സൗഹൃദ പ്രവര്‍ത്തനങ്ങള്‍
സുഹൃത്ത് എന്ന വാക്കിന്റെ അര്‍ഥം 'നല്ല ഹൃദയമുള്ളയാള്‍' എന്നാണ്. മറ്റൊരാളോട് നല്ല മനസ്സുള്ളയാള്‍ എന്നര്‍ഥം. ഈ അര്‍ഥത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനം എല്ലാ മനുഷ്യരുടെയും സുഹൃത്താണ്. എല്ലാ മനുഷ്യരോടും അത് ഏറ്റവും നല്ല മനസ്സാണ് വെച്ചുപുലര്‍ത്തുന്നത്. ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും വേണമെങ്കില്‍ നാലു തലക്കെട്ടുകളില്‍ സംഗ്രഹിക്കാം; പ്രബോധനം, സേവനം, സമരം, സൗഹൃദം. സൗഹൃദ പ്രവര്‍ത്തനങ്ങള്‍ അടവുനയങ്ങളല്ല. മുസ്‌ലിം ഭൂരിപക്ഷ-ന്യൂനപക്ഷ നാടുകളിലെല്ലാം ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സംസ്‌കാരമാണ് സൗഹൃദ പ്രവര്‍ത്തനങ്ങള്‍.
'സത്യധര്‍മങ്ങളില്‍ വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ ആചരിക്കുകയും ചെയ്യുന്നവര്‍ക്കുവേണ്ടി കരുണാമയനായ തമ്പുരാന്‍ ജനഹൃദയങ്ങളില്‍ താമസിയാതെ മൈത്രിയുളവാക്കുന്നുണ്ട്' എന്ന് മര്‍യം അധ്യായത്തിലെ തൊണ്ണൂറ്റിയാറാം വചനത്തില്‍ അല്ലാഹു പറയുന്നുണ്ട്. ജനങ്ങളുമായുള്ള മൈത്രീബന്ധം ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്ക് അല്ലാഹു നല്‍കുന്ന അനുഗ്രഹമാണ്. ഏതു ദിവ്യാനുഗ്രഹവും വിശ്വാസികളുടെ പ്രയത്‌നം കൂടി ആവശ്യപ്പെടുന്ന കാര്യമാണ്. ഏതു വിഭാഗവുമായും നിലപാടുകള്‍ മുറുകെപ്പിടിച്ചുകൊണ്ട് രമ്യതയില്‍ വര്‍ത്തിക്കാന്‍ ശ്രമിക്കാനും സാധ്യമാകുന്നേടത്തോളം മൈത്രീബന്ധം പുലര്‍ത്താനുമാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്.
ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ആദര്‍ശ പ്രസ്ഥാനങ്ങളാണ്. അവ അടിസ്ഥാനപരമായി സംസാരിക്കുന്നത് മനുഷ്യനോടാണ്. മനുഷ്യന്‍ എന്ന ചുമരുണ്ടെങ്കിലേ ഏത് ആദര്‍ശത്തിന്റെ ചിത്രവും വരക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ടുതന്നെ ഏത് സമൂഹത്തിലും മനുഷ്യന്‍ എന്ന സങ്കല്‍പം തകര്‍ക്കപ്പെടാത സൂക്ഷിക്കുക എന്നത് ഇസ്‌ലാമിക പ്രസ്ഥാനത്തെ സംബന്ധിച്ചേടത്തോളം വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ ഓണത്തെയും പെരുന്നാളിനെയും റമദാനിനെയും ക്രിസ്മസിനെയുമെല്ലാം ഇസ്‌ലാമിക പ്രസ്ഥാനം സൗഹൃദത്തിന്റെ സാമൂഹികവിരുന്നുകളാക്കി മാറ്റാറുണ്ട്.
