ഈ വലയില്‍ വീഴാതിരിക്കുക
മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് (എം.എല്‍.എം) തട്ടിപ്പിനെതിരായ രോഷം കേരളമൊട്ടുക്കും അലയടിച്ചിട്ട് രണ്ട് പതിറ്റാണ്ട് പോലുമായില്ല. അതൊക്കെയും വിസ്മൃതിയിലേക്ക് തള്ളിയ മലയാളി എല്ലാം അടച്ചുപൂട്ടി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ഈ കോവിഡ് ലോക്ക് ഡൗണ്‍ കാലത്ത് തന്നെ വീണ്ടുമതിനെ പുല്‍കാന്‍ വെമ്പല്‍ കാണിച്ചുതുടങ്ങിയിരിക്കുന്നു. കടത്തിന്റെയും ദുരിതത്തിന്റെയും നിലയില്ലാക്കയത്തില്‍ കിട്ടിയ അവസാന കച്ചിത്തുരുമ്പ് എന്ന നിലയില്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് എന്ന വലയില്‍ വീഴുന്നവര്‍ അവസാനം സ്വന്തം അധ്വാനവും ഊര്‍ജവും പാഴായി, ചേരാന്‍ ആളുകളില്ലാതെ വഴിമുട്ടുമ്പോള്‍ നടത്തുന്ന വഞ്ചനയുടെ പേരില്‍ സമൂഹത്തിന്റെ നിന്ദക്കും അധിക്ഷേപത്തിനും പാത്രീഭൂതരാകും. ഒടുവില്‍ ബിസിനസ് എന്ന് കരുതി വീണുപോയ ഈ വലയില്‍നിന്ന് ഒഴിവായാലും ഇതിനകം അവര്‍ പരിചയപ്പെടുത്തിയവരും കണ്ണിചേര്‍ത്തവരുമായ ആളുകളുടെ പണവും സമയവും അധ്വാനവും വെച്ച് മുകളിലുള്ളവര്‍ ഈ തട്ടിപ്പ് തുടരുന്നുണ്ടാകും.
രണ്ട് പതിറ്റാണ്ട് മുമ്പെ ഉപയോഗിച്ച പദാവലികള്‍ പലതും മാറിയെങ്കിലും ഒരാള്‍ തനിക്ക് താഴെയോ ചുറ്റിലുമോ രണ്ടോ അതിലധികമോ പേരെ കണ്ണികളായി ചേര്‍ക്കുകയെന്ന മണിചെയിന്‍ തട്ടിപ്പിന്റെ അടിസ്ഥാന ഘടനക്ക് ഇപ്പോഴും മാറ്റമൊന്നുമില്ല. ആളുകളെ കണ്ണിചേര്‍ക്കുന്നതിന് നടത്തിയിരുന്ന പരിപാടികള്‍ കോവിഡ് ലോക്ക് ഡൗണ്‍ മൂലം ഹോട്ടലുകളില്‍നിന്നും ഓഡിറ്റോറിയങ്ങളില്‍നിന്നും യുട്യൂബ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലേക്കും വീടകങ്ങളിലേക്കും മാറിയെന്നു മാത്രം. ഇപ്പോള്‍ കേരളത്തില്‍ ഏറ്റവും സജീവമായ ഒരു കമ്പനിയുടെ ഒന്നാമത്തെ വരുമാനമായി പറയുന്നത് ആളുകളെ കണ്ണിചേര്‍ത്താല്‍ മാത്രം ലഭിക്കുന്ന റഫറല്‍ ഇന്‍കം ആണ്. എ ചാനലിലും ബി ചാനലിലുമായി രണ്ട് പേരെ ചേര്‍ത്തുകയാണ്. അങ്ങനെ 12 റഫറല്‍ എ ചാനലിലും 12 റഫറല്‍ ബി ചാനലിലും ഉണ്ടായിക്കഴിഞ്ഞാല്‍ 6000 രൂപ കിട്ടും. മൂന്ന് പേരെയാണ് റഫര്‍ ചെയ്തതെങ്കില്‍ 1500 രൂപ കിട്ടും. ഇനി രണ്ട് ചാനലിലുമായി ഓരോ ആള്‍ വീതമാണെങ്കില്‍ 500 രൂപ വീതം നല്‍കുമെന്നാണ് കമ്പനി പറയുന്നത്. ഇത് കൂടാതെ ലക്ഷങ്ങളുടെ ഇന്‍സന്റീവും അവര്‍ വാഗ്ദാനം ചെയ്യുന്നു. എല്ലാ തിങ്കളാഴ്ചയും പ്രവൃത്തി വിലയിരുത്തി നമ്മുടെ അക്കൗണ്ടിലേക്ക് പണമയക്കുമെന്നാണ് അവരുടെ അവകാശവാദം.
സ്വപ്‌നലോകത്തേക്ക് കൊണ്ടുപോകുന്നവര്‍
എന്താണ് നിങ്ങളുടെ സ്വപ്‌നമെന്നും, നിങ്ങള്‍ എന്തായിത്തീരാനാണ് ആഗ്രഹിക്കുന്നതെന്നും ഇപ്പോഴുള്ള വരുമാനം കുറവാണെങ്കിലും സമ്പന്നമായ നാളെയെക്കുറിച്ച് നിങ്ങള്‍ക്ക് സ്വപ്‌നം കണ്ടുകൂടേ എന്നുമൊക്കെ പറഞ്ഞാണ് നമ്മെ ഈ വലയിലേക്ക് കൊണ്ടുവരുന്നത്. കുറഞ്ഞ മുതല്‍മുടക്കില്‍ അവിശ്വസനീയമായ ഒരു ബിസിനസ് അവസരത്തെ കുറിച്ച് കേള്‍ക്കുന്നതോടെ പലരും വീണുപോകും. ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് തട്ടിപ്പുകളൊക്കെയും കണ്ണിയറ്റുപോയ മണിചെയിനിന്റെ പുതിയ രൂപഭേദങ്ങളാണ്. മണി ചെയിനല്ലെന്ന് അവര്‍ ആണയിടുന്നുണ്ടെങ്കിലും വ്യവസ്ഥകളോരോന്നും പരിശോധിച്ചാല്‍ കണ്ണിചേര്‍ക്കുന്ന അവരുടെ തന്ത്രം മണിചെയിനിന്റേതാണെന്ന് ബോധ്യമാകും.
