Prabodhanm Weekly

Pages

Search

2020 മാര്‍ച്ച്‌ 06

3142

1441 റജബ് 11

കലാപത്തീയില്‍ വീണ ദല്‍ഹി

ഹസനുല്‍ ബന്ന

രാജ്യത്തിന്റെ സമര ചരിത്രത്തില്‍ നവ്യാനുഭവമായി മാറിയ പൗരത്വ സമരങ്ങളുടെ പ്രത്യേകത നേതൃത്വങ്ങളില്ലാതെ ജനങ്ങളുടെ ആവേശത്താല്‍ അവ സ്വയം രുപപ്പെട്ടതാണ് എന്നതാണ്. അതു തന്നെയാണ് അതിന്റെ സാധ്യതയും പരിമിതിയുമെന്ന് രണ്ടര മാസത്തോളം പിന്നിട്ട ആ സമരങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നുണ്ട്. ജാമിഅ മില്ലിയ ഇസ്‌ലാമിയ്യയിലും അലീഗഢ് മുസ്‌ലിം സര്‍വകലാശാലയിലും പൊട്ടിപുറപ്പെട്ട പൗരത്വ സമരത്തിന്റെ പ്രഭവ കേന്ദ്രങ്ങളായി ആ രണ്ട് കാമ്പസുകളും ചരിത്രത്തിന്റെ ഭാഗമായി. എന്നാല്‍ പൗരത്വ സമരത്തിന്റെ പ്രതീകമായി മാറിയത് ശാഹീന്‍ ബാഗ് സമരമാണ്. മുസ്‌ലിം സ്ത്രീയുടെ പിന്നാക്കാവസ്ഥയെ കുറിച്ച് പൊതുസമൂഹത്തിനുണ്ടായിരുന്ന എല്ലാ ആശങ്കകളും നിരാകരിച്ച ശാഹീന്‍ ബാഗ് രാജ്യത്തുടനീളമുള്ള പൗരത്വ സമരങ്ങളെയും ആ തരത്തില്‍ വഴി നടത്തി.
പൗരത്വ സമരത്തെ തകര്‍ക്കാന്‍ ശാഹീന്‍  ബാഗിനെ തകര്‍ത്തേ തീരൂ എന്ന തിരിച്ചറിവില്‍ നിന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തൊട്ട് കപില്‍ മിശ്ര വരെയുള്ളവര്‍ അതിനെതിരെ വന്യമായ ആക്രമണങ്ങളും പ്രകോപനങ്ങളും അഴിച്ചുവിട്ടത്. അതുകൊണ്ടൊന്നും തകര്‍ക്കാന്‍ കഴിയാതിരുന്ന ശാഹീന്‍ ബാഗിലെ പൗരത്വ സമരത്തെ സായുധമായി ആക്രമിക്കുന്നതും പിന്നീട് നാം കണ്ടു. അതിനു ശേഷം സമരത്തില്‍ നുഴഞ്ഞുകയറി കുഴപ്പമുണ്ടാക്കാനും നോക്കി. സംഘ് പരിവാര്‍ നടത്തിയ ഈ ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടപ്പോഴാണ് ബി.ജെ.പി നേതാക്കള്‍ സമരം എടുത്തു വെയ്പിക്കാന്‍ സുപ്രീം കോടതിയില്‍ കേസുമായി വന്നത്. ആ കേസ് സുപ്രീംകോടതി പരിഗണിച്ചപ്പോള്‍ ബി.ജെ.പി നേതാക്കളായ ഹരജിക്കാരും അവര്‍ക്ക് പിന്തുണ നല്‍കുന്ന കേന്ദ്ര സര്‍ക്കാറും എങ്ങനെയെങ്കിലും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാണ് നോക്കിയത്. അതിനവര്‍ ഉന്നയിച്ച വാദം ഈ മാതൃകയില്‍ ദല്‍ഹിയുടെ പല ഭാഗങ്ങളിലും സമരം നടന്നാല്‍ ദല്‍ഹി സ്തംഭിക്കുമെന്നായിരുന്നു. കോടതി ആ വാദഗതി അംഗീകരിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് സമരം ചെയ്യല്‍ മൗലികാവകാശമാണെങ്കിലും അത് വഴി മുടക്കിയാകരുത് എന്ന് സുപ്രീംകോടതി നിരീക്ഷിച്ചത്.

