Prabodhanm Weekly

Pages

Search

2020 സെപ്റ്റംബര്‍ 18

3168

1442 മുഹര്‍റം 30

സാമ്പത്തിക കുഴമറിച്ചിലില്‍നിന്ന് രാജ്യത്തെ രക്ഷിക്കുക

(2020 ആഗസ്റ്റ് 23 മുതല്‍ 25 വരെ ചേര്‍ന്ന ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര മജ്‌ലിസ് ശൂറാ അംഗീകരിച്ച പ്രമേയങ്ങള്‍)

നമ്മുടെ ഇന്ത്യാ മഹാ രാജ്യം ഒരുവശത്ത് കോവിഡ് 19-ന്റെ കെടുതികളും മറുവശത്ത് രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വവും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേന്ദ്ര മജ്‌ലിസ് ശൂറാ യോഗം ചേരുന്നത്. ഈ യോഗം രാജ്യനിവാസികളെ ഈ മഹാമാരിയില്‍നിന്ന് പാഠമുള്‍ക്കൊള്ളാനും നമ്മുടെ യഥാര്‍ഥ സ്രഷ്ടാവിലേക്കും ലോക നിയന്താവിലേക്കും തിരിച്ചുചെല്ലാനും ക്ഷണിക്കുകയാണ്. ദൈവിക അധ്യാപനങ്ങളെ അവഗണിച്ച് മനുഷ്യസമൂഹത്തിന്റെ സംഘാടനത്തിനായി നാം സ്വീകരിച്ചിട്ടുള്ള വിവിധ മാര്‍ഗങ്ങളുടെ ന്യൂനതകളും അപര്യാപ്തതകളും പ്രകടമായിക്കൊണ്ടിരിക്കുന്നു. അതെല്ലാം ദൈവത്തിലേക്ക് തിരിച്ചുചെല്ലാന്‍ നമ്മെ നിര്‍ബന്ധിക്കുകയാണ്.
ഈ യോഗം കോവിഡ് ബാധിച്ച് മരിച്ച എല്ലാവരെയും ഓര്‍മിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു. രോഗം ബാധിച്ചവരുടെ എത്രയും പെട്ടെന്നുള്ള രോഗശമനത്തിനും ഈ മഹാമാരി മൂലം സംഭവിക്കുന്ന സാമ്പത്തികവും സാമൂഹികവുമായ പ്രയാസങ്ങള്‍ ദൂരീകരിക്കുന്നതിനും വേണ്ടി പ്രാര്‍ഥിക്കുന്നതോടൊപ്പം, അഭിപ്രായ പ്രകടനങ്ങളുടെ പേരില്‍ പോലീസും ഉദ്യോഗസ്ഥ വൃന്ദവും നടത്തുന്ന അതിക്രമങ്ങളെ അപലപിക്കുകയും ചെയ്യുന്നു.
ഇപ്പോള്‍ രാജ്യത്ത് സംജാതമായിരിക്കുന്ന സാമ്പത്തിക, രാഷ്ട്രീയ അസ്വസ്ഥതകളെയും ഇസ്‌ലാമിക ലോകത്തെ ദുരവസ്ഥയെയും കുറിച്ച് ജമാഅത്ത് കേന്ദ്ര കൂടിയാലോചനാ സമിതിക്ക് ആശങ്കയുണ്ട്, ഇന്ത്യന്‍ മുസ്‌ലിംകളുടെ ഉത്തരവാദിത്തങ്ങള്‍ ഓര്‍മിപ്പിക്കാനും ഈ അവസരം പ്രയോജനപ്പെടുത്തുന്നു. നമ്മുടെ രാജ്യത്ത് യാതൊരു മുന്നൊരുക്കവുമില്ലാതെ 2020 മാര്‍ച്ച് 24-ന് പ്രധാനമന്ത്രി ഇരുപത്തൊന്ന് ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ ദുരന്തം ഏറ്റുവാങ്ങിയത് രാജ്യത്തെ 130 കോടി ജനങ്ങളാണ്. അങ്ങനെ തന്നെയായിരുന്നു 2016 നവംബറിലെ നോട്ട് നിരോധവും.
