Prabodhanm Weekly

Pages

Search

2020 സെപ്റ്റംബര്‍ 18

3168

1442 മുഹര്‍റം 30

ഹറമിലെ കണ്ണീര്‍മുത്തും അസര്‍മുല്ലയിലെ വെച്ചൂര്‍ പശുവും

ടി.ഇ.എം റാഫി വടുതല

പരിശുദ്ധ ഹറമില്‍ ഉച്ച നമസ്‌കാരത്തിന് മധുരമനോഹര ബാങ്കൊലി മുഴങ്ങി. അണകെട്ടി നിര്‍ത്തിയ ജലസംഭരണി തുറന്നുവെച്ചപോലെ ഭക്തജനം ഒഴുകി. അംബരചുംബിയായ ലോഡ്ജുകളിലെ ലിഫ്റ്റുകള്‍ ആരോഹണ അവരോഹണ ക്രമത്തില്‍ ഇടതടവില്ലാതെ സഞ്ചരിച്ചുകൊണ്ടിരുന്നു. എന്റെ ഊഴമെത്തിയപ്പോള്‍ ലിഫ്റ്റില്‍ കയറി ഗ്രൗണ്ട് ഫ്‌ളോറിലെത്തി. സുസ്‌മേരവദനനായി ഒരു യുവാവ് തീര്‍ഥാടകര്‍ക്കുള്ള ഭക്ഷണം നിറച്ച ബോക്‌സുകളുമായി കാത്തുനില്‍ക്കുന്നു. നമസ്‌കാരം കഴിഞ്ഞ് ഓരോ സംഘവും ഭക്ഷണഹാളിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുമിച്ചുകൂടി. ഗ്രൗണ്ട് ഫ്‌ളോറില്‍ ഒരു യുവാവ് ഹാജിമാരെ പരിചയപ്പെട്ടും സ്‌നേഹം പങ്കുവെച്ചും കഴിക്കാന്‍ പ്രേരിപ്പിച്ചും ഭക്ഷണം വിളമ്പിക്കൊണ്ടിരിക്കുന്നു.
ഭക്ഷണവും കഴിഞ്ഞ് ഉച്ചമയക്കത്തിന് ഹാജിമാര്‍ റൂമുകളിലേക്ക് പോയി. അലസമായി കിടന്ന മേശയും കസേരയും ചിട്ടപ്പെടുത്തി ബാക്കി വന്ന ഭക്ഷണം വൃത്തിയോടെ ഭദ്രമാക്കിവെച്ചുകൊണ്ടിരുന്ന യുവാവിനോട് ക്ഷേമാന്വേഷണങ്ങളുമായി ഞാന്‍ കൂട്ടുകൂടി. മലപ്പുറം ഗ്രാമീണ ജീവിതത്തിന്റെ രസച്ചേരുവയുള്ള മനോഹര സംസാരം. പേര് സുല്‍ഫിക്കര്‍. വാപ്പയും ഉമ്മയും കൂലിപ്പണി എടുത്ത് ജീവിക്കുന്ന നിര്‍ധന കുടുംബത്തിലെ അംഗം. വിദ്യാസമ്പന്നരല്ലാത്ത കുടുംബാംഗമായിരുന്നിട്ടും സുല്‍ഫിക്കര്‍ പഠിക്കാന്‍ മിടുക്കനായിരുന്നു. പത്താം ക്ലാസ്സില്‍ ഫുള്‍ എ പ്ലസ് നേടി മികച്ച വിജയം.
