Prabodhanm Weekly

Pages

Search

2020 മാര്‍ച്ച്‌ 06

3142

1441 റജബ് 11

നീതിബോധമുള്ള മനസ്സ് ദൈവത്തെ പ്രണയിക്കുന്ന വിധം

കെ.പി പ്രസന്നന്‍

എന്തിനെയെങ്കിലും വിശ്വസിക്കുക, സ്‌നേഹിക്കുക, ആരാധിക്കുക എന്നത് മനുഷ്യസഹജമാണ്. മനുഷ്യരുടെ  ഈ ആരാധനാഭ്രമത്തെയാണ് കാലാകാലമായി പല രൂപത്തിലും ഭാവത്തിലും എത്തിയ ദൈവങ്ങള്‍ ചൂഷണം ചെയ്തുപോന്നിട്ടുള്ളത്. തികഞ്ഞ യുക്തി ഉപയോഗിച്ച് ദൈവങ്ങളെ പരിഷ്‌കരിച്ചെടുത്തവരാണ് മനുഷ്യര്‍ എന്നാണ് ചിലര്‍ അവകാശപ്പെടുന്നത്. വന്യമായ കരുത്തുള്ള പ്രകൃതിശക്തികളെ, ഭീതിപ്പെടുത്തുന്ന പാമ്പിനെ ഒക്കെ വിട്ട് മനുഷ്യരിലും വിഗ്രഹങ്ങളിലും അധികാരങ്ങളിലും ആസക്തികളിലും ഒക്കെ ദൈവങ്ങളെ കണ്ടെത്തിക്കൊണ്ടാണ് ആ രംഗത്തുള്ള പുരോഗമനങ്ങള്‍.  ആരെയെങ്കിലും ആരാധിക്കാതെ തരമില്ലല്ലോ.
എന്തായിരുന്നാലും മനുഷ്യര്‍ ആശ്വാസത്തിനും സമാധാനത്തിനും വേണ്ടിയാണ് ദൈവങ്ങളെ കണ്ടെത്തുന്നതും വിശ്വസിക്കുന്നതും. സ്വന്തം ദൈവങ്ങളുടെ കഴിവില്‍ സംശയം ഉണ്ടാകുമ്പോള്‍ പുതിയത് തേടുകയോ ഉണ്ടാക്കുകയോ ചെയ്യാനും കരുത്തുറ്റവന്‍ തന്നെ മനുഷ്യന്‍.
മനുഷ്യര്‍ ഉണ്ടാക്കിയ ദൈവത്തെ കുറിച്ചാണ് പൊതുവെ യുക്തിവാദികള്‍ എന്നവകാശപ്പെടുന്നവര്‍ തര്‍ക്കിച്ചുകൂട്ടുന്നത് എന്ന് തോന്നിയിട്ടുണ്ട്. മനുഷ്യരെ ഉണ്ടാക്കിയ ദൈവം എന്ന് പറഞ്ഞാല്‍ ഉടനെ  തെളിവ് ചോദിക്കും എന്നതിനാല്‍  വേറൊരു രീതിയില്‍ പറഞ്ഞുനോക്കുകയാണ്. വിശ്വാസികളും യുക്തിവാദികളും ശത്രുത പ്രഖ്യാപിച്ചു അന്ധമായി യുദ്ധം ചെയ്യുന്നതിനാല്‍ സത്യം മരിച്ചുപോകാന്‍ സാധ്യത കൂടുതലുമാണ്.
ഞാന്‍ വിശ്വാസം ഉപേക്ഷിച്ചു യുക്തിവാദിയായി എന്നൊരാള്‍ പറഞ്ഞെന്നിരിക്കട്ടെ. ഇനിയിപ്പോള്‍ തോന്നുംപോലെ ജീവിക്കാമല്ലോ, ഈ സ്വതന്ത്ര ലൈംഗികത ഒക്കെ വലിയ ഒരു പ്രലോഭനമാണല്ലേ എന്നായിരിക്കും 'മതം' വില്‍ക്കുന്നവര്‍ ചോദിക്കുന്നത്.  അങ്ങനെ ചോദിക്കേണ്ട കാര്യമൊന്നുമില്ല. ഇത്തരം ചോദ്യങ്ങള്‍ കൊണ്ട് കൂടിയാണ് സ്വര്‍ഗത്തിലെ ഹൂറിയെ കുറിച്ച് മാത്രമാണോ നിങ്ങള്‍ ചിന്തിക്കുന്നത് എന്ന മറുചോദ്യങ്ങളും ഉണ്ടാവുന്നത്.