ജാഫറാബാദ് ഉപരോധത്തിലേക്ക്

ശാഹീന്‍ ബാഗിന്റെ ചുവട് പിടിച്ച് ജാഫറാബാദില്‍ തുടങ്ങിയ പൗരത്വ സമരം ഒന്നര മാസം പിന്നിട്ടു. ചാന്ദ് ബാഗിലും നൂറെ ഇലാഹിയിലും സമാന സമരങ്ങള്‍ തുടങ്ങുകയും ചെയ്തു. ശാഹീന്‍ ബാഗില്‍നിന്ന് വ്യത്യസ്തമായി റോഡ് ഉപരോധിക്കാതെ റോഡിനോരത്ത് പന്തല്‍െകട്ടിയാണ് ഇവയൊക്കെ തുടങ്ങിയത്. അതുകൊണ്ടുതന്നെ ആര്‍ക്കും ഒരു തരത്തിലുള്ള പ്രയാസവും ഈ ശാഹീന്‍ ബാഗുകള്‍ സൃഷ്ടിച്ചിരുന്നില്ല. ദല്‍ഹിയില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ അധിവസിക്കുന്ന സീലംപൂര്‍ മേഖലയില്‍ ഈ തരത്തിലുള്ള സമരം പലയിടങ്ങളിലായി തുടങ്ങിയതില്‍ സംഘ് പരിവാറിനുള്ള അസ്‌ക്യത ചെറുതായിരുന്നില്ല. അതെടുത്തുവെയ്പിക്കാന്‍ അവര്‍ക്ക് കഴിയാതിരുന്നത് ശാഹീന്‍ ബാഗിനെ പോലെ റോഡ് ഉപരോധം അല്ലാതിരുന്നത് കൊണ്ടാണ്.
എന്നാല്‍ ഫെബ്രുവരി 23-ന് ചന്ദ്ര ശേഖര്‍ ആസാദിന്റെ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് ജാഫറാബാദിലെയും ചാന്ദ് ബാഗിലെയും നൂറേ ഇലാഹിയിലെയും പൗരത്വ സമരക്കാരായ സ്ത്രീകള്‍ റോഡ് ഉപരോധത്തിനിറങ്ങി. അത്തരമൊരു അതിസാഹസത്തിന് അവരെ പ്രേരിപ്പിച്ചത് ആ സമരത്തിന് പുറമെ നിന്ന് വന്നുചേര്‍ന്നവരായിരുന്നു. അത് കൊണ്ട് തന്നെ നാട്ടുകാരായ പലരും അതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു. വര്‍ഗീയ കലാപങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ച സീലംപൂര്‍ മേഖലയില്‍ ഏറെ നാളുകളായി പൗരത്വ സമരക്കാരെ നേരിടാന്‍ തക്കം പാര്‍ത്തുകഴിയുന്ന സംഘ് പരിവാറിന് വടി കൊടുക്കുന്നതിന് തുല്യമാകും അതെന്നായിരുന്നു തദ്ദേശീയരായ നാട്ടുകാരുടെ ആശങ്ക. എന്നാല്‍ ഈ ആശങ്ക അവഗണിച്ച് ഉപരോധവുമായി മുന്നോട്ടുപോകാന്‍ സമരക്കാര്‍ തീരുമാനിച്ചു. 'പിഞ്ച്‌റ തോഡ്' എന്ന ഇടതുപക്ഷ രാഷ്ട്രീയ സംഘടന സജീവമായി ഇടപെട്ടിരുന്നതിനാല്‍ അവരുടെ കൂടി നിന്ത്രണത്തിലായിരുന്നു വടക്കുകിഴക്കന്‍ ദല്‍ഹിയിലെ ജാഫറാബാദിലെയും ചാന്ദ് ബാഗിലെയും തെക്കന്‍ ഡല്‍ഹിയിലെ ഹൗസ്‌റാണിയിലെയും പൗരത്വ സമരങ്ങള്‍. സമരം മുന്നോട്ട് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലെല്ലാം അവരുടെ നിലപാട് നിര്‍ണായകമായിരുന്നു. അതിനാല്‍ തന്നെ ജാഫറാബാദിലെയും ചാന്ദ്ബാഗിലെയും സ്ത്രീകളെ സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സീലംപൂര്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ, പള്ളിയിലെ ഇമാം എന്നിവരെല്ലാം നടത്തിയ ശ്രമങ്ങള്‍ വിഫലമായി. ഈ സാഹസികതക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്ന  മുന്നറിയിപ്പെല്ലാം അവര്‍ അവഗണിച്ചു. ഇക്കാര്യം നേരിട്ട് പിഞ്ച്‌റ തോഡുമായി സംസാരിച്ചപ്പോള്‍ തങ്ങള്‍ കുടിയാേലാചിച്ച് എടുത്ത തീരുമാനമാണെന്ന് അവര്‍ സമ്മതിച്ചു. ഉപരോധ തീരുമാനം തിരിച്ചടിയായി മാറുമെന്നും സുപ്രീംകോടതിയിലെ കേസിനെ ബാധിക്കുമെന്നും പല അഭിഭാഷകരും ഓര്‍മിപ്പിച്ചു. ഇതെല്ലാം ഡല്‍ഹിയിലെ പ്രമുഖ ഇടതുപക്ഷ ആക്ടിവിസ്റ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പിഞ്ച്‌റ തോഡ് പക്വതയുള്ളവരുടെ കൂട്ടമാണെന്നായിരുന്നു അവരുടെ മറുപടി.

