Prabodhanm Weekly

Pages

Search

2020 മാര്‍ച്ച്‌ 06

3142

1441 റജബ് 11

ഭരണകൂട പിന്തുണയോടെ സംഘ് പരിവാര്‍ ഭീകരത

സി.എ അഫ്‌സല്‍ റഹ്മാന്‍

ഗുജറാത്ത് വംശഹത്യക്കു ശേഷം ഇന്ത്യയിലെ മുസ്‌ലിം ജനത കടുത്ത പരീക്ഷണങ്ങളെ അഭിമുഖീകരിക്കുന്ന മറ്റൊരു ഫെബ്രുവരി മാസത്തിലെ ചൊവ്വാഴ്ച രാത്രിയാണ് ഈ കുറിപ്പ് എഴുതിത്തുടങ്ങുന്നത്.  മൂന്നു ദിവസമായി വടക്കുകിഴക്കന്‍ ദല്‍ഹിയിലെ മുസ്‌ലിംകള്‍ താമസിക്കുന്നയിടങ്ങളില്‍ സംഘ് പരിവാര്‍ ഭീകരര്‍ കലാപം അഴിച്ചുവിടുകയായിരുന്നു.  അതിനാല്‍തന്നെ  ഈ ദിവസങ്ങളില്‍ ഇവിടെ ജീവിക്കുന്ന മുസ്‌ലിം സമൂഹം അനുഭവിക്കുന്ന മരവിപ്പും നിര്‍വികാരതയും ഈ എഴുത്തുകളിലും നിങ്ങള്‍ കണ്ടെത്തിയേക്കാം. 
ഇക്കഴിഞ്ഞ ദല്‍ഹി തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ ഏക പ്രചാരണ വിഷയം, പൗരത്വ പ്രക്ഷോഭങ്ങളുടെ ഹൃദയമായി കരുതപ്പെടുന്ന ശാഹീന്‍ ബാഗിലെ ഉമ്മമാരും സഹോദരിമാരും ചേര്‍ന്ന് നടത്തുന്ന സമരമായിരുന്നു. മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ നടക്കുന്ന ഈ സമരം   ഉയര്‍ത്തിക്കാട്ടി വര്‍ഗീയ ധ്രുവീകരണം നടത്തി ഹിന്ദുവോട്ടുകള്‍ ഏകീകരിച്ച് അധികാരത്തില്‍ കയറാനായിരുന്നു അവരുടെ ശ്രമം. ഇതിനായി അവരുടെ നേതാക്കള്‍ അങ്ങേയറ്റം വിഷലിപ്തമായ പ്രസംഗങ്ങളും പ്രസ്താവനകളും നടത്തിക്കൊണ്ടിരുന്നു.
പ്രാദേശിക ബി.ജെ.പി നേതാക്കള്‍ മുതല്‍ ആഭ്യന്തരമന്ത്രി അമിത്ഷാ വരെ ഇത്തരം വര്‍ഗീയ വിഷം വമിപ്പിച്ചുകൊണ്ടിരുന്നു. ഇതില്‍ എടുത്തു പറയേണ്ടതാണ് മുന്‍ ബി.ജെ.പി എം.എല്‍.എ കപില്‍ മിശ്രയുടേതും നിലവിലെ ബി.ജെ.പി എം.പി അനുരാഗ് താക്കൂറിന്റേതും.  കപില്‍ മിശ്ര ദല്‍ഹി തെരഞ്ഞെടുപ്പിനെ ഇന്ത്യ-പാക് മത്സരമായി വിശേഷിപ്പിച്ചപ്പോള്‍ അനുരാഗ് താക്കൂര്‍ പൗരത്വ സമരക്കാരെ വെടിവെച്ചുകൊല്ലാന്‍ ആഹ്വാനം ചെയ്യുകയുണ്ടായി. ഇതിന്റെ അനുരണനങ്ങള്‍ ജാമിഅ മില്ലിയ്യ സമരക്കാരുടെ നേരെയും, ശാഹീന്‍ ബാഗിലെ സമരത്തിനു നേരെയും സംഘ് പരിവാര്‍ നടത്തിയ വെടിവെപ്പുകളില്‍ പ്രകടമാണ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ കപില്‍ മിശ്ര തോല്‍ക്കുകയുണ്ടായി. 
ശാഹീന്‍ ബാഗിന് സമാനമായി, അതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ദല്‍ഹിയില്‍ അനേകം പ്രതിഷേധ സമരയിടങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.  അതിലൊന്നാണ് വടക്കുകിഴക്കന്‍ ദല്‍ഹിയിലെ ജാഫറാബാദിലേത്. ഇക്കഴിഞ്ഞ ഞായറാഴ്ച ഭീം ആര്‍മി തലവന്‍ പ്രഖ്യാപിച്ച ഭാരതബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇവിടെ സമരം ചെയ്യുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ജാഫറാബാദ് മെട്രോസ്റ്റേഷനു കീഴിലെ റോഡ് ഉപരോധിക്കുകയുണ്ടായി.  ഇതിനെതിരെ പൗരത്വ അനുകൂലികള്‍ എന്ന പേരില്‍ കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ ഞായറാഴ്ച വൈകീട്ട് നടന്ന പ്രകടനത്തോടെയാണ് അക്രമസംഭവങ്ങള്‍ക്ക് തുടക്കം. 
തിങ്കളാഴ്ച തുടങ്ങാനിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനം അവസാനിക്കുന്നതോടെ ജാഫറാബാദ് സമരം ഒഴിപ്പിച്ചില്ലെങ്കില്‍ പിന്നെ തങ്ങളത് ചെയ്യുമെന്ന് പോലീസ് ഉദ്യോഗസ്ഥനെ സാക്ഷിയാക്കി കപില്‍ മിശ്ര മുന്നറിയിപ്പ് നല്‍കി. ഇതിനെ തുടര്‍ന്ന് സംഘ് പരിവാറുകാര്‍ സമാധാനപരമായി സമരം ചെയ്തുകൊണ്ടിരുന്ന പൗരത്വ പ്രക്ഷോഭകര്‍ക്കു നേരെ കല്ലേറ് നടത്തുകയായിരുന്നു.

