Prabodhanm Weekly

Pages

Search

2020 ഏപ്രില്‍ 17

3148

1441 ശഅ്ബാന്‍ 23

പോര്‍ക്കളങ്ങളിലെ വീരാംഗനകള്‍

ഹൈദറലി ശാന്തപുരം

പൗരത്വ ഭേദഗതി ബില്ലിനെതിരില്‍ തൊണ്ണൂറ്റി രണ്ട് വയസ്സുള്ള അസ്മാ ഖാത്തൂന്റെയും എണ്‍പത് കഴിഞ്ഞ കൂട്ടുകാരികളുടെയും നേതൃത്വത്തില്‍ തുടര്‍ന്നുവരുന്ന പ്രതിഷേധ സമരത്തിന്റെയും, സര്‍വകലാശാലകളില്‍ വിദ്യാര്‍ഥിനികള്‍ നടത്തിയ സുധീരമായ ചെറുത്തുനില്‍പിന്റെയും പശ്ചാത്തലത്തില്‍ സ്ത്രീകള്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങി സമര പരിപാടികളില്‍ പങ്കെടുക്കുന്നതിനെതിരെ ചില മതവിധികള്‍ ഇറങ്ങുകയുണ്ടായി. സ്ത്രീകളുടെ പ്രഥമ ബാധ്യത ഗൃഹനായികമാര്‍ എന്ന നിലയിലും തലമുറകളുടെ വിധാതാക്കള്‍ എന്ന നിലയിലുമുള്ളതു തന്നെയാണ്. എങ്കിലും ആദര്‍ശ സംരക്ഷണത്തിനും മറ്റു സേവന പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി അവര്‍ പുറത്തിറങ്ങേണ്ട സന്ദര്‍ഭങ്ങളുമുണ്ടാവും. അന്ത്യപ്രവാചകന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ആദര്‍ശ സംരക്ഷണത്തിനു വേണ്ടി രക്തസാക്ഷിത്വം വരെ വരിച്ച മഹതികളെ കാണാം. ചില സന്ദര്‍ഭങ്ങളില്‍ അവര്‍ പോര്‍ക്കളത്തിലിറങ്ങി പുരുഷഭടന്മാരുടെ രണ്ടാം നിരയായി നിലകൊള്ളുകയും സന്ദിഗ്ധ ഘട്ടങ്ങളില്‍ ആയുധമെടുത്ത് പുരുഷന്മാരോടൊപ്പം നിന്ന് പൊരുതുകയും ചെയ്തിട്ടുണ്ട്. ഉമ്മു ഉമാറ, ഉമ്മു സുലൈം ബിന്‍ത് മില്‍ഹാന്‍, സ്വഫിയ്യ ബിന്‍ത് അബ്ദില്‍ മുത്ത്വലിബ്, ആഇശ ബിന്‍ത് അബീബക്ര്‍, ഉമ്മു സലീത്വ്, ഉമ്മു സിയാദ് അല്‍ അശ്ജുഇയ്യ, ഉമ്മു സിനാന്‍ അല്‍ അസ്‌ലമിയ്യ, അസ്മാഅ് ബിന്‍ത് യസീദ് അസ്സകന്‍, ഉമ്മു അത്വിയ്യ, റുബയ്യിഅ് ബിന്‍ത് മുഅവ്വിദ് (റ) എന്നിവര്‍ അവരില്‍ ചിലരാണ്. ലോകാന്ത്യം വരെയുള്ള മുസ്‌ലിം സ്ത്രീകള്‍ക്ക് മാതൃകയാക്കാവുന്ന പ്രസ്തുത സ്വഹാബി വനിതകളുടെ സമരഭൂമികളിലെ സേവനങ്ങളാണ് ഇവിടെ സംക്ഷിപ്തമായി കോറിയിടുന്നത്.
ഉമ്മു ഉമാറ (റ)
ഉമ്മു ഉമാറയുടെ ശരിയായ പേര് നസീബ ബിന്‍ത് കഅ്ബ് എന്നാണ്. ഉഹുദ്, ബനൂഖുറൈള, ഖൈബര്‍, ഹുനൈന്‍, യമാമ എന്നീ യുദ്ധങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. മദീനാനിവാസികളില്‍ ആദ്യമായി ഇസ്‌ലാം ആശ്ലേഷിച്ചവരില്‍ ഒരാളാണ് ഉമ്മു ഉമാറ. നബി(സ)യുടെ മദീനയിലേക്കുള്ള പലായനത്തിന് ഒരു വര്‍ഷം മുമ്പ് നബി (സ) മദീനയില്‍നിന്ന് ഹജ്ജിനു വന്ന എഴുപത്തിയഞ്ച് പേരടങ്ങുന്ന മുസ്‌ലിംകളുമായി അതിരഹസ്യമായി മിനായില്‍ വെച്ച് നടത്തിയ രണ്ടാം അഖബാ ഉടമ്പടിയില്‍ പങ്കെടുത്ത രണ്ട് വനിതകളില്‍ ഒരാള്‍ ഉമ്മു ഉമാറയാണ്.
