വിശുദ്ധ ഖുര്‍ആന്‍ അപ്രകാരം പ്രവചിച്ചിട്ടില്ല
മൂസാ നബിയുടെ കാലത്തെ ഈജിപ്ത് ഭരണാധികാരിയായിരുന്ന ഫിര്‍ഔന്റെ ശവശരീരം ലോകാവസാനം വരെ സംരക്ഷിക്കപ്പെടുമെന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രവചിച്ചുണ്ടെന്ന് മനസ്സിലാക്കിയവരുണ്ട്. ആയിരത്തി എണ്ണൂറുകളില്‍ തിരിച്ചറിയപ്പെട്ട പ്രസ്തുത മമ്മി ഇന്നും ഈജിപ്ത് മ്യൂസിയത്തില്‍ കാണപ്പെടുന്നത് ഈ പ്രവചനത്തിന്റെ നേര്‍സാക്ഷ്യമാണെന്നും, ഇത് ഖുര്‍ആനിന്റെ അമാനുഷികതയാണെന്നും അവര്‍ വിലയിരുത്തുന്നു.
യൂനുസ് അധ്യായം തൊണ്ണൂറ്റിരണ്ടാം വാക്യമാണ് ഇതിനായി ഉദ്ധരിക്കാറുള്ളത്. 'ഇന്ന്, നിന്റെ ജഡം നാം രക്ഷപ്പെടുത്തും; പിന്‍തലമുറകള്‍ക്ക് ഒരു ദൃഷ്ടാന്തമാകേണ്ടതിന്. അധികജനവും നമ്മുടെ ദൃഷ്ടാന്തങ്ങളെക്കുറിച്ച് ബോധമില്ലാത്തവരാണ്' എന്നാണ് പ്രസ്തുത വാക്യം.
യഥാര്‍ഥത്തില്‍ വിശുദ്ധ ഖുര്‍ആന്‍ ഫറോവയുടെ ജഡം ജീര്‍ണിച്ചുപോകാതെ സൂക്ഷിക്കുമെന്ന് പ്രവചിച്ചിട്ടില്ലെന്ന് പ്രസ്തുത വാക്യം വിശകലനം ചെയ്താല്‍ ബോധ്യപ്പെടും. വാക്യത്തിന്റെ തുടക്കത്തില്‍ തന്നെ 'ഇന്നേ ദിവസം' (ഫല്‍യൗമ) എന്നാണ് പറയുന്നത്. ഇത് ഫറോവയെ സമുദ്രത്തില്‍ മുക്കിയ അതേ ദിവസത്തിലേക്കാണ് സൂചന നല്‍കുന്നത്. അന്നത്തെ ബനൂ ഇസ്രാഈല്യരില്‍ ചിലര്‍ക്കുണ്ടായ സംശയത്തെ ദൂരീകരിക്കാനാണ് ഫറോവയുടെ ശവശരീരത്തെ എല്ലാവര്‍ക്കും മുന്നില്‍ പ്രദര്‍ശിപ്പിച്ചത് എന്നാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നത്.
പ്രസ്തുത വാക്യത്തെ വിശദീകരിച്ച് ഇമാം ഇബ്‌നു കസീര്‍ (റ) എഴുതി:''ഇബ്‌നു അബ്ബാസും പൂര്‍വികരായ പണ്ഡിതരും പറഞ്ഞു: ബനൂ ഇസ്രാഈലിലെ ചിലര്‍ ഫിര്‍ഔനിന്റെ മരണത്തില്‍ സംശയാലുക്കളായി. അതിനാല്‍ അല്ലാഹു അവന്റെ ശരീരം ജീവനില്ലാത്ത അവസ്ഥയില്‍ പടച്ചട്ട സഹിതം അല്‍പ്പം ഉയര്‍ന്ന പ്രദേശത്തേക്ക് എറിയാന്‍ സമുദ്രത്തോട് ആജ്ഞാപിച്ചു. അവന്‍ മരണപ്പെട്ടിട്ടുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുന്നതിനു വേണ്ടി'' (തഫ്‌സീറുല്‍ ഖുര്‍ആനില്‍ അളീം 2/565).