ആശയപരമായ വ്യത്യസ്തതകളുടെ നിലനില്‍ക്കാനുള്ള അര്‍ഹത എന്നത് അല്ലാഹു തന്നെ അംഗീകരിച്ച കാര്യമാണ്. മതത്തില്‍ ബലപ്രയോഗമില്ല എന്നതും സത്യാസത്യങ്ങളെ തെരഞ്ഞെടുക്കാന്‍ മനുഷ്യന് ദൈവം നല്‍കിയ സ്വാത്രന്ത്യവുമടക്കം ഇതിന്റെ ഭാഗമാണ്. പിന്നെ വ്യത്യസ്ത ആദര്‍ശങ്ങള്‍ തമ്മില്‍ സാധ്യമാവുക സംവാദവും സഹവര്‍ത്തിത്വവുമാണ്.
ഒരു വ്യക്തിയെ സംബന്ധിച്ചേടത്തോളം എന്തിനാണ് ആദര്‍ശം? കൂടുതല്‍ നല്ല മനുഷ്യനാവാനുള്ള ശ്രമത്തിന്റെ ഉപകരണങ്ങളാണ് ആദര്‍ശങ്ങള്‍. കൂടുതല്‍ നല്ല മനുഷ്യനാവാനുള്ള വഴി ഏത് എന്നതില്‍ അവക്കിടയില്‍ സംവാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അപ്പോഴും ആദര്‍ശങ്ങള്‍ പരസ്പരം അംഗീകരിക്കുന്ന ഒരു കാര്യമുണ്ട്. അത് മനുഷ്യര്‍ കൂടുതല്‍ നല്ല മനുഷ്യരായിത്തീരുകയാണ് വേണ്ടത് എന്നതാണ്. തന്റെ ഭൗതിക കാര്യങ്ങള്‍ക്കപ്പുറം തന്റെ പരിഗണനകളെ ഉയര്‍ത്താന്‍ മനുഷ്യനെ സഹായിക്കുന്നവയാണ് ആദര്‍ശങ്ങള്‍. മുതലാളിത്തം ചെയ്യുന്നത് മനുഷ്യത അവരവരിലേക്ക് വെട്ടിച്ചുരുക്കുകയാണ്, അവനവനിസത്തെ പരമാവധി വളര്‍ത്തുകയാണ്. അവനവനപ്പുറം പോകുന്നതിന്റെ ചുരുക്കപ്പേരാണ് ആത്മീയത. ആ അര്‍ഥത്തില്‍ എല്ലാ മതങ്ങളും കമ്യൂണിസം ഉള്‍പ്പെടെയുള്ള പ്രത്യയശാസ്ത്രങ്ങളും ആത്മീയമാണ്.
എല്ലാ സംസ്‌കാരങ്ങള്‍ക്കും അതിന്റേതായ നൈതികത ഉണ്ടായിരിക്കും. ആ നൈതികതകള്‍ക്കിടയില്‍ വിശാലാര്‍ഥത്തില്‍ ഒരുപാട് പൊരുത്തങ്ങള്‍ ഉണ്ടായിരിക്കും. എന്താണ് നൈതികത എന്ന കാര്യത്തില്‍ സൂക്ഷ്മതലത്തില്‍ സംവാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഒരു സംസ്‌കാരത്തില്‍നിന്ന് നൈതികതയെ കിഴിച്ച് അതിനെ രാഷ്ട്രീയമായി സംഘടിപ്പിക്കുമ്പോള്‍ ഉണ്ടാവുന്നതാണ് ഫാഷിസം. ഒരു ധാര്‍മികതയും ബാധകമല്ല എന്നതാണ് ഫാഷിസത്തിന്റ പ്രത്യേകത. ആത്മാര്‍ഥതയുള്ള സാമൂഹികപ്രവര്‍ത്തകര്‍ തങ്ങള്‍ക്ക് ബോധ്യപ്പെട്ട ആദര്‍ശാടിത്തറകളില്‍ നിന്നുകൊണ്ട് കൂടുതല്‍ നല്ല മനുഷ്യരാവാന്‍ ശ്രമിക്കുന്നവരും കൂടുതല്‍ നല്ല സമൂഹത്തെ സൃഷ്്ടിക്കാന്‍ പരിശ്രമിക്കുന്നവരുമാണ്. അവര്‍ക്ക് എല്ലാ അഭിപ്രായവ്യത്യാസങ്ങള്‍ക്കുമിടയില്‍ ഒരുമിച്ചുനില്‍ക്കാവുന്ന, ഒരുമിച്ചുനില്‍ക്കേണ്ട പ്രധാന തലമാണ് മുതലാളിത്തത്തിനും ഫാഷിസത്തിനുമെതിരായ പ്രവര്‍ത്തനങ്ങള്‍. എല്ലാ ആദര്‍ശവാദികള്‍ക്കും ചിത്രം വരക്കേണ്ട മനുഷ്യന്‍ എന്ന പൊതു ചുമരിനെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനമാണത്.
