Prabodhanm Weekly

Pages

Search

2020 സെപ്റ്റംബര്‍ 18

3168

1442 മുഹര്‍റം 30

സാഹിറ ബാനുവും പിഞ്ചോമനയും

ഹിബ ഫാറൂഖ്, ദുബൈ

2020 ആഗസ്റ്റ് ഏഴാം തിയതി മഗ്രിബ് നേരത്താണ് മൊബൈലില്‍ 'മീഡിയ വണി'ന്റെ ന്യൂസ് അപ്‌ഡേറ്റ് ശ്രദ്ധയില്‍ പെട്ടത്. ദുബൈയില്‍നിന്നുള്ള എയര്‍ ഇന്ത്യ വിമാനം കരിപ്പൂരില്‍ റണ്‍വേയില്‍ നിന്നും തെന്നിമാറി തകര്‍ന്നിരിക്കുന്നു. അന്ന് ആ വിമാനത്തില്‍ യാത്രപോയ എന്റെ പ്രിയ സുഹൃത്ത്   സാഹിറയും 11 മാസം പ്രായമായ കുഞ്ഞും (അസം മുഹമ്മദ്) അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കി യാത്രയായ വിവരവും വൈകാതെ വന്നെത്തി.
വാക്കുകളിലെ സൗമ്യതയും പ്രവൃത്തികളുടെ ചടുലതയും ഈമാനിന്റെ ശോഭയും കൊണ്ട് ഏവരെയും കീഴടക്കിയവള്‍, സാഹിറ ബാനു മഞ്ചറ. കുറഞ്ഞ കാലത്തെ ജീവിതം കൊണ്ട് ഒട്ടേറെ നന്മകള്‍ വിതറിയവള്‍. ദുബൈ ജീവിതത്തിന്റെ തുടക്കത്തില്‍ അധികം സൗഹൃദങ്ങളൊന്നുമില്ലാത്ത എന്റെ മുന്നിലേക്ക് ആദ്യമായി കടന്നുവന്നത് സാഹിറയായിരുന്നു. ഒരു യാത്രയിലാണ് ഞങ്ങള്‍ ആദ്യം കാണുന്നത്. അന്ന് തുടങ്ങിയതാണ് ഞങ്ങള്‍ തമ്മിലെ ആത്മബന്ധം.
കോഴിക്കോട് മുക്കം കക്കാട് സ്വദേശിയായ റിട്ട:  പ്രധാനാധ്യാപകനും ഹല്‍ഖാ നാസിമുമായ മഞ്ചറ മുഹമ്മദലി മാസ്റ്ററുടെയും മുണ്ടുമുഴി സ്വദേശിനി എം.പി സകീന(അയ്യൂബി)യുടെയും മകളാണ് സാഹിറ. ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, കോട്ടക്കല്‍ ആയുര്‍വേദ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഡോ. സജ്ജാദ് ഹുസൈന്‍, ഡോ. ശറഫാത്തലി, ശാദ് അബ്ദുല്ല, സഫീറ, ഡോ. ശിറിന്‍ തസ്നീം എന്നിവരാണ് സഹോദരങ്ങള്‍. കോഴിക്കോട് വെള്ളിമാട്കുന്ന് സ്വദേശി കാഞ്ഞിരത്തിങ്കല്‍ മൊയ്തീന്‍ സാഹിബിന്റെ മകനും യൂത്ത് ഇന്ത്യ ദുബൈ ഇന്റര്‍നാഷ്‌നല്‍ സിറ്റിയുടെ സജീവ പ്രവര്‍ത്തകനുമായ മുഹമ്മദ് നിജാസ് ആണ് സാഹിറയുടെ ഭര്‍ത്താവ്. ലഹന്‍ മുഹമ്മദ്, മര്‍യം ബിന്‍ത് മുഹമ്മദ് എന്നിവരാണ് മറ്റു രണ്ട് മക്കള്‍. നിജാസുമായുള്ള വിവാഹശേഷം ദുബൈയിലേക്ക് വന്ന സാഹിറയുടെ പിന്നീടുള്ള പ്രവര്‍ത്തനമണ്ഡലം ഇവിടെത്തന്നെ ആയിരുന്നു.
ഖുര്‍ആന്‍ പഠന വേദികള്‍, ദീനീ പ്രവര്‍ത്തനങ്ങള്‍, യൂത്ത് ഇന്ത്യ കുടുംബ സംഗമവേദികള്‍, മലര്‍വാടി കൂട്ടായ്മകള്‍... ഇവിടങ്ങളിലെല്ലാം അവള്‍  നിത്യസാന്നിധ്യമായിരുന്നു. ഒന്നര വയസ്സുള്ള മോളെയും എടുത്ത്, മൂത്ത മോന്റെ കൈയും പിടിച്ച് ഖുര്‍ആന്‍ ക്ലാസ്സുകളിലേക്ക് ഒത്തിരി ദൂരം നടന്നു പോകുമായിരുന്ന സാഹിറ ഞങ്ങള്‍ക്ക് ഖുര്‍ആന്‍ പഠിക്കാനുള്ള പ്രചോദനമായിരുന്നു. 
ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്കോടെ പാസ്സാവുകയും ചെയ്തിരുന്നു. സ്വന്തം ഫഌറ്റില്‍ ക്ലാസ് ഒരുക്കുകയും അതിലേ വരുന്നവരെ തന്റെ ആതിഥ്യമര്യാദ കൊണ്ട് അടുപ്പിക്കാനും സാഹിറക്ക് കഴിഞ്ഞിട്ടുണ്ട്. അഞ്ചു വര്‍ഷത്തിലധികം ദുബൈയിലെ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനിന്ന അവള്‍ക്ക് പിന്നീട് കുടുംബത്തോടൊപ്പം ഷാര്‍ജയിലേക്ക് താമസം മാറ്റേണ്ടിവന്നു. അപ്പോഴും പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു.
കുഞ്ഞുങ്ങളോ വീട്ടുകാര്യങ്ങളോ പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍നിന്നോ ഖുര്‍ആന്‍ ക്ലാസ്സുകളില്‍ നിന്നോ മാറിനില്‍ക്കാനുള്ള കാരണങ്ങളായി അവള്‍ കണ്ടില്ല. വീട്ടുകാര്യങ്ങളില്‍ വീഴ്ച വരുത്താനും അതൊരു കാരണമായിട്ടില്ല. 
വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത് മികച്ച ദമ്പതികള്‍ക്കുള്ള ട്രോഫിയും വാങ്ങി ഞങ്ങളെയൊക്കെ അവള്‍ പി ന്നെയും അത്ഭുതപ്പെടുത്തിക്കൊിരുന്നു. ഐ.സി.സി-യൂത്ത് ഇന്ത്യ സംയുക്തമായി സംഘടിപ്പിക്കാറുള്ള കുടുംബ സദസ്സുകളിലും കുഞ്ഞുമക്കളെയും കൊണ്ട്  മുഖത്ത് ഒരു നറുപുഞ്ചിരിയുമായി വന്നിരുന്ന അവളുടെ മുഖം പ്രവര്‍ത്തകരുടെ കണ്‍മുമ്പില്‍ ഇപ്പോഴുമുണ്ട്.
ബന്ധങ്ങള്‍ ഉണ്ടാക്കുന്നതിലും അത് നിലനിര്‍ത്തുന്നതിലും പ്രത്യേകമായ കഴിവുായിരുന്നു സാഹിറക്ക്. ദുബൈ ഇന്റര്‍നാഷ്‌നല്‍ സിറ്റി പാര്‍ക്കിലെ കൂട്ടായ്മകളും സൗഹൃദങ്ങളും സാഹിറയുടെ വിശാല ബന്ധങ്ങളുടെയും സഹിഷ്ണുതയുടെയും ഉത്തമോദാഹരണങ്ങളാണ്. യു.എ.ഇയിലുള്ള ബന്ധുക്കളുമായി അവള്‍ പതിവായി ഒത്തുകൂടുമായിരുന്നു. 'റബ്ബിന്റെ തണലില്‍' എന്ന കാമ്പയിന്റെ  ഭാഗമായി ഐ.സി.സി-യൂത്ത് ഇന്ത്യ, ഇന്റര്‍നാഷ്‌നല്‍ സിറ്റിയില്‍നിന്ന് ഫുജൈറ ഖോര്‍ഫക്കാനിലേക്ക് നടത്തിയ യാത്ര ഞങ്ങളുടെ ബന്ധങ്ങളെ കൂടുതല്‍ ദൃഢമാക്കുകയായിരുന്നു.
ഗള്‍ഫ് മാധ്യമം സംഘടിപ്പിച്ച 'കമോണ്‍ കേരള 2019'-ലെ ബിസിനസ് കോണ്‍ക്ലേവില്‍ ഡെലിഗേറ്റ് ആയി അവള്‍ പങ്കെടുത്തത് മോളെയും കൊണ്ടായിരുന്നു. മാധ്യമത്തിന്റെയും മീഡിയ വണ്ണിന്റെയും കാമ്പയിന്‍ നടക്കുമ്പോള്‍ അതിലൊരു നിശ്ശബ്ദ പ്രചാരകയായി അവളെപ്പോഴും ഉണ്ടാവുമായിരുന്നു. സര്‍വ പിന്തുണയും നല്‍കി അവളുടെ നിജുക്ക കൂടെ തന്നെ ഉണ്ടാവും. യൂത്ത് ഇന്ത്യയുടെ സജീവ പ്രവര്‍ത്തകനായ നിജാസിക്ക ഇന്റര്‍നാഷ്‌നല്‍ സിറ്റി ഏരിയയുടെ തുടക്കം മുതല്‍ തന്നെ നേതൃസ്ഥാനത്തുണ്ടായിരുന്നു. 
മാളുകളിലും മറ്റും പോകുമ്പോഴും നമസ്‌കാരസമയമായാല്‍ അവിടത്തെ പ്രയര്‍ ഹാളിലേക്കു ഓടിപ്പോയവള്‍, ഇപ്പോള്‍ രക്തസാക്ഷിത്വത്തിന്റെ കുപ്പായവുമണിഞ്ഞ് നാഥന്റെ വിളിക്കുത്തരം നല്‍കി കണ്ണില്‍നിന്നും മറഞ്ഞെങ്കിലും ഞങ്ങളുടെ മനസ്സില്‍ അവള്‍ നിറഞ്ഞുനില്‍ക്കുകയാണ്.

