Prabodhanm Weekly

Pages

Search

2020 മാര്‍ച്ച്‌ 06

3142

1441 റജബ് 11

ചേരിപ്രദേശങ്ങളെ വിമോചനത്തിലേക്ക് തുറക്കുകയായിരുന്നു ഇസ്‌ലാം

അമീന്‍ വി. ചുനൂര്‍

വിശുദ്ധ ഖുര്‍ആന്‍ എടുത്തു പറഞ്ഞവരാണ് 'മുസ്തള്അഫൂന്‍' അഥവാ ദുര്‍ബല ജനവിഭാഗങ്ങള്‍. അവരുടെ വിമോചനത്തെക്കുറിച്ചും അവര്‍ക്ക് ലഭിക്കേണ്ട നീതിയെ കുറിച്ചും ഖുര്‍ആന്‍ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ,  ചരിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ഇസ്ലാമിക ലോകത്തെ ഭരണാധികാരികളും നേതാക്കളും അവരുടെ ഏറ്റവും പ്രധാന ദൗത്യങ്ങളിലൊന്നായി സ്വീകരിച്ചിട്ടുണ്ടായിരുന്നത് ദുര്‍ബല വിഭാഗങ്ങളായി കഴിഞ്ഞുകൂടേണ്ടിവന്ന സമൂഹങ്ങളെ ഉയിര്‍ത്തെഴുന്നേല്‍പിക്കലായിരുന്നു. 
അടിമത്തത്തില്‍ കഴിഞ്ഞുകൂടുന്ന ജനങ്ങള്‍ക്ക് പലപ്പോഴും തങ്ങള്‍ അടിമകളാണെന്ന തിരിച്ചറിവ് പോലും നഷ്ടപ്പെട്ടിരിക്കും. പ്രശ്‌നങ്ങളും പ്രതിസന്ധികളും തങ്ങള്‍ അനുഭവിക്കുന്നത് തങ്ങളുടേതായ ചില പോരായ്മകള്‍ കൊണ്ടാെണന്ന തോന്നലുകളായിരിക്കും ഇത്തരം സമൂഹങ്ങള്‍ക്കുണ്ടാവുക. അതുകൊണ്ടുതന്നെ, ചങ്ങലകളെക്കുറിച്ച് സംസാരിക്കുന്നതു പോലും ഒരു പ്രശ്‌നമായി കാണും പലപ്പോഴും അടിമത്തമനുഭവിക്കുന്ന ജനസമൂഹങ്ങള്‍.  എന്നാണോ ചങ്ങലകളെ തിരിച്ചറിയുന്നതും ആ തിരിച്ചറിവില്‍ ചങ്ങലകളെക്കുറിച്ച് സംസാരിച്ച് തുടങ്ങുന്നതും, അന്നുമുതല്‍ അടിമത്തത്തില്‍നിന്ന് രക്ഷപ്പെടാനുള്ള പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു എന്നു പറയാം. ചങ്ങലകളില്‍ ബന്ധിതരായി ഗുഹയില്‍ കഴിഞ്ഞ ഒരു കൂട്ടരെക്കുറിച്ച് പ്ലേറ്റോയുടെ ഒരു കഥയുണ്ട്. ആ കഥയില്‍ ചങ്ങലകളെ കുറിച്ച് സൂചന നല്‍കുന്ന ആളെ സഹതടവുകാര്‍ കൊല്ലാന്‍ ശ്രമിക്കുന്നുണ്ട്. അടിമത്തമനുഭവിക്കുന്നവരുടെ മനോഗതി, അത്രക്ക് അഗാധ ഗര്‍ത്തത്തിലേക്ക് ആഴ്ന്നുപോകുമെന്നാണ്  ചരിത്രത്തിലും വര്‍ത്തമാന യുഗത്തിലും ഉണ്ടായിട്ടുള്ള പല സംഭവങ്ങളും നമ്മോട് വിളിച്ചു പറയുന്നത്. ദുര്‍ബല സമൂഹത്തിന്റെ മോചനം എന്ന് പറയുന്നത്, അതുകൊണ്ടുതന്നെ വളരെ പ്രയാസമേറിയതും ജിഹാദിന്റെ ഗണത്തില്‍പെടുന്നതുമാണ്.
