Prabodhanm Weekly

Pages

Search

2020 ഏപ്രില്‍ 17

3148

1441 ശഅ്ബാന്‍ 23

ഐക്യരാഷ്ട്രസഭക്ക് മൂന്നാം ജന്മം ഉണ്ടാകുമോ?

അഹ്മദ് അബ്ദുല്ല മഗ്‌രിബി

ഐക്യരാഷ്ട്രസഭയുടെ രണ്ട് ജന്മത്തിന് നാം സാക്ഷികളായിട്ടുണ്ട്. അതിന്റെ ആദ്യജന്മം ലീഗ് ഓഫ് നാഷന്‍സ് എന്ന പേരിലായിരുന്നു; ഒന്നാം ലോകയുദ്ധത്തിനു ശേഷം 1919-ല്‍. വാഴ്‌സാ ഉടമ്പടി പ്രകാരം അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുകയും സമാധാനവും സുരക്ഷിതത്വവും സാക്ഷാല്‍ക്കരിക്കുകയുമായിരുന്നു അതിന്റെ പ്രഖ്യാപിത ലക്ഷ്യം. ഉടമ്പടിയിലെ ഒരു കക്ഷി യുദ്ധവിജയികളായ ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ എന്നിവ. കരാറിലെ മുഴുവന്‍ വ്യവസ്ഥകളും എഴുതിയുണ്ടാക്കിയത് ഇക്കൂട്ടരാണ്. തോറ്റ കൂട്ടരാണ് അഥവാ അച്ചുതണ്ട് ശക്തികളാണ് (ജര്‍മന്‍, പ്രഷ്യന്‍, ഉസ്മാനി, ബള്‍ഗേറിയന്‍ സാമ്രാജ്യങ്ങള്‍) കരാറിലെ രണ്ടാം കക്ഷി. ഒന്നാം കക്ഷി എഴുതിയുണ്ടാക്കിയതിലൊക്കെ ഒപ്പിടുക മാത്രമായിരുന്നു അവരുടെ ജോലി. ഒന്നാം ലോകയുദ്ധത്തില്‍ കൊല്ലപ്പെട്ടത് പതിനാറ് ദശലക്ഷം. പരിക്കേറ്റവര്‍ ഇരുപത് ദശലക്ഷം. അതിക്രമം, അനീതി, തിണ്ണബലം കൊണ്ട് അടിച്ചിരുത്തല്‍ ഇതൊക്കെയാണ് വാഴ്‌സയില്‍ സംഭവിച്ചത്. സത്യമോ നീതിയോ ന്യായമോ മനുഷ്യത്വമോ ഒന്നും വാഴ്‌സാ കരാറിന്റെ അരികിലൂടെ പോയിട്ടില്ല. അതിനാല്‍ തന്നെ സമാധാനവും സുരക്ഷിതത്വവും കൈവരുത്തുന്നതില്‍ ലീഗ് ഓഫ് നാഷന്‍സ് ദയനീയമായി പരാജയപ്പെട്ടു. കാരണം അഹന്ത മൂത്ത യുദ്ധവിജയികള്‍ തട്ടിപ്പടച്ചുണ്ടാക്കിയത് മാത്രമായിരുന്നു അത്.