മണിചെയിനുകാര്‍ പണം നേര്‍ക്കുനേരെ കൈമാറ്റം ചെയ്ത് ചെയിന്‍ സൃഷ്ടിച്ചപ്പോള്‍ ഇവര്‍ പണം വാങ്ങി സോപ്പ്, ഷാംപൂ, പേസ്റ്റ് തുടങ്ങിയ ഇനങ്ങളോ സൗജന്യമായി ലഭിക്കുന്ന വെബ്‌സൈറ്റ് പോലുള്ള സേവനങ്ങളോ പകരം നല്‍കി ബിസിനസ് എന്ന പുകമറ സൃഷ്ടിക്കുകയാണ്. ഈ പുകമറ കൊണ്ടാണ് ഇവ മണിചെയിന്‍ തട്ടിപ്പിനേക്കാള്‍ അപകടകരമാകുന്നത്.
മണിചെയിനാകുന്നതെങ്ങനെ?
നിങ്ങളുടെ നിരവധി ലെവലുകള്‍ മുകളിലുള്ള ഡിസ്ട്രിബ്യൂട്ടര്‍മാര്‍, താഴെയുള്ളവര്‍ അധ്വാനിച്ചുണ്ടാക്കിയ ബിസിനസിന്റെ പേരില്‍ കമ്പനിയില്‍നിന്ന് ബോണസും കമീഷനും റഫറല്‍ ഇന്‍കമും തങ്ങളുടെ അധ്വാനത്തിന്റെ വിഹിതവും പറ്റുന്നതിനുള്ള ന്യായീകരണമായി അവര്‍ പറയുക, പില്‍ക്കാലത്ത് അനേകം ലെവലുകള്‍ താഴയുള്ളവരുടെ അധ്വാനത്തിന്റെ പേരില്‍ നിങ്ങള്‍ക്കുമത് കിട്ടുമല്ലോ എന്നായിരിക്കും. മുകളിലെ കണ്ണിക്ക് കൊടുത്ത കാശ് താഴെയുള്ളവരില്‍നിന്ന് ഈടാക്കി ലാഭം കൊയ്യൂ എന്നാണ് മണിചെയിനുകാരും ഉപദേശിച്ചത്.
അത്യാവശ്യമല്ലാത്തതോ നിലവില്‍ ഉപയോഗിക്കാത്തതോ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതോ ആയ ഉല്‍പ്പന്നങ്ങള്‍ അമിത വിലയ്ക്ക് വിതരണക്കാരില്‍ അടിച്ചേല്‍പ്പിക്കുന്നതിനുള്ള ഉപായമാണ് ഈ കണ്ണിചേര്‍ക്കല്‍. അതുകൊണ്ടുതന്നെ ഇവ സാധാരണ പോലെ വിറ്റഴിക്കാനോ അതുവഴി ലാഭമുണ്ടാക്കാനോ സാധ്യമല്ല. സ്വാഭാവികമായും ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സമയം കൊണ്ട് പുതിയ ഡൗണ്‍ലൈന്‍ ഡിസ്ട്രിബ്യൂട്ടര്‍മാരെ ചേര്‍ക്കുകയാണ് പിന്നീടുള്ള വഴി. യഥാര്‍ഥത്തില്‍ ഉല്‍പന്നത്തിന്റെ വിലയുടെ എത്രയോ ഇരട്ടി, നാം വഴി ചേര്‍ന്നവരില്‍നിന്ന് ഈടാക്കിയാണ് സൗജന്യ വിലയ്‌ക്കെന്ന വ്യാജേന ഈ ഉല്‍പന്നങ്ങള്‍ നല്‍കുന്നത്. ഇത്തരം ബിസിനസ്സില്‍ അവസാന ലെവലിലെ കണ്ണികള്‍ക്ക് ഒരു മെച്ചവും ലഭിക്കുകയില്ല.
