ഒരു പ്രബോധനാനുഭവം
നബി, പുത്രനിര്‍വിശേഷം സ്‌നേഹം ചൊരിഞ്ഞിരുന്ന സൈദിന്റെ മകന്‍ ഉസാമ, മദീനയിലെ തന്റെ ഒരു ഇസ്‌ലാമിക പ്രബോധനാനുഭവം വിവരിക്കുന്നു: നബിതിരുമേനി തന്റെ കഴുതപ്പുറത്ത് കയറി; എന്നെ പുറകിലിരുത്തി. മദീനക്കടുത്ത 'ഫദക്കി'ല്‍ നിര്‍മിച്ച, നൂലിഴകള്‍ എഴുന്നുനില്‍ക്കുന്ന, നല്ല ഒരു വിരിപ്പുണ്ടായിരുന്നു കഴുതപ്പുറത്ത്. ബനൂഹാരിസിലെ സഅ്ദുബ്‌നു ഉബാദയെ സന്ദര്‍ശിക്കാനായി പോവുകയായിരുന്നു റസൂല്‍. ബദ്ര്‍ യുദ്ധം നടക്കുന്നതിനു മുമ്പാണ് സംഭവം.
വഴിയില്‍ ഒരിടത്ത്, മുസ്ലിംകളും ജൂതന്മാരും വിഗ്രഹാരാധകരുമായി കുറേ പേര്‍ കൂടിയിരുപ്പുണ്ട്. അബ്ദുല്ലാഹിബ്‌നു ഉബയ്യിബ്‌നു സലൂല്‍ അതിലുണ്ടായിരുന്നു. അന്നദ്ദേഹം ഇസ്‌ലാം വിശ്വസിച്ചിട്ടില്ല. മുസ്‌ലിംകളുടെ കൂട്ടത്തില്‍, അബ്ദുല്ലാഹിബ്‌നു റവാഹയും ഉണ്ട്. ഞങ്ങള്‍ അങ്ങോട്ട് ചെല്ലവെ, കഴുതയുടെ ചലനങ്ങള്‍ കാരണം, സ്വാഭാവിക രീതിയില്‍, അല്‍പം പൊടിപടലങ്ങള്‍ ഉയര്‍ന്നു. അന്നേരം ഇബ്‌നു ഉബയ്യ് തികഞ്ഞ അസഹിഷ്ണതയോടെ, 'ഞങ്ങളുടെ മേല്‍ പൊടി പറത്താതെ' എന്നു പറഞ്ഞ്, സ്വവസ്ത്രം കൊണ്ട് മൂക്കുപൊത്തി.
നബി (സ) വാഹനപ്പുറത്തു നിന്നിറങ്ങി, സദസ്സിനു സലാം പറഞ്ഞു, കുറേ ഖുര്‍ആന്‍ വചനങ്ങള്‍ ഓതി വിശദീകരിച്ച് എല്ലാവരെയും ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ടിരുന്നു.
അന്നേരം, റസൂലിന്റെ വാക്കുകള്‍ക്ക് തടയിട്ടു കൊണ്ട്, ഇബ്‌നു ഉബയ്യ് ഇങ്ങനെ പ്രതികരിച്ചു: 'ഹേ മനുഷ്യാ, താങ്കള്‍ ഈ പറയുന്നതൊക്കെ സത്യമാണെങ്കില്‍ ഇത്രയും നല്ല കാര്യങ്ങള്‍ വേറെയില്ല. വീട്ടിലേക്ക് മടങ്ങിപ്പോവുക. ഇതൊക്കെ അങ്ങോട്ട് വരുന്നവരോട് പറഞ്ഞാല്‍ മതി, ഞങ്ങളുടെ സദസ്സുകളില്‍ വന്നു ശല്യപ്പെടുത്താതെ.'
ഉടനെ, അബ്ദുല്ലാഹിബ്‌നു റവാഹ അല്‍പം വൈകാരികമായി പറഞ്ഞു: 'റസൂലേ, അങ്ങ് ഞങ്ങളുടെ സദസ്സുകളിലേക്ക് വന്നാലും; ഞങ്ങള്‍ക്ക് ഇതു വളരെ ഇഷ്ടമാണ്.'
പിന്നെ വാക്കേറ്റമായി. കാര്യങ്ങള്‍ കശപിശയിലേക്ക് നീങ്ങവെ, റസൂല്‍ വാക്കുകള്‍ അവസാനിപ്പിച്ച്, രംഗം ശാന്തമാക്കിയ ശേഷം തന്റെ ലക്ഷ്യത്തിലേക്ക് നീങ്ങി.
