ഇസ്‌ലാം സ്വീകരണം സമ്മാനിച്ചത് അന്തസ്സുള്ള ജീവിതം
പ്രമുഖ ദലിത് ആക്ടിവിസ്റ്റും എഴുത്തുകാരനും 'ദലിത് ക്യാമറ' സ്ഥാപകനുമായ േഡാ. രവിച്രന്ദന്‍ ബ്രതന്‍ കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദില്‍ വെച്ച് ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി. റഈസ് മുഹമ്മദ് എന്ന പേര് സ്വീകരിച്ച അേദ്ദഹം തമിഴ്‌നാട് ഊട്ടി കോത്തഗിരി സ്വേദശിയാണ്. െഹെദരാബാദ് ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗേ്വജ് യൂനിേവഴ്‌സിറ്റിയില്‍നിന്ന് ഡോക്ടേററ്റ് കരസ്ഥമാക്കിയ ഡോ. റഈസ് മുഹമ്മദ് ദലിത് വിേമാചന പോരാട്ടങ്ങളിെല സജീവ സാന്നിധ്യമാണ്.
- താങ്കളൊരു മുസ്‌ലിം വിരുദ്ധനായിരുന്നു എന്ന് കേള്‍ക്കുന്നു. ശരിയായിരുന്നോ?
അതേ, ഉപരിപഠനത്തിനായി ഹൈദറാബാദിലെ ഇഫളു കാമ്പസില്‍ എത്തുന്നതു വരെ എന്റെ മനസ്സില്‍ മുസ്‌ലിം വിരുദ്ധത ഉണ്ടായിരുന്നു. ഇത് എന്റെ മാത്രം അവസ്ഥയല്ല. ദലിത് സമൂഹത്തിലെ വ്യക്തികളില്‍ പൊതുവെ മുസ്‌ലിം വിരുദ്ധത നിലനില്‍ക്കുന്നുണ്ട്. ചില ദലിത് ആക്ടിവിസ്റ്റുകള്‍ പോലും അതില്‍നിന്ന് മുക്തരല്ല. ഞാന്‍ ഇസ്‌ലാം സ്വീകരിക്കാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ അറിയപ്പെടുന്ന പല ദലിത് ആക്ടിവിസ്റ്റുകളും എന്നെ നിരുത്സാഹപ്പെടുത്തി, പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ബുദ്ധമതം സ്വീകരിച്ചുകൂടേ എന്ന് ചോദിച്ചു. ദലിത് സമൂഹത്തില്‍ നിലനില്‍ക്കുന്ന മുസ്‌ലിം വിരുദ്ധത സ്വാഭാവികമായി രൂപപ്പെടുന്നതല്ല. ഹിന്ദുത്വശക്തികള്‍, മുഖ്യധാരാ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍, ലിബറലുകള്‍, യുക്തിവാദികള്‍, മാധ്യമങ്ങള്‍ തുടങ്ങിയവരൊക്കെ മുസ്‌ലിം വിരുദ്ധത ആസൂത്രിതമായി ദലിത് സമൂഹത്തില്‍ കുത്തിവെക്കുകയാണ്.
- ഹൈദറാബാദിലെ പഠനകാലം താങ്കളുടെ രാഷ്ട്രീയ ബോധ്യങ്ങളെ എങ്ങനെയാണ് മാറ്റിമറിച്ചത്?
ഹൈദറാബാദിലേക്ക് വണ്ടി കയറുമ്പോള്‍ എനിക്കറിയില്ലായിരുന്നു, പുതിയ രാഷ്ട്രീയ ബോധ്യങ്ങളിലേക്കുള്ള സഞ്ചാരമാണതെന്ന്. ഹൈദറാബാദിലെ പഠനകാലം ആശയസംവാദത്തിന്റെ പുതിയ ലോകം എനിക്ക് മുന്നില്‍ തുറന്നു തന്നു. എസ്.ഐ.ഒ പ്രവര്‍ത്തകരായ മലയാളി വിദ്യാര്‍ഥികളായിരുന്നു അവിടെ എന്റെ അടുത്ത കൂട്ടുകാര്‍. അവരോടുള്ള സഹവാസത്തിലൂടെയാണ് എന്റെ മനസ്സില്‍ നിലനിന്നിരുന്ന മുസ്‌ലിം വിരുദ്ധത കുടിയൊഴിഞ്ഞുപോയത്. അവരുമായി ഞാന്‍ നിരന്തരം ആശയ സംവാദത്തില്‍ ഏര്‍പ്പെട്ടിരുന്നു. അത് എന്റെ രാഷ്ട്രീയ ബോധ്യങ്ങളില്‍ പരിവര്‍ത്തനങ്ങളുണ്ടാക്കി. അക്കാലത്ത് എന്റെ സുഹൃത്തുക്കളില്‍ ഭൂരിഭാഗവും മുസ്‌ലിംകളായിരുന്നു. ഇത്തരം ഒരു സഹവാസത്തിന് അവസരം ലഭിച്ചില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇപ്പോഴും മുസ്‌ലിം വിരുദ്ധനായി തുടര്‍ന്നേനെ.
