Prabodhanm Weekly

Pages

Search

2020 ഏപ്രില്‍ 17

3148

1441 ശഅ്ബാന്‍ 23

മതിലു കെട്ടുന്ന മഅ്ജൂജ്, തീയിടുന്ന യഅ്ജൂജ്, പ്രതീക്ഷയായി ദുല്‍ഖര്‍നൈനും

ടി.ഇ.എം റാഫി വടുതല

ഖുര്‍ആനിലെ പതിനെട്ടാം അധ്യായമാണ് അല്‍ കഹ്ഫ്. ഗുണപാഠങ്ങള്‍ നിറഞ്ഞ സംഭവകഥകളുടെ അക്ഷയനിധിയാണത്. വെള്ളിയാഴ്ച രാവിലും പകലിലും അത് പാരായണം ചെയ്യുക എന്ന പുണ്യകരമായ അനുഷ്ഠാനം വിശ്വാസികള്‍ പ്രവാചക നിര്‍ദേശാനുസാരം നിലനിര്‍ത്തിപ്പോരുന്നു. നിഷ്ഠുര ഭരണകൂടത്തിന്റെയും ജനസമൂഹത്തിന്റെയും അസഹ്യമായ പീഡനത്തില്‍നിന്നും സുരക്ഷിതരായി ഗുഹയില്‍ അഭയം തേടിയ ധീരയുവാക്കളുടെ കഥ പറയുന്നുണ്ട് ഈ അധ്യായത്തില്‍. അവരാണ് ദൈവ സഹായത്താല്‍ ചരിത്രത്തെ ജ്വലിപ്പിച്ച അസ്ഹാബുല്‍ കഹ്ഫ്. ദൈവികാനുഗ്രഹങ്ങളിലൂടെ ലഭിക്കുന്ന ക്ഷണികമായ ഭൗതിക സൗഭാഗ്യങ്ങളെ സ്വന്തം കഴിവും യോഗ്യതയുമായി വിലയിരുത്തി വിടുവായത്തം പറയുന്ന അഹങ്കാരിയായ സമ്പന്ന തോട്ടക്കാരന്റെ വിനാശവും വരച്ചുകാണിക്കുന്നുണ്ട് ഈ അധ്യായം. മനുഷ്യന്റെ പഞ്ചേന്ദ്രിയ ജ്ഞാനത്തിന്റെ പരിമിതിയും പ്രവാചകന്മാര്‍ക്ക് നല്‍കുന്ന ദിവ്യബോധനത്തിന്റെ പരിധിയും മൂസാ-ഖിദ്ര്‍ സംഭവവും. കിഴക്കു പടിഞ്ഞാറ് ദിക്കുകളൊക്കെയും സാഹസികമായ പടയോട്ടം നടത്തി വിജിഗീഷുവായിട്ടും ഗര്‍വും അഹങ്കാരവുമില്ലാതെ മര്‍ദകര്‍ക്കെതിരെ  മര്‍ദിത സമൂഹത്തിനു വേണ്ടി നിലയുറപ്പിച്ച ദുല്‍ഖര്‍നൈനിന്റെ കഥയും സമകാലിക സാഹചര്യത്തില്‍ ആവേശകരം തന്നെ.
പടച്ചവന്റെ ഭൂമിയില്‍ ഒരു തുണ്ടില്‍ അധികാരം കിട്ടുമ്പോഴേക്കും അഹങ്കാരികളും അക്രമികളും സ്വേഛാധിപതികളുമായി മാറുന്ന ഭരണാധിപന്മാര്‍ക്ക് മാതൃകയും ഗുണപാഠവുമാണ് ദുല്‍ഖര്‍നൈന്‍. ഒപ്പം മര്‍ദക ഭരണാധികാരികളുടെ കിരാത വാഴ്ചകളാല്‍ പീഡിതരായി കഴിയുന്ന ജനസഞ്ചയങ്ങള്‍ക്ക് പ്രതീക്ഷയുമാണ് അദ്ദേഹം. ഖുര്‍ആന്‍ കഥകളില്‍ കഥാപാത്രങ്ങളുടെ പേരുകള്‍ക്കോ പ്രദേശങ്ങളുടെ നാമങ്ങള്‍ക്കോ പ്രാധാന്യം കൊടുക്കുന്നതിനു പകരം ഗുണപാഠങ്ങള്‍ക്കാണ് മുഖ്യ പരിഗണന കൊടുക്കുന്നത്. അതുകൊണ്ടുതന്നെ ദുല്‍ഖര്‍നൈന്‍ എന്നത് അദ്ദേഹത്തിന്റെ യഥാര്‍ഥ നാമമാണോ, അപരാഭിധാനമാണോ എന്നൊക്കെയുള്ള ചര്‍ച്ച അവസരോചിതമോ പ്രസക്തമോ അല്ല. പാശ്ചാത്യ, പൗരസ്ത്യ ദേശങ്ങളെ ജയിച്ചടക്കി അധികാരം വാണ ഭരണാധികാരി എന്ന അര്‍ഥത്തില്‍ നല്‍കപ്പെട്ട സ്ഥാനപ്പേരാണ് എന്ന അഭിപ്രായമാണ് പരിഗണനീയവും യുക്തിസഹവുമായിട്ടുള്ളത്.