ഉഹുദ് യുദ്ധത്തിലെ അവരുടെ സേവനമാണ് ഏറെ പ്രകീര്‍ത്തിക്കപ്പെടുന്നത്. യുദ്ധത്തില്‍ ആഇശ (റ), ഉമ്മു സുലൈം (റ) തുടങ്ങിയ വനിതകളുടെ ഡ്യൂട്ടി സൈനികര്‍ക്ക് ദാഹജലവും ഭക്ഷണവും എത്തിച്ചുകൊടുക്കുക, മുറിവേറ്റവരെ ശുശ്രൂഷിക്കുക എന്നതായിരുന്നു. 
ഉഹുദില്‍ യുദ്ധമാരംഭിച്ച് മണിക്കൂറുകള്‍ക്കകം ശത്രുസൈന്യം പരാജയപ്പെട്ട് പിന്‍വാങ്ങാന്‍ തുടങ്ങുന്നതു കണ്ട് തന്ത്രപ്രധാനമായ ഇടങ്ങളില്‍ നബി (സ) വിന്യസിച്ചിരുന്ന അമ്പെയ്ത്തുകാരും മറ്റും നേരത്തേ കൊടുത്ത നിര്‍ദേശങ്ങള്‍ മാനിക്കാതെ ശത്രുക്കള്‍ ഉപേക്ഷിച്ചുപോയ സാധനസാമഗ്രികള്‍ ശേഖരിക്കാന്‍ താഴോട്ടിറങ്ങി. ഇതുതന്നെ അവസരമെന്ന് മനസ്സിലാക്കി ഖാലിദുബ്‌നു വലീദിന്റെ നേതൃത്വത്തിലുള്ള ഖുറൈശികളുടെ കുതിരപ്പട മുസ്‌ലിംകള്‍ക്കു നേരെ മിന്നലാക്രമണം നടത്തി. അതോടെ യുദ്ധത്തിന്റെ ഗതി മാറിമറിഞ്ഞു. മുസ്‌ലിം സൈനികര്‍ നബി(സ)യെ പോലും ശ്രദ്ധിക്കാതെ ചിതറിയോടി. നബി തിരുമേനിയും ത്യാഗസന്നദ്ധരായ ചില സഖാക്കളും മാത്രം രണാങ്കണത്തില്‍ അവശേഷിച്ചു. അബൂ ത്വല്‍ഹ, മുസ്വ്അബുബ്‌നു ഉമൈര്‍, അബൂ ഖതാദ, ഉമ്മു ഉമാറയുടെ ഭര്‍ത്താവ് ഗുസയ്യ, മകന്‍ അബ്ദുല്ല (റ) മുതലായ സ്വഹാബിമാര്‍ ശത്രുക്കളുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ സാഹസപ്പെട്ടു. ദാഹാര്‍ത്തര്‍ക്ക് വെള്ളം കൊടുത്തും പരിക്കേറ്റവരെ ശുശ്രൂഷിച്ചും ആയുധം നഷ്ടപ്പെട്ടവര്‍ക്ക് അമ്പും വാളും കുന്തവും നല്‍കിയും സേവനനിരതയായ ഉമ്മു ഉമാറ സന്ദര്‍ഭത്തിന്റെ സന്ദിഗ്ധാവസ്ഥ മനസ്സിലാക്കി തന്റെ കൈവശമുണ്ടായിരുന്ന തോല്‍പാത്രം നിലത്തിട്ട് നബി(സ)യെ രക്ഷിക്കാനായി മുന്നോട്ടു കുതിച്ചു. വാള്‍ പയറ്റിയും അമ്പെയ്തും അവര്‍ ശത്രുക്കളെ ചെറുത്തു. അതിനിടയില്‍ അവരുടെ ചുമലിലും മറ്റുമായി പതിമൂന്ന് ക്ഷതങ്ങളേറ്റു. ചുമലിലെ മുറിവ് ആഴമുള്ളതായിരുന്നു. തിരുനബിയെ ഉന്നം വെച്ച് ശത്രുക്കള്‍ തൊടുത്തുവിടുന്ന അമ്പുകള്‍ ഉമ്മു ഉമാറ ശരീരം കൊണ്ട് തടുത്തുകൊണ്ടിരുന്നു. ഈ രംഗം കണ്ടുനിന്നിരുന്ന നബി (സ) പിന്നീട് പറഞ്ഞത് ഇങ്ങനെയാണ്: ''വലതു ഭാഗത്തും ഇടതു ഭാഗത്തും നോക്കുമ്പോഴൊക്കെ എന്നെ രക്ഷപ്പെടുത്താന്‍ ഉമ്മു ഉമാറ പൊരുതുന്നതാണ് ഞാന്‍ കണ്ടത്.''
ഉമ്മു ഉമാറ മുന്‍പരിചയമില്ലാതെ യുദ്ധം ചെയ്യുന്നത് കണ്ടപ്പോള്‍ പിന്തിരിഞ്ഞോടുന്ന ഒരാളോട് നബി തിരുമേനി വിളിച്ചു പറഞ്ഞു: ''നിന്റെ പരിച പൊരുതുന്നവര്‍ക്ക് ഇട്ടു കൊടുക്കുക.'' അയാള്‍ എറിഞ്ഞുകൊടുത്ത പരിചയെടുത്ത് ആ മഹതി യുദ്ധം തുടര്‍ന്നു. ഒരു ഖുറൈശി കുതിരപ്പടയാളി ഉമ്മു ഉമാറയെ ആക്രമിച്ചു. അവന്റെ വെട്ട് പരിചകൊണ്ട്  തടുത്തതിനാല്‍ അവര്‍ക്ക് ഒന്നും പറ്റിയില്ല. അവന്‍ തിരിച്ചുപോകുമ്പോള്‍ ഉമ്മു ഉമാറ പിന്തുടര്‍ന്ന് കുതിരയുടെ പിന്‍ഭാഗത്ത് ഒരു വെട്ടു കൊടുത്തു. കുതിരയും അവനും നിലംപതിച്ചു. തത്സമയം നബി തിരുമേനി അബ്ദുല്ലയെ വിളിച്ചു: ''ഉമ്മു ഉമാറയുടെ മകനേ! ഉമ്മ... ഉമ്മ..'' അബ്ദുല്ല ഓടിയെത്തി. ശത്രുവെ കൊല്ലാന്‍ മാതാവിനെ സഹായിച്ചു.
