സ്‌നേഹവാത്സല്യങ്ങള്‍ ചൊരിഞ്ഞ നേതാവ്
'താങ്കള്‍ വിശ്വാസികള്‍ക്കു വേണ്ടി കാരുണ്യത്തിന്റെ ചിറകുകള്‍ താഴ്ത്തിക്കൊടുക്കുക' - വിശുദ്ധ ഖുര്‍ആന്‍ നബി തിരുമേനിയെ ഉണര്‍ത്തി. 'നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൈവദൂതന്‍ നിങ്ങളിലേക്ക് ഇതാ ആഗതനായിരിക്കുന്നു. നിങ്ങള്‍ വിഷമിക്കുന്നത് അദ്ദേഹം സഹിക്കില്ല. നിങ്ങളുടെ വിജയത്തില്‍ ഏറെ തല്‍പരനാണദ്ദേഹം. അദ്ദേഹം സത്യവിശ്വാസികളോട് അലിവും കാരുണ്യവുമുള്ളവനാകുന്നു' എന്ന് ഖുര്‍ആന്‍ മറ്റൊരിടത്ത് നബി(സ)യുടെ സ്വഭാവ വൈശിഷ്ട്യത്തെ പുകഴ്ത്തുകയും ചെയ്തു. ആരെങ്കിലും പ്രവാചകന് ഹസ്തദാനം ചെയ്താല്‍ അദ്ദേഹം ഒരിക്കലും ആദ്യം കൈവലിക്കുമായിരുന്നില്ല. ആരെങ്കിലും സംസാരിക്കുകയാണെങ്കില്‍ അത് ശ്രദ്ധാപൂര്‍വം ദൈവദൂതര്‍ കേട്ടിരിക്കും. മറ്റുള്ളവരേക്കാള്‍ തന്നോടാണ് പ്രവാചകന് ഏറെ ഇഷ്ടം എന്ന് തോന്നിപ്പിക്കും വിധമായിരുന്നു എല്ലാവരോടുമുള്ള അവിടുത്തെ പെരുമാറ്റം.
പ്രവാചകന്‍ തിരുമേനിയുടെ ഈ സവിശേഷ ഗുണങ്ങള്‍ സ്വന്തം വ്യക്തിത്വത്തിലേക്ക് അലിയിച്ചെടുക്കാന്‍ ശ്രമിച്ച ഒരു മഹാമനീഷി കഴിഞ്ഞ ദിവസം നമ്മോട് വിടവാങ്ങുകയുണ്ടായി. ഒട്ടും അതിശയോക്തിയില്ലാതെ പറയട്ടെ, 'അദ്ദേഹം എന്നെയാണ് ഏറ്റവുമധികം സ്‌നേഹിക്കുന്നത്' എന്ന് അദ്ദേഹവുമായി ബന്ധപ്പെടുന്ന ആയിരങ്ങള്‍ കരുതിയിട്ടുണ്ടാകും, പ്രവാചകനെ സംബന്ധിച്ച് അവിടുത്തെ അനുചരന്മാര്‍ കരുതിയിരുന്നതു പോലെതന്നെ. പ്രവാചകനെ പൂര്‍ണമായും അനുധാവനം ചെയ്ത ഒരാളായിരുന്നു മൗലാനാ സിറാജുല്‍ ഹസന്‍ സാഹിബ്. നിഷ്‌കളങ്കവും തീവ്രവുമായിരുന്നു അദ്ദേഹത്തിന്റെ സ്‌നേഹമെന്ന് അത് അനുഭവിച്ചവര്‍ക്കറിയാം. ആ വ്യക്തിത്വത്തിന്റെ ചൂടും ചൂരും പെരുമാറ്റത്തിന്റെ മാധുര്യവും കൂടിക്കാഴ്ചയുടെ ആദ്യ നിമിഷം തന്നെ അനുഭവവേദ്യമാകുമായിരുന്നു. ആഗതന്‍ മുറിയിലെത്തും മുമ്പേ എഴുന്നേറ്റു നില്‍ക്കുകയും ആലിംഗനത്തില്‍ അമര്‍ത്തുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. തുടര്‍ന്നു തികച്ചും വ്യക്തിപരമായ കുശലാന്വേഷണങ്ങള്‍. വിടര്‍ന്ന നെഞ്ചകത്ത് അതിലേറെ വികസിച്ച ഹൃദയാന്തരാളത്തിലേക്ക് എല്ലാ പരാതികളും പ്രശ്‌നങ്ങളും പരിഭവങ്ങളും പ്രയാസങ്ങളും നിമിഷങ്ങള്‍ക്കകം അലിഞ്ഞ് ഇല്ലാതാവും. ഹൃദ്യമായ സ്വഭാവവും സ്‌നേഹമസൃണമായ പെരുമാറ്റവും ഒരു നേതാവിന്റെ ശക്തിയായി മാറുന്നത് എങ്ങനെയാണെന്നും അതിന്റെ പ്രാവര്‍ത്തിക രൂപം എവ്വിധമാണെന്നും നമുക്ക് ആ വ്യക്തിത്വത്തില്‍ കണ്ടെത്താന്‍ കഴിയും.
