കേരളം മാതൃകയാവുന്നു
കോവിഡ് പോലുള്ള മഹാമാരിയെ നേരിടാനുള്ള ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള് മിക്ക രാഷ്ട്രങ്ങള്ക്കും ഉണ്ടായിരുന്നില്ല എന്ന സത്യം ഇന്നിപ്പോള് എല്ലാവരും അംഗീകരിക്കുന്നു. പൗരന്മാര്ക്ക് ആരോഗ്യ സുരക്ഷയൊരുക്കുന്ന കാര്യത്തില് അമ്പേ പരാജയപ്പെട്ടവരില് അമേരിക്കയും പടിഞ്ഞാറന് യൂറോപ്യന് രാജ്യങ്ങളും മുന്നിരയില് തന്നെയുണ്ട്. അവര് സ്വയം എടുത്തണിയുന്ന വികസിതം എന്ന വിശേഷണം എത്രമാത്രം പൊള്ളയായിരുന്നുവെന്ന് ഇന്ന് ലോകം തിരിച്ചറിയുന്നു. ആര്ത്തിക്കല്ലാതെ മനുഷ്യന് ഇടമില്ലാത്ത ലിബറല് തത്ത്വശാസ്ത്രത്തിന്റെ തകര്ച്ചയായും ഇത് വിലയിരുത്തപ്പെട്ടു കഴിഞ്ഞു. ഇതുയര്ത്തുന്ന നൈതിക പ്രശ്നങ്ങള് കഴിഞ്ഞ ലക്കത്തില് ഞങ്ങള് ചര്ച്ച ചെയ്തിരുന്നു. ഈ ലക്കത്തിലും അത്തരം ചര്ച്ചകള് തുടരുന്നുണ്ട്.
ആഗോളവല്ക്കരിക്കപ്പെട്ടുകഴിഞ്ഞ ലോകത്ത് ആഗോളവത്കൃത ആരോഗ്യ സുരക്ഷാ സംവിധാനവും അത്യാവശ്യമായിരുന്നു. ഏതൊരു നാട് നേരിടുന്ന ആരോഗ്യ പ്രതിസന്ധിയും ആ നാട്ടില് മാത്രമായി ഒതുങ്ങിനില്ക്കില്ല. രാഷ്ട്ര സമ്പദ്ഘടനകളുടെ പരസ്പരാശ്രിതത്വവും ടൂറിസത്തിന്റെ അസാധാരണമായ വ്യാപനവും മറ്റും മുമ്പില് വെച്ചാല് ഏതൊരു രാജ്യത്ത് പൊട്ടിപ്പുറപ്പെടുന്ന മഹാമാരിയും ഉടനടി നിയന്ത്രണവിധേയമാക്കാന് മുഴുവന് രാഷ്ട്ര ഭരണകൂടങ്ങളും ഇറങ്ങിപ്പുറപ്പെടേണ്ടതായിരുന്നു. അങ്ങനെയുണ്ടായില്ല എന്നു മാത്രമല്ല, 'ചൈനീസ് വൈറസ്' പോലുള്ള വംശവെറിയന് പ്രയോഗങ്ങളിലൂടെ വൈറസ് പൊട്ടിപ്പുറപ്പെട്ട രാജ്യത്തെ അപമാനിക്കാനും കൊച്ചാക്കാനുമാണ് അമേരിക്കന് പ്രസിഡന്റ് പോലും ശ്രമിച്ചത്. ഈയൊരു നിരുത്തരവാദപരമായ നിലപാടിനുള്ള കനത്ത വിലയാണ് അമേരിക്കയും യൂറോപ്യന് യൂനിയന് രാഷ്ട്രങ്ങളും ഇപ്പോള് ഒടുക്കിക്കൊണ്ടിരിക്കുന്നത്. മുഴുവന് ലോക രാഷ്ട്രങ്ങളും (whole of government) ലോക ജനസമൂഹങ്ങളും (whole of society) പങ്കാളികളാകുന്ന ഒരു സമഗ്ര ആരോഗ്യ പരിരക്ഷാ സംവിധാനത്തിനേ ക്രിയാത്മകമായി ഇത്തരം ആഗോള ഭീഷണികളെ നേരിടാനാവൂ. രാഷ്ട്രതലത്തിലെങ്കിലും ഇത്തരം മഹാമാരികളെ നേരിടാനുള്ള മുന്കരുതല് ഉണ്ടാവണമെന്ന് ലോകാരോഗ്യ സംഘടന വളരെ മുമ്പേ മുന്നറിയിപ്പ് നല്കിയതാണ്. രണ്ടു വര്ഷം മുമ്പ് 'മഹാമാരി പ്രതികരണ ടീമി'നെ തന്നെ പിരിച്ചുവിട്ടുകൊണ്ടാണ് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് ഇതിനോട് പ്രതികരിച്ചത്.
