Prabodhanm Weekly

Pages

Search

2020 മാര്‍ച്ച്‌ 06

3142

1441 റജബ് 11

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം

ഗുജറാത്ത് വംശഹത്യക്ക് പതിനെട്ട് വര്‍ഷം തികയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യത്തെ ഇന്ത്യാ സന്ദര്‍ശനം. അതൊരു യാദൃഛികതയാവാമെങ്കിലും, ട്രംപിന്റെ സന്ദര്‍ശന പരിപാടികള്‍ അഹ്മദാബാദില്‍നിന്ന് തുടക്കം കുറിച്ചു എന്നത് പല സൂചനകളും നല്‍കുന്നുണ്ട്. ഗുജറാത്ത് വംശഹത്യയുടെ പേരില്‍ വര്‍ഷങ്ങളോളം അമേരിക്കയിലേക്ക് വിസ നിഷേധിക്കപ്പെട്ടിരുന്നു അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും ഇന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയുമായ മോദിക്ക്. അതേ രാജ്യത്തിന്റെ സാരഥിയെ, തന്നെ വാനോളം പൊക്കിപ്പറയാനായി ഹിന്ദുത്വ പരീക്ഷണ ശാലയുടെ കേന്ദ്രസ്ഥാനത്തേക്ക് ആനയിച്ചുകൊണ്ടു വരികയായിരുന്നു മോദി. പ്രതീക്ഷിച്ചതിലും അപ്പുറമുള്ള സ്തുതിവചനങ്ങളാണ് ട്രംപില്‍നിന്ന് ഉണ്ടായത്. സബര്‍മതി ആശ്രമത്തില്‍ പോയപ്പോഴും ഗാന്ധിജിയെക്കുറിച്ച് ഒരക്ഷരം എഴുതാതെ തന്റെ ഇന്ത്യന്‍ സുഹൃത്തിനെ സുഖിപ്പിക്കുന്ന സ്തുതിഗീതങ്ങള്‍ തന്നെയായിരുന്നു അവിടെയും. തിരിച്ചങ്ങോട്ടുള്ള അമിത പ്രശംസയില്‍ മോദിയും ഒട്ടും കുറവ് വരുത്തുന്നുണ്ടായിരുന്നില്ല. ഇതിന് തന്നെയായിരുന്നു ട്രംപിനെ ഇങ്ങോട്ട് എഴുന്നള്ളിച്ചതും. ഏതാനും മാസങ്ങള്‍ക്കു മുമ്പ് അമേരിക്കയില്‍ നടന്ന 'ഹൗഡി മോദി' പരിപാടിയുടെ തനിയാവര്‍ത്തനം.
പരസ്പരമുള്ള ഈ പുറംചൊറിയല്‍ കേവലം മുഖസ്തുതിയില്‍ ഒതുങ്ങിനില്‍ക്കുന്നതായിരുന്നില്ല. ഇരുകക്ഷികളുടെയും കടുത്ത വംശീയ പക്ഷപാതിത്വങ്ങള്‍ ഇതിനിടക്ക് മറനീക്കി പുറത്തുവന്നുകൊണ്ടിരുന്നു. 'ഇസ്‌ലാമിക ഭീകരത' ഉന്മൂലനം ചെയ്യാന്‍ ഒത്തൊരുമിച്ച് പോരാടും എന്ന് ഗുജറാത്തില്‍ വെച്ച് പ്രഖ്യാപിച്ചപ്പോഴായിരുന്നു ട്രംപിന് ഏറ്റവുമധികം കൈയടി കിട്ടിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ വന്‍ പ്രക്ഷോഭങ്ങള്‍ നടക്കുന്ന സമയത്ത് 'ഇസ്‌ലാമിക ഭീകരത' കൊണ്ട് ഏതു വിഭാഗത്തെയാണ് ഉന്നം വെക്കുന്നതെന്നതില്‍ ആര്‍ക്കും അവ്യക്തതയുണ്ടായിരുന്നില്ല. അഫ്ഗാനില്‍ വരാനിരിക്കുന്ന ഭരണമാറ്റവും താലിബാനുമായി ഉണ്ടാക്കാന്‍ പോകുന്ന കരാറുകളുമൊക്കെ മുന്നില്‍ കണ്ട് മേഖലയിലെ പ്രധാന കക്ഷികളിലൊന്നായ പാകിസ്താനെ സുഖിപ്പിക്കുന്ന ചില വര്‍ത്തമാനങ്ങളും ട്രംപ് പറയുന്നുണ്ട്. അതിനാല്‍ പൗരത്വ ഭേദഗതി വിരുദ്ധ പ്രക്ഷോഭങ്ങളെത്തന്നെയാണ് 'ഇസ്‌ലാമിക ഭീകരത'യിലേക്ക് ചേര്‍ത്തുകെട്ടുന്നതെന്ന് ന്യായമായും സംശയിക്കാം. ട്രംപ് ന്യൂദല്‍ഹിയില്‍നിന്ന് വിമാനം കയറുമ്പോള്‍, തലസ്ഥാന നഗരിയുടെ ഒരു ഭാഗത്ത് ഫാഷിസ്റ്റുകള്‍ അഴിഞ്ഞാടുകയായിരുന്നു. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമാധാനപരമായി പ്രക്ഷോഭം നടത്തുന്നവരെ ഫാഷിസ്റ്റ് ഗുണ്ടകള്‍ ആക്രമിക്കുക മാത്രമല്ല, മുസ്‌ലിം വീടുകളും വ്യാപാര സ്ഥാപനങ്ങളും വ്യാപകമായി കൊള്ളയടിക്കുകയും തീയിടുകയും ചെയ്തു. അതൊക്കെ മോദിയുടെ ആഭ്യന്തര കാര്യം മാത്രമായിരുന്നു ട്രംപിന്. മുസ്‌ലിം വിദ്വേഷവും വെള്ള വംശീയതയും ഊതിക്കത്തിച്ച് തെരഞ്ഞെടുപ്പില്‍ ജയിച്ചുകയറിയ ട്രംപിന് സമാനമായ രീതിയില്‍ അപകടകരമായ വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയം പയറ്റുന്ന മോദിയെ വിമര്‍ശിക്കേണ്ട കാര്യമെന്ത്! അവര്‍ ഒരേ തൂവല്‍പക്ഷികളല്ലേ?
പരസ്പരം മുഖസ്തുതി പറഞ്ഞ് ഇമേജ് വര്‍ധിപ്പിക്കുന്നതോടൊപ്പം കുറച്ച് കച്ചവട കാര്യങ്ങളുമുണ്ടായിരുന്നു. തികച്ചും ഏകപക്ഷീയമായ കച്ചവടക്കരാറുകള്‍ എന്നു വിളിക്കാം. മുന്നൂറ് കോടി ഡോളര്‍ വിലവരുന്ന ഹെലിക്കോപ്റ്ററുകളും മറ്റു ആയുധ സാമഗ്രികളും ഇന്ത്യ വാങ്ങാമെന്നേറ്റിരിക്കുന്നു. അതേസമയം ഇന്ത്യക്ക് അനുകൂലമായ ഒരു നയംമാറ്റത്തിനും ട്രംപ് സന്നദ്ധത അറിയിച്ചിട്ടുമില്ല. ട്രംപ് കൊണ്ടുവന്ന പല തൊഴില്‍ നിയമങ്ങളും അമേരിക്കയിലെ പ്രവാസി ഇന്ത്യക്കാരെയാണ് കൂടുതല്‍ പ്രതികൂലമായി ബാധിക്കുക. ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതിക്കും പലതരം നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുന്നു. ഇതൊന്നു ചര്‍ച്ചയാക്കാന്‍ പോലും മുതിരാതെ അമേരിക്ക കൈവെച്ചേടത്തൊക്കെ ഒപ്പിട്ടു കൊടുക്കുകയാണ് മോദി ഭരണകൂടം. ഇന്ത്യയുടെ പ്രതിരോധ -പശ്ചാത്തല സൗകര്യങ്ങള്‍ യു.എസ് സേനക്ക് തോന്നുംപടി ഉപയോഗിക്കാന്‍ അനുവാദം നല്‍കുന്ന 2016-ലെ ലോജിസ്റ്റിക്‌സ് കൈമാറ്റ കരാറും പ്രതിരോധ രഹസ്യങ്ങള്‍ അമേരിക്കക്ക് എളുപ്പത്തില്‍ ലഭ്യമാക്കുമെന്ന് വിമര്‍ശിക്കപ്പെട്ട 2018-ലെ കോംകാസ കരാറും മോദി ഭരണത്തില്‍ തന്നെയായിരുന്നു. അടിമക്കരാറുകള്‍ എന്നേ ഇവയെയൊക്കെ വിശേഷിപ്പിക്കാനാവൂ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (10-12)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആത്മാഭിമാനികളുടെ പ്രാര്‍ഥന
അമല്‍ അബൂബക്കര്‍