ഈ ലോക്ക് ഡൗണ്‍ മൂലം കോടിക്കണക്കായ സാധാരണക്കാര്‍ക്ക് ഉപജീവന മാര്‍ഗങ്ങള്‍ തടയപ്പെട്ടു. പലര്‍ക്കും വീടും തൊഴിലും നഷ്ടമായി. ആയിരങ്ങളാണ് മരണത്തിന് കീഴടങ്ങിയത്. രാജ്യത്തെ വലിയൊരു വിഭാഗം തൊഴിലാളികള്‍ തെക്കു നിന്ന് വടക്കോട്ടും പടിഞ്ഞാറു നിന്ന് കിഴക്കോട്ടും തിരിച്ചും സ്വന്തം തട്ടകങ്ങളിലെത്തിച്ചേരാന്‍ നഗ്നപാദരായി നടക്കാന്‍ നിര്‍ബന്ധിതരായി. ഭരണകൂടത്തിന്റെ നിരുത്തരവാദിത്തവും ആസൂത്രണമില്ലായ്മയുമാണ് ഇതിന് കാരണമായത്. വലിയൊരു വിഭാഗത്തിന് കോവിഡ് ബാധയേല്‍ക്കാന്‍ അതാണ് കാരണം. അതിലെത്രയോ ഇരട്ടി പേര്‍ തൊഴില്‍രഹിതരായി. പട്ടിണി വര്‍ധിക്കുകയും ജി.ഡി.പി കൂപ്പുകുത്തുകയും വികസനം തീര്‍ത്തും മുരടിക്കുകയും ചെയ്തു.
ഈ ദുരവസ്ഥ മറികടക്കുന്നതിന് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളും പൗരസമൂഹവും നടത്തുന്ന ശ്രമങ്ങളെ വിലകുറച്ചുകാണാനാവില്ല. ഭരണകൂടങ്ങള്‍ പല തന്ത്രങ്ങള്‍ പയറ്റി തങ്ങളുടെ ഭരണപരാജയം മൂടിവെക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പകരം സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഏറ്റവും സങ്കീര്‍ണമായ സന്ദര്‍ഭമാണിതെന്ന് ശൂറാ അവരെ ഓര്‍മപ്പെടുത്തുന്നു. കേവല മുദ്രാവാക്യങ്ങള്‍ക്കപ്പുറം, ദേശവികസനത്തിനുതകുന്ന വിധത്തില്‍ ആസൂത്രണവും തന്ത്രങ്ങളും ആവിഷ്‌കരിക്കണം. പാര്‍ട്ടി വിഭാഗീയതകള്‍ക്കപ്പുറം എല്ലാ വിഭാഗം ജനങ്ങളെയും വിശ്വാസത്തിലെടുത്തുകൊണ്ട് അടിയന്തര നടപടികള്‍ സ്വീകരിക്കണം.
കോവിഡ് വരുത്തിയ നാശനഷ്ടങ്ങള്‍, അതിനെ നേരിടുന്നതില്‍ സാമ്പത്തിക സംവിധാനങ്ങളുടെയും ആരോഗ്യസജ്ജീകരണങ്ങളുടെയും അപര്യാപ്തത, തഴച്ചുവളരുന്ന അഴിമതിയും കെടുകാര്യസ്ഥതയും, ജനസൗഹൃദപരമല്ലാത്ത സാമ്പത്തിക നയങ്ങള്‍ ഇതൊക്കെ അവയുടേതായ പങ്ക് വഹിച്ചിട്ടുണ്ട്. സാമ്പത്തിക നയങ്ങളില്‍ പുനരാലോചന നടത്തണം. സ്വകാര്യവത്കരണ നീക്കങ്ങള്‍ നിര്‍ത്തിവെക്കുകയും വിദ്യാഭ്യാസവും ആരോഗ്യവും കച്ചവടമാക്കുന്ന നിലപാടില്‍നിന്ന് പിന്തിരിയുകയും വേണം. ബജറ്റിന്റെ സിംഹഭാഗവും ജനക്ഷേമത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും വികസനത്തിനും വേണ്ടി ചെലവഴിക്കണം.
രാജ്യത്തെ ഈ സങ്കീര്‍ണാവസ്ഥയില്‍നിന്ന് മോചിപ്പിക്കാന്‍ സര്‍ക്കാറുകളെ മാത്രം ആശ്രയിച്ചാല്‍ മതിയാവുകയില്ല. പൊതുബോധവും ഉത്തരവാദിത്തബോധവും അതിന് അനിവാര്യമാകുന്നു. എല്ലാവിധ ഭിന്നതകളും മറന്ന് ഏകോദര സഹോദരങ്ങളായി ഈ അവസ്ഥ മറികടക്കാന്‍ നാം ശ്രമിക്കണം. മിതവ്യയം ശീലിക്കുകയും അത് ശീലിക്കാന്‍ പരസ്പരം ഉപദേശിക്കുകയും വേണം. ജോലി നഷ്ടപ്പെട്ടവര്‍, കോവിഡ് കാരണമായി വലിയ ചികിത്സാ ചെലവുകള്‍ വഹിക്കേണ്ടി വന്നവര്‍, മറ്റു പ്രയാസങ്ങളനുഭവിക്കുന്നവര്‍ തുടങ്ങിയവര്‍ക്കൊക്കെ സഹായമെത്തിക്കാന്‍ ഓരോ വ്യക്തിയും മുന്നിട്ടിറങ്ങണം. അത്  മനുഷ്യത്വത്തിന്റെ താല്‍പര്യമാണ്.