വീടിനടുത്തുള്ള ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് വണ്‍ സയന്‍സ് ബാച്ചില്‍ തുടര്‍ പഠനം ആരംഭിച്ചു. ഭാസുരമായ ഭാവിയെ മുന്നില്‍ കണ്ട് ഊര്‍ജസ്വലനായി പഠിച്ചുകൊണ്ടിരിക്കെ വിദേശത്തുള്ള ബന്ധുക്കളിലൊരാള്‍ വിലകൂടിയ ഒരു മൊബൈല്‍  ഫോണ്‍ പ്രോത്സാഹന സമ്മാനമായി നല്‍കി. ശേഷം സുല്‍ഫിക്കറിന് പഠനത്തോടൊപ്പം ഫോണ്‍ റീചാര്‍ജ് ചെയ്യുന്നതിനുള്ള പണവും കൂടി കണ്ടെത്തേണ്ടിവന്നു. വീടിനടുത്തുള്ള സമ്പന്ന തറവാട്ടിലെ പാല്‍ വിതരണം ഒരു പ്രഭാത ജോലിയായി ഏറ്റെടുത്തു. നിറഭേദങ്ങള്‍ നിറഞ്ഞ ഭാവിജീവിതം സ്വപ്‌നം കണ്ട കണ്ണുകളില്‍ പണത്തിളക്കവും മോഹവും കൂടി വന്നു. ഫോണ്‍ റീചാര്‍ജും കഴിഞ്ഞ് മിച്ചം വെച്ച് അല്‍പം സമ്പാദ്യവും തുടങ്ങി. ഒരു ബൈക്ക് വാങ്ങിക്കലായിരുന്നു ലക്ഷ്യം. പ്ലസ്ടു പകുതി കഴിഞ്ഞപ്പോള്‍ ഒരു സെക്കന്റ് ഹാന്റ് ബൈക്കും സ്വന്തമാക്കി. പക്ഷേ പാല്‍ വിതരണത്തിലൂടെ കിട്ടിയ തുഛ വരുമാനം കൊണ്ട് ബൈക്കിനുള്ള പെട്രോളിനുള്ള തുക മതിയാവാതെ വന്നു.
ലക്ഷ്യബോധത്തോടെ ഒഴുകിയ സ്വപ്‌ന പ്രവാഹം വീണ്ടും ശിഥില ചിന്തകളുടെ കൈവഴികളിലേക്ക് അലസമായി ഒഴുകി. പഠനത്തോടുള്ള പ്രതിപത്തി മെല്ലെമെല്ലെ കുറഞ്ഞുവന്നു. രാവിലെ പാല്‍ വിതരണം നടത്തിയും വൈകുന്നേരങ്ങളില്‍ കച്ചവട സ്ഥാപനങ്ങളില്‍ ജോലി എടുത്തും പെട്രോളിനുള്ള പണം കണ്ടെത്തിത്തുടങ്ങി. അതിനിടയില്‍ രണ്ടു വര്‍ഷം പോയതറിഞ്ഞില്ല. ഫുള്‍ എ പ്ലസ് വാങ്ങി മികച്ച വിജയം നേടാന്‍ കഴിയുമായിരുന്ന സുല്‍ഫിക്കര്‍ ഒരു ശരാശരി നിലവാരത്തില്‍ പ്ലസ്ടു വിജയിച്ചു. പിന്നീട് പഠനം നിര്‍ത്തി. കടകളില്‍ മാറിമാറി സെയില്‍സ് മാനായി ജോലിചെയ്തു കുടുംബത്തിന്റെ അത്താണിയായി. എങ്കിലും കുറഞ്ഞ വരുമാനം കൊണ്ട് കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാതെ വന്നു. കാലം കുറച്ചുകഴിഞ്ഞു. എങ്ങനെയൊക്കെയോ വിസയൊപ്പിച്ച് സുഊദിയിലേക്ക് വിമാനം കയറി. മക്കയിലുള്ള വിവിധ കാറ്ററിംഗ് സര്‍വീസ് ഗ്രൂപ്പുകളുടെ സപ്ലയറായി കഴിഞ്ഞുകൂടുന്നു. പുഞ്ചിരിച്ച് തുടങ്ങിയ ജീവിതകഥ കണ്ണീര്‍മുത്തുകളായി അടര്‍ന്നുവീഴാന്‍ തുടങ്ങി. ആ സുസ്‌മേരവദനത്തില്‍ നിരാശ തളംകെട്ടിനിന്നു. ഇടറുന്ന ശബ്ദത്തോടെ നുറുങ്ങിയ വാക്കുകള്‍ കൊണ്ട് സുല്‍ഫിക്കര്‍ പറഞ്ഞുനിര്‍ത്തി. ആ മൊബൈല്‍... അതാണിക്കാ എന്റെ ഭാവിയെ തകര്‍ത്തത്. കണ്ണീരണിഞ്ഞ സംസാരത്തിന്റെ വിരാമ ബിന്ദുവില്‍ എല്ലാം വാചാലം.