പിന്നെ രണ്ടാം ലോകയുദ്ധം (1939-1945) ആളിപ്പടര്‍ന്നു. ഹിരോഷിമ, നാഗസാക്കി എന്നീ ജാപ്പനീസ് നഗരങ്ങളില്‍ അമേരിക്ക അണുബോംബ് വര്‍ഷിച്ചതോടെ അതിന് വിരാമമായി.  യുദ്ധത്തില്‍ മരിച്ചത് അറുപത് ദശലക്ഷം പേര്‍. പുതിയൊരു ശാക്തിക ചേരി നിലവില്‍ വന്നു എന്നതാണ് യുദ്ധത്തിന്റെ അനന്തരഫലം. ആ ശാക്തിക ചേരിയുടെ തലപ്പത്ത് വന്നത് അമേരിക്കയും. അതോടെ ആഗോള രാഷ്ട്ര കൂട്ടായ്മ രണ്ടാം ജന്മമെടുത്തു - ഐക്യരാഷ്ട്രസഭ എന്ന പേരില്‍. ഈ ആഗോള കൂട്ടായ്മയും ചെയ്തത് മുഴു ലോകത്തിന്റെയും കടിഞ്ഞാണ്‍ വിജയികളുടെ കൈകളില്‍ ഏല്‍പ്പിക്കുകയാണ്. യുദ്ധം ജയിച്ചു എന്ന ഒറ്റ ന്യായമേ അതിനുള്ളൂ. സകല അധികാര പ്രയോഗങ്ങളുടെയും വേദിയായി അത് മാറി. ആഗോള രാഷ്ട്ര കൂട്ടായ്മയുടെ ഈ രണ്ടാം ജന്മത്തില്‍ ലോകം സാക്ഷിയായത് അനീതിയുടെയും അതിക്രമത്തിന്റെയും ബലപ്രയോഗത്തിന്റെയും തേരോട്ടങ്ങള്‍ക്ക്. നിയമം നിര്‍മിക്കുന്നതും അത് നടപ്പാക്കുന്നതും അതേക്കുറിച്ച് വിധിന്യായങ്ങള്‍ പറയുന്നതും അമേരിക്ക തന്നെ. 'രക്ഷകന്‍' ആയി അമേരിക്ക അവതരിക്കുകയേ നിവൃത്തിയുള്ളു. ഐക്യരാഷ്ട്രസഭയുടെയും തത്ത്വശാസ്ത്രത്തിന് രൂപം നല്‍കിയത് രണ്ടാം ലോകയുദ്ധത്തിലെ വിജയികളായതുകൊണ്ട് അവരുടെ ഇംഗിതങ്ങളേ അവിടെ നടപ്പാവൂ. കാരുണ്യരഹിതമായ അധികാരപ്രയോഗങ്ങളേ അവിടെ നിന്ന് പ്രതീക്ഷിക്കേണ്ടതുള്ളൂ. തന്നിഷ്ടങ്ങളുടെയും അഹന്തയുടെയും ഈ ഉറഞ്ഞുതുള്ളലിനു മുമ്പില്‍ മനുഷ്യന്‍ ഒരൊറ്റ വര്‍ഗമാണ് എന്ന സമഭാവനക്ക് ഒരു വിലയുമില്ല.
ഇന്ന് നമ്മള്‍ കൊറോണാ വൈറസ് അഴിച്ചുവിട്ട യുദ്ധമുഖത്താണ്. മനുഷ്യചരിത്രത്തിലെ അത്യപൂര്‍വ ഘട്ടമാണിത്. യുദ്ധരീതികളൊക്കെ പാടേ മാറിയിരിക്കുന്നു. യുദ്ധക്കളം ഭൂമി മുഴുക്കെയാണ്. അത് ഉന്നംവെക്കുന്നത് മുഴുവന്‍ മനുഷ്യകുലത്തെയും. ഈ യുദ്ധത്തിന്റെ പ്രത്യേകതകള്‍ നമുക്കൊന്ന് പറഞ്ഞുനോക്കാം:
- നമ്മുടെ വീട്ടിലേക്ക് ഇന്റര്‍നെറ്റ് എങ്ങനെയാണോ കടന്നുകയറിയത് അതേ പോലെ ഭയവും മരണവും കടന്നു കയറുകയാണ്. അതേ വേഗതയില്‍, അത്രയധികം വ്യാപന സാധ്യതയോടു കൂടി. അറിയിപ്പോ മുന്നറിയിപ്പോ ഒന്നുമില്ല.
