Prabodhanm Weekly

Pages

Search

2020 മാര്‍ച്ച്‌ 06

3142

1441 റജബ് 11

മാറുന്ന അനുസരണ സങ്കല്‍പം 

അബൂറശാദ്   പുറക്കാട്

പ്രപഞ്ചസൃഷ്ടിപ്പിന്റെ നാള്‍വഴി വിവരിക്കുന്നേടത്ത് വിശുദ്ധ  ഖുര്‍ആന്‍ (ഫുസ്സ്വിലത്ത് അധ്യായം, സൂക്തം 11)  ഒരു സംഭവം പറയുന്നുണ്ട്. പ്രപഞ്ചത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ (Infrastructure) ഒരുക്കുകയും വിഭവക്രമീകരണങ്ങള്‍ (Resource Allocation) പൂര്‍ത്തിയാക്കുകയും ചെയ്ത ശേഷം അല്ലാഹു, കേവലം ധൂമസമാനമായ ആകാശത്തേക്ക് തിരിഞ്ഞു. എന്നിട്ട് ആകാശത്തോടും  ഭൂമിയോടുമായി പറഞ്ഞു: 'ഉണ്ടായി വരുവിന്‍. വഴങ്ങിയിട്ടോ അല്ലാതെയോ'. അവ രണ്ടും മൊഴിഞ്ഞു: 'ഞങ്ങളിതാ വഴങ്ങിക്കൊണ്ട്  തന്നെ ഉണ്ടായി വന്നിരിക്കുന്നു.' ഇവിടെ വഴക്കത്തിനു ഖുര്‍ആന്‍ പ്രയോഗിച്ച പദം 'ത്വൗഅന്‍' (അനുസരിച്ചുകൊണ്ട്) എന്നാണ്. അഥവാ മനുഷ്യോല്‍പ്പത്തിക്കും സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് തന്നെ നിലനില്‍ക്കുന്നതാണ് അനുസരണം എന്ന ആശയം. അത് സ്രഷ്ടാവിന്റെ അവകാശവും സൃഷ്ടിയുടെ ബാധ്യതയുമാണ്.
ഖുര്‍ആന്‍ പറയുന്ന രണ്ടാമത്തെ അനുസരണക്കഥ മനുഷ്യസൃഷ്ടിപ്പുമായി ബന്ധപ്പെട്ടുള്ളതാണ്. ആദമിനെ പടച്ച ശേഷം, ഭൗതികജ്ഞാനം നല്‍കി  ആദരിച്ച അല്ലാഹു, മനുഷ്യനാണ് സൃഷ്ടികളില്‍ ശ്രേഷ്ഠന്‍ എന്ന ആശയം ഈ പ്രപഞ്ചം മുഴുവന്‍ പ്രഖ്യാപിക്കുന്നതിനു വേണ്ടി, അതുവരെ ശ്രേഷ്ഠ പദവിയിലിരുന്ന മാലാഖമാരോട് ആദമിന് നമിക്കാന്‍ കല്‍പ്പിച്ചു. അവരൊന്നടങ്കം ദൈവാജ്ഞക്കു വിധേയരായി ആദമിന് നമിച്ചു, സാത്താനൊഴികെ. അവന്‍ ദൈവത്തെ ധിക്കരിച്ചു (2:34). ഇവിടെ പക്ഷേ, ഖുര്‍ആന്‍ അനുസരണം എന്ന പദം ഉപയോഗിക്കുന്നില്ല. പകരം അതിന്റെ വിപരീത ശബ്ദമായ 'ധിക്കരിച്ചു' (അബാ) എന്ന പദമാണ് ഉപയോഗിച്ചത്.
മൂന്നാമത്തേത്, മനുഷ്യധിക്കാരത്തിന്റെ തുടക്കമാണ്. ആദരണീയനായ മനുഷ്യപിതാവിനെ അല്ലാഹു സര്‍വാഡംബരവിഭൂഷിതമായ സ്വര്‍ഗത്തിലേക്കയച്ചു. സര്‍വം തനിക്കു സ്വന്തം. ഒന്നല്ലാത്ത ഒന്നിനുമില്ല ഒരു വിലക്കും. പക്ഷേ, പിശാച് അവന്റെ പണി തുടങ്ങി. അതിസമര്‍ഥമായി അരുതെന്ന് കല്‍പ്പിച്ച അതേ കനി തന്നെ ആദമിനെ കൊണ്ട് തീറ്റിച്ചു, തന്റെ നെറ്റ്‌വര്‍ക്കില്‍ ചാടിച്ചു..... ആദ്യത്തെ ഇര. ഇവിടെയും സംഭവം കേന്ദ്രീകരിക്കുന്നത് അനുസരണത്തിലേറെ അനുസരണക്കേടിലാണ്. ആദമിന്റെ അനുസരണക്കേടിനെ സൂചിപ്പിക്കാന്‍ 'അസ്വാ' എന്ന പദമാണ് ഖുര്‍ആന്‍ ഉപയോഗിച്ചത് (20:122). കല്‍പ്പനക്ക് വിരുദ്ധമായി വര്‍ത്തിക്കുക എന്നര്‍ഥം.
അനുസരണത്തിന്റെ ഉന്നത പ്രതീകമായി എന്നും ആഘോഷിക്കപ്പെടുന്ന മാതൃക ഇബ്‌റാഹീം നബി(അ)യുടേതാണ്. അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തോട് പറഞ്ഞു: 'കീഴ്‌വണങ്ങൂ.' അദ്ദേഹം മുന്നും പിന്നും നോക്കാതെ പറഞ്ഞു: 'ലോകരക്ഷിതാവിനു ഞാനിതാ കീഴ്‌വണങ്ങിയിരിക്കുന്നു' (2:131).