രാഷ്ട്രീയ കാലുഷ്യങ്ങള്‍ക്ക് അറുതി വരുത്തണം

നമ്മുടെ രാജ്യം ഒരുവശത്ത് സാമ്പത്തിക പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടുമ്പോള്‍ മറുവശത്ത് രാഷ്ട്രീയമായ അസ്ഥിരതയിലേക്ക് കൂപ്പുകുത്തുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം വലിയ ചോദ്യചിഹ്നമായി നമുക്ക് മുന്നിലുണ്ട്. വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം അപകട മുനമ്പിലാണ്. പരമോന്നത നീതിപീഠങ്ങള്‍ പുറപ്പെടുവിക്കുന്ന വിധിന്യായങ്ങള്‍ ലോകത്തിന്റെ വിമര്‍ശനത്തിന് ശരവ്യമാകുന്നു. അധികാരത്തിലുള്ള കക്ഷികള്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ നടത്തുമ്പോള്‍ പ്രതിപക്ഷത്തിന്റെ റോള്‍ നോക്കുകുത്തികളുടേതായി ചുരുങ്ങിപ്പോകുന്നു.
മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളോടും ദലിതുകളോടും മറ്റു ദുര്‍ബല വിഭാഗങ്ങളോടുമുള്ള കേന്ദ്ര ഭരണകൂടത്തിന്റെ പ്രതിലോമകരമായ സമീപനം ജനാധിപത്യത്തിന്റെ അസ്തിത്വത്തിന് തന്നെ വലിയ ഭീഷണിയായി തീര്‍ന്നിരിക്കുന്നു. ഒരു പ്രത്യേക വിഭാഗത്തോടുള്ള മീഡിയയുടെയും സോഷ്യല്‍ മീഡിയയുടെയും സമീപനം രാജ്യത്തിന്റെ ഉദ്ഗ്രഥന യത്‌നങ്ങളില്‍ വിഷം കലര്‍ത്തിക്കൊണ്ടിരിക്കുന്നു. വെറുപ്പും വിദ്വേഷവും വളര്‍ത്തുന്ന പ്രവണതകള്‍ക്ക് നേരെ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള മൗനവും പലപ്പോഴും അത്തരക്കാര്‍ക്ക് നല്‍കുന്ന രക്ഷാകവചവും ന്യൂനപക്ഷങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്താനും ചിലപ്പോഴെങ്കിലും അവരെ  പ്രകോപിതരാക്കാനും നിമിത്തമാകുന്നു.
എന്‍.ആര്‍.സി, സി.എ.എ, എന്‍.പി.ആര്‍ എന്നിവക്കെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവരെ ലോക്ക് ഡൗണിന്റെ മറവില്‍ ഇല്ലാത്ത കുറ്റങ്ങള്‍ ചുമത്തി ജയിലറകളില്‍ തള്ളിയത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
നിയമത്തിലും നിയമ സ്ഥാപനങ്ങളിലും എല്ലാ വിഭാഗം ജനങ്ങള്‍ക്കും വിശ്വാസമുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ പ്രാഥമിക ഉത്തരവാദിത്തവും നിയമത്തെ മാനിക്കുന്നതിന്റെ ആദ്യത്തെ താല്‍പര്യവുമാകുന്നു. ഈ രാഷ്ട്രീയാസ്ഥിരതയെച്ചൊല്ലി രാജ്യത്തെ മുഴുവന്‍ ജനങ്ങളും ആകുലപ്പെടേണ്ട സന്ദര്‍ഭമാണിതെന്നും  യോഗം ഓര്‍മിപ്പിക്കുന്നു. 

