വംശീയതയെ തോല്‍പ്പിക്കുന്ന വിശ്വാസം
വിശുദ്ധ ഖുര്‍ആന്‍ ഏറ്റവും കൂടുതല്‍ പുകഴ്ത്തിപ്പറഞ്ഞ ദൈവദൂതനാണ് ഇബ്‌റാഹീം നബി. അല്ലാഹു അദ്ദേഹത്തെ തന്റെ കൂട്ടുകാരനെന്ന് വിശേഷിപ്പിച്ചു. അദ്ദേഹം കേവലം ഒരു വ്യക്തിയല്ല, സമുദായമായിരുന്നുവെന്നും ജനങ്ങളുടെ നേതാവായിരുന്നുവെന്നും പ്രശംസിച്ചിട്ടുണ്ട്. ഇബ്‌റാഹീം പ്രവാചകന്‍ ഏറെ ക്ഷമാശീലനും പരമ ദയാലുവും ശുദ്ധമാനസനും നിര്‍മലഹൃദയനും കര്‍മകുശലനും പശ്ചാത്താപ പ്രകൃതനുമൊക്കെയായിരുന്നുവെന്ന് എടുത്തുപറഞ്ഞ ഖുര്‍ആന്‍ ഏവര്‍ക്കും അനുകരണീയമായ ജീവിതപാതയുടെ ഉടമയെന്നും അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുണ്ട്. എന്നിട്ടും പരിശുദ്ധ ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശമുള്ളത് മൂസാ നബിയെക്കുറിച്ചാണ്. ഏറ്റവും കൂടുതല്‍ വിശദീകരിക്കപ്പെട്ട ജീവിതവും അദ്ദേഹത്തിന്റേതു തന്നെ. മൂസാ നബിയുടെ ശൈശവത്തിലെയും ബാല്യത്തിലെയും യൗവനത്തിലെയും ജീവിതാനുഭവങ്ങളും പ്രബോധന പ്രവര്‍ത്തനങ്ങളും വിശദമായിത്തന്നെ വിവരിക്കുന്നു. എന്തുകൊണ്ടായിരിക്കുമിത്? ഏറെയൊന്നും ആലോചിക്കാതെ ഏവര്‍ക്കും ഇതിന്റെ കാരണം മനസ്സിലാക്കാവുന്നതേയുള്ളൂ. മറ്റു പ്രവാചകന്മാര്‍ക്ക് പരമപ്രധാനമായി ഒരു ചുമതലയേ നിര്‍വഹിക്കാനുണ്ടായിരുന്നുള്ളു. എന്നാല്‍ മൂസാ നബിക്ക് മൂന്ന് ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ടായിരുന്നു. വംശീയാതിക്രമങ്ങള്‍ക്കിരയായി കൊടിയ പീഡനങ്ങള്‍ അനുഭവിച്ചു കൊണ്ടിരുന്ന സ്വന്തം ജനതയുടെ വിമോചനം, അവരുടെ സംസ്‌കരണം, കടുത്ത വംശീയവാദികളായ ഖിബ്ത്വികളോടുള്ള ഇസ്‌ലാമിക പ്രബോധനം എന്നിവ. അതെല്ലാം എങ്ങനെ നിര്‍വഹിച്ചുവെന്നും ഖുര്‍ആനില്‍ വിശദാംശങ്ങളുണ്ട്.
വംശീയഭ്രാന്തിന്റെ കൊടുമുടിയില്‍
മൂസാ നബിയുടെ പേര് കഴിച്ചാല്‍ ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ട നാമം ഏതെങ്കിലും പ്രവാചകന്റേതല്ല. എക്കാലത്തെയും ഏറ്റവും കടുത്ത വംശീയവാദിയായ ഫറവോന്റേതാണ്. കാലം കണ്ട കൊടിയ മര്‍ദകനും ക്രൂരനായ ഏകാധിപതിയും ഭീകര ഭരണാധികാരിയായിരുന്ന അയാള്‍ സകല തിന്മകളുടെയും മൂര്‍ത്ത രൂപമായിരുന്നു. ഫറവോന്‍ ആരായിരുന്നുവെന്ന് മനസ്സിലാക്കാന്‍ ഖുര്‍ആന്‍ ഉദ്ധരിച്ച അയാളുടെ അവകാശവാദങ്ങള്‍ തന്നെ ധാരാളം.
