മൗലാനാ അബുല്ലൈസ് സാഹിബിന്റെ തലശ്ശേരി പ്രഭാഷണം
പ്രബോധനത്തില്‍ കെ.സി അബ്ദുല്ല മൗലവിയെ അനുസ്മരിച്ചു കൊണ്ട് എ.ആര്‍ എഴുതിയ ലേഖനത്തില്‍ (2020 ആഗസ്റ്റ് 28) ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീറായിരുന്ന മൗലാനാ അബുല്ലൈസ് സാഹിബിന്റെ കേരള സന്ദര്‍ശനത്തെ പരാമര്‍ശിച്ച് 'വന്നുപോയി, അറിഞ്ഞില്ല' എന്നെഴുതിയിരുന്നല്ലോ. അതു വായിച്ചപ്പോള്‍ അറുപതു വര്‍ഷം മുമ്പത്തെ അതുമായി ബന്ധപ്പെട്ട സംഭവങ്ങളിലേക്ക് ഓര്‍മകള്‍ പോയി. തൊള്ളായിരത്തി അമ്പതുകളുടെ അവസാനം ഞാന്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നത് പെരിങ്ങാടി ഹല്‍ഖയുമായിട്ടായിരുന്നു. അപ്പോള്‍ തലശ്ശേരിയില്‍ മുത്തഫിഖ് ഹല്‍ഖ പോലും ഉണ്ടായിരുന്നില്ല. അക്കാലത്ത് ഒ.കെ മൊയ്തു സാഹിബിന്റെ നേതൃത്വത്തില്‍ പെരിങ്ങാടി ഹല്‍ഖയിലുണ്ടായിരുന്നത് വിദേശത്തും അന്യസംസ്ഥാനങ്ങളിലും പ്രസ്ഥാനത്തിന്റെ ശബ്ദം എത്തിച്ചിരുന്ന പ്രഗത്ഭ വ്യക്തികളായിരുന്നു. കെ.എം അബ്ദുര്‍റഹീം സാഹിബ് (കുവൈത്ത്), ഖാലിദ് ഇസ്മാഈല്‍ (ബോംബെ), സുബൈര്‍ സാഹിബ് (ജിദ്ദ-പെരുമ്പാവൂര്‍), കെ.എം രിയാലു (കുവൈത്ത്- തമിഴ്‌നാട്), സി.കെ യൂസുഫ് മൗലവി (ഉളിയില്‍-ഇരിക്കൂര്‍), എം.എ അബ്ദുല്ല മാസ്റ്റര്‍ (പുന്നോല്‍), കെ.പി അബ്ദുല്‍ഖാദര്‍, സി. അബൂബക്കര്‍ മാസ്റ്റര്‍ (തലശ്ശേരി), സി.കെ ഇബ്‌റാഹീം മാസ്റ്റര്‍, കെ. മുഹമ്മദ്, കെ. അബ്ദുല്‍ ഖാദര്‍ (ചൊക്ലി പെരിങ്ങത്തൂര്‍) തുടങ്ങിയവര്‍.
അഖിലേന്ത്യാ അമീര്‍ മൗലാനാ അബുല്ലൈസ് സാഹിബിന്റെ കേരള പരിപാടി ഹല്‍ഖയില്‍ സജീവ ചര്‍ച്ചയായി. അമീറിന് കേരളത്തില്‍ മൂന്നു പൊതു പരിപാടികള്‍ ഉള്ളതായും എറണാകുളത്തും കോഴിക്കോട്ടും പൊതുപരിപാടികള്‍ തീരുമാനിച്ചതായും മൂന്നാമത്തെ സ്ഥലം തീരുമാനമായിട്ടില്ലെന്നും അറിയാന്‍ കഴിഞ്ഞു. പെരിങ്ങാടിയില്‍നിന്ന് ഏഴെട്ട് കിലോമീറ്റര്‍ മാത്രം അകലമുള്ള തലശ്ശേരിയില്‍ മൂന്നാമത്തെ പൊതു പരിപാടി അനുവദിച്ചുകിട്ടാന്‍ കേരള അമീര്‍ കെ.സി അബ്ദുല്ല മൗലവിയെ സമീപിക്കാനായി പി.ഡബ്ല്യു.ഡിയില്‍ ജോലി ചെയ്തിരുന്ന കെ.പി അബ്ദുല്‍ഖാദറിനെയും എന്നെയും ചുമതലപ്പെടുത്തി. ഞാന്‍ വിവാഹം കഴിച്ചിരുന്നത് ചീഫ് എഞ്ചിനീയര്‍ ടി.പി കുട്ട്യാമു സാഹിബിന്റെ സഹോദരിയുടെ പുത്രിയെ ആയിരുന്നു. അപ്പോള്‍ ഞാനും ഭാര്യയും താമസിച്ചിരുന്നത് അദ്ദേഹത്തിന്റെ തലശ്ശേരിയിലെ തറവാട് ഭവനത്തില്‍ കുട്ട്യമ്മു സാഹിബിന്റെ ഉമ്മയോടൊപ്പമായിരുന്നു.