ഇങ്ങനെ അടിമത്തത്തില്‍ കഴിഞ്ഞ സമൂഹങ്ങള്‍ക്ക് ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ചങ്ങലകളെക്കുറിച്ച് അവബോധം നല്‍കിയ ദര്‍ശനമാണ് ഇസ്ലാം.  പ്രത്യേകിച്ച് ഇടപെടലുകളില്ലാതെ തന്നെ, ഇസ്ലാമിന്റെ സാന്നിധ്യം കൊണ്ടുമാത്രം പല സമൂഹങ്ങള്‍ക്കും വിമോചനത്തിലേക്ക് നടന്നുകയറാന്‍ ഇത് കാരണമായിട്ടുണ്ട്. മുസ്‌ലിംകളായി നടക്കുന്നവര്‍ക്ക് പോലും ഇസ്‌ലാമിന്റെ വിമോചന ശക്തിയെക്കുറിച്ച്  ബോധമില്ലാത്ത കാലങ്ങളില്‍ വരെ വിമോചനത്തിന്റെ കേന്ദ്രമായി ഇസ്ലാം നിലനിന്നിട്ടുണ്ട്.
അടിമകളെയും ദുര്‍ബല സമൂഹങ്ങളെയും ഉല്‍പാദിപ്പിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് വംശീയത. അതിന്റെ നേര്‍വിപരീതമാണ് ഇസ്‌ലാം. അതുകൊണ്ട്, വംശീയത ഉല്‍പാദിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ആദ്യം വകവരുത്താന്‍ ശ്രമിക്കുക ഇസ്ലാമിനെയായിരിക്കും. ഇസ്ലാമിനെ യഥാവിധി ഉള്‍ക്കൊണ്ട ഭരണകൂടങ്ങളും ഭരണാധികാരികളും ദുര്‍ബല വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനും വിമോചിപ്പിക്കാനുമാണ് പണിയെടുത്തിട്ടുള്ളത്.  
കൊളോണിയലിസത്തിന്റെ തുടര്‍ച്ചയായി വന്ന ദേശരാഷ്ട്രങ്ങളില്‍ പലതും വംശീയതയുടെ വിത്തുകള്‍ പാകാനാണ് ശ്രമിച്ചിട്ടുള്ളത്്. അന്ന് പാകിയ വംശീയതയുടെ വിത്തുകളാണ് ലോകത്ത് വിവിധ ദുര്‍ബല വിഭാഗങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ കാരണമായിട്ടുള്ളത്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജാതിവ്യവസ്ഥ കൊളോണിയലിസത്തിനും മുമ്പുള്ള വംശീയതയില്‍നിന്ന് രൂപം കൊണ്ടിട്ടുള്ളതാണ്. അതിനെ പിന്നീട് കൊളോണിയലിസം വളരെ സമര്‍ഥമായി ഉപയോഗിച്ചുവെന്ന് മാത്രം.
ജാതിവ്യവസ്ഥ അനുഭവിക്കുന്ന ദുര്‍ബല വിഭാഗങ്ങളെ പ്രത്യേകം ശ്രദ്ധിക്കുകയും അവരുടെ വിമോചനത്തിന് ചില നീക്കങ്ങള്‍ നടത്തുകയും ചെയ്തു എന്നതാണ് ടിപ്പു സുല്‍ത്താനോട് ഇന്നും ഹിന്ദുത്വ- ജാതി സമൂഹങ്ങള്‍ക്ക് കുടിപ്പകയുണ്ടാകാന്‍ കാരണം. നിരവധി ഭരണ പരിഷ്‌കാരങ്ങള്‍ അദ്ദേഹം കൊണ്ടുവന്നത് ദുര്‍ബലരായി ജീവിക്കാന്‍ വിധിക്കപ്പെട്ടവരെ ഉയര്‍ത്തിക്കൊണ്ടുവരാനായിരുന്നു.
മാറുമറയ്ക്കാന്‍ പോലും സ്വാതന്ത്ര്യമില്ലാതിരുന്ന സമൂഹമായിരുന്നു അവരപ്പോള്‍. മാറ് മറച്ചതിന്റെ പേരില്‍, കൊല്ലം റാണിയെ പോലുള്ളവര്‍ മാറു അരിഞ്ഞുകളഞ്ഞ സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്.  അവര്‍ക്ക് മാറുമറയ്ക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയത് ടിപ്പു സുല്‍ത്താനായിരുന്നു. മതില്‍കെട്ടി ചേരിനിവാസികളെ മറച്ചുപിടിക്കുന്ന തിരക്കിലാണല്ലോ  നമ്മുടെ രാജ്യം. അവര്‍ണ സമൂഹങ്ങള്‍ക്ക് വഴിനടക്കാന്‍ പോലും അനുവാദമില്ലാതിരുന്ന കാലത്ത്  പൊതുവഴികള്‍ ഉണ്ടാക്കി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയായിരുന്നു ടിപ്പു സുല്‍ത്താന്‍. 
