Prabodhanm Weekly

Pages

Search

2020 സെപ്റ്റംബര്‍ 18

3168

1442 മുഹര്‍റം 30

'ദേശസ്‌നേഹത്തിന്റെ അഗ്രസൂചികകള്‍'

ബാബുലാല്‍ ബശീര്‍

രാജ്യസ്‌നേഹം വാരിവിതറുക എന്നാല്‍ കുളം കലക്കി മീന്‍ പിടിക്കിലാണ് ഇന്ത്യയിലെ വലത് തീവ്ര പക്ഷത്തിന്. തീര്‍ത്താല്‍ തീരാത്ത പകയോടെ പാഠപുസ്തകങ്ങളില്‍നിന്നും ഗാന്ധിജിയെയും നെഹ്‌റുവിനെയും അപ്രസക്തരാക്കി സവര്‍ക്കറും ഗോഡ്‌സെയും ഇടം പിടിക്കുന്നത്, ദേശസ്‌നേഹത്തിന്റെ പുതിയ ചൂട്ട് കത്തിച്ചു പിടിച്ചു കൊണ്ടാണ്. അതിലെ വര്‍ത്തമാന കാല പ്രതിഭാസമാണ് ഗാന്ധി വധത്തെ വെള്ള പൂശിക്കൊണ്ടുള്ള ഗോഡ്സെയുടെ പുതിയ അവതാരങ്ങള്‍. നിരീശ്വരര്‍ പോലും ഇപ്പോള്‍ കുഴലൂതുന്നത് ഗോഡ്‌സെക്കാണ്, അതും ദേശ ഭക്തിയുടെ ബാനറില്‍. തീവ്ര സവര്‍ണ വലതുപക്ഷത്തിന്റെ ആഴം തിരയാന്‍ എവിടെ വരെ ഊളിയിടണം എന്നത് ചോദ്യ ചിഹ്നമാണ്. അത്രമേല്‍ വലുതും പരപ്പുമുള്ളതാണ് ആ നിര. 
ദേശീയത മച്ചി പശുവാണെന്നു പറഞ്ഞത് ഗാന്ധിജിയാണ്. ദേശീയതയുടെ അപകടങ്ങളെ കുറിച്ച് പറയാന്‍ 'വിശ്വ' സര്‍വകലാശാല പണിതയാളാണ് രബീന്ദ്ര നാഥ ടാഗോര്‍. മുന കൂര്‍ത്ത വാക്കുകളില്‍ അദ്ദേഹം കപട ദേശീയ തത്ത്വങ്ങളെ കൊത്തിയെടുത്തിട്ടുണ്ട്. അതിര്‍ത്തികള്‍ വരച്ചിട്ട് മനുഷ്യരെ അകത്താക്കി തനിക്കാക്കുക എന്നത് പുതിയ കാല ദേശരാഷ്ട്ര സങ്കല്‍പങ്ങളില്‍ കോളനിവല്‍ക്കരണം പണിത മനപ്പൂര്‍വമായ വൃത്തികേടുകളാണ്. ആതിഥ്യമരുളിയ നാടിനെ ഗര്‍ഭപാത്രം പിളര്‍ന്ന് നശിപ്പിച്ച സാമ്രാജ്യത്വം, തങ്ങളുടെ കൊള്ളരുതായ്മകള്‍ക്കു മറ പിടിച്ചത്, അതിര്‍ത്തി രേഖകളില്‍ നിഗൂഢത ഒളിപ്പിച്ചും ജനതയുടെ ചരിത്ര ബോധ്യങ്ങളെ അട്ടിമറിച്ചുമായിരുന്നു. ആദ്യത്തേതും രണ്ടാമത്തേതും നിരന്തര കലഹത്തിന്റെ വിത്തുകള്‍ മുളപ്പിച്ചുകൊണ്ടേയിരിക്കും എന്നത് സാമ്രാജ്യത്വത്തിന്റെ കുബുദ്ധിയായിരുന്നു. അന്ന് കുരുമുളകും ഏലവും പൈതൃക സമ്പത്തും കട്ടു കൊണ്ടുപോയവര്‍ ഇന്ന് ഒരേസമയം ഇന്ത്യയുടെയും പാകിസ്താന്റെയും ആയുധ പങ്കാളികള്‍ ആയിത്തീരുന്നത് അങ്ങനെയാണ്. എഴുന്നൂറ് വര്‍ഷം മഹാഭാരതം ഭരിച്ച് ഈ മണ്ണില്‍ മറമാടിപ്പോയ മുസ്‌ലിം രാജാക്കന്മാര്‍ വരത്തന്മാരും മതഭ്രാന്തന്മാരുമായതും അങ്ങനെയാണ്.
