നേതൃപാടവത്തിന്റെ നേര്‍സാക്ഷ്യം
എണ്‍പത്തിയെട്ടു വയസ്സുള്ള മൗലാനാ സിറാജുല്‍ ഹസന്‍ സാഹിബ് അല്ലാഹുവിലേക്ക് യാത്രയായിരിക്കുന്നു. മികച്ച ആരോഗ്യത്തിന്റെ ഉടമയായ മൗലാന സദാ ഉന്മേഷവാനായിരുന്നു. ജമാഅത്തെ ഇസ്ലാമി കര്‍ണാടകാ അമീറായി ഇരുപത്തിയാറു വര്‍ഷവും കേന്ദ്ര അമീറായി തുടര്‍ച്ചയായി പതിമൂന്നു വര്‍ഷവും സേവനമനുഷ്ഠിച്ചുവെന്നത് അദ്ദേഹത്തിന്റെ അനുപമമായ നേതൃപാടവത്തിന്റെ നേര്‍സാക്ഷ്യമാണ്.
അത്യഗാധ മതപണ്ഡിതനോ ബുദ്ധിജീവിയോ ആയിരുന്നില്ല സിറാജുല്‍ ഹസന്‍ സാഹിബ്. അതേസമയം, പണ്ഡിതരുടെയും ബുദ്ധിജീവികളുടെയും ഒരു സൗഹൃദവലയം അദ്ദേഹത്തിനുണ്ടായിരുന്നു. സാധാരണക്കാരനെയും മതപണ്ഡിതനെയും ബുദ്ധിജീവിയെയും ആകര്‍ഷിക്കുന്ന ഹൃദ്യമധുരമായ സ്വഭാവവിശുദ്ധി മൗലാനയുടെ സവിശേഷതയായിരുന്നു.
പാകിസ്താനില്‍ അയ്യൂബ് ഖാന്റെ പട്ടാളഭരണകാലത്ത് ദയൂബന്ദ് ദാറുല്‍ ഉലൂം മതപഠനകേന്ദ്രത്തില്‍നിന്ന് ജമാഅത്തിനെതിരെ നിരന്തരം മതവിധികള്‍ പുറപ്പെട്ടുകൊണ്ടിരുന്നു. പില്‍ക്കാലത്ത്, പ്രസ്തുത മതകേന്ദ്രത്തിലെ പണ്ഡിതരുടെ മനസ്സു മാറ്റാന്‍ പോലും മൗലാനയുടെ പെരുമാറ്റരീതിക്ക് സാധ്യമായെന്നത് ചരിത്രവസ്തുതയാണ്. ജമാഅത്തിനും ദാറുല്‍ ഉലൂമിനും ഇടയില്‍ നിലനിന്ന പ്രശ്‌നങ്ങളുടെ മഞ്ഞുരുക്കത്തിന് തുടക്കം കുറിച്ചു. 'ബര്‍ഫ് പിഗല്‍ രഹീ ഹെ' എന്നായിരുന്നു ദയൂബന്ദ് പണ്ഡിതര്‍തന്നെ മൗലാനയുടെ ഇടപെടലിനെ വിശേഷിപ്പിച്ചത്.
ത്വരീഖത്ത് ഗുരുക്കന്മാരുടെ ദര്‍ഗകളിലും മഠങ്ങളിലും കയറിച്ചെന്ന് സ്വന്തം സ്വഭാവനൈര്‍മല്യംകൊണ്ട് അവരെ സ്വാധീനിക്കാന്‍ മൗലാനക്ക് സാധിക്കുമായിരുന്നു. ഇത്തരം സവിശേഷതകള്‍ ഉള്ളതോടൊപ്പം ഒരു പ്രസ്ഥാനത്തിന്റെ അധ്യക്ഷസ്ഥാനം നീണ്ട നാലു പതിറ്റാണ്ടുകാലം വഹിച്ചുവെന്നത് അസാധാരണ സംഭവം തന്നെയാണ്.
എനിക്ക് മൗലാനയുമായുള്ളത് പ്രസ്ഥാനബന്ധം മാത്രമല്ല, തുറന്ന വ്യക്തിബന്ധം കൂടിയാണ്. കര്‍ണാടകയിലെ റായ്ച്ചൂരിലെ മൗലാനയുടെ വീട് ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥാകാലത്ത് ജമാഅത്ത് നിരോധിക്കപ്പെട്ടപ്പോള്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ട ഒരു സ്വകാര്യ കേന്ദ്രസന്ദേശം ബംഗളൂരുവില്‍ ജയിലിലുള്ള മൗലാനക്ക് എത്തിക്കേണ്ടതുണ്ടായിരുന്നു. ഞാനും സുഹൃത്തും ബംഗളൂരുവില്‍ പോയി അദ്ദേഹത്തിന്റെ മകനെ കൂട്ടുപിടിച്ചു. പറയാനുള്ള സന്ദേശം മകനെക്കൊണ്ട് കാണാപാഠം ചൊല്ലിപഠിപ്പിച്ചു. അടുത്ത കുടുംബത്തിനു മാത്രമാണ് ജയില്‍ സന്ദര്‍ശനം അനുവദിച്ചിരുന്നത്. അതുപയോഗപ്പെടുത്തി സന്ദേശം മകന്‍ പിതാവിന് ജയിലിലെത്തിച്ച സംഭവം ഓര്‍ക്കുകയാണ്.
