Prabodhanm Weekly

Pages

Search

2020 മാര്‍ച്ച്‌ 06

3142

1441 റജബ് 11

ഷെര്‍മന്‍ ജാക്‌സണും ദൈവശാസ്ത്രത്തിന്റെ വ്യാഖ്യാന ഭൂമികയും

ആത്തിഫ് ഹനീഫ്

ഏതൊരു സമൂഹത്തിലും മതത്തിന് ഏറ്റവും വലിയ ഭീഷണി പീഡനമല്ല, മറിച്ച് അപ്രസക്തതയില്‍ ജനിച്ച നിസ്സംഗതയാണ് - ഷെര്‍മന്‍ ജാക്‌സണ്‍

വിമോചനപരതയെ ഉള്ളടക്കമായി കണ്ടുകൊണ്ടുള്ള ഇസ്ലാം വായന ഈ നൂറ്റാണ്ടിന്റെ ഏറ്റവും വലിയ സവിശേഷതയാണ്. വ്യത്യസ്ത കാരണങ്ങളാലുള്ള വിവേചനങ്ങളും അടിച്ചമര്‍ത്തലുകളും അതിന്റെ ഏറ്റവും മൂര്‍ധന്യതയില്‍ നില്‍ക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇത്തരമൊരു ഘട്ടത്തില്‍ വിമോചനാംശത്തെ വീണ്ടെടുത്തുകൊണ്ടുള്ള നവീനമായ ധാരകള്‍ ഇതിനോടകം ഒരുപാട് രംഗത്ത് വന്നു. ഇതില്‍ ഏറ്റവും പ്രാഥമികമെന്ന് വിശേഷിപ്പിക്കപ്പെടുന്നത് ക്രിസ്തുമതത്തിലെ വിമോചന ദൈവശാസ്ത്ര ചിന്തകളാണ്. അപ്പാര്‍ത്തീഡില്‍ നിന്നുള്ള മോചനത്തിന് മതത്തെ ആശ്രയിച്ചുകൊണ്ട് പരിഹാരം കാണാന്‍ ശ്രമിക്കുന്നു എന്നതാണ് വിമോചന ദൈവശാസ്ത്രത്തിന്റെ പ്രധാന ഉള്ളടക്കം. ഇതില്‍ നിന്ന് മാതൃക സ്വീകരിച്ചുകൊണ്ട്, ഇസ്ലാമിന്റെ അധ്യാപനങ്ങളെ മുന്‍നിര്‍ത്തി ഇസ്ലാമിക വിമോചന ദൈവശാസ്ത്രത്തെ രൂപപ്പെടുത്താനുള്ള ശ്രമങ്ങളും ധാരാളം ഉണ്ടായി. അലി ശരീഅത്തി, അസ്ഗര്‍ അലി എഞ്ചിനിയര്‍, ഷെര്‍മന്‍ ജാക്‌സണ്‍, ഫരീദ് ഇസാക്ക്, സല്‍മാന്‍ സയ്യിദ്, ഹമീദ് ദാബാഷി, മുസ്തഫ അലി തുടങ്ങി ഒട്ടനവധി ചിന്തകര്‍ നമ്മുടെ കാലഘട്ടത്തില്‍ ഇസ്‌ലാമിക വിമോചന ദൈവശാസ്ത്രത്തിന്റെ വേരുകള്‍ അന്വേഷിച്ച ചിന്തകരാണ്. അതില്‍ തന്നെ പലരും അതത് സന്ദര്‍ഭങ്ങളുടെയും (context) അവിടെയുള്ള സാമൂഹിക-രാഷ്ട്രീയ പരിതഃസ്ഥിതിയുടെയും വ്യത്യാസങ്ങള്‍ മുന്‍നിര്‍ത്തി പല രീതിയിലാണ് വിമോചന ദൈവശാസ്ത്രത്തെ മനസ്സിലാക്കാന്‍ ശ്രമിച്ചത്.
അമേരിക്ക കറുത്തവരോട് നൂറ്റാണ്ടുകളായി അനുവര്‍ത്തിക്കുന്ന വംശീയതയുടെ പശ്ചാത്തലത്തിലാണ് ഷര്‍മന്‍ ജാക്‌സനെയും അദ്ദേഹത്തിന്റെ ചിന്തകളെയും മനസ്സിലാക്കേണ്ടത്. വിവിധ സന്ദര്‍ഭങ്ങളിലുള്ള സവിശേഷ പ്രശ്നത്തോട് സംവദിച്ചുകൊണ്ട് വികസിക്കുന്നു എന്നതിനാല്‍ ഇവര്‍ ഓരോരുത്തരും