Prabodhanm Weekly

Pages

Search

2020 മാര്‍ച്ച്‌ 06

3142

1441 റജബ് 11

വിസമ്മതത്തിന്റെ ബഹുമുഖ ശബ്ദങ്ങള്‍

പ്രതുല്‍ ശര്‍മ

ചെറുത്തുനില്‍പ്പിന്റെ രൂപകമായി ഇന്ന് ശാഹീന്‍ ബാഗ് മാറിക്കഴിഞ്ഞിരിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പൊരുതുന്നവര്‍ക്ക് ദേശസ്‌നേഹത്തിന്റെ ഭാഗമാണത്. പ്രക്ഷോഭങ്ങളെ എതിര്‍ക്കുന്നവര്‍ക്കാകട്ടെ ശാഹീന്‍ ബാഗ് രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയും!
ശാഹീന്‍ ബാഗ് രാഷ്ട്രീയ തീര്‍ഥാടന കേന്ദ്രം കൂടിയായിരിക്കുന്നു. ഗായകനും പാട്ടെഴുത്തുകാരനുമായ പ്രദീപ് കുഹാദ്, കര്‍ണാടിക് സംഗീതജ്ഞന്‍ ടി.എം കൃഷ്ണ, ക്ലാസിക്കല്‍ ഗായിക ഷുഭാ മുഡ്ഗല്‍ തുടങ്ങിയവരും പലവിധ പോപ്പ് ബാന്‍ഡുകളും വര്‍ണാഭമായ വസ്ത്രം ധരിച്ച ശാഹീന്‍ ബാഗിലെ സ്ത്രീകള്‍ക്ക് മുന്നില്‍ പരിപാടികള്‍ അവതരിപ്പിച്ചു. പ്രതിഷേധ കവിതകള്‍ പോരാട്ടങ്ങള്‍ക്ക് പുതിയ മാനം നല്‍കി. ഫയ്‌സ് അഹ്മദ് ഫയ്‌സിന്റെ 1979-ലെ പ്രതിഷേധ കാവ്യമായ 'ഹം ദേഖേംങ്കേ' ആയിരക്കണക്കായ മനുഷ്യര്‍  പ്രതിഷേധ സമരത്തില്‍ ഉരുവിട്ടു. 'ഹം കഗാസ് നഹീ ദിഖായേംഗേ'(രേഖ കാണിക്കാന്‍ ഞങ്ങള്‍ ഒരുക്കമല്ല) എന്ന ബോളിവുഡ് പാട്ടെഴുത്തുകാരന്‍ വരുണ്‍ ഗ്രോവറുടെ കവിതയും പ്രക്ഷോഭത്തിന്റെ മുദ്രാവാക്യമായി മാറി. 2016-ലെഴുതിയ ഹുസൈന്‍ ഹൈദരിയുടെ 'ഹിന്ദുസ്താനി മുസല്‍മാന്‍' കവിതയും ഈ ധ്രുവീകരണ കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. 
മുഖ്യധാരാ രാഷ്ട്രീയക്കാരില്‍ കനയ്യ കുമാറിനെ പോലെയുള്ള നേതാക്കളും  വിസമ്മതത്തിന്റെ ശബ്ദമുയര്‍ത്തുകയുണ്ടായി. അദ്ദേഹത്തിന്റെ ബിഹാറിലൂടെയുള്ള 'ജന്‍ ഗണ്‍ മന്‍ യാത്ര' പലതവണയായി ആക്രമിക്കപ്പെടുകയുണ്ടായി. എന്നാലും വലിയ ജനക്കൂട്ടവുമായി ആ യാത്ര തുടരുക തന്നെയാണ്. 
രാഷ്ട്രീയക്കാരോ ആക്ടിവിസ്റ്റുകളോ അല്ലാത്തവരില്‍നിന്നും വലിയ തോതിലുള്ള പ്രതിഷേധങ്ങളുണ്ടായി. അവരിലൊരാളാണ് കണ്ണന്‍ ഗോപിനാഥന്‍. കഴിഞ്ഞ ആഗസ്റ്റിലായിരുന്നു അദ്ദേഹം ഐ.എ.എസ് പദവി രാജിവെച്ചത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞപ്പോഴായിരുന്നു അത്. ആ തീരുമാനമെടുത്ത സമയത്ത് അദ്ദേഹം അത്ര അറിയപ്പെട്ടിരുന്നില്ല. സി.എ.എ വിരുദ്ധ പ്രക്ഷോഭമാണ് അദ്ദേഹത്തെ മുന്‍നിരയില്‍ കൊണ്ടുവന്നത്. 20 സ്റ്റേറ്റുകളിലായി എഴുപതോളം നഗരങ്ങളിലാണ് പ്രക്ഷോഭത്തിന്റെ ഭാഗമായി അദ്ദേഹം സന്ദര്‍ശിച്ചത്. 
താന്‍ പ്രസംഗിക്കുകയല്ല, പകരം ആളുകളോട് അവര്‍ക്ക് സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ച്  ചോദിക്കുകയാണ് ചെയ്യാറെന്ന് കണ്ണന്‍ ഗോപിനാഥന്‍ പറയുന്നു.