 

മീതിയന്‍ സാഹിബ്

ആലുവയിലെ ആദ്യകാല ജമാഅത്ത് പ്രവര്‍ത്തകനും ജമാഅത്ത് അംഗവും എന്റെ പിതാവുമായ മീതിയന്‍ സാഹിബ് എണ്‍പത്തിയേഴാം വയസ്സിലാണ്  അല്ലാഹുവിങ്കലേക്ക് യാത്രയായത്. 1933-ല്‍  എറണാകുളം ജില്ലയിലെ പറവൂര്‍ കുഞ്ഞിത്തയ്യില്‍ മരക്കാപറമ്പ് വീട്ടില്‍ ജനിച്ച അദ്ദേഹം പ്രാരബ്ധങ്ങള്‍ക്കിടയിലും പഠനത്തില്‍ മികവ് പുലര്‍ത്തി.  അന്നത്തെ ട്രാവന്‍കൂര്‍ യൂനിവേഴ്‌സിറ്റിയുടെ കീഴിലുള്ള തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജില്‍ ചേര്‍ന്ന് 1953-ല്‍ രസതന്ത്രത്തില്‍ ബി.എസ്.സി ബിരുദം കരസ്ഥമാക്കി. ബിരുദമെടുത്തു നാട്ടില്‍ തിരിച്ചെത്തിയ ഉടന്‍ വൈദ്യുതി വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചു. 
1955-ല്‍ ഇസ്‌ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെടുകയും ക്രമേണ അതിന്റെ സജീവ പ്രവര്‍ത്തകനാവുകയും ചെയ്തു. വേഷത്തില്‍ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തി കറുത്ത പ്രത്യേക തൊപ്പി ധരിച്ചാണ് ഓഫീസിലും പുറത്തും ഹാജരായിരുന്നത്. അത് ജീവിതാവസാനം വരെ തുടര്‍ന്നു. ആ വേഷം കൊണ്ടു തന്നെ അദ്ദേഹം ജമാഅത്ത് സമ്മേളനങ്ങളിലും യോഗങ്ങളിലും വേറിട്ട സാന്നിധ്യമായിരുന്നു. കളമശ്ശേരി, മുവ്വാറ്റുപുഴ, ആലുവ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ജോലി ചെയ്തു. ഏറിയ കാലം ആലുവയില്‍ ആയിരുന്നതിനാല്‍ ആലുവ കീഴ്മാട് സ്ഥിരതാമസമാക്കി. പ്രസ്ഥാനപ്രവര്‍ത്തനങ്ങള്‍ ആലുവ കേന്ദ്രീകരിച്ചായിരുന്നു. 
കുടുംബത്തെ പ്രസ്ഥാനവല്‍ക്കരിക്കുന്നതില്‍ നിഷ്‌കര്‍ഷ പുലര്‍ത്തി. ടി.കെയുടെയും കെ.സിയുടെയുമൊക്കെ പ്രസംഗങ്ങള്‍ സാകൂതം കേള്‍ക്കുകയും എനിക്ക് വിശദീകരിച്ചുതരികയും ചെയ്യുമായിരുന്നു. ജമാഅത്ത് ശൂറാ അംഗമായിരുന്ന ആലുവ ടി.