- രവിചന്ദ്രനില്‍നിന്ന് റഈസ് മുഹമ്മദിലേക്കുള്ള യാത്ര എപ്പോഴാണ് ആരംഭിച്ചത്?
അംബേദ്കറുടെ ചിന്തകളും രചനകളും ആത്മാഭിമാനവും അന്തസ്സുമുള്ള ജീവിതം സ്വപ്‌നം കാണാന്‍ എനിക്ക് പ്രേരണയായി. അന്ന് തുടങ്ങിയ അന്വേഷണങ്ങളും ഗവേഷണങ്ങളും പഠനങ്ങളും ഒടുവില്‍ എന്നെ റഈസ് മുഹമ്മദിലേക്ക് എത്തിച്ചു.
- ജാതിമുക്ത ജീവിതം സാധ്യമാകാന്‍ മതംമാറ്റം എന്ന ഒരൊറ്റ പരിഹാരം മാത്രമാണോ ഉള്ളത്? മറ്റ് പരിഹാര മാര്‍ഗങ്ങള്‍ ഉണ്ടോ?
മറ്റൊരു മാര്‍ഗവുമില്ല. ഹിന്ദുയിസത്തിന്റെ അവിഭാജ്യ ഘടകമാണ് ജാതി വ്യവസ്ഥ. അതുകൊണ്ടുതന്നെ ഹിന്ദുയിസം ഉപേക്ഷിക്കാതെ ജാതിമുക്തമായ ജീവിതം ഒരിക്കലും സാധ്യമല്ല. അക്കാര്യം അംബേദ്കര്‍ വ്യക്തമാക്കിയിട്ടുണ്ട്.
- ഹിന്ദുയിസത്തിന് അകത്തു നിന്നു കൊണ്ട്, ജാതിവ്യവസ്ഥയില്‍ നിലനിന്നു കൊണ്ടുതന്നെ ജാതിവിരുദ്ധ പോരാട്ടം സാധ്യമല്ല എന്നാണോ പറയുന്നത്?
അതേ, അക്കാരണം കൊണ്ടാണല്ലോ അംബേദ്കര്‍ പ്രഖ്യാപിച്ചത്; 'ഒരു ഹിന്ദുവായി ഒരിക്കലും ഞാന്‍ മരിക്കില്ല.' നമ്മള്‍ ലക്ഷ്യം വെക്കുന്നത് ജാതി ഉന്മൂലനമാണ്. ജാതിക്കുള്ളില്‍ നിന്നുകൊണ്ട് അത് സാധ്യമല്ല. വേണമെങ്കില്‍ ജാതിവ്യവസ്ഥയെ പരിഷ്‌കരിക്കാന്‍ വേണ്ടി പരിശ്രമിക്കാം. പക്ഷേ പരിഷ്‌കരണമല്ല നമ്മുടെ ലക്ഷ്യം. നോക്കൂ, പരിഷ്‌കരണം പോലും ഹിന്ദുയിസത്തില്‍ സാധ്യമല്ല. അംബേദ്കര്‍ പറയുന്നു: 'ഏതൊരു മതമാണോ നിങ്ങളെ സാമൂഹികശ്രേണിയിലെ ഏറ്റവും താഴേതട്ടിലേക്ക് വലിച്ചെറിഞ്ഞത്, ആ മതത്തിന്റെ അനുയായികള്‍ ഈ ജാതിവ്യവസ്ഥയെ ഒരിക്കലും മാറ്റപ്പെടാത്ത സംവിധാനമായാണ് വിശ്വസിക്കുന്നത്. അതിനാല്‍ തന്നെ കാലവും സാഹചര്യവും പരിഗണിച്ചുകൊണ്ടുള്ള ഒരു മാറ്റവും അതില്‍ ഉണ്ടാക്കാന്‍ കഴിയില്ല. നിങ്ങള്‍ ഒരു സാമൂഹിക ശ്രേണിയിലെ ഏറ്റവും താഴേ തട്ടിലാണ്. അങ്ങനെ തന്നെ നിങ്ങള്‍ നിലനില്‍ക്കുകയും ചെയ്യും.' അഥവാ, ജാതിവ്യവസ്ഥയില്‍ പരിഷ്‌കരണത്തിനു പോലും വകുപ്പില്ല. പരിഷ്‌കരണം കൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കാനുമില്ല. സമ്പൂര്‍ണ ജാതി ഉന്മൂലനമായിരുന്നു അംബേദ്കറുടെ ലക്ഷ്യം. അത് സാധ്യമാകണമെങ്കില്‍ ഹിന്ദുയിസത്തില്‍നിന്ന് പുറത്തുകടക്കല്‍ അനിവാര്യമാണ്.
- ജാതിവ്യവസ്ഥക്ക് അകത്തു നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന താഴ്ന്ന ജാതി സംഘടനകളുടെ പോരാട്ടം ഫലം കാണുകയില്ലേ?