നാട്ടുകാര്‍ വിലക്കിയ ഉപരോധ സമരം

പ്രാദേശികമായ എതിര്‍പ്പുകള്‍ അവഗണിച്ച് ശനിയാഴ്ച അര്‍ധരാത്രിയോടെ റോഡ് ഉപരോധം തുടങ്ങി. കാത്തിരുന്ന അവസരം കൈവന്ന പ്രതീതിയായിരുന്നു സംഘ് പരിവാറിന്. സമാന്തരമായി അവരും ചില പണികള്‍ ചെയ്യുന്നുണ്ടായിരുന്നു. ശാഹീന്‍ ബാഗ് പോലെ ജാഫര്‍പൂറും ചാന്ദ് ബാഗും എന്നെന്നേക്കുമായി അടക്കുമെന്ന പ്രചാരണം ഹിന്ദു സമുദായത്തിനിടയില്‍ നടത്തി. ബാബര്‍പൂരിലും ജാഫറാബാദീലും മൗജ്പൂരിലും ട്രാക്ടറുകളില്‍ കരിങ്കല്‍ കഷ്ണങ്ങള്‍ കൊണ്ടുവന്നിറക്കി. വാളുകളും തോക്കുകകളും വ്യാപകമായി വിതരണം ചെയ്യപ്പെട്ടു. ഞായറാഴ്ച ഉച്ചക്ക് ബി.െജ.പി നേതാവ് കപില്‍ മിശ്ര നൂറുകണക്കിന് അനുയായികളുമായി മൗജ്പൂര്‍ ചൗക്കിലെത്തി. ജാഫറാബാദിലെ റോഡ് ഉപരോധിക്കുന്നവര്‍ക്ക് ഒഴിഞ്ഞുമാറാന്‍ കപില്‍ മിശ്ര അന്ത്യ ശാസനം കൊടുത്തു. അല്ലെങ്കില്‍ തങ്ങള്‍ വന്ന് ഒഴിപ്പിക്കുമെന്ന് പറഞ്ഞ് മിശ്രയുടെ അനുയായികള്‍ പ്രകടനവും നടത്തി. അന്ന് തുടങ്ങിയ അക്രമമാണ് അതേ മാതൃകയില്‍ ജാഫറാബാദ് മുതല്‍ യമുനാ വിഹാര്‍ വരെ വ്യാപിച്ചത്. ഞായറാഴ്ച കല്ലേറില്‍ തുടങ്ങിയ സംഘര്‍ഷം തിങ്കഴാഴ്ച തോക്കിലേക്കും വടിവാളിലേക്കും പെട്രോള്‍ ബോംബിലേക്കും കൂടി മാറി.