കണക്കിലെ കളികള്‍
നെറ്റ്‌വര്‍ക്ക് കമ്പനികള്‍ നിഷ്‌കര്‍ഷിച്ച പോലെ കച്ചവടം നടക്കണമെങ്കില്‍ ഓരോ വ്യക്തിയും തനിക്കു കീഴില്‍ രണ്ട് ചെയിനുകളായി ബിസിനസ് കൊണ്ടുപോകാന്‍ ചുരുങ്ങിയത് ഈരണ്ട് കണ്ണികളെ ചേര്‍ക്കണമെന്നതാണ് വ്യവസ്ഥ. കേട്ടാല്‍ വളരെ ലളിതമെന്നു തോന്നും. അല്‍പമൊന്ന് ആലോചിച്ചാല്‍ അപ്രായോഗികമാണെന്നും ബോധ്യമാകും. ചെസ് കളിയില്‍ തോറ്റ ഒരു രാജാവിന്റെ കഥയുണ്ട്. അതുവരെ കളിയില്‍ തോറ്റിട്ടില്ലാത്ത രാജാവ് തന്നെ തോല്‍പിച്ച മനുഷ്യനോട് എന്ത് സമ്മാനമാണ് വേണ്ടതെന്ന് ചോദിച്ചു. ഒരു ദിവസം ഒരു കളത്തില്‍ ഒരു ധാന്യമണി, രണ്ടാമത്തെ ദിവസം രണ്ട്, മൂന്നാമത്തെ ദിവസം നാല്, ഇങ്ങനെ കളങ്ങള്‍ തീരുവോളം എന്നായിരുന്നു ജയിച്ചയാളുടെ പ്രതികരണം. ഇതെത്ര നിസ്സാരം എന്നു പറഞ്ഞ് രാജാവ് സമ്മാനം നല്‍കാന്‍ ഏര്‍പ്പാടാക്കി. 16-ാം ദിവസം നല്‍കിയത് 32,768 ധാന്യമണികള്‍. ഇത് ഒരു ചാക്ക് എന്ന് കരുതിയാല്‍ 17-ാം ദിവസം രണ്ട് ചാക്ക്, 18-ാം ദിവസം 4 ചാക്ക്, 46-ാം ദിവസം 107,37,41,824 ചാക്ക്. സൗകര്യത്തിന് 100 കോടി എന്ന് കരുതുക. 47-ാം ദിവസം നല്‍കേണ്ടിവന്നത് 200 കോടി ചാക്ക്, 64-ാം ദിവസം 2,62,14,400 കോടി ചാക്ക്. ആ ഓരോ ചാക്കിനെയും 32,768 ധാന്യമണികള്‍ കൊണ്ട് ഗുണിക്കുമ്പോഴാണ് എന്തു മാത്രം ധാന്യമണികള്‍ രാജാവ് കൊടുക്കേണ്ടിവന്നുവെന്ന് മനസ്സിലാവുക.
ഒരു ലക്ഷം പേരുള്ള കമ്പനിയുടെ ഭാവി
കേരളത്തില്‍ ഇതിനകം ഒരു ലക്ഷം പേര്‍ കണ്ണികളായ ഒരു കമ്പനിയുടെ കാര്യം എടുക്കുക. അവരില്‍ ഏറ്റവും ചുരുങ്ങിയത് 50,000 പേരെങ്കിലും അവസാന ലെവലില്‍ കണ്ണികളായുണ്ടാകും. അവസാന ലെവലിലുള്ള അവരുടെ കാര്യമൊന്നെടുക്കാം. ആദ്യ മാസം ഈ 50,000 പേര്‍ പുതിയ ലക്ഷം പേരെ കണ്ണികളാക്കണം. രണ്ടാം മാസം 1 ലക്ഷം പേര്‍ പുതിയ 2 ലക്ഷം പേരെ കണ്ണികളാക്കണം. മൂന്നാം മാസം 2 ലക്ഷം പേര്‍ പുതിയ 4 ലക്ഷം പേരെയും നാലാം മാസം 4 ലക്ഷം പേര്‍ പുതിയ 8 ലക്ഷം പേരെയും അഞ്ചാം മാസം 8 ലക്ഷം പേര്‍ പുതിയ 16 ലക്ഷം പേരെയും ആറാം മാസം 16 ലക്ഷം പേര്‍ പുതിയ 32 ലക്ഷം പേരെയും ഏഴാം മാസം 32 ലക്ഷം പേര്‍ പുതിയ 64 ലക്ഷം പേരെയും എട്ടാം മാസം 64 ലക്ഷം പേര്‍ പുതിയ 1.28 കോടി പേരെയും ഒമ്പതാം മാസം 1.28 കോടി പേര്‍ പുതിയ 2.56 കോടി പേരെയും കണ്ണികളാക്കണം. 9 മാസം കൊണ്ട് ആകെ കണ്ണിചേര്‍ക്കപ്പെടേണ്ടവര്‍ 5.12 കോടിയാകും. ശിശുക്കളെ എണ്ണിയാല്‍ പോലും കേരളത്തിലെ ജനസംഖ്യ ഇതിലും കുറവാണെന്നറിയുക. ആഴ്ചയില്‍ അക്കൗണ്ട് ക്ലോസ് ചെയ്യുന്ന കമ്പനികളുടെ കാര്യത്തില്‍ മാസങ്ങള്‍ക്കു പകരം ആഴ്ചകളാണെന്നു കൂടി ഓര്‍ക്കണം.
മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനി പറയുംപോലെ ബിസിനസ് നടന്നാല്‍ ഒന്നുകില്‍ നമ്മുടെ മോഹങ്ങള്‍ക്ക് എട്ടുമാസത്തെ ആയുസ്സേ ഉള്ളൂവെന്ന് സമ്മതിക്കേണ്ടിവരും. കാരണം അവസാനം ചേര്‍ന്ന 2.56 കോടി ആളുകള്‍ ശേഷം ചേരാനാളില്ലാതെ വരുന്നതോടെ ചെയിന്‍ മുറിയും. എല്ലാവരും തുല്യമായി അധ്വാനിച്ച് ആളെച്ചേര്‍ക്കുകയില്ലല്ലോ എന്നാണ് മറുപടിയെങ്കില്‍ താഴെയുള്ളവര്‍ അധ്വാനിച്ചില്ലെങ്കില്‍ നമുക്ക് ലാഭം ലഭിക്കുകയുമില്ലല്ലോ.
രണ്ടിലധികംപേരെ ചേര്‍ത്തുന്ന വന്‍ചതി
ഒരു കമ്പനി പണത്തിനായി മോഹിപ്പിക്കുന്ന മറ്റൊരു കണക്ക് നോക്കുക. നിങ്ങള്‍ ആദ്യത്തെ കണ്ണിയാകുന്നു. നിങ്ങള്‍ 9 പേരെ നിങ്ങള്‍ക്ക് താഴെ ചേര്‍ക്കുന്നു. ആ ഒമ്പത് പേരും 6 പേരെ വീതം ചേര്‍ക്കുന്നു.