നിരന്തര കലാപങ്ങളും രാജ്യത്തെ അരക്ഷിതാവസ്ഥയുമാണ് സാമ്രാജ്യത്വം അതിലൂടെ വരവ് വെച്ചത്. അവരുടെ ഷൂ തുടച്ചിരുന്ന ഒരു വിഭാഗം 'നാം അഥവാ നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നു' എന്ന് പുസ്തകമെഴുതുമ്പോള്‍ ഇന്ത്യയുടെ ആത്മാവ് ഗാന്ധിയോടൊപ്പം തെരുവിലായിരുന്നു. അതില്‍ വലിയ പങ്ക് മുസ്‌ലിം ആദര്‍ശ ബോധ്യങ്ങളുടേതായിരുന്നു. അബുല്‍ കലാം ആസാദും അലി സഹോദരന്മാരുമുള്‍െപ്പടെ, ഇന്ത്യാ ഗേറ്റില്‍ എഴുതപ്പെട്ടതും അല്ലാത്തതുമായ മുസ്‌ലിം സ്വാതന്ത്ര്യ സമര സേനാനികള്‍ 'രാജ്യസ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണ്' എന്ന ആദര്‍ശം പ്രോജ്ജ്വലിപ്പിച്ചവരായിരുന്നു. അതിര്‍ത്തി കെട്ടിയ ദേശക്കൂറ് മാത്രമല്ല, അടിമത്ത്വത്തിന്റെ ചെറു ഗന്ധം പോലും അസഹ്യമായ ഉജ്ജ്വല പാരമ്പര്യമാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍. പുസ്തകങ്ങളില്‍ നിന്ന് വെട്ടിക്കളഞ്ഞാലും, സിരകളിലോടുന്ന രക്തത്തില്‍ പൂര്‍വപിതാക്കള്‍ വിട്ടേച്ചു പോയ ആ പാരമ്പര്യം ഇന്നും മുഴച്ചു തന്നെ നില്‍ക്കുന്നുണ്ട്. ആസാദി ചത്വരങ്ങളും ശാഹീന്‍ ബാഗുകളും ഒരു ദിനത്തിന്റെ  പൊട്ടിമുളയായിരുന്നില്ല. വയോവൃദ്ധയായ അസ്മാ ഖാത്തൂന്റെ ഉള്ളില്‍ പിടയുന്ന ദേശക്കൂറായിരുന്നു അത്. ഞങ്ങള്‍ കെട്ടിപ്പടുത്തത് നശിച്ചു നാറാണമാക്കാന്‍ സമ്മതിക്കില്ല എന്ന വാശി. ഇന്ത്യ എന്നും ഇന്ത്യ ആയിരിക്കണം എന്ന സ്വപ്‌നം. ഇന്ത്യന്‍ മുസ്‌ലിം എന്ന എടുപ്പുള്ള സ്വത്വബോധത്തിന്റെ ഉയിര്‍ സാധ്യതകള്‍.
ഉന്മാദം കയറിയ ഒരു കൂട്ടമാണ് ഇന്ത്യയിലെ സംഘ് പരിവാര്‍. തങ്ങളുടെ കഴിവില്ലായ്മയെ മുഴുവന്‍ നുണകളില്‍ കൊരുത്ത് അപര മതത്തിന്റെ മേല്‍ ചാരി ഓടി രക്ഷപ്പെടുന്നവര്‍. അവസാനമായി ചൈന ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയപ്പോഴും ഉപയോഗിക്കപ്പെട്ട വാക്കിനെ കുറിച്ച വീര വര്‍ത്തമാനങ്ങളല്ലാതെ, രാജ്യം അകപ്പെട്ട പ്രതിസന്ധിയെക്കുറിച്ച് ഒരു കാഴ്ചപ്പാടും രാജ്യം ഭരിക്കുന്നവര്‍ കൊണ്ടു വന്നില്ല. ഇനി പ്രതീക്ഷിക്കേണ്ടത്, ഒരു കലാപമോ പൊട്ടിത്തെറിയോ ആണ്. പലപ്പോഴും തീവ്ര വലതുപക്ഷത്തെ പ്രതിസന്ധികളില്‍ സഹായിക്കാന്‍ എത്തുന്നത് ഇതിലേതെങ്കിലും ഒന്നാണ്. ദേവീന്ദര്‍ സിംഗിന് തിരക്കിട്ട് ജാമ്യം നല്‍കിയത് വിരല്‍ ചൂണ്ടുന്നത് അത്തരം ദുസ്സൂചനകളിലേക്കു തന്നെയാണ്.