ഒരാള്‍ വിശ്വാസം ഉപേക്ഷിക്കുന്നത് ഇതിനൊന്നും അല്ലെന്നു തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. പിന്നെയോ വിശ്വാസികള്‍ എന്ന് പറയുന്നവരുടെ പൊറാട്ടു നാടകങ്ങളോടുള്ള അമര്‍ഷം. 'മതപണ്ഡിത'രുടെ /ഗുരുവര്യന്മാരുടെ/അച്ചന്മാരുടെ തോന്ന്യാസങ്ങള്‍ കണ്ടു സഹിക്കവയ്യാതെ. അക്ഷര വായന നടത്തി മതത്തിനെ മദമായി അവതരിപ്പിക്കുന്ന മുഫ്തിമാരെ വെറുക്കുന്നതിനാല്‍. ഇതിലൊക്കെയുള്ള അതൃപ്തിയില്‍ കയറിപ്പിടിച്ച് വേദങ്ങളിലും കിതാബുകളിലും പുകഗവേഷണം നടത്തി  സ്വന്തമായി ദൈവങ്ങളെ ഉണ്ടാക്കനോ സ്വന്തം ഇഛകളെ ദൈവമാക്കാനോ കൊതിക്കുന്നതിനാല്‍.... ഇങ്ങനെ പലപല കാരണങ്ങള്‍ കണ്ടെത്താം.
അതിലൊക്കെ അപ്പുറം സ്വന്തം യുക്തിയെ ദൈവമാക്കിയാല്‍ നല്ല നേട്ടങ്ങളല്ലേ. ആസക്തികള്‍ക്കനുസരിച്ച് മതം മാറിക്കൊണ്ടേയിരിക്കാം, ദിനേനെ എന്നോണം! ദേഹേഛയെ ഇലാഹാക്കിയവനെ കണ്ടുവോ എന്ന് വേദം അങ്ങനെയുള്ളവരെ ചൂണ്ടി ചോദിക്കുന്നുമുണ്ടല്ലോ.
പിടി വിട്ടു കഴിഞ്ഞാല്‍ പട്ടം പോലെ പറക്കാന്‍ ആകാശം ഉള്ളതിനാല്‍ അര്‍മാദിച്ചു പറക്കാം എന്ന ഗുണമുണ്ടതിന്. പക്ഷേ ഏതെങ്കിലും മുള്‍പ്പടര്‍പ്പില്‍ ഉപേക്ഷിക്കപ്പെട്ടു കിടക്കുവോളമുള്ള  അതിരില്ലാത്ത ആ സ്വാതന്ത്ര്യം വേണ്ടെന്നു വെച്ചതിനാലാണ് ചിലരെങ്കിലും വേദങ്ങളുടെ ആധാരത്തില്‍ ഒരു നൂലും കെട്ടി പറക്കാം എന്ന് തീരുമാനിക്കുന്നത്.  നൂലിന്റെ പിടി പടച്ച തമ്പുരാന്റെ കൈയില്‍ തന്നെ ഇരിക്കട്ടെ. ഇനി ആ കൈയില്‍ അല്ല എന്നൊരാള്‍ വാദിച്ചാലും ജനനവും മരണവും ഒന്നും സ്വന്തം കൈയിലല്ല എന്ന് തിരിച്ചറിഞ്ഞാലെങ്കിലും മതി.
ആ തിരിച്ചറിവിലാണ്  ഒരാള്‍ വേദപ്രോക്തമായ ദൈവസങ്കല്‍പങ്ങളെ അറിയാന്‍ ശ്രമിക്കുന്നത്,  സ്വന്തം ബുദ്ധിയുടെ പരിമിതി തിരിച്ചറിഞ്ഞ് വെളിപാടുകളിലെ ദാര്‍ശനികതക്ക് പിറകെ പോകുന്നത്, മദം തലക്കു കയറിയ മതപ്രാന്തന്മാരോടും യുക്തി തലയില്‍ കേറി എന്നവകാശപ്പെടുന്ന യുക്തിവാദികളോടും വിയോജിച്ചുകൊണ്ട്  സ്വന്തം ഭാഗധേയം നിര്‍വഹിച്ച് ഈ ഭൂമിയില്‍ ജീവിച്ചുപോകാന്‍ ശ്രമിക്കുന്നത്.
അവിശ്വാസത്തിലേക്കു ചേക്കേറിയവര്‍ സ്വാതന്ത്ര്യം കൊതിക്കുന്നുണ്ട് എന്നത് നേരു തന്നെയാണ്. അവരെ വരിഞ്ഞുമുറുക്കുന്നു എന്ന് കരുതുന്ന മത നിയമങ്ങളില്‍നിന്ന്. അതിനെ സ്വതന്ത്ര ലൈംഗികത എന്ന് മാത്രമായി മതവിശ്വാസികള്‍  ചുരുക്കിക്കെട്ടേണ്ട കാര്യമില്ല. അതേസമയം ഒന്നിനും അതിരുകളില്ല എന്നത് മോശമായി കരുതുന്ന ചില യുക്തിവാദികളെങ്കിലും ഉണ്ടു താനും. ധാര്‍മികതയെ(?) ഉള്ളിലെവിടെയോ താലോലിക്കുന്ന യുക്തിവാദികള്‍ക്ക് അതൊക്കെ ഒരു ചോദ്യചിഹ്നവുമാണ്. ആരാണ് അതിരുകളുടെയും അരുതുകളുടെയും കാവലാള്‍ എന്നതിനൊന്നും വ്യക്തമായ ഉത്തരവും ഇല്ല. ശവഭോഗവും മൃഗഭോഗവും കൊതിക്കുന്ന യുക്തിവാദിയെയും, അത്രക്കങ്ങോട്ട് വേണ്ട എന്ന് പറയുന്ന യുക്തിവാദിയെയുമൊക്കെ കാണാറുണ്ടല്ലോ.