കെ മുഹമ്മദ് സാഹിബ് വാപ്പയുടെ ആത്മ സുഹൃത്തായിരുന്നു. പ്രവര്‍ത്തകര്‍ തമ്മിലുള്ള പല പ്രശ്‌നങ്ങളിലും  അദ്ദേഹം വാപ്പയെ മധ്യസ്ഥനാക്കുകയും മിക്കതും രമ്യമായി പരിഹരിക്കുകയും ചെയ്തു. ആലുവയിലെ കച്ചവട പ്രമുഖരുമായും ഇതര മതസ്ഥരുമായും നല്ല ബന്ധമായിരുന്നു. ജീവിതം ഏറെ ലളിതവും. ഔദ്യോഗിക ജീവിതത്തിന്റെ അവസാന വര്‍ഷങ്ങളില്‍ സീനിയര്‍ അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയില്‍ തിരുവനന്തപുരത്തെ പട്ടം വൈദ്യുതി ഭവനില്‍ ജോലി ചെയ്യുന്ന കാലം വാപ്പ താമസിച്ചിരുന്നത് തിരുവനന്തപുരം തമ്പാനൂര്‍ പള്ളിയോടു ചേര്‍ന്ന മുസാഫിര്‍ ഖാനയിലായിരുന്നു. ഒരു കിടക്ക സൗകര്യം മാത്രമേ അവിടെ ഉായിരുന്നുള്ളൂ. 
ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ  വലിയൊരു ശേഖരം  അദ്ദേഹം സൂക്ഷിച്ചിരുന്നു. പ്രബോധനം വാരിക കൂടപ്പിറപ്പായിരുന്നു. വീട്ടിലുള്ള ഒഴിവുസമയം അധികവും പഠനവും വായനയുമായിരുന്നു. ഖുര്‍ആന്‍ സമ്പൂര്‍ണ പരിഭാഷ  മലയാളത്തില്‍ ലഭ്യമാകും മുമ്പേ ഹിന്ദിയിലുള്ള പരിഭാഷ  അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു. 
വാപ്പയുടെ പ്രസ്ഥാന ജീവിതം ഞങ്ങളുടെ വീട്ടിലെ അംഗങ്ങളെ പ്രസ്ഥാനവത്കരിക്കുന്നതില്‍ മാത്രമല്ല, ബന്ധുമിത്രാദികളെ കൂടി പ്രസ്ഥാനത്തില്‍ അണിചേര്‍ക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു. ജ്യേഷ്ഠാനുജന്മാരും സഹോദരി കുടുംബത്തിലെ പലരും വാപ്പയുടെ സാമീപ്യവും പിന്തുണയും ആഗ്രഹിച്ചുകൊണ്ട് കീഴ്മാട് വന്ന് സ്ഥിരതാമസമാക്കി. ജമാഅത്തെ ഇസ്‌ലാമി ആലുവ ഏരിയാ ഓര്‍ഗനൈസര്‍, തോട്ടുമുഖം കിഴക്കേ മഹല്ല് ജമാഅത്ത് കൗണ്‍സില്‍ അംഗം, മഹല്ലിന് കീഴിലുള്ള ദാറുസ്സലാം മസ്ജിദ് പ്രസിഡന്റ്, തോട്ടുമുഖം ഇസ്‌ലാമിക് ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍  വഹിച്ചിരുന്നു.
ആലുവ തോട്ടുമുഖം പെരിങ്ങാട്ടു വീട്ടില്‍ റാബിയയാണ് ആദ്യ ഭാര്യ. അവരുടെ മരണശേഷം ഭാര്യാ സഹോദരന്റെ മകള്‍ ജമീലയെ വിവാഹം കഴിച്ചു. അവര്‍ ജമാഅത്ത് അംഗമാണ്. 
മക്കള്‍: ഫാത്വിമത്തുല്‍ ബുശ്‌റ, റാബിയ, മുഹമ്മദ് ഉമര്‍ (ജമാഅത്തെ ഇസ്‌ലാമി ജില്ലാ സെക്രട്ടേറിയറ്റ് അംഗം), മുഹമ്മദ് ബഷീര്‍ (സോളിഡാരിറ്റി ജില്ലാ സെക്രട്ടറി).