ദേശസ്‌നേഹത്തിന്റെ ബാനറില്‍ ദേശത്തെ ഒറ്റുകൊടുത്തവരെ കാണുമ്പോള്‍ സഹതാപമാണ്. പറയാനൊരു പാരമ്പര്യമില്ലാത്തതു കൊണ്ട് അപരന്റെ തലയെടുപ്പുള്ള ചരിത്രത്തെ വര്‍ഗീയതയുടെ മേലാപ്പ് ചാര്‍ത്താനുള്ള ശ്രമം കൊണ്ട് പിടിച്ചു നടക്കുന്നുണ്ട്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചുള്ള സിനിമയാണ് പുതിയതായി  സംഘി ബോധത്തിന്റെ കവിളത്തടിച്ചിരിക്കുന്നത്. വാരിയന്‍കുന്നനും സവര്‍ക്കറും തമ്മിലുള്ള ദൂരമറിയാവുന്ന സംഘി കൂലിയെഴുത്തുകാര്‍ മലബാര്‍ ലഹളയുടെ 'മലബാറുമായി' ഇറങ്ങിത്തിരിച്ചിട്ടുണ്ട്. പുതിയ പ്രത്യയശാസ്ത്ര സംജ്ഞ 'ഇസ്‌ലാമിക ഫാഷിസം' എന്നാണ്. അതൊരു ആലു പോലെ വളര്‍ന്നാല്‍ ടിപ്പുവും അക്ബറും ഔറംഗസീബും വാരിയന്‍കുന്നനും ആലി മുസ്‌ലിയാരുമൊക്കെ അതിനടിയിലാണ് വിശ്രമിക്കേണ്ടി വരിക. നമ്മുടെ നോക്കില്‍ അതൊരു ഭീഷണിയല്ലെങ്കിലും, തലമുറകളില്‍ വലിയ പ്രത്യാഘാതങ്ങള്‍ അതുണ്ടാക്കും എന്നത് അനുഭവ പാഠങ്ങളാണ്.
തിരിച്ചു പിടിക്കുക എന്ന ദൗത്യം കൃത്യമായി നിര്‍വഹിക്കപ്പെടുക എന്നതാണ് മറുമരുന്ന്. നുണകളുടെ പെരുപ്പത്തില്‍നിന്നും പുറത്തുവരുന്ന കലാരൂപങ്ങളെയും രചനകളെയും ഓണ്‍ലൈന്‍ ഇടപെടലുകളെയും സ്വത്വ രചനകളിലൂന്നി വലിയ തോതില്‍ പൊതു കാഴ്ചകള്‍ക്ക് കൂടി സാധ്യമാവുന്ന പ്രതലങ്ങളിലേക്കു പറിച്ചുനടാന്‍ കൂടുതല്‍ കഴിയേണ്ടതുണ്ട്. കോളനിവല്‍ക്കരണത്തെയും നാസിസത്തെയും ദൃശ്യവല്‍ക്കരിച്ചുകൊണ്ട്, സംഘി സ്വത്വ പ്രതിസന്ധിയെ ദേശദ്രോഹമായി പരിവര്‍ത്തിപ്പിക്കുക എന്ന അടുത്ത പടികൂടി കടക്കേണ്ടതുണ്ട്. ഇപ്പോഴും പലരും അറച്ചുനില്‍ക്കുന്നത് വിജയസാധ്യതയുടെ പ്രശ്‌നം കൊണ്ട് മാത്രമല്ല, രൂഢമൂലമായ സവര്‍ണ നായക സങ്കല്‍പങ്ങളെ പ്രതിനായക വേഷങ്ങളിലേക്ക് പറിച്ചു നടുമ്പോഴുള്ള വൈരൂപ്യത്തെ കുറിച്ചോര്‍ത്തിട്ടാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (41-43)
ടി.കെ ഉബൈദ്‌