സ്വാഭാവിക പ്രതികരണമോ ആസൂത്രിതമോ?

ദല്‍ഹി തെരഞ്ഞെടുപ്പ് കാലത്തും അതിനുശേഷവും ശാഹീന്‍ ബാഗുകള്‍ക്കു നേരെ എന്തിനോ കോപ്പുകൂട്ടുന്നു എന്ന ആശങ്ക പ്രകടമായിരുന്നു. മേല്‍ ഉദ്ധരിച്ച നേതാക്കളുടെ പ്രസംഗങ്ങളും ഇതിനു ബലമേകി. അതുകൊണ്ടുതന്നെ ഞായറാഴ്ച തുടങ്ങിയ മുസ്‌ലിംകള്‍ക്ക് നേരെയുള്ള അക്രമ പരമ്പര സ്വാഭാവികമായി കാണാന്‍ കഴിയില്ല.
ജാഫറാബാദിലെ സമരക്കാര്‍ക്കു നേരെ അക്രമം തുടങ്ങിയ അതേ രാത്രി, ഹൗസ് റാണിയിലെയും മറ്റു പല ഇടങ്ങളിലെയും സമരങ്ങള്‍ക്ക് നേരെയും അക്രമം നടക്കുകയുണ്ടായി.  ജാഫറാബാദില്‍ തന്നെ സമരക്കാര്‍ക്കു നേരെ എറിയാനുള്ള കല്ലുകള്‍ ട്രക്കുകളില്‍ എത്തിക്കുന്നതിന്റെ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. സമരക്കാര്‍ക്കു നേരെ അക്രമത്തിനായി കൂടുതല്‍ ആളുകളെ ബസ്സുകളിലും മറ്റുമായി എത്തിക്കുന്നത് കണ്ടിരുന്നതായി അവിടെനിന്നും റിപ്പോര്‍ട്ട് ചെയ്ത മാധ്യമ സുഹൃത്തുക്കള്‍ പറയുന്നു.  ഇതെല്ലം വിരല്‍ചൂണ്ടുന്നത് ആസൂത്രിതമായ ഒരു തിരക്കഥയുടെ ഭാഗമാണ് നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ അതിക്രമങ്ങളെന്നാണ്.

