രോഗകാലം സമ്മാനിച്ച തിരിച്ചറിവുകളുമായി സകീന
ഈ മഹാമാരിക്കാലത്ത് ഭയം വേണ്ട, ജാഗ്രത മതി എന്ന കരുതലിനെ ജീവിതത്തോട് ചേര്‍ത്തുവെച്ച് നമുക്കു മുന്നില്‍ മാതൃകയായ ഒരു പ്രവാസി മലയാളിയുണ്ട്. ഖത്തറില്‍ കുടുംബത്തോടൊപ്പം കഴിയുന്ന കുറ്റിയാടി സ്വദേശിനി കെ. സെഡ് സകീനയുടെ നിശ്ചയദാര്‍ഢ്യത്തിനും കരുതലിനും മുന്നില്‍ കോവിഡ് 19 എന്ന മഹാമാരിയും വഴിമാറിയ അനുഭവങ്ങളാണ് പറയാനുള്ളത്. പ്രാര്‍ഥനകളും കരുതലും നിറഞ്ഞ ആ നാളുകളിലൂടെ..
ദോഹയിലെ സല്‍വ റോഡിലെ ദാന ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരന് കൊറോണ ബാധിച്ചതിനാല്‍ മാര്‍ച്ച് 8-ന് സ്ഥാപനം അടച്ചു. വാര്‍ത്ത പുറത്തുവന്നതോടെ മാര്‍ച്ച് ആദ്യവാരം അവിടെ സന്ദര്‍ശിച്ചു എന്നതിനാലാണ് സകീന സ്വന്തമായി നിയന്ത്രണങ്ങള്‍ വരുത്തി തുടങ്ങിയത്. ഹൈപ്പര്‍ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവന്നതോടെ അവര്‍ക്ക് നേരിയ സംശയം ഉണ്ടായിരുന്നു. ഉടന്‍ സൂക്ഷ്മതയുടെ ഭാഗമായി വീട്ടില്‍ ഒറ്റക്ക് ഒരു മുറിയിലേക്ക് മാറി. മാസ്‌ക് ധരിച്ച് മാത്രം അത്യാവശ്യങ്ങള്‍ക്ക് പുറത്തിറങ്ങി. കുടുംബാംഗങ്ങളോട് അടക്കം കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിച്ചു തുടങ്ങി.
രോഗലക്ഷണങ്ങളോ ശാരീരിക ബുദ്ധിമുട്ടുകളോ ഒന്നും ഇല്ലാതിരുന്നിട്ടും സ്വയം സന്നദ്ധയായി മാര്‍ച്ച് 11-ന് ഹമദ് ആശുപത്രിക്കു കീഴിലെ കമ്മ്യൂണിറ്റി ഡിസീസ് സെന്ററില്‍ ചെന്ന് തന്നെ പരിശോധിക്കണമെന്ന് അവര്‍ അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. നിങ്ങള്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ താഴെ നിലയില്‍നിന്നല്ലേ സാധനങ്ങള്‍ വാങ്ങിയത്, അതുകൊണ്ട് രോഗം വരാന്‍ സാധ്യതയില്ല എന്ന സംശയം ആശുപത്രിയില്‍ ഉള്ളവര്‍ പ്രകടിപ്പിച്ചെങ്കിലും, താന്‍ മാത്രമല്ല, തന്റെ ഭര്‍ത്താവും രണ്ട് ആണ്‍മക്കളും മൂത്ത മകന്റെ ഭാര്യയും അവരുടെ ഒന്നര വയസ്സുള്ള പിഞ്ചുകുഞ്ഞും എല്ലാം പരിശോധനക്ക് വിധേയമായേ തീരൂ എന്ന് സകീന ആശുപത്രി അധികൃതരോട് വാശി പിടിച്ചു.