''ഫറവോന്‍ തന്റെ ജനത്തോട് വിളിച്ചുചോദിച്ചു: എന്റെ ജനമേ, ഈജിപ്തിന്റെ ആധിപത്യം എനിക്കല്ലേ? ഈ നദികള്‍ ഒഴുകുന്നത് എന്റെ താഴ്ഭാഗത്തുകൂടി അല്ലേ?'' (43:51)
''ഫറവോന്‍ പറഞ്ഞു: അല്ലയോ പ്രമാണിമാരേ, ഞാനല്ലാതെ നിങ്ങള്‍ക്കൊരു ദൈവമുള്ളതായി എനിക്കറിയില്ല'' (28:38).
''അവന്‍ പ്രഖ്യാപിച്ചു: ഞാനാണ് നിങ്ങളുടെ സര്‍വോന്നതനായ നാഥന്‍'' (79:24).
ഇസ്രാഈല്യരായിരുന്നു അവിടത്തെ പാരമ്പര്യ മുസ്‌ലിം സമുദായം. കോപ്റ്റ് വംശീയവാദികളാല്‍ അതിക്രൂരമായി അടിച്ചമര്‍ത്തപ്പെടുകയും അടിമകളാക്കപ്പെടുകയും ചെയ്ത അവര്‍ അത്യധികം അപമാനിതരും നിന്ദിതരും പീഡിതരുമായാണ് കഴിഞ്ഞുകൂടിയിരുന്നത്. ഇസ്രാഈല്യരുടെ ഈ ദുര്‍ബലാവസ്ഥക്ക് മാറ്റം വരാതിരിക്കാനായി ഫറവോന്‍ അവരില്‍ പിറന്നു വീഴുന്ന ആണ്‍കുഞ്ഞുങ്ങളെ ക്രൂരമായി കൊലപ്പെടുത്തുക പതിവാക്കിയിരുന്നു.
''ഫറവോന്‍ നാട്ടില്‍ അഹങ്കരിച്ചു നടന്നു. അന്നാട്ടുകാരെ വിവിധ വിഭാഗങ്ങളാക്കി. അവരിലൊരു വിഭാഗത്തെ പറ്റേ ദുര്‍ബലരാക്കി. അവരിലെ ആണ്‍കുട്ടികളെ അറുകൊല ചെയ്തു. പെണ്‍മക്കളെ ജീവിക്കാന്‍ വിട്ടു. അവന്‍ നാശകാരികളില്‍ പെട്ടവനായിരുന്നു, തീര്‍ച്ച'' (28:4).
''ഫറവോന്റെ ആള്‍ക്കാരില്‍നിന്ന് നിങ്ങളെ നാം രക്ഷിച്ചത് ഓര്‍ക്കുക. ആണ്‍കുട്ടികളെ അറുകൊല ചെയ്തും പെണ്‍കുട്ടികളെ ജീവിക്കാന്‍ വിട്ടും അവന്‍ നിങ്ങളെ കഠിനമായി പീഡിപ്പിക്കുകയായിരുന്നു. അതില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍നിന്നുള്ള കഠിന പരീക്ഷണമുണ്ടായിരുന്നു'' (2:49).
വിമോചനം സാധ്യമായത്
മൂസാ നബിയുടെ നിയോഗ ലക്ഷ്യങ്ങളിലൊന്ന് മര്‍ദിതരായ ഇസ്രാഈലീ സമൂഹത്തിന്റെ വിമോചനമായിരുന്നു. ഇക്കാര്യം ഖുര്‍ആന്‍ അസന്ദിഗ്ധമായി വ്യക്തമാക്കുന്നുണ്ട്:
''ഭൂമിയില്‍ മര്‍ദിച്ചൊതുക്കപ്പെട്ടവരോട് ഔദാര്യം കാണിക്കണമെന്ന് നാം ആഗ്രഹിച്ചു. അവരെ നേതാക്കളും ഭൂമിയുടെ അവകാശികളുമാക്കണമെന്നും. അവര്‍ക്ക് ഭൂമിയില്‍ അധികാരം നല്‍കണമെന്നും. അങ്ങനെ ഫറവോന്നും ഹാമാന്നും അവരുടെ സൈന്യത്തിനും അവര്‍ ആശങ്കിച്ചുകൊണ്ടിരിക്കുന്നതെന്തോ അത് കാണിച്ചുകൊടുക്കണമെന്നും'' (28: 5,6).