പക്ഷേ മുതുകുകളിലെ ഭാരം നീക്കാനാണ് ദീന്‍ എന്നൊക്കെയാണ് വേദഗ്രന്ഥം പറയുന്നത്.  വിശ്വാസത്തിലേക്ക് ചേക്കേറി ഭാരം നീക്കാന്‍ കൊതിച്ചാലോ?
ഇനി  ഞാന്‍ യുക്തിവാദം ഉപേക്ഷിച്ചു വിശ്വാസിയായി എന്ന് തിരിച്ചു പറഞ്ഞാലോ. അതിലും ഒരു യുക്തി പ്രവര്‍ത്തിക്കാനുള്ള സാധ്യതകള്‍ എമ്പാടും ഉണ്ടല്ലോ? അപ്പോള്‍ ആ യുക്തി, യുക്തി ആയി കൂട്ടില്ല, ഞങ്ങളുടെ യുക്തി ഇങ്ങനെയല്ല എന്നൊക്കെ ഒച്ചവെച്ചു തെളിവ് ചോദിക്കാന്‍ ഓടിക്കിതച്ചെത്തുന്ന യുക്തിവാദികളെ എമ്പാടും കാണുകയും ചെയ്യാം. ഒരു തെളിവ് കിട്ടിയിട്ടു വേണം ഒന്ന് വിശ്വസിക്കാന്‍ എന്ന ദൈന്യത ചിലപ്പോള്‍ നിങ്ങള്‍ക്ക്  അവരില്‍   കാണുകയും ചെയ്യാം.  തെളിവ് കിട്ടിയാല്‍ വിശ്വസിക്കാമെന്നു കരുതി  കൊതിച്ചു നടക്കുകയാണ് ആ പാവങ്ങള്‍.
തെളിവ് വേണ്ടാത്ത ഒന്നാണ് വിശ്വാസം എന്ന് സൗമ്യമായി പറഞ്ഞാല്‍ പിന്നെ ട്രോളുകളുടെ ഒരു പരമ്പര പ്രതീക്ഷിക്കാം. മനുഷ്യര്‍ സ്വന്തം ബുദ്ധി ഉപയോഗിച്ച് കണ്ടുപിടിച്ചു തെളിയിക്കേണ്ട ദൈവം ഒരു കോമഡി ആയിരിക്കും. മനുഷ്യനെയും പ്രപഞ്ചത്തെയും അതിന്റെ സ്രഷ്ടാവിനെയും കുറിച്ച ഒരു മിനിമം ധാരണ ഉണ്ടാകാത്തതിനാലാണ് ഇത്തരം  യുക്തി പ്രവര്‍ത്തിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. അനന്തമജ്ഞാതമവര്‍ണനീയമായ ഈ പ്രപഞ്ചത്തെ വായിച്ചെടുക്കാന്‍ നോക്കുന്നതു പോലെ തന്നെ ശ്രമകരമാണ് നമ്മുടെ ഒരു കോശത്തിന്റെ ഘടന വായിക്കുന്നത്.
വായിക്കാന്‍ തന്നെയാണ് വേദം ആഹ്വാനം ചെയ്യുന്നത്. എന്നുവെച്ച് മനുഷ്യന്റെ അഹങ്കാരത്തിനും ഒരു പരിധി ഉണ്ടാവുന്നത് നല്ലതല്ലേ. അതും ഒരു തിരിച്ചറിവാണ്. സ്വന്തം വലുപ്പത്തെ കുറിച്ചുള്ള അറിവ്.
ദൈവത്തെ കിട്ടിയാല്‍ തട്ടിക്കളയും എന്ന തരത്തിലാണ് പല യുക്തിവാദി സുഹൃത്തുക്കളും സംസാരിക്കാറുള്ളത്. ഭൂമിയിലെ കുഴപ്പങ്ങള്‍ക്ക് കാരണക്കാരനായ ഭീകരനായി അവര്‍ ദൈവത്തെ കാണുന്നുണ്ടാവണം.
പണ്ട് യുക്തിവാദിയായ ഒരു കട്ടുറുമ്പ് താനാണ് പ്രപഞ്ചത്തിലെ ഏറ്റവും ശക്തന്‍  എന്ന് വാദിച്ചു. കുറേ  ഉറുമ്പുകളെ അനുയായികളായി കിട്ടുകയും ചെയ്തു. ഒരിക്കലവര്‍ ഒരു മനുഷ്യനെ ശത്രുവായി പ്രഖ്യാപിച്ച് അയാളെ വകവരുത്താന്‍ തീരുമാനിച്ചു. ചില ഉറുമ്പുകള്‍ 'ഈ മനുഷ്യന്‍ വലിയ കേമനാണ്' എന്നൊക്കെ കരുതിയതാണ് കട്ടുറുമ്പിന്റെ അപ്രീതിക്ക് കാരണം.  ആ മനുഷ്യന്‍ നടന്നു വരുമ്പോള്‍ വൃക്ഷത്തില്‍നിന്ന് ഒന്നിച്ചു ചാടി ആക്രമിച്ചു കൊല്ലാം എന്നാണ് തീരുമാനിച്ചത്.
