Prabodhanm Weekly

Pages

Search

2020 സെപ്റ്റംബര്‍ 18

3168

1442 മുഹര്‍റം 30

സ്ത്രീശബ്ദത്തിന്റെ വിവേകങ്ങളും വെളിച്ചവും

പി.എ നാസിമുദ്ദീന്‍

ഉത്തരാധുനികത ചിന്താലോകത്ത് ആധിപത്യം നേടിയപ്പോള്‍ സ്ത്രീ/ദലിത്/ഇതര പാര്‍ശ്വവല്‍കൃത സ്വത്വങ്ങളുടെ തുറന്നൊഴുക്ക് നമ്മുടെ സാംസ്‌കാരിക ലോകത്ത് സംഭവിക്കുകയുായി. സമൂഹ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള പുതിയ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇതിന് ആക്കം കൂട്ടി. ലോകം അനുദിനം മാറുമ്പോള്‍ 'മതത്തിന്റെ ബന്ധനത്തില്‍ നിശ്ചേതനമായ ശരീരമാണ് മുസ്‌ലിം സ്ത്രീ' എന്ന ഐക്കണ്‍ ഉണ്ടാക്കിയെടുക്കാന്‍ നവസാമ്രാജ്യത്വത്തിനും അതിന് ദാസ്യപ്പണി ചെയ്യുന്ന മാധ്യമങ്ങള്‍ക്കും പെട്ടെന്ന് കഴിഞ്ഞു. ഹൈന്ദവതയെ ദേശീയതയായി നിര്‍വചിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ ഭരണകൂടത്തിനും ഈ ബിംബത്തെ ഉപയോഗപ്പെടുത്താനായി. ഇസ്‌ലാം ആധുനികപൂര്‍വമായതും പുരുഷാധിപത്യം പേറുന്നതുമായ ഒരു മതമാണെന്ന സമൂഹത്തില്‍ തളം കെട്ടി നിന്ന ധാരണയുടെ മണ്ഡലത്തിലാണ് ഈ ഐക്കണ്‍ ശക്തമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞത്.
കൗതുകകരവും ദയനീയത തുളുമ്പുന്നതുമായ ഈ ബിംബം ദൃശ്യമാധ്യമങ്ങളും സൈബര്‍ മാധ്യമങ്ങളും അനേകമായി പ്രതിഫലിപ്പിച്ചു. ആധുനിക യുക്തിയെയും യാഥാസ്ഥിതിക ഇടതുപക്ഷത്തെയും അവലംബമാക്കുന്ന സ്ത്രീവാദ ചിന്തകള്‍ ഇതിനെ വീണ്ടും ക്ഷീണിപ്പിച്ചു.
ഉത്തരാധുനികതയുടെ പദാവലികള്‍ ഉപയോഗിച്ചുകൊണ്ടുതന്നെ മുസ്‌ലിം സ്വത്വചിന്തകരായ സ്ത്രീകളുടെ പക്ഷത്തുനിന്ന് ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളുണ്ടായി. മുസ്‌ലിം സ്ത്രീ എന്നത് ഒരു സാര്‍വദേശീയ സ്വത്വമല്ലെന്നും ദേശ, ഭാഷാ, പ്രാദേശിക വ്യവഹാരങ്ങള്‍ക്കുള്ളിലാണ് അതിനെ കണ്ടെത്തേണ്ടതെന്നുമുള്ള പുത്തന്‍ ചിന്തകള്‍ പുതിയ സത്യങ്ങളെ വെളിപ്പെടുത്തി, ഫാഷിസ്റ്റ് മുറവിളികള്‍ ഉയരുന്ന കാലത്ത് മുസ്‌ലിം സ്ത്രീകളെ ചങ്ങലക്കിടുന്ന പുരോഹിതവര്‍ഗത്തിനൊപ്പം അവരുടെ അപരവല്‍ക്കരണത്തെയും വിഷയമാക്കണമെന്ന് അവര്‍ വാദിച്ചു. മതത്തിന്റെ അകത്തുനിന്നുള്ള പരിഷ്‌കരണ ശ്രമങ്ങള്‍ക്കൊപ്പം ശക്തമായ സ്വത്വസംരക്ഷണവും ഉറപ്പുവരുത്തേണ്ട ആവശ്യകത അവര്‍ ചൂണ്ടിക്കാട്ടി.