അനുസരണം എന്നാല്‍

ഒരു അധികാരിയുടെ/അധികാര കേന്ദ്രത്തിന്റെ കല്‍പനക്ക് വിധേയമായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാകുന്ന മാനസികാവസ്ഥ എന്ന് അനുസരണത്തെ നിര്‍വചിക്കാം. ഒരാളുടെ അഭ്യര്‍ഥന മാനിച്ചു, സ്വന്തം ശീലങ്ങളില്‍ മാറ്റം വരുത്തുന്നതോ (Complianace), സമൂഹത്തില്‍ നിലനില്‍ക്കുന്ന  സാമൂഹിക ശീലങ്ങളോട് (Prevailing social norms) സമരസപ്പെടുന്നതിനു വേണ്ടി സ്വന്തം ശീലങ്ങളെ ബലികഴിക്കുന്നതോ അനുസരണത്തിന്റെ നിര്‍വചന വൃത്തത്തില്‍പെടുകയില്ല. കല്‍പ്പിക്കുന്ന  അധികാര ശക്തിയുടെ സ്വാധീന ഫലമായി ഒരാളുടെ ഇഷ്ടശീലങ്ങളെയോ അനിഷ്ടങ്ങളെ പോലുമോ ത്യജിച്ചുകൊണ്ട് കല്‍പനയോട് അനുകൂലമായി പ്രതികരിക്കാന്‍  കഴിയുമ്പോഴേ അനുസരണമാവുകയുള്ളൂ. മറ്റു രണ്ടവസ്ഥകളിലും അനുസരിക്കപ്പെടുന്ന വ്യക്തി/ശക്തി അനുസരിക്കുന്ന ആളേക്കാളും ഉന്നതിയിലുള്ള ആളായിരിക്കണമെന്നില്ല.