അങ്ങനെ ചേര്‍ന്ന 54 പേര്‍ മൂന്നു പേരെവീതം ചേര്‍ക്കുന്നു. ഇതിനകം ഒരു ലക്ഷം പേര്‍ കണ്ണികളായ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനിയാണ് ഇതെന്ന് കരുതുക. ഈ കമ്പനിയുടെ ഏറ്റവും താഴെ ലെവലിലുള്ള 50,000 പേരെയെടുക്കുക. 50,000 പേര്‍ 9 പേരെ ചേര്‍ക്കണം 50000 ത9 = 4,50,000. ആ 4,50,000 പേര്‍ 6 പേരെ വീതം ചേര്‍ക്കണം 4,50,000ത6 = 27,00000. 27,00000 പേര്‍ 3 പേരെ വീതം ചേര്‍ക്കണം 27,00000ത3 81,00000. ആകെ ചേര്‍ക്കപ്പെടുന്നവര്‍ = 1,12,50,000. അതായത് ഈ കമ്പനിയില്‍ അവസാനം ചേര്‍ന്ന കണ്ണികള്‍ക്ക് വാഗ്ദത്ത വരുമാനം ലഭിക്കണമെങ്കില്‍ ഒരു ലക്ഷം പേര്‍ ഇതിനകം ചേര്‍ന്ന മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനിയില്‍ പുതുതായി 1,12,50,000 ജനങ്ങള്‍ ചേരണം. അത്യുക്തി കലര്‍ന്ന, അപ്രായോഗികമായ ഇത്തരം കണക്കുകളാണ് മുഴുവന്‍ നെറ്റ്‌വര്‍ക്ക് കമ്പനികളും നിരത്തുന്നത്.
ആവശ്യത്തിലധികം ഉല്‍പന്നങ്ങള്‍
ഏത് ബിസിനസും ആദ്യമായി ശ്രദ്ധിക്കുന്നത് ആവശ്യവും, ആവശ്യത്തിനനുസരിച്ച് വിതരണ സംവിധാനവുമാണ്. ഒരു നാട്ടില്‍, ജില്ലയില്‍, സംസ്ഥാനത്ത്, രാജ്യത്ത് തങ്ങളുടെ ഉല്‍പ്പന്നത്തിന് എന്തുമാത്രം ആവശ്യക്കാരുണ്ടെന്നും, അത്രയും ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങളെത്തിക്കാന്‍ എത്ര ഡിസ്ട്രിബ്യൂട്ടര്‍മാര്‍ വേണമെന്നും നിശ്ചയിക്കാന്‍ കമ്പനിക്ക് പോലും കഴിയാത്ത രീതി എങ്ങനെ നൂതനവും ശാസ്ത്രീയവുമാകും? ആവശ്യത്തിന്റെയും വിതരണത്തിന്റെയും യാഥാര്‍ഥ്യം പരിഗണിക്കാതെയാണ് നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് ഏജന്റുമാര്‍ അവരുടെ ബിസിനസിന്റെ വമ്പിച്ച വളര്‍ച്ചയെകുറിച്ച് സംസാരിക്കുന്നത്. ഉല്‍പ്പന്നങ്ങളും വിതരണക്കാരും ആവശ്യത്തിലേറെ വരികയും ഉപഭോക്താക്കള്‍ തള്ളാനോ കൊള്ളാനോ തീരുമാനമെടുക്കുകയും ചെയ്യുന്നതോടെ പുതുതായി കണ്ണിചേരുന്നവര്‍ അധികപ്പറ്റാകും. അവര്‍ക്ക് ഒരിക്കലും കണ്ണിചേര്‍ക്കാനുള്ള ആളുകളെ മാത്രമല്ല, ഉല്‍പന്നം വാങ്ങാനുള്ള ഉപഭോക്താക്കളെയും കിട്ടാതെ വരും. നിലവിലുളള കച്ചവട രീതിയില്‍ ഡിസ്ട്രിബ്യൂട്ടര്‍മാര്‍ക്ക് ഓരോരുത്തര്‍ക്കും ഓരോ മേഖല നിശ്ചയിച്ചുകൊടുത്ത് ബിസിനസിന് നിയന്ത്രണവും സംരക്ഷണവും ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ഇത്തരം നഷ്ടങ്ങളുണ്ടാവുകയില്ല. ജനങ്ങളറിഞ്ഞുകഴിഞ്ഞു, ഇതിനകം തന്നെ അനേകം വിതരണക്കാരുള്ള ഉല്‍പ്പന്നങ്ങളുടെ വിതരണാവകാശം പണം കൊടുത്തുവാങ്ങുന്നത് സ്റ്റേഷന്‍ വിട്ട വണ്ടിക്ക് ടിക്കറ്റെടുക്കുന്നതുപോലെയാണ്.
