Prabodhanm Weekly

Pages

Search

2020 ഒക്‌ടോബര്‍ 02

3170

1442 സഫര്‍ 14

എന്റെ ദഅ്‌വാ അനുഭവങ്ങള്‍

ഡോ. മുസ്തഫ കമാല്‍ പാഷ/സി.എസ് ഷാഹിന്‍

(ജീവിതം - മൂന്ന്)

ദഅ്വ താല്‍പര്യം  ചെറുപ്പം മുതലേ മനസ്സില്‍ സജീവമായിരുന്നു. ഫാറൂഖ് കോളേജിലെ പഠനകാലത്ത്, കിട്ടുന്ന അഡ്രസ്സുകളിലേക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തി കത്തുകള്‍ അയക്കുമായിരുന്നു. റസൂല്‍ (സ) എല്ലാ രാജാക്കന്മാര്‍ക്കും കത്തുകള്‍ അയച്ചിട്ടുണ്ടല്ലോ. ആ രീതി എന്തുകൊണ്ട്  സ്വീകരിച്ചുകൂടാ എന്ന് ഞാന്‍ ചിന്തിച്ചു. അങ്ങനെ പൊതു വിലാസങ്ങളിലേക്ക് കത്തുകള്‍ അയക്കാന്‍ തുടങ്ങി. വ്യത്യസ്ത സര്‍ക്കാര്‍ പദവിയിലിരിക്കുന്നവര്‍, ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, സ്‌കൂള്‍-കോളേജ് പ്രിന്‍സിപ്പല്‍മാര്‍ അങ്ങനെ പലര്‍ക്കും. എഴുതുന്നത് ആരാണ് എന്നൊന്നും സൂചിപ്പിക്കില്ല. ഒരു പോസ്റ്റ് കാര്‍ഡില്‍ കൊള്ളുന്നത്രയും വാക്കുകളില്‍ ഇസ്ലാമിനെ പരിചയപ്പെടുത്തും. നാലോ അഞ്ചോ വാചകങ്ങള്‍. തൗഹീദും രിസാലത്തും ആഖിറത്തുമായിരിക്കും കത്തിന്റെ ഉള്ളടക്കം. കാര്‍ഡിലാകുമ്പോള്‍ പോസ്റ്റ്മാനും വായിക്കാന്‍ അവസരം കിട്ടുമല്ലോ. 
ഡിഗ്രി രണ്ടാം വര്‍ഷമായപ്പോള്‍, ഞാന്‍  താമസം കോളേജ് ഹോസ്റ്റലില്‍നിന്ന് ഫറോക്ക് ലോഡ്ജിലേക്ക് മാറ്റിയിരുന്നു. ലോഡ്ജ് മാനേജര്‍ എന്നെ ലോഡ്ജിന്റെ അനൗദ്യോഗിക വാര്‍ഡനായി പരിഗണിച്ചു. ഞാന്‍ നിര്‍ദേശിക്കുന്ന കുട്ടികള്‍ക്ക് മാത്രമേ അഡ്മിഷന്‍ നല്‍കൂ എന്ന നിബന്ധനയും അദ്ദേഹം വെച്ചു. വിദ്യാര്‍ഥികള്‍ക്ക്  ലോഡ്ജില്‍ അഡ്മിഷന്‍ കിട്ടാന്‍ അവരുടെ രക്ഷിതാക്കള്‍ എന്നെ അന്വേഷിച്ചു വരും. ഒരിക്കല്‍ തിരൂര്‍ വൈലത്തൂരില്‍നിന്ന് ഒരാള്‍ വന്നു. അദ്ദേഹത്തിന്റെ രണ്ട് മരുമക്കള്‍ക്ക് ലോഡ്ജില്‍ താമസസൗകര്യം വേണം. മുറികള്‍ ഒഴിവില്ല. അതിനാല്‍ രണ്ടു പേരെയും എന്റെ മുറിയിലാക്കി. പില്‍ക്കാലത്ത്  പോണ്ടിചേരി യൂനിവേഴ്‌സിറ്റിയില്‍  എക്ക്‌ണോമിക്‌സ് പ്രഫസറായി സേവനമനുഷ്ഠിച്ച ഡോ. പി. ഇബ്‌റാഹീമായിരുന്നു അവരില്‍ ഒരാള്‍. ഇബ്‌റാഹീമിന്റെ കുടുംബവുമായി ഞാന്‍ വലിയ അടുപ്പത്തിലായി. ഇബ്‌റാഹീമിന് ഒരു ജ്യേഷ്ഠനുണ്ട്. വൈലത്തൂര്‍ അബ്ദുര്‍റഹ്മാന്‍ സാഹിബ്. അല്‍ ഹിന്ദ് ബുക് സ്റ്റാള്‍ സ്ഥാപകന്‍. അദ്ദേഹം സുന്നിയാണ്. ഒരു പോസ്റ്റല്‍ ലൈബ്രറി നടത്തിയിരുന്നു. ഞാനും അബ്ദുര്‍റഹ്മാന്‍ സാഹിബും നല്ല സൗഹൃദത്തിലായി. ആ സൗഹൃദം ശക്തിപ്പെട്ടു. പഠനശേഷവും അത് തുടര്‍ന്നു. പി.എസ്.എം.