പരിശോധന കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുപോയപ്പോഴും കുടുംബാംഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു. പന്ത്രണ്ടാം തീയതി ചെറിയ പനി അനുഭവപ്പെട്ടിരുന്നു എന്നത് മാത്രമായിരുന്നു എടുത്തു പറയാവുന്ന ലക്ഷണം. മാര്‍ച്ച് 15-ന് പരിശോധനാ റിസള്‍ട്ട് വന്നപ്പോള്‍ സകീന മാത്രം കോവിഡ് പോസിറ്റീവ്. തന്റെ ജാഗ്രതയില്‍ മറ്റൊരാള്‍ക്കും രോഗം പകരാന്‍ ഇടവരില്ലെന്ന ഉറച്ച ബോധ്യം തെറ്റിയില്ല. കുടുംബാംഗങ്ങളുടെ എല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. അന്നേ ദിവസം തന്നെ ഖത്തര്‍ ആരോഗ്യ മന്ത്രാലയ അധികൃതര്‍ വരികയും രാത്രിയോടെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു.
തുടര്‍ന്നുള്ള അനുഭവങ്ങള്‍ അവര്‍ തന്നെ വിവരിക്കുന്നു: ''അല്‍ഹംദു ലില്ലാഹ്, നാഥന് സ്തുതി. മാര്‍ച്ച് പതിനഞ്ചിനു തന്നെ സി.ഡി.സിയില്‍ അഡ്മിറ്റ് ആയ ഉടന്‍ ചികിത്സ തുടങ്ങി. മികച്ച സൗകര്യങ്ങളുള്ള ആശുപത്രിയായിരുന്നു അത്. നല്ല ഭക്ഷണം. സ്നേഹപൂര്‍വമുള്ള പരിചരണം. എന്നെ പരിചരിച്ച ഡോക്ടറും നഴ്സും മലയാളികളായിരുന്നു. സെലിന്‍ എന്ന് പേരുള്ള ആ നഴ്സിന്റെ പരിചരണം മറക്കാനാവാത്തതാണ്. തുടക്കത്തിലുള്ള എന്റെ ആശങ്കകളകറ്റിയും സമാധാനിപ്പിച്ചും അവര്‍ നല്‍കിയ സ്നേഹപരിചരണങ്ങള്‍ക്ക് നന്ദി പറഞ്ഞാല്‍ തീരില്ല.
അതിലേറെ എന്നെ അത്ഭുതപ്പെടുത്തിയത്, ആശുപത്രിയും റൂമുകളും വൃത്തിയാക്കാന്‍ വരുന്ന ആളുകളാണ്. ദിവസവും മൂന്നു പ്രാവശ്യം രോഗികളുടെ റൂമുകള്‍ വൃത്തിയാക്കാന്‍ അവര്‍ വരും. ജാഗ്രതയോടെ, നിശ്ചിത അകലം പാലിച്ച്, മനസ്സുകളെ അടുപ്പിക്കുന്ന സേവനങ്ങളായിരുന്നു അവരുടേതെന്ന് എടുത്തു പറയണം. അവരങ്ങനെ സലാം പറഞ്ഞ് അഭിവാദ്യം ചെയ്ത് വരികയും ആത്മാര്‍ഥമായി തങ്ങളുടെ ജോലികളില്‍ ഏര്‍പ്പെടുകയും ചെയ്തുകൊണ്ടിരുന്നു.
രണ്ടാമത്തെ പരിശോധനാ ഫലവും പോസിറ്റീവായിരുന്നെങ്കിലും രോഗം കൊണ്ടുള്ള പ്രയാസങ്ങളോ മറ്റോ ഉണ്ടായിരുന്നില്ല. ഒരാഴ്ച പിന്നിട്ട് മാര്‍ച്ച് 23-ന് പരിശോധിക്കുമ്പോഴും ഫലം പോസിറ്റീവ് തന്നെ. പിറ്റേ ദിവസം മാര്‍ച്ച് 24-നാണ് എന്നെ കൊറോണ രോഗികള്‍ക്കായുള്ള പ്രത്യേക ആശുപത്രിയായ മിസഈദിലേക്ക് മാറ്റുന്നത്. അവിടെയും വിശാലമായ മുറിയില്‍ ഒറ്റക്ക്. എല്ലാ സൗകര്യങ്ങളും അവിടെയുമുണ്ട്. പതിനൊന്ന് വനിതകളാണ് അപ്പോള്‍ രോഗം ബാധിച്ച് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. പാകിസ്താന്‍, ഇന്തോനേഷ്യ എന്നീ രാജ്യക്കാരായ രണ്ടു പേര്‍ ഫലം നെഗറ്റീവായി ഡിസ്ചാര്‍ജ് ആവുകയുമുണ്ടായി. എന്റെ പരിശോധനകള്‍ 25-നും മാര്‍ച്ച് 31-നും ആവര്‍ത്തിച്ചു. 31-ലെ റിസള്‍ട്ട് പിറ്റേന്നുതന്നെ വന്നെങ്കിലും 25-ന്റെ പരിശോധനാഫലം ഏപ്രില്‍ രണ്ടിനാണ് വന്നത്. രണ്ടും നെഗറ്റീവ് ആയിരുന്നു ഫലം. ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയോടെ തുടര്‍ന്ന് ഞാന്‍ ഡിസ്ചാര്‍ജ് ആയി. സന്തോഷത്തോടെ സലാം പറഞ്ഞ് അവരെന്നെ യാത്രയാക്കി. ഇനിയും പതിനാലു ദിവസം കൂടി വീട്ടില്‍ പ്രത്യേക കരുതലോടെ കഴിയണം എന്നാണ് നിര്‍ദേശം. അത് ഞാന്‍ പാലിച്ചുകൊണ്ടിരിക്കുന്നു.