ചുമലില്‍ വെട്ടേറ്റ് രക്തത്തില്‍ കുളിച്ചുവെങ്കിലും ശക്തി സംഭരിച്ച് ശത്രുവിനെതിരെ ഉമ്മു ഉമാറ പൊരുതിക്കൊണ്ടിരുന്നു. അവര്‍ വീഴുമെന്ന അവസ്ഥ വന്നപ്പോള്‍ മകന്‍ അബ്ദുല്ലയെ വിളിച്ച് നബി പറഞ്ഞു: 'ഉമ്മയെ ശ്രദ്ധിക്കൂ. അവരുടെ മുറിവ് കെട്ടൂ. നിന്റെ ഉമ്മയുടെ സ്ഥാനം ഏറെ ശ്രേഷ്ഠമാണ്. നിങ്ങളുടെ കുടുംബത്തെ അല്ലാഹു അനുഗ്രഹിക്കട്ടെ.' നബിയുടെ അഭിനന്ദന വാക്കുകള്‍ കേട്ട് സന്തുഷ്ടയായിത്തീര്‍ന്ന ഉമ്മു ഉമാറ അപേക്ഷിച്ചു: 'അല്ലാഹുവിന്റെ റസൂലേ, സ്വര്‍ഗത്തില്‍ ഞങ്ങള്‍ അങ്ങയെ അനുഗമിക്കാന്‍ അല്ലാഹുവോട് പ്രാര്‍ഥിച്ചാലും.'  'ഇവരെ സ്വര്‍ഗത്തില്‍ എന്റെ  സഹവാസികളാക്കേണമേ' എന്ന് തത്സമയം തിരുമേനി പ്രാര്‍ഥിച്ചു. 'ദുന്‍യാവില്‍ എനിക്ക് നേരിട്ട ദുരിതം ഇനി ഞാന്‍ സാരമാക്കുന്നില്ല.' ഉമ്മു ഉമാറക്ക് ആശ്വാസമായി.
ഒരു വര്‍ഷം ചികിത്സയില്‍ കഴിയേണ്ടിവന്നു ഉമ്മു ഉമാറക്ക്. പിന്നീട് ചരിത്രപ്രധാനമായ നിരവധി സംഭവങ്ങളില്‍ ഉമ്മു ഉമാറ നബിയോടൊപ്പമുണ്ടായിരുന്നു. ഖന്‍ദഖ്, ഹുദൈബിയ്യ, ഉംറത്തുല്‍ ഖദാഅ്, മക്കാ വിജയം, ഹുനൈന്‍, ഖൈബര്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം. ഹുനൈന്‍ യുദ്ധത്തിന്റെ തുടക്കത്തില്‍ മുസ്‌ലിം സൈന്യത്തിന് അപ്രതീക്ഷിത തിരിച്ചടിയേറ്റപ്പോള്‍ ഉമ്മു ഉമാറ തിരിഞ്ഞോടുന്നവരെ ഉച്ചത്തില്‍ വിളിച്ച് തിരിച്ചുകൊണ്ടുവരികയുണ്ടായി.
പ്രവാചകന്റെ വിയോഗശേഷം ഖലീഫ അബൂബക്ര്‍ സിദ്ദീഖിന്റെ ഭരണകാലത്ത് കള്ളപ്രവാചകനായ മുസൈലിമക്കെതിരെ നടന്ന യമാമ യുദ്ധാങ്കണത്തിലും ഉമ്മു ഉമാറ ഉണ്ടായിരുന്നു. മുസൈലിമക്ക് സുരക്ഷാ വലയമൊരുക്കിയ ശത്രുഭടന്മാരോട് നടത്തിയ പോരാട്ടത്തില്‍ അവര്‍ക്ക് പന്ത്രണ്ട് പരിക്കുകള്‍ പറ്റി. വെട്ടേറ്റ് കൈ രണ്ടു കഷ്ണമായി. പിന്നീടൊരിക്കല്‍ കൈ നഷ്ടപ്പെട്ടതിനെ സംബന്ധിച്ച് സഅ്ദുബ്‌നു റബീഇന്റെ മകള്‍ ഉമ്മു സഅ്ദ് ചോദിച്ചപ്പോള്‍ ഉമ്മു ഉമാറ പറയുന്നു: ''ഞാന്‍ അല്ലാഹുവിന്റെ ശത്രുവായ മുസൈലിമയെ തെരഞ്ഞു നടക്കുകയായിരുന്നു. അപ്പോള്‍ ഒരു ശത്രുഭടന്‍ എന്നെ തടഞ്ഞ് കൈ വെട്ടിമുറിച്ചു. പക്ഷേ ഞാന്‍ പിന്തിരിഞ്ഞില്ല. മുസൈലിമയെ കണ്ടേ അടങ്ങൂ എന്ന് തീര്‍ച്ചയാക്കി. അങ്ങനെ ആ ദുഷ്ടന്‍ കൊല്ലപ്പെട്ടു കിടക്കുന്നത് ഞാന്‍ കണ്ടു.''