താഴ്ന്ന ജാതി സംഘടനകള്‍ പരിശ്രമിക്കുന്നത് സ്വജാതിയെ ശക്തിപ്പെടുത്താനാണ്. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തടയാനും അവര്‍ പണിയെടുക്കുന്നു. പക്ഷേ ഒരു യാഥാര്‍ഥ്യം അവര്‍ മനസ്സിലാക്കാതെ പോകുന്നു. ജാതി എന്നത് തന്നെ മ്ലേഛമാണ്. അവര്‍ അനുഭവിക്കുന്ന വിവേചനങ്ങളുടെയും ദുരിതങ്ങളുടെയും അടിമത്ത്വത്തിന്റെയും മൂലകാരണം ജാതിയാണ്. ജാതിയെ ശക്തിപ്പെടുത്തുന്നതില്‍ പിന്നെന്ത് ഗുണം! താല്‍ക്കാലിമായ നേട്ടങ്ങള്‍ ലഭിക്കുമായിരിക്കാം. പക്ഷേ അവരുടെ പരിശ്രമങ്ങള്‍ വിമോചനത്തിലേക്ക് വഴിതുറക്കുകയില്ല. ഇപ്പോഴും ധാരാളം ദലിതര്‍ ഹിന്ദുയിസത്തില്‍ നിലനില്‍ക്കുന്നതില്‍ അഭിമാനം കൊള്ളുന്നു. എന്തൊരു സങ്കടകരമാണ് ഈ അവസ്ഥ! അവര്‍ അവരുടെ ജാതി അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കുന്നു. അതേസമയം അംബേദ്കറുടെ പിന്മുറക്കാരാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. അംബേദ്കര്‍ സ്വപ്‌നം കണ്ടതാകട്ടെ ജാതി ഉന്മൂലനവും. എത്രമേല്‍ വൈരുധ്യമാണിത്!
- ജാതിയില്ലാത്ത ജീവിതത്തിനു വേണ്ടി അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ചു. താങ്കള്‍ എന്തുകൊണ്ട് ഇസ്‌ലാമില്‍ അഭയം തേടി?
ജാതിയില്‍നിന്ന് മോചനം ലഭിക്കാനുള്ള ആദ്യപടി ഹിന്ദുയിസം ഉപേക്ഷിക്കലാണെന്ന് പറഞ്ഞല്ലോ. എന്നാല്‍ ഹിന്ദുയിസം ഉപേക്ഷിച്ചു എന്നു പറഞ്ഞ് വീട്ടിലിരുന്നാല്‍ അയാളില്‍നിന്ന് ജാതി ഇല്ലാതാവുകയില്ല. ഷര്‍ട്ടൂരി മാറുന്നതു പോലെ ഊരിയെറിയാന്‍ പറ്റുന്ന ഒന്നല്ല ഹിന്ദുയിസം. അത് ഉപേക്ഷിച്ചെന്ന് പ്രഖ്യാപിച്ചാലും ജാതിയുടെ ഭാരങ്ങള്‍ നിങ്ങളുടെ മുതുകില്‍ ഉണ്ടാകും. അപ്പോള്‍ അടുത്ത ഘട്ടം മറ്റൊരു മതം സ്വീകരിക്കുക എന്നതാണ്. അംബേദ്കര്‍ തെരഞ്ഞെടുത്ത പാത ബുദ്ധമതമായിരുന്നു. അദ്ദേഹത്തോടൊപ്പം ഒട്ടനവധി ദലിതര്‍ ബുദ്ധമതത്തിലേക്ക് പോയി. ശേഷം അവരുടെ ജീവിതത്തില്‍ എന്ത് മാറ്റം സംഭവിച്ചു എന്ന് പരിശോധിച്ചു നോക്കൂ. ബുദ്ധമതത്തിലേക്ക് മാറിയിട്ടും ജാതിമുദ്ര അവരുടെ മുതുകില്‍നിന്ന് മാഞ്ഞുപോയില്ല. അവര്‍ ദലിതരായി തന്നെ ശിഷ്ടകാലവും ജീവിച്ചു. ജാതി ഉന്മൂലനം നടത്തുന്നതില്‍ ബുദ്ധമതം പരാജയപ്പെടുകയായിരുന്നു. വ്യത്യസ്ത മതപരിവര്‍ത്തനങ്ങളെ കുറിച്ച് ഞാന്‍ പഠിച്ചു. ക്രിസ്തുമതത്തിലേക്ക് പോയവര്‍ ദലിത് ക്രിസ്ത്യാനികളായി ജീവിക്കേണ്ടി വരുന്നു. സിക്ക് മതവും വ്യത്യസ്തമായിരുന്നില്ല. അങ്ങനെയാണ് ഞാന്‍ ഇസ്‌ലാമിനെ നിരീക്ഷിക്കാന്‍ ആരംഭിച്ചത്. ജാതി ഉന്മൂലനം ഇസ്‌ലാമിലൂടെ മാത്രമേ സാധ്യമാകൂ എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. മുസ്‌ലിം സമൂഹത്തില്‍ ദലിത് മുസ്‌ലിം എന്നൊരു വിഭാഗത്തെ നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല. ദലിത് മുസ്‌ലിം പള്ളിയോ ദലിത് മുസ്‌ലിം ഖബ്‌റിസ്ഥാനോ മുസ്‌ലിം സമുദായത്തില്‍ ഇല്ല. ആത്മാഭിമാനവും അന്തസ്സുമുള്ള ജീവിതം ഇസ്‌ലാം സാധ്യമാക്കുന്നു. ഇസ്‌ലാമിലെ ആരാധനാ കര്‍മങ്ങള്‍ പോലും വിപ്ലവ പ്രവര്‍ത്തനങ്ങളാണ്. അഞ്ച് നേരത്തെ നമസ്‌കാരം ഉദാഹരണമായി എടുക്കാം. മുസ്‌ലിംകള്‍ പള്ളിയില്‍ ഒരുമിച്ചുകൂടുന്നു. തോളോടു തോള്‍ ചേര്‍ന്നു നിന്ന് നമസ്‌കരിക്കുന്നു. ഇസ്‌ലാം സ്വീകരിച്ച ബ്രാഹ്മണനും ഇസ്‌ലാമിലേക്ക് വന്ന ദലിതനും നമസ്‌കാരത്തില്‍ ഒട്ടിനില്‍ക്കുന്നു. എല്ലാവരും തുല്യരാണെന്ന് പ്രായോഗികമായി പഠിപ്പിക്കുന്ന വിപ്ലവ പ്രവര്‍ത്തനം.
