Prabodhanm Weekly

Pages

Search

2020 ഒക്‌ടോബര്‍ 02

3170

1442 സഫര്‍ 14

ഇസ്‌ലാംഭീതി ഉല്‍പാദിപ്പിക്കുന്ന സ്ത്രീവാദങ്ങള്‍

ശിഹാബ് പൂക്കോട്ടൂര്‍

ഇസ്‌ലാംഭീതിയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യവഹാരമാണ് മുസ്‌ലിം സ്ത്രീ. തലമറയ്ക്കുന്ന സ്ത്രീകള്‍ക്ക് അമേരിക്കയില്‍ ജോലി നഷ്ടപ്പെടുന്നതിനെക്കുറിച്ച് 'കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ്'(CAIR)  പുറത്തിറക്കിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. തലമറയ്ക്കുക എന്നത് പീഡനത്തിന്റെ അടയാളമായി വിചാരിക്കുന്ന വാര്‍പ്പുമാതൃകയെ ചോദ്യം ചെയ്യല്‍ നന്നേ ചുരുങ്ങിയത് പാശ്ചാത്യ ലോകത്ത് ജീവിക്കുന്ന മുസ്‌ലിംകളുടെ ആവശ്യമായിത്തീര്‍ന്നിരിക്കുന്നു. മുസ്‌ലിം സ്ത്രീയെ കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങള്‍ സ്ത്രീ-പുരുഷഭേദമന്യേ മുസ്‌ലിംകളെ ടാര്‍ഗറ്റ് ചെയ്യുന്നതാണ്.
പത്തൊമ്പതാം നൂറ്റാണ്ടിലെ കോളനിവല്‍ക്കരണത്തോടെ മുസ്‌ലിം സ്ത്രീ അടിച്ചമര്‍ത്തപ്പെടുന്നുവെന്ന ധാരണ പാശ്ചാത്യ ലോകങ്ങളില്‍ ശക്തി പ്രാപിച്ചു. കോളനിവല്‍ക്കരണത്തിന്റെ ന്യായങ്ങളിലൊന്ന് മുസ്‌ലിം നാടുകളിലെ 'പീഡിപ്പിക്കപ്പെടുന്ന സ്ത്രീ'കളുടെ മോചനമായിരുന്നു. ഈ ധാരണ അധിനിവേശത്തിനും കോളനിവല്‍ക്കരണത്തിനും ന്യായീകരണമായി ഉപയോഗിച്ചു. യൂറോപ്പിലെ ചരിത്രകാരന്മാര്‍, സഞ്ചാരികള്‍, കലാകാരന്മാര്‍, മതപ്രചാരകര്‍, രാഷ്ട്രീയക്കാര്‍, എഴുത്തുകാര്‍, സ്ത്രീവാദികള്‍ തുടങ്ങി എല്ലാ വിഭാഗങ്ങള്‍ക്കിടയിലും മുസ്‌ലിം സ്ത്രീ അടിച്ചമര്‍ത്തപ്പെടുന്നുവെന്ന ധാരണ വ്യാപകമായിരുന്നു. 'ക്രിസ്തുമതത്തിനല്ലാതെ മറ്റൊന്നിനും മുസ്‌ലിം സ്ത്രീകളുടെ സ്വഭാവവും പദവിയും മാറ്റാന്‍ കഴിയില്ല. സ്ത്രീ അനുഭവിക്കുന്ന ദുരന്തം ഖുര്‍ആന്റെ സൃഷ്ടിയാണ്. ഖുര്‍ആനെ വിശ്വാസപ്രമാണമായി അംഗീകരിക്കുന്നേടത്തോളം ഈ ദുരന്തജീവിതം സ്വീകരിക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ല' എന്നതായിരുന്നു അക്കാലത്തെ പൊതുവെയുള്ള കാഴ്ചപ്പാട് (Rethinking Muslim Women and the Veil - Katherin Bullok).