ആശയപരമായ സംവാദങ്ങളെ സൗഹൃദത്തിന്റെ പേരില്‍ നാം പഞ്ചായത്താക്കേണ്ടതുമില്ല. ആശയപരമായ അഭിപ്രായ വ്യത്യാസങ്ങളുടെ കാരണം മനുഷ്യന് ആശയങ്ങള്‍ ഉണ്ട് എന്നതാണ്. ആശയങ്ങള്‍ എന്നതാവട്ടെ മനുഷ്യനെ മൃഗത്തില്‍നിന്ന് വേര്‍തിരിക്കുന്ന സുപ്രധാന കാര്യവുമാണ്.
സ്‌നേഹവും സൗഹൃദവും സ്വയം ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. കാരണം ജീര്‍ണ രാഷ്ട്രീയത്തിന്റ പ്രധാന രീതിശാസ്ത്രം ഭിന്നിപ്പിച്ചു ഭരിക്കുക എന്നതാണ്. ജനക്ഷേമം ഉറപ്പുവരുത്തി ഭരണം കൈയാളാനുള്ള ഒരു പദ്ധതിയും അവരുടെ പക്കല്‍ ഉണ്ടാവില്ല, അല്ലെങ്കില്‍ അതിനുള്ള താല്‍പര്യമുണ്ടാവില്ല. അത്തരം രാഷ്ട്രീയ ശക്തികള്‍ ഭരണം നേടാനും അരക്കിട്ടുറപ്പിക്കാനും കണ്ടെത്തിയ ഭീകരമായ കുറുക്കുവഴിയാണ് ജനതയെ ഭിന്നിപ്പിച്ച് ഭരിക്കുക എന്നത്. ഫറോവയെക്കുറിച്ച് ഇക്കാര്യം ഖസ്വസ്വ് അധ്യായത്തിലെ നാലാം വാക്യത്തില്‍ അല്ലാഹു പറയുന്നുണ്ട്. ബ്രിട്ടീഷ് കൊളോണിയല്‍ ശക്തികളും സംഘ് പരിവാര്‍ ശക്തികളുമെല്ലാം ചെയ്തത് ഇതുതന്നെയാണ്. ഭിന്നിപ്പിക്കലിന്റെ പ്രതിരോധം മാനവിക സൗഹൃദമാണ്.
കേരളത്തിന്റെ സൗഹൃദ പാരമ്പര്യം
കേരളത്തില്‍ ആഴത്തില്‍ വേരുകളുള്ള ആശയമാണ് വ്യത്യസ്തകളുടെ സൗഹൃദമെന്നത്. യൂറോപ്പിലേതുപോെല മതവും ശാസ്ത്രവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഒത്തുതീര്‍പ്പായല്ല ഇന്ത്യയില്‍ മതേതരത്വമുണ്ടാവുന്നത്. ഇന്ത്യയുള്‍പ്പെടെയുള്ള പൗരസ്ത്യനാടുകള്‍ക്ക് ഇത്തരമൊരു സംഘര്‍ഷത്തിന്റെ ചരിത്രമില്ല. യൂറോപ്പില്‍ മതേതരത്വമുണ്ടാവുന്നത് വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവുമായോ സഹവര്‍ത്തിത്വവുമായോ ബന്ധെപ്പട്ടല്ല. ക്രൈസ്തവ സമൂഹത്തിന് അകത്തുതന്നെയുണ്ടായ പല സംഘര്‍ഷങ്ങളുടെ ഒത്തുതീര്‍പ്പുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ ഇന്ത്യയിലെയും കേരളത്തിലെയും മതേതരത്വമെന്നത് വിവിധ മതസമൂഹങ്ങള്‍ ഒരുമിച്ച് ജീവിതം കൊണ്ട് നെയ്തുണ്ടാക്കിയ വ്യത്യസ്തമായ മറ്റൊരനുഭവമാണ്. അത് സാമൂഹിക-രാഷ്ട്രീയ ജീവിതത്തിലടക്കം മതരഹിതമായ മതേതരത്വല്ല, മതസഹിതമായ മതേതരത്വമാണ്. പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരായ പോരാട്ടത്തിന് ഇസ്‌ലാമിക അടിത്തറയില്‍ നിന്നുകൊണ്ടാണ് മതപണ്ഡിതന്മാര്‍ ആശയപരവും പ്രായോഗികവുമായ നേതൃത്വം നല്‍കിയത്. അതേസമയം അത് സനാതന ഹിന്ദുവായ സാമൂതിരിയുടെ അധികാരം സംരക്ഷിക്കാനുള്ള പോരാട്ടവുമാണ്. മതത്തെ രാഷ്ട്രീയത്തില്‍നിന്നടക്കം മാറ്റിനിര്‍ത്താതെ അവര്‍ നിര്‍മിച്ചുണ്ടാക്കിയതാണ് കേരളത്തിന്റെ മതേതരത്വം.