ഉമ്മു സുലൈം ബിന്‍ത് മില്‍ഹാന്‍ (റ)
നബി (സ) നേതൃത്വം നല്‍കിയ രണ്ട് സുപ്രധാന യുദ്ധങ്ങളില്‍ പടപൊരുതിയിട്ടുണ്ട് ഉമ്മു സുലൈം എന്ന സ്വഹാബിവനിത. ഗുമൈസാ എന്നു പേരുള്ള ഉമ്മു സുലൈം ബിന്‍ത് മില്‍ഹാന്‍ മുസ്‌ലിം സൈന്യം പരാജയത്തിന്റെ കയ്പ്പുനീര്‍ ആസ്വദിച്ച ഉഹുദ് യുദ്ധത്തിലും ഹുനൈന്‍ യുദ്ധത്തിലും മഹത്തായ സേവനങ്ങള്‍ അനുഷ്ഠിക്കുകയുണ്ടായി. മുസ്‌ലിം സൈന്യത്തിലെ ഒരു വിഭാഗത്തിന്റെ അച്ചടക്ക ലംഘനമാണ് ഉഹുദ് യുദ്ധത്തിന്റെ അവസാന ഘട്ടത്തില്‍ മുസ്‌ലിംകളുടെ പരാജയത്തിന് കാരണമായതെങ്കില്‍ മുസ്‌ലിംകളില്‍ ചിലരുടെ അമിതമായ ആത്മവിശ്വാസമാണ് ഹുനൈന്‍ യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ മുസ്‌ലിംകള്‍ പിന്തിരിഞ്ഞോടാന്‍ ഹേതുവായത്.
ഉഹുദ് യുദ്ധത്തിന് മുന്നൊരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കെ തനിക്കും അതില്‍ ഭാഗഭാക്കാകാന്‍ ആഗ്രഹമുണ്ടെന്ന് അവര്‍ ഭര്‍ത്താവായ അബൂത്വല്‍ഹ(റ)യെ അറിയിച്ചു. അദ്ദേഹം നബി തിരുമേനിയില്‍നിന്ന് അനുവാദം വാങ്ങി. അനുവാദം കിട്ടിയപ്പോള്‍ അവര്‍ ജലസഞ്ചികളും ശുശ്രൂഷാ ഉപകരണങ്ങളുമെടുത്ത് ആഇശ (റ), ഉമ്മു ഉമാറ (റ) തുടങ്ങിയ കൂട്ടുകാരികള്‍ക്കൊപ്പം മുസ്‌ലിം സൈന്യത്തെ അനുഗമിച്ചു.
യുദ്ധത്തിന്റെ രണ്ടാം ഘട്ടത്തില്‍ മുസ്‌ലിം സൈന്യം ചിതറിയോടിയപ്പോള്‍ അവരെ പ്രതിരോധിക്കാന്‍ തിരുമേനിക്ക് ചുറ്റും പ്രതിരോധകവചം തീര്‍ത്തവരില്‍ ഉമ്മു സുലൈമിന്റെ ഭര്‍ത്താവ് അബൂത്വല്‍ഹയുമുണ്ടായിരുന്നു. ശത്രുക്കള്‍ക്കു നേരെ വിരിമാറ് കാണിച്ചുകൊടുത്ത് പൊരുതിയ അദ്ദേഹത്തിന്റെ ശരീരത്തില്‍ അമ്പും കുന്തവുമേല്‍ക്കാത്ത ഒരു ചാണ്‍ സ്ഥലം പോലും ബാക്കിയുണ്ടായിരുന്നില്ല. ഇങ്ങനെ അബൂത്വല്‍ഹയും കൂട്ടുകാരും പ്രവാചകനു ചുറ്റും സുരക്ഷിത വലയം സൃഷ്ടിച്ചപ്പോള്‍ ഉമ്മു സുലൈം ഉള്‍പ്പെടുന്ന മുസ്‌ലിം സ്ത്രീകള്‍ പരിക്കേറ്റവരെ ശുശ്രൂഷിക്കാനും ദാഹിക്കുന്നവര്‍ക്ക് വെള്ളവും നിരായുധരായവര്‍ക്ക് ആയുധങ്ങളും എത്തിക്കാനും വിശ്രമമില്ലാതെ ഓടുകയായിരുന്നു.
ഹിജ്‌റ ആറാം വര്‍ഷം ഹുദൈബിയയില്‍ വെച്ച് ഖുറൈശികള്‍ നബി(സ)യുമായി ചെയ്ത കരാര്‍ ലംഘിച്ചത് കാരണം തിരുമേനി അവരുടെ നേരെ സൈനിക നടപടി സ്വീകരിക്കാനൊരുങ്ങുകയാണ്. അബൂത്വല്‍ഹ വീട്ടില്‍ ചെന്ന് ഭാര്യയോട് വിവരം പറഞ്ഞു. അദ്ദേഹവും നബിയോടൊപ്പം യുദ്ധത്തിന് പുറപ്പെടുന്നുണ്ട്.  അപ്പോഴാണ് ഉമ്മു സുലൈം തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്; തന്നെയും ആ യുദ്ധയാത്രയില്‍ ഒപ്പം കൂട്ടണമെന്ന്. അബൂത്വല്‍ഹ ധര്‍മസങ്കടത്തിലായി. ഉമ്മു സുലൈം അപ്പോള്‍ പൂര്‍ണ ഗര്‍ഭിണിയാണ്. ക്ലേശപൂര്‍ണമായ ദീര്‍ഘയാത്ര. അസഹ്യമായ ചൂട്. പോകുന്നതോ യുദ്ധത്തിനും. ഭാര്യയെ പ്രയാസങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ അദ്ദേഹം പ്രവാചക സന്നിധിയില്‍ ചെന്ന് ഉമ്മു സുലൈമിനു വേണ്ടി സമ്മതം വാങ്ങി.