ബഹുഭാര്യത്വം, ലിംഗവിഭജനം, പുരുഷകേന്ദ്രീകൃത വിവാഹമോചന സമ്പ്രദായം തുടങ്ങി മുസ്‌ലിം സ്ത്രീകള്‍ നേരിടുന്ന അടിച്ചമര്‍ത്തലിന്റെ പട്ടികയില്‍ ശിരോവസ്ത്രവും മുഖപടവും ചേര്‍ക്കപ്പെട്ടു. സ്ത്രീകളുടെ ശിരോവസ്ത്രം താഴ്ന്ന പദവിയുടെ ചുരുക്കെഴുത്തും മധ്യപൗരസ്ത്യദേശങ്ങള്‍ മുഴുവന്‍ അപരിഷ്‌കൃതമാണെന്ന യൂറോപ്യന്‍ പൗരസ്ത്യവാദ നിലപാടുകളെ സൂചിപ്പിക്കാനുള്ള ചിഹ്നവുമായി മാറി (Edward Said, Orientalism - 1994). മുസ്‌ലിം സ്ത്രീയെ കേന്ദ്രീകരിച്ച് യൂറോപ്പ് വികസിപ്പിച്ചെടുത്ത ആഖ്യാനങ്ങള്‍ മുസ്‌ലിം സമൂഹത്തെ ഇല്ലായ്മ ചെയ്യാനുള്ള പാശ്ചാത്യ ശക്തികളുടെയും വംശീയ സിദ്ധാന്തങ്ങളുടെയും അടിത്തറയായി വര്‍ത്തിച്ചു. അമേരിക്ക അഫ്ഗാനില്‍ നടത്തിയ ഭീകരവിരുദ്ധ യുദ്ധങ്ങളുടെ പ്രധാനപ്പെട്ട ന്യായം അഫ്ഗാന്‍ സ്ത്രീകളുടെ മോചനമായിരുന്നു. ആ സന്ദര്‍ഭങ്ങളില്‍ അമേരിക്കയിലെ എഴുത്തുകളും യൂറോപ്യന്‍ പത്ര മാധ്യമങ്ങളുമെല്ലാം തന്നെ മൂടുപടമണിഞ്ഞ അഫ്ഗാന്‍ സ്ത്രീയുടെ ദുരിതങ്ങളാണ് വിവരിച്ചുകൊണ്ടിരുന്നത്. അടിച്ചമര്‍ത്തപ്പെട്ട മുസ്‌ലിം സ്ത്രീയുടെ രക്ഷകവേഷത്തിലാണ് ഇറാഖിലേക്കും അവര്‍ കടന്നുചെന്നത്.
ജര്‍മനിയിലെ സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരുന്ന അന്നറ്റ ഷാവറുടെ അഭിപ്രായത്തില്‍ തലയില്‍ തട്ടമിട്ടുകൊണ്ട് ഒരു അധ്യാപികക്ക് മറ്റുള്ളവര്‍ക്ക് മാതൃകയാകാനോ നിഷ്പക്ഷമതിയാകാനോ കഴിയില്ല. തട്ടമിടുകയെന്നത് ക്രിസ്ത്യാനികളുടെ കുരിശുപോലയല്ല. മറിച്ച് അത് വളരെ അവ്യക്തമാണ്. തട്ടം ലിംഗവിഭജനത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും ചിഹ്നമാണെന്നും ഷാവര്‍ ചൂണ്ടിക്കാണിച്ചു (The Last Battle - Der Spiegel, Germany 1998). ഹിജാബിനെ സംബന്ധിച്ച വീക്ഷണങ്ങള്‍ പാശ്ചാത്യ ലോകത്തിന്റെ പൊതുനയങ്ങളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഇറാനിലെ മുല്ലമാരും അഫ്ഗാനിലെ പുരോഹിതരും വസ്ത്ര നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ പുലര്‍ത്തുന്ന കണിശതയെ ചെറുക്കാനും അതിന് വിധേയമാകുന്നവരെ സംരക്ഷിക്കാനും അമേരിക്കയും യൂറോപ്പും പ്രതിജ്ഞാബദ്ധമാണെന്നും ഷാവര്‍ വ്യക്തമാക്കുന്നുണ്ട്. പാശ്ചാത്യ നാടുകളിലെയും പൗരസ്ത്യ ലോകത്തെയും മുഖ്യധാരാ സ്ത്രീവാദ പ്രസ്ഥാനങ്ങളും ഇസ്‌ലാംഭീതിയുടെ വരേണ്യ വംശീയ കാഴ്ചപ്പാടിന്റെ പ്രചാരകരായി മാറുകയാണ് ചെയ്തത്. സ്ത്രീകളുടെ വിമോചനം നടക്കേണ്ടത് മുസ്‌ലിം പുരുഷനില്‍നിന്നും ഇസ്‌ലാമിക ആദര്‍ശങ്ങളില്‍നിന്നുമാണ് എന്ന കാര്യത്തില്‍ അവര്‍ക്ക് സംശയമില്ലായിരുന്നു.