ഒ  കോളേജില്‍  അധ്യാപകനായി പ്രവര്‍ത്തിക്കുന്ന കാലം. ഒരുനാള്‍ പരസ്പരം സംസാരിച്ചുകൊണ്ടിരിക്കെ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: 'നിങ്ങള്‍  ഒരു പോസ്റ്റല്‍ ലൈബ്രറി നടത്തുന്നുണ്ടല്ലോ. മുസ്‌ലിംകള്‍ക്കാണ്  ഇപ്പോള്‍ പുസ്തകങ്ങള്‍ അയച്ചുകൊടുത്തുകൊണ്ടിരിക്കുന്നത്. ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന പുസ്തകങ്ങള്‍ അമുസ്‌ലിംകള്‍ക്കും അയച്ചുകൊടുക്കുന്ന രൂപത്തിലേക്ക്  ഇതിനെ വികസിപ്പിക്കുന്നതിനെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?' 'അത് നല്ലൊരു പദ്ധതിയാണല്ലോ' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെയാണ് 'കേരള ഇസ്ലാമിക് മിഷന്‍' (കിം) എന്ന സംരംഭം ഞങ്ങള്‍ തുടങ്ങുന്നത്. വൈലത്തൂരില്‍നിന്നാണ് ആരംഭം. പി.ഡബ്ല്യൂ.ഡി  എഞ്ചിനീയര്‍  മൊയ്തീന്‍ കുട്ടിയായിരുന്നു സെക്രട്ടറി. അദ്ദേഹം തലക്കടത്തൂര്‍ പള്ളിയിലെ ഖാദിയുമായിരുന്നു. വൈലത്തൂരിലെ ജമാഅത്ത് ഓഫീസാണ് 'കിമ്മി'ന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നത്. ജമാഅത്ത് അനുഭാവികളായ രണ്ട് അധ്യാപകര്‍ വൈകുന്നേരങ്ങളില്‍ ഓഫീസില്‍ വന്നിരിക്കാറുണ്ട്. ഈ സംരംഭത്തെ കുറിച്ച് അറിയിച്ചപ്പോള്‍ അവരും അതില്‍ പങ്കാളികളായി. 'ഇസ്ലാമിനെ കുറിച്ച് അറിയാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക' എന്ന് പത്രങ്ങളില്‍ പരസ്യം കൊടുക്കും. അങ്ങനെ കുറേ കത്തുകള്‍ കിട്ടും. കത്തുകള്‍ക്ക് ഞങ്ങള്‍ മറുപടി അയക്കും. നല്ല പ്രതികരണങ്ങളാണ് ലഭിച്ചത്. ഒന്നിനു പിറകെ മറ്റൊന്നായി ധാരാളം കത്തുകള്‍ ഓഫീസിലേക്ക് വന്നുകൊണ്ടിരുന്നു.  ആവശ്യപ്പെടുന്നവര്‍ക്ക് പുസ്തകങ്ങള്‍ അയച്ചുകൊടുക്കും. അതിനുവേണ്ടി ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന പുസ്തകങ്ങള്‍ ഞാന്‍ എഴുതി തയാറാക്കി. 'ദൈവസാന്നിധ്യം നമുക്കെങ്ങനെ നിഷേധിക്കാന്‍ കഴിയും?' 'മുഹമ്മദ് നബി: ലഘുപരിചയം', 'മരണാനന്തര ജീവിതം' എന്നീ മൂന്നു പുസ്തകങ്ങളാണ് അയച്ചുകൊടുത്തിരുന്നത്. പുസ്തക വായനക്കു ശേഷം ചര്‍ച്ചയും സംശയ നിവാരണവും കത്തുകള്‍  വഴി നടക്കും. കിം വിജയകരമായി മുന്നോട്ടു കുതിച്ചു. അത് ഒന്നുകൂടി വിപുലീകരിക്കണമെന്ന ആഗ്രഹമുണ്ടായി. പി.എസ്.എം.ഒ കോളേജിന്റെ മുന്നിലേക്ക് ഓഫീസ് മാറ്റി. അവിടെ ഒരു പ്രസ്സും തുടങ്ങി. ഇസ്ലാം സ്വീകരിച്ചവര്‍ക്ക് ദീനീകാര്യങ്ങളില്‍  പരിശീലനം നല്‍കാനും അവരെ സംരക്ഷിക്കാനും ഒരു കേന്ദ്രം ഉണ്ടായാല്‍ നന്നാകുമെന്ന് തോന്നി. തോട്ടശ്ശേരിയിലെ ഭൂ ഉടമയായ ഹാജിയാരുമായി ഞാനും ടി.ടി മുഹമ്മദ് കുട്ടിയും (അച്ചനമ്പലം) ഈ ആലോചന  പങ്കുവെച്ചു. അദ്ദേഹം മൂന്ന് ഏക്കര്‍ സ്ഥലം വഖ്ഫ് ചെയ്തു. അവിടെ തുടങ്ങിയ കേന്ദ്രത്തിന് 'ധര്‍മഗിരി' എന്ന്  പേരിട്ടു.