- ലോകം ഏര്‍പ്പെട്ടിരിക്കുന്ന ഈ യുദ്ധത്തില്‍ പോരാളികളായി ആരുമില്ല. സംഘങ്ങളെയോ മുന്നണികളെയോ സഖ്യങ്ങളെയോ പോരാളികളായി മുന്നില്‍ കാണുന്നില്ല. വൃക്തികളും രാഷ്ട്രങ്ങളുമൊക്കെ പ്രതിരോധത്തിലാണ്. ഈ പ്രതിരോധത്തില്‍ അണിനിരക്കാന്‍ ഒരു രാഷ്ട്രത്തിന്റെ കൂടെ മറ്റു രാഷ്ട്രങ്ങളില്ല. ഓരോ രാഷ്ട്രവും ഒറ്റക്കൊറ്റക്ക് തങ്ങളാലാവുംവിധം പ്രതിരോധിക്കുന്നു. കടന്നാക്രമിക്കുന്ന ശത്രുവിനെയാകട്ടെ ഒന്നു കാണാന്‍ പോലും കിട്ടുന്നുമില്ല.
- ഈ യുദ്ധത്തില്‍ നമ്മുടെ ഏറ്റവും വലിയ പ്രതിരോധ ആയുധങ്ങ ള്‍ ഏതൊക്കെയെന്ന് നോക്കൂ. വെന്റിലേറ്ററുകള്‍,  മാസ്‌കുകള്‍, സാനിറ്ററി ലായനികള്‍, സോപ്പ്, തൂവാല.... എത്ര നിസ്സാരമായ ആയുധങ്ങള്‍, അല്ലേ? പക്ഷേ രാഷ്ട്രങ്ങള്‍ക്ക് ഇവ പോലും തങ്ങളുടെ പൗരന്മാര്‍ക്കായി നല്‍കാനാവുന്നില്ല. എല്ലാം തുറന്നു കാണിക്കപ്പെട്ടിരിക്കുന്നു. ലോകത്തിലെ വന്‍ ശക്തി എന്ന് അഹങ്കരിച്ചിരുന്ന ഒരു രാഷ്ട്രത്തിലെ പൗരന്മാര്‍ ഇന്ന് തിരിച്ചറിയുന്നു, ആ രാഷ്ട്രത്തിന് തങ്ങള്‍ക്കൊരു മാസ്‌കോ കൈയുറയോ പോലും നല്‍കാന്‍ കെല്‍പ്പില്ലെന്ന്.
- പ്രായമായവര്‍ മരിച്ചൊടുങ്ങിക്കോട്ടെ എന്നാണ് സമ്പന്ന രാഷ്ട്രങ്ങളുടെ തീരുമാനം. ഭരണഘടനാപരമായി മൂക്കുകുത്തി വീഴുന്നതിനു മുമ്പ് (ജീവിക്കാനുള്ള അവകാശം എല്ലാ ഭരണഘടനകളും ഉറപ്പു നല്‍കുന്നു) അവ ധാര്‍മികമായി മൂക്കുകുത്തി വീണിരിക്കുന്നു.
- കൊറോണ എന്ന ദുരൂഹ പ്രതിഭാസം ലോകരാഷ്ട്രങ്ങളെ സമത്വവിഭാവനയിലേക്ക് കൊണ്ടുവന്നിരിക്കുന്നു. നിരവധി അന്താരാഷ്ട്ര വേദികളൊന്നും ശ്രമിച്ചിട്ട് നടക്കാത്ത കാര്യമായിരുന്നു അത്. ഇപ്പോള്‍ എല്ലാ രാഷ്ട്രങ്ങളും ഒരൊറ്റ അണിയില്‍ നില്‍ക്കുകയാണ്. നിര്‍ദേശിക്കപ്പെട്ട 'സാമൂഹിക അകലം' മാത്രമേ ഇപ്പോള്‍ അവര്‍ക്കിടയിലുള്ളൂ. ഇങ്ങനെ അല്‍പം അകന്നു കഴിയുമ്പോഴും അവര്‍ മുമ്പത്തേക്കാളേറെ എത്രയോ അടുത്തിരിക്കുന്നു.
- മറ്റു രാഷ്ട്രങ്ങളെ ശിക്ഷിക്കാന്‍ ചടപടാ നിയമങ്ങള്‍ ചുട്ടെടുക്കുന്ന ഒരു രാഷ്ട്രത്തിലെ നിയമ സംവിധാനവും ക്രമസമാധാനവും എത്ര പരിതാപകരമായ നിലയിലാണെന്ന് ഈ മഹാമാരി തുറന്നു കാട്ടി. അമേരിക്കയില്‍ ആഹാരസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ കാലിയാകുന്നതിനു മുമ്പ് ആയുധങ്ങള്‍ വില്‍ക്കുന്ന കടകള്‍ കാലിയായിരുന്നു! വ്യക്തി എത്രമാത്രം അരക്ഷിതനാണെന്ന് ഇത് വ്യക്തമാക്കുന്നു.