മൂസാ നബിയിലൂടെ ഈ വിമോചന ദൗത്യം പൂര്‍ത്തീകരിക്കപ്പെട്ടതിനെ സംബന്ധിച്ച് ഖുര്‍ആന്‍ പറയുന്നു: ''മര്‍ദിച്ചൊതുക്കപ്പെട്ടിരുന്ന ജനതയെ, നാം അനുഗ്രഹിച്ച കിഴക്കും പടിഞ്ഞാറുമുള്ള പ്രദേശങ്ങളുടെ അവകാശികളാക്കി. അങ്ങനെ ഇസ്രാഈല്‍ മക്കളോടുള്ള നിന്റെ നാഥന്റെ ശുഭ വാഗ്ദാനം പൂര്‍ത്തിയായി. അവര്‍ ക്ഷമ പാലിച്ചതിനാലാണിത്. ഫറവോനും ജനതയും നിര്‍മിച്ചുകൊണ്ടിരുന്നതും കെട്ടിപ്പൊക്കിക്കൊണ്ടിരുന്നതുമായ എല്ലാം നാം തകര്‍ത്തു തരിപ്പണമാക്കുകയും ചെയ്തു'' (7:137).
അല്ലാഹുവിന്റെ പ്രത്യേക സഹായവും അമാനുഷികമായ ഇടപെടലും വഴിയാണ് ഇസ്രാഈല്യരുടെ മോചനം സാധ്യമായത്. ഇത് സാധ്യമായത് മൂസാ നബി തന്നിലര്‍പ്പിതമായ പ്രബോധന ദൗത്യം പൂര്‍ത്തീകരിക്കുകയും ഇസ്രാഈലീ സമൂഹം ക്ഷമാപൂര്‍വം കൂടെ നില്‍ക്കുകയും ചെയ്തതിനാലാണ്.
തുല്യതയില്ലാത്ത വംശീയവാദത്തെ അഭിമുഖീകരിക്കേണ്ടിവന്ന മൂസാ നബി മറ്റെല്ലാ പ്രവാചകന്മാരെയും പോലെ പ്രഥമമായി ചെയ്തത് പ്രബോധന ദൗത്യം പൂര്‍ത്തീകരിക്കുകയാണ്. അല്ലാഹുവില്‍നിന്ന് ലഭിച്ച നിര്‍ദേശവും അതുതന്നെയായിരുന്നു:
''നീ ഫറവോന്റെ അടുത്തേക്ക് പോവുക. അവന്‍ അതിക്രമിയായിരിക്കുന്നു. എന്നിട്ട് അയാളോട് ചോദിക്കുക: നീ വിശുദ്ധി വരിക്കാന്‍ തയാറുണ്ടോ? ഞാന്‍ നിന്നെ നിന്റെ നാഥനിലേക്ക് വഴി നടത്താനും അങ്ങനെ നിനക്ക് ദൈവഭക്തനാകാനും'' (79:17-19).
ഇതിന്റെ വിശദീകരണത്തില്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി എഴുതുന്നു: ''ചിലയാളുകള്‍ വിചാരിക്കുന്നതുപോലെ മൂസാ നബി ഇസ്രാഈല്യരെ ഫറവോനില്‍നിന്ന് മോചിപ്പിക്കാന്‍ വേണ്ടി മാത്രം നിയോഗിതനായ പ്രവാചകനല്ല. അദ്ദേഹത്തിന്റെ പ്രഥമ നിയോഗലക്ഷ്യം ഫറവോന്നും അയാളുടെ സമൂഹത്തിനും സന്മാര്‍ഗം കാണിച്ചുകൊടുക്കുകയായിരുന്നു. രണ്ടാമത്തെ ലക്ഷ്യം ഇതായിരുന്നു: ഫറവോന്‍ സന്മാര്‍ഗം സ്വീകരിക്കാന്‍ സന്നദ്ധനാകുന്നില്ലെങ്കില്‍ അപ്പോഴാണ് ഇസ്രാഈല്യരെ-അവര്‍ അടിസ്ഥാനപരമായി ഒരു മുസ്‌ലിം സമൂഹമായിരുന്നു-അയാളുടെ അടിമത്തത്തില്‍നിന്നും രക്ഷപ്പെടുത്തി ഈജിപ്തില്‍നിന്നും പുറത്തുകൊണ്ടുവരേണ്ടത്. ഈ ആശയം പ്രകൃതസൂക്തത്തില്‍നിന്ന് വ്യക്തമാകുന്നതാണ്. കാരണം അവയില്‍ ഇസ്രാഈല്യരുടെ മോചനം പരാമര്‍ശിക്കുന്നേയില്ല. എന്നല്ല ഫറവോന്റെ മുന്നില്‍ സത്യപ്രബോധനം അവതരിപ്പിക്കാന്‍ മാത്രമാണ് മൂസാ നബിയോടുള്ള കല്‍പ്പന'' (ഭാഗം 6, പേജ് 208).