മറ്റൊരു സന്ദര്‍ഭത്തില്‍ മൈസൂരുവില്‍ നടന്ന കര്‍ണാടക ജമാഅത്തിന്റെ സമ്മേളനത്തില്‍ എന്നെ പ്രഭാഷകനായി ക്ഷണിക്കുകയുണ്ടായി. ഞാനെത്തിയത് ശ്രദ്ധിക്കപ്പെടാതെ സമ്മേളനം കഴിയുന്നതുവരെ പ്രയാസപ്പെടേണ്ടിവന്ന സംഭവത്തില്‍ മൗലാന ഖേദം പ്രകടിപ്പിച്ച് കേരള ഹല്‍ഖാ അമീറിനും എനിക്കും ആവര്‍ത്തിച്ച് സന്ദേശങ്ങള്‍ അയക്കുകയുണ്ടായി. അവയൊക്കെ അദ്ദേഹത്തിന്റെ സ്വഭാവമഹിമയുടെ ഭാഗമായാണ് ഞാനിവിടെ കുറിക്കുന്നത്.
മറ്റൊരു കാര്യം, കഠിനമായ തലവേദനക്ക് സിറാജുല്‍ ഹസന്‍ സാഹിബിന് ഒരു 'മാന്ത്രിക'ചികിത്സ ഉണ്ടായിരുന്നു. പ്രതിഫലം വാങ്ങാതെയുള്ള ഈ ചികിത്സക്ക് അദ്ദേഹം സമയം കണ്ടെത്തുമായിരുന്നു. മൗലാന നാട്ടിലെത്തിയ വിവരമറിഞ്ഞാല്‍ നൂറുകണക്കിന് സാധാരണക്കാര്‍ ചികിത്സക്ക് വരുമായിരുന്നു. ഒരു ഞരമ്പില്‍ വിരലമര്‍ത്തിക്കൊണ്ട് പ്രാര്‍ഥന നടത്തി മൗലാന ഊതും. രോഗികള്‍ അതിനെ ഒരു മന്ത്രമായാണ് കണ്ടിരുന്നത്. നല്ല ശമനം അനുഭവപ്പെട്ടുകൊണ്ടാണ് അവര്‍ തിരിച്ചുപോവുക. ഈ ചികിത്സയുടെ പൊരുള്‍ അന്വേഷിക്കാതിരുന്നതില്‍ ഇപ്പോഴെനിക്ക് ഖേദം തോന്നുന്നു. ഞരമ്പിന്മേലുള്ള അമര്‍ത്തല്‍ ഒരുപക്ഷേ, തലവേദന മാറ്റുന്ന തരത്തിലുള്ളതാവാം. പ്രാര്‍ഥന മനസ്സമാധാനവും നല്‍കുന്നുണ്ടാവും. ഏതായാലും, സാധാരണക്കാരില്‍ സാധാരണക്കാരനോടു പോലും ഇഴചേര്‍ന്ന് വര്‍ത്തിക്കാന്‍ ഈ വലിയ മനുഷ്യന് സാധിക്കുമായിരുന്നു.
ജമാഅത്തിന്റെ കേന്ദ്ര അമീറായിരിക്കുമ്പോള്‍ സിറാജുല്‍ ഹസന്‍ സാഹിബ് ഒരു പ്രസ്ഥാനത്തിന്റെ മാത്രമല്ല, ഇന്ത്യന്‍ മുസ്ലിം സമൂഹത്തിന്റെ നേതാവ് കൂടിയായിരുന്നു. അവരുടെ മുഴുവന്‍ പ്രശ്‌നങ്ങളിലും അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു. അതിനാലാണ് മുസ്ലിം മജ്‌ലിസെ മുശാവറയിലും മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിലും മറ്റു വേദികളിലും മൗലാന സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ചത്. ജമാഅത്തും ഇന്ത്യന്‍ മുസ്ലിം സമൂഹവും മൗലാനയെയും അദ്ദേഹത്തിന്റെ കഴിവുകളെയും സേവനങ്ങളെയും അംഗീകരിച്ചുവെന്നതാണ് യാഥാര്‍ഥ്യം. അതിനാല്‍, മൗലാനയുടെ വിയോഗം പ്രസ്ഥാനത്തിന്റെ മാത്രമല്ല, സമുദായത്തിന്റെയും സമൂഹത്തിന്റെയും നഷ്ടം കൂടിയാണ്. ദീര്‍ഘകാലം ആ വിടവ് നിലനില്‍ക്കും. പരേതാത്മാവിന് ദൈവം അവന്റെ കാരുണ്യത്തിന്റെ സ്വര്‍ഗത്തില്‍ സ്ഥാനം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.
കേട്ടെഴുത്ത്: ശമീര്‍ബാബു കൊടുവള്ളി
Comments