- അമേരിക്കയില്‍ കൊറോണ പടര്‍ന്നു കയറുന്നതിനിടെ കടകള്‍ കൊള്ളയടിക്കപ്പെട്ടപ്പോള്‍ പോലീസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. വ്യക്തിസുരക്ഷ മാത്രമല്ല, ക്രമസമാധാനനിലയും അപകടത്തിലായിരിക്കുന്നു എന്നാണിതിന്റെ അര്‍ഥം.
- എല്ലാവര്‍ക്കും എല്ലാവരെയും ആവശ്യമുണ്ട് എന്ന നിലയിലേക്ക് അന്തര്‍ദേശീയ തലത്തിലും ദേശീയ തലത്തിലും കാര്യങ്ങള്‍ എത്തി. ദേശരാഷ്ട്രങ്ങള്‍ക്കകത്ത് നിയമാനുസൃതമേത്, അല്ലാത്തതേത് എന്ന പുനരാലോചനക്കും അത് വഴിവെച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഇറ്റലിയില്‍ അവിടത്തെ മാഫിയ മഹാമാരിയെ നേരിടാന്‍ ബില്യന്‍ കണക്കിന് ഡോളറാണ് ചെലവാക്കിയത്. പക്ഷേ അവിടത്തെ കോടീശ്വരന്മാരാകട്ടെ പണം നല്‍കാന്‍ തയാറായതുമില്ല. കുറ്റകൃത്യത്തെ അന്നാട്ടുകാര്‍ക്ക് പുനര്‍നിര്‍വചിക്കേണ്ടി വരും. ഒട്ടും മനഷ്യപ്പറ്റില്ലാത്ത ലിബറലിസത്തെ അവര്‍ക്ക് പുതിയൊരു കണ്ണിലൂടെ കാണേണ്ടി വരും.
- രാഷ്ട്രങ്ങളെ കൂട്ടിയിണക്കുന്ന സാമ്പത്തിക ബന്ധങ്ങള്‍ എത്ര ദുര്‍ബലമാണെന്നും നമുക്ക് മനസ്സിലായി. യൂറോപ്യന്‍ യൂനിയനിലെ പ്രമുഖ അംഗമായ ഇറ്റലി ഈ മഹാമാരിയെ ചെറുക്കാന്‍ ആ കൂട്ടായ്മ തങ്ങള്‍ക്കൊപ്പമുണ്ടാവുമെന്ന് കരുതി. പക്ഷേ യൂറോപ്യന്‍ യൂനിയന്‍ കൈയൊഴിഞ്ഞു. മാനസികമായി അകലെയുള്ളവരെ തേടി (ഉദാഹരണത്തിന് തുര്‍ക്കി) അവര്‍ക്ക് പോകേണ്ടതായും വന്നു. സ്വാര്‍ഥതാല്‍പര്യങ്ങള്‍ ഇവര്‍ എഴുതിവെച്ച ഐക്യത്തിന്റെയും ഏകീകരണത്തിന്റെയും സകല മഹദ്വചനങ്ങള്‍ക്കും ഉടമ്പടികള്‍ക്കും മേലെയാണെങ്കില്‍ പിന്നെ എന്തു ചെയ്യാനാണ്!
- ഭൗതിക ശക്തിയെ ആസ്പദിച്ചു നില്‍ക്കുന്ന അന്താരാഷ്ട്ര നിയമ വ്യവസ്ഥ തകര്‍ന്നിരിക്കുന്നു. അതിന് ഇനിയൊരു ധര്‍മവും നിര്‍വഹിക്കാനില്ല. കേവലം ഭൗതിക ശക്തിക്ക് ഒരു സ്ഥാനവുമില്ലെന്ന് വന്നിരിക്കുന്നു; ഇമ്മിണി വല്യ പ്രസിഡന്റിന് മേധാശക്തിയും. പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതില്‍ വന്‍ ശക്തികള്‍ അമ്പേ പരാജയപ്പെട്ടിരിക്കുന്നു. ഉപകാരം ചെയ്യാനോ ഉപദ്രവം തടുക്കാനോ അവക്ക് കഴിയാതെ വന്നിരിക്കുന്നു.