മരണം സംഭവിച്ച ഉടനെത്തന്നെ ജഡം ആളുകളെ കാണിക്കാനായി മേലോട്ടുയര്‍ത്തി എന്നാണ് ഈ വ്യാഖ്യാനത്തില്‍നിന്ന് മനസ്സിലാവുക. എല്ലാ പൗരാണിക പണ്ഡിതന്മാരും ഇപ്രകാരമാണ് വിശദീകരിച്ചിട്ടുള്ളത്. 'നിന്റെ പിറകിലുള്ളവര്‍ക്ക് ദൃഷ്ടാന്തമാകാന്‍' എന്ന വാചകത്തെക്കുറിച്ച് ഇമാം ഖുര്‍ത്വുബി (റ) എഴുതി: ''ഇമാം ഖതാദ പറഞ്ഞു: ഫിര്‍ഔനിനെ അല്ലാഹു മുക്കിക്കൊന്നപ്പോള്‍ ആളുകളില്‍ ഒരു വിഭാഗം അത് അംഗീകരിച്ചില്ല. അങ്ങനെ അല്ലാഹു അവര്‍ക്കെല്ലാം ദൃഷ്ടാന്തമായും ഗുണപാഠമായും അവന്റെ ജഡത്തെ പുറത്തെടുത്തു.''
അപ്പോള്‍ മുങ്ങിമരിച്ച അന്നേദിവസം തന്നെ ഫറോവയുടെ ജഡം പുറത്തെടുത്തു എന്നു മാത്രമേ ഖുര്‍ആന്‍ പ്രസ്താവിക്കുന്നുള്ളൂ. അതിനെ എന്നെന്നും നിലനിര്‍ത്തും എന്ന് അതിന് അര്‍ഥമില്ല. അതുപോലെ, ഫറോവയുടെ ജഡത്തിലല്ല അവന്റെ ദാരുണാന്ത്യത്തിലാണ് ദൃഷ്ടാന്തം എന്ന് ഇതേ വാക്യത്തിലെ 'ലി തകൂന' (നീ ആകാന്‍) എന്നതില്‍നിന്ന് വ്യക്തമാണ്. ഇവിടെ 'നീ' എന്ന സര്‍വനാമം സൂചിപ്പിക്കുന്നത് ഫറോവ ചക്രവര്‍ത്തിയെയാണ്, അവന്റെ ശവശരീരത്തെയല്ല. ഞാന്‍ ദൈവമാണ്, എല്ലാം എന്റെ കാല്‍ക്കീഴിലാണ് എന്ന് അഹങ്കരിച്ച ഫറോവയുടെ അന്ത്യത്തില്‍ തന്നെയാണ് ദൃഷ്ടാന്തം എന്നാണ് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത്.
ഇമാം ഖുര്‍ത്വുബി പറയുന്നു: ''നിന്റെ പിറകിലുള്ളവര്‍ക്ക് ദൃഷ്ടാന്തമാകാന്‍ എന്നാല്‍ നിനക്ക് ശേഷമുള്ളവര്‍ക്ക് നീയൊരു ഗുണപാഠമാകാന്‍ എന്നാണര്‍ഥം. അല്ലാഹുവിനെ ധിക്കരിക്കുന്നവര്‍ക്കും നിഷേധിക്കുന്നവര്‍ക്കും ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവര്‍ക്കുമുള്ള മുന്നറിയിപ്പാണ് നിന്റെ നാശം.''
ഇതേ സംഭവത്തില്‍ ഫറോവയുടെ മരണം മാത്രമല്ല, അല്ലാഹുവിന്റെ ശിക്ഷക്കിരയായി മുങ്ങിമരിച്ച അവന്റെ കൂടെയുണ്ടായിരുന്ന മുഴുവന്‍ സത്യനിഷേധികളിലും മറ്റുള്ളവര്‍ക്ക് ഗുണപാഠമുണ്ടെന്ന് വിശുദ്ധ ഖുര്‍ആന്‍ അധ്യായം അസ്സുഖ്‌റുഫില്‍ വ്യക്തമാക്കിയിട്ടുണ്ട്: ''അപ്രകാരം അവര്‍ നമ്മെ പ്രകോപിപ്പിച്ചപ്പോള്‍ അവരോട് നാം പ്രതികാരം ചെയ്തു. അവരെ മുഴുവനും നാം മുക്കിക്കൊന്നു. അങ്ങനെ അവരെ പൂര്‍വമാതൃകയും പിന്നീട് വരുന്നവര്‍ക്ക് ഒരു ഗുണപാഠവുമാക്കി'' (അസ്സുഖ്‌റുഫ് 55, 56).
