Prabodhanm Weekly

Pages

Search

2020 സെപ്റ്റംബര്‍ 18

3168

1442 മുഹര്‍റം 30

രാഷ്ട്രീയ സംവാദങ്ങള്‍ കേട്ടു വളര്‍ന്ന കുട്ടിക്കാലം

ഡോ. മുസ്തഫ കമാല്‍ പാഷ /സി.എസ് ഷാഹിന്‍

[ജീവിതം- ഒന്ന്]

രാഷ്ട്രീയപ്രബുദ്ധതയാല്‍ സജീവമായിരുന്ന ചെര്‍പ്പുളശ്ശേരിയില്‍നിന്നാണ് എന്റെ ജീവിത യാത്ര ആരംഭിക്കുന്നത്. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി വീരമംഗലം ദേശത്ത്, നെല്ലിക്കുറുശ്ശി തറവാട്ടില്‍ 1946 ജൂണ്‍ 25-ന് ജനനം. നെല്ലിക്കുറുശ്ശി മുഹമ്മദിന്റെയും മഠത്തില്‍ തിത്തിക്കുട്ടിയുടെയും മൂത്ത മകന്‍. ഉപ്പാപ്പമാര്‍ നെല്ലിക്കുറുശ്ശിയില്‍നിന്ന് ചെര്‍പ്പുളശ്ശേരിയിലേക്ക് വന്നവരായിരുന്നു. അങ്ങനെയാണ് 'നെല്ലിക്കുറുശ്ശി കുടുംബം' എന്ന പേര് കിട്ടിയത്. തമിഴ് ചുവയുള്ള പദമാണ് കുറുശ്ശി. വര്‍ഷത്തില്‍ മൂന്നു തവണ കൃഷി ചെയ്യുന്ന സ്ഥലം എന്നാണ് അതിന്റെ അര്‍ഥം. പാലക്കാട് ജില്ലയിലെ പല സ്ഥലങ്ങളുടെയും പേരിനൊപ്പം 'കുറുശ്ശി' എന്ന വാല് കാണാം. ഭൂപ്രകൃതിക്കനുസരിച്ചാണ് സ്ഥലങ്ങള്‍ക്ക് പൊതുവെ പേരു വീഴുന്നത്.
ഉപ്പ മഹല്ല് കമ്മിറ്റി പ്രസിഡന്റും ടൗണ്‍ മുസ്ലിം ലീഗിന്റെ പ്രസിഡന്റുമായിരുന്നു. താടി മുഹമ്മദ്ക്ക എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. സാമൂഹിക പ്രവര്‍ത്തകനും ജനകീയനുമായിരുന്നു. എല്ലാ വിഭാഗം ജനങ്ങളുമായും ഊഷ്മള ബന്ധം. ധര്‍മിഷ്ഠന്‍. തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്ലെങ്കില്‍പോലും കടം കൊടുക്കും. മടക്കിത്തരാന്‍ കഴിവില്ലാത്തവര്‍ക്ക് എന്തിന് കടം കൊടുക്കുന്നു എന്ന് ചോദിച്ചാല്‍ 'അതൊന്നും സാരല്ല' എന്നായിരിക്കും ഉപ്പയുടെ മറുപടി. താഴ്ന്ന ജാതിക്കാരോടും സവര്‍ണരോടും ഒരുപോലെയാണ് അദ്ദേഹം ഇടപഴകിയിരുന്നത്. മുസ്ലിംകള്‍ പൊതുവെ അങ്ങനെയായിരുന്നു. താഴ്ന്ന ജാതിക്കാര്‍ സ്നേഹവും സൗഹൃദവും അനുഭവിച്ചിരുന്നത് മുസ്‌ലിംകളില്‍നിന്നായിരുന്നു. ദലിതരെ ഉന്നത ജാതിക്കാര്‍ അകലത്തിലാണ് നിര്‍ത്തിയിരുന്നത്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അന്നുണ്ടായിരുന്നു.
സവര്‍ണരുടെ വീട്ടില്‍ കല്യാണമുണ്ടാകുമ്പോള്‍ ആ ദിവസം താഴ്ന്ന ജാതിക്കാരെ ക്ഷണിക്കില്ല. കല്യാണപ്പിറ്റേന്ന് മാത്രമാണ് അവരെ വിളിക്കുക. അവര്‍ക്ക് ഭക്ഷണം വിളമ്പാനായി ചെറിയ കുഴികള്‍ ഉണ്ടാക്കും. കുഴിയില്‍ ചേമ്പില വെച്ച് അതില്‍ കഞ്ഞി പാരും. പ്ലാവില കൊണ്ട് കഞ്ഞി കോരിക്കുടിക്കും. സവര്‍ണരില്‍നിന്ന് വിവേചനവും നിന്ദ്യതയും അനുഭവിച്ചിരുന്ന ദലിതര്‍ക്ക് മുസ്‌ലിംകളുമായുള്ള ഇടപഴക്കമാണ് ആശ്വാസം നല്‍കിയിരുന്നത്.