ഞാനും അബ്ദുല്‍ ഖാദറും കോഴിക്കോട് മേരിക്കുന്നിലെ കേരള ജമാഅത്ത് കേന്ദ്ര ഓഫീസിലെത്തി. ഇപ്പോള്‍ പള്ളി സ്ഥിതിചെയ്യുന്നിടത്ത് മൂന്ന് മുറികളുള്ള ചെറിയൊരു കെട്ടിടമായിരുന്നു അത്. ഇടതു ഭാഗത്തെ മുറിയില്‍ പ്രബോധനം പത്രാധിപര്‍ ടി. മുഹമ്മദ് സാഹിബ് ഇരിക്കുന്നു. വലതു ഭാഗത്തെ മുറിയില്‍ അബ്ദുല്‍ അഹദ് തങ്ങളും ടി.കെ അബ്ദുല്ല സാഹിബും 'മെസ്സേജ്' പത്രാധിപര്‍ വി.പി അബ്ദുല്ല സാഹിബുമായിരുന്നു ഉായിരുന്നത്.
മധ്യത്തിലുള്ള മുറിയിലായിരുന്നു അമീര്‍. ഞങ്ങള്‍ വന്ന വിവരം അദ്ദേഹത്തെ അറിയിച്ചു. തലശ്ശേരിയില്‍ അഖിലേന്ത്യാ അമീറിന്റെ പൊതുപരിപാടി നടത്തുന്നത് കെ.സിക്ക് സന്തോഷമായിരുന്നു. എന്നാല്‍ അദ്ദേഹം രണ്ടു നിബന്ധനകള്‍ വെച്ചു. അമീറിനും കൂടെ വന്ന സെക്രട്ടറി ഹാമിദ് ഹുസൈന്‍ സാഹിബിനും മറ്റു രണ്ടു പേര്‍ക്കുമായി സര്‍ക്കാര്‍ ടൂറിസ്റ്റ് ഹോമില്‍ രണ്ടു ദിവസത്തേക്ക് രണ്ടു മുറികള്‍ ബുക്ക് ചെയ്യണം. അമീറിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ അവര്‍ക്കുള്ള ഭക്ഷണം ഹോട്ടലില്‍നിന്നുള്ളതാവരുത്. പ്രവര്‍ത്തകന്റെ വീട്ടില്‍നിന്നാകണം. അമീറിന്റെ രണ്ടു നിബന്ധനകളും ഞങ്ങള്‍ സ്വീകരിച്ചു. തലശ്ശേരി മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ അഡ്വ. ടി.എം സാവാന്‍ കുട്ടി കെ.പി അബ്ദുല്‍ ഖാദറിന്റെ സുഹൃത്തായിരുന്നതിനാല്‍ മുനിസിപ്പാലിറ്റിയുടെ വക ടൂറിസ്റ്റ് ഹോമിലെ രണ്ടു മുറികള്‍ ബുക്ക് ചെയ്യാന്‍ സാധിച്ചു.
