പണത്തിന്റെ വല നെയ്‌തെടുക്കുന്ന മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്
നീ ഫ്രീയാണോടാ... ഒരു അടിപൊളി പരിപാടിയുണ്ട്.... നിനക്ക് ഗുണം കിട്ടുന്ന കാര്യമാണ്... ഫ്രീ ആണേല്‍ പറ, ഞാന്‍ വിളിക്കാം... ഇങ്ങനെ ഒരു മെസ്സേജ് നമ്മുടെ സുഹൃത്ത് നമുക്കയച്ചാല്‍ നമ്മളവനെ വിളിച്ച് കാര്യമന്വേഷിക്കും. തീര്‍ച്ച.....
എങ്കില്‍ സംശയം വേണ്ട. മിക്കവാറും അതൊരു നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനിയില്‍ ചേര്‍ന്നിട്ടുള്ള സുഹൃത്തിന്റെ വിളിയായിരിക്കും. പിന്നെ അതില്‍ ചേര്‍ന്നാല്‍ ലഭിക്കുന്ന നേട്ടങ്ങളെക്കുറിച്ച് വിശദീകരിച്ച് തുടങ്ങും. ശേഷം അവരുടെ കമ്പനിയെ പരിചയപ്പെടുത്തും. പിന്നെ, ഉല്‍പന്നങ്ങളിലേക്ക് കടക്കും. ആദ്യമായി കേള്‍ക്കുന്ന സാധുക്കളായ ചിലര്‍ ഉടന്‍ വീഴും. ചിലര്‍ ചില മറുചോദ്യങ്ങള്‍ ചോദിക്കും. അതിനൊക്കെയും അവരുടെ അടുത്ത് മറുപടിയും കാണും. കാരണം വരാന്‍ സാധ്യതയുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങളും കമ്പനിയുടെ മീറ്റിംഗുകളില്‍ വെച്ച് അവരെ പഠിപ്പിച്ചിട്ടുണ്ടാകും. വല്ലാതെ ചോദ്യങ്ങള്‍ വന്നാല്‍ അവരുടെ അപ്‌ലൈനിലെ ആരെയെങ്കിലും പരിചയപ്പെടുത്തുകയും അവരുമായി മീറ്റിംഗ് ഒരുക്കുകയും ചെയ്യും. അതുമല്ലെങ്കില്‍ അവരുടെ ബിസിനസ് മീറ്റിലേക്ക് നമ്മെ ക്ഷണിക്കും. നമ്മള്‍ പലതും പറഞ്ഞ് പിന്തിരിയാന്‍ ശ്രമിച്ചാലും നമ്മെ അവര്‍ പിന്തുടര്‍ന്നുകൊണ്ടേയിരിക്കും. ചിലരെങ്കിലും ശല്യം അവസാനിക്കട്ടെ എന്ന് കരുതിയോ സൗഹൃദം തകരാതിരിക്കാനോ കണ്ണിയില്‍ ചേരുകയോ പ്രൊഡക്ട് വാങ്ങുകയോ ചെയ്യും.