ആയുധ ശേഖരണം പുറത്തു നിന്ന്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി സമരം നടത്തിയവര്‍ക്കുനേരെ നടത്തിയ ആസുത്രിത ആക്രമണത്തിന് കല്ലും കല്ലേറുകാരെയും സംഘ്പരിവാര്‍ അതിര്‍ത്തിക്കപ്പുറത്തു നിന്നും എത്തിച്ചു. യമുന വിഹാറിലെ പ്രധാന പാതയോരത്തും സര്‍വീസ് റോഡുകളിലും ട്രക്കില്‍ കല്ലിറക്കുന്നത് ദൃക്‌സാക്ഷികള്‍ കണ്ടിട്ടുണ്ട്. ജയ്ശ്രീരാം വിളിച്ച് കല്ലുകള്‍ ട്രക്കില്‍ കയറ്റുന്നതിന്റെ വീഡിയോയുമുണ്ട്.
ഉത്തര്‍പ്രദേശിലെ ലോണിയില്‍ നിന്നാണ് ആക്രമണം നടത്താനുള്ള ആളുകളെയെത്തിച്ചത്. പുറത്തു നിന്ന് വരുന്നവര്‍ക്ക് ഹിന്ദുക്കളുടെ ഭവനങ്ങള്‍ തിരിച്ചറിയാന്‍ കാവിക്കൊടി നാട്ടിയിരുന്നു. വിദ്യാര്‍ഥകളടക്കമുള്ള അക്രമികളെ  ഭജന്‍പുര, ഗൗതം പുരി, മൗജപൂര്‍ മേഖലകളില്‍ കലാപത്തിനായി വാഹനങ്ങളില്‍ എത്തിച്ചു. ട്രക്കുകളില്‍ പുറത്തുനിന്നും ആളുകള്‍ വന്നിറങ്ങുന്നത് കണ്ടുവെന്ന് പറയുന്നത് ഭജന്‍പുരയില്‍ വ്യാപാരികളാണ്. പുറത്തുനിന്നും അക്രമണത്തിന് എത്തുന്നവരില്‍ നിന്ന് ഹിന്ദുവീടുകളാണെന്ന് തിരിച്ചറിഞ്ഞ് അക്രമണം നടത്താതിരിക്കാന്‍ കെട്ടിടങ്ങള്‍ക്കും കടകള്‍ക്കും പുറത്ത് കാവി പെയിന്റ് കൊണ്ട് അടയാളം തീര്‍ത്തു.  കെട്ടിടത്തിന് മുകളില്‍ കാവിക്കൊടി ഉയര്‍ത്തിയതിന് പുറമെയായിരുന്നു ഇത്.