പ്രവാചകന്റെ കാലത്തിനുമുമ്പ് സ്ത്രീകള്‍ താരതമ്യേന അതീവ സന്തോഷവതികളായിരുന്നുവെന്നാണ് ഫാത്വിമ മെര്‍നീസി നിരീക്ഷിക്കുന്നത് (Beyond the Veil).  ഇന്തോനേഷ്യ, ബംഗ്ലാദേശ്, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിലെ മുസ്‌ലിം സാമൂഹിക ക്രമം അങ്ങേയറ്റം അപരിഷ്‌കൃതമാണെന്ന് അവര്‍ വാദിച്ചു. അടിച്ചമര്‍ത്തലിന്റെ പാശ്ചാത്യ വിവരണങ്ങളോടൊപ്പം മുസ്‌ലിം സ്ത്രീയുടെ വസ്ത്രധാരണത്തെ അപരിഷ്‌കൃതത്വത്തിന്റെ ചിഹ്നമായി കൂടി അവര്‍ പരിഗണിച്ചു. സ്ത്രീവിമോചനം എന്ന കാഴ്ചപ്പാടിലൂടെ യൂറോ-അമേരിക്കന്‍ അധികാരം ഉറപ്പിക്കാനുള്ള പാശ്ചാത്യരുടെ ആഖ്യാനങ്ങളെ തന്നെയാണ് പൗരസ്ത്യ സ്ത്രീവാദങ്ങളില്‍ മിക്കതും ശക്തിപ്പെടുത്തിയത്. പൗരസ്ത്യ ദേശങ്ങളില്‍ സഞ്ചാരികളായി വന്ന യൂറോപ്യന്‍ എഴുത്തുകാര്‍ സ്ത്രീകളുടെ മൂടുപടമെന്ന വസ്ത്രത്തെ തങ്ങളുടെ 'കാണാനു'ള്ള അവകാശത്തിന് തടയിടുന്ന രൂപമായി വിലയിരുത്തിയിട്ടുണ്ട്. പൗരസ്ത്യ ദേശങ്ങളില്‍ തളച്ചിടപ്പെട്ട സ്ത്രീകളുടെ സ്വാതന്ത്ര്യം തങ്ങളുടെ തന്നെ അവകാശത്തിന്റെ ഭാഗമായിട്ടാണ് അവര്‍ മനസ്സിലാക്കിയത്. മിഷനറി പ്രവര്‍ത്തകരും മുസ്‌ലിം സ്ത്രീയെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. അടിച്ചമര്‍ത്തപ്പെട്ടവര്‍ എന്ന നിലയില്‍ വിമോചനത്തിന്റെ സാധ്യതകള്‍ കൂടുതല്‍ മുസ്‌ലിം സ്ത്രീകളിലായിരിക്കും എന്നാണ് അവരും വിചാരിച്ചിരുന്നത്. ''മുസ്‌ലിം നാടുകളെ ക്രൈസ്തവവല്‍ക്കരിക്കാന്‍ മുസ്‌ലിം സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കല്‍ അനിവാര്യമാണ്. പെണ്‍കുട്ടികളെ ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിക്കുകയാണ് മിഷന്‍ സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിന്റെ അടിസ്ഥാന ലക്ഷ്യം. രക്ഷിതാക്കളെ ധിക്കരിച്ചുകൊണ്ട് ശിരോവസ്ത്രവും മുഖപടവും ഒഴിവാക്കാന്‍ മിഷനറി സ്‌കൂളുകളിലെ അധ്യാപകര്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിക്കണം'' (The Eloquence of Silence by M Lazreg. ഉദ്ധരണം, മുസ്‌ലിം പെണ്ണും മുഖപടവും പൊതുബോധത്തെ പുനരാലോചിക്കുമ്പോള്‍ - കാതറിന്‍ ബുള്ളക്).