സോഷ്യല്‍ മീഡിയ അരങ്ങു തകര്‍ക്കുന്ന ഈ കാലത്ത് കാര്യങ്ങള്‍ ഏറെ സൗകര്യമാണ്. വാട്ട്‌സ്ആപ്പിലൂടെയോ മെസഞ്ചറിലൂടെയോ മറ്റോ മെസ്സേജയക്കും. അല്ലെങ്കില്‍ കമ്പനിയുടെ ഏതെങ്കിലും അച്ചീവ്‌മെന്റ്് ലഭിച്ചതിന്റെ പോസ്റ്റര്‍ സ്റ്റാറ്റസിടും. അതുമല്ലെങ്കില്‍ പ്രൊഡക്ട് പരിചയപ്പെടുത്തുന്ന മെസ്സേജ് ഷെയര്‍ ചെയ്യും. നമ്മള്‍ ഇതിനോടേതിനോടെങ്കിലും അനുകൂലമായോ പ്രതികൂലമായോ പ്രതികരിക്കുകയോ വെറുതെ ഒരു ലൈക്കടിക്കുകയോ ചെയ്താല്‍ മതി. പിന്നെ മെസ്സേജുകളുടെ പൂരമായിരിക്കും. വോയ്‌സായും വീഡിയോ ആയും എഴുത്തായും വെബ് ലിങ്കുകളായും ഒക്കെ വരും. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗിന്റെ സാധ്യതകള്‍ മുതല്‍ പ്രൊഡക്ടിന്റെ അവിശ്വസനീയമായ സവിശേഷതകള്‍ വരെ പല ഘട്ടങ്ങളിലായി നമ്മിലേക്കെത്തും. നമ്മള്‍ കണ്ണിചേരാന്‍ വളരെ ചെറിയ സാധ്യത ഉണ്ടെങ്കില്‍ പോലും അവര്‍ നമ്മെ നേരില്‍ വന്നു കാണുകയോ സാധ്യമല്ലെങ്കില്‍ ഫോണില്‍ വിളിച്ച് സംസാരിക്കുകയോ ചെയ്യും. നമ്മള്‍ നോ പറഞ്ഞാല്‍ പോലും അവര്‍ വീണ്ടും വീണ്ടും ഫോളോ ചെയ്തുകൊണ്ടിരിക്കും. കൊറോണ വന്നതോടെ സൂം മീറ്റിലൂടെയും ഗൂഗ്ള്‍ മീറ്റിലൂടെയുമൊക്കെ 500-ഉം 1000-വുമൊക്കെ പങ്കെടുക്കുന്ന മീറ്റിംഗുകളാണ് നടന്നുവരുന്നത്.
എന്താണ് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്?
സാധാരണത്തേതില്‍നിന്ന് വ്യത്യസ്തമായ ഒരു പ്രത്യേക തരം വിപണന രീതിയാണ് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് (MLM). ഈ വിപണനരീതി മള്‍ട്ടി ലവല്‍ മാര്‍ക്കറ്റിംഗ്, ഡയറക്ട് സെല്ലിംഗ്, ഡയറക്ട് മാര്‍ക്കറ്റിംഗ്, നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ്, ഹോം ബിസിനസ് ഫ്രാഞ്ചൈസിംഗ്, അഫിലിയേറ്റ് മാര്‍ക്കറ്റിംഗ്, റഫറല്‍ മാര്‍ക്കറ്റിംഗ് തുടങ്ങി പല പേരുകളില്‍ അറിയപ്പെടുന്നു. വില്‍പ്പന സംഘത്തില്‍പെട്ട ഓരോ അംഗവും (സിംഗിള്‍ ലെവല്‍ മാര്‍ക്കറ്റിംഗില്‍നിന്ന് വ്യത്യസ്തമായി) താന്‍ നേരിട്ട് വില്‍ക്കുന്ന ഉല്‍പന്നങ്ങളുടെ പ്രതിഫലത്തിനു പുറമെ താന്‍ മുഖാന്തരം ഈ വില്‍പ്പനാ ശൃംഖലയിലേക്ക് ചേര്‍ക്കപ്പെട്ട മറ്റു സംഘാംഗങ്ങളുടെ വില്‍പനയുടെ പ്രതിഫലത്തിന്റെയും ഒരു വിഹിതത്തിന് അര്‍ഹനാക്കപ്പെടുന്ന പല തട്ടിലുള്ള പ്രതിഫലശ്രേണിയാണ് ഈ സമ്പ്രദായത്തിന്റെ പ്രത്യേകത. സൗഹൃദ ബന്ധങ്ങള്‍ വഴിയോ മുന്‍പരിചയം വഴിയോ പുതുതായി സ്ഥാപിക്കപ്പെടുന്ന പരിചയം വഴിയോ പൊതു സുഹൃത്തുക്കളുടെ ശിപാര്‍ശകള്‍ വഴിയോ കുടുംബ ബന്ധങ്ങള്‍ വഴിയോ അയല്‍പക്ക ബന്ധങ്ങള്‍ വഴിയോ ഉപഭോക്താക്കളെ കണ്ടെത്തി നേരിട്ട് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന ഒരു രീതിയാണ് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്.