നിരവധി ദലിതര്‍ ഏതൊരു സമത്വത്തിനു വേണ്ടിയാണോ ജീവിത കാലം മുഴുവന്‍ സമരം നടത്തുകയും ജീവന്‍ ബലിയര്‍പ്പിക്കുകയും ചെയ്തത്, ആ സമത്വം ഇസ്‌ലാം സ്വീകരിക്കുന്ന നിമിഷം മുതല്‍ സാധ്യമാകുന്നു എന്നത് എന്തൊരത്ഭുതമാണ്! അതുകൊണ്ടാണ് പെരിയോര്‍ ഇസ്‌ലാമാണ് പരിഹാരം എന്ന് പറഞ്ഞത്. പക്ഷേ ഇന്നത്തെ പെരിയോറിസ്റ്റുകളുടെ കാര്യം നിരാശാജനകമാണ്. അവര്‍ ഇക്കാര്യത്തെക്കുറിച്ച് മിണ്ടുന്നില്ല. പെരിയോറിന്റെ ഈ അഭിപ്രായം പൊതുസമൂഹത്തില്‍ ചര്‍ച്ചക്ക് വെക്കാന്‍ അവര്‍ താല്‍പ്പര്യപ്പെടുന്നില്ല.
- രവിചന്ദ്രന്‍, റഈസ് മുഹമ്മദ് ആയ ശേഷം ഉണ്ടായ അനുഭവങ്ങള്‍?
വലിയ സ്വീകരണമാണ് മുസ്‌ലിം സമൂഹത്തില്‍നിന്ന് ലഭിച്ചത്. ഞാന്‍ ഒരു പി.എച്ച്.ഡി സ്‌കോളറാണ് എന്നു ഹിന്ദുമതത്തിലെ എല്ലാവര്‍ക്കും അറിയാം. ഇന്ന് വരെ ഒരാളും എന്നെ ഒന്ന് അഭിനന്ദിച്ചിട്ടു പോലുമില്ല. തോട്ടിപ്പണി ചെയ്തുകൊണ്ടിരിക്കെ ഞങ്ങളുടെ കൂട്ടത്തില്‍ നിരവധി പേര്‍ മരണപ്പെട്ടിട്ടുണ്ട്. ഒരാള്‍ക്കും അത് വിഷയമായിരുന്നില്ല. മേല്‍ജാതിക്കാര്‍ വെള്ളം കുടിക്കുന്ന ഭാഗത്തു നിന്ന് ഞങ്ങളുടെ സമുദായം തടയപ്പെട്ടിരുന്നു. സ്‌കൂളിലെ പ്രാര്‍ഥനാ സമയത്ത് ഒരു മേല്‍ജാതി ഹിന്ദുവിനെ തൊട്ടതിന്റെ പേരില്‍ ചീത്തവിളി കേട്ടവര്‍ ഞങ്ങളുടെ കൂട്ടത്തിലുണ്ട്.
ഞാന്‍ ചക്ലിയനാണെന്ന് കോത്തഗിരിയിലെ മുഴുവന്‍ മുസ്‌ലിംകള്‍ക്കും അറിയാം. എന്റെ അഛന്‍ തോട്ടിപ്പണിക്കാരനാണെന്നും അമ്മ സ്‌കൂളിലെ തൂപ്പുകാരിയാണെന്നും അവര്‍ക്കറിയാം. ഞാന്‍ ഇസ്‌ലാം സ്വീകരിച്ചു എന്ന് അറിഞ്ഞപ്പോള്‍ മുസ്‌ലിം സമൂഹം നല്‍കിയ സ്‌നേഹവും പരിഗണനയും ജീവിതത്തില്‍ പുതിയൊരു അനുഭവമായിരുന്നു. കോത്തഗിരിയില്‍ രണ്ട് പള്ളികളുണ്ട്. ഒന്ന് മലയാളികള്‍ കൂടുതലുള്ള പ്രദേശത്ത്. മറ്റൊന്ന് തമിഴര്‍ ഭൂരിഭാഗമുള്ള സ്ഥലത്ത്. രണ്ട് പള്ളികളിലേക്കും എന്നെ ക്ഷണിച്ചു. ജുമുഅ ദിവസം പള്ളിയില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടു. എല്ലാവരും എന്നെ ആലിംഗനം ചെയ്തു. എന്റെ വീട്ടില്‍ വന്ന് എന്നെ കാണണമെന്ന് ധാരാളം മുസ്‌ലിം സ്ത്രീകള്‍ ആഗ്രഹം പ്രകടിപ്പിച്ചു. എന്നെ സംബന്ധിച്ചേടത്തോളം വലിയ ആദരവായിരുന്നു അത്.