മൂസാ നബി അനേക വര്‍ഷം തന്റെ പ്രബോധന ബാധ്യത അവിരാമം നിര്‍വഹിച്ചുകൊണ്ടിരുന്നു. ഫറവോന്നും കൂടെയുള്ളവര്‍ക്കും സത്യം ബോധ്യമാവുന്നതു വരെ അത് തുടര്‍ന്നു. തന്റെ പ്രവാചകത്വം തെളിയിച്ചുകാണിക്കാന്‍ നിരവധി ദൃഷ്ടാന്തങ്ങള്‍ കാണിച്ചുകൊടുത്തു. അങ്ങനെ ഫറവോനും പ്രഭൃതികളും നന്നാവുകയില്ലെന്ന് തെളിയിച്ചു കാണിച്ച ശേഷമാണ് അല്ലാഹു അവരെ നശിപ്പിച്ചത്. അതിലൂടെ ഇസ്രാഈലീ സമൂഹത്തെ രക്ഷിച്ചതും.
മൂസാ നബിയിലും ഹാറൂന്‍ പ്രവാചകനിലും പ്രതീക്ഷ വളര്‍ത്തിയാണ് അല്ലാഹു അവരെ ഫറവോന്റെ അടുത്തേക്കയച്ചത്. അദ്ദേഹത്തെ സ്വാധീനിക്കാന്‍ സഹായകമായ സൗമ്യമായ ശൈലി സ്വീകരിക്കാന്‍ കല്‍പിക്കുകയും ചെയ്തു:
''നിങ്ങളിരുവരും ഫറവോന്റെ അടുത്തേക്ക് പോവുക. നിശ്ചയമായും അവന്‍ അതിക്രമിയായിരിക്കുന്നു. നിങ്ങളവനോട് സൗമ്യമായി സംസാരിക്കുക. ഒരുവേള അവന്‍ ചിന്തിച്ചു മനസ്സിലാക്കിയെങ്കിലോ! അല്ലെങ്കില്‍ ഭയന്ന് അനുസരിച്ചെങ്കിലോ?'' (20:43,44).
അവസാന നിമിഷം വരെയും മൂസാ നബി ഫറവോനോടും കൂട്ടാളികളോടും നല്ല ബന്ധം പുലര്‍ത്തുകയും സംവാദ സാധ്യത നിലനിര്‍ത്തുകയും ചെയ്തു. ഇസ്രാഈല്യരുടെ വിമോചനത്തിനായി ഫറവോനുമായി സംവാദം നടത്തുന്നതിനിടയിലും മൂസാ നബിയും ഹാറൂന്‍ നബിയും ഇസ്‌ലാമിക പ്രബോധനം നടത്തിയതായി ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ''അതിനാല്‍ നിങ്ങളിരുവരും അവന്റെയടുത്ത് ചെന്ന് പറയുക: തീര്‍ച്ചയായും ഞങ്ങള്‍ നിന്റെ നാഥന്റെ ദൂതന്മാരാണ്. അതിനാല്‍ ഇസ്രാഈല്‍ മക്കളെ നീ ഞങ്ങളോടൊപ്പമയക്കുക. അവരെ പീഡിപ്പിക്കരുത്. നിന്റെ അടുത്ത് ഞങ്ങള്‍ വന്നത് നിന്റെ നാഥനില്‍നിന്നുള്ള വ്യക്തമായ തെളിവുകളുമായാണ്. നേര്‍വഴിയില്‍ നടക്കുന്നവര്‍ക്കാണ് സമാധാനമുണ്ടാവുക.''