സ്റ്റാന്‍ലി മില്‍ഗ്രാമിന്റെ പരീക്ഷണങ്ങള്‍

അനുസരണത്തെ കുറിച്ച് ആദ്യ സാമൂഹിക പഠനങ്ങളിലൊന്ന് 1960-ല്‍ സ്റ്റാന്‍ലി മില്‍ഗ്രാം (Stanly Milgram)  എന്ന അമേരിക്കന്‍ സാമൂഹിക മനഃശാസ്ത്രജ്ഞന്റേതാണ്.   അനുസരണത്തിന്റെ മനഃശാസ്ത്ര വശത്തില്‍ കൂടുതല്‍ താല്‍പര്യം ജനിക്കാന്‍ മില്‍ഗ്രാമിന്റെ പഠനം സഹായകമായി. അഡോള്‍ഫ് ഹിറ്റ്‌ലറുടെ വലംകൈയായിരുന്ന അഡോള്‍ഫ് എയ്ച്മാന്റെ (Adolf Eichmann) വിചാരണയാണ് മില്‍ഗ്രാമിന് ഈ വിഷയത്തില്‍ താല്‍പര്യം ജനിപ്പിച്ചത്. ഇദ്ദേഹമായിരുന്നു ഹിറ്റ്‌ലറുടെ കല്‍പനകള്‍ ശിരസ്സാവഹിച്ചുകൊണ്ട്, രണ്ടാം ലോക യുദ്ധകാലത്ത് ജൂതരെ നാടുകടത്തിയതടക്കമുള്ള കൊടും ക്രൂരതകള്‍ നടപ്പിലാക്കിയത്. ഈ ക്രൂരതകളത്രയും അദ്ദേഹംചെയ്തത് അശേഷം മനസ്സാക്ഷിക്കുത്ത്  ഇല്ലാതെയായിരുന്നു എന്നതാണ് മില്‍ഗ്രാമിനെ അമ്പരപ്പിച്ചത്. തന്നേക്കാള്‍ അധികാരശക്തിയുള്ള  ഒരു കേന്ദ്രമാണ് കല്‍പ്പിക്കുന്നതെങ്കില്‍  തുലോം മടിയില്ലാതെ മനുഷ്യര്‍ ആ കല്‍പ്പനകള്‍ ശിരസ്സാവഹിക്കുമെന്ന് അദ്ദേഹം മനസ്സിലാക്കി. ഇതു സംബന്ധമായി താന്‍ നടത്തിയ പരീക്ഷണത്തിലും ഇക്കാര്യം വെളിപ്പെട്ടു.