സമീപ ദശകങ്ങള്‍ സ്ത്രീകളുടെ ഉയിര്‍ത്തെഴുന്നേല്‍പിന്റെ കാലം കൂടിയായതിനാല്‍ എല്ലാ സ്ത്രീ മേഖലകളിലും ആ മാറ്റം പ്രതിഫലിക്കുക സ്വാഭാവികമായിരുന്നു. അതിനാല്‍ തന്നെ ഒരു വശത്ത് ആധുനികലോകം പിറവി കൊള്ളും മുമ്പേ ഇസ്‌ലാമും പ്രവാചകനും സ്ത്രീക്ക് ഉയര്‍ന്ന സ്ഥാനം നല്‍കിയിരുന്നു എന്ന രീതിയിലുള്ള മതത്തിന്റെ ആന്തരികതയില്‍നിന്നുള്ള പഠനങ്ങള്‍ ഉയര്‍ന്നുവന്നു. മുസ്‌ലിം ഫെമിനിസം എന്നതിനേക്കാള്‍ മുസ്‌ലിം ഇജ്തിഹാദ് (ഗവേഷണം) എന്നതായിരിക്കും ഈ ചിന്താധാരക്ക് ഉചിതമായ പേര്. ഫെമിനിസം എന്ന വാക്ക് പാശ്ചാത്യോത്ഭൂതമായതിനാല്‍ തികച്ചും പൗരസ്ത്യ ദേശത്ത് ഉത്ഭവം കൊണ്ട ഒരു മതത്തിന്റെ ആധാര ശിലകള്‍, വിഭിന്നമാകയാല്‍ ഇത്തരം രീതിയില്‍ അതിനെ കാണുന്നതാണ് ശരിയായ കാഴ്ചപ്പാട്. ഫാത്വിമ മെര്‍നീസി, ആമിന വദൂദ് മുതലായവരുടെ സ്ത്രീവായനകള്‍ ഇസ്‌ലാം മതം സ്‌ത്രൈണതക്ക് വലിയ പദവി നല്‍കിയിട്ടുണ്ടെന്നും ചരിത്രത്തിലൂടെ അത് ചലനാത്മകത നഷ്ടപ്പെട്ട് പൗരോഹിത്യത്തിനും മതമേധാവിത്വത്തിനും വിധേയമാകുകയായിരുന്നുവെന്നുമുള്ള പുതിയ കാര്യങ്ങള്‍ വെളിവാക്കി.
മതനിരാസത്തില്‍ അധിഷ്ഠിതമായ പാശ്ചാത്യ സ്ത്രീവാദത്തിനും പൗരോഹിത്യത്തിന്റെ ആണധികാരത്തിനും ഇടയില്‍ പെട്ടുപോയ പലര്‍ക്കും ഇത് ആകര്‍ഷകമായി. എന്നാല്‍ ഇത്തരം ചലനാത്മകമായ നീക്കങ്ങളെ ഇസ്‌ലാമിനെ തകര്‍ക്കാനുള്ള വേലയായിട്ടാണ് യാഥാസ്ഥിതിക പണ്ഡിതവര്‍ഗം കണ്ടത്. സാമ്പത്തിക സുരക്ഷിതത്വത്തിലും ഭക്തരുടെ ആദരവിനു പാത്രമായും സുഖാലസ്യത്തില്‍ കഴിഞ്ഞിരുന്ന ഈ വര്‍ഗത്തിന് മുഴുവന്‍ വിദ്വേഷവും ഈ പുത്തന്‍ ചിന്താഗതിക്കാരോടായിരുന്നു. സാമ്രാജ്യത്വത്തിന്റെ ചാരന്മാരെന്ന് അങ്ങോട്ടുമിങ്ങോട്ടും വിളികള്‍ മുഴങ്ങി. ഇന്ത്യന്‍ പൗരത്വം മുസ്‌ലിംകള്‍ക്ക് ഒരു പരീക്ഷണമായ ഈ കാലത്ത് അതിനു വേണ്ടി തെരുവില്‍ സമരം ചെയ്യുന്ന സ്ത്രീകളെ ഫാഷിസത്തേക്കാള്‍ അപകടകരമായി വ്യാഖ്യാനിക്കുന്ന പുരോഹിതന്മാരും ഉണ്ടായി. സ്ത്രീകളുടെ ദശകങ്ങള്‍ എന്നറിയപ്പെടുന്ന ഈ കാലത്ത് ഇത്തരം വ്യത്യസ്തവും വൈരുധ്യവുമായ ശബ്ദങ്ങള്‍ അരങ്ങുതകര്‍ക്കുന്ന വേളയിലാണ് ഫൗസിയ ഷംസിന്റെ 'മുസ്‌ലിം സ്ത്രീ സംഭാഷണത്തിന്റെ അകവും പുറവും' എന്ന പുസ്തകം വായനക്കാരിലേക്കെത്തുന്നത്.
തന്റെ ജീവിതാവസ്ഥകളോട് സത്യസന്ധത പുലര്‍ത്തുക എന്നത് തന്റെ ഈമാന്റെ ഭാഗമാണ് എന്നു കരുതുന്ന ഒരു മുസ്‌ലിം പത്രപ്രവര്‍ത്തകയുടെ ആര്‍ജവമുള്ള ചിന്തകളിലൂടെ നിങ്ങള്‍ക്ക് ഇതുവായിക്കുമ്പോള്‍ കടന്നുപോകാനാകും. തന്റെ സ്ത്രീ അനുഭവസ്ഥലികളില്‍നിന്നുള്ള നിരീക്ഷണങ്ങളാലും തന്റെ തൊഴില്‍ മേഖലയില്‍നിന്ന് സംഭരിച്ച വസ്തുതാശേഖരണങ്ങളാലും സമ്പന്നമാണ് ഇത്.