- മതമൂല്യമുക്തമായ മനുഷ്യ നാഗരികതക്ക് ഒരു വിലയുമില്ലെന്ന് തെളിഞ്ഞിരിക്കുന്നു. ഇന്നലെ കമ്യൂണിസം വീണു, ഇന്നിതാ ലിബറലിസം വീണിരിക്കുന്നു. സ്വമേധയാ,  അല്ലെങ്കില്‍ നിര്‍ബന്ധിതമായി തങ്ങളുടെ സ്രഷ്ടാവില്‍ അഭയം തേടുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന ആന്തരിക ബോധ്യം മനഷ്യനില്‍ പ്രബലമായിക്കൊണ്ടിരിക്കുന്നു. വര്‍ണ, വംശ, ദേശ ഭിന്നതകള്‍ക്കതീതമായി മനുഷ്യരെ ഒന്നായി കണ്ട് കൂടെനില്‍ക്കുന്ന ഒരു ദര്‍ശനത്തിനായി അവര്‍ ദാഹിച്ചുകൊണ്ടിരിക്കുന്നു.
നിയമാവിഷ്‌കാരത്തിന്റെ തത്ത്വശാസ്ത്രത്തില്‍, ദേശീയതയെയും മനുഷ്യാവകാശങ്ങളെയും അന്താരാഷ്ട്ര പരികല്‍പനകളെയും നിര്‍വചിക്കുന്നതില്‍ വലിയ മാറ്റങ്ങള്‍ വരാന്‍ പോകുന്നു എന്നാണ് ഇതെല്ലാം നല്‍കുന്ന സൂചന.  ഉത്തരവാദിത്തമുള്ള, മനസ്സാക്ഷിയുള്ള, സ്വന്തം പൗരന്മാരോട് സ്‌നേഹമുള്ള ഭരണാധികാരികളെ തെരഞ്ഞെടുക്കുന്നതില്‍ നമ്മുടെ ജനാധിപത്യ സംവിധാനങ്ങള്‍ എന്തുകൊണ്ട് പരാജയപ്പെടുന്നു എന്നതും ചര്‍ച്ചയായി ഉയര്‍ന്നുവരും. ചുരുക്കം പറഞ്ഞാല്‍, ലോക വ്യവഹാരങ്ങളെ നിയന്ത്രിക്കുന്ന മുഴുവന്‍ സംവിധാനങ്ങളുടെയും പൊളിച്ചെഴുത്തും പുതിയ വ്യവഹാരമാതൃകകള്‍ സൃഷ്ടിക്കാനുതകുന്ന ഒരു തത്ത്വശാസ്ത്രവുമാണ് ലോകത്തിന് ഇനി ആവശ്യം. ആയുധശക്തിയുടെ പിന്‍ബലത്തിലാവരുത് ആ വ്യവഹാരങ്ങള്‍ രൂപപ്പെടേണ്ടത്.  അങ്ങനെ സംഭവിച്ചാല്‍ പൗരന്മാരുടെ ആരോഗ്യ, സാമൂഹിക, സാമ്പത്തിക സുരക്ഷിതത്വത്തെ അതെത്രത്തോളം അപകടപ്പെടുത്തുമെന്ന് ഇന്നാരെയും പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടതായിട്ടില്ല. അതിനാലാണ് ഒരു പുതിയ ഐക്യരാഷ്ട്രസഭ ജന്മം കൊള്ളേണ്ടിയിരിക്കുന്നു എന്ന് നാം പറയുന്നത്. അതേ, ഐക്യരാഷ്ട്രസഭയുടെ ഒരു മൂന്നാം ജന്മം. ആ അന്താരാഷ്ട്ര സംവിധാനത്തിന്റെ തത്ത്വശാസ്ത്രം താഴെ പറയുന്നതാകണം:
- മനുഷ്യന്‍ ആയിരിക്കണം പുതിയ ആഗോള വേദിയുടെ അന്തസ്സത്ത. ആര്‍ജിച്ചെടുത്ത മുഴുവന്‍ ഭൗതിക സൗകര്യങ്ങളും മനുഷ്യനെ സേവിക്കുന്നതിനായി പ്രയോജനപ്പെടുത്തണം.