ഈ ഘട്ടത്തിലാണ് അഖിലേന്ത്യാ ജമാഅത്തിന്റെ പുതിയ മീഖാത്തിലെ പോളിസി രൂപീകരിക്കപ്പെടുന്നത്. ദഅ്വക്ക് മുഖ്യ ഊന്നല്‍ നല്‍കുന്നതായിരുന്നു പ്രസ്തുത പോളിസി. ഇക്കാര്യം കെ.സി അബ്ദുല്ല മൗലവി എന്നെ അറിയിച്ചു. അന്ന് കെ.സിയാണ് അമീര്‍. അടുത്ത ശൂറാ യോഗത്തിലേക്ക് എന്നെ ക്ഷണിക്കുകയും ചെയ്തു.  സംസ്ഥാന ശൂറായിലേക്ക് ആവശ്യഘട്ടങ്ങളില്‍ എന്നെ വിളിക്കാറുണ്ടായിരുന്നു. ശൂറായില്‍ കേരള ഇസ്ലാമിക് മിഷന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച്  വിവരിക്കാന്‍ അമീര്‍ എന്നോട് പറഞ്ഞു. ഞാന്‍ വിശദമായി വിവരിച്ചുകൊടുത്തു. 'കിം' മുഖേന ഉണ്ടായ ഫലങ്ങളും അവതരിപ്പിച്ചു. ഇങ്ങനെയൊരു സംവിധാനം ഞങ്ങള്‍ നാലോ അഞ്ചോ ആളുകള്‍ കൊണ്ടുനടക്കുന്നതിന് പരിമിതിയുണ്ട്. ഞങ്ങളുടെ പരിമിതി ആ മഹത്തായ സംവിധാനത്തിന്റെ വളര്‍ച്ചയെ ബാധിക്കരുതെന്ന് ഞാന്‍ ആഗ്രഹിച്ചു. അതുകൊണ്ട് ആ സംരംഭം മുഴുവനായും ജമാഅത്തിനെ  ഏല്‍പ്പിക്കാന്‍ തീരുമാനിച്ചു. പ്രസ്സ്, പുസ്തകങ്ങള്‍, ധര്‍മഗിരി കേന്ദ്രം തുടങ്ങിയവയെല്ലാം പ്രസ്ഥാനത്തിന് കൈമാറി.  അങ്ങനെ 'കിം' ജമാഅത്തിന്റെ കീഴിലായി. അതിന്റെ  പ്രസിഡന്റായി അമീര്‍ എന്നെ തന്നെ ചുമതലപ്പെടുത്തി.
ഒരിക്കല്‍ ഞാന്‍ രിയാദില്‍നിന്ന് ബഹ്‌റൈനിലേക്ക് പോവുകയായിരുന്നു. വിമാനത്തില്‍ അടുത്തുണ്ടായിരുന്നത് ഒരു ജപ്പാന്‍കാരന്‍. അദ്ദേഹത്തെ പരിചയപ്പെട്ടു. ഞങ്ങള്‍ പലതും സംസാരിച്ചു. അയാള്‍ സുഊദിയില്‍ പത്തു കൊല്ലമായി ജോലി ചെയ്യുകയാണ്.  ഞാന്‍ മുസ്‌ലിമാണെന്ന്  അയാളോട് പറഞ്ഞു. തൗഹീദും രിസാലത്തും ആഖിറത്തും എന്താണെന്ന് വിശദീകരിച്ചുകൊടുക്കുകയും ചെയ്തു. അപ്പോള്‍ തന്നെ അയാള്‍ ഇസ്ലാം സ്വീകരിക്കാന്‍ തയാറായി. ഞാന്‍ ചോദിച്ചു: 'ഇതിനുമുമ്പ്  ഇസ്ലാമിനെ പറ്റി താങ്കള്‍ക്ക് ആരെങ്കിലും  പറഞ്ഞുതന്നിട്ടുണ്ടോ?' ഇല്ല  എന്നായിരുന്നു മറുപടി. അതുവരെ അയാള്‍ ആരില്‍നിന്നും ഇസ്ലാം കേട്ടിട്ടില്ല, അനുഭവിച്ചിട്ടുമില്ല. ആദ്യമായി കേട്ടപ്പോള്‍ തന്നെ ഇസ്ലാമിലേക്ക് കടന്നുവന്നു. ഇങ്ങനെയുമുണ്ടാകും ആളുകള്‍. ആരെങ്കിലും ഇസ്‌ലാം പരിചയപ്പെടുത്തിക്കൊടുത്താല്‍ മനംമാറ്റം സംഭവിക്കുന്നവര്‍.
കമലാ സുറയ്യ ഇസ്ലാം സ്വീകരിച്ച സന്ദര്‍ഭത്തില്‍ ഞാന്‍ അവരെ കാണാന്‍ പോയിരുന്നു. കൂടെ ഭാര്യയുമുണ്ടായിരുന്നു. വര്‍ത്തമാനത്തിനിടയില്‍ കമലാ സുറയ്യ പറഞ്ഞു: 'ആരെങ്കിലും ഇരുപതു  കൊല്ലം മുമ്പ് എനിക്ക് ഒരു ഖുര്‍ആന്‍ പരിഭാഷ തന്നിരുന്നെങ്കില്‍ ഞാന്‍ അന്നു തന്നെ മുസ്ലിം ആകുമായിരുന്നു'. അഥവാ, ഇസ്ലാമിനെ അറിയാന്‍ അവസരം കിട്ടാതെ ജീവിക്കുന്നവര്‍  ധാരാളമുണ്ട്.
ഇസ്ലാം സ്വീകരിച്ച ഒരു വിദ്യാര്‍ഥിയെ ഞാന്‍ പരിചയപ്പെട്ടു. അവന്റെ കൂട്ടുകാരന്‍ അവന് ഖുര്‍ആന്‍ പരിഭാഷ കൊടുത്തതാണത്രെ. വായിച്ചുകഴിഞ്ഞപ്പോള്‍ സത്യദീനില്‍ പ്രവേശിച്ചു. സംസാരത്തിനിടയില്‍ അവന്‍ എന്നോട് പറഞ്ഞു: 'എനിക്ക് ചെമ്മാട് അങ്ങാടിയില്‍ കിടന്ന് ശഹീദാകണം.' അങ്ങനെ പറയാന്‍ കാരണമെന്താണെന്ന്  തിരിച്ചു ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ: 'മതം മാറിയത് ഗള്‍ഫില്‍ ജോലി കിട്ടാനും അറബികളില്‍നിന്ന് പൈസ ലഭിക്കാനുമാണ്  എന്നാണ് എന്റെ വീട്ടിലുള്ളവരും കൂട്ടുകാരുമൊക്കെ പറയുന്നത്. അതല്ല യാഥാര്‍ഥ്യമെന്ന് എനിക്ക് തെളിയിച്ചുകൊടുക്കണം.'