അനുസരണം മൂന്നു വിധം 

മൂന്നു തരം അനുസരണം വിശ്വാസികളെ  പഠിപ്പിക്കുന്നുണ്ട് ഖുര്‍ആന്‍ (4:59). ഒന്ന് സ്രഷ്ടാവിനും തുടര്‍ന്നുള്ള രണ്ടെണ്ണം സൃഷ്ടികള്‍ക്കും. ഇതില്‍ ആദ്യത്തേത് നിരുപാധിക അനുസരണമാണ്. സ്രഷ്ടാവെന്ന നിലയില്‍ അവന്റെ അവകാശമാണത്. അതുകൊണ്ടുതന്നെ അത് ഇബാദത്തിന്റെ പര്യായമായിട്ടും ഖുര്‍ആന്‍ പ്രയോഗിച്ചതായി കാണാം. സ്രഷ്ടാവിനല്ലാതെ മറ്റാര്‍ക്കും  സമര്‍പ്പിക്കാന്‍ പാടില്ലാത്തതിനു പറയുന്ന ക്രിയാ നാമമാണല്ലോ ഇബാദത്ത്. അല്ലാഹുവിന്റെ ഏതു കല്‍പ്പന അനുസരിച്ചാലും അത് ഇബാദത്താവും. സാധാരണ ഗതിയില്‍ ഒരു സൃഷ്ടിക്ക് മുന്നില്‍ സാഷ്ടാംഗം കുമ്പിടുന്നത് ശിര്‍ക്കാണെന്നത് അവിതര്‍ക്കിതമാണ്. എന്നാല്‍ അങ്ങനെ ചെയ്യുന്നതു പോലും ദൈവിക കല്‍പ്പന അനുസരിച്ചുകൊണ്ടാവുമ്പോള്‍ അത് സ്രഷ്ടാവിനുള്ള ഇബാദത്താവുന്നു. മാലാഖമാരോട് ആദമിന് സുജൂദ് ചെയ്യാന്‍ കല്‍പ്പിച്ച സംഭവം ഉദാഹരണം. ആരാധനയുടെ പ്രത്യക്ഷരൂപമായ സുജൂദ് പോലും അല്ലാഹുവില്‍ സ്വീകാര്യമാവാന്‍ അതില്‍ അനുസരണം ചേരണമെന്നര്‍ഥം.
രണ്ടാമത്തേത് പ്രവാചകനുള്ള അനുസരണമാണ്. പ്രവാചകനുള്ള അനുസരണം താത്ത്വികമായി സോപാധികമാണെങ്കിലും, പ്രയോഗത്തില്‍ നിരുപാധികമാണ്. അന്നിസാഇലെ 64-ാമത് വചനത്തിലെ '.......ഇല്ലാലിയുത്വാഅ ബി ഇദ്‌നില്ലാഹ്....' എന്ന വചനത്തിന്റെ വ്യാഖ്യാനത്തില്‍ ഉസ്താദ് റശീദ് രിദാ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്: ''ഇതൊരു മുന്‍കരുതലിനു വേണ്ടിയാണ്. കാരണം, (നിരുപാധിക) അനുസരണം യഥാര്‍ഥത്തില്‍ അല്ലാഹുവിനു മാത്രമാണ്. ഈ നിബന്ധന വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന സുചിന്തിതമായ നിബന്ധനകളില്‍പെട്ടതാണ്. പ്രവാചകനെ അനുസരിക്കേണ്ടത് നിരുപാധികമാണെന്ന് കരുതുന്നവര്‍ക്കുള്ള കൃത്യവും വ്യക്തവുമായ മറുപടിയാണിത്..... ഇവിടെ അല്ലാഹു പറയുന്നു: നിരുപാധിക അനുസരണം ജനങ്ങളുടെ നാഥനും അവരുടെ സ്രഷ്ടാവുമായ   അല്ലാഹുവിനു മാത്രമാകുന്നു. അതിനു ശേഷം, പ്രവാചകനോടുള്ള അനുസരണവും പ്രവാചക കല്‍പനകളോട് പ്രതികരിക്കലും അല്ലാഹുവിന്റെ അനുവാദം എന്ന നിബന്ധനയോടെ മനുഷ്യര്‍ക്ക്  നിര്‍ബന്ധമാക്കിയിരിക്കുന്നു.'' പ്രവാചകനെ അനുസരിക്കുക എന്നത് പ്രായോഗികമായി നിര്‍ബന്ധമാണെങ്കിലും അത് അല്ലാഹുവിന്റെ കല്‍പ്പന എന്ന നിബന്ധനയോടെയാണ്.