- താങ്കള്‍ പറയുന്നു; ഭരണഘടന ജാതി നിരോധിക്കില്ല, ജാതീയ ഹിംസകളെ മാത്രമേ നിരോധിക്കൂ. ജാതി ഉന്മൂലനം സാധ്യമാകാന്‍ ഭരണഘടനക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണോ?
അക്കാര്യത്തില്‍ ഭരണഘടനക്ക് ഒരു പങ്കും നിര്‍വഹിക്കാനില്ല. ഭരണഘടന ജാതീയ അതിക്രമങ്ങളെ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ജാതിയെ നിരോധിക്കാന്‍ ഭരണഘടനക്ക് കഴിയുമോ? ഇല്ല എന്നാണ് ഉത്തരം. നോക്കൂ, ജാതി നിലനില്‍ക്കുന്നുണ്ടെങ്കില്‍ സ്വാഭാവികമായും ജാതീയ ഹിംസകളും നിലനില്‍ക്കും. ജാതിവ്യവസ്ഥയുടെ അനിവാര്യഫലമാണ് ജാതിഹിംസകള്‍. അതിനാല്‍, ജാതി ഉന്മൂലനം ഭരണഘടനയിലൂടെ സാധിക്കുകയില്ല. സാമൂഹിക വിപ്ലവത്തിലൂടെ മാത്രമേ അത് സാധ്യമാകൂ. ഇപ്പോള്‍ പൗരത്വ പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുകയാണല്ലോ. പ്രക്ഷോഭകര്‍ ഉയര്‍ത്തുന്ന പ്രധാന മുദ്രാവാക്യങ്ങളില്‍ ഒന്ന് ഭരണഘടന സംരക്ഷിക്കപ്പെടണം എന്നാണ്. പ്രശ്‌നത്തിന്റെ മര്‍മം സ്പര്‍ശിക്കാത്ത മുദ്രാവാക്യമാണിത്. മൂര്‍ച്ചയും ആഴവും കുറഞ്ഞ ദുര്‍ബല മുദ്രാവാക്യമാണിത്. കാരണം, ഭരണഘടനയെ സ്വാധീനിക്കുന്നത് രാഷ്ട്രീയ അധികാരമാണ്. രാഷ്ട്രീയ അധികാരത്തെ സ്വാധീനിക്കുന്നതാകട്ടെ സാമൂഹിക അധികാരവും. ഇന്ത്യന്‍ സാഹചര്യത്തില്‍ സാമൂഹിക അധികാരത്തെ നിയന്ത്രിക്കുന്നതും നിര്‍ണയിക്കുന്നതും ഹിന്ദുത്വ ശക്തികളും അവര്‍ രൂപപ്പെടുത്തിയ വ്യവഹാരങ്ങളുമാണ്. അതുകൊണ്ടുതന്നെ നമ്മുടെ സമരങ്ങളുടെയും മുദ്രാവാക്യങ്ങളുടെയും മുന തിരിയേണ്ടത് സാമൂഹിക അധികാര ഘടനയിലേക്കാണ്. ആ സാമൂഹിക അധികാര ഘടനയില്‍ നിലനില്‍ക്കുന്ന വ്യവഹാരങ്ങളെയാണ് നാം നേരിടേണ്ടത്. അങ്ങനെ ചെയ്യുമ്പോള്‍ മാത്രമേ പൗരത്വ പ്രക്ഷോഭം ലക്ഷ്യം നേടുകയുള്ളൂ. ഭരണഘടന സംരക്ഷിക്കുക എന്ന മുദ്രാവാക്യമാണ് ഉയര്‍ത്തുന്നതെങ്കില്‍ അത് ഉപരിപ്ലവമായ സമരമായി പരിണമിക്കും.
- താങ്കളുടെ പി.എച്ച്.ഡി വിഷയം ടോയ്‌ലറ്റിനെക്കുറിച്ചാണല്ലോ. ടോയ്‌ലറ്റിനെക്കുറിച്ച പഠനമാണ് താങ്കളെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ച ഘടകങ്ങളില്‍ ഒന്ന് എന്ന് പറയാറുണ്ട്. എങ്ങനെയാണത്?