അദ്ദേഹം മതപണ്ഡിതനോ അറിയപ്പെടുന്ന ബുദ്ധിജീവിയോ ആയിരുന്നില്ല, നിരവധി കൃതികളുടെ രചയിതാവോ ഒട്ടേറെ ഡിഗ്രികള്‍ കരസ്ഥമാക്കിയ ആളോ ആയിരുന്നില്ല. ബുദ്ധികൂര്‍മത, കാര്യനിര്‍വഹണ ശേഷി, അഗാധ ചിന്ത തുടങ്ങിയ ഗുണങ്ങളോടൊപ്പം ഉയര്‍ന്ന ധാര്‍മികതയും മനുഷ്യസ്‌നേഹവും ഊഷ്മളമായ വ്യക്തിബന്ധങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍. ഈ ഗുണങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് അസാധാരണമായ ആകര്‍ഷണീയതയും സ്വീകാര്യതയും നല്‍കി. അത് അദ്ദേഹം അല്ലാഹുവിന്റെ ദീനിന്റെ മാര്‍ഗത്തിലുള്ള പരിശ്രമങ്ങള്‍ക്കായി ഉപയോഗിച്ചു. പ്രവര്‍ത്തകര്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പുതിയ ഊര്‍ജവും കര്‍മാവേശവും ഉള്‍ക്കൊണ്ടായിരിക്കും തിരിച്ചുപോവുക. ഇസ്ലാമിക പ്രസ്ഥാനത്തെക്കുറിച്ച് അകല്‍ച്ചയും തെറ്റിദ്ധാരണയും നീങ്ങി അതിനെപ്പറ്റി നല്ല പ്രതിഛായ മനസ്സില്‍ സൂക്ഷിച്ചാവും അദ്ദേഹവുമായി സംസാരിക്കാന്‍ അവസരം ലഭിച്ച ഒരു സാധാരണ മുസ്ലിം തിരിച്ചു നടക്കുക. അമുസ്ലിം സഹോദരനാണെങ്കില്‍ ഇസ്ലാമിനെ കുറിച്ച് വളരെ നല്ല അഭിപ്രായം രൂപീകരിച്ചായിരിക്കും യാത്ര പറയുക. ഇസ്ലാമിക പ്രസ്ഥാനത്തെക്കുറിച്ച സദ് വിചാരങ്ങള്‍ നാടാകെ വ്യാപിക്കാന്‍ അത് കാരണമാകും. വര്‍ഷങ്ങള്‍ക്കുശേഷവും അവര്‍ ആ മഹാ വ്യക്തിത്വത്തെ ഓര്‍ത്തു കൊണ്ടിരിക്കും. രാജ്യ നിവാസികളിലും പ്രസ്ഥാനത്തിന്റെ നിസ്വാര്‍ഥരായ പ്രവര്‍ത്തകരിലും അദ്ദേഹം ചൊരിഞ്ഞ സ്‌നേഹത്തിന് പകരം അല്ലാഹു മഹത്തായ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചു പ്രതിഫലം നല്‍കുമാറാകട്ടെ.
സ്വാതന്ത്ര്യലബ്ധിക്ക് 15 വര്‍ഷം മുമ്പ് ഹൈദറാബാദില്‍നിന്ന് വളരെ അകലെ ജോല്‍ഗിറ കസബയിലെ ഒരു വലിയ സമീന്ദാര്‍ കുടുംബത്തിലാണ് മൗലാനാ സിറാജുല്‍ ഹസന്‍ ജനിച്ചത്. ഇന്ന് ആ പ്രദേശം കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയിലാണ്. ചെറുപ്പത്തില്‍ നാട്ടുരാജാവുമായുണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് കുറേ കാലം ഒളിവില്‍ കഴിയേണ്ടി വന്നു. അതിനാല്‍ ഔപചാരിക വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇസ്‌ലാമിക വൈജ്ഞാനിക കൃതികള്‍ ആഴത്തില്‍ പഠിക്കാനുള്ള അവസരമായി ഇത് പ്രയോജനപ്പെട്ടു. ഒപ്പം പ്രസ്ഥാനത്തെ ആഴത്തിലറിയാനും അദ്ദേഹത്തിന് സാധിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കു ശേഷം പ്രസ്ഥാനമാര്‍ഗത്തില്‍ കര്‍മഭടനായി അദ്ദേഹം രംഗത്തിറങ്ങി. ചെറുപ്പത്തില്‍തന്നെ ജമാഅത്തെ ഇസ്ലാമിയില്‍ അംഗത്വമെടുത്തു. ഇരുപത്തിനാലാം വയസ്സില്‍ കര്‍ണാടക അമീര്‍ ആയി നിയമിക്കപ്പെട്ടു. ദീര്‍ഘമായ ശിഷ്ടജീവിതം പൂര്‍ണമായും ദീനിനും പ്രസ്ഥാനത്തിനും വേണ്ടി നീക്കിവെക്കുകയായിരുന്നു. വീട്ടിലെ സുഖാഡംബര ജീവിതം ഉപേക്ഷിച്ച് കര്‍ണാടകയിലെ ദുര്‍ഘട പാതകള്‍ താണ്ടി അദ്ദേഹം വിദൂര പ്രദേശങ്ങളിലേക്ക് സഞ്ചരിച്ചു. നൂറുകണക്കിന് കുടുംബങ്ങളുമായി ബന്ധപ്പെട്ട് ഒട്ടനേകം മനസ്സുകളില്‍ പ്രസ്ഥാനത്തിന് ബീജാവാപം നല്‍കി. നിതാന്ത പരിശ്രമങ്ങളിലൂടെ ഒരുപാട് പ്രവര്‍ത്തകരെ സജ്ജരാക്കി. തന്റെ സമ്പത്തിന്റെ നല്ലൊരു ഭാഗം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിച്ചും സ്വയം ലളിതജീവിതം തെരഞ്ഞെടുത്തും ലാളിത്യത്തിന്റെയും എളിമയുടെയും വലിയ മാതൃകകള്‍ സൃഷ്ടിച്ച് അസൂയാവഹമായ നില കൈവരിച്ചാണ് അദ്ദേഹം അല്ലാഹുവിലേക്ക് യാത്രയായിരിക്കുന്നത്.
