Prabodhanm Weekly

Pages

Search

2020 ഏപ്രില്‍ 17

3148

1441 ശഅ്ബാന്‍ 23

ഇസ്‌ലാം ആരാധനയും ജീവിതവും

പി.പി അബ്ദുര്‍റസാഖ്

മനുഷ്യജീവിതത്തിനു വേണ്ടിയാണ് ഭൂമിയിലെ സകലതും സംവിധാനിക്കപ്പെട്ടിരിക്കുന്നത്  എന്ന് അസന്ദിഗ്ധമായി പഠിപ്പിച്ച ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. ജീവിതം സുന്ദരവും ഉത്തരവാദിത്തപൂര്‍ണവുമാകാന്‍, ദൈവബോധത്തിലും പരലോക സ്മരണയിലും അധിഷ്ഠിതമാകാന്‍ വേണ്ടി നിശ്ചയിക്കപ്പെട്ട ഇന്ധനശാലകള്‍ കൂടിയാണ് ഇസ്‌ലാമിലെ ആരാധനകള്‍. ഇന്ധനശാലയില്‍ ജീവിതത്തിന്റെ വണ്ടി എന്നന്നേക്കുമായി പാര്‍ക്ക് ചെയ്തുവെക്കുന്നത് ഇസ്ലാമിന് അന്യമാണ്.  ഇസ്ലാമികാധ്യാപനങ്ങള്‍ക്കു വിരുദ്ധവുമാണ്.   ഇസ്ലാമില്‍ ജീവിതം ആരാധനക്കു വേണ്ടിയല്ല,  മറിച്ച്, ആരാധനയും ജീവിതത്തിനു വേണ്ടിയാണ്. 'അല്ലാഹു (ഇഛാ സ്വാതന്ത്ര്യം നല്‍കിയ)  മനുഷ്യരെയും ജിന്നുകളെയും സൃഷ്ടിച്ചിട്ടുള്ളത് അല്ലാഹുവിനു മാത്രം വഴിപ്പെട്ട്,  വിധേയപ്പെട്ട്, അടിപ്പെട്ട്,  കീഴ്‌പ്പെട്ട്  ജീവിക്കാനാണ്' എന്ന് അര്‍ഥം വരുന്ന ഖുര്‍ആനിക സൂക്തത്തെ അറബി ഭാഷക്കും, ഖുര്‍ആനിക പ്രയോഗത്തിനും, ഇസ്ലാമിക ചൈതന്യത്തിനും, ഇസ്‌ലാമിന്റെ ചരിത്രത്തിനും, ഇസ്‌ലാം സമര്‍പ്പിക്കുന്ന ജീവിത വ്യവസ്ഥക്കും, ദൈവ സങ്കല്‍പത്തിനുമൊക്കെ വിരുദ്ധമായി  'ജീവിതം ആരാധനക്കു വേണ്ടി മാത്രം' എന്നു പഠിപ്പിച്ചവരാണ് 'ആരാധന ജീവിതത്തിന്' എന്ന ഖുര്‍ആനികാശയത്തെ 'ജീവിതം ആരാധനക്ക്' എന്ന രൂപത്തില്‍ പ്രതിലോമകരമായി കീഴ്‌മേല്‍ മറിച്ചത്. ആ വികല സങ്കല്‍പത്തിന്റെ കൂടി ദൂഷ്യഫലമാണ് ഈ കൊറോണാ കാലത്ത് ദല്‍ഹി പോലുള്ള പ്രദേശങ്ങളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചില സംഭവങ്ങള്‍.  ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍, ഇസ്‌ലാമികമായ ബാധ്യതകളും ഉത്തരവാദിത്തങ്ങളും നിര്‍വഹിക്കുന്നതിലുണ്ടായ പരാജയത്തിന് ന്യായമാവില്ല.
ആരാധനാ വിഷയത്തില്‍ ഇസ്‌ലാം എന്താണ് പഠിപ്പിക്കുന്നതെന്നും ഇസ്ലാമിലെ ആരാധനകളുടെ പൊതുസ്വഭാവം എന്താണെന്നും മനസ്സിലാക്കുമ്പോള്‍ ഈ വശം കുറച്ചുകൂടി വ്യക്തമാകും.