ഉപ്പ സ്റ്റേഷനറി കച്ചവടക്കാരനായിരുന്നു. ബസ് സ്റ്റോപ്പിനടുത്താണ് പീടിക. കടയുടെ മുന്നിലാണ് ആളുകള്‍ ബസ് കാത്തുനില്‍ക്കുക. കടവരാന്തയില്‍ ഉപ്പ ബെഞ്ചും ഡെസ്‌കും ഇട്ടിരുന്നു. എല്ലാ പത്രങ്ങളും ഡെസ്‌കിന് മുകളിലുണ്ടാകും. കടയുടെ മുന്നില്‍ മിക്ക സമയത്തും ആളുകള്‍ കൂടി നില്‍ക്കും. പത്രവായനയും ചര്‍ച്ചയും ബസ് കാത്തുനില്‍ക്കലുമൊക്കെയായി പീടിക പരിസരം എപ്പോഴും സജീവം. കടവരാന്തയിലെ ബെഞ്ചും ഡെസ്‌കുമായിരുന്നു എന്റെ ആദ്യത്തെ ലൈബ്രറി. എല്‍.പി ക്ലാസ്സുകളില്‍ പഠിക്കുമ്പോള്‍ തന്നെ എല്ലാ ദിവസവും പത്രങ്ങള്‍ ഞാന്‍ മുടങ്ങാതെ വായിക്കുമായിരുന്നു.
1920-കളില്‍ തന്നെ രാഷ്ട്രീയ ചര്‍ച്ചകളാല്‍ സജീവമായിരുന്നു ചെര്‍പ്പുളശ്ശേരി. ഈസ്റ്റിന്ത്യാ കമ്പനിയുടെ മലബാറിലെ ആസ്ഥാനങ്ങളില്‍ ഒന്നായിരുന്നു അത്. 'പുത്തനാല്‍ കാവ്' രാഷ്ട്രീയ യോഗങ്ങള്‍ നടക്കുന്ന ഇടമാണ്. പണ്ട് കേരളത്തില്‍ അധികവും കാവുകള്‍ ആയിരുന്നു. കാവും ക്ഷേത്രവും തമ്മില്‍ വ്യത്യാസമുണ്ട്. ആല്‍ അല്ലെങ്കില്‍ പാലമരം കേന്ദ്രീകരിച്ചായിരിക്കും കാവുകള്‍ ഉണ്ടാവുക. 500 മുതല്‍ 700 കൊല്ലം വരെ ഒരു ആല്‍ നിലനില്‍ക്കും. ഓരോ ആല്‍മരത്തിനും ഏഴ് തലമുറയുടെ അനുഭവങ്ങള്‍ പങ്കുവെക്കാനുണ്ടാകും. ആലിന്റെ മുകളില്‍ ദൈവങ്ങള്‍ ഉണ്ടെന്നാണ് സങ്കല്‍പം. ആലിന്‍ ചുവട്ടില്‍ പ്രതിഷ്ഠ വെക്കുകയോ വെക്കാതിരിക്കുകയോ ചെയ്യാം. ഇങ്ങനെ കാവ് ഒരു തുറന്ന സ്ഥലമായിരിക്കും. ആര്‍ക്കും എപ്പോഴും പോകാം, പ്രാര്‍ഥിക്കാം, സംസാരിച്ചിരിക്കാം. ഒരു പൂജാരിയുടെ ആവശ്യമില്ല. സ്വാഭാവികമായും  'അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല' എന്ന ബോര്‍ഡും അവിടെ കാണുകയില്ല. 