പല കാര്യങ്ങളില്‍ ആകൃഷ്ടരായി ആളുകള്‍ ഇസ്ലാം സ്വീകരിക്കാറുണ്ട്. ചിലര്‍ പുസ്തകം വായിച്ചും ആശയം നന്നായി ഗ്രഹിച്ചും ദീനിലേക്ക് കടന്നുവരുന്നു. അതല്ലാതെയും ഒട്ടേറെ കാരണങ്ങളാല്‍ ഇസ്ലാം സ്വീകരിക്കുന്നവരുണ്ട്. നമ്മള്‍ നിസ്സാരമെന്ന് കരുതുന്ന ഘടകങ്ങളും അവയിലുണ്ട്. ബംഗ്ലൂരുവിലെ  ഒരു ഹോട്ടലില്‍ കുറച്ചുദിവസം ഞാന്‍ താമസിച്ചിരുന്നു. അവിടെ ജോലിചെയ്യുന്നവരില്‍ ഒരാള്‍ ഇസ്ലാം സ്വീകരിച്ച വ്യക്തിയാണ്. ഇസ്ലാം തെരഞ്ഞെടുക്കാനുള്ള കാരണം അദ്ദേഹത്തോടു ചോദിച്ചപ്പോള്‍ പറഞ്ഞു: 'ഈ ഹോട്ടലില്‍ മുസ്‌ലിംകളും അമുസ്‌ലിംകളുമായ കുറേ തൊഴിലാളികളുണ്ട്. അറുപതിന് മുകളില്‍ പ്രായമുള്ള ഒരു വ്യക്തി ഇവിടത്തെ പാചകക്കാരനാണ്. ജോലിയെല്ലാം കഴിയുമ്പോള്‍ രാത്രി 10 മണിയാകും. അപ്പോഴേക്കും എല്ലാവരും ക്ഷീണിച്ചിട്ടുണ്ടാകും. അയാള്‍ പണികഴിഞ്ഞ് കുളിച്ച് വസ്ത്രം മാറി കുറേനേരം നിന്ന് നമസ്‌കരിക്കും. മേലോട്ട് കൈകളുയര്‍ത്തി പ്രാര്‍ഥിക്കും. അതിനുശേഷം മാത്രമേ ഉറങ്ങാറുള്ളൂ. എല്ലാ ദിവസവും ഇതുതന്നെയാണ് അദ്ദേഹത്തിന്റെ പതിവ്. ഇക്കാര്യം ഞാന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു. ആ മുഖത്ത് എപ്പോഴും പ്രസന്നതയും സന്തോഷവും നിറഞ്ഞു നില്‍ക്കുന്നുണ്ടാകും. അയാളുടെ ജീവിതത്തെക്കുറിച്ച്  പഠിക്കണമെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് ഞാന്‍ മുസ്ലിമായത്.'
ഒരിക്കല്‍ കോഴിക്കോട്ടുള്ള തര്‍ബിയത്തുല്‍ ഇസ്‌ലാം സഭ സന്ദര്‍ശിച്ച സന്ദര്‍ഭത്തില്‍ ഏതാനും സ്ത്രീകളെ കണ്ടു. കണ്ണൂര്‍കാരാണ്. അവര്‍ ഒരുമിച്ചാണ് എത്തിയിരിക്കുന്നത്. ഇസ്‌ലാം സ്വീകരിക്കാന്‍ വന്നതാണ്. അങ്ങനെ തീരുമാനിക്കാനുള്ള കാരണം ചോദിച്ചപ്പോള്‍ അവര്‍ വിശദീകരിച്ചു: 'ഞങ്ങള്‍ അധ്വാനിക്കുന്നവരാണ്. പാടത്തൊക്കെ പോയി പണിയെടുക്കും. ഞങ്ങളുടെ ഭര്‍ത്താക്കന്മാരാകട്ടെ പല ദിവസങ്ങളിലും ജോലിക്ക് പോകാറില്ല. ഞങ്ങള്‍ വിയര്‍പ്പൊഴുക്കി പണിയെടുത്ത് ഉണ്ടാക്കുന്ന പൈസ അവര്‍ വാങ്ങും. എന്നിട്ട് ആ കാശുകൊണ്ട് കള്ളുകുടിക്കും. വൈകുന്നേരം നാലുകാലില്‍ ആടിയുലഞ്ഞ് വന്ന് ഞങ്ങളെ  തെറിവിളിക്കും, തല്ലും. പിന്നെ വീട്ടിലാകെ ബഹളമായിരിക്കും. ഇതാണ് ഞങ്ങളുടെ വീട്ടിലെ പതിവു കാഴ്ച. അയല്‍പക്കത്ത് ധാരാളം മുസ്ലിം വീടുകളുണ്ട്. അവിടെ ആണുങ്ങളാണ് ജോലിക്ക് പോകുന്നത്. പണി കഴിഞ്ഞ് വന്നാല്‍ ഭാര്യയോടും കുട്ടികളോടുമൊത്ത് സന്തോഷം പങ്കുവെക്കുന്നു. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു. സമാധാനത്തോടെ ജീവിക്കുന്നു. ഞങ്ങളുടേതില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായ ജീവിതരീതി. ആ ജീവിതരീതിയാണല്ലോ നല്ലതെന്ന് ഞങ്ങള്‍ക്ക് തോന്നിത്തുടങ്ങി. കള്ളുകുടിയും തെറിവിളിയും വക്കാണവും നിറഞ്ഞ ജീവിതം മടുക്കുകയും ചെയ്തിരുന്നു. മുസ്ലിംകളുടെ ജീവിത സംസ്‌കാരത്തിലേക്ക് മാറിയാല്‍ ഞങ്ങളുടെ കുട്ടികളോ, കുട്ടികളുടെ കുട്ടികളോ എങ്കിലും രക്ഷപ്പെടുമെന്ന് കരുതിയാണ് ഇസ്‌ലാം സ്വീകരണത്തെ കുറിച്ച് ആലോചിച്ചത്. ഇക്കാര്യം ഞങ്ങള്‍ അഞ്ച് പേരും ചര്‍ച്ചചെയ്തു.  ഒടുവില്‍ തീരുമാനമെടുത്ത് ഒരുമിച്ച് ഇങ്ങോട്ട് പോന്നതാണ്'.