ഒരു നാട്ടില്‍ പകര്‍ച്ചവ്യാധിയുണ്ടായാല്‍, അവിടെ നിന്ന് ആരും പുറത്തു പോകരുതെന്നും അവിടേക്ക് ആരും വരരുതെന്നും മാത്രമല്ല മുഹമ്മദ് നബി (സ) പഠിപ്പിച്ചത്. നമസ്‌കരിക്കാന്‍ മസ്ജിദില്‍ പോകേണ്ടതില്ലെന്നും വീട്ടിലോ വാഹനത്തിലോ എവിടെയായിരുന്നാലും അവിടെ വെച്ച് നിര്‍വഹിച്ചാല്‍ മതിയെന്നും നിര്‍ദേശിച്ചു. എന്നല്ല, ആ സന്ദേശം അത്തരം സാഹചര്യങ്ങളില്‍ അഞ്ചു നേരവും നടത്തപ്പെടുന്ന ബാങ്കു വിളിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.  ഉള്ളി തിന്ന് മറ്റുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കുന്ന തരത്തില്‍ വായ്‌നാറ്റമുണ്ടെങ്കില്‍ അത്തരക്കാര്‍ വരെ പള്ളിയില്‍ സംഘടിത നമസ്‌കാരത്തിന് പോകരുതെന്ന് പഠിപ്പിച്ചു.
ഇസ്‌ലാമിലെ ആരാധനയുടെ പൊതു സ്വഭാവം പഠിച്ചാലും ഇത് ബോധ്യപ്പെടും. ഇസ്‌ലാമിലെ എല്ലാ നിര്‍ബന്ധ ആരാധനകളും സാധാരണ ഗതിയില്‍  സാമൂഹികമായാണ് നിര്‍വഹിക്കേണ്ടത്. കേവല ആത്മീയത മാത്രമായിരുന്നു അതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടിരുന്നതെങ്കില്‍, ആ ആത്മീയതക്കും ഏകാഗ്രതക്കും സഹായകമാവുക ഏകാന്തതയില്‍ നിര്‍വഹിക്കുന്നതാകുമായിരുന്നു. ഇസ്‌ലാമില്‍ സാമൂഹികതയെ അവഗണിച്ചുകൊണ്ടുള്ള കേവലമായ ആത്മീയതയില്ല.  
ഇസ്ലാമിലെ നമസ്‌കാരവും നോമ്പും സകാത്തും ഹജ്ജും ഉള്‍പ്പെടെയുള്ള എല്ലാ ആരാധനകളും സമയബന്ധിതമാണ്. ആരാധന ആത്മീയമായ ദാഹം തീര്‍ക്കാന്‍ വേണ്ടി മാത്രമാണെങ്കില്‍, നമ്മള്‍ വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കുകയും  ദാഹിക്കുമ്പോള്‍ വെള്ളം കുടിക്കുകയും ചെയ്യുന്നതു പോലെ ആത്മീയദാഹമുണ്ടാകുമ്പോള്‍  മാത്രം അത് നിര്‍വഹിച്ചാല്‍ പോരേ? എന്തിനാണ്, ആത്മീയ ദാഹമുണ്ടെങ്കിലും  ഇല്ലെങ്കിലും നിശ്ചയിക്കപ്പെട്ട സമയത്തു തന്നെ അവയൊക്കെ സംഘടിതമായി നിര്‍വഹിക്കാന്‍ ഇസ്ലാം അനുശാസിച്ചത്?   ഇസ്ലാമിന് മനുഷ്യനെ അവന്റെ സാമൂഹികതയില്‍നിന്ന് അടര്‍ത്തിമാറ്റിയുള്ള ഒരു ആരാധനയുമില്ല എന്നതു കൊണ്ടു തന്നെ.