ഹൃദയത്തിന്റെ ക്യാന്‍വാസില്‍ നിരവധി ചിത്രങ്ങളാണ് മിന്നിമറിയുന്നത്. അവ അത്ഭുതകരവും ആശ്ചര്യജനകവും എന്നാല്‍ അങ്ങേയറ്റം മനോഹരവും ഹൃദൃവുമാണ്. ഞാന്‍ എസ്.ഐ.ഒവിന്റെ അറിയപ്പെടാത്ത ഒരു സാധാരണ അംഗം ആയിരിക്കുമ്പോഴാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. ഞങ്ങള്‍ പരിചയപ്പെട്ടു. പക്ഷേ അന്നുമുതല്‍ എന്റെ പേര്‍ അദ്ദേഹം ഒരിക്കലും മറന്നില്ല. എപ്പോഴും ഓര്‍ത്തുവെച്ചു. പിന്നെ പലപ്പോഴായി അദ്ദേഹവുമായി കൂടിക്കാണാന്‍ എനിക്ക് അവസരമുണ്ടായി. എസ്.ഐ.ഒവിന്റെ അഖിലേന്ത്യാ പ്രസിഡന്റായി ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വര്‍ഷങ്ങളോളം അദ്ദേഹത്തിന്റെ വാത്സല്യം അനുഭവിക്കാന്‍ ഇടയായി. അക്കാലത്ത് ജമാഅത്ത് മര്‍കസിലെ നേതാക്കളുമായി സംസാരിക്കാന്‍ എസ്.ഐ.ഒവിലെ ഇളംതലമുറക്ക് ഒട്ടും പ്രയാസമുണ്ടായിരുന്നില്ല. അമീറെ ജമാഅത്ത് എന്ന അഖിലേന്ത്യാ അധ്യക്ഷനെയാവട്ടെ, മുന്‍കൂട്ടി അനുവാദം വാങ്ങാതെ തന്നെ കാണാന്‍ പറ്റുമായിരുന്നു. ചിലപ്പോള്‍ ഓഫീസിലേക്ക് വന്നും ആശയവിനിമയം നടത്തിയിരുന്നു. വൈജ്ഞാനികവും ചിന്താപരവുമായ കാര്യങ്ങളില്‍ ഗൗരവതരമായ ചര്‍ച്ചകള്‍ നടത്തി. വിമര്‍ശനങ്ങള്‍ നടത്തുന്നതിനോ കാര്യങ്ങള്‍ തുറന്നു ചോദിക്കുന്നതിനോ ഒരു തടസ്സവും ഉണ്ടായിരുന്നില്ല. ചിലപ്പോള്‍ യോജിച്ചും ചിലപ്പോഴെങ്കിലും വിയോജിച്ചും ചര്‍ച്ചകള്‍ മുന്നേറിയാലും തിരിച്ചുപോരുമ്പോള്‍ ഒരിക്കലും ഭിന്നാഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ഒരു നീരസവും ആ മുഖത്ത് ഉണ്ടാവുമായിരുന്നില്ല.
ഇത്തരം പ്രധാന കാര്യങ്ങള്‍ക്കൊപ്പം വ്യക്തിപരമായ കാര്യങ്ങളും അദ്ദേഹം ചോദിച്ചറിയുമായിരുന്നു. വിദ്യാഭ്യാസം, മാതാപിതാക്കള്‍ തുടങ്ങി എല്ലാ കാര്യങ്ങളും അന്വേഷിക്കും. സാധാരണ പ്രവര്‍ത്തകരുടെ വ്യക്തിപരമായ കാര്യങ്ങള്‍ പോലും അദ്ദേഹം ഓര്‍ത്തുവെച്ചിരുന്നു; മാതാപിതാക്കളെ കുറിച്ചാകട്ടെ, കുടുംബത്തിലെ മറ്റു കാര്യങ്ങളാകട്ടെ. സഹോദരിയുടെ വിവാഹക്കാര്യം, മകന്റെ പരീക്ഷയില്‍ രണ്ടു പേപ്പര്‍ കിട്ടാന്‍ ബാക്കിയുണ്ടല്ലോ എന്നത്, വീട്ടില്‍ ജോലിക്കാരെ കിട്ടാതെ വിഷമിക്കുന്നത്... ഇങ്ങനെ ഒരാളുടെ തീര്‍ത്തും വ്യക്തിപരമായ കാര്യങ്ങളെല്ലാം തന്നെ അദ്ദേഹത്തിന്റെ അന്വേഷണത്തില്‍ വരുമായിരുന്നു. അദ്ദേഹം ചോദിച്ചറിയുക മാത്രമല്ല, പരിഹാരം നിര്‍ദേശിക്കുകയും ചെയ്യും. അതേക്കുറിച്ചൊക്കെ കൂടുതല്‍ ആരായുന്ന ഈ സ്വഭാവശീലത്തെ അത്ഭുതത്തോടുകൂടിയല്ലാതെ പുതിയ തലമുറക്ക് നോക്കിക്കാണാനാകുമായിരുന്നില്ല. എന്റെ വിവാഹം അന്ന് കഴിഞ്ഞിരുന്നില്ല. പല ആലോചനകളും അദ്ദേഹം എന്നോടും എന്റെ പിതാവിനോടും നടത്തുകയുണ്ടായി. ഇത്തരം നിരവധി സ്വഭാവ ഗുണങ്ങളുടെ വിളനിലമായിരുന്നു മൗലാന.
വല്ല യാത്രയും തീരുമാനിച്ചുകഴിഞ്ഞാല്‍ ട്രെയ്‌നിലെ റിസര്‍വേഷന്‍, കണ്‍ഫര്‍മേഷന്‍ കാര്യങ്ങള്‍ ചോദിച്ചറിയും. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ യാത്രയുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങള്‍ നിര്‍ദേശിക്കും. ചില സ്റ്റേഷനുകളില്‍ മോഷണം പതിവാണെന്നും ശ്രദ്ധിക്കണമെന്നും ഉപദേശിക്കും. ചില സ്റ്റേഷനുകളില്‍ നല്ല ഭക്ഷണം ലഭ്യമല്ല, അതിനാല്‍ ടിഫിന്‍ കൈയില്‍ കരുതണമെന്ന് മുന്‍കൂട്ടി പറയും. ചില റൂട്ടുകളില്‍ റിസര്‍വേഷന്‍ പരിഗണിക്കാതെ ആളുകള്‍ തള്ളിക്കയറുമെന്നും അതുകൊണ്ട് രാത്രി തന്നെ നന്നായി ഉറങ്ങണമെന്നും ഉപദേശിക്കും.
രാജ്യത്തിന്റെ പല ഭാഗങ്ങളിലുള്ള പ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും അദ്ദേഹം നിത്യേന നിരവധി കത്തുകള്‍ എഴുതും. യാത്രയിലും അല്ലാത്തപ്പോഴും എഴുതാനായി പോസ്റ്റ് കാര്‍ഡിന്റെ ബണ്ട്ല്‍ കൂടെ കരുതിയിട്ടുണ്ടാവും. യാത്രകളില്‍ സുഹൃത്തുക്കളുടെ വീടുകള്‍ സന്ദര്‍ശിക്കും. ട്രെയിന്‍ നില്‍ക്കുന്ന സ്റ്റേഷനുകളില്‍ തന്നെ കാത്തിരിക്കുന്ന ആളുകളെ സ്വീകരിക്കാനായി രാത്രി ഉറക്കമിളച്ച് കാത്തിരിക്കുന്നത് കണ്ടിട്ടുണ്ട്.
ഭക്ഷണം വളരെ ലളിതമായിരുന്നു. ചപ്പാത്തിയും മുളക് ചമ്മന്തിയും കുശാല്‍ ആയ മെനുവാണ്. സുഹൃത്തുക്കളും പ്രവര്‍ത്തകരും കൊണ്ടുവരുന്ന സാധാരണ ഭക്ഷണത്തിന് ഒരുപാട് ഗുണങ്ങള്‍ പറയും. അസാധാരണമായ രീതിയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റത്തിന്.