മറ്റൊരു വാക്യത്തില്‍ ഇക്കാര്യം ഇപ്രകാരമാണ് വിശദമാക്കിയത്: ''മൂസായെയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തി. പിന്നെ മറുകക്ഷിയെ നാം മുക്കിക്കളഞ്ഞു.ഈ സംഭവത്തില്‍ ദൃഷ്ടാന്തമുണ്ട്.പക്ഷേ, ഈ ജനത്തില്‍ അധികപേരും വിശ്വസിക്കുന്നവരല്ല'' (അശ്ശുഅറാഅ് 65-67).
നൂഹ് നബിയുടെ ജനതയെ മുക്കിക്കൊന്ന സംഭവം വിവരിച്ച ശേഷവും അല്ലാഹു ഇപ്രകാരം പറയുന്നുണ്ട്: ''ഇതുതന്നെയായിരുന്നു നൂഹിന്റെ ജനതയുടെയും ഗതി. ദൈവദൂതന്മാരെ തള്ളിപ്പറഞ്ഞപ്പോള്‍ നാം അവരെ പ്രളയത്തില്‍ മുക്കിയൊടുക്കി. അവരെ ഇഹലോകര്‍ക്കൊക്കെയും പാഠം നല്‍കുന്ന ദൃഷ്ടാന്തമാക്കുകയും ചെയ്തു'' (അല്‍ ഫുര്‍ഖാന്‍ 37).
ഈ വാക്യങ്ങളിലെല്ലാം ആ ജനതകളെ മുക്കിക്കൊന്നതിലാണ് പാഠമുള്ളത് എന്നാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. അതല്ലാതെ ശിക്ഷാര്‍ഹരായ ആരുടെയെങ്കിലും അവശിഷ്ടങ്ങളില്‍ ദൃഷ്ടാന്തമുണ്ടെന്ന് ഈ വാക്യങ്ങള്‍ സൂചിപ്പിക്കുന്നില്ല. പ്രഗത്ഭ പണ്ഡിതന്‍ മുഹമ്മദ് അത്ത്വാഹിര്‍ ഇബ്‌നു ആശൂര്‍ (1879-1973) എഴുതി: ''ഇബ്‌നു ജുറൈജ് പറയുന്നു: ഈ ഫറോവ ചുവപ്പ് നിറമുള്ള കുറിയവനായിരുന്നു. മുന്‍ഫത്താഹ് രണ്ടാമന്‍ എന്ന ഇദ്ദേഹം സമുദ്രത്തില്‍ മുങ്ങിയാണ് മരിച്ചത് എന്നതില്‍ സംശയമില്ല. കൊല്ലപ്പെട്ട ശേഷം ശവശരീരം കരക്കണയുകയും ഈജിപ്തിലെ 'വാദി അല്‍ മുലൂക്' (രാജാക്കന്മാരുടെ താഴ്‌വര) എന്നിടത്ത് മറമാടുകയും ചെയ്തു. യഥാര്‍ഥത്തില്‍ തിരമാലകളാണ് ചെങ്കടലിന്റെ പടിഞ്ഞാറേ തീരത്ത് ഫറോവയുടെ ജഡം എത്തിച്ചത്. ഫറോവയുടെയും സൈന്യത്തിന്റെയും മടക്കം പ്രതീക്ഷിച്ച് ഈജിപ്ത് പട്ടണത്തില്‍ അവശേഷിച്ചവരാണ് ഫറോവയുടെ ജഡം കണ്ടെത്തുന്നത്. അവരത് പട്ടണത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇതോടെ അവര്‍ക്കെല്ലാവര്‍ക്കും അവന്റെ മരണം ഗുണപാഠമായി'' (തഫ്‌സീറു അത്തഹ്‌രീര്‍ വത്തന്‍വീര്‍).