നബി(സ)യുടെ നേതൃത്വത്തില്‍ പതിനായിരം പേരടങ്ങുന്ന മുസ്‌ലിം സൈന്യം മക്കയെ ലക്ഷ്യമാക്കിയാണ് പുറപ്പെടുന്നത്. അതിനു മുമ്പ് മുസ്‌ലിംകളെ നിരന്തരം ഭീഷണിപ്പെടുത്തുന്ന ത്വാഇഫിലെ ഹവാസിന്‍, സഖീഫ് ഗോത്രങ്ങളെ അമര്‍ച്ച ചെയ്യേണ്ടതുണ്ടായിരുന്നു.  സൈന്യം ഹുനൈന്‍ താഴ്‌വരയിലെത്തിയപ്പോള്‍ ശത്രുക്കള്‍ പതിയിരുന്ന് അവര്‍ക്കെതിരെ മിന്നലാക്രമണം നടത്തി. അപ്രതീക്ഷിത ആക്രമണത്തില്‍ വിഭ്രാന്തിപൂണ്ട് മുസ്‌ലിം സൈന്യം ചിതറിയോടി. നബി (സ) വിളിച്ചു പറയുന്നുണ്ടായിരുന്നു: ''ജനങ്ങളേ, എന്റെ അരികിലേക്ക് വരിക. ഞാന്‍ പ്രവാചകനാണ്. അത് കളവല്ല. ഞാന്‍ അബ്ദുല്‍ മുത്ത്വലിബിന്റെ മകനാണ്.'' പ്രവാചകന്റെ വിളികേട്ട് പലരും തിരിച്ചുവന്നു. ഗര്‍ഭിണികള്‍ പ്രസവിച്ചുപോവുന്ന ആ ദുര്‍ഘട ഘട്ടത്തില്‍ പോലും ആത്മധൈര്യം കൈവിടാതെ ഉമ്മു സുലൈം യുദ്ധഭൂമിയില്‍ ഉറച്ചുനിന്നു. മറ്റു ഒട്ടകങ്ങള്‍ പിന്തിരിഞ്ഞോടിയപ്പോള്‍ അവര്‍ തന്റെ ഒട്ടകത്തെ ബലമായി പിടിച്ചുനിര്‍ത്തി. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷ്യത്തിനുള്ള സമയമായെന്ന് അവര്‍ക്ക് തോന്നി. നിര്‍ണായക ഘട്ടത്തില്‍ തിരുനബിയെ ഉപേക്ഷിച്ച് ഓടിപ്പോയവരോട് അവര്‍ക്ക് കടുത്ത അമര്‍ഷമുണ്ടായി. തിരിഞ്ഞുനോക്കിയപ്പോള്‍ പ്രവാചകന്‍ കാണുന്നത്, എന്തു സാഹസത്തിനും തയാറാണെന്ന മട്ടില്‍ മുണ്ട് അരക്കു കെട്ടി നില്‍ക്കുന്ന പൂര്‍ണ ഗര്‍ഭിണിയായ ഉമ്മു സുലൈമിനെയാണ്. ഒപ്പം ഭര്‍ത്താവുമുണ്ട്. 'ഉമ്മു സുലൈമോ?' തിരുമേനി ആശ്ചര്യപൂര്‍വം ചോദിച്ചു. 'അതേ. അല്ലാഹുവിന്റെ റസൂലേ'- ഉമ്മു സുലൈം മറുപടി പറഞ്ഞു. അവര്‍ തുടര്‍ന്നു: 'എതിരാളികളെ വധിക്കുന്നതുപോലെ അങ്ങയെ വിട്ട് ഓടിപ്പോയവരെയും അങ്ങ് വധിക്കണം. അവരത് അര്‍ഹിക്കുന്നവരാണ്.' അതിനോട് വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ട് തിരുമേനി പറഞ്ഞു: 'നമുക്ക് അല്ലാഹു പോരേ, ഉമ്മു സുലൈം?'
ഭാര്യയുടെ അരയില്‍ ഒരു കഠാരി തിളങ്ങുന്നതു കണ്ടപ്പോള്‍ അബൂത്വല്‍ഹ തിരുമേനി കേള്‍ക്കെ ചോദിച്ചു: 'ഉമ്മു സുലൈം, ഈ കഠാരി എന്തിനാണ്?' 'ശത്രു എന്റെ  അടുത്ത് വന്നാല്‍ അവന്റെ വയര്‍ കുത്തിക്കീറാനുള്ള കഠാരയാണ്''- ഉമ്മു സുലൈം പറഞ്ഞു.