2002-ല്‍ എസ്.ഐ.ഒയുടെ അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച് ഒരുപാട് യാത്രകള്‍ ചെയ്യേണ്ടി വന്നു. ഒരിക്കല്‍ രാത്രി ഭോപ്പാലിലെ പരിപാടി കഴിഞ്ഞ് അടുത്ത ദിവസം തന്നെ മീറത്തിലെ ഒരു വലിയ സമ്മേളനത്തില്‍ ആധ്യക്ഷം വഹിക്കേണ്ടതുണ്ടായിരുന്നു. രാത്രി ഭോപ്പാല്‍ സ്റ്റേഷനില്‍ ചെന്നപ്പോഴാണ് വണ്ടി റദ്ദാക്കിയ വിവരം അറിയുന്നത്. ദല്‍ഹിയിലേക്കുള്ള ടിക്കറ്റെടുത്ത് മറ്റൊരു വണ്ടിയില്‍ പ്രയാസപ്പെട്ടു യാത്ര ചെയ്തു ദല്‍ഹിയില്‍ ഇറങ്ങി. ഇനി മീറത്തിലേക്ക് എങ്ങനെ വണ്ടി കിട്ടും എന്ന് ഞാന്‍ ആലോചിക്കുമ്പോഴേക്കും ഈ കാര്യമെല്ലാം നേരത്തേ അന്വേഷിച്ചറിഞ്ഞ മൗലാന അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിരുന്നു. സ്റ്റേഷനിലെ കാര്യങ്ങളും റിസര്‍വേഷന്‍ സ്ഥിതിയും എന്തിനധികം മീറത്തിലെത്തിയ വിവരം, അവിടെ നടന്ന പരിപാടിയുടെ കാര്യങ്ങള്‍ എല്ലാം അദ്ദേഹം വിശദമായി ചോദിച്ചറിഞ്ഞു.
മൗലാന നേതൃത്വം ഒഴിവായി വീട്ടിലിരിക്കുമ്പോള്‍ ഒരു ബന്ധുവിന്റെ ഓപ്പറേഷനുമായി ബന്ധപ്പെട്ട് ഹൈദറാബാദില്‍ പോകേണ്ടിവന്നു. മൗലാനയെ കാണാനും പ്രാര്‍ഥിക്കാന്‍ പറയാനും വേണ്ടി ഞാനും കുടുംബവും വീട്ടിലേക്ക് ചെന്നു. നാളെ പോയാല്‍ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. പക്ഷേ ഹോസ്പിറ്റലിലെ വിവരം പറഞ്ഞപ്പോള്‍ വളരെ വേഗം ഭക്ഷണം തയാറാക്കുകയും നേരത്തേ പുറപ്പെടാന്‍ ആവശ്യപ്പെടുകയും ചെയ്തു. സ്ത്രീകളുമായി വൈകി യാത്ര ചെയ്യുന്നത് ഗുണകരമായിരിക്കില്ല എന്നതുകൊണ്ടാണ് ഇങ്ങനെ ധിറുതി കാണിച്ചത്. അതായിരുന്നു മൗലാന. ഒന്നിച്ച് ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ ഒരാളുടെ ആവശ്യത്തിനൂം താല്‍പര്യത്തിനും എതിരായി വീണ്ടും കഴിക്കാന്‍ അതിരു വിട്ട് നിര്‍ബന്ധിക്കുന്നത് ഒരിക്കലും കണ്ടിട്ടില്ല.
മൗലാനക്ക് ഓര്‍മക്കുറവുണ്ടെന്ന് പറഞ്ഞു കേട്ടിരുന്നെങ്കിലും ഞങ്ങള്‍ ഹൈദറാബാദില്‍ തിരിച്ചെത്തിയപ്പോഴേക്കും അദ്ദേഹത്തിന്റെ ഫോണ്‍ കാള്‍ വന്നു. ക്ഷേമാന്വേഷണവും തിരിച്ചെത്തിയ വിവരവും അന്വേഷിച്ചു. ഓപ്പറേഷന്‍ കഴിഞ്ഞ ഉടനെതന്നെ അദ്ദേഹം വിളിച്ച് അന്വേഷിച്ചു. ഡിസ്ചാര്‍ജ് ആയപ്പോഴും അദ്ദേഹത്തിന്റെ ഫോണ്‍ കാള്‍ വന്നു. കൃത്രിമമായ മാര്‍ഗങ്ങളിലൂടെ പ്രവര്‍ത്തകരുമായി ബന്ധം സ്ഥാപിക്കാനാവില്ല. ഹൃദയാന്തരാളങ്ങളിലെ സ്‌നേഹമായിരുന്നു അദ്ദേഹത്തില്‍നിന്ന് അനുയായികള്‍ അനുഭവിച്ചത്. നബി(സ)യുടെ സ്‌നേഹവും കാരുണ്യവും നല്‍കി അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിച്ചിരുന്നു.