ഇന്ത്യക്ക് പൊതുവില്‍ ഈ പാരമ്പര്യം ഉണ്ടായിരിക്കെത്തന്നെ കേരളത്തിന് ഇക്കാര്യത്തില്‍ സവിശേഷമായ ചരിത്രനന്മകളുണ്ട്. ഉത്തരേന്ത്യയുടെ ഭൂരിപക്ഷ മുഖ്യധാര വര്‍ഗീയവല്‍ക്കരിക്കപ്പെടുകയും മുസ്ലിംവിരുദ്ധമാവുകയും ചെയ്യുമ്പോഴും കേരളം വേറിട്ട വഴിയിലൂടെയാണ് സഞ്ചരിച്ചത്. മലയാളത്തിലെ ആദ്യകാല നോവലിസ്റ്റുകളില്‍ പ്രമുഖനായ സി.വി രാമന്‍ പിള്ള ബംഗാളി നോവലിസ്റ്റ് ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ സമകാലികനാണ്. ബങ്കിം ചന്ദ്രയുടെ ആനന്ദമഠം എന്ന നോവല്‍ മുസ്‌ലിം വിരുദ്ധതയില്‍ കുപ്രസിദ്ധമാണ്. എന്നാല്‍ അതേകാലത്ത് നോവലുകള്‍ എഴുതിയ സി.വി രാമന്‍ പിള്ളയുടെ നോവലുകളിലെല്ലാം മുസ്‌ലിംകള്‍ നന്മയുടെ കഥാപാത്രങ്ങളാണെന്ന് സച്ചിദാനന്ദന്‍ നിരീക്ഷിക്കുന്നുണ്ട.് വടക്കന്‍ കേരളത്തിനു മാത്രമല്ല തെക്കന്‍ കേരളത്തിനും മൈത്രിയുടെ വലിയ ചരിത്രമുെണ്ടന്നര്‍ഥം.