സ്വഫിയ്യ ബിന്‍ത് അബ്ദില്‍ 
മുത്ത്വലിബ് (റ)
ഉഹുദ് യുദ്ധത്തിലും അഹ്‌സാബ് യുദ്ധവേളയിലും സ്വഫിയ്യ കാഴ്ചവെച്ച ധീരകൃത്യങ്ങള്‍ എക്കാലത്തും ഓര്‍മിക്കപ്പെടും. ഉഹുദ് യുദ്ധത്തില്‍ ശത്രുസൈന്യത്തിന്റെ അവിചാരിതമായ ആക്രമണമുണ്ടായ സമയത്ത് ശത്രുക്കള്‍ നബി തിരുമേനിയെ ലക്ഷ്യമാക്കി ഓടിയടുക്കുന്നത് സ്വഫിയ്യ (റ) കണ്ടു. അദ്ദേഹത്തെ വധിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. പ്രതിരോധിക്കാന്‍ ഏതാനും പേര്‍ മാത്രമാണുണ്ടായിരുന്നത്. ആ രംഗം കണ്ട സ്വഫിയ്യ സന്ദര്‍ഭത്തിനൊത്തുയര്‍ന്നു. പരിക്കേറ്റവര്‍ക്ക് വെള്ളം കൊണ്ടുവന്ന് കൊടുക്കുകയായിരുന്നു അവര്‍. തോല്‍പാത്രം താഴെയിട്ട് പിന്തിരിഞ്ഞോടുന്ന ഒരു മുസ്‌ലിം ഭടന്റെ കൈവശമുണ്ടായിരുന്ന കുന്തം പിടിച്ചുവാങ്ങി യുദ്ധമുഖത്തേക്ക് കുതിച്ചു. അവര്‍ ഉച്ചത്തില്‍ പറഞ്ഞു: 'ഛെ ഭീരുക്കള്‍! അല്ലാഹുവിന്റെ ദൂതനെ വിട്ട് നിങ്ങള്‍ തോറ്റോടുന്നോ?'
സ്വഫിയ്യ കുന്തവുമായി ഓടിവരുന്നത് കണ്ടപ്പോള്‍ നബി(സ)ക്ക് ഉത്കണ്ഠയായി. അവരുടെ സഹോദരന്‍ ഹംസ (റ) രക്തസാക്ഷിയായി യുദ്ധക്കളത്തില്‍ കിടക്കുന്നു. അദ്ദേഹത്തിന്റെ മൃതശരീരം ശത്രുക്കള്‍ കുത്തിക്കീറി വികൃതമാക്കിയിട്ടുണ്ട്. ആ രംഗം സ്വഫിയ്യ കാണുന്നത് ഉചിതമായിരിക്കുകയില്ല എന്ന് വിചാരിച്ച് അവരുടെ മകന്‍ സുബൈറിനോട് നബി പറഞ്ഞു: 'സുബൈര്‍, ഉമ്മയെ ശ്രദ്ധിക്കൂ.' അത് കേട്ട സുബൈര്‍ അവര്‍ക്കരികെ ചെന്ന് അഭ്യര്‍ഥിച്ചു: 'ഉമ്മ മാറിനില്‍ക്കൂ. അങ്ങോട്ട് പോകരുത്. മടങ്ങിപ്പോകാനാണ് അല്ലാഹുവിന്റെ റസൂല്‍ നിങ്ങളോട് കല്‍പിക്കുന്നത്.'
'എന്തിന്? എന്റെ സഹോദരനെ കൊന്ന് വയര്‍ കുത്തിപ്പിളര്‍ത്തിയത് ഞാന്‍ അറിഞ്ഞിരിക്കുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തിലാണത് സംഭവിച്ചതെന്ന് എനിക്കറിയാം'-സ്വഫിയ്യ പറഞ്ഞു.
ഇതു കേട്ട നബി തിരുമേനി സുബൈറിനോട് വിളിച്ചു പറഞ്ഞു: 'സുബൈര്‍! അവരെ തടയണ്ട. വിട്ടേക്കൂ.'