വംശഹത്യയുടെ സൂചനകള്‍

ഫെബ്രുവരി 23 ഞായറാഴ്ച ആരംഭിച്ച അക്രമസംഭവങ്ങളില്‍ ഈ കുറിപ്പ് എഴുതും വരെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ആകെ 18 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ യഥാര്‍ഥ മരണ സംഖ്യ ഇപ്പോള്‍ തന്നെ അമ്പതിനോട് അടുത്തുവെന്നാണ് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന ജി.ടി.ബി നഗര്‍ ആശുപത്രിയില്‍നിന്നുള്ള കണക്കുകള്‍. അക്രമ പരമ്പരയുടെ തുടക്കം, അത് മറ്റിടങ്ങളിലേക്ക് പടരുന്ന രീതി ഇതൊക്കെ പരിശോധിച്ചാല്‍, മുമ്പ് നടന്ന വംശഹത്യാ പദ്ധതികളുടെ തുടര്‍ച്ച ഇതില്‍ കണ്ടെത്താം. ഇത് ഒരു സ്വാഭാവിക പ്രതികരണമല്ലെന്നു തെളിയിക്കുന്നതാണ് സംഘ് പരിവാര്‍ അഴിഞ്ഞാടിയ ഇടങ്ങളില്‍നിന്ന് വാര്‍ത്ത ശേഖരിക്കാന്‍ പോയ മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടായ അനുഭവങ്ങള്‍.
ഹിന്ദുക്കളും മുസ്‌ലിംകളും ഇടകലര്‍ന്ന് താമസിക്കുന്ന ഇടങ്ങളില്‍ ഹിന്ദു വീടുകളും കടകളും തിരിച്ചറിയുന്നതിനായി കാവിക്കൊടി പോലെയുള്ള അടയാളങ്ങള്‍ വെച്ചിരുന്നതായി പറയുന്നു.  മുസ്‌ലിം അടയാളങ്ങള്‍ ഉള്ള കടകള്‍ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. മുസ്‌ലിം ഭൂരിപക്ഷ ഗല്ലികള്‍ അഗ്നിക്കിരയാക്കി. മസ്ജിദുകള്‍ക്ക് തീയിട്ടു.  പെട്രോള്‍ ബോംബും ടയറും കത്തിച്ച് മുസ്‌ലിം വീടുകളിലേക്ക് എറിഞ്ഞു. മുസ്‌ലിം അടയാളങ്ങളുള്ള ഒന്നിനെയും അക്രമികള്‍ വെറുതെ വിടുന്നില്ല. മുള വടികളും മറ്റും കൈയിലേന്തി മുസ്‌ലിം കുടുംബങ്ങളെ വളഞ്ഞിട്ടു തല്ലി, ജയ് ശ്രീരാം വിളികളുമായി ഉന്മത്തമാകുന്ന സംഘ് പരിവാര്‍ ക്രൂരതയായിരുന്നു എങ്ങും. ചിലയിടങ്ങളില്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്. ജാഫറാബാദില്‍ ഞായറാഴ്ച തുടങ്ങിയ അക്രമം മണിക്കൂറുകള്‍ കൊണ്ട് കാര്‍ധംപുരി, മൗജ്പൂര്‍, മുസ്തഫാബാദ്, ഗോകുല്‍പുരി തുടങ്ങിയ ഇടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.
റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ഇടങ്ങളില്‍നിന്ന് ഭീതിതമായ അനുഭവങ്ങള്‍ മാധ്യമസുഹൃത്തുക്കള്‍ പങ്കുവെക്കുകയുണ്ടായി. ഇത്തരത്തില്‍ ഒന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യയിലെ ഫോട്ടോ ജേര്‍ണലിസ്റ്റായ  അനിന്ദ്യ ചതോപാധ്യായയുടേത്. മൗജ്പൂരില്‍നിന്നുള്ള കലാപചിത്രങ്ങള്‍ പകര്‍ത്തവെ സംഘ് പരിവാര്‍ സംഘം ഇദ്ദേഹത്തെ വളയുകയായിരുന്നു.   താന്‍ ഹിന്ദുമതത്തില്‍ പെട്ടവനാണെന്ന് ബോധ്യപ്പെട്ടതു കൊണ്ടു മാത്രമാണ് തനിക്ക് ജീവന്‍ തിരിച്ചുകിട്ടിയതെന്ന് അദ്ദേഹം ഞെട്ടലോടെ ഓര്‍ക്കുന്നു. തന്റെ വാദത്തില്‍ സംശയം തോന്നിയ കലാപകാരികള്‍ പാന്റഴിച്ചുനോക്കുമെന്നുവരെ ഭീഷണിപ്പെടുത്തുകയുണ്ടായി. തന്റെ പേരും മതവും അറിഞ്ഞാല്‍ ജീവനോടെ ബാക്കിയാകില്ലെന്ന ഭീതിയുടെ അനുഭവം മക്തൂബ് മീഡിയയിലെ സുഹൃത്ത് ശഹീന്‍ അബ്ദുല്ലയും പങ്കുവെച്ചു.