പങ്കുവെക്കുന്ന ഇസ്ലാമിക വിമോചന ദൈവശാസ്ത്ര സമീപനങ്ങള്‍ വ്യത്യസ്തമാണ്. പലരും ഇസ്ലാമിന്റെ വ്യത്യസ്ത ഊന്നലുകളില്‍ നിന്നുകൊണ്ട് തങ്ങളുടെ സമീപനങ്ങളെ വികസിപ്പിക്കാനുള്ള പ്രധാന കാരണം അതത് സന്ദര്‍ഭങ്ങളുടെ (context) വൈവിധ്യതയാണ്. ഇതിലൂടെ ഇസ്ലാമിനെ കുറിച്ച് തന്നെയുള്ള വായനയാണ് വികസിക്കുന്നത്. ഈ അടുത്ത് മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഷെര്‍മന്‍ ജാക്സന്റെ ജീവചരിത്ര രചനയെ മുന്‍നിര്‍ത്തി അദ്ദേഹത്തിന്റെ ചിന്തകളെ വിശകലനം ചെയ്യാനുള്ള ഒരു ശ്രമമാണിത്.
അഞ്ച് അധ്യായങ്ങളിലായി സുപ്രധാനമായ മൂന്ന് സമീപനങ്ങളെയാണ് പ്രസ്തുത പുസ്തകം പരിചയപ്പെടുത്തുന്നത്. ജാക്സന്റെ ചിന്തകള്‍ വികസിക്കുന്നത് ഇസ്ലാമിന്റെ വിശ്വാസശാസ്ത്രത്തിന്റെ പശ്ചാത്തലത്തിലാണ്. കറുത്തവരുടെ സാമൂഹിക അടിച്ചമര്‍ത്തലുകള്‍ക്ക് ഇസ്ലാമിക ദൈവശാസ്ത്രത്തിന് പങ്കില്ലെന്നും ദൈവശാസ്ത്രപരമല്ല, നിലനില്‍ക്കുന്ന സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലമാണ് വിവേചനങ്ങളുടെ കാരണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തുടര്‍ന്ന് ഇസ്ലാമിന്റെ വിവിധ വിശ്വാസധാരയെ (അഖീദ) ഉദ്ധരിച്ച് ഇസ്ലാമില്‍ അത്തരമൊരു വിവേചനത്തിനുള്ള സാധ്യത ഇല്ലെന്ന് പ്രാമാണികമായി തെളിയിക്കുന്നു. ഇസ്ലാമിന്റെ അഖീദാപരമായ മാനങ്ങളെ താന്‍ ജീവിക്കുന്ന ബ്ലാക്ക് അമേരിക്കന്‍ സന്ദര്‍ഭത്തില്‍ മനസ്സിലാക്കാനുള്ള ശ്രമങ്ങളാണ് ഷെര്‍മന്‍ ജാക്‌സന്റേത്. ഇതിലൂടെ ഇസ്ലാമിന്റെ വിമോചന ദൈവശാസ്ത്ര സമീപനത്തെ മുന്നോട്ടു വെക്കുന്നതോടൊപ്പം ഇസ്ലാമിക വിശ്വാസശാസ്ത്ര പാരമ്പര്യത്തില്‍ തന്റെ സ്ഥാനം അടയാളപ്പെടുത്താന്‍ കൂടി അദ്ദേഹത്തിന് സാധിക്കുന്നു. സുന്നി തിയോളജിയുടെ പ്രകടമായ പ്രതിനിധാനം ജാക്സനില്‍ കാണാം. ഇത് ഒരേസമയം വിവേചനത്തിനെതിരെയുള്ള ഇസ്ലാമിക  പ്രതിരോധത്തെ രൂപപ്പെടുത്തുന്നതോടൊപ്പം ശക്തമായ ഇസ്‌ലാമിക വിശ്വാസ പാരമ്പര്യത്തിന്റെ പ്രതിനിധിയായി കൂടി അദ്ദേഹത്തെ സ്ഥാനപ്പെടുത്തുന്നു. വ്യത്യസ്തങ്ങളായ വിശ്വാസധാരയില്‍ നിന്നുകൊണ്ടുള്ള ജാക്‌സന്റെ വായനകള്‍ ദൈവശാസ്ത്ര ബഹുസ്വരത(Theological Ecumenism)യെ പ്രതിനിധാനം ചെയ്യുന്നു