സാഹസികനും ധീരനുമായ ദുര്‍ഖര്‍നൈനിയുടെ പ്രഥമ ജൈത്രയാത്ര പശ്ചിമ ചക്രവാളത്തോളമെത്തി. പടിഞ്ഞാറന്‍ അതിരിന്റെ അങ്ങേയറ്റം വരെയും സഞ്ചരിച്ചു. അല്ലാഹു അവിടത്തെ ജനവിഭാഗത്തെ അദ്ദേഹത്തിനു വിധേയമാക്കിക്കൊടുത്തു. ഒരു ഭരണാധികാരിയെന്ന നിലക്ക് അദ്ദേഹത്തിന് തന്റെ പ്രജകളെ രക്ഷിക്കാനും ശിക്ഷിക്കാനും ദൈവം നല്‍കിയ സ്വാതന്ത്ര്യമുണ്ട്. യഥാര്‍ഥ നീതിമാനായ ഭരണാധികാരി രക്ഷിക്കേണ്ടവരെ രക്ഷിക്കുകയും ശിക്ഷിക്കേണ്ടവരെ ശിക്ഷിക്കുകയും ചെയ്യും. അങ്ങനെ അദ്ദേഹത്തിന്റെ പടയോട്ടം പൂര്‍വ ദിക്കിലേക്ക് തിരിഞ്ഞു. രണ്ടു മലകള്‍ക്കിടയിലെ ഒരു പ്രദേശത്തെത്തി. സ്വന്തം നാട്ടിലെ വേറിട്ട ജീവിതത്താല്‍ മറ്റുള്ള സമൂഹങ്ങളുടെ ഭാഷയും ശൈലിയും പോലുമറിയാതെ ഒറ്റപ്പെട്ടുപോയ ഒരു ജനത. പക്ഷേ അവര്‍ക്ക് ദുല്‍ഖര്‍നൈനോട് അഭ്യര്‍ഥിക്കാന്‍ ഒരാവശ്യമുണ്ടായിരുന്നു. അക്രമികളും അഹങ്കാരികളുമായ യഅ്ജൂജ്-മഅ്ജൂജ് വിഭാഗങ്ങളുടെ നിര്‍ദയമായ അക്രമങ്ങളില്‍നിന്നുള്ള വിമോചനമായിരുന്നു അത്. അവരില്‍നിന്നുള്ള രക്ഷാകവചമായി ഒരു മതില്‍ നിര്‍മിക്കാന്‍ ആ ജനത നിര്‍ദേശിച്ചു. അതിനു വേണ്ട പണം കരമായി അടച്ചുകൊള്ളാമെന്നറിയിച്ചു. എന്നാല്‍ മതില്‍ കെട്ടാനുള്ള ഭൗതിക വിഭവങ്ങള്‍ കൈവശമുണ്ടെന്നും മനുഷ്യ വിഭവശക്തിയാണ് ആവശ്യമെന്നും ദുല്‍ഖര്‍നൈന്‍ അവരോട് പറഞ്ഞു. ഇരുമ്പു കട്ടകളില്‍ ചെമ്പ് ഉരുക്കിയൊഴിച്ച് സുഭദ്രമായ മതില്‍ കെട്ടി. യഅ്ജൂജ്-മഅ്ജൂജിന്റെ അക്രമത്തെ പ്രതിരോധിക്കാന്‍ ഈ മതിലിനു സാധിക്കുമെങ്കിലും, അല്ലാഹുവിന്റെ തീരുമാനത്തെ അതിജയിക്കാനുള്ള ശേഷി അതിന് ഉണ്ടായിരിക്കില്ലെന്നും ഉണര്‍ത്തി.
അധികാരം ലഭിച്ചപ്പോള്‍ അഹങ്കാരികളായി മാറിയ ഭരണാധികാരികളെയാണ് ആഗോളതലത്തിലും ദേശീയതലത്തിലും നാം കാണുന്നത്. അവര്‍ ദുല്‍ഖര്‍നൈനെ പോലെ ദൈവഭയമുള്ളവരോ പ്രജാ തല്‍പരരോ അല്ല. മതത്തെയും ദൈവത്തെയും മഹത്തുക്കളെയും സ്വാര്‍ഥലാഭത്തിനു വേണ്ടി ദുരുപയോഗപ്പെടുത്തുന്നവരാണ്. അതിനാല്‍തന്നെ നിഷ്ഠുരന്മാരും കലാപകാരികളും കുടിലമായ വംശീയപ്പക ഊതിക്കത്തിച്ച് കലാപം