നൂറ്റാണ്ടുകള്‍ക്കു ശേഷം കണ്ടെടുക്കുന്ന ഫറോവയുടെ ഭൗതിക ശരീരത്തില്‍ പിന്‍തലമുറകള്‍ക്ക് ദൃഷ്ടാന്തമുണ്ട് എന്നാണ് ഈ വാക്യത്തിന്റെ ഉദ്ദേശ്യമെങ്കില്‍ ചില സംശയങ്ങള്‍ ഉയര്‍ന്നുവരും:
(1) ഫറോവയുടെ ശരീരം ഇപ്പോഴും നശിക്കാതിരിക്കുന്നുണ്ടെന്നും പിന്നീടെന്നെങ്കിലും കണ്ടെടുക്കപ്പെടുമെന്നും എന്നാണ് ഈ വാക്യത്തിന്റെ അര്‍ഥമെന്ന് പ്രവാചകനോ സ്വഹാബി കളോ എന്തുകൊണ്ട് വ്യക്തമാക്കിയില്ല?
(2) മക്കയില്‍ ശത്രുക്കളുടെ വിമര്‍ശനങ്ങളും മര്‍ദനങ്ങളും കൊടുമ്പിരികൊള്ളുന്ന സമയത്താണ് ഈ വാക്യമടങ്ങുന്ന അധ്യായം യൂനുസ് അവതരിക്കുന്നത്. ശത്രുക്കളില്‍ ഒരാള്‍ പോലും ഖുര്‍ആന്‍ പ്രവചിച്ച, തങ്ങള്‍ക്കെല്ലാം ഗുണപാഠമാകേണ്ട ഫറോവയുടെ ജഡം എവിടെയാണ് എന്ന് എന്തു കൊണ്ട് അന്വേഷിച്ചില്ല?
(3) ഫറോവയുടെ ഭൗതികശരീരം കണ്ടെടുക്കുന്നതു വരെയുള്ള പിന്‍ഗാമികള്‍ക്ക് എന്ത് ദൃഷ്ടാന്തമാണുണ്ടാവുക?
(4) ഫറോവയുടെ ശവശരീരം സംരക്ഷിക്കപ്പെടും എന്നതിന് പ്രസ്തുത വചനത്തില്‍ സൂചനയുണ്ടെന്ന് പൂര്‍വകാല ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ഒരാള്‍ പോലും എന്തുകൊണ്ട് രേഖപ്പെടുത്തിയില്ല?
ആധുനിക ഇസ്‌ലാമിക പണ്ഡിതന്മാരില്‍ പ്രമുഖനായ ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ (ജനനം: 1935) ഇവ്വിഷയകമായി പറയുന്നത് കാണുക: ''ഈ വാക്യം ഒരിക്കലും, ചില വിവരമില്ലാത്തവര്‍ മനസ്സിലാക്കിയതുപോലെ, ഫറോവയുടെ ശരീരം നമ്മുടെ കാലഘട്ടം വരെ സംരക്ഷിക്കപ്പെടും എന്നതിന് തെളിവല്ല. ശവശരീരം കടലില്‍നിന്ന് പുറംതള്ളാനുള്ള കാരണം അവന്റെ മരണം ഇസ്രാഈലികളെ ബോധ്യപ്പെടുത്താനായിരുന്നു. ഈ ആവശ്യമാകട്ടെ അന്നു തന്നെ പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്തിരിക്കുന്നു'' (അല്‍ മുന്‍തഖാ മിന്‍ ഫതാവാ അശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍).
എങ്കിലും, ഫ്രഞ്ച് ശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായിരുന്നമോറിസ് ബുക്കായ് ‑ Maurice Bucaille (1920-1998) പോലുള്ളവരുടെ ഫറോവയുടെ ശവശരീരവുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ക്ക് ചരിത്രപരമായ പ്രാധാന്യങ്ങളുണ്ട്. കണ്ടെടുക്കപ്പെട്ട ഫറോവയുടെ ജഡം മൂസാ നബിയുടെ കാലത്ത് അല്ലാഹു മുക്കിക്കൊന്ന ഫറോവയുടേതാണെന്ന് വ്യക്തമായി തെളിയിക്കപ്പെട്ടാല്‍ ഖുര്‍ആന്‍ വിജ്ഞാനങ്ങളുടെ ചരിത്രസാക്ഷ്യം എന്ന രീതിയില്‍ അതിന് വലിയ പ്രസക്തിയുണ്ട്. ഭൂഗര്‍ഭ ഗവേഷകര്‍ പുറത്തെടുത്ത ആദ്, സമൂദ് ഗോത്രങ്ങളുടെ ശേഷിപ്പുകള്‍ അവരുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ വിവരണങ്ങളുടെ സാക്ഷ്യങ്ങളായതുപോലെ.
Comments