സാഹിപ്പിക്കുന്നവരല്ല. മനുഷ്യത്വത്തോടൊപ്പമാണ് ഭൂരിപക്ഷം.
ഭരണഘടനയുമായും മറ്റും ബന്ധപ്പെട്ട് തൊണ്ണൂറു ശതമാനം ഇന്ത്യക്കാരും ശരിയായ നിലപാടെടുക്കുന്നവരാണ്. പക്ഷേ ആ നിലപാടുകള്‍ അവര്‍ പുറത്തുപറയുന്നില്ല. വിഭാഗീയതയുടെ വക്താക്കളാണ് നിരന്തരം ശബ്ദിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍ അവരാണ് ഭൂരിപക്ഷമെന്ന് തെറ്റിദ്ധരിച്ചു
പോവുകയാണ്.
ഇവിടെ നാമോരോരുത്തരുടെയും കടമ തെറ്റുകള്‍ക്കും അനീതികള്‍ക്കുമെതിരെ ശബ്ദിക്കുകയും എഴുന്നേറ്റുനില്‍ക്കുകയും ചെയ്യുക എന്നതാണ്. ഓരോരുത്തരും നാല്‍പതോ അന്‍പതോ അറുപതോ അതില്‍ കൂടുതലോ കുറവോ കാലം ജീവിച്ച് മരിക്കുമ്പോള്‍ ആലോചിക്കേണ്ടത്, മനുഷ്യക്ഷേമത്തിനായി തനിക്ക് എന്തു ചെയ്യാനായി എന്നാണ്. ഓരോന്നും  വിലയിരുത്തി വേണ്ട തിരുത്തലുകള്‍ വരുത്തിക്കൊണ്ടിരിക്കണം. ആര്‍ക്കെങ്കിലും പ്രയാസമുളവാക്കുന്ന വല്ലതും സംഭവിച്ചാല്‍ അതെങ്ങനെ പരിഹരിക്കാമെന്നും നാമോലോചിക്കണം.

സുദര്‍ശന്‍ ടി.വിയില്‍ പരിപാടിയുടെ പരസ്യം വന്നു. അപ്പോള്‍ തന്നെ പലതരം ഇടപെടലുകളുണ്ടായി. കുറച്ച് ഭാഗങ്ങള്‍ കാണിച്ചപ്പോഴേക്കും കോടതി അത് നിര്‍ത്തിവെച്ചു. അത് മുഴുവ
നായി പ്രദര്‍ശിപ്പിക്കപ്പെടാന്‍ ഇനിയും സാധ്യതയുണ്ടെന്ന് തോന്നുന്നുണ്ടോ?

രാജ്യഭരണം പലതരത്തിലുള്ള ജീര്‍ണതകളിലേക്ക് പോയിട്ടുണ്ടെങ്കിലും അതെല്ലാം ഒരാളാണ് നിയന്ത്രിക്കുന്നതെന്ന് പറയാനാകില്ല. അതിനാല്‍ സ്വാഭാവികമായും ശരിയോട് അടുത്തുനില്‍ക്കുന്ന നിലപാടെടുക്കുന്നവര്‍ വ്യവസ്ഥക്കുള്ളിലുണ്ടാകും. വിദ്വേഷം വമിക്കുന്ന ഈ പരിപാടിക്ക് ആദ്യം അനുവാദം നല്‍കാന്‍ ശ്രമം നടന്നെങ്കിലും അതിനെതിരായാണ് പിന്നീട് വിധി വന്നത്. ഏതെങ്കിലുമൊരു ഘട്ടത്തില്‍ സത്യത്തിലേക്ക് തിരിച്ചെത്താനുള്ള സാഹചര്യം ഇവിടെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
ഇനി ആ പരിപാടിയെന്നല്ല, മറ്റേതൊരു പരിപാടിയെയും കുറിച്ച് എനിക്ക് പറയാനുള്ളത്, സത്യമേ അന്തിമമായി വിജയിക്കൂ എന്നാണ്. സകാത്ത് ഫൗണ്ടേഷന് ഒന്നും മറച്ചുവെക്കാനില്ല. എത്ര ആരോപണങ്ങള്‍ ഏത് മാധ്യമങ്ങള്‍ വഴി ഉണ്ടായാലും അതെല്ലാം അവാസ്തവമാണ്. അത് എവിടെയും തെളിയിക്കാന്‍ സാധ്യവുമാണ്. അതാണ് എനിക്ക് പറയാനുള്ളത്. 

വിവ: ജന്ന പി.പി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (1-5)
ടി.കെ ഉബൈദ്‌

ഹദീസ്‌

മൂന്ന് ദുര്‍ഗുണങ്ങള്‍
കെ.സി ജലീല്‍ പുളിക്കല്‍