അഴിച്ചുവിടുന്നവരുമാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് ജീവനും ജീവിതവും കൊടുത്ത സമുദായങ്ങളെ വരെ അവര്‍ അപരവത്കരിക്കും. തദ്ദേശീയരെ പോലും അന്യരാക്കി അരികു വത്കരിക്കും. അമേരിക്കന്‍ പ്രസിഡന്റില്‍ തുടങ്ങി ഇന്ത്യന്‍ പ്രധാനമന്ത്രിയിലൂടെ കടന്ന് ആഭ്യന്തര മന്ത്രിയിലെത്തുമ്പോള്‍ വിനാശത്തിന്റെ യഅ്ജൂജ്-മഅ്ജൂജ് അച്ചുതണ്ട് ബോധ്യപ്പെടും.
ദുല്‍ഖര്‍നൈന്‍ മതില്‍ കെട്ടി. മര്‍ദിത സമൂഹത്തിന്റെ രക്ഷാകവചമായിരുന്നു ആ മതില്‍. യഅ്ജൂജ്-മഅ്ജൂജ് ഭീകരന്മാരില്‍നിന്ന് മര്‍ദിത ജനതയെ സംരക്ഷിച്ചു ആ മതില്‍. പ്രജാക്ഷേമ തല്‍പരരല്ലാത്ത മര്‍ദക ഭരണാധികാരികളുടെ മതില്‍ സുരക്ഷയേക്കാള്‍ വിവേചനവും സാമൂഹിക വിഭജനവും സൃഷ്ടിക്കുന്നതായിരിക്കും. ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനവേളയില്‍ ഗുജറാത്തിന്റെ ചേരികളില്‍ മോദി കെട്ടിയ മതില്‍ സ്വന്തം പൗരന്മാരെ അപഹരിച്ച വിഭജന മതില്‍ തന്നെയാണ്. പാടത്തും പറമ്പിലും കൂലിവേല ചെയ്ത് തല ചായ്ക്കാന്‍ ഇടമില്ലാതെ ജീവിക്കുന്ന പാര്‍ശ്വവത്കൃതരെ അമേരിക്കന്‍ തമ്പുരാക്കന്മാര്‍ കാണാതിരിക്കാന്‍ കെട്ടിയ മതില്‍ ഭരണാധികാരികളുടെ കുടില മനസ്സില്‍നിന്ന് ഉയര്‍ന്നുവന്നതാണ്. നീതിമാനായ ദുല്‍ഖര്‍നൈന്‍ പ്രജകളോട് നിയമാനുസൃതമായ കരം പോലും പിരിക്കാതെ രക്ഷയുടെ ലോഹമതില്‍ പണിതപ്പോള്‍ സമകാലീന യഅ്ജൂജ്-മഅ്ജൂജുമാര്‍ പാവങ്ങളുടെ നികുതിപ്പണമെടുത്താണ് അവരെ മാറ്റിനിര്‍ത്താനായി ഇത് പണിതുയര്‍ത്തുന്നത്. മതില്‍ കെട്ടിയതല്ല ദുഃഖം. മതില്‍ നിര്‍മിച്ച പണം കൊണ്ട് ഒരു ഫഌറ്റ് നിര്‍മിക്കാമായിരുന്നുവല്ലോ എന്ന ചിന്തയുള്ള ഒരു വിവേകിയും അവരില്‍ ഇല്ലാതെ പോയല്ലോ എന്നതാണ് അതിനേക്കാള്‍ വലിയ ദുഃഖം. കലാപത്തിന്റെ കനലെരിയുന്ന മനസ്സില്‍ ആദ്യം വെണ്ണീറാകുന്നതും വിവേകം തന്നെയായിരിക്കുമല്ലോ. 
മനുഷ്യസമൂഹത്തെ അപരവത്കരിച്ച് മതില്‍ കെട്ടുന്ന മഅ്ജൂജും വംശീയ വിദ്വേഷത്താല്‍ സ്വന്തം പൗരന്മാരെ വര്‍ഗീയവത്കരിച്ച് തീയിട്ട് കൊല്ലുന്ന യഅ്ജൂജും രാജ്യഭരണത്തിന്റെ മര്‍മ സ്ഥാനങ്ങളില്‍ കിരാതവാഴ്ച നടത്തുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഗുജറാത്തിന്റെ ചേരികളില്‍ വിവേചനത്തിന്റെ മതില്‍ തീര്‍ത്തപ്പോള്‍ വടക്കു കിഴക്കന്‍ ദല്‍ഹിയെ വംശീയ ഉന്മൂലനത്തിന്റെ അഗ്നിനാളങ്ങള്‍ നക്കിയെടുത്തു. കണ്ണീരില്‍ മുങ്ങിയ ജനത, വെണ്ണീറായ വാഹനങ്ങള്‍, കത്തിയമര്‍ന്ന വീടുകളും കടകളും. പൊലിഞ്ഞുപോയ അമ്പതിലധികം മനുഷ്യജീവനുകള്‍. ചരിത്രത്തില്‍ യഅ്ജൂജും മഅ്ജൂജും പേരുമാറി പുനരവതരിക്കുന്നു. ഒപ്പം അവര്‍ സൃഷ്ടിക്കുന്ന നിഷ്ഠുര കലാപങ്ങളും.
കാലം ഒരു ഭരണാധികാരിക്കും നിത്യഭരണം പ്രദാനം ചെയ്യില്ല. സമകാലീന ഇന്ത്യന്‍ സംഘ് പരിവാര യഅ്ജൂജ്-മഅ്ജൂജും തഥൈവ. സമൂഹത്തിന് പ്രയോജനപ്രദമായ സുരക്ഷിത മതില്‍ കെട്ടുന്ന ദുല്‍ഖര്‍നൈന്‍മാര്‍ ചരിത്രത്തില്‍ അനശ്വരരാകും. കലാപവും അക്രമവും അഴിച്ചുവിടുന്ന കലികാലങ്ങളില്‍ ദൈവിക നിയോഗം പോലെ ചരിത്രത്തില്‍ അവര്‍ രംഗപ്രവേശം ചെയ്യും. സാമ്പത്തിക മാന്ദ്യത്തിന്റെ ദയനീയ കാലഘട്ടത്തിലും പൊതു മുതലെടുത്ത് പൊതുജനങ്ങളെ മതില്‍കെട്ടി അടച്ചവരും പൗരന്മാരുടെ ജീവിതോപാധികള്‍ അഗ്നിക്കിരയാക്കിയവരും മാപ്പര്‍ഹിക്കാത്ത അപരാധമാണ് ചെയ്തത്. മനുഷ്യര്‍ അവരെ വെറുക്കും. കാലം അവര്‍ക്ക് ചരമഗീതമെഴുതും. ആകാശം അവര്‍ക്കു വേണ്ടി കണ്ണീര്‍ വാര്‍ക്കുകയില്ല. പക്ഷേ ഭൂമിയുടെ കിഴക്കു പടിഞ്ഞാറ് ദിക്കുകളില്‍ ദുല്‍ഖര്‍നൈനിനെ പ്രതിനിധീകരിക്കുന്ന ചരിത്രത്തിന്റെ കാവലാളുകള്‍ ഉദയം ചെയ്യും. ഫറോവയുടെ ആഗമനവേളയില്‍ മൂസാ രംഗപ്രവേശം ചെയ്യും. ജാലൂത്ത് വന്നാല്‍ ത്വാലൂത്തും. യഅ്ജൂജ്-മഅ്ജൂജ് വന്നാല്‍ ഒരു ദുല്‍ഖര്‍നൈനും. കാലത്തിന്റെ സുരക്ഷിത ഗുഹകളില്‍ തല്‍ക്കാലം അഭയം തേടിയാലും വിപ്ലവയൗവനം അസ്ഹാബുല്‍ കഹ്ഫിനെ പോലെ ഉയിര്‍ത്തഴുന്നേല്‍ക്കും. കോര്‍പ്പറേറ്റ് മൂപ്പന്മാരുടെ വ്യാമോഹ തോപ്പുകള്‍ പന്തലോടെ നിലം പതിക്കും. ദൈവവിധിയുടെ അകംപൊരുളറിയുന്നവര്‍ കാലത്തിന്റെ വിധികളെ ക്ഷമയോടെ അഭിമുഖീകരിക്കും. വെള്ളിയാഴ്ച രാവിലും പകലിലും നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന പരിപാവനമായ സൂറത്തുല്‍ കഹ്ഫ് പാരായണം ആന്തരാര്‍ഥമറിയുന്ന വിശ്വാസികള്‍ക്ക് ആവേശവും പ്രതീക്ഷയുമാകും. കാലാതിവര്‍ത്തിയാണ് ഖുര്‍ആന്റെ ഓരോ കഥാവിവരണങ്ങളും. അതിനാല്‍ കാലോചിതമാകണം നമ്മുടെ പാരായണവും. അപ്പോള്‍ ആവേശമാകും ലോകൈകനാഥന്റെ വേദവചന പ്രസാദം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (24-27)
ടി.കെ ഉബൈദ്‌