ധാരാളം കമ്പനികള്‍ ഇന്ത്യയില്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് നടത്തിവരുന്നുണ്ട്. കമ്പനി-ഹോള്‍സെയിലര്‍-റീട്ടെയിലര്‍-കസ്റ്റമര്‍ എന്ന രീതിക്ക് പകരം കമ്പനി വ്യക്തികള്‍ വഴി (നെറ്റ്‌വര്‍ക്ക് രീതിയില്‍) ഉല്‍പന്നത്തെ കസ്റ്റമര്‍ക്ക് എത്തിക്കുന്നതാണ് രീതി. ഇതിലൂടെ പരസ്യവും ഹോള്‍സെയില്‍-റീട്ടെയില്‍ ബിസിനസ്സുകാരുടെ കമീഷനൊക്കെ ഒഴിവാക്കാന്‍ കഴിയുന്നതിനാല്‍ അത് കണ്ണിചേരുന്നവര്‍ക്ക് നല്‍കാന്‍ കഴിയുന്നു എന്നാണ് കമ്പനികള്‍ അവകാശപ്പെടുന്നത്.
പ്രധാന രീതികള്‍
1. ഒരാള്‍ കണ്ണിചേരുകയും അയാളുടെ താഴെത്താഴെയായി ധാരാളം പേരെ ചേര്‍ക്കുകയും ചെയ്യുന്നതോടെ അവരൊക്കെ വാങ്ങിക്കുന്നതില്‍നിന്ന് ഒരു നിശ്ചിത ശതമാനം ലാഭം മുകളില്‍ കണ്ണിചേര്‍ന്നവര്‍ക്ക് ലഭിക്കുന്നു. ചില കമ്പനികള്‍ ഒരു നിശ്ചിത ലെവല്‍ വരെ കണ്ണിചേരുന്നവരുടെ വില്‍പനയുടെ ലാഭ വിഹിതം നല്‍കുമ്പോള്‍ ചിലര്‍ നമ്മുടെ താഴെ ചേരുന്ന മുഴുവനാളുകളുടെയും വില്‍പനയുടെ വിഹിതം നല്‍കുന്നു.
2. ഒരാള്‍ക്കു കീഴില്‍ രണ്ടു പേര്‍, അവര്‍ ഓരോരുത്തര്‍ക്കും കീഴില്‍ രണ്ടു പേര്‍ വീതം എന്നതാണ് ഒരു രീതി. ഒരാള്‍ക്ക് കീഴില്‍ എത്ര പേരെ വേണമെങ്കിലും ചേര്‍ക്കാവുന്നതാണ് മറ്റൊരു രീതി
3. മാര്‍ക്കറ്റിലെ സമാന ഉല്‍പന്നങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പൊതുവെ ഉല്‍പന്നങ്ങളുടെ വില കൂടുതലായാണ് കാണപ്പെടുന്നത്. ചിലതിന് ഇരട്ടിയോ മൂന്നിരട്ടിയോ ഒക്കെ കാണുന്നുണ്ട്. അതേ സമയം പ്രൊഡക്ട് പലപ്പോഴും ക്വാളിറ്റി കുറഞ്ഞവയുമായിരിക്കും.
4. മിക്ക കമ്പനികളും കൂടുതലായും വില്‍ക്കുന്നത് ഹോം കെയര്‍ കോസ്‌മെറ്റിക്‌സ്, ലൈഫ് കെയര്‍, ഹെല്‍ത്ത് കെയര്‍, ലൈഫ് സ്റ്റൈല്‍ പ്രൊഡക്ടുകള്‍ തുടങ്ങിയവയാണ്. ചില കമ്പനികള്‍ നിത്യോപയോഗ സാധനങ്ങളും നല്‍കിവരുന്നുണ്ട്.
