Prabodhanm Weekly

Pages

Search

2012 മാര്‍ച്ച്‌ 10

പ്രശ്‌നവും വീക്ഷണവും

ഇല്‍യാസ് മൗലവി


ദമ്പതികളിലൊരാള്‍ ഇസ്‌ലാം സ്വീകരിച്ചാല്‍


ചോദ്യം: ഞാന്‍ ഭര്‍ത്താവിനൊപ്പം ഗള്‍ഫില്‍ ജോലി ചെയ്യുകയാണ്. ഈയടുത്ത് ഇസ്‌ലാമിനെപ്പറ്റി പഠിക്കാനവസരം ലഭിച്ചു. അങ്ങനെ ഇസ്‌ലാം സ്വീകരിച്ചു. ഭര്‍ത്താവ് പഴയ മതത്തില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്. അമുസ്‌ലിമായ ഭര്‍ത്താവിന് കീഴില്‍ മുസ്‌ലിമായ എനിക്ക് തുടരാന്‍ പാടില്ലെന്ന് ചിലര്‍ പറയുന്നു. ഞാനും ഭര്‍ത്താവും നല്ല സ്‌നേഹത്തോടെ, സന്തോഷത്തോടെ കഴിയുകയുമാണ്. ഞങ്ങള്‍ക്കിരുവര്‍ക്കും പിരിയുന്നതിനെ പറ്റി ചിന്തിക്കാന്‍ കഴിയുന്നില്ല. നന്നായി ബോധ്യപ്പെട്ട ശേഷം ഇസ്‌ലാം സ്വീകരിച്ച എനിക്ക് ഇസ്‌ലാമിനെ ഉപേക്ഷിക്കാനും സാധ്യമല്ല. എന്നെ പോലെ ഇസ്‌ലാം സ്വീകരിക്കാന്‍ താല്‍പര്യമുള്ള വേറെ ചില കൂട്ടുകാരും എനിക്കുണ്ട്. ദാമ്പത്യം അവര്‍ക്കും ഒരു പ്രശ്‌നമാണ്. ഞാനെന്തുചെയ്യണം? വിശദമായ മറുപടി പ്രതീക്ഷിക്കുന്നു.