യുദ്ധമവസാനിച്ചപ്പോള്‍ സ്വഫിയ്യ സഹോദരന്‍ ഹംസ(റ)യുടെ മൃതദേഹത്തിനരികെ ചെന്നു. അദ്ദേഹത്തിന്റെ വയര്‍ കുത്തിക്കീറി കരള്‍ മാന്തിയെടുത്ത് മൃതശരീരം ആകെ വികൃതമാക്കിയിരിക്കുന്നു. ദുഃഖം കടിച്ചിറക്കി, അവര്‍ പറഞ്ഞു: 'അല്ലാഹുവിന്റെ മാര്‍ഗത്തിലാണ് ഇത് സംഭവിച്ചത്. അല്ലാഹുവിന്റെ വിധിയില്‍ ഞാന്‍ സംതൃപ്തയാണ്. അവന്റെ പ്രതിഫലം കാംക്ഷിച്ച് ഞാന്‍ ഈ വേദന സഹിക്കുന്നു.'
അഹ്‌സാബ് യുദ്ധവേളയിലും സ്വഫിയ്യയുടെ ആത്മധൈര്യം പ്രകടമാക്കുന്ന ഒരു സംഭവമുണ്ടായി. അഹ്‌സാബ് യുദ്ധസമയത്ത് നബി (സ) സ്ത്രീകളെയും കുട്ടികളെയും സുരക്ഷിതമായ ഒരു കോട്ടയിലാക്കിയാണ് ശത്രുസൈന്യത്തെ നേരിടാന്‍ പോയത്. ഹസ്സാനുബ്‌നു സാബിത്തിന്റെ ഉടമസ്ഥതയിലുള്ളതും മദീനയിലെ ഏറ്റവും സുശക്തവുമായ കോട്ടയില്‍ തന്റെ പിതൃവ്യയായ സ്വഫിയ്യയെയും പത്‌നിമാരെയും ഒരു സംഘം മുസ്‌ലിം സ്ത്രീകളെയും നിര്‍ത്തി തിരുമേനിയും മുസ്‌ലിം സൈന്യവും കിടങ്ങിനപ്പുറം സംഘടിച്ചു നില്‍ക്കുന്ന ശത്രുസേനയെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സ്ത്രീകളെയും കുട്ടികളെയും കുറിച്ച് ചിന്തിക്കാന്‍ പോലും സാധ്യമല്ലാത്ത സാഹചര്യം.
കോട്ടക്കകത്തുള്ള സ്വഫിയ്യ (റ) കോട്ടക്ക് പുറത്തുള്ള ഓരോ ചലനവും നിരീക്ഷിച്ചുകൊണ്ട് സദാ ജാഗരൂകയാണ്. പ്രഭാത സമയത്ത് ഒരു മനുഷ്യരൂപം നടന്നുവരുന്നത് സ്വഫിയ്യ(റ)യുടെ ശ്രദ്ധയില്‍ പെട്ടു. സൂക്ഷിച്ചു നോക്കിയപ്പോള്‍ ജൂതഗോത്രത്തില്‍ പെട്ടയാളാണ്. വിവരങ്ങളറിയാന്‍ വന്ന ചാരന്‍. കോട്ടയില്‍ സ്ത്രീകളും കുട്ടികളും മാത്രമാണോ, കൂടെ പുരുഷന്മാരുണ്ടോ എന്നറിയാന്‍ വന്നതായിരിക്കും. കോട്ടയില്‍ സ്ത്രീകളും കുട്ടികളും തനിച്ചാണെന്ന വിവരം ശത്രുക്കളറിഞ്ഞാല്‍ അവര്‍ സ്ത്രീകളെയും കുട്ടികളെയും പിടിച്ചുകൊണ്ടു പോകുമെന്ന് സ്വഫിയ്യ ഭയന്നു. പിന്നെ ഒട്ടും സംശയിച്ചില്ല. വസ്ത്രം മുറുക്കിയുടുത്ത് ശിരോവസ്ത്രം ചുറ്റിക്കെട്ടി ഒരു ഇരുമ്പു ദണ്ഡുമായി വേഗത്തില്‍ പുറത്തിറങ്ങി. ശബ്ദമുണ്ടാക്കാതെ പാത്തും പതുങ്ങിയും ചെന്ന്  ചാരന്റെ മൂര്‍ധാവില്‍ ഒരടി കൊടുത്തു. നിലത്തു വീണപ്പോള്‍ പിന്നെയും പിന്നെയും അടിച്ചു; ജീവന്‍ പോകുന്നതു വരെ.

