സി. മുഹമ്മദ് റശീദ്
ഉന്നതമായ കാഴ്ചപ്പാടും അചഞ്ചലമായ പ്രവര്‍ത്തന ശൈലിയും സമര്‍പ്പിത മനസ്സും കൈമുതലാക്കി കേരളത്തിലെ മുസ്‌ലിം വിദ്യാഭ്യാസ മേഖലയില്‍ വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമായിരുന്നു സി. മുഹമ്മദ് റശീദ്. ധാര്‍മിക-ഭൗതിക വശങ്ങള്‍ സമന്വയിപ്പിച്ചുകൊണ്ട് തൃശൂര്‍ ജില്ലയിലെ പെരുമ്പിലാവില്‍ കാല്‍നൂറ്റാണ്ട് മുമ്പ് തുടക്കം കുറിച്ച അന്‍സാര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ഉജ്ജ്വലനായ അമരക്കാരന്‍ എന്ന നിലയില്‍ അറിയപ്പെട്ട വിദ്യാഭ്യാസ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. പെരുമ്പിലാവ് സ്‌കൂളില്‍ അധ്യാപകന്‍, വൈസ് പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ നല്‍കിയ മികച്ച സേവനമാണ് പിന്നീട് അദ്ദേഹത്തെ പ്രിന്‍സിപ്പല്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ നിമിത്തമായത്. ഇതിനിടയില്‍ അബൂദബിയില്‍ അല്‍നൂര്‍ സ്‌കൂളിന്റെ പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ച അദ്ദേഹം അവിടെയും വ്യക്തിമുദ്ര പതിപ്പിച്ചു. ഈ ഘട്ടത്തിലാണ് പെരുമ്പിലാവ് സ്‌കൂളിന്റെ ശോഭനമായ ഭാവി മുന്നില്‍ കണ്ട് അതിന്റെ ശില്‍പികളില്‍ ഒന്നാമനായ പി. മുഹമ്മദ് അബുല്‍ ജലാല്‍ മൗലവി റശീദിനെ അന്‍സാറിന്റെ പ്രിന്‍സിപ്പല്‍ സ്ഥാനത്തേക്ക് ക്ഷണിച്ചത്.
പ്രിന്‍സിപ്പല്‍ എന്ന നിലയില്‍ തികച്ചും മാതൃകാപരമായിരുന്നു അദ്ദേഹത്തിന്റെ കാല്‍വെപ്പുകള്‍. അതിനു സഹായകമായ നിലയില്‍ വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കുന്നതില്‍ അനുകരണീയമായ സംഭാവനകളാണ് അദ്ദേഹം നല്‍കിയത്. പോരായ്മകള്‍ കണ്ടെത്തുന്നതിലും അവ ഗുണപ്രദമായ രീതിയില്‍ പരിഹരിക്കുന്നതിലും പുലര്‍ത്തിയ ശ്രദ്ധ മെച്ചപ്പെട്ട അധ്യാപക സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ ഉപകരിച്ചു. അദ്ദേഹത്തിന്റെ ഉപദേശ നിര്‍ദേശങ്ങള്‍ സര്‍വാത്മനാ സ്വീകരിക്കാന്‍ അധ്യാപകര്‍ക്ക് ലവലേശം മടി ഉണ്ടായിരുന്നില്ല. അധ്യാപകര്‍ക്ക് വേണ്ട ഗുണപരമായ നേട്ടങ്ങളും ആനുകൂല്യങ്ങളും മാനേജ്‌മെന്റില്‍നിന്ന് നേടിയെടുക്കുന്നതില്‍ ഒരിക്കലും പിശുക്കു കാണിച്ചില്ല.
തിരൂര്‍ക്കാട് ഇലാഹിയ്യാ ബോര്‍ഡിംഗ് സ്‌കൂളിലും കോളേജിലും ലഭിച്ച ആദ്യകാലപഠനം മതവിഷയങ്ങളില്‍ നല്ലൊരു അടിത്തറ ഉാക്കാന്‍ ഉപകാരപ്പെട്ടിരുന്നു. പിന്നീട് മാനവിക വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ഗവണ്‍മെന്റ് മേഖലയില്‍ ജോലി അവസരം കൈവന്നെങ്കിലും അന്‍സാറില്‍ തന്നെ തുടരാനായിരുന്നു തീരുമാനം. സി.ബി.എസ്.ഇ മേഖലയില്‍ കൈവരിച്ച പരിചയവും പ്രാഗത്ഭ്യവും ഇതര മേഖലകളില്‍ ഉപയോഗപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സി.ബി.എസ്.ഇ സ്‌കൂളുകളുടെ പൊതുവേദിയായ സഹോദയ സ്‌കൂള്‍ കോംപ്ലക്‌സിന്റെ തൃശൂര്‍ ജില്ലാ പ്രസിഡന്റായി ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിദ്യാ കൗണ്‍സില്‍ ഫോര്‍ എജുക്കേഷന്റെ നേതൃതലത്തില്‍ അദ്ദേഹം ഏറെക്കാലമുണ്ടായിരുന്നു. മജ്‌ലിസ് ടാലന്റ് സെര്‍ച്ച് പരീക്ഷയുടെ ചെയര്‍മാനായി നിരവധി തവണ സേവനമനുഷ്ഠിച്ചു. പിന്നീട് വിദ്യാ ടാലന്റ് സെര്‍ച്ച് സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ നടത്തിപ്പിലും നേതൃപരമായ പങ്കുവഹിച്ചു. വിദ്യാ കൗണ്‍സിലിന്റെ പാഠപുസ്തക നിര്‍മാണ സമിതികളില്‍ സജീവ പങ്കാളിയായിരുന്നു. സി.ബി.എസ്.ഇ മേഖലയില്‍ സ്‌കൂള്‍ നിലവാരത്തിന് സഹായകമായ മാര്‍ഗരേഖ സ്വന്തമായി ആവിഷ്‌കരിച്ച് നടപ്പാക്കുകയുായി.
പ്രിന്‍സിപ്പലിന്റെ സാന്നിധ്യം സ്ഥാപനം മുഴുവന്‍ അനുഭവിക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലി. കര്‍ക്കശമായ ശിക്ഷാ നടപടികള്‍ കൂടാതെ തന്നെ ഒരു സ്ഥാപനത്തില്‍ അച്ചടക്കം എങ്ങനെ കൈവരുത്താം എന്നതിന് മാതൃക കൂടിയായിരുന്നു റശീദ്. സഹാധ്യാപകരുടെ കഴിവുകളെയും സേവനങ്ങളെയും കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കുമായിരുന്നു.
ഭാര്യ: റംല. മക്കള്‍: സുഹാദ, മന്‍സൂര്‍ (ഖത്തര്‍), സുറയ്യ, സഫുവ, സംറ. മരുമക്കള്‍: ശഹദ് കുളങ്ങരക്കകത്ത് (മങ്ങാട് പെരുമ്പിലാവ്), ഷസ്മി (കൊട്ടാരപ്പറമ്പില്‍, മണ്ണാര്‍ക്കാട്).
Comments