ഭൂരിപക്ഷ സമൂഹമായിരുന്നാലും അടിമത്തം പേറുന്നവരാണെങ്കില്‍ അവര്‍ക്ക് സ്വന്തം മേധാവിത്തം സ്ഥാ
പിക്കുക ഏറെ പ്രയാസകരമായിരിക്കും. ആ വിധമായിരിക്കും അധികാരക്രമം സ്ഥാപിക്കപ്പെടുക.  ഇന്ത്യയില്‍ അവര്‍ണ സമൂഹം ഭൂരിപക്ഷമാകുമ്പോഴും സവര്‍ണ അധികാരക്രമത്തിന് കീഴില്‍ ഞെരുങ്ങി ജീവിക്കാന്‍ അവര്‍ വിധിക്കപ്പെട്ടിരിക്കുകയാണ്. മുസ്‌ലിംകള്‍ മുഹമ്മദു ബ്നു ഖാസിമിന്റെ നേതൃത്വത്തില്‍ സിന്ധില്‍ എത്തുന്ന കാലത്ത് ബ്രാഹ്മണ അധികാര ക്രമമാണ് നിലനിന്നിരുന്നത്. ബുദ്ധമതക്കാര്‍ക്കാണ് ഭൂരിപക്ഷമെങ്കിലും ബ്രാഹ്മണ ഭരണമായിരുന്നു നിലവിലുണ്ടായിരുന്നത്. ആ സമയത്തെ ഇസ്ലാമിന്റെ ആഗമനം ബുദ്ധമതാനുയായികള്‍ക്ക് വലിയ ഗുണം ചെയ്യുകയുണ്ടായി. ദുര്‍ബലരെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ടുള്ള, സമത്വാധിഷ്ഠിതമായ മുഹമ്മദുബ്‌നു ഖാസിമിന്റെ ഭരണം കീഴാളരെ ഏറെ ആകര്‍ഷിച്ചു. ഇതുകാരണം കൂട്ടായ മതപരിവര്‍ത്തനങ്ങളുണ്ടായി  മുഹമ്മദുബ്‌നു ഖാസിമിന്റെ ഭരണകാലത്ത്. ഇസ്ലാമിനെ ഉള്‍ക്കൊണ്ട ഭരണാധികാരികളുടെ കാലത്തെല്ലാം ഏറ്റവും ഗുണമുണ്ടായിട്ടുള്ളത് കീഴാള സമൂഹങ്ങള്‍ക്കാണ്. മുഹമ്മദുബ്‌നു ഖാസിമിന്റെ സൈന്യത്തില്‍ പോലും വലിയൊരു വിഭാഗം കീഴാള സമൂഹത്തില്‍ പെട്ടവരായിരുന്നു എന്ന് ചരിത്രം.
അന്നത്തെ ഇറാഖി ഗവര്‍ണറായ ഹജ്ജാജുബ്‌നു യൂസുഫായിരുന്നു മുഹമ്മദുബ്‌നു ഖാസിമിനെ സിന്ധിലേക്ക് നിയോഗിക്കുന്നത്.  എന്നാല്‍ കുറഞ്ഞ കാലത്തെ ഭരണത്തിനു ശേഷം അദ്ദേഹത്തെ തിരിച്ചു വിളിക്കുകയുണ്ടായി. അദ്ദേഹം പോകുമ്പോള്‍ അവിടെയുണ്ടായിരുന്ന ജനങ്ങള്‍ മതജാതിഭേദമന്യേ ദുഃഖമാചരിക്കുകയുണ്ടായി.