മുഹമ്മദ് ഉമര്‍ 

 

പി.എം അബൂബക്കര്‍

പി.എം എന്ന് അറിയപ്പെട്ടിരുന്ന പി.എം അബൂബക്കര്‍ സാഹിബ് ജമാഅത്തെ ഇസ്‌ലാമി തിരുവനന്തപുരം പാളയം ഹല്‍ഖയിലെ സജീവ പ്രവര്‍ത്തകനും ഐ.ആര്‍.ഡബ്ല്യുവിന്റെ നിസ്വാര്‍ഥ സേവകനുമായിരുന്നു. കണ്ണൂര്‍കാരനായ അബൂബക്കര്‍ ചെറുപ്പത്തില്‍ ജോലിയാവശ്യാര്‍ഥം ബോംബെയിലെത്തി. ഒരു ഹോട്ടലില്‍ വെയിറ്ററായി ജോലി ചെയ്തുകൊണ്ടിരിക്കെ മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ചപ്പോള്‍ ബോംബെയില്‍നിന്ന് വണ്ടികയറിയത് തിരുവനന്തപുരത്തേക്കാണ്. കൈയില്‍ കെട്ടിയിരുന്ന വാച്ച് മാത്രമായിരുന്നു ആകെയുള്ള സമ്പാദ്യം. അത് വിറ്റു കിട്ടിയ തൊണ്ണൂറ് രൂപക്ക് കപ്പലണ്ടി മിഠായി, സിഗരറ്റ് എന്നിവ വാങ്ങി, ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിനു സമീപം കച്ചവടം ചെയ്ത് ഉപജീവനത്തിനുള്ള വക കണ്ടെത്തി. പാളയം പള്ളിയില്‍ ക്ലര്‍ക്കായിരുന്ന ഹുസൈന്‍ സാഹിബിന്റെ വീട്ടിലും പാളയം പള്ളിയിലുമായിരുന്നു ഉറക്കം.
പിന്നീട്, കാച്ചാണി സ്വദേശിനിയായ സബീനയെ വിവാഹം കഴിച്ചു. പ്രാരാബ്ധങ്ങള്‍ക്കിടയിലും തന്റെ രണ്ട് പെണ്‍മക്കളെയും ഉന്നത പഠനത്തിനയച്ച്, വിവാഹം കഴിച്ചയച്ചു. നെടുമങ്ങാട് ഏരിയയിലെ കാച്ചാണി ഹല്‍ഖയിലെ കാര്‍കുന്‍ ആയിരുന്നപ്പോഴും തിരുവനന്തപുരം പാളയം ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍, സംയുക്ത യോഗങ്ങള്‍, സിറ്റിയിലും ജില്ലയുടെ മറ്റ് ഭാഗങ്ങളിലും നടന്ന പൊതു പരിപാടികള്‍ എന്നിവയില്‍ കൃത്യമായി പങ്കെടുക്കുമായിരുന്നു.
ഐ.ആര്‍.ഡബ്ല്യുവിന്റെ മൂന്നാമത്തെ ബാച്ചിലെ അംഗമായിരുന്ന അദ്ദേഹം തന്നെ അലട്ടിയിരുന്ന രോഗം കാര്യമാക്കാതെ ഏല്‍പ്പിക്കുന്ന ഏതു ഉത്തരവാദിത്തവും സന്തോഷത്തോടെ നിര്‍വഹിച്ചിരുന്നു. പാളയം പള്ളിയില്‍ കോവിഡ് കാരണം ജുമുഅ നിര്‍ത്തിവെക്കുന്നതുവരെ പാളയം അബ്ദുല്‍ ഗഫൂര്‍ സാഹിബുമായി ചേര്‍ന്ന് പ്രബോധനം വിതരണം ചെയ്തിരുന്നു. യൂനിവേഴ്‌സിറ്റി കോളേജിന് സമീപം ദീര്‍ഘകാലമായി തട്ടുകട കച്ചവടം നടത്തിവന്ന അബൂബക്കര്‍ സാഹിബ്, കോളേജ് വിദ്യാര്‍ഥികളുടെ സ്‌നേഹനിധിയായ 'സായിപ്പ് അണ്ണന്‍' ആയിരുന്നു. നിറപുഞ്ചിരിയോടെ മാത്രമേ അദ്ദേഹം ഏവരെയും അഭിമുഖീകരിച്ചിരുന്നുള്ളൂ.
യൂനിവേഴ്‌സിറ്റി കോളേജിന് സമീപം തട്ടുകട കച്ചവടം നടത്തിവരവെയാണ് അബൂബക്കര്‍ സാഹിബ് അല്ലാഹുവിലേക്ക് യാത്രയായത്.

ഡോ. എസ്. സുലൈമാന്‍, നെടുമങ്ങാട്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (41-43)
ടി.കെ ഉബൈദ്‌