അല്‍ഹംദു ലില്ലാഹ്, ഹൃദയത്തോട് ചേര്‍ത്തു വെക്കാനുള്ള ഒത്തിരി നിമിഷങ്ങളായിരുന്നു എന്റെ ആ പതിനെട്ടു ദിനരാത്രങ്ങള്‍.
എന്റെ നാഥനെ എത്ര സ്തുതിച്ചാലും മതിയാവില്ല.
എന്റെ റബ്ബിനോട് എല്ലാം തുറന്നു പറയാന്‍ ഞാനും പടച്ചവനും മാത്രമുള്ള പതിനെട്ട് ദിനരാത്രങ്ങള്‍. ഊണിലും ഉറക്കിലും ഓരോ ചലനങ്ങളിലും അവന്റെ സാമീപ്യമുള്ള നിമിഷങ്ങള്‍. നമസ്‌കാരങ്ങള്‍ കഴിഞ്ഞ് തിരക്കില്‍ നിന്ന് തിരക്കുകളിലേക്കുള്ള ഓട്ടമായിരുന്നില്ലേ നമ്മുടെ അധിക പേരുടെയും ജീവിതം. സ്വന്തം കാര്യങ്ങള്‍ പറയാന്‍ പോലും സമയം കിട്ടാറുണ്ടായിരുന്നില്ലല്ലോ. സമയം കിട്ടാത്തതല്ല, നാം സമയം കണ്ടെത്താറില്ല എന്നായിരിക്കും ശരി.
നിര്‍ണയിക്കപ്പെട്ട സമയങ്ങളില്‍ നഴ്സുമാര്‍ മാത്രം വന്നു പോകുന്നതല്ലാതെ ഒരു തിരക്കുമില്ലാതെ, മറ്റൊരാളോടും സംസാരിക്കാനില്ലാതെ ഞാനും എന്റെ റബ്ബും മാത്രമായ ജീവിതത്തിലെ ഏറ്റവും സംതൃപ്തി നിറഞ്ഞ ദിനരാത്രങ്ങള്‍.
ശാരീരികമായി പ്രയാസങ്ങളൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. കുടുംബത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ വലിയ ആശ്വാസമായിരുന്നു. എന്റെ കാരണത്താല്‍ ഒരാള്‍ക്കും അസുഖം വന്നിട്ടില്ല എന്നുറപ്പാണ്, അത്രയധികം ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അകലെയായാലും അടുത്ത് കാണാനുള്ള സംവിധാനങ്ങള്‍ ഉള്ള ഈ കാലത്ത് ആശ്വാസവും താങ്ങുമായി പ്രിയപ്പെട്ടവര്‍. നിരീക്ഷണത്തിലായിരുന്നപ്പോള്‍ പൂര്‍ണ പിന്തുണയുമായി, പ്രാര്‍ഥനയോടെ കൂടെ നിന്ന കുടുംബങ്ങള്‍..
പരീക്ഷണങ്ങളില്‍ ക്ഷമിക്കാനും, ചെയ്തുതന്ന അനുഗ്രഹങ്ങള്‍ക്ക് നാഥനോട് നന്ദി പറയാനും എന്റെ വീഴ്ചകളില്‍ അവനിലേക്ക് മടങ്ങാനുമായി എനിക്ക് അനുവദിക്കപ്പെട്ട പതിനെട്ട് ദിനരാത്രങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ വലിയ സംതൃപ്തിയാണ്.