കേരളം ഏറ്റെടുത്ത കാമ്പയിന്‍
നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ്, മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്, ഡയറക്ട് മാര്‍ക്കറ്റിംഗ് എന്നീ പേരുകളൊക്കെയിട്ട് വിളിക്കുന്ന ഈ തട്ടിപ്പിനെതിരെ ഏകദേശം രണ്ട് പതിറ്റാണ്ട് മുമ്പ് സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ (എസ്.ഐ.ഒ) കേരളത്തിലുടനീളം നടത്തിയ ജനശ്രദ്ധ പിടിച്ചുപറ്റിയ ഒരു കാമ്പയിനായിരുന്നു 'ഈ വലയില്‍ വീഴാതിരിക്കുക.' വിപണനത്തിന്റെ പേരിലുള്ള വഞ്ചനക്കെതിരെയും സാമ്പത്തിക ചൂഷണത്തിന്റെ പുത്തന്‍ രീതികള്‍ക്കെതിരെയും നിഷിദ്ധ മാര്‍ഗത്തിലൂടെയുള്ള ധനസമ്പാദനത്തിനെതിരെയും അനാവശ്യ ഉല്‍പന്നങ്ങള്‍ അടിച്ചേല്‍പിക്കുന്നതിനെതിരെയും എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി തുടങ്ങിവെച്ച ജനകീയ ബോധവല്‍ക്കരണ പരിപാടി എല്ലാ ജില്ലാ കമ്മിറ്റികളും തുടരുകയും കേരളം തന്നെ അതിനെ നെഞ്ചേറ്റുകയും ചെയ്യുന്ന കാഴ്ചയായിരുന്നു അന്ന്. ഒരാള്‍ ഏറ്റവും ചുരുങ്ങിയത് രണ്ട് പേരെയെങ്കിലും കണ്ണികളാക്കുന്ന മണി ചെയിനിന്റെ പുത്തന്‍ ആവിഷ്‌കാരമായി രംഗത്തുവന്ന് ഡയറക്ട് മാര്‍ക്കറ്റിംഗ് എന്ന് തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുന്ന ഈ തട്ടിപ്പു രീതിക്കെതിരെ കേരളത്തിന്റെ മുക്കിലും മൂലകളിലും പിന്നീട് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റും അണിനിരന്നു. വിവിധ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനികള്‍ക്കൊപ്പം അവരുടെ ക്ലാസുകളിലും സെമിനാറുകളിലും നടന്ന് ബിസിനസ് പ്ലാനുകള്‍ സൂക്ഷ്മമായി പഠിച്ച് എ ചാനലെന്നോ ബി ചാനലെന്നോ എ ലെഗ് എന്നോ ബി ലെഗ് എന്നോ ഒക്കെ പേരിട്ട് തനിക്ക് താഴെ ഇടത്തും വലത്തുമായി ഏറ്റവും ചുരുങ്ങിയത് ഈരണ്ട് പേരെ വീതം ചേര്‍ത്ത് മുകളിലുള്ളവന് പണം വാരാന്‍ ഉണ്ടാക്കുന്ന ഈ തട്ടിപ്പ് ചെയിന്‍ മുമ്പ് നിരോധിക്കപ്പെട്ട മണിചെയിനാണെന്നും നിഷിദ്ധമായ ഈ വരുമാന സമ്പാദനത്തിന് ഉല്‍പന്നത്തെ കേവലം മറയാക്കുകയാണെന്നും കേരളത്തെ ബോധ്യപ്പെടുത്തുന്നതില്‍ എസ്.ഐ.ഒയും സോളിഡാരിറ്റിയും അന്ന് വിജയിച്ചു. കേരളത്തിലെ സാമൂഹിക- സാംസ്‌കാരിക സംഘടനകളും യുവജന ക്ലബ്ബുകളും വ്യാപാരി സമൂഹങ്ങളും നെറ്റ്‌വര്‍ക്ക് തട്ടിപ്പിനെതിരായ ആ കാമ്പയിന്‍ ഏറ്റെടുക്കുകയും ഇവക്കെതിരായ ബോധവല്‍ക്കരണത്തിന് എസ്.ഐ.ഒ, സോളിഡാരിറ്റി പ്രവര്‍ത്തകരെ റിസോഴ്‌സ് പേഴ്‌സണ്‍സ് ആയി പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്തു. ഈ തട്ടിപ്പുകള്‍ക്കെതിരെ നിരന്തരം വാര്‍ത്തകളും പരമ്പരകളും നല്‍കിയ മാധ്യമങ്ങളും ആംവെ അടക്കമുള്ള വന്‍കിടക്കാര്‍ക്കെതിരെ റെയ്ഡുകളും കേസുകളും നടത്തിയ കേരള പൊലീസിലെയും ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിലെയും മിടുക്കരായ ഉദ്യോഗസ്ഥരും ഇതൊരു മള്‍ട്ടിലെവല്‍ തട്ടിപ്പാണെന്ന നിലപാട് ശരിവെച്ചു. ഇതിനിടയില്‍ കേരളത്തിലെ ഏറെ പഴക്കമുള്ള പത്രം സ്വന്തം സര്‍ക്കുലേഷന്‍ വര്‍ധിപ്പിക്കാന്‍ ഈ തട്ടിപ്പു രീതി പയറ്റി നാണം കെട്ട് പിന്മാറുന്നതിനും കേരളം സാക്ഷിയായി. ഡിസ്ട്രിബ്യൂട്ടര്‍മാര്‍, ഏജന്റുമാര്‍ തുടങ്ങിയ പേരുകളില്‍ ഇത്തരം കമ്പനികളുടെ കണ്ണികളായി ചേര്‍ന്ന് മറ്റുള്ളവരെ വലയിലാക്കി കണ്ണിചേര്‍ക്കാന്‍ ഹോട്ടല്‍ മുറികളിലും ഓഡിറ്റോറിയങ്ങളിലും ക്ലാസുകളുമായി നടന്ന് തട്ടിപ്പിന് ആളെ കൂട്ടിക്കൊടുത്തവര്‍ക്കെതിരെ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളാണ് അന്ന് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 1978-ലെ പ്രൈസ്, ചിറ്റ്‌സ് ആന്റ് മണി ആന്റ് മണി സര്‍ക്കുലേഷന്‍ സ്‌കീംസ് (ബാനിംഗ്) ആക്ട് പ്രകാരം നിരോധിച്ച തട്ടിപ്പാണ് ഇവര്‍ നടത്തുന്നതെന്നും കാണിച്ച് തന്നെയായിരുന്നു അന്നത്തെ പോലീസ് കേസുകളും അറസ്റ്റുകളും. രോഗം മാറ്റുന്ന മരുന്നുകളുടെ ഫലമുണ്ടാക്കുമെന്ന് പ്രചരിപ്പിച്ച് ന്യൂട്രീഷന്‍ ഉല്‍പന്നങ്ങള്‍ കൊള്ളലാഭം ഈടാക്കി വിറ്റഴിച്ചതിനായിരുന്നു ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കൊച്ചിയിലെ ആംവെ കേന്ദ്രത്തിലടക്കം അന്ന് നടത്തിയ റെയ്ഡ്.