ജാതിഘടനയില്‍ ടോയ്‌ലറ്റ് ഒരു മ്ലേഛ ഇടമാണ്. സ്വാഭാവികമായും ടോയ്‌ലറ്റ് വൃത്തിയാക്കുന്നവര്‍ മോശപ്പെട്ടവരും തൊട്ടുകൂടാത്തവരുമാണ്. ടോയ്‌ലറ്റ് വൃത്തിയാക്കല്‍ താഴ്ന്ന ജാതിക്കാര്‍ മാത്രം നിര്‍വഹിക്കേണ്ട ഏര്‍പ്പാടാണ് എന്നാണ് വിശ്വാസം. അങ്ങനെയാണ് തോട്ടിപ്പണിയും മ്ലേഛവൃത്തിയായി മാറിയത്. ഹിന്ദു അമ്പലങ്ങള്‍ക്ക് അകത്ത് നിങ്ങള്‍ക്ക് ടോയ്‌ലറ്റ് കാണാന്‍ സാധിക്കുകയില്ല. അമ്പലങ്ങളില്‍നിന്നും ദൂരെ മാറിയാണ് ടോയ്‌ലറ്റുകള്‍ സ്ഥാപിക്കപ്പെടുക. ഹിന്ദു സംസ്‌കാരത്തിലെ വീട്ടിനകത്തും ടോയ്‌ലറ്റ് ഉണ്ടായിരിക്കുകയില്ല. ടോയ്‌ലറ്റിനെ കുറിച്ച ഹിന്ദുയിസത്തിന്റെ കാഴ്ചപ്പാടിനെ സംബന്ധിച്ച് പഠനം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഹൈദറാബാദിലെ പള്ളികള്‍ എന്റെ ശ്രദ്ധയില്‍ പെടുന്നത്. പള്ളികള്‍ക്കുള്ളില്‍തന്നെ ടോയ്‌ലറ്റ് നിര്‍മിക്കപ്പെട്ടിരിക്കുന്നു. ഹൗളിനോട് ചേര്‍ന്നു തന്നെ ശൗചാലയങ്ങള്‍ കാണാം. അവ വൃത്തിയാക്കുന്നതിന് പ്രത്യേക ജനവിഭാഗം നിര്‍ണയിക്കപ്പെട്ടിട്ടില്ല. ആര്‍ക്കും അവ വൃത്തിയാക്കാം. ചിലപ്പോള്‍ മുസ്‌ലിംകള്‍ എല്ലാവരും ചേര്‍ന്ന് ടോയ്‌ലറ്റ് ശുചീകരിക്കുന്നു. ശുദ്ധിയെ കുറിച്ച ഇസ്‌ലാമിന്റെ കാഴ്ചപ്പാട് ഹിന്ദുയിസത്തില്‍നിന്നും തീര്‍ത്തും വ്യത്യസ്തമാണെന്ന് ഞാന്‍ മനസ്സിലാക്കി. എന്നെ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കാന്‍ ടോയ്‌ലറ്റിനെ സംബന്ധിച്ച ഗവേഷണവും കാരണമായി.
- വിമോചന വിപ്ലവ പ്രത്യയശാസ്ത്രം എന്ന ഭാവുകത്വമാണ് കമ്യൂണിസത്തിന് പൊതുവെ ഉള്ളത്. താങ്കള്‍ എന്തുകൊണ്ട് കമ്യൂണിസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടില്ല?
ഇസ്‌ലാമിനേക്കാള്‍ വിമോചന വിപ്ലവ ഉള്ളടക്കമുള്ള മറ്റൊരു ദര്‍ശനം ഇല്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. വിശ്വാസ കാര്യങ്ങള്‍ മുതല്‍ ഇസ്‌ലാമിന്റെ ഓരോ നിയമങ്ങളും നിര്‍ദേശങ്ങളും വ്യവസ്ഥകളും വിമോചനത്തിന്റെയും വിപ്ലവത്തിന്റെയും വലിയ ലോകമാണ് മനുഷ്യര്‍ക്ക് മുന്നില്‍ തുറന്നുവെക്കുന്നത്.
- ജാതിവിരുദ്ധ രാഷ്ട്രീയത്തെ ശക്തിപ്പെടുത്താന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് കഴിയുമോ?
ഇല്ല. മുഖ്യധാരാ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഹിന്ദു സംസ്‌കാരം സ്വാംശീകരിച്ചവയാണ്. അവ തൊട്ടുകൂടായ്മയെ എതിര്‍ക്കും. ജാതിവിവേചനങ്ങള്‍ക്കെതിരെ സംസാരിക്കും. പക്ഷേ ജാതിക്കെതിരെ പ്രവര്‍ത്തിക്കില്ല. അവര്‍ അമ്പലത്തില്‍ പോകില്ലായിരിക്കാം. അതേസമയം ജാതി പ്രാക്ടീസ് ചെയ്യുന്നവരാണ്. ജാതി മനസ്സിലാക്കുന്നതില്‍ ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു.
- മേട്ടുപ്പാളയത്ത് മൂവായിരത്തിലധികം ദലിതര്‍ തങ്ങള്‍ ഇസ്‌ലാം സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചതായി അറിയാന്‍ കഴിഞ്ഞു. ഇങ്ങനെയൊരു സാഹചര്യം രൂപപ്പെടാന്‍ കാരണമെന്താണ്?