രാവിലെ മൂന്നു മണിക്ക് എഴുന്നേറ്റ് തഹജ്ജുദ് നമസ്‌കാരം കഴിഞ്ഞ്, അതേ മുസ്വല്ലയിലിരുന്ന്
പ്രാര്‍ഥനയിലും ഖുര്‍ആന്‍ പാരായണത്തിലും മുഴുകി സ്വുബ്ഹ് നമസ്‌കാരത്തിനു ശേഷം ദുഹാ നമസ്‌കാരം കൂടി കഴിഞ്ഞു മാത്രമേ ഞാന്‍ ഉറങ്ങിയിരുന്നുള്ളു. തഹജ്ജുദ് മുതല്‍ ദുഹാ വരെയുള്ള കര്‍മങ്ങള്‍ ഒരു ഉംറക്ക് തുല്യമാണ് എന്നാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. അങ്ങനെ ഇപ്പോള്‍ പതിനെട്ട് ഉംറകള്‍ നിര്‍വഹിച്ച സംതൃപ്തി.. എല്ലാ തെറ്റുകളില്‍നിന്നും മുക്തമായി മടങ്ങിവരുന്ന ഹാജിയുടെ മനസ്സ് അനുഭവിക്കാന്‍ കഴിയുന്നു എനിക്ക് ഇപ്പോള്‍..
പടച്ചവന്‍ അവന്‍ ഇഷ്ടപ്പെട്ടവരെയാണ് പരീക്ഷണങ്ങള്‍ക്കായി തെരഞ്ഞെടുക്കുക എന്നാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. എന്റെ നാഥന്‍ എന്നെ പരീക്ഷിച്ചതില്‍ ക്ഷമിച്ച് അവനിലേക്ക് മടങ്ങാന്‍ കഴിഞ്ഞ സംതൃപ്തിയിലാണ് ഞാനിപ്പോള്‍.
ലോകവും ലോകശക്തികളും നിസ്സഹായാവസ്ഥയില്‍ തരിച്ചുനില്‍ക്കുന്ന ദിനങ്ങളാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.
പ്രിയപ്പെട്ട എല്ലാവരോടുമായി പറയാനുള്ളത്, പടച്ചവന്‍ അവന്റെ ചെറുതും വലുതുമായ പരീക്ഷണങ്ങളിലൂടെ പടപ്പുകള്‍ ആരെല്ലാമാണ് അവരുടെ രക്ഷിതാവിലേക്ക് മടങ്ങുന്നത് എന്ന് കണ്ടെത്തുന്ന നിമിഷങ്ങളാണ് നമുക്കു മുന്നിലുള്ള ഈ മഹാമാരിക്കാലം. ഓരോ ദിവസവും ഒരല്‍പ നേരമെങ്കിലും തന്റെ രക്ഷിതാവിലേക്ക് കൈകളുയര്‍ത്താന്‍, അവനോട് എല്ലാം തുറന്നു പറയാന്‍ കഴിയാത്തവരായി മാറരുത് നാം.''
കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഖത്തറില്‍ വ്യാപാരം നടത്തുന്ന വല്യാപ്പള്ളി കുഞ്ഞബ്ദുല്ലയുടെ ഭാര്യയാണ് കെ. സെഡ് സകീന. മൂന്നു മക്കള്‍. മൂത്തയാള്‍ ഖത്തറില്‍ മാതാപിതാക്കള്‍ക്കൊപ്പം ബിസിനസില്‍ കൂടെയുണ്ട്. രണ്ടാമത്തെയാള്‍ ശഹീന്‍ അബ്ദുല്ല ദല്‍ഹി ജാമിയ മില്ലിയ്യ ഇസ്ലാമിയ കേന്ദ്ര സര്‍വകലാശാലയില്‍ പി.ജി വിദ്യാര്‍ഥിയാണ്. ആറാം ക്ലാസില്‍ പഠിക്കുന്ന അഫിഷിന്‍ ആണ് ഇളയ മകന്‍.
Comments