ഇബ്‌നു സീനയും ക്വാറന്റൈനും
വൈജ്ഞാനിക ചരിത്രത്തിലെ നിത്യവിസ്മയമത്രെ അലി ബ്‌നു സീന Avicenna). ഇസ്ലാമിന്റെ പ്രഭാവകാലത്ത്, ഇന്നത്തെ ഉസ്‌ബെക്കിസ്താനിലെ ബുഖാറയില്‍ സി.ഇ 980-ല്‍ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. 1037-ല്‍ ഇറാനിലെ ഇസ്ഫഹാനില്‍ മരണം. 450-ഓളം കൃതികള്‍ ഇദ്ദേഹത്തിന്റേതായി ഉണ്ടെന്നു പറയപ്പെടുന്നു. 240 എണ്ണം ഇന്നും ഉപലബ്ധമാണത്രെ. അറബിയിലും പേര്‍ഷ്യനിലുമാണ് മൂലകൃതികള്‍. തത്ത്വശാസ്ത്രം മുതല്‍ ഭൂഗര്‍ഭശാസ്ത്രം വരെയും, വൈദ്യം, ഔഷധശാസ്ത്രം എന്നിവ തൊട്ട് തര്‍ക്കശാസ്ത്രം വരെയും അദ്ദേഹത്തിന്റെ രചനകള്‍ കാണാം.
വൈദ്യശാസ്ത്രസംബന്ധമായ അദ്ദേഹത്തിന്റെ അമ്പതില്‍പരം കൃതികള്‍ ഇന്നും ഗവേഷകര്‍ അവലംബിക്കുന്നു. അവയില്‍ ഏറ്റവും പ്രധാനമാണ് Canon of Medicine.
അദ്ദേഹത്തിന്റെ മറ്റൊരു ഗ്രന്ഥമായ Book of Healingഒരു വിജ്ഞാനകോശം തന്നെയാണ്. നിരവധി വാള്യങ്ങളുള്ള ഈ ഗ്രന്ഥത്തില്‍ ഒരു മില്യനിലധികം പദങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. മധ്യകാലത്ത്, ലോകത്തെ പ്രശസ്ത സര്‍വകലാശാലകളില്‍ ഇവ രണ്ടും പാഠപുസ്തകങ്ങളായിരുന്നു.
21 വ്യത്യസ്ത വൈജ്ഞാനിക മേഖലകളില്‍ അത്രയൊന്നും ദീര്‍ഘമല്ലാത്തൊരു ജീവിതം കൊണ്ട്, ഇത്രയും തെളിഞ്ഞ ധൈഷണിക മുദ്രകള്‍ ചാര്‍ത്തിയ ആ മഹാ ശാസ്ത്രജ്ഞനെക്കുറിച്ച് പറയാന്‍ ഒരു ഗ്രന്ഥം തന്നെ എഴുതണം.
മികച്ച സൈനികനും വ്യാപാരിയും നയതന്ത്രജ്ഞനും കൂടിയായിരുന്നു അദ്ദേഹം. അതിനാല്‍ തന്നെ കാരാഗൃഹവാസവും അനുഭവിച്ചു. ജയിലില്‍ വെച്ച് രചനകള്‍ തുടര്‍ന്നു.
ഇപ്പോള്‍ ഇദ്ദേഹത്തെ ഓര്‍ക്കാന്‍ കാരണം quarantine എന്ന പദമത്രെ. ചില സൂക്ഷ്മ ജീവികള്‍ മനുഷ്യരില്‍ രോഗങ്ങള്‍ ഉണ്ടാക്കുന്നതായി, നിരീക്ഷണങ്ങളിലൂടെ അദ്ദേഹം കണ്ടെത്തി. കൂടാതെ ഈ രോഗം ഒരാളില്‍നിന്നും മറ്റൊരാളിലേക്ക് പകരുന്നതായും മനസ്സിലാക്കി. രോഗിയായ വ്യക്തിയെ 40 ദിവസം ഒറ്റക്ക് പാര്‍പ്പിക്കുക എന്നതാണ് ഇബ്നുസീന ഇതിനു കണ്ടെത്തിയ പ്രതിവിധി. ചില രോഗങ്ങളുടെ വ്യാപനം തടയാന്‍ ഇത് ഫലപ്രദമാണെന്ന് വെനീസിലെ സമുദ്രയാത്രക്കാരായ കച്ചവടക്കാര്‍ പിന്നീട് പ്രായോഗികമായി മനസ്സിലാക്കുകയും, ജന്മനാടായ ഇറ്റലിയില്‍ ഈ രീതി പ്രാവര്‍ത്തികമാക്കുകയും ചെയ്തു. ഇറ്റാലിയന്‍ ഭാഷയില്‍ 40-നെ കുറിക്കാന്‍ ക്വാറന്റൈന്‍ എന്നാണ് പറയുക. അതില്‍നിന്നാണത്രെ ക്വാറന്റൈന്‍ എന്ന പ്രയോഗം പ്രചാരത്തിലായത്.
ഇറ്റാലിയന്‍ ഭാഷ(ഇത്തലിയാനൊ)യില്‍ 'കോറന്റയിന്‍' എന്നല്ല, 'കൊറെന്‍ത' എന്നാണ് പറയുക.
Comments