ഒരു വശത്ത് മതനിരാസത്തില്‍ അധിഷ്ഠിതമായ ലിബറല്‍ സ്ത്രീവാദത്തോടും മറുവശത്ത് ഇസ്‌ലാമിന്റെ തനിമകളെ ജഡീകരിച്ച പൗരോഹിത്യത്തോടും കലഹിക്കുകയാണ് ഈ പുസ്തകം. ഇസ്‌ലാമിനുനേരെ വരുന്ന എല്ലാ വിമര്‍ശനങ്ങളെയും, അതിലെ പഴഞ്ചന്‍ രീതികളോടുള്ള വിയോജിപ്പുകളോടു പോലും വൈകാരികമായി പ്രതികരിക്കുന്ന രീതി ഇപ്പോള്‍ സാധാരണ കണ്ടുവരുന്നതാണ്. ഇത്തരം സമതുലിത്വം പാലിക്കാത്ത സമീപനങ്ങള്‍ക്കു പകരം ഇസ്‌ലാമിന്റെ അകത്തേക്കും പുറത്തേക്കും ഒരേ നേരം കണ്ണുപായിച്ച് സമകാലീന മുസ്‌ലിം ജീവിതത്തിന്റെ സമസ്യകളെ അടുത്തറിയാനാണ് പുസ്തകം ശ്രമിക്കുന്നത്. ഫാഷിസത്തിന്റെ നീണ്ടുവരുന്ന കരങ്ങള്‍ക്കു നേരെ ജാഗ്രത പാലിക്കുന്നതിനൊപ്പം മുസ്‌ലിം സ്ത്രീത്വത്തിന്റെ ഇടര്‍ച്ചക്കും തകര്‍ച്ചക്കുമുള്ള കാരണങ്ങളെയും കണ്ടെത്തി അവയെ ദൂരീകരിച്ച് കഴിയുംവിധം സര്‍ഗാത്മകമാക്കുക എന്ന ലക്ഷ്യം കൂടി ഇതിലെ ലേഖനങ്ങള്‍ക്കുണ്ട്.
മുതലാളിത്തം സ്ത്രീയുടെ മേനിക്കൊഴുപ്പിനെയും അലങ്കാരങ്ങളെയും വിപണിക്കുള്ള ചരക്കാക്കി മാറ്റുമ്പോള്‍ യാഥാസ്ഥിതിക പുരോഹിത വര്‍ഗം അവരുടെ സര്‍ഗാത്മകതയെയും നിര്‍മാണപരതയെയും നശിപ്പിക്കുന്നു എന്ന ഗ്രന്ഥകാരിയുടെ വാക്കുകള്‍ ഇതിന്റെ തെളിവാണ്.
ഭാവിയില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ സാധ്യതയുള്ള തെളിമയുള്ള ആശയങ്ങള്‍ കൊണ്ട് സമ്പന്നമാണ് 'മുസ്‌ലിം സ്ത്രീ ഇസ്‌ലാമിലും നടപ്പുരീതിയിലും' എന്ന ഇതിലെ ഒരു അധ്യായം.
അങ്ങാടിഭരണം നടത്തിയ ഉമ്മു ശിഫാഅ് മുതല്‍ തന്റെ പ്രതിശ്രുത വരനായ മൂസാ നബിയെക്കൊണ്ട് മഹ്ര്‍ കിട്ടും വരെ പണിയെടുപ്പിച്ച സബൂറയും ഒട്ടകപ്പുറത്ത് യുദ്ധം ചെയ്ത നബിപത്‌നിയായ ആഇശയും ഇസ്‌ലാമിന്റെ ജീവിച്ചിരുന്ന സാക്ഷ്യങ്ങള്‍ തന്നെയായിരുന്നല്ലോ. ചരിത്രത്തിലെ ഇത്തരം പ്രമാണങ്ങളെ തമസ്‌കരിച്ചുകൊണ്ട് സ്ത്രീയെ ഭക്ഷണമൊരുക്കാനും കുട്ടികളെ നോക്കാനുമുള്ള കളിപ്പാവയാക്കി, അടുക്കളയിലെ രാജ്ഞി എന്ന സ്ഥാനപ്പേരില്‍ കുടുക്കിയിട്ടു.
ആറാം നൂറ്റാണ്ടില്‍ ഇത്രക്ക് സര്‍ഗാത്മകതയും നിര്‍മാണപരതയും പ്രവാചകനും ഖുര്‍ആനും സ്ത്രീക്ക് നല്‍കിയിട്ടും ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ അവള്‍ക്കത് എന്തുകൊണ്ട് നിഷേധിക്കപ്പെടുന്നു എന്ന് കൃത്യമായ പ്രമാണങ്ങള്‍ നിരത്തിക്കൊണ്ട്, ഇസ്‌ലാമിക ചരിത്രത്തിലെ അനേകം മഹിത വനിതകളുടെ ജീവചരിത്രങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് ഗ്രന്ഥകാരി ചോദ്യമെറിയുന്നു.