ഒരു പ്രസ്ഥാന നേതാവിന് അടിസ്ഥാനപരമായി മൂന്നു കാര്യങ്ങളാണ് ചെയ്യേണ്ടി വരുന്നത്. പ്രസ്ഥാനത്തിന്റെ വിഷനും ദിശയും നിര്‍ണയിക്കുക, വ്യക്തികള്‍ക്ക് ടാസ്‌ക് നല്‍കുക, സംഘടനക്ക് സ്വാധീനം ചെലുത്തുന്ന മാതൃകയാവുക. ഈ മൂന്ന് കാര്യങ്ങളിലും സിറാജുല്‍ ഹസന്‍ സാഹിബ് നല്ല അനുഭവമാണ് പകര്‍ന്നു നല്‍കിയത്. ഈ മൂന്ന് കാര്യങ്ങളിലും വിജയിക്കണമെങ്കില്‍ ആഴത്തിലും പരപ്പിലുമുള്ള പഠനം ആവശ്യമാണ്. അദ്ദേഹത്തിന്റെ വിഷനില്‍ പ്രബോധനത്തിനായിരുന്നു കേന്ദ്രസ്ഥാനം. അര്‍ഥഗര്‍ഭമായ പ്രഭാഷണങ്ങളിലൂടെ ഈ സന്ദേശം അദ്ദേഹം പ്രവര്‍ത്തകരില്‍ എത്തിക്കുകയും അത്തരമൊരു അവബോധം അവരില്‍ സൃഷ്ടിക്കുകയും ചെയ്തു. സഹോദര സമുദായങ്ങളുമായുള്ള സ്‌നേഹബന്ധത്തിനും സഹവാസത്തിനും സ്വയം മാതൃകയാവുകയും ജമാഅത്തിനെ അതിനു സജ്ജമാക്കുകയും ചെയ്തു. അതിനായി ഒരുപാട് സ്ഥാപനങ്ങള്‍ പണിതു. ഭൂതകാലത്തെക്കുറിച്ച് അഭിമാനം കൊണ്ട്, രാജാക്കന്മാരുടെ അപദാനങ്ങള്‍ അയവിറക്കുന്നതിനു പകരം ഈ കാലഘട്ടത്തിലെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുകയാണ് മുസ്ലിംകള്‍ ചെയ്യേണ്ടതെന്ന് അദ്ദേഹം സമര്‍ഥിച്ചു. ആ ഉത്തരവാദിത്തം ദഅ്‌വത്തിന്റേതാണ്. ആ പ്രവര്‍ത്തനം ആത്മാര്‍ഥമാവണം, നിഷ്‌കാമമാവണം. ദേശീയവും വര്‍ഗപരവും മറ്റുമായ പക്ഷപാതിത്വങ്ങളില്‍ നിന്ന് ഉയര്‍ന്നു നില്‍ക്കണം. സ്വയം അതിന് ഉത്തമ മാതൃകയായിരുന്നു അദ്ദേഹം. പ്രഭാഷണങ്ങളിലൂടെ സ്വന്തം പ്രവര്‍ത്തകര്‍ക്ക് ആ ഗുണങ്ങള്‍ അദ്ദേഹം പകര്‍ന്നുകൊടുത്തു.
അദ്ദേഹത്തിന്റെ കാലത്ത് സംഘടനാ നേതൃത്വം തികച്ചും മാതൃകാപരവും ഒരു പാട് പ്രത്യേകതകള്‍ ഉള്ളതുമായിരുന്നു. കൂടിയാലോചന ആയിരുന്നു ഏറ്റവും വലിയ പ്രത്യേകത. അത് ആവശ്യത്തിലധികം ആണെന്ന് ചിലര്‍ പരിഭവിക്കുകയും വിമര്‍ശിക്കുകയും വരെ ചെയ്തിരുന്നു. പക്ഷേ അദ്ദേഹം തന്റെ രീതി തുടരുക തന്നെ ചെയ്തു. രണ്ടാമത്തെ ഗുണം ഡെലിഗേഷന്‍/ഏല്‍പ്പിച്ചു കൊടുക്കല്‍ ആയിരുന്നു. പ്രവര്‍ത്തനങ്ങളും അധികാരങ്ങളും അദ്ദേഹം അസിസ്റ്റന്റുമാര്‍ക്ക് വീതിച്ചു നല്‍കുകയും അവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള മികച്ച അവസരങ്ങള്‍ ഒരുക്കുകയും ചെയ്തു. വൈജ്ഞാനികവും ചിന്താപരവുമായ നേതൃത്വത്തിനു വേണ്ടി അദ്ദേഹം സമീപിച്ചത് മൗലാന സയ്യിദ് ജലാലുദ്ദീന്‍ ഉമരി, ഡോ. ഫസ്‌ലുര്‍റഹ്മാന്‍ ഫരീദി, ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി പോലുള്ള വ്യക്തിത്വങ്ങളെയായിരുന്നു. സംഘടനാ കാര്യങ്ങള്‍ക്കായി ശഫീ മൂനിസ്, മുഹമ്മദ് ജഅ്ഫര്‍ എന്നിവരില്‍ പൂര്‍ണ വിശ്വാസമര്‍പ്പിച്ചു. സാമുദായിക - രാഷ്ട്രീയ കാര്യങ്ങളില്‍ ശഫീ മൂനിസ്, സയ്യിദ് യൂസുഫ്, അബ്ദുല്‍ ഖയ്യൂം പോലുള്ള വ്യക്തിത്വങ്ങള്‍ക്ക് പൂര്‍ണമായും അവസരം നല്‍കി. ഇപ്രകാരം സംഘടിത നേതൃത്വത്തിന് പുതിയ നക്ഷത്ര ചക്രവാളം കേന്ദ്രത്തില്‍ അദ്ദേഹം തുറന്നുവെച്ചു. യുവാക്കളെയും പുതുമുഖങ്ങളെയും ഉത്തരവാദിത്തം ഏല്‍പ്പിച്ചുകൊണ്ട് സംഘടനാ രംഗത്തെ മൂന്നാമത്തെ മാതൃകയും ഭംഗിയായി അവതരിപ്പിച്ചു.