ഒരുപാട് ഉറുമ്പുകള്‍ ഒന്നിച്ച്  ദേഹത്ത് വീണപ്പോള്‍ മനുഷ്യന്‍ വീണുരുണ്ടു.  ഉറുമ്പ് നേതാവ് സൂത്രത്തില്‍ ആദ്യമേ മാറിയിരുന്നു. കാലൊടിഞ്ഞ ഒരു കട്ടുറുമ്പു  മാത്രം ചതഞ്ഞരയാന്‍ ബാക്കി. മറ്റുള്ളവരൊക്കെ  തീര്‍ന്നിരുന്നു.
നേതാവ് അപ്പോഴും ആത്മവിശ്വാസം കൈവിട്ടില്ല,  ഉടന്‍ മങ്കി ബാത്ത് നടത്തി. നമ്മുടെ ആദ്യത്തെ ചാട്ടത്തില്‍ തന്നെ മനുഷ്യന്‍ വീണിരിക്കുന്നു!  
അനുയായി തല കുലുക്കി സമ്മതിച്ചു.
പിന്നീട് നേതാവ് നിതാന്ത ശത്രുവായ മനുഷ്യനെ കുറിച്ചും അവന്റെ സ്വപ്‌നങ്ങളെ കുറിച്ചും ക്ലാസ് എടുത്തു. ഗ്രാഫ് വരച്ചു, സ്വപ്‌നത്തിന്റെ ഭാരം, നിറം, മണം ഒക്കെ അനുയായിക്ക് വിശദീകരിച്ചു കൊടുത്തു. കാലൊടിഞ്ഞ ഉറുമ്പിന് മനുഷ്യനെ കുറിച്ച് നന്നായി മനസ്സിലായിരുന്നു.
ഉറുമ്പുകള്‍ക്ക് മനുഷ്യരെ മനസ്സിലാക്കാനുള്ള ഈ നിവൃത്തികേടെങ്കിലും മനുഷ്യര്‍ക്ക് ദൈവത്തെ മനസ്സിലാക്കാനും ഉണ്ടെന്നു കരുതി തുടങ്ങുമ്പോഴാണ് അറിവിന്റെ ആദ്യാക്ഷരങ്ങളുടെ ഭംഗി പിടികിട്ടുക.
വലം യകുല്ലഹു കുഫുവന്‍ അഹദ്
അവന് തുല്യമായി ഒന്നുമില്ല. ചിന്തകള്‍ വികസിപ്പിച്ചാല്‍, ചില വിശേഷണങ്ങള്‍ ഊഹിക്കാന്‍ പറ്റിയേക്കും. അതിനുള്ള സൂചകങ്ങള്‍ ആണ് കാരുണ്യവാന്‍, നീതിമാന്‍, സര്‍വജ്ഞന്‍, സര്‍വശക്തന്‍ എന്നൊക്കെ. തുടക്കമില്ല, ഒടുക്കമില്ല എന്നൊക്കെ പറയുമ്പോള്‍ കാലത്തിന്റെ തടവറയില്‍ കിടക്കുന്ന നമ്മള്‍ കെറുവിക്കും.  വെളിവായവന്‍, മറഞ്ഞിരിക്കുന്നവന്‍ എന്നൊക്കെയുള്ള വൈരുധ്യമെന്നു തോന്നുന്ന വിശേഷണങ്ങളില്‍ അത് നിറഞ്ഞു കത്തും. ആ വിശേഷണങ്ങളിലേക്ക് വെളിച്ചം വീശി ഇമാം ഗസ്സാലിയെ പോലുള്ള ആത്മജ്ഞാനികള്‍ കിതാബുകള്‍ രചിക്കും.
പറഞ്ഞുവരുന്നത് മനുഷ്യന്റെ ബുദ്ധിയെ ഭ്രമിപ്പിക്കുന്ന ദൈവത്തെ കുറിച്ചാണ്. മരണത്തിനപ്പുറത്തേക്കും മനുഷ്യജീവിതത്തെ നീട്ടിത്തരാന്‍ കഴിവുള്ള ഒരു ഇലാഹിനെ കുറിച്ചാണ്, റബ്ബിനെ കുറിച്ചാണ്.  ആ ജീവിതം എങ്ങനെ വേണമെന്ന് തീരുമാനിക്കാന്‍ സ്വാതന്ത്ര്യമുള്ള രീതിയില്‍  മനുഷ്യരെ സൃഷ്ടിച്ച ദൈവത്തെ കുറിച്ച് കൂടിയാണ്.  ഇത്രയും സമഗ്രമായി ആവിഷ്‌കരിച്ച ഒരു ദൈവസങ്കല്‍പം വിശുദ്ധ ഖുര്‍ആനില്‍ നിറഞ്ഞുകത്തുന്നത് വായിച്ചെടുക്കണമെങ്കില്‍ നിങ്ങള്‍ക്ക് അദൃശ്യങ്ങളില്‍ വിശ്വസിക്കേണ്ടിവരും, അതില്‍ ദൃഢബോധ്യം നേടിയെടുക്കേണ്ടിവരും.  