ആംവെ അടക്കമുള്ള ഈ മേഖലയിലെ വന്‍കിടക്കാര്‍ക്കെതിരെയുള്ള കേസുകളും റെയ്ഡുകളും കേരളത്തില്‍ മാത്രമൊതുങ്ങിയില്ല. കേരളത്തിന് പുറമെ തെലങ്കാനയിലും ആന്ധ്രപ്രദേശിലും ആംവെക്കെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇപ്പോള്‍ ബംഗാള്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്ന കൊല്‍ക്കത്തയിലെ ശാരദാ തട്ടിപ്പ് ആദ്യം പുറത്തുവന്നതിനു പിറകെ സമാനമായ തട്ടിപ്പെന്ന നിലയില്‍ ആംവെയുടെ മേധാവി അറസ്റ്റ് ചെയ്യപ്പെട്ടു. ആംവെയോടൊപ്പം കേരളത്തിലെ ആയിരക്കണക്കിനാളുകളെ കണ്ണിചേര്‍ത്ത മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനിയായിരുന്നു പേള്‍സ് അഗ്രോടെക് കോര്‍പറേഷന്‍ ലിമിറ്റഡ്. ഈ കമ്പനിയില്‍ പണം നഷ്ടപ്പെടുത്തിയ ദല്‍ഹി, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ ആയിരക്കണക്കിനാളുകളുടെ കേസ് സുപ്രീംകോടതി തീര്‍പ്പാക്കിയത് ഈയടുത്ത കാലത്താണ്. 5.85 കോടി നിക്ഷേപകര്‍ക്ക് വീതിച്ചുനല്‍കാനായി പേള്‍സ് ഗ്രൂപ്പ് കമ്പനിയുടെ 46,000 കോടി രൂപ വിലപിടിപ്പുള്ള സ്വത്തുക്കള്‍ സുപ്രീംകോടതി കണ്ടുകെട്ടി. മള്‍ട്ടിലെവല്‍ കമ്പനികള്‍ക്കെതിരായ ആവലാതികള്‍ അവസാനിച്ച സമയമൊരിക്കലുമുണ്ടായിട്ടില്ല എന്ന് മനസ്സിലാക്കണം. ഡയറക്ട് സെല്ലിംഗ് ആയതിനാല്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് പരസ്യങ്ങള്‍ വേണ്ടെന്ന് ആളുകളെ പറഞ്ഞു പറ്റിച്ച് കണ്ണികളാക്കിയവര്‍ തങ്ങള്‍ക്കെതിരായ വാര്‍ത്തകള്‍ വരാതിരിക്കാന്‍ കോടികളുടെ പരസ്യമെറിഞ്ഞ് മാധ്യമങ്ങളെ വരുതിയിലാക്കുന്നതും ഇടനിലക്കാര്‍ വഴി സര്‍ക്കാറുകളെ സ്വാധീനിക്കുന്നതുമാണ് പിന്നീട് കണ്ടത്.
കമ്പനികളും സര്‍ക്കാറും തമ്മില്‍ നടത്തിയ ഒത്തുകളി
മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗില്‍ പണം നഷ്ടപ്പെട്ട ലക്ഷക്കണക്കിനാളുകളില്‍ പലരും നിയമനടപടികളിലേക്ക് കടന്നതോടെ സംരക്ഷണത്തിനായി ഇത്തരം തട്ടിപ്പു കമ്പനികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളെ സമ്മര്‍ദത്തിലാക്കി. നിരോധിത പിരമിഡ് സ്‌കീമുകളില്‍നിന്ന് നിയമപരമായി ഇവക്ക് എങ്ങനെ സംരക്ഷണം നല്‍കണമെന്ന ചിന്തയെ തുടര്‍ന്നാണ് രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് 2012-ല്‍ ഏഴംഗ മന്ത്രാലയതല സമിതിയുണ്ടാക്കിയത്. ഡയറക്ട് സെല്ലിംഗ് എന്നും നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് എന്നുമൊക്കെ വിളിക്കുന്ന മള്‍ട്ടിലെവല്‍ തട്ടിപ്പിനെ നിയന്ത്രിക്കാനുള്ള നിയമവും ചട്ടങ്ങളുമുണ്ടാക്കാന്‍ എന്ന് പറഞ്ഞാണ് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്റെ സെക്രട്ടറി അധ്യക്ഷനായ സമിതി ഈ ദൗത്യത്തിലേക്ക് കടന്നത്. ഇത്തരം കമ്പനികളെയും അവരുടെ വിപണന തന്ത്രങ്ങളെയും ഏത് വകുപ്പ് കൈകാര്യം ചെയ്യണമെന്ന് നിര്‍ദേശിക്കാനും സമിതിയോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഡയറക്ട് സെല്ലിംഗ് അസോസിയേഷന്‍ (ഐ.ഡി.എസ്.എ) എന്ന പേരില്‍ സംഘടനയുണ്ടാക്കി ആ സമയത്ത് 5200 കോടി വിറ്റുവരവുണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു ഒറിഫ്‌ളൈം, ആവോണ്‍, ആംവെ തുടങ്ങിയ കമ്പനികള്‍. മണിചെയിനിന് ബാധകമായ 1978-ലെ പ്രൈസ്, ചിറ്റ്‌സ്, ആന്റ് മണി സര്‍ക്കുലേഷന്‍ സ്‌കീംസ് (ബാനിംഗ്) ആക്റ്റിന്റെ പരിധിയില്‍നിന്ന് തങ്ങളെ പുറത്താക്കി തങ്ങള്‍ക്കായി പ്രത്യേക നിയമനിര്‍മാണം നടത്തണമെന്ന ഈ കമ്പനികളുടെ ആവശ്യം അംഗീകരിക്കുകയാണുണ്ടായത്. ലക്ഷങ്ങളെ വഞ്ചിച്ച ശേഷവും പഴയ വീഞ്ഞ് അതേ കുപ്പിയില്‍ തന്നെ ഒഴിച്ച് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗുമായി മുന്നോട്ടുപോകാന്‍ ഈ കമ്പനികള്‍ക്ക് കഴിഞ്ഞത് അതുകൊണ്ടാണ്.
