ചരിത്രസത്യങ്ങളെ വെട്ടിമാറ്റാനാവില്ല
അമേരിക്കന്‍ ചരിത്രകാരനും രാഷ്ട്രമീമാംസാ ചിന്തകനുമായ ഹൊവാര്‍ഡ് സിന് (Howard Zinn) 1980-ല്‍ ജനപ്രീതി പിടിച്ചുപറ്റിയ ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയുണ്ടായി; 'അമേരിക്കന്‍ ഐക്യനാടുകളുടെ ജനപക്ഷ ചരിത്രം' (A People’s History of the United States). തങ്ങള്‍ക്കിഷ്ടമില്ലാത്ത പലരെയും വെട്ടിമാറ്റിയും കീഴാള ജനകീയ സമരങ്ങളെ തമസ്കരിച്ചും നിസ്സാരവത്കരിച്ചും ആസ്ഥാന ദേശീയ ചരിത്രകാരന്മാര് മഹത്വപ്പെടുത്തിവെച്ച അമേരിക്കന്‍ ചരിത്രത്തെയും പൈതൃകത്തെയും അപനിര്മിക്കുകയായിരുന്നു ഹൊവാര്‍ഡ് സിന്. 'എന്റെ ചരിത്രം അടിമത്തത്തോടും വംശീയതയോടും പോരാടിയവരുടെ, അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയ തൊഴിലാളി പ്രസ്ഥാനങ്ങളുടെ, യുദ്ധത്തിനും സൈനികവത്കരണത്തിനുമെതിരെ നിലകൊണ്ട സ്ഥിതിസമത്വവാദികളുടെ ചരിത്രമാണ്. ഫിലിപ്പിനോ ഗ്രാമങ്ങളില്‍ കൂട്ടക്കൊല നടത്തിയതിന്റെ പേരില്‍ അതിന് നേതൃത്വം നല്കിയ ജനറലിനെ അഭിനന്ദിച്ച തിയോഡര്‍ റൂസ്വെല്റ്റല്ല എന്റെ ഹീറോ; കൂട്ടക്കൊലയെ നിശിതമായി വിമര്‍ശിക്കുകയും ഇംപീരിയലിസത്തെ പരിഹസിക്കുകയും ചെയ്ത മാര്‍ക്ക് ട്വെയ്നാണ്' എന്ന് അദ്ദേഹം പിന്നീട് എഴുതുന്നുണ്ട്. അദ്ദേഹത്തിന് ക്രിസ്റ്റഫര്‍ കൊളംബസ് അമേരിക്ക 'കണ്ടുപിടിച്ച' മഹാനല്ല; അമേരിക്കയില്‍ അടിമത്തത്തിന് തുടക്കം കുറിച്ച അധിനിവേശകനാണ്.
അടിമത്തത്തിനും വംശീയ വിവേചനത്തിനും നേതൃത്വം നല്കിയവര് എഴുതിവെച്ച വ്യാജ ചരിത്രത്തെ പൊളിച്ചെഴുതുകയായിരുന്നു ഹൊവാര്‍ഡ് സിന്. ഏതാണ്ട് ഇതേ സ്വഭാവത്തിലുള്ള ചരിത്ര നിര്‍മിതിയാണ് ഇന്ത്യയിലും ഉണ്ടായിട്ടുള്ളത്. ബ്രിട്ടീഷ് കൊളോണിയലിസം അതിന്റെ രാഷ്ട്രീയ താല്പര്യങ്ങള് സംരക്ഷിക്കാന്‍ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രമാണ് പുറത്തെടുത്തിരുന്നത്. അതായത് ഇന്ത്യയിലെ പ്രമുഖ സമുദായങ്ങളായ ഹിന്ദുക്കളും മുസ്ലിംകളും ഒരുമിച്ചു നിന്ന് തങ്ങള്‍ക്കെതിരെ പോരാടാതിരിക്കാന്‍ കള്ളചരിത്രം ചമച്ച് അവര്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കുക. ബ്രിട്ടീഷ് കൊളോണിയല്‍ ചരിത്രകാരന്മാരുടെ രചനകള്‍ ഈ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടുള്ളതാണ്. നിര്‍ഭാഗ്യവശാല്‍, സ്വാതന്ത്ര്യാനന്തരവും ഈ വ്യാജ കൊളോണിയല്‍ രചനകളെ അപ്പടി പകര്‍ത്തുന്ന രീതിയാണ് നമ്മുടെ പല ദേശീയ ചരിത്രകാരന്മാരും കൈക്കൊണ്ടത്. അതിനാല്‍ തന്നെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയ ടിപ്പുവും മലബാറിലെ മാപ്പിളമാരും കൊളോണിയല്‍വിരുദ്ധ ചെറുത്തുനില്‍പ്പുകള്‍ക്ക് നേതൃത്വം നല്കിയ മറ്റു കീഴാള വിഭാഗങ്ങളും ഇപ്പോഴും തമസ്കരിക്കപ്പെടുന്നു; അല്ലെങ്കില്‍ പിശാചുവത്കരിക്കപ്പെടുന്നു.