മൂന്നാമത്തേത്, 'വലിയ്യുല്‍ അംറി'നു (കൈകാര്യകര്‍ത്താവിനുള്ള) അനുസരണമാണ്. ഭരണകര്‍ത്താവ്, നേതാക്കള്‍, പണ്ഡിതന്മാര്‍, ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മേധാവി, താന്‍ അംഗമായ സംഘടനയുടെ അധ്യക്ഷന്‍, മാതാപിതാക്കള്‍, കുടുംബനാഥന്‍, അധ്യാപകന്‍, യാത്രാ അമീര്‍ തുടങ്ങി ഒരു സാമൂഹിക ഘടനയില്‍ നേതൃത്വം വഹിക്കുന്ന സകലരും 'വലിയ്യുല്‍ അംറി'ന്റെ  വിവക്ഷയില്‍ പെടും. മേല്‍ സൂചിപ്പിച്ച രണ്ടു തരം അനുസരണങ്ങളില്‍നിന്ന് വ്യത്യസ്തമായി  പലതരം നിബന്ധനകള്‍ക്കും വിധേയമാണ് ഈ അനുസരണം. അതില്‍ ഒന്നാമത്തേത്, അല്ലാഹുവിന്റെ കല്‍പനകള്‍ക്ക്  വിരുദ്ധമാവരുത് ആ കല്‍പ്പന എന്നതാണ്. 'ഇന്നമത്ത്വാഅത്തു ഫില്‍ മഅ്‌റൂഫ്' (അനുസരണം സല്‍കാര്യങ്ങള്‍ മാത്രം), 'ലാ ത്വാഅത്ത ഫീ മഅ്‌സിയത്തില്ലാഹ്' (ദൈവധിക്കാരത്തില്‍ അനുസരണമില്ല) എന്നതൊക്കെയാണ് ഇതിന്റെ ഹദീസ് ഭാഷ്യം. ഒരിക്കല്‍ നബി (സ) അന്‍സാറുകളില്‍പെട്ട അബ്ദുല്ലാഹിബ്‌നു ഹുദാഫ ബിന്‍ ഖൈസ് ബിന്‍ അദിയ്യ് എന്നയാളുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ അയച്ചു. വഴിയില്‍ വെച്ച് അദ്ദേഹം എന്തോ കാരണവശാല്‍ കുപി
തനായി. അദ്ദേഹം സഹപ്രവര്‍ത്തകരോട് ചോദിച്ചു: 'എന്നെ അനുസരിക്കണമെന്ന് നബി (സ) നിങ്ങളോട് പറഞ്ഞിട്ടില്ലേ?' അവര്‍ പറഞ്ഞു: 'ഉവ്വ്.' 'എങ്കില്‍ ഒരു തീക്കുണ്ഠം നിര്‍മിക്കൂ.' അത് ഉണ്ടാക്കിയ ശേഷം എല്ലാവരോടും അതില്‍ ചാടാന്‍ കല്‍പ്പിച്ചു. പക്ഷേ  ആരും ചാടിയില്ല. വിവരം നബി(സ)യോട് പറഞ്ഞപ്പോള്‍, അവിടുന്ന് പറഞ്ഞു: ''നിങ്ങളെങ്ങാനും ചാടിയിരുന്നെങ്കില്‍,  അന്ത്യനാള്‍ വരെ അതില്‍നിന്ന് പുറത്തു കടക്കാന്‍ നിങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. അനുസരണം നന്മയില്‍ മാത്രമാണ്'' (ബുഖാരി). ഈ സംഭവമാണ് ഈ സൂക്തത്തിന്റെ അവതരണ പശ്ചാത്തലമായി പറയുന്നത്.