എന്റെ ഒരു അനിയന്‍ ഇംഗ്ലണ്ടിലാണ്. അനിയന്റെ മകള്‍ പത്താം ക്ലാസില്‍  പഠിക്കുന്ന സന്ദര്‍ഭം. അവളുടെ ക്ലാസിലെ ഇംഗ്ലീഷുകാരിയായ ഒരു പെണ്‍കുട്ടി ഇസ്ലാമിലേക്ക് വരാന്‍ ആഗ്രഹിച്ചു.  ഈ തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് അനിയന്റെ മകള്‍ അവളോട് ചോദിച്ചു. അപ്പോള്‍  അവള്‍ പറഞ്ഞു: 'എന്റെ അഛനും അമ്മയും വൈകുന്നേരങ്ങളില്‍ മദ്യപിക്കും. പിന്നെ ആകപ്പാടെ ഒച്ചപ്പാടും തര്‍ക്കവുമായിരിക്കും. നിന്റെ വീട്ടിലേക്ക് വരുമ്പോഴെല്ലാം ഞാന്‍ കാണുന്നത് മറ്റൊരു രംഗമാണ്. ഉപ്പയും ഉമ്മയും കുട്ടികളും പരസ്പരം കളിച്ച് ചിരിച്ച് സന്തോഷത്തോടെ കഴിയുന്നു. അതുകൊണ്ട്, മദ്യപിക്കാത്ത ഒരു മുസ്ലിമിനെ മാത്രമേ വിവാഹം കഴിക്കൂ എന്ന് ഞാന്‍ തീരുമാനമെടുത്തിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ എന്തിന് ഇനിയും നീട്ടിവെക്കണം? ഇപ്പോള്‍തന്നെ മുസ്‌ലി മായാല്‍ സൗകര്യമായല്ലോ എന്നാണ് എന്റെ മനസ്സ് ചിന്തിക്കുന്നത്'. ഇത്തരം ധാരാളം സംഭവങ്ങളുണ്ട്. ചെറുതെന്ന് നമ്മള്‍ വിചാരിക്കുന്ന കാര്യമായിരിക്കും പലപ്പോഴും പലരുടെയും മുമ്പില്‍ ഇസ്ലാമിന്റെ വാതില്‍ തുറന്നുകൊടുക്കുക. 
കരുണ, വിശാലത, മറ്റുള്ളവരെ സഹായിക്കാനുള്ള താല്‍പര്യം തുടങ്ങിയവയൊക്കെ മുസ്‌ലിംകളുടെ ജീവിത ഗുണങ്ങളാണ്. അങ്ങനെയാകണം എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. മദര്‍ തെരേസയുടെ ആത്മകഥയില്‍ ഒരു സംഭവം പറയുന്നുണ്ട്. കൊല്‍ക്കത്തയിലെ പട്ടിണിപ്പാവങ്ങള്‍ക്ക് വേണ്ടി   ഭക്ഷ്യധാന്യങ്ങളും  പാല്‍പ്പൊടിയുമായി ഒരു കപ്പല്‍  വിദേശത്തു നിന്നെത്തി. ഗോതമ്പും പാല്‍പ്പൊടിയുമുള്ള സഞ്ചിയുമായി മദര്‍ തെരേസ  ഒരു മുസ്ലിം സ്ത്രീയുടെ വീട്ടിലേക്കു പോയി. ആ വീട്ടുകാര്‍ മൂന്നു ദിവസമായി പട്ടിണി കിടക്കുകയായിരുന്നു. സംസാരിച്ചിരിക്കുന്നതിനിടയില്‍ ആ സ്ത്രീ മദര്‍ തെരേസയോട് പറഞ്ഞു: 'നിങ്ങള്‍ ഇവിടെ ഇരിക്കൂ. ഞാന്‍ ഇപ്പോള്‍ വരാം.' കുറച്ച് കഴിഞ്ഞ്  തിരിച്ചു വന്നപ്പോള്‍ മദര്‍ തെരേസ അവരോട് ചോദിച്ചു: 'നിങ്ങള്‍ എങ്ങോട്ടാണ് പോയത്?'  അവര്‍ പറഞ്ഞ മറുപടി ഇങ്ങനെ: 'അയല്‍പക്കത്തുള്ള സാവിത്രി എന്റെ സ്‌നേഹിതയാണ്. അവള്‍ മൂന്നു ദിവസമായി പട്ടിണിയിലാണ്. എനിക്ക് കിട്ടിയതില്‍നിന്ന് പകുതി കൊടുക്കാന്‍ പോയതാണ്'.