ഓരോ തീര്‍ഥാടക സംഘത്തെയും മനം നിറച്ച് ഭക്ഷണം കൊടുത്ത് അടുത്തടുത്ത് വരുന്ന ഉംറാ സംഘത്തെയും പ്രതീക്ഷിച്ച് മനസ്സില്‍ നിരാശയടക്കി ചുണ്ടില്‍ പുഞ്ചിരി വിതറി ഹറമിലെ ലോഡ്ജ്മുറികളില്‍ മാറിമാറി നടക്കുന്ന സുല്‍ഫിക്കര്‍ ഓര്‍മയില്‍ വന്നത് മാധ്യമം പത്രത്തില്‍ പരപ്പനങ്ങാടിക്കാരന്‍ സഫ്ദറിനെ സംബന്ധിച്ച വാര്‍ത്ത വായിച്ചപ്പോഴാണ്.
കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍  ഫുള്‍ എ പ്ലസ് നേടി വിജയിച്ച മിടുക്കനാണ് സഫ്ദര്‍. പി.ഇ.എസ് പരപ്പാട് കോവിലകം ഹൈസ്‌കൂളിലെ അധ്യാപകരുടെ ഇഷ്ട വിദ്യാര്‍ഥി. എന്നാല്‍ അതൊന്നുമല്ല സഫ്ദറിനെ വ്യത്യസ്തനാക്കുന്നത്. പരീക്ഷയില്‍ ഫുള്‍ എ പ്ലസ് കിട്ടിയാല്‍ മൊബൈലും ബൈക്കും ടൂര്‍ പോകാനുള്ള പണവും ആവശ്യപ്പെടുന്ന കൗമാരക്കാരില്‍നിന്നും സഫ്ദറിനെ വേറിട്ടുനിര്‍ത്തുന്നത് മറ്റൊന്നാണ്. അത് കാണണമെങ്കില്‍ പരപ്പനങ്ങാടി കോവിലകം റോഡിലെ 'അസര്‍മുല്ല'യില്‍ ഓടി നടക്കുന്ന വെച്ചൂര്‍ പശുവിനെ നോക്കണം. അതാണ് സഫ്ദറിന് ലഭിച്ച എ പ്ലസ് സമ്മാനം. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയ സന്തോഷത്തില്‍ അപ്രതീക്ഷിതമായാണ് സഫ്ദര്‍ മാതാപിതാക്കളോട് സമ്മാനമായി വെച്ചൂര്‍ പശുവിനെ ആവശ്യപ്പെട്ടത്. മകന്റെ ആവശ്യം കേട്ട് ആദ്യം മാതാപിതാക്കളൊന്ന് അമ്പരന്നു. പിന്നീട് വീട്ടുകാരിയുമായി ആലോചിച്ച് പിതാവ് പശുവിനെ വാങ്ങി നല്‍കി. റെയില്‍വേ ട്രാക്കിനു സമാന്തരമായ അറുപത് സെന്റ് ഭൂമിയില്‍  കൃഷിയുമായി സഫ്ദര്‍ മുന്നോട്ടുപോകുന്നു. ലോക്ക് ഡൗണില്‍ സ്‌കൂള്‍ തുറക്കാതായതോടെ പകല്‍ മുഴുവന്‍ കൃഷിയും പശുപരിപാലനവുമായി സമയം ചെലവിട്ടു. പിതാവായ കബീറും ഉമ്മ സാക്കിറയും പ്രചോദനമായി സഫ്ദറിന് ഒപ്പമുണ്ട് (മാധ്യമം 2020 ആഗസ്റ്റ് 17).