തന്റെ ഒന്നാമത്തെയും രണ്ടാമത്തെയും പ്രവര്‍ത്തന കാലയളവുകളില്‍ അദ്ദേഹം നിശ്ചയിച്ച സംസ്ഥാന അമീറുമാര്‍ പുതിയ പരീക്ഷണമായിരുന്നൂ; ധീരമായ തീരുമാനവും. മിക്ക ഹല്‍ഖകളിലും പുതുതലമുറയായിരുന്നു സംഘടനാ സാരഥ്യമേറ്റത്. അതു വഴി ജമാഅത്തിന് പുത്തനുണര്‍വ് നല്‍കുന്നതിനും ശക്തിയും കരുത്തും സമാഹരിക്കുന്നതിനും സാധിച്ചു. യുവാക്കളുടെ തര്‍ബിയത്തിനും അദ്ദേഹത്തിന് സ്വന്തമായ രീതിയുണ്ടായിരുന്നു; അന്യാദൃശമായ ഒരു ശൈലി.
ഗ്രാമാന്തരങ്ങളിലെ സന്ദര്‍ശനങ്ങളില്‍ സംസ്ഥാന അമീറുമാരെ ഒപ്പം കൂട്ടിയിരുന്നു. അങ്ങനെ ഹല്‍ഖാ അമീറുമാര്‍ക്ക് സംസ്ഥാനത്തെ മുക്കുമൂലകള്‍ വരെ സുപരിചിതമായി. സഹവാസത്തിലൂടെ പരസ്പരം പ്രയോജനപ്പെടുത്താനുള്ള നിരവധി അവസരങ്ങള്‍ തുറന്നുകിട്ടി. സംഘടനാ പ്രശ്‌നങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കാനും പ്രവര്‍ത്തനങ്ങളും പദ്ധതികളും ഭംഗിയായും ചിട്ടയോടും പൂര്‍ത്തിയാക്കാനുമുള്ള ഒരുപാട് അവസരങ്ങള്‍ ഉണ്ടാവുകയും ചെയ്തു.
എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് എന്ന നിലക്ക് അദ്ദേഹത്തോടൊപ്പം യാത്രചെയ്യാന്‍ എനിക്ക് അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സന്ദര്‍ശനവേളകള്‍ക്കു പുറമെ ദല്‍ഹിയില്‍ താമസിക്കുമ്പോള്‍ പ്രമുഖരുമായുള്ള കൂടിക്കാഴ്ചകളിലും സുപ്രധാന യോഗങ്ങളിലും പങ്കെടുത്തിരുന്നു. പ്രമുഖരുമായി ബന്ധപ്പെടാനും അവര്‍ സംബന്ധിച്ച യോഗങ്ങളില്‍ സംസാരിക്കാനും അങ്ങനെ അവസരമുണ്ടായി. അദ്ദേഹം മുന്‍കൈയെടുത്ത് യൗവനകാലത്ത് ഒരുക്കിത്തന്ന ഈ അവസരങ്ങള്‍ സംഘടനാപരവും നേതൃപരവുമായ തര്‍ബിയത്തിന് അസാധാരണമാംവിധം സഹായകമായി എന്ന് ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു.
2007 മുതല്‍ 2011 വരെയുള്ള മീഖാത്തില്‍ കേന്ദ്ര മജ്‌ലിസ് ശൂറാ അംഗം എന്ന നിലക്ക് അദ്ദേഹത്തോടൊപ്പം യോഗങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. അദ്ദേഹമാകട്ടെ ഞാന്‍ ജനിക്കുന്നതിനു മുമ്പേ കേന്ദ്ര മജ്‌ലിസ് ശൂറാ അംഗമായിരുന്നു. എന്റെ പ്രാസ്ഥാനികവും സംഘടനാപരവുമായ തര്‍ബിയത്ത് അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെയും തണലിലാണ് വികാസം പ്രാപിച്ചത്. എന്നാല്‍ ആ മഹാരഥന്മാരുടെ മുമ്പില്‍ എന്തെങ്കിലും അഭിപ്രായം പ്രകടിപ്പിക്കുന്നതില്‍ യാതൊരു പ്രയാസവും ഉണ്ടായിട്ടില്ല എന്നത് എടുത്തുപറയേണ്ട സംഗതിയാണ്. സര്‍വതന്ത്ര സ്വതന്ത്രമായി സംസാരിക്കാനും അഭിപ്രായങ്ങള്‍ പറയാനുമുള്ള അവസരം അവര്‍ നല്‍കി. അവരുമായി യോജിച്ചും വിയോജിച്ചും അഭിപ്രായം രേഖപ്പെടുത്താന്‍ യാതൊരു തടസ്സവും ഉണ്ടായിരുന്നില്ല. ചൂടേറിയ ചര്‍ച്ചകളിലും സജീവമായി പങ്കെടുത്തു. ഇതെല്ലാം ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും അതിന്റെ സംസ്‌കാരവും ആണെന്നതോടൊപ്പം മൗലാനയെപ്പോലുള്ള വിശാലമനസ്‌കരായ നേതാക്കന്മാരുടെ സംഭാവന കൂടിയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.