'കൊടുക്കുക' എന്നത്  മുസ്ലിംകളുടെ ജീവിത സംസ്‌കാരമാണ്.  ഒരിക്കല്‍ ഞാന്‍  കമ്യൂണിസ്റ്റുകാരനായ സുഹൃത്തിന്റെ കൂടെ ഒരു മീറ്റിംഗില്‍ പങ്കെടുക്കാന്‍ പോയി. ഒരു ഭിക്ഷക്കാരന്‍ ഞങ്ങളുടെ അടുത്ത് വന്ന് വല്ലതും തരണമെന്ന് യാചിച്ചു. അദ്ദേഹം ഒന്നും കൊടുത്തില്ല. ഞാന്‍ കൊടുക്കുകയും ചെയ്തു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'നിങ്ങള്‍ എന്തിനാണ് ഇത്തരം ആളുകളെ പ്രോത്സാഹിപ്പിക്കുന്നത്? എല്ലാവരില്‍നിന്നും കിട്ടിത്തുടങ്ങിയാല്‍ അവര്‍ ഇതൊരു തൊഴിലാക്കിമാറ്റും.' പക്ഷേ ആരെങ്കിലും ചോദിച്ചാല്‍ കൊടുക്കാതിരിക്കാന്‍ എനിക്ക് കഴിയില്ല. ഒരു മുസ്‌ലിമിന്റെ മനസ്സ് അങ്ങനെയായിരിക്കും. ഭിക്ഷക്കാരെ കുറിച്ച് ഞാന്‍ പഠനം നടത്തിയിട്ടുണ്ട്. ഗവേഷണസ്വഭാവത്തില്‍ തന്നെ നടത്തിയ പഠനമാണത്. എന്റെ വീട്ടില്‍ വരുന്ന യാചകരുടെ ജീവിത പശ്ചാത്തലം പഠനവിധേയമാക്കി. അവരെക്കുറിച്ചുള്ള  മുഴുവന്‍ വിവരങ്ങളും ശേഖരിച്ചു. അങ്ങനെയാണ് 'യാചന: പ്രശ്‌നവും പരിഹാരവും' എന്ന വിഷയത്തില്‍  ലേഖനം എഴുതിയത്.
എന്റെ  വല്യുപ്പ രാത്രിയായാല്‍ ഗേറ്റിനടുത്തേക്ക് പോകും. നടക്കാന്‍ വയ്യാത്ത സമയത്തും അങ്ങനെ ചെയ്യാറുണ്ട്. എന്നിട്ട് റോഡിലേക്ക് നോക്കിനില്‍ക്കും. ആ വഴി ആരെങ്കിലും കടന്നുപോകുന്നുണ്ടെങ്കില്‍ അവരെ വീട്ടിലേക്ക് വിളിച്ചുവരുത്തി സംസാരിച്ചിരിക്കും. വര്‍ത്തമാനത്തിനിടയില്‍  ഭക്ഷണം വിളമ്പാന്‍ ആവശ്യപ്പെടും. രണ്ടാള്‍ക്കും ഭക്ഷണം കൊണ്ടുവരും. ഒറ്റക്ക് കഴിക്കാനുള്ള മടി കാരണം മറ്റൊരാളെ കൂടി വിളിച്ചുവരുത്തിയതാണ്. അതിനു വേണ്ടിയാണ് അത്രയും നേരം അവരുമായി സംസാരിച്ചിരുന്നത്. അതല്ലാതെ  വെറുതെ വര്‍ത്തമാനം പറഞ്ഞിരിക്കാന്‍ വീട്ടിലേക്ക് വിളിച്ചതായിരുന്നില്ല. വീട്ടില്‍ എന്തെങ്കിലും പ്രത്യേക വിഭവങ്ങളുണ്ടാക്കിയാല്‍ അയല്‍പക്കത്തെ വീടുകളിലേക്ക് എത്തിച്ചാലേ വല്യുമ്മക്ക് സമാധാനമാകൂ. കറി അല്‍പം നീട്ടിയിട്ടാണെങ്കിലും അയല്‍വാസികള്‍ക്ക് കൊടുക്കണമെന്ന് റസൂല്‍ (സ) പഠിപ്പിച്ചിട്ടുണ്ട്. കറി തികയാതെ  വരുന്ന സന്ദര്‍ഭങ്ങളില്‍ അല്‍പം വെള്ളം ചേര്‍ത്ത് ഹിന്ദു-മുസ്‌ലിം വ്യത്യാസമില്ലാതെ അയല്‍വാസികള്‍ക്കെല്ലാം വല്ല്യുമ്മ വിതരണം ചെയ്യും. ഇതെല്ലാം ഒരു സംസ്‌കാരത്തിന്റെ ഭാഗമാണ്.  ആ സംസ്‌കാരം രൂപപ്പെടുന്നതാകട്ടെ വിശ്വാസത്തില്‍നിന്നാണ്. ഇതൊക്കെ ആളുകളെ  ഇസ്ലാമിലേക്ക് ആകര്‍ഷിക്കുകയായിരുന്നു. നിശ്ചിത  സമയത്ത് നിര്‍വഹിക്കേണ്ട   ഒരു പ്രത്യേക പണിയല്ല ദഅ്വ.  ജീവിതം തന്നെയാണ് ദഅ്വ.  അതോടൊപ്പം, കിട്ടുന്ന അവസരങ്ങളില്‍ ദീനിനെ ആളുകള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കലും  പ്രധാനമാണ്.
ഇസ്ലാം മുസ്‌ലിംകളുടെ കുത്തകയല്ലല്ലോ. വായുവും വെള്ളവും വെളിച്ചവും പോലെ മുഴുവന്‍ മനുഷ്യര്‍ക്കും അവകാശപ്പെട്ടതാണ്. അത് എല്ലാവരിലേക്കും എത്തിച്ചുകൊടുക്കല്‍ ഒരു പ്രധാന ദൗത്യമാണ്. എനിക്കു ശേഷം 'കിമ്മി'ന്റെ പ്രസിഡന്റായത് കെ.എം രിയാലു സാഹിബാണ്.  ഇസ്ലാമിന്റെ വിളക്കുമായി വ്യക്തികളില്‍നിന്ന് വ്യക്തികളിലേക്ക്, ഹൃദയങ്ങളില്‍നിന്ന് ഹൃദയങ്ങളിലേക്കുള്ള യാത്രയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. രിയാലു സാഹിബ് ഒരു ബാഗുമെടുത്ത് വണ്ടികയറും. ഇന്ന സ്ഥലത്തേക്ക് എന്നൊന്നുമില്ല.  തമിഴ്‌നാട്ടിലെ ഏതെങ്കിലും ഗ്രാമത്തില്‍ ചെന്നിറങ്ങും. അവിടെ സാധാരണക്കാരായ ആളുകളെ പരിചയപ്പെടും. അവരോടൊപ്പം താമസിക്കും. സംസാരത്തിനിടയില്‍ ഇസ്ലാമിന്റെ ആശയങ്ങള്‍ അവരുമായി പങ്കുവെക്കും. യു.പി, ബംഗാള്‍ തുടങ്ങിയ എല്ലാ നാടുകളിലേക്കും ഇങ്ങനെ സഞ്ചരിക്കുമായിരുന്നു.
