പ്ലക്കാര്‍ഡേന്തിയ ഖബ്‌റുകള്‍
വല്ല്യുമ്മാക്ക്
ശാഹീന്‍ ബാഗിലേക്ക് പോകണമെന്ന്!
നൂലു ദ്രവിച്ച തസ്ബീഹ് മാല
പഴഞ്ചന്‍ മുറുക്കാന്‍പെട്ടി
കാറിത്തുപ്പാന്‍ കോളാമ്പി
തലമറയ്ക്കാന്‍ ഒരു കീറ് ശീല
മൂളാന്‍ പടപ്പാട്ടിന്‍ ഇശലുകള്‍
നുണയാന്‍ മങ്ങാത്ത ഓര്‍മകള്‍
ഒപ്പം, നെഞ്ചിലൊത്തിരി വീര്യവും
എല്ലാം വാരിപ്പൊതിഞ്ഞ്
പുലര്‍ച്ചെ രാജധാനി എക്‌സ്പ്രസില്‍.....
വല്ല്യുമ്മാക്ക്
ശാഹീന്‍ ബാഗില്‍നിന്നും പോരണ്ടാന്ന്!
പടപ്പാട്ടുപോലെ വീറുറ്റ
ചില മുദ്രാവാക്യങ്ങള്‍
കൊടുത്തു വിട്ടിട്ടുണ്ട്
അത് പേരക്കുട്ടികളുടെ
നാവില്‍ തൊടീക്കണമെന്ന്.
വല്ല്യുമ്മാടെ മയ്യിത്ത്
ശാഹീന്‍ ബാഗില്‍നിന്നും
ഇന്നേറെ വൈകിയാണ് നാട്ടിലെത്തിയത്
കുളിപ്പിക്കുമ്പോള്‍
നെഞ്ചിലെ വെടിയുണ്ട
അടര്‍ത്തിയെടുക്കരുതെന്നു പറഞ്ഞ്
എന്നെയൊരു തുറിച്ചുനോട്ടം
മൂന്നു പിടി മണ്ണു വാരിയിടുമ്പോളും
വെറ്റില ചുവപ്പിച്ച ചുണ്ടുകളില്‍
ആസാദിയുടെ ഇരമ്പമുയര്‍ന്നുവോ?
പ്രാര്‍ഥനാ കുമ്പിള്‍ നിവരുമ്പോളും
മരവിച്ച കൈത്തലങ്ങള്‍ ചുരുട്ടി
പോരിന്നിശലുകള്‍ മുഴക്കിയോ?
മൈലാഞ്ചിക്കമ്പ് ഒടിച്ചു
ഖബ്‌റിന്‍ തലയ്ക്കല്‍ കുത്തുമ്പോള്‍
ശാഹീന്‍ ബാഗിലുയര്‍ത്തിയ
അതേ പ്ലക്കാര്‍ഡ് തന്നെ
അടയാളമായ് നാട്ടിയാല്‍ മതിയെന്ന്
വല്ല്യുമ്മാക്കൊരേ ശാഠ്യം!
ഇപ്പോള്‍ ഖബ്‌റുകള്‍
മൗനങ്ങളെ കുടഞ്ഞെറിഞ്ഞ
സമരത്തിന്റെ
ഉത്സവപ്പറമ്പുകള്‍ പോലെ...
Comments