അല്ലാഹുവിനെ മാത്രം ആരാധിക്കുക, അവനോടു മാത്രം പ്രാര്‍ഥിക്കുക എന്നതു മാത്രമാണ് ഇസ്‌ലാം നമസ്‌കാരം കൊണ്ടും ഇതര നിര്‍ബന്ധ അനുഷ്ഠാനകര്‍മങ്ങള്‍ കൊണ്ടും ഉദ്ദേശിക്കുന്നതെങ്കില്‍, പിന്നെ എന്തിനാണ് അതില്‍ റക്അത്തുകളുടെ എണ്ണവും സുജൂദുകളുടെയും റുകൂഉകളുടെയും എണ്ണവുമൊക്കെ നിജപ്പെടുത്തിയത്? യഥേഷ്ടം ആയിക്കൂടായിരുന്നോ? എന്തിനാണ് നമസ്‌കാരത്തില്‍ ഈ രൂപത്തില്‍ മനനത്തോടൊപ്പം ചലനവും ഉള്‍പ്പെടുത്തിയത്? ഇതെന്താണ് നമ്മോട് പറയുന്നത്? അല്ലാഹുവിനു മാത്രമുള്ള ആരാധന പോലും സാധുവാകണമെങ്കില്‍ അതിന് നിശ്ചയിക്കപ്പെട്ട രൂപത്തിലും അല്ലാഹുവിനെ അനുസരിക്കണമെന്നു കൂടിയല്ലേ? ഏകനും സ്രഷ്ടാവുമായ  അല്ലാഹുവുമായി മാത്രം ബന്ധപ്പെടുമ്പോഴും, എങ്ങനെയാണ്  ബന്ധപ്പെടേണ്ടതെന്നും മറ്റെല്ലാ കാര്യങ്ങളിലുമെന്ന പോലെ അല്ലാഹുവാണ് തീരുമാനിക്കേണ്ടത് എന്നു കൂടിയല്ലേ?
സംഘടിത നമസ്‌കാരം  ഏകാഗ്രതയും മനസ്സാന്നിധ്യവും നഷ്ടപ്പെടുത്തുന്നുവെന്നും, ചലനം കൂടി ഉള്‍ക്കൊള്ളുന്നതു കൊണ്ട് ശരിയായ ധ്യാനം ലഭിക്കുന്നില്ല എന്നുമൊക്കെ ന്യായങ്ങള്‍ ചമച്ച്  നമസ്‌കാരം ഉപേക്ഷിച്ച്, അതിനു പകരം സ്വന്തമായി ആവിഷ്‌കരിച്ച ആരാധന നിര്‍വഹിക്കുന്നതിനു വേണ്ടി വല്ല മലമുകളിലോ ഗുഹാന്തര്‍ഭാഗത്തോ പോയി തന്റേതായ രീതിയില്‍ ഒരു സന്യാസിയെ പോലെ ധ്യാനിച്ച് അല്ലാഹുവിനോടു മാത്രം പ്രാര്‍ഥിക്കുന്നവന്‍ ചെയ്യുന്നത് ശിര്‍ക്കോ അതോ തൗഹീദോ? ഒന്ന് ചിന്തിച്ചു നോക്കുക. അപ്പോള്‍ ഇസ്ലാമിന്റെ തൗഹീദീ സങ്കല്‍പവും ഇസ്ലാമിലെ ആരാധനാനുഷ്ഠാനങ്ങളുടെ സാമൂഹിക സ്വഭാവവും  എന്തെന്നു കൂടി മനസ്സിലാവും.
അഞ്ചു നേരത്തെ നമസ്‌കാരം ഇസ്ലാമിലെ സാമൂഹിക വ്യവസ്ഥിതിയുടെ ഒരു ചെറുരൂപം (ങശിശമൗേൃല) കൂടിയാണ്.   ശരിക്കും ആലോചിച്ചുനോക്കുക. സംഘടിത നമസ്‌കാരത്തിലേക്ക് വൈകി എത്തിച്ചേരുന്ന വ്യക്തി, ഇമാമും നേരത്തേ ഇമാമിനോടൊപ്പം ചേര്‍ന്ന മറ്റു നമസ്‌കാരക്കാരും സാഷ്ടാംഗം ചെയ്യുന്ന നിലയിലാണ് ഉള്ളതെങ്കില്‍ എന്താണ് ചെയ്യുക?  