മേട്ടുപ്പാളയത്ത് ഇരുപതടി ഉയരത്തില്‍ ഒരു മതില്‍ നിര്‍മിക്കപ്പെട്ടിരുന്നു. അത് ഒരു അയിത്ത മതിലായിരുന്നു. മതില്‍ പണിതത് മേല്‍ജാതി ഹിന്ദുക്കള്‍. അവര്‍ ഉയര്‍ന്ന പ്രദേശത്താണ് താമസിച്ചിരുന്നത്. കീഴ്ജാതി ദലിതര്‍ താമസിച്ചിരുന്നത് താഴ്ന്ന പ്രദേശത്തും. മേല്‍ജാതിക്കാരില്‍നിന്ന് താഴ്ന്ന ജാതിക്കാരെ വേര്‍തിരിച്ചു നിര്‍ത്താനാണ് മതില്‍ പണിതത്. തീര്‍ത്തും അശാസ്ത്രീയമായ രീതിയിലാണ് മതില്‍ നിര്‍മിച്ചത്. മതിലിന്റെ ചാരത്ത് ഒരു സെപ്റ്റിക് ടാങ്ക് സ്ഥാപിക്കുകയും ഓവുചാല്‍ കീറുകയും ചെയ്തിരുന്നു. മതിലിന് അടുത്ത് കൃഷിയും നടത്തിയിരുന്നു. ഇക്കാരണങ്ങളാല്‍, ഏത് സമയത്തും മതില്‍ തകരാന്‍ സാധ്യതയുണ്ടായിരുന്നു. മതിലില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. മതില്‍ പൊളിച്ചുമാറ്റാന്‍ ദലിതര്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. മേല്‍ജാതിക്കാര്‍ കേട്ട ഭാവം നടിച്ചില്ല. അധികാരികള്‍ക്ക് പരാതി നല്‍കി. ഒരു നടപടിയും ഉണ്ടായില്ല. 2019 ഡിസംബര്‍ രണ്ടിന് രാത്രി ഘോരശബ്ദത്തോടെ മതില്‍ തകര്‍ന്നുവീണു. മതില്‍ വീണത് മൂന്ന് വീടുകള്‍ക്ക് മുകളില്‍. 17 പേര്‍ കൊല്ലപ്പെട്ടു. അവര്‍ വീടുകളില്‍ ഉറങ്ങിക്കിടക്കുന്ന നേരത്തായിരുന്നു സംഭവം നടന്നത്. തകര്‍ന്നയുടന്‍ നാട്ടുകാര്‍ ഓടിയെത്തി. അധികാരികളെ വിളിച്ചു. അപകട സ്ഥലത്തുനിന്ന് പോലീസ് സ്റ്റേഷനിലേക്കും ഫയര്‍ഫോഴ്‌സിലേക്കുമുള്ള ദൂരം മൂന്ന് കിലോമീറ്റര്‍ മാത്രം. എന്നിട്ടും പതിനഞ്ച് മൃതശരീരങ്ങള്‍ പുറത്തെടുത്തതിന് ശേഷമാണ് അധികാരികള്‍ സംഭവസ്ഥലത്ത് എത്തിയത്. നഷ്ടപരിഹാരം നല്‍കണമെന്നും കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ദലിത് നേതാക്കള്‍ പ്രതിഷേധം തുടങ്ങി. രാഷ്ട്രീയ പാര്‍ട്ടികളും അധികാരികളും സംഭവം ഒതുക്കിത്തീര്‍ക്കാന്‍ പല കളികളും കളിച്ചു. പ്രതിഷേധിച്ച ദലിത് നേതാക്കളെ മര്‍ദിക്കുകയും അവര്‍ക്കെതിരെ കേസ് ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇങ്ങനെ അപമാനവും അടിമത്തവും പേറി ജീവിച്ച് മടുത്തെന്നും ഹിന്ദുയിസം ഉപേക്ഷിച്ച് ഇസ്‌ലാം സ്വീകരിക്കുകയാണെന്നും മൂവായിരം ദലിതര്‍ പ്രഖ്യാപിച്ചു.
- അവര്‍ ഇസ്‌ലാം സ്വീകരിച്ചോ?
ഇപ്പോള്‍ ശക്തമായ സമ്മര്‍ദത്തിലാണ്. ബി.ജെ.പിയും ആര്‍.എസ്.എസ്സും ഉണ്ടാക്കിയ സമ്മര്‍ദമാണത്. ഉന്നത വിദ്യാഭ്യാസവും അത്യാവശ്യം പിന്തുണയുമൊക്കെയുള്ള എന്നെപ്പോലെ ഒരാള്‍ ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ പോലും വലിയ പ്രതിസന്ധികള്‍ നേരിടേണ്ടിവന്നു. ഒരു വശത്ത് കുടുംബ സമ്മര്‍ദം. മറുവശത്ത് സാമൂഹിക സമ്മര്‍ദം. അങ്ങനെയെങ്കില്‍ സാധാരണക്കാരായ ദലിതരുടെ അവസ്ഥ പറയേണ്ടതില്ലല്ലോ. അവരെപ്പോലുള്ളവര്‍ ഇസ്‌ലാം സ്വീകരിക്കുക എന്നത് വലിയ വിപ്ലവ പ്രവര്‍ത്തനം തന്നെയാണ്. അയിത്ത മതില്‍ തകര്‍ച്ചയുടെ പ്രതികരണമായി നാനൂറില്‍ അധികം ദലിതര്‍ ഇതിനോടകം തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലായി ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട്.