ഖിലാഫത്ത് പ്രക്ഷോഭകാലത്ത് ഖിലാഫത്ത് കമ്മിറ്റിയുടെ ഒരു പൊതുയോഗം പുത്തനാല്‍ പറമ്പില്‍ നടത്താന്‍ തീരുമാനിക്കപ്പെട്ടു. അവിടെ യോഗം നടത്താന്‍ മാപ്പിളമാര്‍ക്ക് അനുവാദം കൊടുക്കരുതെന്ന് സ്ഥലത്തെ സവര്‍ണര്‍ പോലീസിനോട് ആവശ്യപ്പെട്ടു. ബ്രഹ്മദത്തന്‍ നമ്പൂതിരിയുടേതായിരുന്നു ആ സ്ഥലം. എസ്.ഐ ഇക്കാര്യം അദ്ദേഹത്തോട് പറഞ്ഞു. 'അത് എന്റെ സ്വകാര്യസ്വത്താണ്. അവിടെ എന്ത് നടക്കണമെന്ന് ഞാന്‍ തീരുമാനിക്കും'- ഇതായിരുന്നു ബ്രഹ്മദത്തന്‍ നമ്പൂതിരിയുടെ മറുപടി. അങ്ങനെ ഖിലാഫത്ത് പൊതുയോഗം വിജയകരമായി നടക്കുകയുണ്ടായി.
രാഷ്ട്രീയ സംവാദങ്ങളാല്‍ ചൂടുപിടിച്ച ചെര്‍പ്പുളശ്ശേരി കവലയിലൂടെയാണ് എന്റെ ബാല്യ-കൗമാര കാലം നടന്നുനീങ്ങിയത്. മിക്ക വൈകുന്നേരങ്ങളിലും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പൊതുയോഗമുണ്ടാകും. ഇ.എം.എസ്, ഇ.പി ഗോപാലന്‍, എ.കെ ഗോപാലന്‍, ബാഫഖി തങ്ങള്‍, സി.എച്ച് മുഹമ്മദ് കോയ തുടങ്ങി നിരവധി നേതാക്കള്‍ പ്രഭാഷണത്തിനായി ചെര്‍പ്പുളശ്ശേരിയില്‍ വന്നിരുന്നു. അഞ്ചാം ക്ലാസില്‍ എത്തുമ്പോഴേക്കും എന്നില്‍ രാഷ്ട്രീയബോധവും ലോകവീക്ഷണവും രൂപപ്പെട്ടിരുന്നു. കേരളത്തിലെ മൊത്തം രാഷ്ട്രീയ സ്ഥിതിവിശേഷത്തെ സംബന്ധിച്ച് അക്കാലത്തുതന്നെ എനിക്ക് ഏകദേശ ധാരണയുണ്ട്. പീടിക വരാന്തയുടെ ഡെസ്‌കിന് പുറത്തുള്ള പത്രങ്ങളും ദിനേനയെന്നോണം നടന്നിരുന്ന പൊതുയോഗങ്ങളുമായിരുന്നു ഈ രാഷ്ട്രീയ ബോധം രൂപപ്പെടുത്തിയത്. 
ജനങ്ങളുമായി പെട്ടെന്ന് ഇടപഴകുന്ന പ്രകൃതമായിരുന്നു എന്റേത്. ഉപ്പയുടെ സ്വഭാവം ഞാനറിയാതെ എന്നിലേക്ക് പകരുകയായിരുന്നു. പ്രായമായ സ്ത്രീകള്‍ എന്റെ അടുക്കല്‍ വന്ന് അവരുടെ കുടുംബ പ്രശ്നങ്ങളും പ്രയാസങ്ങളും പങ്കുവെക്കും. ഞാനാകട്ടെ അന്ന് സ്‌കൂളില്‍ പഠിക്കുന്ന കാലവും. ഇതൊക്കെ എന്തിനാ എന്നോട് പറയുന്നതെന്ന് എനിക്കറിയില്ലായിരുന്നു. എങ്കിലും അതു മുഴുവനും കേട്ടിരിക്കും.
നാലാം ക്ലാസ് പാസായപ്പോള്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതി ചെര്‍പ്പുളശ്ശേരി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പ്രവേശനം നേടി. ഹൈസ്‌കൂള്‍ കാലത്ത് എന്റെ സമയം മുഴുവന്‍ രണ്ടു കാര്യങ്ങള്‍ പങ്കിട്ടെടുത്തിരുന്നു. ഒന്ന് പഠനം, രണ്ട് കച്ചവടം. അക്കാരണത്താല്‍ പന്ത് കളിക്കാനോ, സ്‌കൂളിലെ കലാപരിപാടികളില്‍ പങ്കെടുക്കാനോ എനിക്ക് സമയം കിട്ടിയിരുന്നില്ല.