ഫാഷിസെത്ത പ്രതിരോധിക്കുന്നതില്‍ സൗഹൃദം എത്രമേല്‍ പ്രധാനമാെണന്ന് അമേരിക്കയിലെ ബ്രോണ്‍ സര്‍വകലാശാലയിലെ പ്രഫസറും സാമൂഹിക ശാസ്ത്ര വിദഗ്ധനുമായ അശുതോഷ് വര്‍ഷനിയുടെ പഠനം പറയുന്ന കാര്യം സയ്യിദ് സആദത്തുല്ല ഹുസൈനി ഉദ്ധരിക്കുന്നുണ്ട്. വര്‍ഗീയ സംഘര്‍ഷം പതിവായ പ്രദേശങ്ങളെയും സംഘര്‍ഷം തീരെയില്ലാത്തതോ സംഘര്‍ഷമുണ്ടെങ്കിലും അത് കലാപരൂപമാര്‍ജിക്കാത്തതോ ആയ പ്രദേശങ്ങളെയും താരതമ്യം ചെയ്തു പഠിച്ച ശേഷം അദ്ദേഹത്തിന്റെ കണ്ടെത്തല്‍ രണ്ടു പ്രദേശങ്ങളും തമ്മിലുള്ള വ്യത്യാസം സാമൂഹികബന്ധത്തിന്റേതാണ് എന്നാണ്. ഉത്തര്‍പ്രദേശിലെ അലീഗഢ് നഗരത്തെയും കേരളത്തിെല കോഴിക്കോട് നഗരത്തെയുമാണ് അദ്ദേഹം പഠനത്തിനായി െതരഞ്ഞെടുത്തത്. കോഴിക്കോട് താരതമ്യേന സമാധാനം നിലനില്‍ക്കാന്‍ കാരണം ഇവിടെ 82 ശതമാനം ഹിന്ദുക്കളും മുസ്‌ലിംകളും സാമൂഹികമായ ആഘോഷങ്ങളില്‍ ഒരുമിച്ച് ഭക്ഷണം കഴിക്കുകയും 90 ശതമാനം കുടുംബങ്ങളിലും ഒരു വിഭാഗത്തിലെ കുട്ടികള്‍ മറുവിഭാഗത്തോടൊപ്പം കളിക്കുകയും 84 ശതമാനം ഹിന്ദു, മുസ്ലിം കുടുംബങ്ങളും സൗഹൃദ ബന്ധം നിലനിര്‍ത്തുകയും പരസ്പരം വീടുകളില്‍ പോവുകയും ചെയ്യുമ്പോള്‍, അലീഗഢില്‍ ഈ ബന്ധത്തിന്റെ അനുപാതം താരതമ്യേന കുറവാണ്. കോഴിക്കോട്ട് വ്യത്യസ്ത വിഭാഗങ്ങളില്‍ ഉള്ളവരെ പരസ്പരം അടുപ്പിക്കുന്നതില്‍ വ്യാപാരി-തൊഴില്‍ സംഘടനകള്‍, നോട്ടറി-ലയണ്‍സ് ക്ലബുകള്‍, ചുമട്ടുകാരുടെയും റിക്ഷക്കാരുടെയും സംഘടനകള്‍, കലാ-സാംസ്‌കാരിക കൂട്ടായ്മകള്‍ എന്നിവ വലിയ പങ്കുവഹിക്കുന്നതായി എടുത്തു പറയുന്നുണ്ട്. അലീഗഢില്‍നിന്ന് വ്യത്യസ്തമായി കോഴിക്കോട്ട് ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും കച്ചവടങ്ങളും പരസ്പരാശ്രിത സ്വഭാവമുള്ളവയാണെന്നും അപ്പോള്‍ കലാപങ്ങള്‍ തടയല്‍ രണ്ടു കൂട്ടരുടെയും ഭൗതികവും പ്രായോഗികവുമായ ആവശ്യമായി മാറുന്നു എന്നും ഈ പഠനം പറയുന്നുണ്ട് (ഉദ്ധരണം: പുതിയ കാലത്തെ ഇസ്‌ലാമിക പ്രസ്ഥാനം).