''ഉദാഹരണത്തിന് ബിഹാറില്‍ പോയപ്പോള്‍ ഞാന്‍ ആര്‍ട്ടിക്ക്ള്‍ 370-നെ കുറിച്ച് ആളുകളോട് ചോദിച്ചു. കശ്മീരിന്റെ വളര്‍ച്ചക്ക് സഹായകമാണ് അതെന്ന് അവര്‍ പറഞ്ഞു. ബിഹാറില്‍ 370 ഇല്ല. അത് കൊണ്ടുവന്നാല്‍ വ്യവസായവും ജോലിയും അഭിവൃദ്ധിയും ഉണ്ടാകുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ എന്ന് ഞാനവരോട് ചോദിച്ചു.''
''തൊഴിലില്ലാത്തതിന്റെ പേരില്‍ ഒരാള്‍ ആത്മഹത്യ ചെയ്യുമ്പോള്‍ സമൂഹം അവനെ പരാജയമായി കണക്കാക്കുന്നു. തൊഴിലില്ലായ്മ വ്യാപിപ്പിക്കുന്നത് ഗവണ്‍മെന്റിന്റെ പോളിസികളാണ്. അതുകൊണ്ടത് ഗവണ്‍മെന്റിന്റെ പരാജയമാണ്. അതുപോലെ തന്നെ സി.എ.എയെ കുറിച്ചും  എന്‍.ആര്‍.സിയെ കുറിച്ചും തെറ്റിദ്ധാരണകള്‍ പരക്കുന്നുണ്ട്. വെറുപ്പുല്‍പാദിപ്പിക്കാനും ജനങ്ങളെ പരസ്പരം പോരടിപ്പിക്കാനുമാണ് ഗവണ്‍മെന്റ് ഈ സംഭവങ്ങളെയെല്ലാം ഉപയോഗപ്പെടുത്തുന്നത്.''
എന്‍.ആര്‍.സിയും എന്‍.പി.ആറുമെല്ലാം ഗവണ്‍മെന്റിന്റെ നിയന്ത്രണം കുറേക്കൂടി ശക്തമാക്കാനും അഴിമതിക്ക് വഴിതുറക്കാനും കൂടിയാണെന്നും കണ്ണന്‍ ഗോപിനാഥന്‍ പറയുന്നു. 
''എന്‍.ആര്‍.സി മുസ്‌ലിംകളെ മാത്രമല്ല ബാധിക്കുന്നത്. ദരിദ്രരെയും ദലിതുകളെയും സ്ത്രീകളെയും അത് ബാധിക്കും. അസമില്‍ 69 ശതമാനത്തോളം സത്രീകളെയാണ് ബാധിച്ചത്.  ജനസംഖ്യാ നിയന്ത്രണ വിഷയം കൂടി ഇതിലുണ്ട്.  നോര്‍ത്ത്- സൗത്ത് വിഷയമായും ഹിന്ദു-മുസ്‌ലിം വിഷയമായും ഇതിനെ ഫ്രെയിം ചെയ്യുകയായിരുന്നു. എങ്ങനെ ഫ്രെയിം ചെയ്യുന്നു എന്നത് അതിന്റെ ആഖ്യാനത്തെ കൃത്യമായി ബാധിക്കും. പാവപ്പെട്ടവര്‍ക്കെതിരെയുള്ള സി.എ.എ എങ്ങനെ സാമുദായികസ്വഭാവം കൈവരിച്ചു എന്നത് ശ്രദ്ധിച്ചാല്‍ മനസ്സിലാകും. നിങ്ങള്‍ ഹിന്ദുവാണെങ്കില്‍ നിങ്ങള്‍ക്ക് ഡോക്യുമെന്റ് ഇല്ലെങ്കിലും പൗരത്വം ലഭിക്കും എന്ന് പറഞ്ഞതോടുകൂടി വിഷയം സാമുദായികമായി മാറി''.
ഒരു ബ്യൂറോക്രാറ്റ് ആയിരുന്നു എന്നത് പ്രശ്‌നത്തിന്റെ സങ്കീര്‍ണത സാധാരണക്കാര്‍ക്ക് വ്യക്തമാക്കിക്കൊടുക്കാന്‍ അദ്ദേഹത്തെ സഹായിക്കുന്നുണ്ട്. കോട്ടയത്താണ് കണ്ണന്‍ ഗോപിനാഥന്റെ ജനനം. ഝാര്‍ഖണ്ഡിലെ ബിര്‍ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ പഠനം അദ്ദേഹത്തെ ഹിന്ദിയില്‍ പ്രാവീണ്യം നേടാന്‍ സഹായിച്ചു. നോയ്ഡയില്‍ ജോലി ചെയ്തിട്ടുണ്ട്. ഹരിയാനക്കാരിയായ ഹിമാനി പഥകിനെയാണ് വിവാഹം ചെയ്തത്. ഇപ്പോള്‍ ജോലിയില്ലാതായപ്പോള്‍ ഉപജീവന പ്രശ്‌നം കൂടി അഭിമുഖീകരിക്കേണ്ടിവന്നിരിക്കുന്നു എന്നു അദ്ദേഹം പറയുന്നു. 