തമിഴ്‌നാട്ടില്‍ പോയപ്പോള്‍ ഒരാളെ പരിചയപ്പെട്ടു. അദ്ദേഹം ജപ്പാന്‍ സന്ദര്‍ശിച്ച വേളയിലുണ്ടായ ഒരു അനുഭവം എന്നോട്  പങ്കുവെച്ചു. ''ജപ്പാനിലെ യാത്രക്കിടയില്‍ ഞാന്‍ ഒരു ടൊയോട്ടോ കമ്പനി കണ്ടു. നേരെ  അവിടെ കയറിച്ചെന്നു.  കമ്പനിയിലെ തൊഴിലാളികളുമായി സംസാരിക്കാന്‍ 15 മിനിറ്റ് അവസരം കിട്ടി. ചുരുങ്ങിയ സമയത്തിനുള്ളില്‍  തൗഹീദും രിസാലത്തും ആഖിറത്തും അവര്‍ക്ക് മനസ്സിലാകുന്ന രൂപത്തില്‍ വിശദീകരിച്ചുകൊടുത്തു. മടങ്ങാന്‍ നേരം പറഞ്ഞു: 'കൂടുതല്‍ എന്തെങ്കിലും അറിയണമെന്നുണ്ടെങ്കില്‍ ഞാന്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് വന്നോളൂ.' പിറ്റേദിവസം അഞ്ചുപേര്‍ മുറിയിലേക്ക് വന്നു. അഞ്ചു പേരും ഇസ്ലാം സ്വീകരിച്ചു.''  മനസ്സില്‍ തോന്നിയ ഒരു രീതി അദ്ദേഹം നടപ്പിലാക്കുകയായിരുന്നു.
എന്റെ ഒരു മരുമകന്‍ തൃശൂര്‍ ഗവണ്‍മെന്റ്  എഞ്ചിനീയറിംഗ് കോളേജില്‍ പഠിച്ചിരുന്നു. അരുണാചല്‍പ്രദേശില്‍നിന്നുള്ള ഒരു വിദ്യാര്‍ഥി അവന്റെ സഹപാഠിയായിരുന്നു. ഓണത്തിന് പത്തു ദിവസം കോളേജ്  അടച്ചപ്പോള്‍  എല്ലാവരും നാട്ടിലേക്ക് പോയി. അരുണാചല്‍ പ്രദേശില്‍ പോയി  തിരിച്ചുവരണമെങ്കില്‍ തന്നെ വേണം പത്തു ദിവസം. അതുകൊണ്ട്  ആ അവധിക്കാലത്ത് മരുമകന്റെ  വീട്ടിലേക്ക് അവനെ കൊണ്ടുവന്നു. ഒരു ദിവസം മരുമകന്‍  എന്നെ വിളിച്ചു പറഞ്ഞു: 'അരുണാചല്‍ പ്രദേശ് സ്വദേശിയായ എന്റെ  കൂട്ടുകാരന്‍ വീട്ടില്‍ വന്നിട്ടുണ്ട്.   ചില പണികളുള്ളതുകൊണ്ട് മൂന്നു ദിവസം  ഞാന്‍  വീട്ടിലുണ്ടാകില്ല. തല്‍ക്കാലം അവനെ നിങ്ങളുടെ കൂടെ നിര്‍ത്തിയാല്‍ നന്നാവും.' അങ്ങനെ അവന്‍ എന്റെ വീട്ടിലെ അതിഥിയായി. വെറുതെയിരിക്കുകയല്ലേ എന്ന് കരുതി അബ്ദുല്ല യൂസുഫലിയുടെ ഖുര്‍ആന്‍ പരിഭാഷ വായിക്കാന്‍ കൊടുത്തു. രണ്ടു ദിവസം കഴിഞ്ഞു. ഞാന്‍ പള്ളിയിലേക്ക് പുറപ്പെടാന്‍ നേരം അവന്‍ പറഞ്ഞു: 'ഞാനുമുണ്ട് പള്ളിയിലേക്ക്.' ഞങ്ങളൊരുമിച്ച് പള്ളിയിലേക്ക് പോയി. ഞാന്‍ ചെയ്യുന്നതുപോലെ ചെയ്‌തോളാന്‍ അവനോട് പറഞ്ഞു. ഞാന്‍ നമസ്‌കരിക്കുന്നതു പോലെ അവനും നമസ്‌കരിച്ചു. പിന്നീടുള്ള   ദിവസങ്ങളിലും അവന്‍ പള്ളിയിലേക്ക് വരാന്‍ തുടങ്ങി. വൈകാതെ ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. ബി.ടെക്  പൂര്‍ത്തിയായപ്പോള്‍ അവന്‍ എന്നോട് പറഞ്ഞു: 'ഞാന്‍ കേരളത്തില്‍ തന്നെ  താമസിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇവിടെ നിന്ന് വിവാഹം കഴിച്ച് മുസ്‌ലിംകളുടെ ഇടയില്‍ ജീവിക്കാനാണ് അഗ്രഹിക്കുന്നത്'. 'നല്ല തീരുമാനം. അല്ലാഹു അനുഗ്രഹിക്കട്ടെ' എന്ന് ഞാന്‍ ആശംസിച്ചു . എന്റെ അളിയന് ബി.ടെക് പഠിക്കുന്ന മകളുണ്ട്. ഞാന്‍ അളിയനോട് ഇക്കാര്യം പങ്കുവെച്ചു: 'ബി.ടെക് കഴിഞ്ഞ ഒരു പയ്യനുണ്ട്. സ്വദേശം അരുണാചല്‍ പ്രദേശ്.  കല്യാണം കഴിച്ച് കേരളത്തില്‍ കൂടാനാണ് ആഗ്രഹിക്കുന്നത്.' മകള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ആയിക്കോട്ടെ എന്നായിരുന്നു അളിയന്റെ മറുപടി. രണ്ടു പേരും പരസ്പരം കണ്ടു, സംസാരിച്ചു, ഇഷ്ടപ്പെട്ടു. കല്യാണവും കഴിഞ്ഞു. ഇപ്പോള്‍ മൂന്ന് കുട്ടികളുണ്ട്. സന്തോഷത്തോടെ ജീവിക്കുന്നു. ഒരിക്കല്‍ അവന്‍ എന്നോട് പറഞ്ഞു: 'കേരളത്തിലെ മുസ്ലിം സംഘടനകള്‍ പരസ്പരം തമ്മില്‍തല്ലി സമയം കളയുന്നതിനു പകരം എന്റെ നാട്ടിലേക്കു വന്ന്  ഇസ്ലാം പ്രചരിപ്പിക്കുകയാണെങ്കില്‍ ഞങ്ങളുടെ നാട്ടുകാര്‍ക്ക് അത് വലിയ ആശ്വാസമാകും.'