അല്ലാഹുവുമായുള്ള ആഴത്തിലുള്ള ബന്ധവും, അവന്റെ അടിയാറുകളോടുള്ള ഊഷ്മളമായ ബന്ധവും തമ്മില്‍ പ്രത്യേകമായ ഒരു ഇഴയടുപ്പമുണ്ട്. അല്ലാഹുവിനോടുള്ള സ്‌നേഹമാണ് മനുഷ്യഹൃദയത്തില്‍ മാനുഷികമായ സ്‌നേഹവികാരങ്ങള്‍ അങ്കുരിപ്പിക്കുന്നത്.
മൗലാനയുടെ ഇബാദത്തിനെക്കുറിച്ച് യാത്രകളിലും സഹവാസങ്ങളിലും അടുത്തറിയാന്‍ അവസരം ലഭിച്ചപ്പോള്‍ അത് എന്നെ വല്ലാതെ ആകര്‍ഷിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്തു. എന്ത് ജോലിത്തിരക്കിനിടയിലും ക്ഷീണിച്ച അവസ്ഥയിലും തഹജ്ജുദിനു വേണ്ടി ഉണരുന്ന പതിവ് മൗലാന തെറ്റിക്കുമായിരുന്നില്ല.പ്രഭാത നമസ്‌കാര സമയത്തിന് എത്രയോ മുമ്പ് ഉണരുകയും കുളിയും മറ്റു പ്രഭാതകര്‍മങ്ങളും നിര്‍വഹിച്ച് തഹജ്ജുദ് നമസ്‌കാരത്തിലും ഖുര്‍ആന്‍ പാരായണത്തിലും ദിക്‌റുകളിലും മുഴുകുകയായിരുന്നു പതിവ്.
പൈല്‍സ്, മൈഗ്രൈന്‍ പോലുള്ള രോഗങ്ങള്‍ക്ക് മൗലാനയുടെ മരുന്നും പ്രാര്‍ഥനയും ഏറെ ഫലം ചെയ്തിരുന്നതായി അനുഭവസ്ഥര്‍ പറയുന്നു. അദ്ദേഹം ചെല്ലുന്നിടത്തൊക്കെ ഇത്തരം രോഗികള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. വളരെ പഴക്കം ചെന്ന രോഗങ്ങള്‍ പോലും സുഖപ്പെട്ടിരുന്നുവെന്ന അനുഭവവിവരണങ്ങള്‍ ധാരാളം കേട്ടിട്ടുണ്ട്.
അല്ലാഹുവുമായുള്ള ആഴത്തിലുള്ള ബന്ധം, അവന്റെ അടിമകളോടുള്ള ഹൃദയം നിറഞ്ഞ സ്‌നേഹം, മനുഷ്യസമൂഹത്തിന് മുഴുവനും ക്ഷേമവും സന്തോഷവും സന്മാര്‍ഗവും ലഭിക്കണമെന്ന അഭിവാഞ്ഛ ഇതൊക്കെ അദ്ദേഹത്തിന്റെ ജീവിതത്തിലെ സമുന്നത ലക്ഷ്യങ്ങളില്‍ പെടുന്നു. അതിനുവേണ്ടി ജീവന്‍ സമര്‍പ്പിക്കാന്‍ സന്നദ്ധനാവുകയും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. ഈ ഗുണങ്ങളാണ് വിശ്വാസിയുടെ ഏറ്റവും മഹത്തായ പദവിക്കും ഔന്നത്യത്തിനും നിമിത്തമാകുന്നത്. ഈ അര്‍ഥത്തില്‍ തീര്‍ച്ചയായും അത്യുന്നതവും അന്തസ്സാര്‍ന്നതുമായ വ്യക്തിത്വത്തിനുടമയായിരുന്നു മൗലാനാ സിറാജുല്‍ ഹസന്‍ സാഹിബ്. അല്ലാഹു മൗലാനക്ക് കാരുണ്യത്തിന്റെ ചിറകുകള്‍ വിടര്‍ത്തിക്കൊടുക്കുമാറാകട്ടെ, അദ്ദേഹത്തിന്റെ മഹത്തായ സേവനങ്ങളും ത്യാഗങ്ങളും അധ്വാന പരിശ്രമങ്ങളും അല്ലാഹു സ്വീകരിക്കുമാറാകട്ടെ, അദ്ദേഹത്തിന് ഉന്നതമായ പകരം നല്‍കി അല്ലാഹു ഇസ് ലാമികപ്രസ്ഥാനത്തെ അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.
വിവ: പി.പി അബ്ദുര്‍റഹ്മാന്‍, കൊടിയത്തൂര്‍
Comments