അതിജീവനത്തിന്റെ ആച്ചുട്ടിത്താളം
സീനത്ത് ചെറുകോട് എഴുതിയ ആത്മകഥാംശമുള്ള നോവലാണ് വചനം ബുക്സ് പ്രസിദ്ധീകരിച്ച 'ആച്ചുട്ടിത്താളം.' അനാഥത്വവും ദാരിദ്ര്യവും തീര്‍ത്ത ജീവിത പ്രതിസന്ധികളെ വകഞ്ഞുമാറ്റി വിദ്യാഭ്യാസത്തിലൂടെ അതിജീവനം തേടുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതമാണ് ആച്ചുട്ടിത്താളം പറയുന്നത്. അവഗണനകളും കുറ്റപ്പെടുത്തലുകളും ചുറ്റുമുയരുമ്പോള്‍ അതില്‍നിന്നെല്ലാം ഓടിയകന്ന് വായനയുടെ ലോകത്ത് തന്റേതായൊരു പ്രപഞ്ചം തീര്‍ത്താണ് കഥാനായിക അതിജീവനത്തിന്റെ ആദ്യപടി കയറുന്നത്. അക്ഷരങ്ങളിലൂടെ രൂപപ്പെട്ട സര്‍ഗാവിഷ്‌കാരങ്ങള്‍ അംഗീകാരത്തിന്റെ പുതിയ ആകാശങ്ങള്‍ അവര്‍ക്കു മുന്നില്‍ തുറന്നിട്ടു. ആ മുന്നേറ്റത്തില്‍ തന്റെ ജീവിത പരിസരങ്ങളിലുള്ളവരെ കൂടി കൈപ്പിടിച്ചുയര്‍ത്താനുള്ള കഥാനായികയുടെ ശ്രമങ്ങളിലൂടെ ഒരു വ്യക്തിയുടെ ജീവിതത്തില്‍നിന്ന് പലരിലേക്കുമായി നോവല്‍ വികസിക്കുന്നു.
നോവലില്‍ കടന്നുവരുന്ന മിക്ക കഥാപാത്രങ്ങള്‍ക്കും അതിജീവനത്തിന്റെ താളമാണുള്ളത്.
കഥയുടെ മുഖ്യപശ്ചാത്തലങ്ങളിലൊന്നായ കുടുംബ വീട്ടിലുള്ള സ്ത്രീകളെല്ലാം ജീവിത പ്രതിസന്ധികളോട് പൊരുതുന്ന കരുത്തുറ്റ കഥാപാത്രങ്ങളാണ്. അവരുടെ നിസ്സഹായാവസ്ഥകളിലും പരിമിതികളിലും നോവലിസ്റ്റ് ഒരിക്കലും വായനക്കാരെ കുരുക്കിയിടുന്നില്ല. ആത്മവിശ്വാസത്തോടെ ജീവിതത്തെ അഭിമുഖീകരിക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങള്‍ ഗ്രാമീണ സ്ത്രീജീവിതങ്ങളെ കുറിച്ചുള്ള പല മുന്‍ധാരണകളും തകര്‍ക്കുന്നതു കൂടിയാണ്. ഭര്‍ത്താവ് മരിച്ച പതിനഞ്ചാം ദിവസം ജോലിക്കിറങ്ങേണ്ടി വരുന്ന ഗര്‍ഭിണിയായ ഉമ്മയെയും എഴുപതാം വയസ്സിലും പണിക്കിറങ്ങുന്ന മണ്ണാത്തി നാട്ടിയമ്മയെയും നിസ്സഹായതയുടെ ഭാഷക്കപ്പുറം നിശ്ചയദാര്‍ഢ്യത്തിന്റെ അക്ഷരങ്ങളിലാണ് നോവലിസ്റ്റ് വരച്ചിടുന്നത്. നോവലിലെ മുഖ്യകഥാപാത്രങ്ങളായ സുദൂട്ടിയും സബൂട്ടിയുമെല്ലാം ഈ നിശ്ചയദാര്‍ഢ്യത്തിന്റെ ഉജ്ജ്വലമായ പ്രതീകങ്ങളാണ്.
താഴെ വീണുകിടക്കുന്നവരെ കൈപ്പിടിച്ചുയര്‍ത്താന്‍ ചിലരുണ്ടാകുമ്പോഴേ അതിജീവനം യാഥാര്‍ഥ്യമാകൂ. ജീവിത പ്രതിസന്ധിയുടെ നട്ടുച്ചയില്‍ പൊരിവെയിലേറ്റ് ഇത്തിരി തണല്‍ തേടിയവര്‍ക്ക് തണല്‍മരങ്ങളായ നന്മജീവിതങ്ങളെ 'ആച്ചുട്ടിത്താള'ത്തിലും കാണാം.
നോവലിന്റെ ഭാഷയാണ് ആച്ചുട്ടിത്താളത്തിന്റെ മറ്റൊരു സവിശേഷത. മലയാള നോവല്‍ സാഹിത്യത്തിന് അത്രയൊന്നും പരിചിതമല്ലാത്ത മലപ്പുറത്തെ ഗ്രാമീണ ഭാഷയിലാണ് കഥാപാത്രങ്ങളുടെ സംസാരം. അതുവഴി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാമീണ സംസ്‌കാരങ്ങളുടെയും നാട്ടുഭാഷയുടെയും സംരക്ഷണവും ആച്ചുട്ടിത്താളത്തിലൂടെ നോവലിസ്റ്റ് നിര്‍വഹിക്കുന്നു. ഇതൊരു സാംസ്‌കാരിക ദൗത്യമായും അടയാളപ്പെടുത്തേണ്ടതാണ്. അതിനാല്‍ ഗ്രാമീണ ഭാഷയും സംസ്‌കാരങ്ങളും ഗൗരവമായി പഠിക്കുന്നവര്‍ക്കും അതില്‍ ഗവേഷണം നടത്തുന്നവര്‍ക്കും ഒരു റഫറന്‍സ് കൂടിയായിരിക്കും സീനത്ത് ചെറുകോടിന്റെ ആച്ചുട്ടിത്താളം.
Comments