അമീറിന്റെ പൊതുപരിപാടി തലശ്ശേരിയില്‍ തീരുമാനിച്ച വിവരം അറിഞ്ഞതോടെ പെരിങ്ങാടി, കുറ്റിയാടി, കണ്ണൂര്‍, വളപട്ടണം, ഇരിക്കൂര്‍ എന്നിവിടങ്ങളിലെ പ്രവര്‍ത്തകര്‍ തലശ്ശേരിയില്‍ വന്നു പ്രചരണം തുടങ്ങി. ഈ ദിവസങ്ങളിലെല്ലാം ഇസ്സുദ്ദീന്‍ മൗലവി രാത്രി ഉറങ്ങിയിരുന്നത് തലശ്ശേരി പഴയ ജമാഅത്ത് പള്ളിയിലായിരുന്നു. അദ്ദേഹം പ്രചാരണ രംഗത്തുണ്ടായിരുന്ന പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കി. അമീറിനും കൂടെയുള്ളവര്‍ക്കും കുട്ട്യാമു സാഹിബിന്റെ ഉമ്മയും എന്റെ ഭാര്യയും കൂടി പാകം ചെയ്തിരുന്ന ഭക്ഷണം എത്തിച്ചിരുന്നത് കുറ്റിയാടിയിലെ ബാവാച്ചി ഹാജിയുടെ കാറിലായിരുന്നു. പിറ്റേ ദിവസം രാവിലെ പ്രാതല്‍ പാചകം ചെയ്യുമ്പോള്‍ യാദൃഛികമായി യാത്രാമധ്യേ കുട്ട്യാമു സാഹിബ് വീട്ടിലെത്തി. അപ്പോള്‍ അദ്ദേഹത്തോട് ഉമ്മ പറഞ്ഞു:
''പുതിയാപ്പിളന്റെ വലിയ നേതാക്കള്‍ തലശ്ശേരിയില്‍ വന്നിട്ടുണ്ട്. അവര്‍ക്കു വേണ്ടി കൊണ്ടുപോകാന്‍ പ്രാതല്‍ ഉണ്ടാക്കുകയാണ്.''
കുട്ട്യാമു സാഹിബ് മുറിയില്‍ വന്ന് എന്നോട് പറഞ്ഞു: ''നിങ്ങള്‍ ചെയ്തത് ശരിയായില്ല. ആദരണീയരായ നേതാക്കള്‍ നമ്മുടെ പട്ടണത്തില്‍ വന്നിരിക്കുമ്പോള്‍ ഭക്ഷണം അങ്ങോട്ടു കൊണ്ടു കൊടുക്കുകയല്ല വേണ്ടത്. അവരെ ബഹുമാനത്തോടെ വീട്ടിലേക്ക് ക്ഷണിച്ചു സല്‍ക്കരിക്കുകയാണ് വേണ്ടത്.'' അതിനു മറപടിയായി ആദരവോടെ അദ്ദേഹത്തോട് പറഞ്ഞു: ''എനിക്ക് കേരള അമീറില്‍നിന്നുള്ള നിബന്ധനകള്‍ അനുസരിക്കാനേ നിവൃത്തിയുള്ളൂ. നിങ്ങള്‍ക്ക് അമീറിനെ സല്‍ക്കരിക്കാവുന്നതാണ്.''
കുട്ട്യാമു സാഹിബ് ഉടനെ കെ.സി അബ്ദുല്ല മൗലവിയെ കണ്ടു, അദ്ദേഹത്തോടൊപ്പം മൗലാനാ അബുല്ലൈസ് സാഹിബിനെയും കൂടെയുള്ളവരെയും ഉച്ചഭക്ഷണത്തിനു വീട്ടിലേക്കു ക്ഷണിച്ചു. അവര്‍ ആ ക്ഷണം സ്വീകരിച്ചു. കുട്ട്യാമു സാഹിബ് അതിനു ശേഷം ശാന്തപുരം ഇസ്‌ലാമിയാ കോളേജ് സന്ദര്‍ശിച്ചിട്ടുണ്ട്.
പ്രവര്‍ത്തകരുടെ നിരന്തര പ്രചാരണത്തിന്റെ ഫലമായി അമീറിന്റെ പ്രസംഗം കേള്‍ക്കാന്‍ വന്‍ജനാവലി സ്റ്റേഡിയം ഗ്രൗണ്ടില്‍ എത്തിയിരുന്നു. അമീറിന്റെ ഉര്‍ദു പ്രസംഗം പരിഭാഷപ്പെടുത്തിയത് ടി.കെ അബ്ദുല്ല സാഹിബായിരുന്നു. ഹാമിദ് ഹുസൈന്‍ സാഹിബ് ഇംഗ്ലീഷിലായിരുന്നു പ്രസംഗിച്ചത്.