സൗഹൃദത്തിന് സാഹോദര്യത്തിന്റെ ഊന്നല്‍ നല്‍കുക
സാമൂഹിക സൗഹൃദത്തിന് ചില ചതിക്കുഴികളുമുണ്ട്. സാമൂഹിക സൗഹൃദമെന്നത് മിക്കപ്പോഴും നിലനില്‍ക്കുന്ന സാമൂഹികാധികാര ഘടനയെ അറിഞ്ഞോ അറിയാതെയോ പരിപാലിക്കല്‍ കൂടിയാണ്. നമ്മള്‍ ഒരു നാട്ടില്‍ സൗഹൃദ പരിപാടി സംഘടിപ്പിക്കുമ്പോള്‍ സ്വാഭാവികമായി ക്ഷണിക്കുക സമൂഹത്തിലെ പലതരം അധികാരങ്ങള്‍ നിലവില്‍ കൈവശം വെച്ചുപോരുന്നവരെയാണ്. അവര്‍ അത്തരം വ്യക്തികള്‍ മാത്രമല്ല, അത്തരം ജാതി സമൂഹങ്ങളിലെ അംഗങ്ങള്‍ കൂടിയായിരിക്കും. ഇത് ഇന്ത്യന്‍ സമൂഹത്തിന്റെ സ്വാഭാവികത/നോര്‍മല്‍ ആണ്. കാരണം, ഇന്ത്യന്‍ സമൂഹത്തിന്റെ സ്വാഭാവികത സവര്‍ണ ജാതിമേധാവിത്വമാണ്. മനുഷ്യ സമത്വവും സാഹോദര്യവും ഉയര്‍ത്തിപ്പിടിക്കുന്ന ഒരാദര്‍ശത്തിന്റെ വാക്താക്കള്‍ എന്ന നിലയില്‍ ഈ കൃത്രിമ സ്വാഭാവികതയെ ബോധപൂര്‍വം മറികടക്കേണ്ട ബാധ്യത ഇസ്ലാമിക പ്രസ്ഥാനത്തിനുണ്ട്. ഒരുപാട് അനീതികളെയാണ് സ്വാഭാവികത എന്ന പേരില്‍ സമൂഹം കാലാന്തരങ്ങളായി കൊണ്ടുനടക്കുന്നത്. നീതിയുടെ സംസ്ഥാപനം എന്നത് സത്യത്തിന്റെ സംസ്ഥാപനത്തിന്റെ സുപ്രധാനമായ ഭാഗമാണ്. സത്യസാക്ഷ്യമെന്നത് നീതിസാക്ഷ്യം കൂടിയാണ്.
കേരളത്തില്‍ 2018-ലെയും '19-ലെയും രണ്ട് പ്രളയങ്ങള്‍ വലിയ പൊതുശ്രദ്ധയും പരിഗണനയും നേടുകയും എന്നാല്‍ അതിനിടയില്‍ സംഭവിച്ച നൂറില്‍ പരം ആളുകള്‍ മരിക്കുകയും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്ത ഓഖി കൊടുങ്കാറ്റിന് ഈ ശ്രദ്ധയും പരിഗണനയും ലഭിക്കാതിരിക്കുകയും െചയ്തതിന്റെ കാരണം അതിന്റെ ഇരകള്‍ കേരളത്തിലെ അരികുവല്‍ക്കരിക്കപ്പെട്ട സമൂഹമായ മത്സ്യത്തൊഴിലാളികളാണ് എന്നതാണ്. ഒരു സമൂഹം വളരെ സ്വാഭാവികമായി മറന്നുപോകുന്നവരെ ഓര്‍മിക്കുകയും ഉയരത്തില്‍ കൊണ്ടുവരികയും ചെയ്യുക എന്നത് കൂടിയായിരിക്കണം നമ്മുടെ സൗഹൃദ പ്രവര്‍ത്തനങ്ങളുടെ ഉദ്ദേശ്യം. സൗഹൃദത്തിന് സാഹോദര്യത്തിന്റെ ഊന്നല്‍ നല്‍കുക എന്നത് വളരെ പ്രധാനമാണ്. സൗഹൃദ ബന്ധങ്ങളെയും സദസ്സുകളെയും ഇസ്‌ലാമോഫോബിയയെക്കുറിച്ച് അവബോധമുണ്ടാക്കാനുള്ള വഴിയായി കൂടി മാനവിക സൗഹൃദം എന്ന ആശയത്തില്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നവര്‍ ഉപയോഗപ്പെടുത്തണം. കാരണം ഇന്ന് ലോകത്ത് പൊതുവിലും സൗഹൃദത്തിനെതിരായ ഏറ്റവും വലിയ വൈറസായി പ്രവര്‍ത്തിക്കുന്നത് ഇസ്‌ലാംഭീതിയാണ്. മത സമുദായ സൗഹൃദത്തിനെതിരായ മതവ്യാഖ്യാനങ്ങളെ വിശ്വാസി സമൂഹത്തിനകത്ത് പ്രമാണപരമായിത്തന്നെ തിരുത്തുക എന്നതും സൗഹൃദം പൂക്കുന്ന സമൂഹത്തിന്റെ നിലനില്‍
പില്‍ പ്രധാനമാണ്.
Comments