ഉപ്പയെ ഇടക്കിടെ തലവേദന വേട്ടയാടും. അതുകൊണ്ട് ഒഴിവുസമയങ്ങളിലെല്ലാം കടയില്‍ എന്റെ സാന്നിധ്യം അനിവാര്യമാണ്. രാവിലെ സ്വുബ്ഹിക്ക് പീടിക തുറക്കല്‍ എന്റെ ചുമതലയാണ്. ഒറ്റപ്പാലത്തേക്കുള്ള ആദ്യ ബസ്സ് വരുമ്പോഴേക്കും കട തുറക്കണം. കാരണം  ആ ബസ്സിലെ യാത്രക്കാര്‍  ബീഡിയും തീപ്പെട്ടിയും വാങ്ങാന്‍ കടയിലേക്ക് വരും. സ്‌കൂളില്‍ പോകേണ്ട  സമയം ആകുമ്പോഴാണ് ഉപ്പ എത്തുക. ഉച്ചനേരത്തെ ഇടവേളയില്‍ സ്‌കൂളില്‍ നിന്ന് വന്നാല്‍ എനിക്ക് മൂന്ന് പണികളുണ്ട്. ഭക്ഷണം കഴിക്കലും നമസ്‌കാരവുമാണ് ഒന്ന്. ശേഷം  ഉപ്പ ഭക്ഷണത്തിനും നമസ്‌കാരത്തിനും പോകുമ്പോള്‍ ഞാന്‍ കടയില്‍ ഇരിക്കണം.  എളാപ്പയുടെ കടയില്‍ പോകലാണ് മൂന്നാമത്തെ പണി. എങ്കിലേ എളാപ്പയുടെ ഭക്ഷണം കഴിക്കലും നമസ്‌കാരവും നടക്കൂ. ഇതൊക്കെ കഴിഞ്ഞാല്‍ അര കിലോമീറ്റര്‍ ദൂരമുള്ള സ്‌കൂളിലേക്ക് ഒരൊറ്റ ഓട്ടം. ക്ലാസിലെത്തി ബെഞ്ചില്‍ ഇരുന്നാലും കിതപ്പ്  മാറിയിട്ടുണ്ടാകില്ല. വൈകുന്നേരം സ്‌കൂള്‍ വിട്ട് വന്നാല്‍ എളാപ്പയുടെ ബീഡി കമ്പനിയില്‍  എത്തണം. ബീഡിപ്പൊതിയില്‍ ലേബല്‍ ഒട്ടിക്കല്‍ എന്റെ ഡ്യൂട്ടിയാണ്. ദിവസങ്ങള്‍ അങ്ങനെ കടന്നുപോകും. മനോരമ, മാതൃഭൂമി, അമ്പിളിഅമ്മാവന്‍ തുടങ്ങിയ മാസികകളുടെ പഴയ ലക്കങ്ങള്‍ ആളുകള്‍  കടയില്‍ വില്‍ക്കാന്‍ കൊണ്ടുവരും. സാധനങ്ങള്‍ പൊതിഞ്ഞുകൊടുക്കാന്‍ അതാണ് ഉപയോഗിക്കാറ്. നായര്‍ വീട്ടുകാരാണ് കൂടുതലും മാസികകള്‍ കൊണ്ടുവരാറുള്ളത്. ഒരു കൊല്ലത്തെ മുഴുവന്‍ ലക്കങ്ങളും ഒറ്റക്കെട്ടാക്കി കടയില്‍ എത്തിക്കുകയാണ് പതിവ്. അങ്ങനെ കുറേ കെട്ടുകള്‍  പീടികയില്‍ ഉണ്ടാകും.
ഒഴിഞ്ഞിരിക്കുന്ന സമയത്ത് അത് മുഴുവന്‍ ഒന്നൊന്നായി ഞാന്‍ വായിക്കും. അതുവഴി വായന എന്റെ ദിനചര്യയായി മാറി. വായനയില്‍ വേഗതയും ലഭിച്ചു. ബാലമാസികയിലെ കഥകള്‍ മാത്രമല്ല, മറ്റു മാസികകളിലെ ലേഖനങ്ങളും യാത്രാവിവരണങ്ങളും ആ പ്രായത്തില്‍ തന്നെ  വായിക്കുമായിരുന്നു. അങ്ങനെ ലോകവിവരങ്ങള്‍ കുറേ ലഭിച്ചു. 