എനിക്ക് വേണ്ടത് നീതിയുടെ, സൗന്ദര്യത്തിന്റെ, അറിവിന്റെ, സമാധാനത്തിന്റെ ഒക്കെ പൂര്‍ണതയുള്ള ഒരു കാലവും ഇടവുമാണ്. അത് ഈ ലോകത്ത് സാധ്യമല്ല എന്ന തിരിച്ചറിവില്‍ അത്തരം ഒരു ലോകത്തേക്ക് സഞ്ചരിപ്പിക്കാന്‍ കഴിവുള്ള ഇലാഹിനെയാണ് ഞാന്‍ തേടിയത്. വേറെ ഒന്നിനെയും എനിക്ക് ആരാധിക്കാന്‍ പറ്റില്ല തന്നെ.
മുഹമ്മദലിയുടെ ആത്മകഥയില്‍ ഇങ്ങനെ വായിക്കാം.
കാഷ്യസ് ക്ലേ.  ലോക ബോക്‌സിങ് ചാമ്പ്യന്‍ ആവുന്നതിനു മുമ്പുള്ള മുഹമ്മദലി. കറുത്ത വര്‍ഗക്കാരുടെ നൊമ്പരങ്ങള്‍, പ്രശ്‌നങ്ങള്‍ കുറച്ചൊക്കെ തന്റെ ഒളിമ്പിക്‌സ് ഗോള്‍ഡ് മെഡലുമായി പരിഹരിക്കാം എന്ന് കരുതി അതൊരു നിധിപോലെ കൊണ്ടു നടന്ന അലി. പക്ഷേ കറുത്ത തൊലിയോടുള്ള അവഗണന വീണ്ടും വീണ്ടും അനുഭവിച്ചുകൊണ്ടേയിരുന്നു. വെള്ളക്കാര്‍ക്ക് മാത്രം എന്ന് ബോര്‍ഡ് എഴുതിത്തൂക്കിയ ഹോട്ടലില്‍ ആ സ്വര്‍ണമെഡലിന്റെ കരുത്തില്‍ കയറിയിരുന്നെങ്കിലും ഭക്ഷണം നിഷേധിക്കപ്പെട്ടു. രാജ്യത്തിന്റെ പോരാളിയെ രാജ്യം അവഗണിക്കുന്നു.
തിരിച്ചറിവിന്റെ നിറവില്‍ പ്രിയങ്കരമായ ആ മെഡല്‍ മുഹമ്മദലി വലിച്ചെറിയുന്നു, ഓഹിയോ നദിയുടെ ആഴങ്ങളിലേക്ക്. നമ്മെ രക്ഷിക്കും എന്ന് കരുതുന്ന വ്യാജ ഇലാഹുകളെ വലിച്ചെറിഞ്ഞാലല്ലേ യഥാര്‍ഥ ഇലാഹിനെ തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കാനാവൂ. അതാണ് ഇസ്‌ലാം മനുഷ്യനോട് ആവശ്യപ്പെടുന്നത്.
വ്യാജ ഇലാഹുകളെ കണ്ടെത്താനും വലിച്ചെറിയാനും തുടങ്ങുമ്പോഴാണ് നിങ്ങള്‍ ലാ ഇലാഹ് എന്ന് വിശ്വസിക്കാന്‍ തുടങ്ങുന്നത്. അങ്ങനെ ഒക്കെ വലിച്ചെറിഞ്ഞുണ്ടാവുന്ന ആ ശൂന്യതയില്‍ ഇല്ലല്ലാഹ് പ്രതിഷ്ഠിക്കുമ്പോള്‍ കിട്ടുന്ന ഒരു ഗാംഭീര്യവും കരുത്തുമുണ്ടല്ലോ അത് അനുഭവിച്ചു തന്നെ അറിയണം.
അതിന്റെ നിറവില്‍ ആണ് നിര്‍ഭയത്വം (ഈമാന്‍) നിങ്ങളില്‍ വന്നു നിറയുക. നിങ്ങള്‍ ആരുടെയും അടിമയല്ല. അപ്പോള്‍, നിങ്ങളെ കീഴടക്കാന്‍ വരുന്ന വിഗ്രഹങ്ങളെയും അധികാരികളെയും ആസക്തികളെയും പുറങ്കാലുകൊണ്ട് ചവിട്ടിമാറ്റി നിങ്ങള്‍ നിങ്ങളുടെ  റബ്ബിന്റെ സമാധാനത്തിലേക്കു ചേര്‍ന്നു നില്‍ക്കാന്‍ തയാറെടുക്കും.