നമസ്‌കാരത്തിലുടനീളം തര്‍ത്തീബ് (ക്രമം) പാലിക്കല്‍ നമസ്‌കാരം സാധുവാകാനുള്ള ഒരു ഉപാധിയല്ലേ? ഇവിടെ വൈകി വരുന്നവന്‍ ആരുടെ ക്രമമാണ് പാലിക്കുക? സാമൂഹിക ക്രമമോ അതോ അയാളുടെ വൈയക്തിക ക്രമമോ? നമസ്‌കാരം കേവലമൊരു ആരാധന മാത്രമായിരുന്നെങ്കില്‍ വൈകിവരുന്നവന്‍ അവന്റെ വൈയക്തിക ക്രമമനുസരിച്ചായിരുന്നു അത് നിര്‍വഹിക്കേണ്ടിയിരുന്നരുത്. പക്ഷേ, ഇവിടെ അവന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്, സാമൂഹിക ക്രമത്തെ പിന്തുടരാനാണ്. ഇമാമിനൊത്തുള്ള ആ 'സാമൂഹിക ക്രമം' പൂര്‍ത്തിയായ ശേഷം മാത്രമേ ബാക്കി വരുന്നത് സ്വന്തം നിലക്ക് പൂര്‍ത്തീകരിക്കാന്‍ അവന് അനുവാദമുള്ളൂ. ഇത് അവനോട് പറയുന്നതും അവനെ പഠിപ്പിക്കുന്നതും വ്യക്തി - സാമൂഹിക ബന്ധങ്ങളെ സംബന്ധിച്ച പ്രാഥമിക പാഠമാണ്. വൈയക്തികതയേക്കാള്‍ സാമൂഹികതക്കാണ് പ്രാധാന്യം. സാമൂഹിക താല്‍പര്യം ഖണ്ഡിതമായി തെറ്റല്ലാത്ത കാലത്തോളം വൈയക്തിക താല്‍പര്യങ്ങള്‍ സാമൂഹിക താല്‍പര്യങ്ങള്‍ക്കു കീഴിലായിരിക്കണമെന്നതു കൂടിയാണ് ഇതിലെ പാഠം.
സംഘടിത നമസ്‌കാരത്തിലെ മറ്റൊരു സന്ദര്‍ഭം നോക്കാം. അവസാന റക്അത്തില്‍ ഇമാമിനോടൊപ്പം ഒരു വ്യക്തി വന്നു ചേരുന്നു. ഇമാം ഇടയിലെ തഹിയ്യത്ത് മറന്നു  പോയതിനു മറവിയുടെ സുജൂദ് (സാഷ്ടാംഗം) നിര്‍വഹിക്കുന്നു.  അവസാനം വന്നു ചേര്‍ന്ന  വ്യക്തി, 'എന്നോടൊന്നും മറന്നു പോയിട്ടില്ല; ഞാനിപ്പോള്‍ മാത്രമാണ് വന്നു ചേര്‍ന്നത്; അതുകൊണ്ട് ഞാന്‍ ഈ മറവിയുടെ സുജൂദ് നിര്‍വഹിക്കേണ്ടതില്ല' എന്നു പറഞ്ഞ് മാറിനില്‍ക്കുമോ, അതോ ഇമാമിന്റെ കൂടെ മറവിയുടെ സുജൂദ് ചെയ്യുമോ?  മറവിയുടെ സുജൂദ് അവനും ചെയ്യും, ചെയ്യണം. എന്താണ് ഇത് നമ്മെ പഠിപ്പിക്കുന്നത്?  സാമൂഹിക താല്‍പര്യം ഖണ്ഡിതമായി തെറ്റല്ലാത്ത കാലത്തോളം, ഒരു വ്യക്തിക്ക് അവന്റെ വൈയക്തിക തലത്തില്‍ ആവശ്യമുണ്ടാവില്ലെങ്കിലും, സാമൂഹിക താല്‍പര്യത്തിനു വേണ്ടി ആ വ്യക്തിയും അതില്‍ പങ്കാളിയാവണം. ഇനി സംഘടിത നമസ്‌കാരത്തിലെ വേറൊരു സന്ദര്‍ഭം.  ഇടയിലെ തഹിയ്യത്ത് ഇമാം മറന്നു പോയി, അദ്ദേഹം എഴുന്നേറ്റു.  അദ്ദേഹത്തിന്റെ പുറകില്‍ നമസ്‌കരിക്കുന്ന നമസ്‌കാരക്കാര്‍ക്ക് ഓര്‍മയുണ്ട്.  അവരെന്താണ് ചെയ്യുക? ഇമാമിനെ പിന്തുടരും, പിന്തുടരണം. എന്താണിത് നമ്മെ പഠിപ്പിക്കുന്നതും പഠിപ്പിക്കേണ്ടതും? സാമൂഹിക താല്‍പര്യത്തിനു വേണ്ടി, ആ താല്‍പര്യം ഖണ്ഡിതമായി തെറ്റല്ലാത്ത കാലത്തോളം നമുക്ക് ഓര്‍മയുള്ള പല നിരുപദ്രവ സ്ഖലിതങ്ങളും വീഴ്ചകളും മറവികളും  നമ്മള്‍ മറക്കണം.