കടയില്‍ പണിയുള്ളത്  കാരണം സ്‌കൂള്‍ വാര്‍ഷികങ്ങളില്‍ പങ്കെടുത്തിരുന്നില്ല. ഒരിക്കല്‍, വാര്‍ഷികാഘോഷം കഴിഞ്ഞ് പിറ്റേ ദിവസം സ്‌കൂളിലെത്തിയപ്പോള്‍ ഒരു കുട്ടി എന്നോട് പറഞ്ഞു: 'ഇന്നലെ പരിപാടിയില്‍ നിന്റെ  പേര് വിളിച്ചിരുന്നല്ലോ. സമ്മാനം വാങ്ങിക്കാന്‍ മുസ്തഫ കമാല്‍ പാഷ സ്റ്റേജിലേക്ക് കയറി വരണമെന്ന് അനൗണ്‍സ് ചെയ്തിരുന്നു.' ഞാന്‍ അന്തം വിട്ടു. ഒരു പരിപാടിയിലും പങ്കെടുക്കാത്ത എനിക്കെന്ത് സമ്മാനം!  സ്റ്റാഫ് റൂമില്‍ ചെന്ന്  ടീച്ചറോട് കാര്യം അന്വേഷിച്ചു. പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിച്ചതിന്  അവാര്‍ഡ് നല്‍കാന്‍ വിളിച്ചതായിരുന്നു  എന്ന് ടീച്ചര്‍  മറുപടി നല്‍കി. രണ്ടാം റാങ്ക് എനിക്കായിരുന്നു. സമ്മാനമായി കിട്ടിയത് 'കസ്തൂര്‍ബാ ഗാന്ധി'  എന്ന പുസ്തകം. കിട്ടിയ ദിവസം തന്നെ പുസ്തകം വായിച്ചു. വളരെ വേഗത്തില്‍ വായിക്കാനുള്ള കഴിവ് എനിക്കുണ്ടായിരുന്നു. കടയിലെ മാസികകള്‍ വായിച്ചു ശീലിച്ചതിന്റെ  ഫലമായിരുന്നു അത്. പത്താം ക്ലാസിലെത്തുമ്പോള്‍  ഒരു ദിവസം ശരാശരി നൂറ് പേജ് ഞാന്‍ വായിക്കുമായിരുന്നു.  
ഏഴാം ക്ലാസ് കഴിഞ്ഞ് അവധിക്കാലം ആരംഭിച്ച സന്ദര്‍ഭം. എട്ടാം ക്ലാസിലെ പഴയ പുസ്തകങ്ങള്‍ ഞാന്‍ സംഘടിപ്പിച്ചു. അവധിക്കാലത്ത് അത് മുഴുവന്‍ വായിച്ചു തീര്‍ത്തു. അടുത്തകൊല്ലം പഠിക്കാനുള്ളത് എന്താണെന്ന്  അറിയാനുള്ള ആകാംക്ഷയുടെ പുറത്ത് വായിച്ചതാണ്. സിലബസിലുള്ള പുസ്തകങ്ങള്‍ നേരത്തേ വായിച്ചതു കാരണം എട്ടാം ക്ലാസ് പഠനം വളരെ എളുപ്പമായി. അധ്യയനവര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് പാഠപുസ്തകങ്ങള്‍ വായിക്കുക എന്നത് പിന്നീട്  എന്റെ ശൈലിയായി മാറി.
ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന സമയം. ഇടക്കിടെ വീട്ടില്‍ ഒരു സ്ത്രീ വരാറുണ്ടായിരുന്നു. അവര്‍ ആരാണെന്ന് എനിക്കറിയില്ല. ഒരിക്കല്‍ അവര്‍ വീട്ടില്‍ വന്ന് മടങ്ങുമ്പോള്‍ ഒരു പുസ്തകം മറന്നുവെച്ചു. മറന്നതാണോ മനഃപൂര്‍വം വെച്ചതാണോ  എന്ന കാര്യത്തില്‍ എനിക്ക് ഇപ്പോഴും തീര്‍ച്ചയില്ല. എന്തായാലും എന്റെ ജീവിതത്തില്‍  വഴിത്തിരിവുണ്ടാക്കിയ സംഭവമായിരുന്നു അത്. ഞാന്‍ പുസ്തകം കൈയിലെടുത്തു നോക്കി. പുസ്തകത്തിന് ചട്ട ഉണ്ടായിരുന്നില്ല.  