5. ചില കമ്പനികള്‍ സ്വന്തം ഉല്‍പന്നങ്ങള്‍ മാത്രം വില്‍ക്കുമ്പോള്‍ ചിലര്‍ മറ്റുള്ള കമ്പനികളുടെ ഉല്‍പന്നങ്ങളുടെ മാര്‍ക്കറ്റിംഗ് സംവിധാനമായി മാത്രം പ്രവര്‍ത്തിക്കുന്നു. ചിലര്‍ ഇവ രണ്ടും ഒരുമിച്ചു ചെയ്യുന്നു.
6. വ്യക്തികളെ ചേര്‍ക്കാന്‍ ചെറുതും വലുതുമായ മീറ്റിംഗുകള്‍ സംഘടിപ്പിക്കുകയും അതിശയിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു. നേരത്തേ കണ്ണിചേര്‍ന്നവര്‍ ഇപ്പോള്‍ നേടുന്ന ലക്ഷങ്ങളുടെ കണക്കുകളാണ് ക്ലാസ്സുകളിലെ പ്രധാന ആകര്‍ഷണം. അത്തരം വ്യക്തികളാകും മിക്കവാറും ക്ലാസ്സെടുക്കുക. ഇതിനു പുറമെ പ്രൊഡക്ട് പരിചയപ്പെടുത്തുന്ന ക്ലാസുകളും സംഘടിപ്പിക്കാറുണ്ട്. പലപ്പോഴും പ്രൊഡക്ടുകളുടെ ഗുണമേന്മയെക്കുറിച്ചുള്ള വ്യാജമായ അവകാശവാദങ്ങള്‍ ധാരാളമായി കടന്നുവരാറുണ്ട്.
7. പ്രൊഡക്ടുകളേക്കാളുപരി മാര്‍ക്കറ്റിംഗ് ശൃംഖലയില്‍ കണ്ണിചേരുന്നതിന്റെ ലാഭ വാഗ്ദാനങ്ങളിലാണ് ആളുകള്‍ കൂടുതല്‍ ആകൃഷ്ടരാകുന്നത്.
8. മിനിമം ഒരു നിശ്ചിത തുകയുടെ/ കമ്പനി നിശ്ചയിക്കുന്ന പോയിന്റിന്റെ (ഉദാഹരണം 10000 രൂപയും 100 പോയിന്റും തികയണം) സാധനം വാങ്ങിയാല്‍ മാത്രം ചെയിനില്‍ അംഗമാകാന്‍ കഴിയുന്ന രീതിയാണ് പല കമ്പനികള്‍ക്കും. എന്നാല്‍ അല്ലാത്തവയും ഉണ്ട്.
9. യുവാക്കളാണ് പ്രധാനമായി ഇതില്‍ കണ്ണിചേര്‍ക്കപ്പെടുന്നത് (18-35 വയസ്സ്). സമൂഹത്തില്‍ ധാരാളം ബന്ധങ്ങളുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍, മത സംഘടനാ നേതാക്കള്‍, സാമൂഹിക പ്രവര്‍ത്തകര്‍, അധ്യാപകര്‍, മോട്ടിവേഷന്‍ പ്രഭാഷകര്‍ തുടങ്ങിയവരെ കണ്ണിചേര്‍ക്കുന്നത് വിപുലീകരണത്തിന് എളുപ്പത്തില്‍ സഹായകമാകുന്നതിനാല്‍ അത്തരം ആളുകളെ ചേര്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.