മുഹമ്മദുബ്‌നു ഖാസിം സിന്ധ് കീഴടക്കിയ ശേഷം കൊട്ടാരത്തില്‍ ഒരു വിരുന്നൊരുക്കുകയുണ്ടായി. ബ്രാഹ്മണ ആധിപത്യത്തില്‍ ഞെരിഞ്ഞമര്‍ന്നിരുന്ന കീഴാള വിഭാഗത്തെയടക്കം പങ്കെടുപ്പിച്ചുകൊണ്ടുള്ളതായിരുന്നു ആ വിരുന്ന്. തീണ്ടല്‍ ജാതിക്കാരായി മാറ്റിനിര്‍ത്തപ്പെട്ടവരടക്കം കൊട്ടാരമുറ്റത്ത് പ്രവേശിച്ച് മുഹമ്മദുബ്‌നു ഖാസിമിന്റെ വിരുന്നില്‍ പങ്കെടുത്തു.  ബ്രാഹ്മണ വംശീയതയുടെ ആധിപത്യത്തില്‍ കൊട്ടാരമെന്നല്ല, സവര്‍ണ ജാതികളുടെ അരമനകളിലേക്ക് ഒന്നു നോക്കുന്നതു പോലും വലിയ കുറ്റകൃത്യമായിരുന്ന കാലത്താണ് മുഹമ്മദുബ്‌നു ഖാസിമിന്റെ ഭരണാധിപത്യത്തില്‍ ഇങ്ങനെ ഒരു വിരുന്ന് സംഘടിപ്പിക്കപ്പെട്ടത്. അയിത്തം കല്‍പിക്കപ്പെട്ട ജാതിക്കാര്‍ ഇസ്ലാമിലേക്ക് കടന്നുവരാന്‍ അത് കാരണമായി. 
വിശുദ്ധ ഖുര്‍ആന്‍ ഇത്തരം വിമോചന ചരിത്ര സന്ദര്‍ഭങ്ങളെ കൃത്യമായി വിശദീകരിക്കുന്നുണ്ട്. ഖുര്‍ആനില്‍ ഏറ്റവുമധികം പരാമര്‍ശിക്കപ്പെട്ട മൂസാ നബി(അ)യുടെ ചരിത്രം, ഇത്തരത്തില്‍ അടിമകളാക്കപ്പെട്ട സമൂഹത്തെ വിമോചനത്തിലേക്ക് നയിക്കുന്ന സംഭവങ്ങളാണ്.  ദുല്‍ഖര്‍നൈനിയെയും ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു. അദ്ദേഹം വിവിധ നാടുകള്‍ സന്ദര്‍ശിക്കുമായിരുന്നു. ആ സന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശ്യം, അനീതിയും അക്രമവും അടിച്ചമര്‍ത്തലും അനുഭവിച്ചുകൊണ്ടിരിക്കുന്ന ജനങ്ങളെ വിമോചിപ്പിച്ചെടുക്കുക എന്നതായിരുന്നു. യഅ്ജൂജ്-മഅ്ജൂജ് വിഭാഗത്തിന്റെ പീഡനങ്ങളേറ്റിരുന്ന ഒരു ജനതയുടെ വിമോചനം അദ്ദേഹം ഏറ്റെടുക്കുകയാണ്. അടിച്ചമര്‍ത്തപ്പെട്ട ആ സമൂഹത്തിന്റെ ക്രിയാശേഷി ആവശ്യപ്പെടുകയാണ് ദുര്‍ഖര്‍നൈന്‍ ആദ്യം ചെയ്യുന്നത്. ക്രിയാശേഷിയുള്ള, തിരിച്ചറിവുള്ള ഒരു സമൂഹമാക്കി വളര്‍ത്തിയെടുത്തുകൊണ്ടാണ് അദ്ദേഹം അവരെ വിമോചനപാതയിലേക്ക് നയിക്കുന്നത്. 
നബി (സ) ഏറ്റവുമധികം പരിഗണന നല്‍കിയത്  ദുര്‍ബല വിഭാഗങ്ങള്‍ക്കായിരുന്നു. ജാഹിലിയ്യാ കാലത്ത് കറുത്ത അടിമയായി ജീവിതം നയിക്കേണ്ടി വന്ന ബിലാലിന് അത്യുന്നത സ്ഥാനമാണ് ഇന്നും ഇസ്ലാമിക സമൂഹത്തില്‍. അതിനുള്ള കാരണം പ്രവാചകന്‍ അദ്ദേഹത്തിനു നല്‍കിയ പദവികളായിരുന്നു.