ഇതൊക്കെ നിങ്ങളുടെ ബുദ്ധിയെ ഭ്രമിപ്പിക്കുന്നതാവാതെ തരമില്ല. അതുകൊണ്ടാണ് ആ ഉണ്മയെ കുറിച്ച് 99-ല്‍ പരം വിശുദ്ധ നാമങ്ങളുമായി/ വിശേഷണങ്ങളുമായി പരിചയപ്പെടുത്താന്‍ വിശുദ്ധ ഖുര്‍ആന്‍  ശ്രമിക്കുന്നത്.  നിങ്ങളുടെ ബുദ്ധിയിലേക്കു പ്രവേശിപ്പിക്കാനുള്ള ഒരു ശ്രമം. 
ഒട്ടകത്തെ കെട്ടുക എന്നത് ശാസ്ത്രമാണ്.
പണ്ടത്തെ യാത്രാവാഹനത്തെ എത്ര ആധുനികമാക്കാന്‍ ശ്രമിച്ചിട്ടുണ്ടോ ആ സാധ്യതകളൊക്കെ ആധുനികമായ കെട്ടലിലും പരീക്ഷിക്കാവുന്നതാണ്.
മോട്ടോര്‍ വാഹനമോ കപ്പലോ വിമാനമോ മികച്ച രീതിയില്‍ കെട്ടാന്‍ ഉപകരിക്കുന്ന ടെക്‌നോളജി വികസിച്ചുകൊണ്ടിരിക്കുകയല്ലേ. ഭീമന്‍ വിമാനത്തെയൊക്കെ കെട്ടാനും അഴിക്കാനും ഉള്ള ശാസ്ത്രമാണ് മനുഷ്യന്റെ ഏറ്റവും വലിയ നേട്ടം എന്നൊക്കെ തോന്നിപ്പോയിട്ടുണ്ട്. പ്രത്യേകിച്ചും ചിറകു വിരിച്ചു പറക്കാനും ഇറങ്ങാനും ഒക്കെയുള്ള ആ മരണപ്പാച്ചില്‍ അനുഭവിക്കുമ്പോള്‍.
ഒരു കാര്യത്തിനായി ദൈവത്തില്‍ ഭരമേല്‍പിക്കുക എന്നത് തികച്ചും വിശ്വാസമാണ്, മതകീയം. ദൈവം വന്നു ചെയ്തു തരും എന്ന തോന്നലില്‍ വിശ്വാസികളും പല കാര്യങ്ങള്‍ക്കായി പ്രാര്‍ഥിച്ചു കൊണ്ടിരിക്കുന്നുണ്ടല്ലോ.
ഒരിക്കലും മുങ്ങില്ല എന്ന് വീമ്പടിച്ച ശാസ്ത്രത്തിലെ വിശ്വാസം ടൈറ്റാനിക് തകര്‍ത്ത പോലെ പരീക്ഷക്ക് പഠിക്കാതെ ദൈവത്തില്‍ ഭരമേല്‍പിച്ച പലരുടെയും വിശ്വാസം ദൈവങ്ങളും തകര്‍ത്തിട്ടുണ്ട്! അല്ലെങ്കിലും 'ഇത്തരം' വിശ്വാസങ്ങളെല്ലാം, അത് ശാസ്ത്രത്തിലായാലും മതത്തിലായാലും തകരാനുള്ളതാണ്.
തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസങ്ങളും കാണുമായിരിക്കും, അല്ലേ?
ഒട്ടകത്തെ കെട്ടിയതിനു ശേഷം അല്ലാഹുവില്‍ ഭരമേല്‍പിക്കുക എന്നാണ് ദീന്‍ പറയുന്നത്. അതെന്തൊരു പറച്ചിലാണ്? കെട്ടിയാല്‍ മാത്രം പോരാ എന്ന നിഷേധവും, ഭരമേല്‍പ്പിച്ചാല്‍ മാത്രം പോരാ എന്ന നിഷേധവും ഒക്കെ കൂടി ആകെ പോസിറ്റീവ്.
ശാസ്ത്രമുണ്ടതില്‍, മതവുമുണ്ടതില്‍.
അറിവിന്റെ, സമാധാനത്തിന്റെ, നീതിയുടെ പൂര്‍ണതയിലേക്കുള്ള പ്രയാണം. ഇതൊരു അദൃശ്യ വിശ്വാസം തന്നെയാണ്. പ്രണയത്തിന്റെ രസം പ്രണയിനികള്‍ക്കറിയുന്നതുപോലെ ഇത് വിശ്വാസികള്‍ക്ക് മാത്രം സ്വന്തം. എന്നുവെച്ച് ചുമ്മാ  വിശ്വസിക്കാന്‍ പറ്റുമോ? അതത്ര എളുപ്പവുമല്ല.  സമര്‍പ്പണത്തിന്റെ ത്യാഗം വെറുതെ ആര്‍ജിക്കാന്‍ പറ്റുമോ?