- എത്രയധികം സമ്പത്ത് ഉടമപ്പെടുത്തിയാലും ഒരാള്‍ക്കും തനിക്ക് താന്‍ പോന്നവനാണെന്ന ധാരണ ഉണ്ടാവാന്‍ പാടില്ല.
- മുഴുവന്‍ കരാറുകളും അന്താരാഷ്ട്ര ധാരണകളും നീതിയുടെ അടിസ്ഥാനത്തിലേ നിലവില്‍ വരാവൂ.
- ഏതെങ്കിലുമൊരു വിഭാഗത്തിന് ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നത് ലോകം മുഴുക്കെ അത്തരമൊരു അവസ്ഥയിലേക്ക് എത്തിപ്പെടുന്നതിന് കാരണമാകുമെന്ന അവബോധം ഉണ്ടാകണം.
- ഭൗതിക ശക്തി ആര്‍ജിച്ചവര്‍ അത് ആര്‍ജിച്ചിട്ടില്ലാത്ത ദുര്‍ബലരെ കാണേണ്ടത് അവരെ കൈപ്പിടിച്ചുയര്‍ത്തണമെന്ന ഉയര്‍ന്ന മനസ്സോടെയാവണം. ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ നേട്ടങ്ങള്‍ അവരുമായി പങ്കുവെച്ചു കൊണ്ടായിരിക്കണം.
- ഒരു രാഷ്ട്രത്തിന് ഒറ്റക്ക് സുരക്ഷിതമായി കഴിയാം എന്ന അബദ്ധ ധാരണ ഒഴിവാക്കണം. ഒന്നുകില്‍ സുരക്ഷിതത്വം എല്ലാവര്‍ക്കുമുണ്ടാവും, അല്ലെങ്കില്‍ ആര്‍ക്കുമുണ്ടാവില്ല.
- ആഗോളതലത്തില്‍ സ്ഥാപനങ്ങളും സംവിധാനങ്ങളും നിലവില്‍ വരേണ്ടത് മൊത്തം മനുഷ്യസമൂഹത്തിന് അവ പ്രയോജനപ്പെടുന്നുണ്ടോ എന്ന് നോക്കിയാണ്. ഏതെങ്കിലും വിഭാഗങ്ങളുടെ താല്‍പര്യങ്ങളാവരുത് അതിന് നിദാനം.
- എല്ലാ മതങ്ങള്‍ക്കും തുല്യമായ ആദരവ് നല്‍കണം.
- ഒരു വിഭാഗത്തിന്റെയും അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടുകയില്ല എന്ന് ഉറപ്പു വരുത്തണം.
- ഭൗതിക ശക്തിക്ക് മുകളിലായിരിക്കണം എപ്പോഴും അവകാശം. ശക്തനാണെന്നതിന്റെ പേരില്‍ അവകാശങ്ങള്‍ നല്‍കേണ്ടതില്ല എന്ന് വരരുത്.
ഈ വിധം ലോകത്തെ മാറ്റിപ്പണിയുന്ന തിരുത്തല്‍ ശക്തികള്‍ ഉയര്‍ന്നു വരണം. ഇന്ന് കൊറോണ പാഠം പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ശക്തികള്‍ അലങ്കോലമാക്കിയ ലോകക്രമത്തെ അതിന്റെ സ്വാഭാവിക നീതിയിലേക്കും സമഭാവനയിലേക്കും കൊണ്ടുവരാന്‍ ഈ തിരുത്തല്‍ ശക്തികള്‍ക്കാവണം.
(arabi21.com  ല്‍ പ്രസിദ്ധീകരിച്ച ലേഖനം)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (24-27)
ടി.കെ ഉബൈദ്‌