സംഘടനാ നേതൃത്വത്തെ അനുസരിക്കല്‍

ഈ മൂന്നാമത്തെ അനുസരണത്തിന്റെ ബലത്തിലാണ് സംഘടനാ നേതൃത്വത്തെ അനുസരിക്കാന്‍ അനുയായികള്‍ ബാധ്യസ്ഥരാവുന്നത്. ഉപാധികള്‍ക്ക്  വിധേയമായിട്ടാണെങ്കിലും, ദൈവിക കല്‍പ്പനയാണതും. കേഡര്‍ സംഘടനകളില്‍ അനുസരണക്കേട് കാണിക്കുന്നവര്‍ക്കെതിരെ ചിലപ്പോള്‍ കര്‍ശനമായ നടപടി എടുത്തെന്നിരിക്കും. സംഘടനയുടെ കെട്ടുറപ്പിനും ഐക്യത്തിനും ഇത് അനിവാര്യമാണ്. 'സംഘടനയില്ലാതെ ഇസ്ലാമില്ല; നേതൃത്വമില്ലാതെ സംഘടനയില്ല; അനുസരണയില്ലാതെ നേതൃത്വമില്ല' എന്ന ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ വചനം പ്രസിദ്ധമാണല്ലോ.
കാലാന്തരത്തില്‍ പല സങ്കല്‍പ്പങ്ങള്‍ക്കും  ക്ഷതം പറ്റിയപ്പോള്‍ അനുസരണ സങ്കല്‍പ്പവും വ്യതിയാനങ്ങള്‍ക്ക്  വിധേയമായി. രണ്ടോ മൂന്നോ തലമുറകള്‍ക്കു മുമ്പുള്ള സമൂഹം ചിന്തിച്ചതുപോലെ ചിന്തിക്കുന്നവരെ പുതിയ തലമുറയില്‍ കാണാന്‍ കഴിയണമെന്നില്ല. നേതൃത്വം പറയുന്നത് തങ്ങള്‍ക്ക് ബോധ്യമായെങ്കില്‍ മാത്രം അനുസരിക്കുക; ഇല്ലെങ്കില്‍ ലളിതമായി ആ കല്‍പ്പനകള്‍  അവഗണിക്കുക എന്നതാണ് പുതിയ രീതി. അപൂര്‍വം ആളുകളേ നേതൃത്വത്തെ ചോദ്യം ചെയ്ത് പ്രശ്‌നമുണ്ടാക്കുകയുള്ളൂ. ഭൂരിപക്ഷം നേതൃത്വത്തിന് ഒരലോസരവും ഉണ്ടാക്കാതെ സംഘടനയില്‍ തുടരും. പക്ഷേ നേതൃത്വവും അവരും തമ്മില്‍ മാനസികമായ ഒരു ബന്ധവുമുണ്ടാവില്ല. നേതൃത്വവും അണികളും തമ്മിലുള്ള ഈ അകല്‍ച്ച  സംഘടനയുടെ കെട്ടുറപ്പിനെ കാര്യമായി ബാധിക്കും. എന്നു മാത്രമല്ല, നേതൃത്വത്തെ സ്ഥാനത്തും അസ്ഥാനത്തും  ചോദ്യം ചെയ്യുകയും വിമര്‍ശിക്കുകയും ചെയ്യുന്ന പ്രവണത ഇവരില്‍ വര്‍ധിച്ചുവരികയും ചെയ്യും.
വിമര്‍ശനം ഇസ്ലാമിക സംഘടനാ വ്യവസ്ഥയില്‍ അനുവദനീയമാണ്. എന്നല്ല, അനിവാര്യമാണ്. 'സംഘടനയില്‍  നിങ്ങള്‍ ഒരു പ്രതിപക്ഷമായി നിലകൊള്ളണം. വിമര്‍ശനമില്ലാത്ത സംഘടന ഓട്ടവും ഒഴുക്കുമില്ലാത്ത ഒരു ജലാശയം പോലെയാണ്. ഏത് സമയത്തും  കെട്ട് നാറും' എന്നാണ്  പ്രസ്ഥാനനായകന്‍ വിമര്‍ശനത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.  പക്ഷേ, വിമര്‍ശനം ഗുണകാംക്ഷാനിര്‍ഭരമാവണം. സ്ഥാനത്തും അസ്ഥാനത്തുമുള്ള അന്യായ വിമര്‍ശനം കപടവിശ്വസികളുടെ സ്വഭാവമാണെന്ന് ഖുര്‍ആന്‍ ഒന്നിലധികം സ്ഥലങ്ങളില്‍ സൂചിപ്പിക്കുന്നുണ്ട് (ഉദാ. 33:69). ഇവിടങ്ങളിലൊക്കെ ഖുര്‍ആന്‍ പ്രയോഗിച്ച പദം 'അദാ' എന്നതാണ്. ഉപദ്രവം എന്നാണ് ഈ പദത്തിന്റെ സാധാരണ ഉപയോഗിച്ചുവരാറുള്ള അര്‍ഥം. എന്നാല്‍, അദാ എന്നതിന് ശാരീരികോപദ്രവം എന്നു മാത്രമല്ല, അന്യായ വിമര്‍ശം മൂലമുണ്ടാകുന്ന മാനസികോപദ്രവം എന്നും അര്‍ഥമുണ്ടെന്ന് താഴെ സംഭവം സൂചന നല്‍കുന്നു. നബി(സ)ക്ക് ഹുനൈന്‍ യുദ്ധത്തില്‍ ലഭിച്ച യുദ്ധമുതല്‍  വീതംവെക്കുകയായിരുന്നു. അത് കഴിഞ്ഞപ്പോള്‍, പുറത്തിറങ്ങിയ ഒരു അന്‍സാരി, അതിനെ കുറിച്ച് 'അല്ലാഹുവിനെ ഒട്ടും പരിഗണിച്ചിട്ടില്ല' എന്ന് പറഞ്ഞു. ഇതു കേള്‍ക്കാനിടയായ അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) ഇത് നബി(സ)യുടെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അവിടുന്ന് പറഞ്ഞു: ''മൂസായെ അല്ലാഹു അനുഗ്രഹിക്കട്ടെ. അദ്ദേഹം അനുയായികളില്‍നിന്ന്  ഇതിനേക്കാളേറെ ഉപദ്രവം സഹിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം സഹിക്കുകയായിരുന്നു'' (ബുഖാരി, മുസ്ലിം).