മികച്ച വിജയം നേടിയാല്‍ എന്ത് സമ്മാനം നല്‍കും എന്ന് ചോദിക്കുന്ന വിദ്യാര്‍ഥികള്‍ക്കും, സമ്മാനം നല്‍കുന്ന ഇഷ്ട ബന്ധുജനങ്ങള്‍ക്കും മാതൃകയാണ് സഫ്ദറും അവന്റെ മാതാപിതാക്കളും. മക്കയിലെ ലോഡ്ജുകളില്‍ നൈരാശ്യം കടിച്ചമര്‍ത്തിയും വിധിയെ പഴിച്ചും കഠിനാധ്വാനം ചെയ്തിരുന്ന സുല്‍ഫിക്കറും വീട്ടുവളപ്പിലെ കൃഷിത്തോട്ടങ്ങള്‍ക്കിടയില്‍ വെച്ചൂര്‍ പശുവിന്റെ കയറും പിടിച്ച് ആഹ്ലാദത്തോടെ നടക്കുന്ന സഫ്ദറും കാലത്തിന്റെ പ്രതീകങ്ങളാണ്. ഒന്ന് ഭാസുരമായ ഭാവിയെ തകര്‍ത്ത സംഹാര സമ്മാനമായിരുന്നെങ്കില്‍ സഫ്ദറിന്റേത് കുളിര്‍മ നിറഞ്ഞ ഹൃദയത്തില്‍ മൊട്ടിട്ട ജീവഗന്ധിയായ വികാരത്തിന്റെ ആഹ്ലാദകരമായ അഭിലാഷമായിരുന്നു.
നിറഭേദങ്ങളുടെ മലര്‍വനിയില്‍ വര്‍ണശലഭങ്ങളെ പോലെ പാറിപ്പറക്കുന്ന മക്കളാണ് നമ്മുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും. ഭാവിയുടെ ഇടനാഴികളില്‍ ഇടറിവീഴാന്‍ സാധ്യതയുള്ള ഇരുളുകളില്‍ താങ്ങും തെളിച്ചവുമായി നില്‍ക്കേണ്ട ശരറാന്തലുകളാണവര്‍. കുടുംബത്തിന്റെ പ്രോത്സാഹനങ്ങളും നിരുത്സാഹപ്പെടുത്തലുകളും മക്കളുടെ ഭാവി ജീവിതത്തെ സാരമായി ബാധിക്കും. സമ്മാനങ്ങള്‍ അവരെ പ്രചോദിപ്പിക്കും. തലോടലുകള്‍ അവരെ കൂടുതല്‍ ആനന്ദിപ്പിക്കും, മക്കളിലൂടെ നാം അപൂര്‍വ സുന്ദരമായ മനക്കോട്ട കെട്ടുമ്പോള്‍ മക്കള്‍ പലപ്പോഴും അനുഭവസമ്പത്തിന്റെ അഭാവത്തില്‍ താല്‍ക്കാലിക അഭിരുചികളില്‍നിന്നുള്ള ആവശ്യങ്ങളായിരിക്കും ആഗ്രഹിക്കുക. വിലകൂടിയ സ്മാര്‍ട്ട് ഫോണുകളും ആഡംബര ബൈക്കുകളും പൊങ്ങച്ചത്തിന്റെ പ്രതീകങ്ങളാകുമ്പോള്‍ വിശേഷിച്ചും. കിടമത്സരത്തിന്റെ ലോകത്ത് നാം ആര്‍ജിച്ചെടുക്കേണ്ട ഓരോ വിജയവും താല്‍ക്കാലികമായി ലഭിക്കുന്ന സമ്മാനങ്ങള്‍ക്കപ്പുറം ഭാവിജീവിതത്തിലേക്കുള്ള കരുതിവെപ്പുകളാണെന്ന മൗലികപാഠം മക്കള്‍ക്ക് നാം പകര്‍ന്നുകൊടുക്കണം. ലക്ഷ്യം സമ്മാനങ്ങളല്ല. സമ്മാനങ്ങളിലൂടെ ജീവിത വിജയത്തിലേക്കുള്ള പ്രോത്സാഹനങ്ങളാണ്. ഫുള്‍ എ പ്ലസ് കിട്ടിയില്ലെങ്കില്‍ ജീവിതം തകര്‍ന്നു എന്ന തെറ്റിദ്ധാരണകളും തിരുത്തപ്പെടണം.