എന്ന് പുസ്തകം പറഞ്ഞു വെക്കുന്നു. ഈ ഒരു പശ്ചാത്തലമാണ് പുസ്തകത്തിന്റെ തുടര്‍ ഘട്ടത്തെ മുന്നോട്ട് നയിക്കുന്നത്. തക്ഫീറുമായി ബന്ധപ്പെട്ട്  നടത്തുന്ന നിരീക്ഷണങ്ങള്‍ അദ്ദേഹം മുന്നോട്ടു വെക്കുന്ന ദൈവശാസ്ത്ര ബഹുസ്വരതയുടെ സാധ്യതയെ വിശദീകരിക്കുന്നു. കറുത്തവരുടെ പ്രശ്നത്തെ മനസ്സിലാക്കുമ്പോഴും അതിന് പരിഹാരമായി ഇസ്ലാമിനെ മുന്നോട്ടു വെക്കുമ്പോഴുമൊക്കെ ഇസ്ലാമിന്റെ ഏതെങ്കിലും ഒരു തലത്തെ പ്രതിനിധാനം ചെയ്യുക എന്നതിനപ്പുറം, വിശാലമായ ഒരു ഇസ്ലാമിക പ്രതലത്തെ വീണ്ടെടുക്കാനുള്ള ശ്രമമാണ് ജാക്‌സണ്‍ നടത്തുന്നത്. തങ്ങളുടെ ചിന്താസരണിയോട് വിയോജിച്ച് നില്‍ക്കുന്ന സംഘങ്ങളെ കാഫിര്‍ ആക്കാനുള്ള പ്രവണതകളെ ജാക്‌സണ്‍ ശക്തമായി വിമര്‍ശനവിധേയമാക്കുന്നു. ഇമാം ഗസ്സാലിയുടെ ചിന്തകളെ മുന്‍നിര്‍ത്തി ദൈവത്തിന്റെ ഉണ്മ, മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വം, പരലോക വിശ്വാസം എന്നിവയെ അംഗീകരിച്ച ആളുകള്‍ക്കെതിരെ തക്ഫീര്‍ നടത്താന്‍ പാടില്ല എന്ന തത്ത്വത്തെ അദ്ദേഹം തന്റെ സാമൂഹിക സന്ദര്‍ഭത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്നു. 
മൂന്നാമത്തെ ചര്‍ച്ചാ വിഷയം ഇസ്ലാമിന്റെ രാഷ്ട്രീയ ചിന്തകളുമായി ബന്ധപ്പെട്ട ചില നിരീക്ഷണങ്ങളാണ്. ആധുനിക ദേശരാഷ്ട്രം/ഇസ്‌ലാമിക രാഷ്ട്രീയ സങ്കല്‍പ്പം എന്ന ദ്വന്ദ്വത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ ഇസ്ലാമിക രാഷ്ട്രീയത്തിന്റെ വ്യതിരിക്തതയെ കൂടി അഭിമുഖീകരിക്കാന്‍ ജാക്‌സണ്‍ തയാറാവുന്നുണ്ട്. ഇസ്ലാമിക നിയമവ്യവസ്ഥയും വിവിധ മദ്ഹബീ ധാരയിലുള്ള ഭിന്നാഭിപ്രായവും പക്ഷപാതിത്വവും ഈജിപ്തിലെ പ്രമുഖ പണ്ഡിതനായ ശിഹാബുദ്ദീന്‍ അല്‍ ഖറാഫിയുടെ രചനയെ മുന്‍നിര്‍ത്തി അന്വേഷിക്കുന്നു. ഒരു ഭരണകൂടത്തിനകത്ത് സംഭവിക്കുന്ന മദ്ഹബീ അപ്രമാദിത്വം എങ്ങനെയാണ് ഒരു രാഷ്ട്ര സംവിധാനത്തെ ബാധിക്കുന്നത് എന്നും, അങ്ങനെയുള്ള നിയമസാമാജികരുടെ മദ്ഹബീ ആധിപത്യത്തെ ഒരു ഇസ്ലാമിക രാഷ്ട്രത്തിനകത്ത് എങ്ങനെ പ്രതിരോധിക്കാം എന്നും ഖറാഫിയെ വായിക്കുന്നതിലൂടെ ജാക്‌സണ്‍ ആലോചിക്കുന്നു. മദ്ഹബ് പക്ഷപാതിത്വത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും സുപ്രധാനമായ നിര്‍ദേശമായി ഖറാഫിയെ ഉദ്ധരിച്ചുകൊണ്ട് ജാക്‌സണ്‍ പറയുന്നത്, അതത് ഭരണകൂടങ്ങളുടെ ചീഫ് ജസ്റ്റിസുമാര്‍ ഇജ്തിഹാദിനുള്ള യോഗ്യതയുള്ളവര്‍ ആകുക എന്നതാണ്. അങ്ങനെ വരുമ്പോള്‍ ഏതെങ്കിലും മദ്ഹബില്‍ കേന്ദ്രീകരിച്ച വിധിപ്രസ്താവത്തിനപ്പുറം ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളെ മുന്‍നിര്‍ത്തിയുള്ള വിധിയായിരിക്കും ഉണ്ടാവുക. ഇത് രാഷ്ട്രത്തിലെ ന്യൂനപക്ഷ മദ്ഹബുകളെ കൂടി ഉള്‍ക്കൊള്ളുന്നതായിരിക്കുകയും ചെയ്യും. ഇനി മുജ്തഹിദുകള്‍ ചീഫ് ജസ്റ്റിസുകള്‍ അല്ലാത്ത ഒരു ഘട്ടത്തിലെ അവസ്ഥയെ കുറിച്ചുകൂടിയുള്ള ചര്‍ച്ച നമ്മള്‍ക്ക് കാണാം. മുഖല്ലിദായ ജസ്റ്റിസ് ആണ് രാജ്യത്തിലേതെങ്കില്‍ നേരിട്ട് പ്രമാണങ്ങളില്‍ നിന്ന് ഇജ്തിഹാദ് ചെയ്യാന്‍ പറ്റാത്ത സാഹചര്യത്തില്‍ അത്തരം ഗവേഷണങ്ങള്‍ മുമ്പ് നടത്തിയ വിവിധ മദ്ഹബീ ചിന്തകരെ മുന്‍നിര്‍ത്തി മുഖല്ലിദുകള്‍ വിധി കണ്ടെത്തേണ്ടതുണ്ട് എന്ന നിരീക്ഷണം ജാക്‌സണ്‍ മുന്നോട്ടുവെക്കുന്നു. 
'എന്തുകൊണ്ട് അവര്‍ കറുത്തവരെ അവഗണിച്ചു?' ഈ ചോദ്യത്തിന്റെ ഉത്തരം ഇന്നത്തെ യൂറോ- അമേരിക്കാന്‍ മുസ്ലിം രാഷ്ട്രീയത്തിന്റെ മുന്‍ഗണനയുടെ പ്രശ്നമായാണ് ജാക്സണ്‍ വിശദീകരിക്കുന്നത്. മാത്രമല്ല സെപ്റ്റംബര്‍ പതിനൊന്നിനു ശേഷമാണ് മുസ്ലിംകളെ ഒരു വംശം എന്ന രീതിയില്‍ ഉന്നമിട്ടു കൊണ്ട് നടന്ന കാമ്പയിനുകള്‍ക്കെതിരെ ഇരു വിഭാഗവും ഒന്നിച്ചു നടത്തിയ ചെറുത്തുനില്‍പുകള്‍ പുതിയൊരു സംവാദം തുടങ്ങുന്നതിലേക്കു നയിച്ചത്. ഇതുകൂടി കൊണ്ടാണ് കറുത്തവരുടെ സാമൂഹിക അനുഭവം ഒരു പ്രായോഗിക പ്രശ്നം എന്നതിനപ്പുറം ഒരു വിശ്വാസ രാഷ്ട്രീയ പ്രശ്നം ആയുള്ള സൈദ്ധാന്തിക സമീപനം ആയി വികസിക്കാതെ പോയത് (ഇസ്ലാമിന്റെ വിമോചന രാഷ്ട്രീയവും കറുത്ത വര്‍ഗക്കാരും: ഷെര്‍മന്‍ ജാക്‌സന്റെ സമീപനങ്ങള്‍ - കെ. അശ്റഫ്) 

ഷെര്‍മന്‍ ജാക്‌സണ്‍

(എന്‍.മുഹമ്മദ് ഖലീല്‍ - അദര്‍ ബുക്‌സ്, കോഴിക്കോട്)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (10-12)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആത്മാഭിമാനികളുടെ പ്രാര്‍ഥന
അമല്‍ അബൂബക്കര്‍