തങ്ങള്‍ പുതിയ കണ്ണികളെ ചേര്‍ക്കുന്നതിന് റെമ്യൂണറേഷനും ഇന്‍സെന്റീവും നല്‍കുന്നില്ലെന്ന് കേന്ദ്ര ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിനു കീഴിലുള്ള ഉപഭോക്തൃ വകുപ്പിന് എഴുതിക്കൊടുത്താണ് കമ്പനികളെല്ലാം പഴയ നെറ്റ്‌വര്‍ക്ക് തട്ടിപ്പ് ഇപ്പോഴും നടത്തുന്നത് എന്നതാണ് ഏറെ കൗതുകകരം. ചെയ്യുന്നതിന് നേര്‍വിപരീതമായതുപോലുള്ള 'ഉറപ്പുകള്‍' നിര്‍ദിഷ്ട ഫോറങ്ങളില്‍ എഴുതി വാങ്ങി മള്‍ട്ടിലെവല്‍ തട്ടിപ്പ് നടത്തുന്ന ഇത്തരം കമ്പനികളുടെ പട്ടിക വര്‍ഷാവര്‍ഷം പുതുക്കിക്കൊണ്ടിരിക്കുക മാത്രമാണിപ്പോള്‍ കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്റെ പണി. മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 457 കമ്പനികളാണ് 2020-ല്‍ ഡയറക്ട് സെല്ലിംഗ് കമ്പനികളുടെ പട്ടികയിലുള്ളത്.
കേരളത്തില്‍ സംഭവിച്ചത്
കേരളത്തിലെ ചില രാഷ്ട്രീയ പാര്‍ട്ടികളുടെ തണലില്‍ ട്രേഡ് യൂനിയന്‍ സംഘടനകള്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗിലൂടെ ആളുകളെ കണ്ണിചേര്‍ക്കുന്ന ഡിസ്ട്രിബ്യൂട്ടര്‍മാര്‍ക്കായി രംഗത്തുവന്നു. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിഗും മണിചെയിനും രണ്ടാണെന്ന വാദമുയര്‍ത്തി 1978-ലെ നിയമത്തില്‍നിന്ന് അവര്‍ക്ക് പരിരക്ഷ നല്‍കുന്നതിനുള്ള കളിയാണ് ഈ ട്രേഡ് യൂനിയനുകളുടെ കാര്‍മികത്വത്തില്‍ പിന്നീട് കേരളത്തിലും നടന്നത്. അതിന് സമരപരിപാടികള്‍ പോലും നടത്തി ഈ ട്രേഡ് യൂനിയനുകള്‍. കെ.എം മാണി എന്ന കേരളത്തിന്റെ അന്നത്തെ ധനമന്ത്രിയെയും ഇതിനായി തട്ടിപ്പുകമ്പനികള്‍ പാട്ടിലാക്കി. 2015 മാര്‍ച്ച് 13-ലെ കേരള ഫിനാന്‍സ് ബില്ലിലൂടെ കെ.എം മാണി മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ക്ക് നിയമക്കുരുക്കുകളില്‍നിന്ന് രക്ഷപ്പെടാനുള്ള പരിരക്ഷയൊരുക്കി. കച്ചവടം തട്ടിപ്പാണെന്ന് എന്നൊന്നും നോക്കാതെ എല്ലാ മള്‍ട്ടിലെവല്‍ കമ്പനികളും വിതരണക്കാരും ഏജന്റുമാരും രജിസ്റ്റര്‍ ചെയ്യണമെന്ന് 2015-ലെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ.എം മാണി പ്രഖ്യാപിച്ചു. മാണിയുടെ ഈ പ്രഖ്യാപനത്തിന്റെ ചുവടു പിടിച്ച് ഇടതു സര്‍ക്കാര്‍ 2003-ലെ കേരള വാറ്റ് നിയമവും 2015-ലെ കേരള ഫിനാന്‍സ് ആക്ടും നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനികളുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി ഭേദഗതി ചെയ്തു. അങ്ങനെ മണിചെയിന്‍ മാതൃകയില്‍ ആളുകളെ കണ്ണിചേര്‍ത്ത് ലക്ഷക്കണക്കിനാളുകളുടെ കോടികള്‍ കവര്‍ന്നതിന് രാജ്യത്തെ വിവിധ കോടതികളില്‍ കേസും വിചാരണയും നേരിടുന്ന കമ്പനികളെ കേരളത്തില്‍ ആരെയും ഭയക്കാതെ സൈ്വരവിഹാരം നടത്തുന്നതിന് സര്‍ക്കുലറുമായി വാണിജ്യ നികുതി കമീഷണറും രംഗത്തുവന്നു. തോമസ് ഐസക് ധനമന്ത്രിയായി ഇടതു സര്‍ക്കാര്‍ ഇതിന് തൊട്ടുപിറകെ അധികാരമേറ്റുവെങ്കിലും മള്‍ട്ടിലെവല്‍ തട്ടിപ്പിന് നിയമ പരിരക്ഷ നല്‍കിയ മാണിയുടെ തെറ്റ് തുടരുകയാണ് ചെയ്തത്. ഏജന്റുമാര്‍ക്ക് എം.എല്‍.എം കമ്പനികള്‍ ആദായ നികുതിയും ടി.ഡി.എസും പിടിച്ച ശേഷമാണ് കമീഷന്‍ നല്‍കുന്നത് എന്നതിനാല്‍ കച്ചവടം ഏത് തരത്തിലുള്ള തട്ടിപ്പാണെങ്കിലും നികുതി നഷ്ടപ്പെടരുതെന്ന വാശിയേ തോമസ് ഐസക്കിനുമുണ്ടായിരുന്നുള്ളൂ.