നാം നയിക്കേണ്ട അതിജീവന സമരം

1992-ലും 2006-ലും നടന്ന വര്‍ഗീയ കലാപങ്ങളുടെ നടുക്കുന്ന ഓര്‍മകളെ കുറിച്ചു ഓര്‍മിപ്പിച്ചവരോട് അങ്ങനെയൊന്നും സംഭവിക്കില്ലെന്ന് തീര്‍ത്തുപറഞ്ഞ പിഞ്ച്‌റ തോഡുമായി ബന്ധപ്പെട്ടവര്‍ സംഘ് പരിവാര്‍ ആക്രമണം തുടങ്ങിയതോടെ നിശ്ശബ്ദരായി. സംഘ് പരിവാര്‍ വര്‍ഗീയ ആക്രമണം തുടങ്ങിയ ഘട്ടത്തില്‍ അതിസാഹസത്തിന് വില കൊടുത്തില്ലേ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാനുണ്ടായിരുന്നില്ല. നിരവധി പേരുടെ ജീവനും ജീവിത സമ്പാദ്യങ്ങളും നഷ്ടമായ കലാപം കെട്ടടങ്ങാന്‍ നാലു നാളെടുത്തു. വടിയും വടിവാളും തോക്കും പെട്രോള്‍ ബോംബുമെല്ലാം അഞ്ചാറ് കിലോമീറ്റര്‍ പരിധിയിലെ മുസ്‌ലിംകള്‍ക്ക് മേല്‍ അവര്‍ പ്രയോഗിച്ചു. പുറത്തുനിന്ന് സമര പന്തലിലെത്തിയവര്‍ക്ക് ഇവിടെ നഷ്ടമാകാന്‍ ഒന്നുമുണ്ടായിരുന്നില്ല.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കാര്‍മികത്വത്തില്‍ സംഘ് പരിവാര്‍ മികച്ച ആസൂത്രണത്തോടെ നടപ്പാക്കിയ ഡല്‍ഹിയിലെ മുസ്‌ലിം ഉന്മുലന കലാപം പൗരത്വ സമരക്കാരുടെ അതിസാഹസം കൊണ്ട് സംഭവിച്ചതാണെന്ന് പറയുന്നത് അതിശയോക്തിയാണ്. നടത്തണമെന്ന് കരുതിയ കലാപവും കുഴപ്പവും ഏത് നിലക്കും സംഘ് പരിവാര്‍ നടപ്പാക്കും. എന്നാലും കലാപങ്ങള്‍ക്ക് പ്രകോപനമാകാതിരിക്കാനുള്ള ഔചിത്യബോധം ഈ അതിജീവന സമരത്തിലുണ്ടാകേണ്ടതായിരുന്നു. ഒന്നര മാസത്തിലേറെ സമര പന്തല്‍ കിടന്നിട്ടും അതെടുത്തുമാറ്റാനുള്ള ന്യായം സ്വസമുദായത്തെ തെര്യപ്പെടുത്താന്‍ കഴിയാതിരുന്ന ഹിന്ദുത്വ തീവ്രവാദികള്‍ക്ക് കലാപത്തിന് ബോധിക്കുന്ന കാരണം പറയാന്‍ വഴിയൊരുക്കിയത് ബുദ്ധിശൂന്യതയാണ്; ആത്മഹത്യാപരവുമാണ്. നമ്മുടെ അതിജീവന സമരങ്ങള്‍ നാം തന്നെ നയിക്കണമെന്ന പാഠമാണിത് നല്‍കുന്നത്. സമരങ്ങളില്‍ വന്ന് ചേരുന്നവരെ സഹകരിപ്പിക്കാം. എന്നാല്‍ വന്ന് ചേരുന്നവര്‍ക്ക് സമരത്തിന്റെ നേതൃത്വവും നിയന്ത്രണവും കൊടുക്കുന്നത് അപരിഹാര്യമായ നഷ്ടമാണുണ്ടാക്കുക. ശാഹീന്‍ ബാഗിന്റെ വിജയവും അത് തന്നെയായിരുന്നു. സമരത്തില്‍ വന്ന് ചേര്‍ന്ന അരാജകവാദികളും അവസരവാദികളും അതിനെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോഴൊക്കെയും അവര്‍ചെറുത്തു. ജാഫറാബാദില്‍ അതിന് കഴിയാതെ പോയി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (10-12)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആത്മാഭിമാനികളുടെ പ്രാര്‍ഥന
അമല്‍ അബൂബക്കര്‍