സഅ്ദിന്റെ വീട്ടില്‍ എത്തിയ ശേഷം റസൂല്‍ അനുഭവങ്ങള്‍ അദ്ദേഹത്തിന് വിവരിച്ചുകൊടുത്തു കൊണ്ട് ചോദിച്ചു: 'കേട്ടോ, അബൂഹുബാബ് (ഇബ്‌നു ഉബയ്യ്) എന്തൊക്കെയാണ് പറഞ്ഞത്?'
'റസൂലേ, അല്ലാഹു താങ്കള്‍ക്ക് നല്‍കിയത് എല്ലാം നല്‍കി. എന്നാല്‍ അയാളെ ഇവിടത്തെ അധിപതിയാക്കാന്‍ ഇവിടെയുള്ളവര്‍ ചേര്‍ന്ന് ഒരു തീരുമാനമെടുത്തിരുന്നു. അല്ലാഹു താങ്കള്‍ക്ക് നല്‍കിയ സത്യം, അതിനു തടസ്സം നി ന്നപ്പോള്‍ അയാള്‍ക്ക് വിഷമമായി. അതുകൊണ്ടാണ് താങ്കള്‍ കണ്ടതും കേട്ടതും എല്ലാം സംഭവിച്ചത്. അത് വിട്ടേക്കൂ.'
ഈ സംഭവം വളരെ വ്യക്തമാണ്. വിശദീകരിക്കേണ്ട കാര്യമില്ല. എന്നാല്‍ ഈ വിവരണത്തില്‍ നേര്‍ക്കുനേരെ പറയാത്ത ചില കാര്യങ്ങളുമുണ്ട്:
ഒന്ന്) ഇതുപോലെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ലഭിക്കുന്ന ഒരവസരവും നബിതിരുമേനി പാഴാക്കിയിരുന്നില്ല.
രണ്ട്) ഈ സംഭവം നടക്കുമ്പോള്‍ ഉസാമയുടെ പ്രായം എട്ടു വയസ്സിലധികമാവാന്‍ ഒരു സാധ്യതയുമില്ല. നോക്കൂ, എന്നിട്ടും എന്തൊരു പരിഗണനയും സ്‌നേഹവുമാണ് റസൂല്‍ ഉസാമക്ക് ചൊരിഞ്ഞുകൊടുത്തുകൊണ്ടിരുന്നത്! ഉസാമ തന്റെ പ്രിയപ്പെട്ട സൈദിന്റെ പുത്രന്‍ ആയതുകൊണ്ടായിരുന്നോ അത്? അതല്ല, തനിക്ക് ഏറെ കടപ്പാടുള്ള ഉമ്മു ഐമന്റെ മകന്‍ ആയതുകൊണ്ടാണോ? മാതാവ് വഴി വന്നുചേര്‍ന്ന, അബ്‌സീനിയന്‍ വൈരൂപ്യത്തിന്റെ ചേരുവകള്‍ ഉണ്ടായിരുന്ന ഉസാമയെ ഏറെ സ്‌നേഹിക്കാന്‍ ഇതും ഒരു കാരണമായിട്ടുണ്ടാവണം എന്നു തോന്നാറുണ്ട്. കാരണം, ഉസാമയെ പോലെത്തന്നെയുള്ള ബിലാലിനെയും, ബാഹ്യസൗന്ദര്യം കുറവായിരുന്നതിന്റെ പേരില്‍ വൈവാഹിക ജീവിതത്തില്‍നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുന്ന ജുലൈബീബിനെയും, മക്കയിലെ സാമൂഹികജീവിതത്തില്‍ ഒരു അവഗണിത ഇടയന്‍ മാത്രമായിരുന്ന എല്ലിച്ച ഇബ്‌നു മസ്ഊദിനെയും, കൂടാതെ, അംഗപരിമിതരായിരുന്ന പലരെയും സ്വന്തം നെഞ്ചില്‍ ചേര്‍ത്തു നിര്‍ത്തി, നിഷ്‌കളങ്ക സ്‌നേഹം ചൊരിഞ്ഞ പ്രവാചക മാതൃകക്ക് വല്ലാത്ത ചാരുതയാണ്! നോക്കൂ, അമ്പത്തിയെട്ടു വയസ്സുവരെ ജീവിച്ച ഉസാമക്ക് ഒരു പുത്രനേയുള്ളൂ, പേര് മുഹമ്മദ്!