ഭരണകൂട പിന്തുണ

ഒരു അക്രമവും ഭരണകൂട പിന്തുണയില്ലാതെ വംശീയ അക്രമങ്ങളിലേക്ക് വഴിമാറില്ലെന്നതിനു  ചരിത്രം സാക്ഷിയാണ്. അക്രമബാധിത പ്രദേശങ്ങളിലെ പോലീസുകാര്‍ സംഘ് പരിവാര്‍ അതിക്രമങ്ങള്‍ക്ക്  മൂകസാക്ഷികളായി മാറിനില്‍ക്കുകയായിരുന്നു.  അക്രമത്തിനു തടയിടാന്‍ ബാധ്യസ്ഥരായ പോലീസും  സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ പ്രാഗത്ഭ്യം നേടിയിട്ടുള്ള റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സുമെല്ലാം കലാപകാരികള്‍ക്ക്  താണ്ഡവമാടാന്‍ അവസരമൊരുക്കുകയായിരുന്നുവെന്ന്  അക്രമത്തിന് ഇരയായവര്‍ പറയുന്നു. ചിലയിടങ്ങളില്‍ ഇവര്‍ സംഘ് പരിവാര്‍ പ്രവര്‍ത്തകരുടെ കൂടെ ചേര്‍ന്ന് അക്രമത്തില്‍ പങ്കെടുത്തതായും കാണാം. കലാപകാരികളും പോലീസും ഒന്നിച്ച് മുസ്‌ലിംകള്‍ക്കു നേരെ കല്ലെറിയുന്ന ദൃശ്യങ്ങള്‍ ഏറെ കാണാന്‍ കഴിയുമായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴില്‍ വരുന്ന ദല്‍ഹി പോലീസും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സുമെല്ലാം ആരുടെ താല്‍പര്യത്തിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇതില്‍നിന്നും വ്യക്തമാകും. ഇതേ സേനകളാണ് ഒരു കാരണവുമില്ലാതെ ജാമിഅ മില്ലിയ്യ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കു നേരെ നരനായാട്ട് നടത്തിയതെന്നു കൂടി അറിയുമ്പോഴാണ് നിലവിലെ അക്രമങ്ങള്‍ക്ക് ഭരണകൂടത്തിന്റെ മൗനാനുവാദമുണ്ടെന്ന് വ്യക്തമാവുക. അക്രമങ്ങള്‍ തുടങ്ങി നാല് ദിവസം വേണ്ടിവന്നു രാജ്യത്തിന്റെ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പ്രതികരിക്കാന്‍ എന്നത് ഭരണകൂട താല്‍പര്യങ്ങള്‍ വെളിവാക്കുന്നതാണ്.  രാജ്യതലസ്ഥാനം കത്തിയെരിയുമ്പോള്‍ പ്രധാനമന്ത്രി അമേരിക്കന്‍ പ്രസിഡന്റിനുള്ള അത്താഴ വിരുന്നിലായിരുന്നു.
ഇന്ത്യന്‍ മാധ്യമങ്ങള്‍ ഈ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിലും മുമ്പത്തെപ്പോലെ അവരുടെ കൂറ് വെളിപ്പെടുത്തുന്നുണ്ട്. കിഴക്കന്‍ ദല്‍ഹിയില്‍ മുസ്‌ലിംകള്‍ക്ക് നേരെ നരനായാട്ട് തുടരുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ താജ്മഹല്‍ ഫോട്ടോഷൂട്ട്  ആയിരുന്നു ഏതാണ്ട് എല്ലാ ചാനലുകളുടെയും തത്സമയ വിഭവം. നട്ടെല്ല് വളക്കാത്ത വളരെ കുറച്ച് മാധ്യമങ്ങള്‍ മാത്രമേ ജീവന്‍ നഷ്ടമാകുന്നയിടങ്ങളിലെ വാര്‍ത്തകള്‍ക്കാണ് പ്രാമുഖ്യമെന്ന മാധ്യമധര്‍മം പാലിച്ചത്. കലാപ വാര്‍ത്ത കൊടുക്കാതിരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശന ദൃശ്യങ്ങള്‍ വീണ്ടും വീണ്ടും കാണിച്ച ചാനലുകളും ഉണ്ട്.  രാജ്യം മൊത്തത്തില്‍ ഒരു മുന്നേറ്റമായി മാറിയ പൗരത്വവിരുദ്ധ സമരങ്ങളെ അവഗണിക്കാനാണ് ഇത്തരം മാധ്യമങ്ങള്‍ നാളിതുവരെ ശ്രമിച്ചുപോന്നത്. ചില മാധ്യമങ്ങള്‍ എന്നത്തെയും പോലെ ഒരു  സമൂഹത്തിനു നേരെയുള്ള വംശീയ അക്രമങ്ങളെ ഇരുകൂട്ടര്‍ തമ്മിലെ അക്രമങ്ങള്‍ എന്ന തരത്തില്‍ ബാലന്‍സ് ചെയ്ത് റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്.