വ്യത്യസ്തമായ സര്‍ഗഭാവനകളും വൈഭവങ്ങളും ഒരു നിധി പോലെ സൂക്ഷിച്ചുവെച്ച പ്രതിഭാധനരാണ് മക്കള്‍. തളിരിലകളും ഇളം മൊട്ടുകളുമായി വളരുന്ന സസ്യങ്ങളെ പോലെയാണവര്‍. അതിനു മണ്ണും വെള്ളവും വളവും ആവശ്യമായതുപോലെ മുകളില്‍നിന്നുള്ള സൂര്യപ്രകാശത്തിന്റെ പ്രോത്സാഹനങ്ങളും ആവശ്യമാണ്. അത് പ്രായത്തിനും പക്വതക്കും അനുഗുണമാകണം. ഇലക്കും തണ്ടിനും വിടരുന്ന മൊട്ടുകള്‍ക്കും താങ്ങാന്‍ കഴിയാത്ത സൂര്യതാപമായാല്‍ അത് വേരോടെ മുറിഞ്ഞ് ഉണങ്ങുകയായിരിക്കും ഫലം. നന്മകളിലേക്കെന്ന പോലെ ധാരാളം തിന്മകളിലേക്കുള്ള ജാലകങ്ങള്‍ മലര്‍ക്കെ തുറന്നുകിടക്കുന്ന കൗമാരജീവിതത്തില്‍ നല്‍കുന്ന സമ്മാനങ്ങള്‍ ഭാസുര ജീവിതത്തിനു പ്രചോദകവും അവിസ്മരണീയവുമാകണം. വളര്‍ത്തുന്നവര്‍ക്കും വളര്‍ത്തപ്പെടുന്നവര്‍ക്കും അവയില്‍ ആഹ്ലാദകരമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ജീവിതാനുഭവങ്ങളാകണം ഓരോ വിജയത്തിനുള്ള പ്രോത്സാഹനങ്ങളും സമ്മാനങ്ങളും. തളര്‍ത്താനല്ല വളര്‍ത്താനാണല്ലോ സമ്മാനങ്ങള്‍. സമ്മാനങ്ങള്‍ കൊതിക്കുന്ന കുഞ്ഞിളംമനസ്സുകളില്‍ രക്ഷിതാക്കള്‍ നക്ഷത്രങ്ങളെ സ്വപ്‌നം കാണാന്‍ പഠിക്കണം. അഭിരുചികളുടെ ചെറിയ ചെറിയ തുരുത്തുകളില്‍ കിളിക്കൂട് കെട്ടുന്ന തലമുറയെ ഭൂഖണ്ഡങ്ങളെ കീഴ്‌പ്പെടുത്തുന്ന ദേശാടനപ്പക്ഷികളാക്കണം. സമ്മാനങ്ങള്‍ കാലത്തിന്റെ ഹരവും ഭാരവുമായാല്‍ പ്രോത്സാഹനം പോലും സംഹാരമാകും. സുല്‍ഫിക്കറിന്റെ കവിളിണയില്‍ അടര്‍ന്നുവീണ കണ്ണീര്‍മുത്തുകള്‍ വാചാലമായി പറയുന്നതും അതുതന്നെ. താല്‍ക്കാലികമായ ഹരം അനുഭവിക്കുന്ന ന്യൂജെന്‍ തലമുറകളുടെ അടിപൊളി ജീവിതകാലത്ത് മാതൃകയാണ് സഫ്ദര്‍. പ്രത്യുല്‍പന്നമതിത്വമുള്ള സഫ്ദറിന്റെ മനസ്സാണ് 'അസര്‍മുല്ല'യെന്ന വീട്ടുവളപ്പിനെ ഹരിതാഭമാക്കുന്നത്. സഹാനുഭൂതി നിറഞ്ഞ സഹജീവിസ്‌നേഹത്തിന്റെ പ്രതീകമാണ് ആ വെച്ചൂര്‍ പശുവും. രചനാത്മകവും ലാഭദായകവും മാനസികോല്ലാസവും ശാരീരിക വ്യായാമവും പകരുന്നതുമായ സ്‌നേഹസമ്മാനം. സഫ്ദര്‍ തെരഞ്ഞെടുത്തതും മാതാപിതാക്കള്‍ പകര്‍ന്നുകൊടുത്തതും ജീവഗന്ധിയായ ഒരു സമ്മാനം തന്നെ. 'അസര്‍മുല്ല'യില്‍ ഇനിയും വിടരട്ടെ വിജയത്തിന്റെ ഒരായിരം സൂര്യകാന്തി പുഷ്പങ്ങള്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (41-43)
ടി.കെ ഉബൈദ്‌