കോളനീകരണത്തിന് നേതൃത്വം നല്‍കിയ വരേണ്യ അധികാരികളുടെയും മിഷനറികളുടെയും ഭാഷതന്നെയായിരുന്നു സ്ത്രീവാദ പ്രസ്ഥാനങ്ങളും മുസ്‌ലിം സ്ത്രീയുടെ കാര്യത്തില്‍ വിഭാവന ചെയ്തത്. പൗരസ്ത്യവാദ വീക്ഷണങ്ങളെ പുനഃപ്രതിഷ്ഠിക്കുന്നവയാണ് സ്ത്രീവാദ വീക്ഷണങ്ങളും. സ്ത്രീകള്‍ തലമറയ്ക്കുന്നതും പുരുഷന്മാര്‍ക്ക് ഹസ്തദാനം ചെയ്യാതിരിക്കുന്നതും രാജ്യത്തിന്റെ വികസനത്തെ ബാധിക്കുമെന്ന് അറബ് നാടുകളുടെ ഉദാഹരണങ്ങളിലൂടെ ചൂണ്ടിക്കാണിക്കാന്‍ പോലും സ്ത്രീവാദ പ്രസ്ഥാനങ്ങള്‍ മടിച്ചില്ല. മുഖപടം/ശിരോവസ്ത്രം ഇന്നും മുസ്‌ലിം ലോകത്തെക്കുറിച്ചുള്ള രൂപകമാണ്. ഭീകരവാദത്തെയും തീവ്രവാദത്തെയും ചിത്രീകരിക്കാന്‍ മുഖംമറച്ച/ശിരോവസ്ത്രം ധരിച്ച സ്ത്രീകളെയാണ് മാധ്യമങ്ങള്‍ മിക്കവാറും ഉപയോഗിക്കുന്നത്. അത്തരം സ്ത്രീകളെ കാണിക്കുന്നതിലൂടെ ആ സമൂഹത്തെയോ രാജ്യത്തെയോ രക്ഷപ്പെടുത്തേണ്ട ബാധ്യത തങ്ങള്‍ക്കുണ്ടെന്നും അവര്‍ വിശ്വസിക്കുന്നു. അഫ്ഗാന്‍ അധിനിവേശ കാലത്ത് വ്യാപകമായി ഇത്തരം ചിത്രങ്ങള്‍ യൂറോ-അമേരിക്കന്‍ മീഡിയ ഉപയോഗിച്ചിരുന്നു.
''തുര്‍ക്കിയിലെ ജീവനക്കാര്‍ക്ക് താടിയും മീശയും വെക്കുന്നതും സ്ത്രീകള്‍ തട്ടവും മുഖപടവും ധരിക്കുന്നതും നിരോധിക്കുന്ന 1980-ലെ നിയമം 1988-ല്‍ ഭരണഘടനാ കോടതി ശരിവെച്ചു. തലമറയ്ക്കാനുള്ള അവകാശങ്ങള്‍ക്കു വേണ്ടി സര്‍വകലാശാലകളില്‍ സ്ത്രീകള്‍ക്ക് സമരം ചെയ്യേണ്ടിവന്നു. ഹിജാബ് ധരിക്കുന്നതിന്റെ പേരില്‍ ഭാര്യമാരെ വിവാഹമോചനം ചെയ്യാന്‍ വിസമ്മതിച്ച പട്ടാള ഉദ്യോഗസ്ഥരെ 1998-ലെ പട്ടാള ഭരണകൂടം ജോലിയില്‍നിന്നും പിരിച്ചുവിട്ടു'' (Women, Islam and the State edited by Deniz Kandiyot) . ശിരോവസ്ത്രം നിരോധിച്ച നടപടിയെ വികസനത്തിലേക്കുള്ള കുതിപ്പും അതിനുവേണ്ടി സ്ത്രീകള്‍ സര്‍വകലാശാലയില്‍ നടത്തിയ സമരങ്ങളെ ലോകത്തെ പുറകോട്ട് വലിക്കലുമായാണ് പാശ്ചാത്യ-പൗരസ്ത്യ സ്ത്രീവാദങ്ങള്‍ വിലയിരുത്തിയത്. ശിരോവസ്ത്രം ധരിച്ചതിന് സ്‌കൂളില്‍നിന്നും പുറത്താക്കപ്പെട്ട വിദ്യാര്‍ഥിനികള്‍ തങ്ങള്‍ക്ക് ശിരോവസ്ത്രം ധരിക്കാനുള്ള അവകാശത്തിനു വേി വാദിക്കുമ്പോള്‍ കേരളത്തിലെ സ്ത്രീവാദികളാരും അതിനെ പിന്തുണച്ചിട്ടില്ല. അതേസമയം ശിരോവസ്ത്രം ഉപേക്ഷിക്കാനുള്ള തെരഞ്ഞെടുപ്പിനെ മാത്രം സ്ത്രീകളുടെ അവകാശമായി അവര്‍ ഉയര്‍ത്തിക്കാണിക്കുകയും ചെയ്യുന്നു. ഹിജാബിലേക്കുള്ള തിരിച്ചുപോക്ക് സ്ത്രീകള്‍ക്കിടയിലെ നവയാഥാസ്ഥിതിക പ്രവണതയെ സൂചിപ്പിക്കുന്നുവെന്നാണ് അവരുടെ വിലയിരുത്തല്‍. ചുരുക്കത്തില്‍, യൂറോ-അമേരിക്കന്‍ വംശീയതയുടെ അധികാര വ്യവസ്ഥ നിലനിര്‍ത്തുന്നതിന് ആവശ്യമായ ശേഷിപ്പുകള്‍ തന്നെയാണ് 'സ്ത്രീവിമോചന' സിദ്ധാന്തങ്ങളിലും ബാക്കിയാവുന്നത്.