സത്യത്തെ തള്ളിപ്പറയുകയും അതില്‍നിന്ന് പിന്തിരിഞ്ഞുപോവുകയും ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷയാണുണ്ടാവുകയെന്ന് തീര്‍ച്ചയായും ഞങ്ങള്‍ക്ക് ദിവ്യബോധനം ലഭിച്ചിരിക്കുന്നു.
''ഫിര്‍ഔന്‍ ചോദിച്ചു: 'മൂസാ, അപ്പോള്‍ ആരാണ് നിങ്ങളുടെ ഈ രക്ഷിതാവ്?' മൂസാ പറഞ്ഞു: 'എല്ലാ ഓരോ വസ്തുവിനും അതിന്റെ പ്രകൃതം നല്‍കുകയും പിന്നെ അവക്ക് വഴി കാണിക്കുകയും ചെയ്തവനാണ് ഞങ്ങളുടെ രക്ഷിതാവ്.' അയാള്‍ ചോദിച്ചു: 'അപ്പോള്‍ നേരത്തെ കഴിഞ്ഞുപോയ തലമുറകളുടെ സ്ഥിതിയോ?' മൂസാ പറഞ്ഞു: അതേക്കുറിച്ചുള്ള എല്ലാ വിവരവും എന്റെ നാഥന്റെ അടുക്കല്‍ ഒരു പ്രമാണത്തിലുണ്ട്. എന്റെ നാഥന്‍ ഒട്ടും പിഴവു പറ്റാത്തവനാണ്. തീരെ മറവിയില്ലാത്തവനും'' (20: 47-52).
വംശീയതയെ തോല്‍പിച്ച വിശ്വാസം
സ്വന്തം സമുദായത്തില്‍നിന്നുതന്നെ ഒരു പറ്റം ചെറുപ്പക്കാര്‍ മാത്രമേ മൂസാ നബിയെ വിശ്വസിച്ച് അംഗീകരിച്ചുള്ളൂ. ''മൂസായില്‍ അദ്ദേഹത്തിന്റെ ജനതയിലെ ഏതാനും ചെറുപ്പക്കാരല്ലാതെ ആരും വിശ്വസിച്ചില്ല. ഫറവോനും അവരുടെ പ്രമാണിമാരും തങ്ങളെ പീഡിപ്പിച്ചേക്കുമോയെന്ന പേടിയിലായിരുന്നു അവര്‍. ഫറവോന്‍ ഭൂമിയില്‍ ഔദ്ധത്യം നടിക്കുന്നവനായിരുന്നു; അതോടൊപ്പം പരിധിവിട്ടവനും'' (10:83). മൂസാ നബിയെ ധിക്കരിച്ച് ഔദ്ധത്യം കാണിച്ചവരില്‍ സ്വന്തം സമുദായത്തില്‍പെട്ട ഖാറൂനെപ്പോലുള്ളവരുമുണ്ടായിരുന്നു.
മറുവശത്ത് ഫറവോന്റെ വംശത്തില്‍പെട്ട ചിലര്‍ സന്മാര്‍ഗം സ്വീകരിക്കുകയും മൂസാ നബിയെ പിന്തുണക്കുകയും ചെയ്തു. ഫറവോനെയും കൂടെയുള്ളവരെയും സത്യം ബോധ്യപ്പെടുത്താനായി മൂസാ നബി അവരുടെ മുന്നില്‍ നിരവധി ദൈവിക ദൃഷ്ടാന്തങ്ങള്‍ സമര്‍പ്പിച്ചു. ഫറവോനും കൂടെയുള്ള കിങ്കരന്മാരും സത്യം ബോധ്യമായിട്ടും അതു സ്വീകരിക്കാന്‍ സന്നദ്ധമായില്ല. എന്നിട്ടും അയാളുടെ എല്ലാവിധ അക്രമ ഭീഷണികളെയും അതിജീവിച്ച് അയാളുടെ കൂടെ ഉണ്ടായിരുന്ന ചിലരെയെങ്കിലും മൂസാ നബിയുടെ പ്രബോധനം ആകര്‍ഷിച്ചു. അവര്‍ അദ്ദേഹത്തെ പിന്തുടര്‍ന്ന് സന്മാര്‍ഗം സ്വീകരിക്കുകയും ചെയ്തു. അവരില്‍ ഏറെ പ്രമുഖ, ഫറവോന്റെ തന്നെ ജീവിതപങ്കാളി ആസിയാ ബീവിയാണ്. ഫറവോനെ ധിക്കരിക്കാന്‍ ധൈര്യം കാണിച്ച അവര്‍ കാലം കണ്ട ഏറ്റവും കരുത്തുറ്റ വീര വിപ്ലവകാരിയായി മാറി. അതിലൂടെ എക്കാലത്തെയും എവിടത്തെയും മുഴുവന്‍ വിശ്വാസികള്‍ക്കും മാതൃകയായിത്തീരുകയും ചെയ്തു (ഖുര്‍ആന്‍ 66:11).