'മുസ്ലിമാകാന്‍ ജ്ഞാനത്തിന്റെ ആവശ്യകത'  എന്നതായിരുന്നു ആദ്യ പേജിന്റെ തലക്കെട്ട്. മൗലാനാ മൗദൂദിയുടെ ഖുതുബാത്തായിരുന്നു അത്.  മൗദൂദിയെ കുറിച്ചും ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ചും  അന്ന് എനിക്ക് ഒന്നും അറിയുമായിരുന്നില്ല. നമസ്‌കാരവും നോമ്പുമടങ്ങുന്ന ആരാധനാകര്‍മങ്ങളുടെ പ്രാധാന്യവും ചൈതന്യവും ഖുതുബാത്ത് വായിച്ചു കഴിഞ്ഞപ്പോള്‍  ബോധ്യപ്പെട്ടു. ഇസ്ലാമിക ആവേശം നെഞ്ചേറ്റിയുള്ള സഞ്ചാരമായിരുന്നു പിന്നീടങ്ങോട്ട്. ജീവിതത്തെക്കുറിച്ച എന്റെ കാഴ്ചപ്പാടുകളില്‍ മാറ്റങ്ങളുണ്ടായി. നമസ്‌കാരത്തില്‍ നല്ല കൃത്യനിഷ്ഠ പുലര്‍ത്താന്‍ തുടങ്ങി. വീട്ടില്‍നിന്ന് അര കിലോമീറ്റര്‍ നടക്കണം ജുമുഅത്ത് പള്ളിയിലേക്ക്. അഞ്ച് നേരവും കൃത്യസമയത്ത് പള്ളിയിലെത്താന്‍ ആവേശം കാണിച്ചു. മനസ്സില്‍ ദീനിനോടുള്ള താല്‍പര്യം പതിന്മടങ്ങ് വര്‍ധിച്ചു. പള്ളി ദൂരെയായതിനാല്‍ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും വെള്ളിയാഴ്ച ജുമുഅക്ക് പോകുമായിരുന്നില്ല. ജുമുഅ മുടക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചു. ജുമുഅ കഴിഞ്ഞ് തിരിച്ച് സ്‌കൂളില്‍ എത്തുമ്പോഴേക്കും ക്ലാസ്സ് പുനരാരംഭിച്ചിട്ടുണ്ടാകും. നേരം വൈകിയതിന്റെ പേരില്‍ ഒരിക്കല്‍ ഹെഡ്മാഷ് എന്നെ വിളിപ്പിക്കുകയും കാരണം ചോദിക്കുകയും ചെയ്തു. പള്ളിയില്‍ പോയതുകൊണ്ടാണ് വൈകിയതെന്ന് ന്യായം ബോധിപ്പിച്ചു. അങ്ങനെയെങ്കില്‍   ഇമാമിന്റെ കത്ത് ഹാജരാക്കണമെന്ന്  മാഷ് കല്‍പ്പിച്ചു. ഇമാമിന്റെ എഴുത്തുമായാണ് അടുത്ത ദിവസം ഞാന്‍ സ്‌കൂളിലേക്ക് ചെന്നത്. ദീനീ ആവേശം കൂടിയപ്പോള്‍  തൊപ്പി വെക്കാന്‍ തുടങ്ങി.  തൊപ്പി വെച്ച് ക്ലാസ്സില്‍ വരുന്നത്  അധ്യാപകരില്‍ പലര്‍ക്കും ഇഷ്ടമായിരുന്നില്ല. അല്ലാഹു അല്ലാതെ മറ്റൊരാളെയും പേടിക്കരുത് എന്ന ബോധം ഖുതുബാത്ത് വായിച്ചപ്പോള്‍ മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിയിരുന്നു. മറ്റാരെയും പേടിക്കാത്ത മനസ്സ് രൂപപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ രാത്രി സമയങ്ങളില്‍  കാടുപിടിച്ചുകിടക്കുന്ന പള്ളിത്തൊടിയിലൂടെ (ഖബ്‌റിടം) ഞാന്‍ ഒറ്റക്ക് നടക്കുമായിരുന്നു!