ധാരാളം വിമര്‍ശനങ്ങള്‍ നേരിടുന്ന ഒരു രംഗമാണ് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്. ഈ വിഷയത്തില്‍ നടത്തിയ പഠനങ്ങളിലെ ചില കണക്കുകള്‍ പരിശോധിക്കാം:
1. അമേരിക്കയിലെ ഫെഡറല്‍ ട്രേഡ് കമീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം വ്യക്തമാക്കുന്നത് അവര്‍ പഠനം നടത്തിയ 350 മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനികളില്‍ കണ്ണിചേര്‍ന്ന 99 ശതമാനം പേര്‍ക്കും അവരുടെ പണം നഷ്ടമായി എന്നാണ്. ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് എല്ലാ ചെലവുകളും പരിഗണിക്കുമ്പോള്‍ യഥാര്‍ഥത്തില്‍ ലാഭം ലഭിക്കുന്നത്. ഈ ആളുകള്‍ പിരമിഡിന്റെ മുകളിലുള്ളവരായിരിക്കും. മറ്റൊരു പഠനം വ്യക്തമാക്കുന്നത് 25 ശതമാനം പേര്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗില്‍നിന്ന് പണം സമ്പാദിക്കുന്നു എന്നാണ്. അതായത്, പരമാവധി പോയാല്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗില്‍ ഏര്‍പ്പെടുന്ന നാലിലൊന്ന് ആളുകള്‍ക്കു മാത്രമേ ചെറിയ രീതിയിലെങ്കിലും പണം സമ്പാദിക്കാന്‍ കഴിയുന്നുള്ളൂ. ഈ 25 ശതമാനം പേരില്‍ 14 ശതമാനം പേര്‍ 5000 ഡോളറില്‍ താഴെയും 6 ശതമാനം പേര്‍ 5000 മുതല്‍ 9999 വരെയും 3 ശതമാനം പേര്‍ 10,000 മുതല്‍ 24,000 ഡോളര്‍ വരെയും 3 ശതമാനം പേര്‍ 25,000 ഡോളറോ അതില്‍ കൂടുതലോ വരുമാനമുണ്ടാക്കുന്നു, 0.05 ശതമാനം പേര്‍ മാത്രമാണ് 100,000-മോ അതില്‍ കൂടുതലോ വരുമാനം ഉണ്ടാക്കുന്നത്. ഈ കണക്ക് വിശദീകരിക്കുന്നതു പോലെ തന്നെ ഭൂരിപക്ഷം ആളുകള്‍ക്കും എം.എല്‍.എം വഴി മാന്യമായ പണം സമ്പാദിക്കാനുള്ള സാധ്യത വളരെ കുറവാണ്. എന്നിട്ടും ആളുകള്‍ ഇപ്പോഴും ഇത് തുടരാന്‍ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തം. ഇതിനെക്കുറിച്ചുള്ള അറിവില്ലായ്മയും കമ്പനികള്‍ നിരത്തുന്ന ലാഭക്കണക്കുകളില്‍ കണ്ണടച്ച് വിശ്വസിക്കുന്നതും തന്നെ.
2. ഡയറക്ട് സെല്ലിംഗ് ബിസിനസ് പത്ത് വര്‍ഷം കൊണ്ട് 79 ശതമാനം വളര്‍ച്ച കൈവരിച്ചു. പക്ഷേ എം.എല്‍.എമ്മില്‍ ചേരുന്നവര്‍ക്ക് പണം നഷ്ടപ്പെടുന്നത് തുടര്‍ന്നുകൊണ്ടിരിക്കുന്നു.
3. അഅഞജ ഫൗണ്ടേഷന്‍ നടത്തിയ പഠനത്തില്‍ പങ്കെടുക്കുന്നവരില്‍ 27 ശതമാനം പേര്‍ എം.എല്‍.എമ്മുമായി പിരിഞ്ഞവരാണ്. അവര്‍ ജോലിചെയ്ത കമ്പനി സാമ്പത്തിക വിജയസാധ്യത തെറ്റായി ചിത്രീകരിച്ചു എന്നാണ് 52 ശതമാനം ആളുകള്‍ പറഞ്ഞത്. തുടക്കത്തില്‍ കാണിച്ച ലാഭക്കണക്കുകളില്‍നിന്ന് വ്യതിചലിച്ചെന്നും തങ്ങള്‍ക്ക് യാതൊരു ലാഭവും ഉണ്ടാക്കാനായില്ലെന്നും അവര്‍ പരാതിപ്പെടുന്നു. എം.എല്‍.എം കമ്പനികള്‍ തങ്ങളുടെ ഏജന്റുമാരെ ദീര്‍ഘകാലത്തേക്ക് നിലനിര്‍ത്താന്‍ പാടുപെടുന്നത് വെറുതയല്ല.
4. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗിലെ 90 - 99 ശതമാനം വിതരണക്കാര്‍ക്ക് പ്രതിവര്‍ഷം നൂറു ഡോളര്‍ കമീഷന്‍ മാത്രമേ ലഭിക്കുന്നുള്ളൂ. അഭിഭാഷകനായ ജോണ്‍ ടെയ്ലറാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തലുകള്‍ക്കു പിന്നില്‍. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗുമായി ബന്ധപ്പെട്ട 600-ലധികം നഷ്ടപരിഹാര കേസുകള്‍ നടത്തിയ വ്യക്തിയാണ് അദ്ദേഹം. പല എം.എല്‍.എം കമ്പനികളും മികച്ച വരുമാന ആനുകൂല്യങ്ങള്‍ പരസ്യപ്പെടുത്തുമെങ്കിലും യഥാര്‍ഥ ഫലങ്ങള്‍ നിരാശാജനകമാണ്.
5. കുറഞ്ഞ വരുമാനമുള്ള 42 ശതമാനം ആളുകള്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗിനെ അധിക വരുമാനത്തിനുള്ള വകയായി കണക്കാക്കുന്നു. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് യഥാര്‍ഥത്തില്‍ എന്താണെന്നോ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നോ മിക്ക ആളുകള്‍ക്കും അറിയാത്തതിനാല്‍ വരുമാനം വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയില്‍ അവര്‍ ചേരുന്നു. നിര്‍ഭാഗ്യവശാല്‍ ഈ ഗണത്തില്‍ പെടുന്നവരില്‍ മാന്യമായ വരുമാനം നേടാന്‍ കഴിയുന്ന ആളുകളുടെ എണ്ണം വളരെ കുറവാണ്.
6. ആദ്യ വര്‍ഷം തന്നെ 50 ശതമാനം ആളുകള്‍ എം.എല്‍.എമ്മില്‍നിന്ന് പുറത്തുപോകുന്നുവെന്ന് എം.എല്‍.എം സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തുന്നു.
7. പ്രൊഡക്ട് കാറ്റഗറി പരിശോധിച്ചാല്‍ വെല്‍നസ് ഉല്‍പന്നങ്ങളാണ് മൊത്തം വില്‍പനയുടെ 24.1 ശതമാനം. ഹോം കെയര്‍, ഫാമിലി കെയര്‍ (22.6 ശതമാനം), പേഴ്‌സണല്‍ കെയര്‍ (18.2 ശതമാനം) എന്നിവയാണ് മറ്റ് പ്രധാന വിഭാഗങ്ങള്‍.
8. എം.എല്‍.എമ്മില്‍, നിങ്ങള്‍ക്ക് വന്‍ ലാഭം നേടാന്‍ കുറച്ച് മാസങ്ങള്‍ മാത്രമേ വേണ്ടൂ എന്ന തെറ്റിദ്ധാരണയുണ്ടാക്കുന്നു. മിക്കപ്പോഴും ഇതുപോലുള്ള പ്രസ്താവനകള്‍ കൂടുതല്‍ ആളുകളെ കണ്ണി ചേര്‍ക്കുന്നതിനുള്ള നുണകളാണ്.
9. എം.എല്‍.എമ്മില്‍ ചേരുന്നവരുടെ ആഗോള കണക്കുകള്‍ നോക്കിയാല്‍ 74 ശതമാനം സ്ത്രീകളാണ്; 26 ശതമാനം മാത്രമാണ് പുരുഷന്മാര്‍.