ലൈല നിങ്ങളുടെ കണ്ണില്‍ സുന്ദരി അല്ലാതിരിക്കാം. ലൈലയുടെ സൗന്ദര്യം കാണണമെങ്കില്‍ മജ്‌നുവിന്റെ കണ്ണ് നേടൂ എന്നല്ലേ നിങ്ങളോടു പറഞ്ഞുകൊണ്ടിരിക്കുന്നത്. ലൈലയുടെ സൗന്ദര്യം അറിഞ്ഞു പോയവന്‍ അവളെ തേടി യാത്ര തിരിക്കാതിരിക്കില്ല. അങ്ങനെയാണ് മജ്‌നു ഒട്ടകപ്പുറത്തേറി ആ രാവില്‍ തന്നെ യാത്ര തുടങ്ങിയത്.
അവളുടെ കൊട്ടാരത്തിനു നേരെ ഒട്ടകത്തെ നയിച്ചുകൊണ്ടിരുന്ന മജ്‌നു ഇടയില്‍ ഉറങ്ങിപ്പോയി. ഉണര്‍ന്നപ്പോള്‍ ഞെട്ടിപ്പോയി, ഒട്ടകം വന്ന വഴി തന്നെ ഒരുപാട് തിരിച്ചു നടന്നിരിക്കുന്നു.
വീണ്ടും ശരിയായ ദിശയിലേക്കു തന്നെ ഒട്ടകത്തെ തിരിച്ചുനിര്‍ത്തി മജ്‌നു ജാഗരൂകനായി ഇരുന്നു.
യാത്രാദൂരം കാരണം, ക്ഷീണം കാരണം ഇടക്കെങ്കിലും ഉറങ്ങാതിരിക്കാന്‍ പറ്റില്ലല്ലോ. ഓരോ ഉറക്കത്തിലും ഒട്ടകം തിരിച്ചു നടന്നു.
പലതവണ ഇത് ആവര്‍ത്തിച്ചുകാണും. ഒടുവിലാണ് മജ്‌നു തിരിച്ചറിഞ്ഞത്; ഒട്ടകത്തിന് അതിന്റെ ലായത്തില്‍ കിടക്കുന്ന കുട്ടിയുടെ അടുത്തേക്ക് തിരിച്ചു നടക്കാതിരിക്കാനാവില്ല എന്ന്. ഒട്ടകത്തെ ഉപേക്ഷിച്ചാലല്ലാതെ ലൈലയുടെ അടുത്തെത്താന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കിയ മജ്‌നു അതുപേക്ഷിക്കാന്‍ തയാറായി.
അതുകൊണ്ടാണല്ലോ അവന്‍ മജ്നു ആവുന്നത്.
നാമോ ദിശ തെറ്റിക്കുന്ന പല ഒട്ടകങ്ങളെയും ഒഴിവാക്കാതെ, ഒഴിവാക്കാനാകാതെ ലൈലയെ സ്വപ്‌നം കണ്ടു കഴിയുന്നു. വിശ്വാസത്തിനു വേണ്ടി സ്വയം സംസ്‌കരിക്കാന്‍ നടത്തുന്ന ചുവടുവെപ്പുകളാണ് അതിന്റെ ലഹരി ഒരാള്‍ക്ക് നല്‍കുക.
നിങ്ങള്‍ ദൈവത്തെ നിഷേധിക്കുന്നത്, സ്വയം ദൈവമാകാനും അതിരില്ലാത്ത സ്വാതന്ത്ര്യം അനുഭവിക്കാനുമാണ് എന്നാണെന്റെ വാദം. 'ഉണ്ടായിരിക്കല്‍ അനിവാര്യമായ ഒരു ഉണ്മയെ' കണ്ടെത്താനോ അനുഭവിക്കാനോ ഒരാള്‍ക്ക് കഴിഞ്ഞിട്ടില്ലെങ്കില്‍ അയാള്‍ അതിനു  സമര്‍പ്പിക്കേണ്ട ആവശ്യമേയില്ല. അതൊക്കെ സ്വന്തത്തിനു തന്നെ അര്‍പ്പിച്ചു രസിക്കുക.
ഓരോ കാലത്തും പലതരം വ്യാജ ദൈവങ്ങളുടെ അടിമകളായി ജീവിതം കഴിക്കുന്ന ഒരുപാട് ജനങ്ങളുണ്ട്. പണത്തെ, അധികാരത്തെ, വിഗ്രഹത്തെ, രാഷ്ട്രീയനേതാക്കളെ, മതപണ്ഡിതരെ, നിരീശ്വരവാദികളെ ഒക്കെ ദൈവമാക്കി അനുസരിച്ചു കിട്ടൂന്ന ഉച്ചിഷ്ടങ്ങളില്‍ സംതൃപ്തരാവുന്നവര്‍ എത്രയോ ഉണ്ട്. ആര്‍ക്കാണ് ദൈവമായിരിക്കാന്‍ അര്‍ഹതയുള്ളത് എന്ന ചര്‍ച്ച പോലുമില്ല.  ഇത്തരം ദൈവങ്ങളെ കൊന്നു കൊലവിളിച്ച് യഥാര്‍ഥ വിശ്വാസത്തെ അങ്ങ് ഭസ്മീകരിക്കാം എന്നൊക്കെ വിചാരിക്കുന്നത് വെറും വ്യാമോഹമാണ്.