എന്നാല് തുടക്കത്തിലേ രോഗം പടര്ന്ന സിംഗപ്പൂര്, തായ്വാന് പോലുള്ള ഏഷ്യന് രാജ്യങ്ങള് കൊറോണാ വൈറസ് വ്യാപനത്തെ ചെറുക്കുന്നതില് വലിയൊരളവോളം വിജയിക്കുകയുണ്ടായി. സാര്സ്, എച്ച് 1 എന് 1 പോലുള്ള പകര്ച്ചവ്യാധികളെ നേരിട്ട മുന് പരിചയമുണ്ടവര്ക്ക്. ഏതാനും വര്ഷങ്ങള്ക്കു മുമ്പ് പടിഞ്ഞാറന് ആഫ്രിക്കയില് എബോള പടര്ന്നു പിടിച്ചപ്പോള് അതിനെ ചെറുക്കാനായി ഒരു സമഗ്ര ആരോഗ്യ പരിരക്ഷാ പദ്ധതി അവര് ആവിഷ്കരിക്കുകയുണ്ടായി. ആരോഗ്യ പ്രവര്ത്തകര്ക്ക് പ്രത്യേകം പരിശീലനം നല്കല്, നിലവിലെ ആരോഗ്യ സംവിധാനത്തിലേക്ക് മഹാമാരിയെ നേരിടാനുള്ള ഉപകരണങ്ങളും മറ്റും എത്രയും പെട്ടെന്ന് എത്തിക്കല്, രോഗബാധിതരെയും ബാധിക്കാന് സാധ്യതയുള്ളവരെയും കണ്ടെത്തി ഉടനടി മാറ്റിപ്പാര്പ്പിക്കല് തുടങ്ങിയവക്കാണ് ഈ സമഗ്ര പദ്ധതിയില് ഊന്നല് നല്കുക. ജനസാമാന്യം ഈ പദ്ധതിയില് വിശ്വാസമര്പ്പിക്കുക എന്നതും വളരെ പ്രധാനമാണ്. ജനപിന്തുണയോടെ മാത്രമേ അത് വിജയിപ്പിച്ചെടുക്കാനാകൂ. ട്രംപിനെപ്പോലുള്ളവര് അടിക്കടി പരസ്പരവിരുദ്ധമായ പ്രസ്താവനകള് നടത്തിക്കൊണ്ടിരുന്നതാണ് അമേരിക്കയില് ജനം ആശയക്കുഴപ്പത്തിലാവാനും കാര്യങ്ങള് പിടിവിട്ടുപോകാനും നിമിത്തമായത്.
ഈ സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി ഫലപ്രദമായി നടപ്പാക്കാന് കഴിഞ്ഞു എന്നതാണ് കേരളത്തിന്റെ വിജയം. ചില വീഴ്ചകള് ചൂണ്ടിക്കാട്ടാനുണ്ടെങ്കിലും, പൊതുസമൂഹത്തെ വിശ്വാസത്തിലെടുത്തു കൊണ്ടാണ് കേരള സര്ക്കാര് പ്രതിരോധ കവചമൊരുക്കിയത്. പൊതുജന സംഘടനകളും മത സാംസ്കാരിക കൂട്ടായ്മകളും സ്വകാര്യ ആശുപത്രി സംവിധാനങ്ങളുമെല്ലാം തന്നെ അതില് ഭാഗഭാക്കായി. നിപ്പ പോലുള്ള പകര്ച്ചവ്യാധികളെ തടഞ്ഞുനിര്ത്താനായതിന്റെ അനുഭവപരിചയവും നമുക്ക് മുതല്ക്കൂട്ടായി. വികസിത രാഷ്ട്രങ്ങള് വരെ മുഖം കുത്തി വീഴുമ്പോള്, ലോക ശ്രദ്ധ നേടിയ മികച്ച പ്രതിരോധ സംവിധാനം ഉയര്ത്തിക്കൊണ്ടു വരാനായി എന്നതില് കേരളീയര്ക്ക് അഭിമാനിക്കാം.
Comments