ഈ കണക്കുകള്‍ വ്യക്തമാക്കുന്നതു പോലെ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗിലൂടെ നടക്കുന്നത് വലിയ ചൂഷണം തന്നെയാണ്. മുകളിലെ തട്ടിലെ ചുരുങ്ങിയ ശതമാനം ആളുകള്‍ക്ക് സാമ്പത്തിക ലാഭം ലഭിക്കുകയും ബഹുഭൂരിപക്ഷം ചതിയിലകപ്പെടുകയും ചെയ്യുന്നു. കോടികള്‍ സമ്പാദിച്ചവരുടെ കഥകള്‍ കേട്ടാണ് പലരും മോഹവലയത്തില്‍ മനക്കോട്ടകള്‍ കെട്ടുന്നത്. എന്നാല്‍ ഫലമോ, സമ്പത്ത് മാത്രമല്ല മാനവും നഷ്ടമാകുന്നു. വിജയിച്ച ചുരുക്കം ചിലരുടെ കഥകളാണ് ഇവരുടെ പ്രചാരണായുധം. ലക്ഷങ്ങള്‍ വില വരുന്ന കാറുകളില്‍ വന്നിറങ്ങുന്ന ലീഡര്‍ഷിപ്പിലുള്ള ആളുകളുടെ പ്രഭാഷണങ്ങള്‍ കേട്ടാല്‍ ആരും വീണു പോകും. ഒന്നുമില്ലായ്മയില്‍നിന്ന് ലക്ഷപ്രഭുവായ കഥ മുതല്‍ നല്ല വരുമാനമുള്ള ജോലി ഉപേക്ഷിച്ച് ഇതിലേക്കിറങ്ങി പണം കൊയ്‌തെടുത്ത കഥകള്‍ വരെ അവര്‍ നിരത്തും. എന്നാല്‍ പലിശക്ക് കടമെടുത്തും സുഹൃത്തുക്കളോടും കുടുംബക്കാരോടും കടം വാങ്ങിയും ആഭരണങ്ങള്‍ പണയം വെച്ചും ഇത്തരം കമ്പനികളില്‍ ചേര്‍ന്ന് തകര്‍ന്നുപോയ പാവങ്ങളുടെ കഥ പലപ്പോഴും പുറത്തുവരില്ല. കാരണം പോയത് പോയി, ഇനി നാട്ടുകാരെ അറിയിച്ച് ഉള്ള മാനം കളയണ്ട എന്ന നിലപാടാണ് പലരും സ്വീകരിക്കുക.
മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗില്‍ തന്നെ പല രീതിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുണ്ട്. ഇന്ത്യയിലും കേരളത്തിലുമൊക്കെ ഇതിന് വേണ്ട നിയമങ്ങളും രജിസ്‌ട്രേഷനുമൊക്കെ ഉണ്ട്. പല കമ്പനികളും രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നവയാണെങ്കിലും ചിലര്‍ രജിസ്‌ട്രേഷനില്ലാതെയും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ചിലത് മണിചെയിന്‍ നടത്താന്‍ ഉല്‍പന്നങ്ങളെ മറയാക്കുകയാണ്. മറ്റു ചിലത് ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് സംവിധാനത്തെ ഉപയോഗപ്പെടുത്തുന്നു. താഴേക്കിടയിലുള്ളവര്‍ പല രീതിയില്‍ വഞ്ചിക്കപ്പെടുകയാണെന്നര്‍ഥം.