തലമുറകള്‍ കൈകോര്‍ത്ത സുവര്‍ണകാലം
പ്രബോധനത്തില്‍ വന്ന 'തലമുറകള്‍ കൈകോര്‍ത്ത സുവര്‍ണകാലം' എന്ന പി.കെ ജമാലിന്റെ (ലക്കം 3166) ലേഖനം വിജ്ഞേയവും മനോഹരവുമായി. അഭിനന്ദനങ്ങള്‍. പണ്ഡിതോചിതമായ ഇത്തരം ലേഖനങ്ങള്‍ പ്രസ്ഥാന വേദികളിലും ജുമുഅ ഖുത്വ്ബകളിലും മറ്റും ഉദ്ധരിക്കപ്പടാന്‍ സാധ്യതയുള്ളതാണ്.
അതിനാല്‍ അവയില്‍ വരുന്ന വിവരങ്ങള്‍ പരമാവധി കൃത്യമാകേണ്ടതുണ്ട്. ത്വല്‍ഹതു ബ്‌നു ഉബൈദില്ലയെ കുറിച്ച്, 'ശഹീദാവുമ്പോള്‍ പ്രായം 16' എന്ന് ലേഖനത്തില്‍ കണ്ടു. ഇത് 'സഞ്ചരിക്കുന്ന രക്തസാക്ഷി' എന്ന് നബി വിശേഷിപ്പിച്ച ത്വല്‍ഹയാണെങ്കില്‍ അദ്ദേഹത്തിനു ജമല്‍ യുദ്ധത്തില്‍ വധിക്കപ്പെടുമ്പോള്‍ അറുപത് വയസ്സിന് അടുത്തോ പുറത്തോ ആയിരിക്കണം പ്രായം. ഒരുപക്ഷേ (61) എന്ന് എഴുതിയത് (16) ആയി അച്ചടി പിഴച്ചതാവാം. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ അക്കങ്ങള്‍ക്കു പകരം അക്ഷരങ്ങളില്‍ എഴുതാന്‍ ലേഖകര്‍ ശ്രദ്ധിച്ചാല്‍ പിശക് സംഭവിക്കുന്നത് ഒഴിവാക്കാം.
ബാങ്കിന്റെ ചുമതലയുള്ള നാലു പേരില്‍ ഒരാള്‍ 'അംറുബുനു ഉമ്മിമക്തൂം' എന്നെഴുതിയതില്‍ തെറ്റില്ലെങ്കിലും, 'അംറ്' എന്നതടക്കം മൂന്നു പേരുകള്‍ അദ്ദേഹത്തിന്റേതായി, സംശയാസ്പദമായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഖദീജയുടെ അമ്മാവന്റെ മകനായ ഇദ്ദേഹം ഇസ്‌ലാം ആശ്ലേഷിച്ചപ്പോള്‍, റസൂല്‍ അദ്ദേഹത്തിന്റെ നാമം അബ്ദുല്ല എന്നു തിരുത്തി. അതോടെ മുന്‍ പേര് മാഞ്ഞു. അബ്ദുല്ല എന്ന പേരിലാണ് പിന്നീട് പ്രസിദ്ധനായത്. ഇത് ഉപയോഗിക്കുകയാണ് ഉചിതം. ഈയൊരു നിസ്സാര കാര്യം ചൂണ്ടിക്കാട്ടാനല്ല, ലേഖനത്തോടു ചേര്‍ത്തു വായിക്കാവുന്ന അങ്ങേയറ്റം കൗതുകകരമായ ഒരു ചരിത്രവസ്ത അബ്ദുല്ലയിലുണ്ട് എന്ന് സൂചിപ്പിക്കാനാണ് ഉദ്ദേശിച്ചത്. അതായത്, ബാങ്കിന്റെ ചുമതല മാത്രമല്ല, നബി സൈനിക ആവശ്യങ്ങള്‍ക്കും മറ്റും മദീനയുടെ പുറത്തേക്ക് പോകുമ്പോള്‍ ജന്മനാ അന്ധനായ അബ്ദുല്ലയെ മദീനയുടെ ചുമതല പൂര്‍ണമായും ഏല്‍പ്പിച്ചിരുന്നു. ഒരിക്കലല്ല, അത്തരം പതിമൂന്ന് സന്ദര്‍ഭങ്ങള്‍ നാളും പേരും അടക്കം ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അംഗപരിമിതരോട് നബി പുലര്‍ത്തിയ സമീപനവും ഇതില്‍നിന്ന് വായിച്ചെടുക്കാം.