ഉമ്മു സിയാദ് അല്‍ അശ്ജഇയ്യ (റ)

ഖൈബര്‍ യുദ്ധത്തില്‍ പങ്കെടുത്ത ആറ് മഹിളാ രത്‌നങ്ങളില്‍ ഒരാളാണ്. മുറിവ് പറ്റിയവര്‍ക്ക് മരുന്നും വെള്ളവും നല്‍കുക, യോദ്ധാക്കള്‍ക്ക് അമ്പ് എത്തിച്ചുകൊടുക്കുക തുടങ്ങിയ ജോലികളാണ് അവര്‍ നിര്‍വഹിച്ചിരുന്നത്. സമരാര്‍ജിത സമ്പത്തില്‍നിന്ന് നബി (സ) അവര്‍ക്കും ഓഹരി നല്‍കി.

ഉമ്മു സിനാന്‍ അല്‍ അസ്‌ലമിയ്യ (റ)

നബി (സ) ഖൈബറിലേക്ക് പുറപ്പെടുമ്പോള്‍ യുദ്ധഭൂമിയില്‍ മുറിവേല്‍ക്കുന്നവരെയും രോഗികളെയും ശുശ്രൂഷിക്കുക, വെള്ളം ശേഖരിച്ചുകൊടുക്കുക തുടങ്ങിയ സേവനങ്ങള്‍ക്കായി ഞാനും കൂടെ വരട്ടെയോ എന്ന് ഉമ്മു സിനാന്‍ നബി(സ)യോട് ചോദിച്ചു. 'നിങ്ങളുടെ സഹോദരികളും ഈവിധം എന്നോട് സംസാരിച്ചിരുന്നു. അവര്‍ക്ക് ഞാന്‍ സമ്മതം നല്‍കിയിട്ടുണ്ട്. നിങ്ങളുടെ ആളുകളുടെ കൂടെയോ ഞങ്ങളുടെ കൂടെയോ നിങ്ങള്‍ക്ക് വരാം.' നബി (സ) പറഞ്ഞു. നിങ്ങളുടെ കൂടെയാണ് വരുന്നതെന്ന് പറഞ്ഞപ്പോള്‍ നബി തിരുമേനി പറഞ്ഞു: 'എങ്കില്‍ എന്റെ ഭാര്യ ഉമ്മു സലമയുടെ കൂടെ പോകാം.' അതുപ്രകാരം ഉമ്മു സിനാന്‍ ഉമ്മു സലമയുടെ കൂടെ യാത്രയായി.

അസ്മാഅ് ബിന്‍ത് യസീദ് അസ്സകന്‍ (റ)

നബി(സ)യോടൊപ്പം ഖൈബര്‍ യുദ്ധത്തില്‍ പങ്കെടുത്ത അന്‍സ്വാരി വനിത. യര്‍മൂക് യുദ്ധത്തില്‍ പങ്കെടുത്ത അവര്‍ തന്റെ കൂടാരത്തിന്റെ തൂണുപയോഗിച്ച് റോമന്‍ സൈന്യത്തിലെ ഒമ്പതു പേരെ വധിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

ഉമ്മു അത്വിയ്യ (റ)

അന്‍സ്വാരി വനിതയായ ഉമ്മു അത്വിയ്യ (റ) ഏഴ് യുദ്ധങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. അവര്‍ പ്രസ്താവിക്കുന്നു: 'ഞാന്‍ റസൂലുല്ലാഹി(സ)യുടെ കൂടെ ഏഴ് യുദ്ധങ്ങളില്‍ പങ്കെടുക്കുകയുണ്ടായി. അവരുടെ താമസസ്ഥലത്ത് കാവലിരിക്കുകയും അവര്‍ക്ക് ഭക്ഷണം തയാറാക്കിക്കൊടുക്കുകയും പരിക്കു പറ്റിയവരെ ശുശ്രൂഷിക്കുകയും അവശത ബാധിച്ചവരെ പരിചരിക്കുകയുമാണ് ഞാന്‍ ചെയ്തിരുന്നത്' (മുസ്‌ലിം).

റുബയ്യിഅ് ബിന്‍ത് മുഅവ്വിദ് (റ)

റുബയ്യിഅ് പറയുന്നു: 'ഞങ്ങള്‍ നബി(സ)യുടെ കൂടെ യുദ്ധത്തില്‍ പങ്കെടുക്കാറുണ്ടായിരുന്നു. ആളുകള്‍ക്ക് ദാഹജലം നല്‍കുക, അവരെ പരിചരിക്കുക, കൊല്ലപ്പെട്ടവരെയും പരിക്കു പറ്റിയവരെയും മദീനയിലേക്കെത്തിക്കുക എന്നിവയായിരുന്നു ഞങ്ങള്‍ അനുഷ്ഠിച്ചിരുന്ന സേവനങ്ങള്‍' (ബുഖാരി).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (24-27)
ടി.കെ ഉബൈദ്‌