ന്യായ വിമര്‍ശനങ്ങള്‍ അനുസരണക്കേടല്ല 

എന്നാല്‍ എല്ലാ വിമര്‍ശനങ്ങളും ഈയിനത്തില്‍ പെടുത്താനാവില്ല. തങ്ങളുടെ മാത്രമായ  ചില മാനദണ്ഡങ്ങള്‍ വെച്ച് ന്യായവും നീതിയും തീരുമാനിക്കപ്പെടുമ്പോള്‍, അത് മറ്റുള്ളവര്‍ക്ക് ബോധ്യപ്പെട്ടുകൊള്ളണമെന്നില്ല. ഒരു സംഘടനാ ഭൂമികയില്‍ ഒരു പക്ഷത്തിനു മാത്രം ബോധ്യപ്പെടുന്ന നീതിയും ന്യായവും അസ്വീകാര്യമായിരിക്കും. അത് കക്ഷികള്‍ക്കു മാത്രമല്ല, സംഘടനയില്‍ മൊത്തത്തില്‍ അസ്വസ്ഥത പടര്‍ത്തും.  'തന്റെ മകള്‍ ഫാത്വിമയാണ് കട്ടതെങ്കില്‍ അവളുടെ കൈയും ഞാന്‍ മുറിച്ചുമാറ്റും' എന്ന് പ്രസംഗിക്കുകയും, എന്നാല്‍, കളവു നടത്തിയത് 'ഫാത്വിമ'യുടെ ഏതെങ്കിലും ഒരു അകന്ന ബന്ധുവായാല്‍ പോലും, മുടന്തന്‍ ന്യായങ്ങള്‍ നിരത്തി കുറ്റവാളിയെ രക്ഷപ്പെടുത്താന്‍ പഴുതന്വേഷിക്കുകയും ചെയ്യുന്ന നീതിബോധം ജനം പൊറുത്തെന്നു വരില്ല. നിഷ്‌കൃഷ്ടമായ നീതിയാണ് അണികള്‍ ഇസ്ലാമിക നേതൃത്വത്തില്‍നിന്ന് ആഗ്രഹിക്കുന്നത്. 'നന്മയില്‍ മാത്രമാണ് അനുസരണം' എന്നതിനപ്പുറം, കാലം അനുസരണ സങ്കല്‍പ്പത്തിനേല്‍പ്പിച്ച ജീര്‍ണതകളും ഇവിടെ പരിഗണിക്കണം..
ശത്രുക്കളോടു പോലും അനീതി കാണിക്കുന്നതിനെ ഖുര്‍ആന്‍ വിലക്കുന്നുണ്ടല്ലോ. ''ഒരു സമൂഹത്തോടുള്ള ശത്രുത അവരോട് അനീതി കാണിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കരുത്'' (5:8). നീതിനിര്‍വഹണത്തില്‍ പ്രാഥമികമായി പാലിക്കേണ്ട മര്യാദയാണ് ഇരുഭാഗത്തെയും കേള്‍ക്കുക എന്നത്. ഒരു ഭാഗത്തിന്റെ ന്യായങ്ങള്‍  വിധികര്‍ത്താവിന് നേരത്തേ അറിയാമായിരുന്നതാണെങ്കില്‍ പോലും ഇരുഭാഗത്തെയും കേട്ടിരിക്കണം. കഴിയുമെങ്കില്‍ ഒന്നിച്ചിരുത്തി തന്നെയാവണം ഈ കേള്‍വി. ഇല്ലെങ്കില്‍, രണ്ടു ഭാഗവും കേട്ടു എന്ന് ഇരുഭാഗത്തിനും ബോധ്യം വരില്ല. അഥവാ കേള്‍ക്കാത്ത പക്ഷത്തിന് എതിരാണ് വിധിയെങ്കില്‍ മുന്‍വിധിയോടെയാണ് ഇദ്ദേഹം വിധി പറഞ്ഞത് എന്നയാള്‍ തെറ്റിദ്ധരിക്കാന്‍ ന്യായമുണ്ട്. എന്തെന്ത് ന്യായങ്ങളുടെ അടിസ്ഥാനത്തിലാണ് വിധി പ്രസ്താവിക്കുന്നത് എന്നും ഇരുഭാഗത്തെയും ബോധ്യപ്പെടുത്തേണ്ടതുണ്ട്. വിധി സുതാര്യമാവണം എന്നര്‍ഥം.
ഒരിക്കല്‍ അലി(റ)യെ നബി (സ) യമനിലേക്ക് ഖാദിയായി അയക്കാന്‍ തീരുമാനിച്ചു. ഇതറിഞ്ഞപ്പോള്‍ അലി (റ) നബി(സ)യോട് പറഞ്ഞു: ''നബിയേ, ഞാന്‍ ഒരു ചെറുപ്പക്കാരനാണ്. എനിക്ക് വിധിപറഞ്ഞൊന്നും ശീലമില്ല.'' നബി (സ) അദ്ദേഹത്തെ സമാധാനിപ്പിച്ചുകൊണ്ട് ധൈര്യം നല്‍കി: ''താങ്കളുടെ ഹൃദയം അല്ലാഹു നേര്‍വഴിയിലാക്കും; നാവിനെ ഉറപ്പിച്ചുനിര്‍ത്തും.'' എന്നിട്ട് നബി (സ) പറഞ്ഞു:  ''രണ്ടു കക്ഷികള്‍ താങ്കളുടെ മുന്നിലേക്ക് വിധിപറയാന്‍ ആവശ്യപ്പെട്ടുവന്നാല്‍ ഒരാളെ കേള്‍ക്കുന്നതു പോലെ മറ്റെയാളെയും കേള്‍ക്കുന്നതു വരെ വിധി പറയരുത്. ഇതില്‍നിന്ന് നിനക്ക് വിധി ഉരുത്തിരിഞ്ഞുവരും.'' അദ്ദേഹം പറയുന്നു: ''അങ്ങനെ ഞാന്‍ ഖാദിയായി തുടര്‍ന്ന്  പിന്നീടൊരിക്കലും ഞാന്‍ പറയേണ്ട വിധിയില്‍ എനിക്കൊരു ശങ്കയും തോന്നിയിട്ടില്ല'' (അബൂദാവൂദ്). എങ്ങനെയാണ് ഒരു പ്രശ്‌നത്തില്‍ വിധിപറയേണ്ടത് എന്നതിനുള്ള മാര്‍ഗനിര്‍ദേശമുണ്ട് ഈ സംഭവത്തില്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (10-12)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആത്മാഭിമാനികളുടെ പ്രാര്‍ഥന
അമല്‍ അബൂബക്കര്‍