ബന്ധങ്ങള്‍ തകര്‍ക്കുന്ന ബിസിനസ് ചതിക്കുഴികള്‍
കുടുംബ ബന്ധങ്ങളും സുഹൃദ്ബന്ധങ്ങളും ഉപയോഗപ്പെടുത്താന്‍ ഇവരെ പ്രേരിപ്പിക്കുന്നത് പണത്തോടുള്ള ആര്‍ത്തിയല്ലാതെ മറ്റൊന്നുമല്ല. ബിസിനസിന്റെ സാധ്യതകള്‍ വിശദീകരിച്ച് ഐശ്വര്യപൂര്‍ണമായ ഭാവി ഉറപ്പുതന്ന് നിങ്ങളുടെ ഏറ്റവുമടുത്ത സുഹൃേത്താ ബന്ധുവോ ആയിരിക്കും നിങ്ങളെ സമീപിക്കുക. കമ്പനിയുടെ ഡെമണ്‍സ്‌ട്രേഷന്‍ ക്ലാസുകളില്‍ കേട്ടറിയുക മാത്രം ചെയ്തിട്ടുള്ള ലാഭത്തെക്കുറിച്ച് ഇവര്‍ സംസാരിക്കുന്നത് സ്വന്തം അനുഭവത്തിലെന്നപോലെയായിരിക്കും. സൗഹൃദവും കുടുംബ ബന്ധവും കമ്പനിയിലേക്ക് നയിക്കാനുള്ള ഉപാധി മാത്രമാണിവര്‍ക്ക്. തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് ഏതറ്റം വരെയും പോകുന്ന ഈ രീതി മൂലം ഓരോരുത്തരും തങ്ങളുടെ നെറ്റ്‌വര്‍ക്കുകളില്‍ മാത്രം ഒതുങ്ങിപ്പോകും. കണ്ണിയാകാനുള്ള ക്ഷണം സ്വീകരിച്ചവര്‍ മിത്രങ്ങളും തട്ടിപ്പിനെ എതിര്‍ത്തവര്‍ ശത്രുക്കളുമാകുന്നു. അവസാനം സ്വന്തം അധ്വാനവും ഊര്‍ജവും നശിപ്പിച്ച ബിസിനസ് നിര്‍ത്തുമ്പോള്‍ നെറ്റ്‌വര്‍ക്കിലുള്ള കൂട്ടുകാരും നഷ്ടപ്പെടുകയും ചെയ്ത വഞ്ചനയുടെ പേരില്‍ സമൂഹത്തിന്റെ നിന്ദ ഏറ്റുവാങ്ങേണ്ടിവരികയും ചെയ്യും.
ആളുകളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്ത് ലഭിക്കുന്ന പണവും സമ്പത്തും കൊണ്ടാണോ നിങ്ങള്‍ സ്വപ്‌നം കാണാനും സന്തുഷ്ട ജീവിതം നയിക്കാനും പോകുന്നത്? തങ്ങള്‍ കൊടുത്ത പണം വസൂലാക്കാന്‍ അപരന്റെ പണം അപഹരിക്കുന്ന മാര്‍ക്കറ്റിംഗ് രീതി നീതിബോധമുള്ള മനുഷ്യര്‍ക്ക് സ്വീകാര്യമല്ല. ഒരു കമ്പനിയുടെ തൊണ്ണൂറ്റൊമ്പത് ശതമാനം ഡിസ്ട്രിബ്യൂട്ടര്‍മാരുടെയും നഷ്ടപ്പെടുത്തിയ പണത്തിന്റെയും ചെലവഴിച്ച അധ്വാനത്തിന്റെയും വാങ്ങിക്കൂട്ടിയ അനാവശ്യ ഉല്‍പ്പന്നങ്ങളുടെയും മുകളില്‍ കേവലം ഒരു ശതമാനം ആളുകള്‍ മാത്രം മെച്ചപ്പെട്ട ജീവിതം നയിക്കുന്നതല്ല ശാസ്ത്രീയമായ ബിസിനസ് രീതി.
മനുഷ്യബന്ധങ്ങളെയും കച്ചവട നിയമങ്ങളെയും ഇസ്‌ലാം വ്യക്തമായും നിര്‍വചിച്ചിരിക്കെ, സംശയാസ്പദമായ കാര്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ഇസ്‌ലാം നിര്‍ദേശിച്ചിരിക്കെ, ഇസ്‌ലാമിക വിരുദ്ധമെന്ന് സ്പഷ്ടമായ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗില്‍ ഇതിനകം ചേര്‍ന്നു കഴിഞ്ഞവര്‍ സ്വാര്‍ഥ വിചാരങ്ങള്‍ വെടിഞ്ഞ് പുനര്‍വിചിന്തനം നടത്തിയില്ലെങ്കില്‍ ഭൂമിയില്‍ തന്നെ നിന്ദ്യത അനുഭവിക്കുകയായിരിക്കും അനന്തരഫലം.
Comments