ഇന്ത്യയില്‍ മുസ്‌ലിം സ്ത്രീയെ അപരവല്‍ക്കരിക്കുന്നത് ഇന്ത്യന്‍ ദേശീയതയുടെ തന്നെ ഭാഗമായിട്ടാണ്. ഉത്തമ ഇന്ത്യന്‍ സ്ത്രീയെ രൂപപ്പെടുത്തിയത് 'ഭാരതമാതാവ്' എന്ന സങ്കല്‍പത്തിലൂടെയാണെന്ന് പാര്‍ഥാ ചാറ്റര്‍ജി നിരീക്ഷിക്കുന്നുണ്ട്. അത് ദേശത്തിന്റെ അതിരും വ്യാപ്തിയും നിര്‍ണയിക്കുന്നതോടൊപ്പം തന്നെ ആ ബിംബത്തില്‍നിന്ന് പുറന്തള്ളപ്പെടുന്നവരെയും കൃത്യമായി വരച്ചുകാണിക്കുന്നു. വരേണ്യ ഹിന്ദു സ്ത്രീയില്‍ 'ഭാരതമാതാവ്' എന്ന സങ്കല്‍പം രൂപപ്പെടുമ്പോള്‍ ദലിത്, മുസ്‌ലിം സ്ത്രീകള്‍ അതില്‍നിന്ന് സ്വാഭാവികമായും പുറത്താക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ദേശീയ താല്‍പര്യങ്ങള്‍ക്കെതിരായി നില്‍ക്കുന്ന ഒരു സമൂഹത്തെയോ ദേശത്തെയോ ചിത്രീകരിക്കാന്‍ ശിരോവസ്ത്രം ധരിച്ച ഒരു മുസ്‌ലിം സ്ത്രീ തന്നെ ധാരാളമായിരിക്കും. മുസ്‌ലിം സ്ത്രീകള്‍ക്ക് വേണ്ടി വാദിക്കുന്ന ഫെമിനിസ്റ്റ് ധാരകള്‍ അവരെ അവരുടെ വിശ്വാസത്തില്‍നിന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. മുത്ത്വലാഖുമായി ബന്ധപ്പെട്ട് സ്ത്രീവാദ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിയ വാദം മുസ്‌ലിം സ്ത്രീയുടെ മോചനം എന്നതായിരുന്നു. 'അടിച്ചമര്‍ത്തപ്പെടുന്ന മുസ്‌ലിം സ്ത്രീ'യെ അവളുടെ വസ്ത്രധാരണ രീതിയില്‍നിന്ന് മോചിപ്പിക്കാനുള്ള ത്വര തന്നെയാണ് വരേണ്യ ഫെമിനിസ്റ്റുകളിലും നിലനില്‍ക്കുന്നത്. ഇന്ത്യയിലെ മുസ്‌ലിം സ്ത്രീകേന്ദ്രീകൃത വ്യവഹാരങ്ങളെല്ലാം വ്യക്തിനിയമവുമായി ബന്ധപ്പെട്ടവയാണ്. ബഹുഭാര്യത്വം, വിവാഹം, വിവാഹമോചനം തുടങ്ങിയവയില്‍നിന്നുള്ള മുസ്‌ലിം സ്ത്രീയുടെ രക്ഷയാണ് ഇതില്‍ മുഖ്യപ്രമേയമായി കടന്നുവരുന്നത്. എന്നാല്‍ ഇന്ത്യയില്‍ തന്നെ ചരിത്രത്തിലും സാമൂഹിക-രാഷ്ട്രീയ മേഖലകളിലും ജ്വലിച്ചുനില്‍ക്കുന്ന മുസ്‌ലിം സ്ത്രീ വ്യവഹാരങ്ങള്‍ തമസ്‌കരിക്കപ്പെടുകയും ചെയ്യുന്നു. എന്‍.ആര്‍.സി, സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളിലെ മുസ്‌ലിം സ്ത്രീകളുടെ സാന്നിധ്യവും നേതൃത്വവും, സ്വാതന്ത്ര്യ സമരങ്ങളില്‍ അവര്‍ വഹിച്ച പങ്ക് എന്നിവയെല്ലാം ബോധപൂര്‍വം മറവിയിലേക്ക് തള്ളി മുസ്‌ലിം സ്ത്രീയെ 'രക്ഷിച്ചെടു'ക്കാനുള്ള വിഫല ശ്രമത്തിലാണ് വരേണ്യ സ്ത്രീവാദ പ്രസ്ഥാനങ്ങള്‍.