ആശങ്കപ്പെടുത്തുന്ന ഇസ്‌ലാമിക ലോകത്തെ സംഭവവികാസങ്ങള്‍

മുസ്‌ലിം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിശേഷിച്ചും യമന്‍, സിറിയ, ലബനാന്‍, ലിബിയ എന്നിവിടങ്ങളിലെ ആഭ്യന്തര കലാപങ്ങള്‍ അത്യധികം ആശങ്കാജനകമാണ്. ആഭ്യന്തര യുദ്ധങ്ങളില്‍ അവിടങ്ങളില്‍ ലക്ഷക്കണക്കിന് സിവിലിയന്മാരുടെ ജീവനുകളാണ് പൊലിഞ്ഞത്. സാമ്പത്തിക നഷ്ടമാവട്ടെ കണക്കാക്കാന്‍ പ്രയാസമാണ്. ഈ ദുരവസ്ഥക്ക് ലോകത്തെ വന്‍ശക്തികള്‍ കൂടി ഉത്തരവാദികളാണ്. എങ്കിലും കാര്യങ്ങള്‍ നേരെയാക്കുന്നതിന്റെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെയും ആദ്യ ഉത്തരവാദിത്തം തങ്ങള്‍ക്കാണെന്ന കാര്യത്തില്‍നിന്ന് മുസ്‌ലിം സമൂഹത്തിന് തലയൂരാനാവില്ല. ആഭ്യന്തര കലാപങ്ങളുടെ കാരണം കണ്ടെത്തുകയും അതില്ലാതാക്കാനുള്ള മാര്‍ഗം അവലംബിക്കുകയും ചെയ്യേണ്ടതുണ്ട്. അതിനായി കാമ്പയിന്‍ തന്നെ നടക്കണം.
ചില മുസ്‌ലിം രാജ്യങ്ങളില്‍ രാഷ്ട്രീയ സ്ഥിരതയുടെയും മനുഷ്യാവകാശങ്ങളുടെയും സ്ഥിതി ആശങ്കാകുലമാണ്. അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുക മാത്രമല്ല, അതിനു വേണ്ടി സമാധാനപരമായി ശ്രമം നടത്തുന്നവരെ ജയിലുകളിലേക്കയക്കുന്നതും അവിടെ സര്‍വസാധാരണമാണ്. മുസ്‌ലിം രാജ്യങ്ങളിലെ ഈ ദുരവസ്ഥ ആഗോളതലത്തില്‍ ഇസ്‌ലാമിന്റെ പ്രതിഛായയെ കളങ്കപ്പെടുത്തുകയും രാജ്യത്തിന്റെ വികസനത്തിന് തടയിടുകയും ചെയ്യുന്നു. ഇതില്‍ മാറ്റം വരുത്താന്‍ തീവ്രവാദ രീതികളില്‍നിന്ന് മാറി സമാധാന പ്രക്രിയകള്‍ക്ക് തുടക്കം കുറിക്കേിയിരിക്കുന്നു.
ഇസ്രയേലിന്റെ ഫലസ്ത്വീന്‍ അധിനിവേശം തുടക്കത്തിലേ തെറ്റായിരുന്ന പോലെ അതിന്റെ തുടര്‍ച്ചയും തെറ്റുതന്നെയായിരിക്കും. മുസ്‌ലിം സമൂഹവും നീതിബോധമുള്ള ലോക ജനതയും തുടക്കത്തില്‍ കാണിച്ച ആര്‍ജവമുള്ള നിലപാട് തന്നെയാണ് ഇപ്പോഴും തുടരേണ്ടത്. കാലം കഴിയുമ്പോള്‍ നീതിയുടെ താല്‍പര്യങ്ങള്‍ക്ക് മങ്ങലേല്‍ക്കാന്‍ പാടില്ല. അതെപ്പോഴും അതിന്റെ തെളിമയോടെ നിലനില്‍ക്കണം. അമേരിക്കയുടെ രക്ഷാകര്‍തൃത്വത്തില്‍ ഇസ്രയേലുമായുാക്കിയ പുതിയ കരാറുകള്‍ ഫലസ്ത്വീനികളോട് ചെയ്യുന്ന അപരാധമാണ്. ഫലസ്ത്വീനിലെ പൊതു സമൂഹ താല്‍പര്യത്തിന് വിരുദ്ധമായി അവര്‍ക്കു മേല്‍ അധിനിവേശം നടത്തുന്നത് മറ്റൊരു രാജ്യത്തെയും ഭരണകൂടത്തെയും അനുവദിച്ചുകൂടാ. നമ്മുടെ മാതൃരാജ്യം ഏറെക്കാലത്തെ കഠിനമായ ശ്രമങ്ങളുടെ ഫലമായാണ് സ്വാതന്ത്ര്യം നേടിയത്. ആ സ്വാതന്ത്ര്യത്തിന്റെ വിലയറിയുന്ന നാം അന്നു മുതല്‍ ഫലസ്ത്വീന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തെ ശക്തമായി പിന്താങ്ങിയിട്ടുണ്ട്. ആ നിലപാട് മാറ്റമില്ലാതെ തുടരുക തന്നെ വേണം.