ഇനി ഇതേ കാര്യങ്ങള്‍ മറ്റൊരു തലത്തില്‍ നോക്കിക്കാണാം. ഇസ്ലാം യാത്രക്കാരനോട് എന്താണ് പറയുന്നത്?  യാത്ര നിര്‍ത്തിവെച്ച് നമസ്‌കരിക്കാനോ അതോ യാത്ര ചെയ്തുകൊണ്ടിരിക്കെ നമസ്‌കാരം ചുരുക്കാനും സംയോജിപ്പിക്കാനുമാണോ? യാത്രക്ക് ഒരു ഭംഗവും വരാത്ത രൂപത്തില്‍ യാത്ര തുടര്‍ന്ന് നമസ്‌കാരം ചുരുക്കാനും സംയോജിപ്പിക്കാനുമാണ്. റമദാന്‍ മാസത്തില്‍ യാത്ര ചെയ്യുന്നവരോടും രോഗിയായവരോടും ഇസ്ലാം എന്താണ് പറയുന്നത്? യാത്ര നിര്‍ത്തിവെച്ച് നോമ്പ് നോല്‍ക്കാനും, നോമ്പ് നോറ്റ് പ്രാര്‍ഥിച്ച് രോഗം മാറ്റാനുമാണോ? അതോ, യാത്ര തുടരാനും രോഗം ചികിത്സിക്കാനും അപ്പോള്‍ നഷ്ടപ്പെടുന്ന നോമ്പ് പിന്നീട് എടുക്കാനുമാണോ? നഷ്ടപ്പെടുന്ന നോമ്പ് പിന്നീട് എടുക്കാന്‍ രോഗം കാരണം സാധിക്കുന്നില്ലെങ്കില്‍ പാവങ്ങള്‍ക്ക് ഭക്ഷണം കൊടുത്ത് പ്രായശ്ചിത്തം ചെയ്യാനാണ് ഇസ്ലാം ആവശ്യപ്പെടുന്നത്.
പ്രപഞ്ചത്തിന്റെ  മനുഷ്യമുഖവും മനുഷ്യന്റെ പ്രാപഞ്ചികമുഖവുമായ,  ഇത്രയും ജീവിതഗന്ധിയായ ഒരു സാമൂഹിക വ്യവസ്ഥിതിയെ ചൈതന്യം ചോര്‍ത്തി വെറും സ്ട്രക്ചറില്‍ ഒതുക്കി ആരാധനയില്‍ തളച്ചിട്ടതിന്റെ അനന്തരഫലമാണ്  പകര്‍ച്ചവ്യാധിയുടെ സമയങ്ങളില്‍ പോലും ആളുകള്‍ മതസമ്മേളനത്തില്‍  തടിച്ചുകൂടുന്നത്.
ആരാധനാനുഷ്ഠാനങ്ങളിലെ സാമൂഹിക പാഠങ്ങള്‍  ഇസ്ലാമിക പാഠങ്ങളുടെ ഭാഗമായി പഠിക്കാത്തതുകൊണ്ടും പഠിപ്പിക്കാത്തതുകൊണ്ടും കൂടിയാണ്  ഇസ്ലാമിനെ കേവലമായ ആരാധനയായി കരുതി മുസ്ലിംകള്‍ ജീവിതത്തെ  മറന്നുപോകുന്നത്. ഇസ്ലാമിന് ജീവിതവും ജീവിതാനന്തര ജീവിതവുമാണ് പ്രധാനം. അതിനു വേണ്ടിയാണ് ആരാധനാനുഷ്ഠാനങ്ങളും സാമൂഹിക - രാഷ്ട്രീയ  നിയമങ്ങളുമെല്ലാം. അല്ലാതെ കേവലം ആരാധനക്കു വേണ്ടിയുള്ള ജീവിതമല്ല ഇസ്‌ലാം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (24-27)
ടി.കെ ഉബൈദ്‌