നിലവില്‍ ഇന്ത്യയില്‍ പ്രൊഡക്‌ടോ സര്‍വീസോ ഇല്ലാതെ മണിചെയിന്‍ രൂപത്തില്‍ പ്രവര്‍ത്തിക്കാന്‍ നിയമപരമായി പാടില്ല. എന്നാല്‍ ഇപ്പോഴും നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ചും വിദേശ രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്തുമൊക്കെ ഇത്തരം കമ്പനികളും പ്രവര്‍ത്തിക്കുന്നുണ്ട്. ചില കമ്പനികള്‍ 200-300 ദിവസത്തേക്ക് 10000 മുതല്‍ 200000 രൂപ വരെയൊക്കെ നിക്ഷേപം എന്ന പേരില്‍ സ്വീകരിച്ച് ദിവസേന 0.05 ശതമാനം മുതല്‍ 5 ശതമാനം വരെ ലാഭവിഹിതവും നല്‍കുന്നുണ്ട്. സ്വര്‍ണം, ഡയമണ്ട്, ബിറ്റ്‌കോയിന്‍ ഇങ്ങനെ പലതിലും നിക്ഷേപിച്ച ലാഭ വിഹിതമാണ് നല്‍കുന്നത് എന്നാണവരുടെ വാദം. ആവറേജ് 2 ശതമാനം എടുത്താല്‍ പോലും ഒരു ലക്ഷം നല്‍കിയവന് 200 ദിവസം കൊണ്ട് 400000 (നാലിരട്ടി) തിരിച്ചുകിട്ടും. 50 ദിവസം കൊണ്ട് തന്നെ മുടക്കുമുതല്‍ തിരിച്ചുകിട്ടുമെന്നര്‍ഥം. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പല ബിസിനസ്സുകളുടെയും വാര്‍ഷിക ലാഭവിഹിതത്തിന് സമാനമാണ് അവര്‍ ദിവസം നല്‍കുന്നത്. അഥവാ ലാഭത്തില്‍നിന്നല്ല, മറിച്ച് താഴെ കണ്ണികളില്‍ ചേരുന്നവരുടെ പണത്തില്‍നിന്നെടുത്താണ് മുകളിലുള്ളവര്‍ക്ക് കൊടുക്കുന്നതെന്നര്‍ഥം. കമ്പനി പൊട്ടി എന്നറിയുമ്പോഴേ പലര്‍ക്കും കാര്യം പിടികിട്ടുകയുള്ളൂ എന്നു മാത്രം. അതുവരെ കിട്ടിയവര്‍ക്ക് കിട്ടി, പോയവര്‍ക്ക് പോയി. അത്ര തന്നെ.
മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് ഇസ്‌ലാമികമായി ഹലാലാണോ എന്ന് നമ്മെ ചേര്‍ക്കാന്‍ വരുന്നവരോട് ചോദിച്ചാല്‍ ഏതെങ്കിലും പണ്ഡിതന്റെ ഫത്‌വയോ വീഡിയോ ക്ലിപ്പോ ഒക്കെ അയച്ചുതരും. എന്നാല്‍ ബഹുഭൂരിഭാഗം പണ്ഡിതന്മാരും പണ്ഡിതസഭകളും ഇതിനെ ഹറാമായി തന്നെയാണ് കാണുന്നത്. വഞ്ചനാ സാധ്യതകള്‍, ഇടപാടുകളില്‍ വന്നുചേരുന്ന ചൂതാട്ടത്തോടുള്ള സാമ്യത, പലിശയോടുള്ള സാമ്യത, പിരമിഡ് രീതിയുടെ ചതിക്കുഴികള്‍, അനിശ്ചിതത്വം നിറഞ്ഞ വ്യവഹാരങ്ങള്‍, കള്ള വാഗ്ദാനങ്ങള്‍, ഇടപാടിന്റെ ഭാഗമായി നേരിട്ട് ബന്ധമില്ലാത്ത മറ്റൊരു വ്യവസ്ഥ കൂടെ വെച്ചുള്ള കച്ചവട ഇടപാടുകള്‍ തുടങ്ങി പല പ്രശ്‌നങ്ങള്‍ ഉള്‍ച്ചേര്‍ന്നതുകൊണ്ടാണ് ഇത് ഹറാമായിത്തീരുന്നത്.
Comments