ഇന്ത്യന്‍ മുസ്‌ലിംകള്‍ ധീരമായി സ്വന്തം കടമകള്‍ നിര്‍വഹിക്കുക

തങ്ങളുടെ മാതൃരാജ്യം നേരിടുന്ന ഏറ്റവും സങ്കീര്‍ണമായ പ്രശ്‌നം ശക്തിപ്പെടുന്ന ഫാഷിസമാണെന്ന് ഇന്ത്യന്‍ മുസ്‌ലിംകള്‍ മനസ്സിലാക്കണം. കാലം കഴിയുംതോറും ഇത് കൂടുതല്‍ അള്ളിപ്പിടിക്കുക തന്നെയാണ്. വര്‍ഗീയതയോ മുസ്‌ലിംകളോടുള്ള ശത്രുതയോ ഇന്ത്യയില്‍ പുതുമയുള്ളതല്ല. മുസ്‌ലിംകള്‍ക്കെതിരെയുള്ള ഫാഷിസ്റ്റുകളുടെ വെറുപ്പുല്‍പാദനത്തിന്റെയും അതിനീചമായ ആരോപണങ്ങളുടെയും വലിയ ചരിത്രം തന്നെ നമ്മുടെ മുന്നിലുണ്ട്. എന്നാല്‍ ഈയടുത്ത കാലത്ത്, ഫാഷിസത്തി
നും വര്‍ഗീയതക്കും ഭരണകൂടത്തിന്റെ പരസ്യമായ ആശീര്‍വാദവും  പിന്തുണയുമുണ്ടെന്നത് അതിഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഫാഷിസം ഉല്‍പാദിപ്പിക്കുന്ന വെറുപ്പിന്റെ മാരകമായ വൈറസില്‍നിന്ന് മോചനം ലഭിക്കാനും മുസ്‌ലിംകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കുന്നതിനുമുള്ള ഫലപ്രദമായ മാര്‍ഗം ജനസേവനവും ജനക്ഷേമ പ്രവര്‍ത്തനങ്ങളും ഇസ്‌ലാമിക ധാര്‍മികതയുടെ പ്രയോഗവത്കരണവുമാകുന്നു. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കോവിഡുകാലത്ത് മുസ്‌ലിംകളിലൂടെ രാജ്യത്തിന് അനുഭവിക്കാനായത്. രാജ്യമെമ്പാടും മുസ്‌ലിം സമുദായം ലോക്ക് ഡൗണ്‍ കാലത്ത് ദുരിതമനുഭവിച്ച മനുഷ്യര്‍ക്ക്, അവരുടെ മതജാതിപരിഗണനകള്‍ക്കതീതമായി സാഹോദര്യത്തിന്റെ സഹായഹസ്തങ്ങള്‍ നീട്ടി. മുസ്‌ലിം എന്‍.ജി.