ഗോപിനാഥനെ പോലെ തന്നെ അബ്ദുര്‍റഹ്മാനും ഗവണ്‍മെന്റിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി തന്റെ ജോലിയില്‍നിന്ന് ഇറങ്ങിപ്പോന്നതാണ്. കഴിഞ്ഞ ഡിസംബറില്‍ സി.എ.എ പാര്‍ലമെന്റ് പാസ്സാക്കുമ്പോള്‍ അബ്ദുര്‍റഹ്മാന്‍ മുംബൈ പോലീസിലെ സ്‌പെഷ്യല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആയിരുന്നു. 1997 ബാച്ചിലെ ഓഫീസറായ അദ്ദേഹം ട്വിറ്ററിലാണ് തന്റെ ഐ.പി.എസ് രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. പ്രകടമായും സാമുദായികമായ, ഭരണഘടനാവിരുദ്ധമായ നിയമത്തിനെതിരെയാണ് തന്റെ രാജിയെന്നും അദ്ദേഹം വ്യക്തമാക്കി. 
ഐ.ഐ.ടി കാണ്‍പൂരില്‍നിന്ന് ബി.ടെക് കഴിഞ്ഞതാണ് റഹ്മാന്‍. മുസ്‌ലിംകളുടെ സാമൂഹിക-സാമ്പത്തിക അവസ്ഥയെ കുറിച്ച് ഒരു പുസ്തകവും എഴുതിയിട്ടുണ്ട്. പല ഭാഗങ്ങളിലുള്ള സി.എ.എ വിരുദ്ധ പ്രതിഷേധ വേദികളിലേക്ക് അദ്ദേഹം പോവുകയും അതിന്റെ അപകടത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തു. സി.എ.എയും എന്‍.ആര്‍.സിയും മാരകമായ കോമ്പിനേഷനാണെന്ന് അദ്ദേഹം പറയുന്നു. 
''എന്‍.ആര്‍.സി നടപ്പാക്കാന്‍ എന്ത് അര്‍ഹതയാണ് ഗവണ്‍മെന്റിനുള്ളത്? 27 ശതമാനത്തിന് സാക്ഷരതയില്ലാത്ത, 40 ശതമാനം ദാരിദ്ര്യ രേഖക്ക് താഴെയുള്ള രാജ്യത്ത് ഇതാണോ അനിവാര്യമായ കാര്യം?''
ഭരണഘടനയുടെ അടിസ്ഥാനത്തെ തന്നെയാണ്    സി.എ.എ നശിപ്പിക്കുന്നത് എന്ന് റഹ്മാന്‍ പറയുന്നു. രാജ്യത്തെ ജനങ്ങളുടെ പൗരത്വം തന്നെ ചോദ്യചിഹ്നമാവുക എന്നത് രാജ്യം മുന്നോട്ടു വെക്കുന്ന മൂല്യങ്ങള്‍ക്ക് എതിരാണ്. ഇതേപ്പറ്റിയെല്ലാം ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് അബ്ദുര്‍റഹ്മാന്‍.
ഭാവിയെ കുറിച്ച് ഒന്നും ഇതുവരെ ചിന്തിച്ചിട്ടില്ല എന്നും അദ്ദേഹം പറയുന്നു. സി.എ.എക്കെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ശ്രദ്ധ. രാഷ്ട്രീയമായ പ്രേരണകളൊന്നും തനിക്കില്ല. 
ഒരേ ലക്ഷ്യത്തിനു വേണ്ടി ഇറങ്ങിത്തിരിച്ചവരാണ് കണ്ണന്‍ ഗോപിനാഥനും അബ്ദുര്‍റഹ്മാനും. ഇന്ത്യന്‍ ഡെമോക്രസിയെ കുറിച്ച ആരോഗ്യകരമായ ചര്‍ച്ചക്ക് ഇത്തരം നീക്കങ്ങള്‍ നിമിത്തമാവും. താന്‍ ജോലി രാജിവെക്കുന്ന സമയത്ത് ആരും കശ്മീരിനെ കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നില്ല എന്ന് പറയുന്നു കണ്ണന്‍ ഗോപിനാഥന്‍. 
''ജനാധിപത്യം ഈ നേതാക്കള്‍ കാരണം ഏകാധിപത്യത്തിലേക്ക് വഴുതിവീഴും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അങ്ങനെ സംഭവിക്കുക നമ്മുടെയെല്ലാം മൗനം കാരണത്താലായിരിക്കും.'' 

വിവ: അബൂ ഇനാന്‍
ദ വീക്ക് പ്രസിദ്ധീകരിച്ച ലേഖനം (2020 മാര്‍ച്ച് 1)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (10-12)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആത്മാഭിമാനികളുടെ പ്രാര്‍ഥന
അമല്‍ അബൂബക്കര്‍