ഫറോവ അടിമകളാക്കിവെച്ച സമൂഹത്തെ വിമോചിപ്പിച്ചുകൊണ്ടാണ് മൂസാ (അ) തന്റെ ദൗത്യത്തിനു തുടക്കം കുറിക്കുന്നത്: 'ഇസ്രായേല്‍ മക്കളെ ഞങ്ങളോടൊപ്പം അയക്കണമെന്നതാണ് ദൈവശാസന' ഫിര്‍ഔന്‍ അതിനു മറുപടി പറഞ്ഞു: 'കുട്ടിയായിരിക്കെ ഞങ്ങള്‍ നിന്നെ ഞങ്ങളോടൊപ്പം വളര്‍ത്തിയില്ലേ? നിന്റെ ആയുസ്സില്‍ കുറേകാലം ഞങ്ങളോടൊപ്പമാണല്ലോ നീ കഴിച്ചുകൂട്ടിയത്... 'മൂസാ (അ) പറഞ്ഞു: 'എനിക്ക് ചെയ്തുതന്നതായി നീ എടുത്തു കാണിച്ച ആ അനുഗ്രഹം ഇസ്രായേല്‍ മക്കളെ നീ അടിമകളാക്കി വെച്ചതിനാല്‍ സംഭവിച്ചതാണ്'  (അശ്ശുഅറാഅ്  17). ഇങ്ങനെ, ഫറോവയുടെ കൊട്ടാരത്തെ പിടിച്ചുകുലുക്കുംവിധം ശക്തമായ സംവാദങ്ങള്‍ ഉയര്‍ത്തി ദുര്‍ബല വിഭാഗങ്ങള്‍ക്കു വേണ്ടി നിലകൊള്ളുകയായിരുന്നു മൂസാ നബി (അ).
ദുര്‍ബല വിഭാഗങ്ങള്‍ക്കു വേണ്ടി എന്തുകൊണ്ട് നിലകൊള്ളുന്നില്ല എന്ന് ഖുര്‍ആനിലൂടെ അല്ലാഹു ചോദിക്കുന്നുണ്ട്: ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ക്കെന്തുകൊണ്ട് യുദ്ധം ചെയ്തുകൂടാ? ഞങ്ങളുടെ രക്ഷിതാവേ, അക്രമികളായ ആളുകള്‍ അധിവസിക്കുന്ന ഈ നാട്ടില്‍നിന്ന് ഞങ്ങളെ നീ മോചിപ്പിക്കുകയും നിന്റെ വകയായി, ഒരു രക്ഷാധികാരിയെയും ഒരു സഹായിയെയും ഞങ്ങള്‍ക്ക്  നീ നിശ്ചയിച്ചുതരുകയും ചെയ്യേണമേ എന്ന് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്ന, മര്‍ദിച്ചൊതുക്കപ്പെട്ട  പുരുഷന്മാര്‍ക്കും  സ്ത്രീകള്‍ക്കും  കുട്ടികള്‍ക്കും വേണ്ടിയും (നിങ്ങള്‍ക്കെന്തുകൊണ്ട് യുദ്ധം ചെയ്തുകൂടാ?)''  (ഖുര്‍ആന്‍ 4:75).
ചരിത്രത്തില്‍ വലിയ മുന്നേറ്റങ്ങള്‍ കാഴ്ചവെച്ച ധീരരും വിപ്ലവകാരികളുമായ എല്ലാ ഭരണാധികാരികളും ദുര്‍ബല വിഭാഗങ്ങളെ പ്രത്യേകം പരിഗണിച്ചുകൊണ്ടാണ് ഭരണം നടത്തിയിട്ടുള്ളത്.  പ്രമുഖ അമേരിക്കന്‍ തത്ത്വചിന്തകനും ചരിത്രകാരനുമായ വില്‍ ഡ്യൂറന്റ് അദ്ദേഹത്തിന്റെ The Story of Civilization എന്ന പുസ്തകത്തില്‍, ദുര്‍ബലരോട് അനുകമ്പയുള്ളവനും പീഡിതരോട് കാരുണ്യമുള്ളവനുമായിരുന്നു സ്വലാഹുദ്ദീന്‍ അയ്യൂബി എന്നു പറയുന്നുണ്ട്.
ഇസ്ലാം സമാധാനം നല്‍കുന്ന ദര്‍ശനമാണ്.  മുഴുവന്‍ മനുഷ്യരുടെയും സമാധാനമാണ് ഇസ്‌ലാം ഉദ്ദേശിക്കുന്നത്. അതില്‍ ദുര്‍ബല സമൂഹങ്ങളും ഉള്‍പ്പെടും. പക്ഷേ, ദുര്‍ബല സമൂഹങ്ങളുടെ സമാധാനം, നിലനില്‍ക്കുന്ന അധികാരക്രമങ്ങളെ അസ്വസ്ഥമാക്കും. അതുകൊണ്ടാണ്,  അത്തരം അധികാരക്രമങ്ങളുടെ വക്താക്കള്‍ ആദ്യം ഇസ്ലാമിനെ ഉന്നംവെക്കുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (10-12)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആത്മാഭിമാനികളുടെ പ്രാര്‍ഥന
അമല്‍ അബൂബക്കര്‍