മൂന്ന്) നബി മദീനയില്‍ പലായനം ചെയ്‌തെത്തി അധികം താമസിയാതെയാണ് ഈ സംഭവം നടക്കുന്നതെന്ന് വിവരണത്തില്‍നിന്നു മനസ്സിലാക്കാം. എങ്കിലും, അതിനു മുമ്പേ റസൂലിനു ഇബ്‌നു ഉബയ്യിനെ 'നന്നായി' അറിയാമായിരുന്നു. ഹിജ്‌റ 911-ല്‍ നിര്യാതനായ വ്യഖ്യാത ചരിത്രകാരന്‍ ഇമാം സംഹൂദി നല്‍കുന്ന വിവരണം നോക്കുക: ''അന്‍സ്വാറുകളും മുഹാജിറുകളുമായ ഏതാനും പേരോടൊപ്പം ഖുബാഇല്‍നിന്ന് യാത്രതിരിച്ച റസൂല്‍, ഖസ്‌റജ് ഗോത്രക്കാരായ ബനൂഹുബ്‌ലയുടെ വാസസ്ഥലത്തെത്തി. ഖസ്‌റജ് ഗോത്രക്കാരുടെ നേതാവായ അബ്ദുല്ലാഹിബ്‌നു ഉബയ്യുബ്‌നുസലൂല്‍ ഇവിടെയാണ് താമസിച്ചിരുന്നത്. തന്റെ കോട്ടയില്‍, കാല്‍മുട്ടുകള്‍ മടക്കി മുതുകും കാല്‍മുട്ടുകളും മറയും വിധം പുതച്ചു ഇരിക്കുകയായിരുന്നു ഇബ്‌നു ഉബയ്യ്. അദ്ദേഹത്തോടൊപ്പം താമസിക്കാന്‍ റസൂല്‍ ആഗ്രഹം പ്രകടിപ്പിച്ചു. 'താങ്കളെ ക്ഷണിച്ചുകൊണ്ടു വന്നവരുടെ കൂടെ താമസിച്ചാല്‍ മതി' എന്നു പറഞ്ഞ് അദ്ദേഹം തിരുമേനിയുടെ അഭ്യര്‍ഥന നിരസിച്ചു.''
സഅ്ദുബ്‌നു ഉബാദ പറഞ്ഞതു തന്നെയാണ് കാര്യം. നബി വരുന്ന വേളയില്‍, രാജാവാകാന്‍ പോകുന്ന ഇബ്‌നു ഉബയ്യിനു ഒരു സ്വര്‍ണകിരീടം പണിയാന്‍ കൊടുത്തിരുന്നു. അത് മുടങ്ങിയ ഈര്‍ഷ്യ, നബിയുമായുള്ള ആദ്യകൂടിക്കാഴ്ചയില്‍തന്നെ അദ്ദേഹം പ്രകടിപ്പിച്ചു. പ്രതികാരം ചെയ്യാന്‍ ഇസ്‌ലാമിലേക്ക് വരികയാണ് സൂത്രം എന്ന് മനസ്സിലാക്കിയ ഇയാള്‍ കപടവിശ്വാസിയായി ഇസ്‌ലാമില്‍ കടന്നുകൂടി.
അയാള്‍ ഉഹുദ്, ഖന്ദഖ് യുദ്ധങ്ങളില്‍ മുസ്‌ലിംകള്‍ക്ക് വലിയ പ്രയാസങ്ങള്‍ സൃഷ്ടിച്ചു; മുഹാജിര്‍- അന്‍സ്വാര്‍ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്താന്‍ കിണഞ്ഞു ശ്രമിച്ചു. പ്രവാചക പത്‌നി ആഇശയെ കുറിച്ച് അപവാദങ്ങള്‍ പറഞ്ഞുപരത്തി. എന്നിട്ടും വെള്ളിയാഴ്ച ദിവസങ്ങളില്‍, പ്രവാചകന്റെ പ്രസംഗത്തിനു മുമ്പ്, ജനങ്ങളെ അഭിമുഖീകരിച്ചു പ്രസംഗിക്കാന്‍ മദീനാ പള്ളിയില്‍ ഇയാള്‍ക്ക് അവസരം നല്‍കപ്പെട്ടിരുന്നു! ഇയാള്‍ മരണപ്പെട്ടപ്പോള്‍, അയാളുടെ നല്ലവനായ പുത്രന്റെ അഭ്യര്‍ഥന മാനിച്ച് അയാളെ കഫന്‍ ചെയ്യാന്‍ റസൂല്‍ ധരിച്ചിരുന്ന വസ്ത്രം ഊരിക്കൊടുത്തിരുന്നു!
Comments