ഒകളും സംഘടനകളും ഈ ജനസേവന പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്നു. ഈ സന്ദര്‍ഭത്തില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയും രാജ്യമൊട്ടുക്കും ഒരു കാമ്പയിനെന്ന പോലെ  ജനസേവന പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു. രാജ്യത്തിനും സമുദായത്തിനും ദിശാബോധം നല്‍കുന്നതിനായി അഭ്യര്‍ഥനകള്‍ നടത്തിക്കൊണ്ടിരിക്കുകയും  ചെയ്തു.
വിദ്യാഭ്യാസ സാമ്പത്തിക മേഖലകളില്‍ മുസ്‌ലിംകളുടെ നിലവിലുള്ള അവസ്ഥ ഏറെ ശ്രദ്ധയും ആസൂത്രണവും അധ്വാനവും ആവശ്യപ്പെടുന്നുണ്ട്. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന വിദ്യാഭ്യാസ നയത്തിലെ ദൗര്‍ബല്യങ്ങളെയും പോരായ്മകളെയും വിമര്‍ശനവിധേയമാക്കുന്നതോടൊപ്പം അതിനെ നമ്മുടെ വിദ്യാഭ്യാസ പുരോഗതിക്കായി പ്രയോജനപ്പെടുത്താനും കഴിയണം. രാജ്യത്തെ നിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ച അജ്ഞതയും ഒരുപരിധിവരെ അവയോടുള്ള അവഗണനയും വരുംകാലത്ത് നമ്മുടെ പ്രയാസങ്ങള്‍ വര്‍ധിപ്പിക്കുകയേ ഉള്ളൂവെന്ന് മനസ്സിലാക്കണം. അതുകൊണ്ട് മുസ്‌ലിം എന്‍.ജി.ഒകളും സംഘടനകളും സ്ഥാപനങ്ങളും രാജ്യത്തെ നിയമങ്ങള്‍ക്ക് വിധേയമായി മാത്രമേ പ്രവര്‍ത്തിക്കാവൂ.  മുസ്‌ലിംകള്‍ തങ്ങളുടെ എല്ലാ നിയമപരമായ രേഖകളും പൂര്‍ണമായും തയാറാക്കി സൂക്ഷിക്കാന്‍ എല്ലാവിധ പരിശ്രമങ്ങളും നടത്തേണ്ടതാണ്. ആസന്നമായ വെല്ലുവിളികളെ നേരിടാനും അസ്വസ്ഥകരമായ ദുരവസ്ഥയില്‍നിന്ന് മോചനം നേടാനും സ്ട്രാറ്റജികള്‍ രൂപപ്പെടുത്തുന്നതോടൊപ്പം നമ്മുടെ യഥാര്‍ഥ ലക്ഷ്യത്തോടുള്ള ആത്മാര്‍ഥമായ പ്രതിബദ്ധത മറന്നുപോകരുതെന്നും ഓര്‍മിപ്പിക്കുകയാണ്. 

വിവ: അബ്ദുര്‍റഹ്മാന്‍ കൊടിയത്തൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (41-43)
ടി.കെ ഉബൈദ്‌