മറ്റൊരു കാര്യം, 'അര്‍ഖമുബ്‌നു അബില്‍ അര്‍ഖമിന്റെ വസതിയില്‍ രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന ഇസ്‌ലാമിക സംഘത്തിലേക്ക് ഉമര്‍ വന്നു ചേര്‍ന്നു. നാല്‍പത് പേര്‍ ആയപ്പോള്‍ പരസ്യ പ്രബോധനം ആരംഭിച്ചു' എന്നു ലേഖനത്തിലുണ്ട്. ഇസ്‌ലാമിലെ നാല്‍പതാമത്തെ ആളായാണ് ഉമര്‍ വന്നുചേര്‍ന്ന തെന്നു ചരിത്രവേദികളില്‍ വളരെ പ്രചാരമുള്ള പരാമര്‍ശമാണ്. എന്നാല്‍, പ്രവാചകത്വത്തിന്റെ ആറാം വര്‍ഷം ഉമര്‍ ഇസ്‌ലാമിലേക്ക് കടന്നുവരുമ്പോള്‍, ജഅ്ഫറിന്റെ നേതൃത്വത്തില്‍ പോയ എണ്‍പത്തിമൂന്നു പുരുഷന്മാരും പത്തൊമ്പത് സ്ത്രീകളും അബ്‌സീനിയയില്‍ കഴിയുന്നുണ്ടായിരുന്നല്ലോ. പ്രവാചകത്വത്തിന്റെ അഞ്ചാം വര്‍ഷമായിരുന്നു അബ്‌സീനിയയിലേക്കുള്ള രണ്ടു പലായനങ്ങളും. അപ്പോള്‍, അഭയാര്‍ഥികള്‍ പോയി കഴിഞ്ഞ ശേഷം, മക്കയില്‍ മുപ്പത്തി ഒമ്പത് പേര്‍ ശേഷിച്ചിരുന്നു എന്നാണോ മനസ്സിലാക്കേണ്ടത്?
വി.കെ ജലീല്‍
തിരുത്ത്
'തലമുറകള്‍ കൈകോര്‍ത്ത സുവര്‍ണകാലം' എന്ന എന്റെ ലേഖനത്തില്‍ (2020 സെപ്റ്റംബര്‍ 4) പതിനെട്ടാം പേജിലെ രണ്ടാം ഖണ്ഡികയില്‍ 'സുബൈറിന് മനസ്താപമുണ്ടായില്ല' എന്നത് അബ്ദുല്ലാഹിബ്‌നു സുബൈറിന് എന്നും, ഇരുപതാം പേജിലെ ഒന്നാം ഖണ്ഡികയില്‍ 'നബിയുടെ ഉമ്മ ഹലീമ' എന്നത് ആമിന എന്നും, നാലാം ഖണ്ഡികയില്‍ 'ഉസാമയെ ഒട്ടകപ്പുറത്ത്' എന്നത് 'മുആദിനെ' എന്നും തിരുത്തി വായിക്കണം.
പി.കെ ജമാല്‍
പ്രബോധനം ലക്കം 3162-ലെ പേജ് അഞ്ചില്‍, മൂന്നാം
പാരഗ്രാഫിലെ ആയത്ത് നമ്പര്‍ 92:102-നു പകരം 37:102 എന്നു തിരുത്തി വായിക്കേണ്ടതാണ്. ലക്കം 3164-ലെ പേജ് 25-ല്‍, ആയത്ത് നമ്പര്‍ 9:30 എന്നത് 8:30 എന്നതാണ് ശരി.
എഡിറ്റര്‍
Comments