ഖുര്‍ആനില്‍ ചേര്‍ത്ത് പറയുന്ന കാര്യമാണ് വിശ്വാസവും സല്‍ക്കര്‍മവും. എല്ലായിടത്തും വിശ്വാസത്തെ കുറിച്ച് ഗമണ്ടന്‍ ചര്‍ച്ചകള്‍ നടത്തും നിരീശ്വരവാദികള്‍. സല്‍ക്കര്‍മമോ, അത് നമ്മള്‍ സൗകര്യത്തിനു തീരുമാനിക്കും! അവിടെയാണ് വേദമെന്ന ആധാരത്തിന്റെ പ്രസക്തി. തോന്നും പോലെ ജീവിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഒരു കോഡ് ഓഫ് കോണ്ടക്ട് നിലവിലുള്ളതും, അതിനെ ചിലര്‍ അനുധാവനം ചെയ്യുന്നതും അലോസരമോ അസൂയയോ ഉണ്ടാക്കും.
മതത്തിലെ ചില പോക്കിരികള്‍ മറ്റുളളവരെ നിര്‍ബന്ധിച്ചു അവരുടെ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതാണ് പ്രകോപനം എന്നൊക്കെ വാദിച്ചേക്കുമെങ്കിലും, അത്തരം നിര്‍ബന്ധങ്ങള്‍ ആധാരത്തിനു വിരുദ്ധമാകയാല്‍, അവരെപ്പോലും നേരിടാന്‍ സാധിക്കുക ആധാരത്തിന്റെ നേര്‍വായന നടത്തിയവര്‍ക്ക് മാത്രമായിരിക്കും എന്നാണെന്റെ തോന്നല്‍. അതുകൊണ്ടുതന്നെ മതതീവ്രവാദികളോടെന്ന പോലെ നിരീശ്വര തീവ്രവാദികളോടും സംവദിക്കാറുണ്ട്. രണ്ടും  എന്റെ വിശ്വാസത്തിന്റെ ബോധ്യത്തില്‍നിന്നാണ്.
അതേ സല്‍ക്കര്‍മങ്ങളുടെ മാനദണ്ഡങ്ങള്‍ ചര്‍ച്ച ചെയ്താല്‍ നമുക്ക് കൂടുതല്‍ സര്‍ഗാത്മകമായി വിയോജിക്കാന്‍ പറ്റും.  ദൗര്‍ഭാഗ്യവശാല്‍ അത്തരം  ചര്‍ച്ചകളില്‍ ആര്‍ക്കും താല്‍പര്യമില്ല. പലപ്പോഴും  പരസ്പരം തിരിച്ചറിയാതെ പോരടിക്കാനാണ് പലരും ശ്രമിക്കാറുള്ളത്.
എനിക്ക് ഉണ്ട് എന്ന് തെളിയിക്കാനും , നിങ്ങള്‍ക്ക് ഇല്ല എന്ന് തെളിയിക്കാനും പറ്റാത്ത ഈ ദൈവത്തെ അങ്ങു വിടുക. കൈക്കൂലി, അഴിമതി, മദ്യപാനം, ലഹരി, പരസ്ത്രീഗമനം, പരിസ്ഥിതി നാശം,  ധൂര്‍ത്ത്, പിശുക്ക്, ദാനധര്‍മം ............ഇതിലൊക്കെ എന്തെങ്കിലും മാനദണ്ഡങ്ങള്‍ ഉണ്ടോ? ഉണ്ടാകാന്‍ വേണ്ടിയാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്, സോ സിമ്പിള്‍. 
അതുകൊണ്ടാണ് എന്റെ ദൈവം എനിക്ക് പ്രിയപ്പെട്ടതാകുന്നത്. എന്നെ ഇഹലോകത്തും പരലോകത്തും വഴിനടത്തുന്ന ആ ഇലാഹിനോടല്ലാതെ പിന്നെ ആരോടാണ് എനിക്ക് പ്രണയം തോന്നേണ്ടത്. ഇഹലോകത്തിന്റെ പരിമിതികള്‍, ദൗര്‍ബല്യങ്ങള്‍ ഒക്കെ പരിഹരിച്ചുതരുന്ന പരലോകത്തേക്കുള്ള യാത്രയെ മധുരോദാരം ആക്കുന്നതിനു വരണ്ട യുക്തികളല്ല വേണ്ടത്, ഉയര്‍ന്ന സര്‍ഗാത്മകതയും നീതിബോധമുള്ള ഒരു മനസ്സുമാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (10-12)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആത്മാഭിമാനികളുടെ പ്രാര്‍ഥന
അമല്‍ അബൂബക്കര്‍