മുസ്‌ലിംകളെ മുഖ്യധാരയില്‍നിന്ന് അപരവല്‍ക്കരിക്കാന്‍ ശ്രമിക്കുകയും അവരുടെ ദേശസ്‌നേഹം ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നതാണ് നമ്മുടെ ചരിത്രസന്ദര്‍ഭം. എന്നാല്‍ സമൂഹത്തില്‍ നിര്‍വാഹകത്വമില്ലാത്തവരെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന മുസ്‌ലിം സ്ത്രീകള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പോരാടിയതിനെക്കുറിച്ചും ഇന്ത്യയുടെ സഹവര്‍ത്തനത്തില്‍ വഹിച്ച പങ്കിനെക്കുറിച്ചുമാണ് 'സാമൂഹിക സഹവര്‍ത്തിത്വത്തില്‍ മുസ്‌ലിം സ്ത്രീയുടെ പങ്ക്' എന്ന പ്രബന്ധം. ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ഹിന്ദു, മുസ്‌ലിം സ്ത്രീകളെ ഏകോപിപ്പിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതി വെടിയേറ്റു വീണ അസീസാന്‍ ബീഗം മുതല്‍ നാല്‍പതുകളില്‍ വര്‍ഗീയ കലാപം അരങ്ങേറുമ്പോള്‍ അത് അണക്കാനും സമാധാനശ്രമങ്ങള്‍ നടത്താനുമായി മഹാത്മാ ഗാന്ധി നിയോഗിച്ച ബീവി അമ്മത്തുസ്സലാം വരെ അതിലുള്‍പ്പെടുന്നു.
ഒരു സമൂഹത്തിന്റെ നിര്‍മിതിയിലും അതിന്റെ നിലനില്‍പിലും പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ പ്രധാന പങ്കുവഹിക്കുന്നു. ഇന്ത്യയുടെ മഹത്തായ മതസൗഹാര്‍ദ പാരമ്പര്യം ഊട്ടിയുറപ്പിച്ചതില്‍ സ്ത്രീകള്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ട്. ഒരേ സ്ഥലത്ത് ഒരേ അനുഭവങ്ങള്‍ പങ്കിട്ടും ആഘോഷ വേളകളില്‍ ഭക്ഷണ വിഭവങ്ങള്‍ കൈമാറിയും പുലര്‍ത്തിപ്പോന്ന മഹത്തായ സഹവര്‍ത്തിത്വവും അതിലെ മുസ്‌ലിം സ്ത്രീകളുടെ വലുതായ പങ്കും ലേഖനത്തില്‍ വിശദമാക്കപ്പെടുന്നു.
പര്‍ദയെ വിഷയമാക്കുന്ന രണ്ടു ലേഖനങ്ങളും പുസ്തകത്തിലുണ്ട്. പര്‍ദയെക്കുറിച്ചുള്ള യഥാര്‍ഥ വസ്തുതകള്‍ എങ്ങനെ അതിനെക്കുറിച്ചുള്ള സംവാദങ്ങളിലും ചര്‍ച്ചകളിലും മാറിപ്പോകുന്നു എന്ന് സവിസ്തരം ഈ ലേഖനം പറഞ്ഞുതരുന്നു. മുത്ത്വലാഖിനെ പറ്റിയും അതിനെ ചൂണ്ടി ഫാഷിസ്റ്റുകള്‍ നിര്‍മാണം നടത്താന്‍ ശ്രമിക്കുന്ന ഏക സിവില്‍ കോഡിനെയും വിശദമായി പരിശോധിക്കുന്നതാണ് മറ്റു രണ്ടു ലേഖനങ്ങള്‍.
പരീക്ഷണങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോകുന്ന ഇന്ത്യന്‍ മുസ്‌ലിം ജീവിതത്തിന്റെ സങ്കീര്‍ണതകള്‍ പഠിക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ക്ക് ഈ പുസ്തകം സഹായിയും വഴികാട്ടിയുമായിരിക്കും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (41-43)
ടി.കെ ഉബൈദ്‌