ദഅ്വ വിമോചനത്തിലേക്ക്  വഴികാണിക്കല്‍ കൂടിയാണ്. പരലോക മോക്ഷം മാത്രമല്ല, ഇസ്‌ലാമിലൂടെ ലഭിക്കുന്നത്. ദുന്‍യാവില്‍ അടിച്ചമര്‍ത്തപ്പെടുകയും വിവേചനം അനുഭവിക്കുകയും അനീതി നേരിടുകയും ചെയ്യുന്ന സമൂഹത്തിന്റെ വിമോചനവും ഇസ്‌ലാമിലൂടെ സാധ്യമാകുന്നു. പ്രവാചകന്മാരുടെ ചരിത്രം ഖുര്‍ആന്‍ പറയുന്നുണ്ട്. സാധാരണക്കാരും കീഴാളരുമായിരുന്നു പ്രവാചകന്മാരുടെ  ഒപ്പമുണ്ടായിരുന്നത്. പരലോകമോക്ഷം മാത്രമായിരുന്നില്ല അവരെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ച ഘടകം. ഇസ്‌ലാമിലൂടെ സാധ്യമാകുന്ന വിമോചനം അവരെ വലിയ അളവില്‍ സ്വാധീനിച്ചിരുന്നു. ജാതിയില്‍ അധിഷ്ഠിതമായ സാമൂഹിക ഘടന  നിലനില്‍ക്കുന്ന ഇന്ത്യയില്‍  ദഅ്വ ഒരു വിമോചന പ്രവര്‍ത്തനം കൂടിയാണ്. മീനാക്ഷിപുരം എന്ന ഗ്രാമം മുഴുവന്‍ ഇസ്‌ലാമിലേക്കു വന്നത് അങ്ങനെയാണല്ലോ. ജാതിവ്യവസ്ഥ വിശ്വാസത്തിന്റെ ഭാഗമാണ്. ആ വിശ്വാസത്തില്‍നിന്ന് പുറത്തുകടന്നാല്‍ മാത്രമേ അവര്‍ക്ക് വിമോചനം ലഭിക്കുകയുള്ളൂ. അംബേദ്കര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കീഴാള ജനവിഭാഗങ്ങള്‍ക്ക്  ഇസ്‌ലാം സ്വീകരണത്തിലൂടെ  നഷ്ടപ്പെടാന്‍ ഒന്നുമുണ്ടായിരുന്നില്ല. പക്ഷേ പ്രമാണിമാര്‍ക്കും സവര്‍ണര്‍ക്കും  നഷ്ടപ്പെടാന്‍ പലതുമുണ്ടായിരുന്നു. അതുകൊണ്ടാണ് പ്രവാചകന്മാരുടെ ക്ഷണം അധഃസ്ഥിതരായ ജനങ്ങള്‍ പെട്ടെന്ന് സ്വീകരിച്ചത്. ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്  ഏകത്വത്തിന്റെ സന്ദേശമാണ്. പ്രപഞ്ചത്തിന് ഒരു ദൈവമുണ്ട്. അവന്‍ ഏകനാണ്. മുഴുവന്‍ മനുഷ്യരും ഏകനായ ദൈവത്തിന്റെ  സൃഷ്ടികളാണ്. അവന്റെ മുമ്പില്‍ എല്ലാവരും തുല്യരാണ്. ഒരാളും മറ്റൊരാളേക്കാള്‍ ഉത്കൃഷ്ടനോ താഴ്ന്നവനോ അല്ല. ജീവിതത്തില്‍ മുറുകെ പിടിക്കുന്ന  വിശുദ്ധിയാണ് ഒരാളുടെ മഹത്വം നിര്‍ണയിക്കുന്നത്. ഇന്ത്യന്‍ സമൂഹത്തെ സംബന്ധിച്ചേടത്തോളം ഏറെ പ്രസക്തമായ സന്ദേശമാണിത്. 

(തുടരും)

കമാല്‍ പാഷ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (1-5)
ടി.കെ ഉബൈദ്‌

ഹദീസ്‌

മൂന്ന് ദുര്‍ഗുണങ്ങള്‍
കെ.സി ജലീല്‍ പുളിക്കല്‍