ഇത് രണ്ടും സംഭവിച്ചിട്ടുണ്ട് മലബാര്‍ സമരത്തിന്റെ കാര്യത്തില്‍. 1921-ലെ മലബാര്‍ സമരത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി കാണാന്‍ നമ്മുടെ ദേശീയ ചരിത്രകാരന്മാര് ആദ്യം കൂട്ടാക്കിയില്ല. അവര്‍ക്കത് ഹിന്ദുക്കള്‍ക്കെതിരായ മുസ്ലിം ലഹള മാത്രമായിരുന്നു. പിന്നീടാണ് അതു സംബന്ധമായ ഒട്ടേറെ പഠനങ്ങള്‍ പുറത്തുവരുന്നത്. ചില വഴിതെറ്റലുകള്‍ ഉണ്ടായെങ്കിലും, മലബാര്‍ സമരത്തെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കാണാന്‍ ഇന്ന് മിക്ക ചരിത്രകാരന്മാരും തയാറായിട്ടുണ്ട്.
പക്ഷേ വ്യാജ ചരിത്ര നിര്‍മിതിയുടെ അപ്പോസ്തലന്മാരായ സംഘ് പരിവാറിനെ മലബാര്‍ സമരത്തെക്കുറിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്ന വസ്തുതകളൊന്നും തെല്ലും സ്വാധീനിക്കുന്നില്ല. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദു ഹാജിയെ കേന്ദ്ര പ്രമേയമാക്കി വരാന്‍ പോകുന്ന സിനിമയെ ചൊല്ലിയുള്ള അവരുടെ ഹാലിളക്കം അതിന് തെളിവാണ്. ഇപ്പോഴിതാ, 1857 മുതല്‍ 1947 വരെയുള്ള കാലയളവില്‍ ധീരരക്തസാക്ഷികളായ 14,000 പേരെ ഉള്‍പ്പെടുത്തി അഞ്ച് വാള്യങ്ങളിലായി ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലും (ഐ.സി.എച്ച്.ആര്) കേന്ദ്ര സാംസ്കാരിക മന്ത്രാലയവും ചേര്‍ന്ന് പുറത്തിറക്കിയ 'രക്തസാക്ഷി നാമകോശ'ത്തില്‍നിന്ന് വാരിയന്‍കുന്നത്തിനെയും ആലി മുസ്ലിയാരെയും എ. കുഞ്ഞിരാമന് അടിയോടിയെയും ടി.പി കുമാരന് നായരെയും പോലുള്ള മലബാര്‍ സമരനായകരെ വെട്ടിമാറ്റിയിരിക്കുന്നു. 2019 മാര്‍ച്ച് ഏഴിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പുസ്തകം പ്രകാശനം ചെയ്തത്. ഇതൊരു തട്ടിക്കൂട്ട് പുസ്തകമല്ലെന്ന് അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ സാക്ഷ്യപ്പെടുത്തുന്നു. മേല്‍പ്പറഞ്ഞ കാലയളവില്‍ ഇന്ത്യാ ചരിത്രത്തിലുണ്ടായ ആദിവാസി ചെറുത്തുനില്‍പ്പുകളിലും ഖിലാഫത്ത്-നിസ്സഹകരണ സമരങ്ങളിലും സിവില്‍ നിയമലംഘനങ്ങളിലും കര്‍ഷക-തൊഴിലാളി സമരങ്ങളിലും ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭങ്ങളിലുമെല്ലാം ജീവന് വെടിഞ്ഞ അറിയപ്പെടാത്ത രക്തസാക്ഷികളെ കണ്ടെത്താനുള്ള ഒരു നല്ല ഉദ്യമമായിരുന്നു അത്. അതിനു വേണ്ടി കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും ആധികാരികമായ സ്രോതസ്സുകളെയാണ് ചരിത്രകാരന്മാര് അവലംബിച്ചത്. ചരിത്രകാരന്മാരുടെ ആ യത്നങ്ങളെ അപഹസിക്കുകയും കരിവാരിത്തേക്കുകയുമാണ് സംഘ് പരിവാര്‍ ചെയ്തിരിക്കുന്നത്. ഒപ്പം തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള, അവര്‍ക്ക് അനഭിമതരായ ചില രക്തസാക്ഷികളെയും വെട്ടിമാറ്റിയിട്ടുണ്ട്. ഇതുകൊണ്ടൊന്നും ചരിത്രം ചരിത്രമല്ലാതാവുകയോ വ്യാജചരിത്രം ചരിത്രമാവുകയോ ചെയ്യില്ലെന്ന് സംഘ് പരിവാര്‍ മനസ്സിലാക്കണം. ജീവത്യാഗം ചെയ്ത ആ സമരനായകരൊക്കെ ജനമനസ്സുകളില്‍ കൂടുതല്‍ തെളിമയോടെ നിറഞ്ഞുനില്‍ക്കുക തന്നെ ചെയ്യും.
Comments