പ്രതിരോധങ്ങള്‍, പ്രതീക്ഷകള്‍

ഈ കുറിപ്പ് അവസാനിപ്പിക്കാനിരിക്കുമ്പോഴാണ് ദല്‍ഹി ഹൈക്കോടതിയുടെ വിധി വരുന്നത്. വംശീയ വിദ്വേഷ പ്രസംഗങ്ങളില്‍ എഫ്.ഐ.ആര്‍ ഇടണമെന്ന് ദല്‍ഹി പോലീസിന് ശക്തമായ താക്കീതാണ് കോടതി നല്‍കിയത്. കലാപബാധിത പ്രദേശങ്ങളിലെ പരിക്ക് പറ്റിയവരെ സുരക്ഷിതമായി ആശുപത്രികളില്‍ എത്തിച്ചുവെന്ന് ഉറപ്പുവരുത്താന്‍ അര്‍ധരാത്രി വാദം കേട്ട കോടതി ഉത്തരവിടുകയുണ്ടായി. 
കലാപങ്ങളിലെ മുന്‍കാല അനുഭവങ്ങളില്‍നിന്നും സമകാല അവസ്ഥയെ വ്യത്യസ്തമാക്കുന്നത് ഉയര്‍ന്നുവരുന്ന പ്രതിരോധസ്വരങ്ങളാണ്. സഹതാപത്തിന്റെ ഖുത്ബുദ്ദീന്‍ അനുഭവങ്ങളായിരുന്നു ഗുജറാത്ത് കലാപം ഇന്ത്യന്‍ മുസ്‌ലിമിന് നല്‍കിയതെങ്കില്‍ കലുഷിത സാഹചര്യങ്ങളിലും വിശ്വാസം ഉയര്‍ത്തിപ്പിടിച്ച്, അഭിമാനം പണയം വെക്കാന്‍ തയാറാകാത്ത മുസ്‌ലിം ഉമ്മത്തിനെയാണ് നിങ്ങള്‍ക്ക് ദല്‍ഹിയില്‍ കാണാന്‍ കഴിയുക. അതുകൊണ്ടുതന്നെയാണ് തങ്ങള്‍ക്ക് നേരെ വംശീയ കഠാരയുമായി സംഘ് പരിവാര്‍ ആര്‍ത്തലച്ചുവരുമെന്ന് ഉറപ്പുള്ളപ്പോഴും ജാമിഅയിലെയും ശാഹീന്‍ ബാഗിലെയും സമരഭൂമിയിലേക്ക് ജനം പൂര്‍വാധികം ഉത്സാഹത്തോടെ എത്തിച്ചേരുന്നത്. അതുകൊണ്ടുതന്നെ ഇത് ആത്യന്തികമായി വിജയിക്കാനുള്ള സമരം തന്നെയാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (10-12)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആത്മാഭിമാനികളുടെ പ്രാര്‍ഥന
അമല്‍ അബൂബക്കര്‍