എസ്.എസ്.എല്‍.സി പൂര്‍ത്തിയായി. ഫാറൂഖ് കോളേജില്‍ പ്രീ-യൂനിവേഴ്‌സിറ്റിക്ക് ചേര്‍ന്നു. എസ്.എസ്.എല്‍.സി കഴിഞ്ഞുള്ള  ഒരു വര്‍ഷത്തെ പഠനം പ്രീ-യൂനിവേഴ്‌സിറ്റി എന്ന പേരിലാണ് അന്ന്  വിളിക്കപ്പെട്ടിരുന്നത്. രാജാഗേറ്റ് കടന്ന് ഫാറൂഖ് കാമ്പസ് മുറ്റത്തെത്തിയപ്പോള്‍ എന്റെ പ്രതീക്ഷകള്‍ ആവിയായി  പോകുന്നതുപോലെ അനുഭവപ്പെട്ടു. കാരണം, ഇസ്ലാമിക അന്തരീക്ഷമുള്ള കാമ്പസ് എന്നതായിരുന്നു ഫാറൂഖ് കോളേജിനെ  കുറിച്ച എന്റെ സങ്കല്‍പം. വിചാരിച്ചതു പോലെയല്ല കാര്യങ്ങളെന്ന് അവിടെയെത്തിയപ്പോള്‍ മനസ്സിലായി. ഞാന്‍ നിരാശനായി. സമീപത്തുള്ള റൗദത്തുല്‍ ഉലൂം അറബി കോളേജ് പ്രിന്‍സിപ്പല്‍ അബുസ്സ്വബാഹ് മൗലവിയെ ചെന്ന് കണ്ടു. ഏതെങ്കിലും തരത്തിലുള്ള ഇസ്ലാമിക സംഘാടനം കാമ്പസില്‍ നടക്കേണ്ടതുണ്ട് എന്ന എന്റെ  ആഗ്രഹം മൗലവിയുമായി പങ്കുവെച്ചു.  നിനക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെങ്കില്‍ ചെയ്‌തോ എന്നായിരുന്നു മൗലവിയുടെ മറുപടി. എല്ലാവിധ പിന്തുണയും അറിയിക്കുകയും ചെയ്തു. 'അടുത്ത തിങ്കളാഴ്ച മഗ്‌രിബിനു ശേഷം റൗദത്താബാദിലെ ഇസ്ലാമിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കാന്‍ വേണ്ടി ഒരു യോഗം പള്ളിയില്‍ ചേരുന്നതായിരിക്കും. താല്‍പര്യമുള്ളവര്‍ പങ്കെടുക്കുക' എന്ന്  പേപ്പറില്‍ എഴുതി കോളേജിലെ പള്ളിയുടെ  ബോര്‍ഡില്‍ ഞാന്‍ പതിച്ചു. സംഘടിപ്പിക്കുന്നത് ആരാണ് എന്നൊന്നും  സൂചിപ്പിച്ചിരുന്നില്ല.  യോഗത്തിലേക്ക് മുപ്പതിലധികം പേര്‍ വന്നു. അവിടെവെച്ച് ഇസ്ലാമിക് സ്റ്റഡി സര്‍ക്ക്ള്‍  എന്നൊരു  കൂട്ടായ്മ രൂപീകരിച്ചു. കാമ്പസിലെ വിദ്യാര്‍ഥികള്‍ക്ക് ഇസ്ലാമിക ആശയങ്ങളും  ധാര്‍മിക മൂല്യങ്ങളും പകര്‍ന്നുകൊടുക്കലായിരുന്നു കൂട്ടായ്മയുടെ ലക്ഷ്യം. നാട്ടിക സ്വദേശി കെ.ബി മുഹമ്മദിനെ പ്രസിഡന്റായും എന്നെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ആ വേദി അവിടെ  ഇന്നും നിലനില്‍ക്കുന്നുണ്ട്. എല്ലാ ആഴ്ചയും വ്യത്യസ്ത പണ്ഡിതന്മാരുടെ  ക്ലാസുകള്‍  ഞങ്ങള്‍ സംഘടിപ്പിച്ചു. മുസ്ലിം വിദ്യാര്‍ഥികളെ അഭിമുഖീകരിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടത്തി. കോളേജിലെ പള്ളിയില്‍ സ്ഥലപരിമിതി ഒരു പ്രശ്‌നമായിരുന്നു. ജുമുഅക്ക് ആളുകള്‍ തിക്കിത്തിരക്കിയാണ് ഇരുന്നിരുന്നത്. പള്ളി വിപുലീകരിക്കണം എന്ന  ആവശ്യം ഞങ്ങള്‍ കമ്മിറ്റിയുടെ മുന്നില്‍ വെച്ചു. പൈസയുടെ ബുദ്ധിമുട്ടുണ്ടെങ്കില്‍ വിദ്യാര്‍ഥികള്‍ നല്‍കാമെന്ന്  ഓഫര്‍ ചെയ്തു. പണത്തിന്റെ കാര്യം ഒരു ധൈര്യത്തില്‍ പറഞ്ഞുപോയതാണ്. കമ്മിറ്റി ആവശ്യം അംഗീകരിച്ചു. കമ്മിറ്റി തന്നെ  പണമിറക്കാം  എന്നും പറഞ്ഞു. വൈകാതെ പള്ളി വിപുലീകരിക്കപ്പെട്ടു. ഇത്തരം ഇസ്ലാമിക പ്രവര്‍ത്തനങ്ങളുടെ മധുരിക്കുന്ന അനുഭവങ്ങള്‍  സമ്മാനിച്ച പ്രീ- യൂനിവേഴ്‌സിറ്റി പഠനകാലം വളരെ പെട്ടെന്നാണ് കടന്നുപോയത്.