അഴികള്‍ക്ക് പിറകില്‍നിന്ന് വിമോചനം സ്വപ്‌നം കാണുന്ന സ്ത്രീകളുടെ ചിത്രമാണ് മെര്‍നീസി മൊറോക്കോയെ പശ്ചാത്തലമാക്കി തന്റെ പുസ്തകത്തില്‍ ചേര്‍ത്തിട്ടുള്ളത്. ലോകത്തെ ആദ്യത്തെ യൂനിവേഴ്‌സിറ്റി സ്ഥാപിച്ചതും അതിനുള്ള സ്ഥലം സംഭാവനയായി നല്‍കിയതും ഫാത്വിമ ഫിഹ്‌രിയ്യയെന്ന മൊറോക്കോക്കാരിയായിരുന്നു (ജാമിഅ ഖറവിയ്യീന്‍ 859-ല്‍ മൊറോക്കോയില്‍ സ്ഥാപിച്ചത് ഫാത്വിമ ബിന്‍ത് മുഹമ്മദ് അല്‍ഫിഹ്‌രിയ്യയായിരുന്നു). ഇസ്‌ലാമിക നാഗരികതയില്‍ സ്ത്രീകള്‍ നിര്‍വഹിച്ചിരുന്ന അധികാര സ്ഥാനങ്ങള്‍, വ്യാപാര മേഖലകള്‍, ജ്ഞാന മേഖലകള്‍ എന്നിവ വിശദമായി അന്വേഷിക്കുന്നു്  മുഹമ്മദ് അക്‌റം നദ്‌വി എഴുതിയ 'ദ വുമണ്‍ സ്‌കോളേഴ്‌സ് ഇന്‍ ഇസ്‌ലാം' എന്ന പുസ്തകത്തില്‍. ജാഹിലിയ്യാ കാലത്തെ സ്ത്രീകള്‍ ഇസ്‌ലാമിലെത്തുന്നതിനു മുമ്പ് ഏറെ സ്വാതന്ത്ര്യവും സന്തോഷവും അനുഭവിച്ചിരുന്നുവെന്ന മെര്‍നീസിയുടെ വാദം ഈ ഗ്രന്ഥം തകിടം മറിക്കുന്നുണ്ട്. ഇസ്‌ലാമിക ലോകത്ത് അറിയപ്പെട്ട പണ്ഡിതന്മാര്‍ക്ക് ഹദീസ് റിപ്പോര്‍ട്ട് ചെയ്യാന്‍ അനുമതി (ഇജാസത്ത്) നല്‍കിയ സ്ത്രീ പണ്ഡിതകളെക്കുറിച്ച് അക്‌റം നദ്‌വി ആ ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. ഇസ്‌ലാമിക നാഗരികതയുടെ വികാസത്തില്‍ സ്ത്രീകളുടെ പങ്ക് വിസ്മൃതിയിലേക്ക് തള്ളിവിട്ട് 'വിമോചനം' ആവശ്യപ്പെടുന്നവര്‍ കോളനിവല്‍ക്കരണത്തെ നിലനിര്‍ത്തുകയും യൂറോപ്പിന്റെ വംശീയ അധികാരത്തെ ശരിവെക്കുകയുമാണ് ചെയ്യുന്നത്. തങ്ങളെ കീഴ്‌പ്പെടുത്താനുള്ള അധികാരം വെള്ളക്കാര്‍ക്ക് വകവെച്ചു കൊടുക്കുകയും ചെയ്യുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (1-5)
ടി.കെ ഉബൈദ്‌

ഹദീസ്‌

മൂന്ന് ദുര്‍ഗുണങ്ങള്‍
കെ.സി ജലീല്‍ പുളിക്കല്‍