- താങ്കളുടെ ആക്ടിവിസത്തിന്റെ ഒരു പ്രധാന മാധ്യമം 'ദലിത് കാമറ' എന്ന യൂട്യൂബ് ചാനല്‍ ആണല്ലോ. ദലിത് കാമറയുടെ തുടക്കം എങ്ങനെയായിരുന്നു?
2012-ലാണ് ദലിത് കാമറ ആരംഭിക്കുന്നത്. ദലിത് സമൂഹം നിരവധി ആക്രമണങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. അവയില്‍ ഭൂരിഭാഗവും പുറംലോകം അറിയാറില്ല. മാധ്യമങ്ങള്‍ കണ്ടില്ലെന്നു നടിക്കും. ശബ്ദമില്ലാത്ത സമൂഹത്തിന് ശബ്ദമാകാന്‍ ഞാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ദലിത് കാമറ എന്ന പേരില്‍ യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ തീരുമാനിച്ചത്. ദലിതര്‍ക്കെതിരെ അക്രമം നടക്കുന്ന സന്ദര്‍ഭങ്ങളില്‍ സാധ്യമാകുന്നത്ര അവിടെ എത്താന്‍ ഞാന്‍ ശ്രമിക്കും. പ്രശ്‌നം ദലിത് കാമറയിലൂടെ പുറംലോകത്ത് എത്തിക്കുകയും വിഷയം ചര്‍ച്ചയാക്കുകയും ചെയ്യും. ദലിതയായ ഒരു വില്ലേജ് പ്രസിഡന്റ് ആക്രമിക്കപ്പെട്ടു. അത് ആരും വാര്‍ത്തയാക്കിയില്ല. ദലിത് കാമറ അവരുടെ അടുക്കല്‍ ചെന്ന് ഇന്റര്‍വ്യൂ എടുത്തു. അതിലൂടെ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യുന്ന പ്രശ്‌നമായി അത് മാറി.
- ദലിത് കാമറയെക്കുറിച്ചുള്ള ഭാവി ആലോചനകള്‍?
ഇപ്പോഴാണ് കാമറക്ക് അതിന്റെ യഥാര്‍ഥ അര്‍ഥം കൈവന്നിരിക്കുന്നത്. തൊട്ടുകൂടാത്തവന്‍ നടത്തിയിരുന്ന ഒരു സംരംഭമായാണ് ഇത്രയും നാള്‍ അത് കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഒരു മുസ്‌ലിമാണ് ദലിത് കാമറ മുന്നോട്ട് കൊണ്ടുപോകുന്നത്. അത് തന്നെ ശക്തമായൊരു സന്ദേശമാണ്.
- ദലിത് വിമോചന പോരാട്ടങ്ങള്‍ ഇനി ഏത് രൂപത്തിലാണ് താങ്കള്‍ മുന്നോട്ടു കൊണ്ടുപോവുക?
എന്റെ സമൂഹത്തെ വിമോചിപ്പിക്കാന്‍ ഞാന്‍ അതിയായി ആഗ്രഹിക്കുന്നു. എന്റെ സമൂഹത്തിനു നേരെ കണ്ണടക്കാന്‍ എനിക്ക് കഴിയില്ല. മാല്‍കം എക്‌സ് ഇസ്‌ലാം സ്വീകരണ ശേഷവും കറുത്തവര്‍ക്ക് വേണ്ടിയുള്ള വിമോചന പോരാട്ടങ്ങളില്‍ സജീവമായിരുന്നു. രണ്ട് രീതിയില്‍ ഞാന്‍ എന്റെ പോരാട്ടം തുടരും: ഒന്ന്, ഇസ്‌ലാമിന്റെ വിമോചന സന്ദേശം ഞാന്‍ എന്റെ സമൂഹത്തിലെ ഓരോ ദലിതനിലേക്കും എത്തിക്കും. അവര്‍ ഇസ്‌ലാമിലേക്ക് കടന്നുവരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. മറ്റൊന്ന്, ഞാന്‍ എന്റെ സമൂഹത്തില്‍പെട്ടവരോട് ചോദിച്ചുകൊണ്ടിരിക്കും; 'ഇനിയും ഹിന്ദുയിസത്തില്‍ തുടരാനുള്ള ഏതെങ്കിലും ഒരു ന്യായം കാണിച്ചുതരാന്‍ നിങ്ങള്‍ക്ക് പറ്റുമോ?' എവിടെ അക്രമം നടന്നാലും ദലിത് കാമറ അവിടെ എത്താന്‍ ശ്രമിക്കും. അക്രമത്തിന് ഇരയായവരോട് ചോദിക്കും; 'ഇനിയും ഈ ജാതിവ്യവസ്ഥയില്‍ നിലനില്‍ക്കാന്‍ എന്തുണ്ട് ന്യായം?'
Comments