പ്രീ-യൂനിവേഴ്‌സിറ്റി പഠനം പൂര്‍ത്തിയായി. ഇനി പഠനം അവസാനിപ്പിക്കണമെന്ന് സാഹചര്യം സമ്മര്‍ദം ചെലുത്തി. ഇടക്കിടെ ഉപ്പയെ ബാധിക്കുന്ന തലവേദനയെ കുറിച്ച് മുമ്പ്  സൂചിപ്പിച്ചിരുന്നല്ലോ. അതുകാരണം  എപ്പോഴും കടയില്‍ ഇരിക്കാന്‍ ഉപ്പാക്ക് കഴിയാതെയായി. എനിക്കാണെങ്കില്‍ കച്ചവടത്തില്‍ താല്‍പര്യമുണ്ട്. കച്ചവടത്തിന്റെ രസതന്ത്രം അറിയുകയും ചെയ്യും. ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ തനിച്ച് പാലക്കാട് മാര്‍ക്കറ്റില്‍ പോയി സാധനങ്ങള്‍ ഹോള്‍സെയിലായി വാങ്ങി കടയിലേക്ക് കൊണ്ടുവരുമായിരുന്നു. പാഷ കടയില്‍ നില്‍ക്കട്ടെ എന്ന് വീട്ടുകാരും തീരുമാനിച്ചു. അങ്ങനെ വിദ്യാഭ്യാസ ജീവിതത്തിന് തിരശ്ശീല വീണു. മുഴുസമയ കച്ചവടക്കാരനായി. ഇടക്ക് എളാപ്പയുടെ കടയിലും ഇരിക്കേണ്ടിവരും. ഒരു ദിവസം  എളാപ്പയുടെ കടയില്‍ ഇരിക്കുമ്പോള്‍ രാമവാര്യര്‍ മാഷ് അതുവഴി കടന്നുവന്നു. എന്നെ കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചു: 'നീ എന്താ ഇവിടെ ഇരിക്കുന്നത്? കോളേജ് തുടങ്ങിയല്ലോ.' ഞാന്‍ മറുപടി നല്‍കി: 'കടയില്‍ ഉപ്പയെ സഹായിക്കേണ്ടതുണ്ട്.  അതുകൊണ്ട് പഠനം തുടരുന്നില്ല.' ഇതു കേട്ടപ്പോള്‍ മാഷിന് ദേഷ്യം വന്നു. 'നന്നായി പഠിക്കുന്ന കുട്ടി പഠനമുപേക്ഷിച്ച് കടയില്‍ നില്‍ക്കുകയോ!' എളാപ്പ വന്നപ്പോള്‍  മാഷ് അദ്ദേഹത്തെ കണക്കിന് ശകാരിച്ചു. മാഷ് പറഞ്ഞ മുഴുവന്‍ കാര്യങ്ങളും എളാപ്പ ഉപ്പയെ അറിയിച്ചു. ഉപ്പയും എളാപ്പയും വല്ലിമ്മയും കൂടിയാലോചന നടത്തി. പഠനം തുടരട്ടെ എന്ന് ഒടുവില്‍ അവര്‍ തീരുമാനിച്ചു. അപ്പോഴേക്കും കോളേജ് തുടങ്ങി ഒരു മാസം കഴിഞ്ഞിരുന്നു. ഇനി സീറ്റ് കിട്ടാന്‍ പ്രയാസമാണ്. എങ്കിലും ഫാറൂഖ് കോളേജില്‍ ബി.എ എക്കണോമിക്‌സില്‍  ഒരു സീറ്റ് ഒഴിവുണ്ടെന്ന് അറിഞ്ഞു.  കോഴ്‌സിന്റെ സ്വഭാവത്തെ കുറിച്ചൊന്നും  ചിന്തിക്കാതെ കിട്ടിയ  സീറ്റില്‍ കയറി. പ്രീ-യൂനിവേഴ്‌സിറ്റിയോടെ എന്നെന്നേക്കുമായി അവസാനിക്കുമായിരുന്ന എന്റെ വിദ്യാഭ്യാസ ജീവിതത്തിന്  രാമവാരിയര്‍ മാഷിന്റെ ഇടപെടല്‍മൂലം പുതുചിറകുകള്‍ മുളക്കുകയും വീണ്ടും പറന്നുയരാന്‍ തുടങ്ങുകയും ചെയ്തു. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (41-43)
ടി.കെ ഉബൈദ്‌