സന്മാര്‍ഗം സ്വീകരിച്ച കോപ്റ്റ് വംശജരില്‍ പ്രമുഖനായ മറ്റൊരാളെക്കൂടി വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്. അത്യസാധാരണമായ ധീരത കാണിച്ച് മൂസാ നബിയുടെ ജീവന്‍ രക്ഷിക്കാന്‍ മുന്നോട്ടുവന്ന ദൃഢവിശ്വാസിയാണത്.
ഫറവോന്‍ മൂസാ നബിയെ വധിക്കാന്‍ തീരുമാനിച്ചു. അപ്പോള്‍ രക്ഷക്കെത്തിയ അദ്ദേഹം വിശ്വാസം രഹസ്യമാക്കിവെച്ച കോപ്റ്റ് വംശജനാണ്. ''സത്യവിശ്വാസിയായ ഒരാള്‍ പറഞ്ഞു - അയാള്‍ ഫിര്‍ഔന്റെ വംശത്തില്‍പെട്ട വിശ്വാസം ഒളിപ്പിച്ചുവെച്ച ഒരാളായിരുന്നു- എന്റെ നാഥന്‍ അല്ലാഹുവാണ് എന്നു പറഞ്ഞതിന്റെ പേരില്‍ നിങ്ങള്‍ ഒരു മനുഷ്യനെ കൊല്ലുകയോ? അദ്ദേഹം നിങ്ങളുടെ നാഥനില്‍നിന്നുള്ള വ്യക്തമായ തെളിവുകള്‍ കൊണ്ടുവന്നിട്ടും! അദ്ദേഹം കള്ളം പറയുന്നവനാണെങ്കില്‍ ആ കളവിന്റെ ദോഷഫലം അദ്ദേഹത്തിനു തന്നെയാണ്. മറിച്ച് സത്യവാനാണെങ്കിലോ, അദ്ദേഹം നിങ്ങളെ താക്കീതു ചെയ്യുന്ന ശിക്ഷകളില്‍ ചിലതെങ്കിലും നിങ്ങളെ ബാധിക്കും. തീര്‍ച്ചയായും പരിധി വിടുന്നവരെയും കള്ളം പറയുന്നവരെയും അല്ലാഹു നേര്‍വഴിയിലാക്കുകയില്ല'' (40:28).
ഈ സംഭാഷണം വിശുദ്ധ ഖുര്‍ആന്‍ വിശദമായിത്തന്നെ ഉദ്ധരിക്കുന്നുണ്ട് (40:26-30).
മൂസാ നബി (അ) തന്റെ സമുദായത്തെ അടിച്ചമര്‍ത്തി അടിമകളാക്കി അപമാനിച്ച് നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച കോപ്റ്റ് വംശീയവാദികളോട് സാമുദായികമോ വംശീയമോ ശത്രുതാപരമോ ആയ സമീപനം സ്വീകരിച്ചിരുന്നുവെങ്കില്‍ സത്യപ്രബോധനം സാധ്യമാകുമായിരുന്നില്ല. ഫറവോന്റെ പത്‌നി ഉള്‍പ്പെടെ പ്രഗത്ഭരും അല്ലാത്തവരുമായ ഫറവോന്‍ വംശജരെ അയാളില്‍നിന്ന് അടര്‍ത്തിയെടുത്ത് കൂടെ നിര്‍ത്താനും കഴിയുമായിരുന്നില്ല.
എത്ര കൊടിയ വംശീയവാദിയെയും സ്വാധീനിക്കാനും കീഴ്‌പ്പെടുത്താനും സത്യവിശ്വാസത്തിന് സാധിക്കുമെന്നാണ് ഖുര്‍ആന്‍ സുദീര്‍ഘമായി പ്രതിപാദിക്കുന്ന മൂസാ നബിയുടെ ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നത്. സമകാലീന കേരളീയാനുഭവവും മറിച്ചല്ല.
Comments