ഉത്തരം: പാശ്ചാത്യരാജ്യങ്ങളില്‍ ധാരാളമായി കണ്ടുവരുന്ന ഒരു പ്രവണതയാണ് സഹോദരി അന്വേഷിച്ച വിഷയം. കൂടുതല്‍ പൗരസ്വാതന്ത്ര്യവും, വിശ്വാസവും ആദര്‍ശവും യഥേഷ്ടം തെരഞ്ഞെടുക്കാനുള്ള അവകാശവും അവിടങ്ങളില്‍ നിലനില്‍ക്കുന്നു. അതിനാല്‍ പല സഹോദരന്മാരും സത്യദീനിനെപ്പറ്റി പഠിക്കാനും മനസ്സിലാക്കാനും ശ്രമിക്കുകയും അവരില്‍ പലരും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തുവരുന്നുണ്ട്. യൂറോപ്യന്‍ നാടുകളില്‍ പുതുതായി ഇസ്‌ലാം സ്വീകരിച്ചവരും അല്ലാത്തവരുമായവരുടെ പലതരം പ്രശ്‌നങ്ങള്‍ ഇസ്‌ലാമിക പണ്ഡിതന്മാര്‍ക്കു മുമ്പില്‍ വരികയും അതിന്റെ പരിഹാരമെന്നോണം യൂറോപ്യന്‍ ഫത്‌വാ കൗണ്‍സില്‍ എന്ന ഒരു പണ്ഡിതസമിതി ഈയടുത്തായി രൂപീകൃതമാവുകയും ചെയ്തിട്ടുണ്ട്. ആ സമിതിക്കുമുമ്പാകെ വന്ന ഒരു പ്രധാന ചോദ്യമാണ് സഹോദരി ഉന്നയിച്ചിരിക്കുന്നത്. അതിനാല്‍, അവരുടെ മറുപടിയുടെ ചുരുക്കം താഴെ ചേര്‍ക്കുന്നു:
പലതരം വിഷയങ്ങളും പഠനങ്ങളും ഗവേഷണങ്ങളും കൗണ്‍സില്‍ പരിശോധിക്കുകയുണ്ടായി. തുടര്‍ച്ചയായ മൂന്നോളം സിറ്റിംഗുകളിലായിരുന്നു ഇത്. ശരീഅത്തിന്റെ പൊതുലക്ഷ്യത്തിന്റെയും ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്റെ അടിസ്ഥാന തത്ത്വങ്ങളുടെയും പ്രമാണങ്ങളുടെയും പണ്ഡിതാഭിപ്രായങ്ങളുടെയും വെളിച്ചത്തില്‍ പാശ്ചാത്യരില്‍ പുതുതായി ഇസ്‌ലാമിലേക്ക് കടന്നുവരികയും ഭര്‍ത്താക്കന്മാര്‍ പഴയ മതത്തില്‍ തന്നെ തുടരുകയും ചെയ്യുന്ന സഹോദരിമാരുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്തുകൊണ്ട് സമിതി, ഒരു മുസ്‌ലിം സ്ത്രീക്ക് മറ്റു മതസ്ഥരായ ഭര്‍ത്താക്കന്മാരെ സ്വീകരിക്കല്‍ നിഷിദ്ധമാണെന്ന കാര്യം ഊന്നിപ്പറയുകയുണ്ടായി. ഇക്കാര്യത്തില്‍ പണ്ടുമുതലേയുള്ള അഭിപ്രായമാണത്.
എന്നാല്‍ ഇസ്‌ലാം സ്വീകരിക്കുംമുമ്പേ തന്നെ വിവാഹിതരായവരെ സംബന്ധിച്ച് സമിതി താഴെ പറയുന്ന തീരുമാനങ്ങളാണ് കൈക്കൊണ്ടത്.
1. ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരുമിച്ച് ഇസ്‌ലാം സ്വീകരിക്കുകയും ഭാര്യ ഭര്‍ത്താവിനെ സംബന്ധിച്ചേടത്തോളം രക്തബന്ധം, മുലകുടിബന്ധം മുതലായവ മൂലം വിവാഹബന്ധം നിഷിദ്ധമാക്കപ്പെട്ട വിഭാഗത്തില്‍ പെടാത്തയാളുമാണെങ്കില്‍ അവരുടെ ദാമ്പത്യം അതേപടി തുടരാവുന്നതാണ്.
2. ഭര്‍ത്താവ് ഇസ്‌ലാം സ്വീകരിക്കുകയും ഭാര്യ ഇസ്‌ലാം അനുവദിച്ച വേദക്കാരില്‍ പെട്ടവളുമാണെങ്കില്‍ നേരത്തെ പറഞ്ഞ തരത്തില്‍ വിവാഹബന്ധം നിഷിദ്ധമാക്കപ്പെട്ട വിഭാഗത്തില്‍ പെടുന്നില്ലെങ്കില്‍ ദാമ്പത്യം തുടരാവുന്നതാണ്.
3. ഭാര്യ ഇസ്‌ലാം സ്വീകരിക്കുകയും ഭര്‍ത്താവ് അതിന് മുതിരാതെ പഴയ മതത്തില്‍ തന്നെ തുടരുകയും ചെയ്താല്‍:
- ഭര്‍ത്താവുമായി ശാരീരിക ബന്ധം പുലര്‍ത്തുന്നതിന് മുമ്പാണ് ഭാര്യ ഇസ്‌ലാം ആശ്ശേഷിക്കുന്നതെങ്കില്‍ ഉടനെ ബന്ധം വേര്‍പ്പെടുത്തേണ്ടതാണ്.
- ഇനി അവളുടെ ഇസ്‌ലാം സ്വീകരണം ഭര്‍ത്താവുമായി ശാരീരിക ബന്ധത്തിന് ശേഷമാണെങ്കില്‍ ഇദ്ദ കാലം കഴിയുംമുമ്പ് ഭര്‍ത്താവ് ഇസ്‌ലാം സ്വീകരിക്കുന്ന പക്ഷം അവര്‍ക്ക് ഭാര്യ-ഭര്‍ത്താക്കന്മാരായി തുടരാവുന്നതാണ്.
- അവളുടെ ഇസ്‌ലാം ആശ്ലേഷണം ശാരീരികബന്ധത്തിന് ശേഷമാവുകയും ഇദ്ദ കാലം കഴിയുകയും ചെയ്താല്‍ അവള്‍ ഭര്‍ത്താവിന്റെ ഇസ്‌ലാം സ്വീകരണം പ്രതീക്ഷിച്ച് - കാലമെത്ര ദീര്‍ഘിച്ചാലും - കാത്തിരിക്കേണ്ടതാണ്. അങ്ങനെ ഭര്‍ത്താവ് ഇസ്‌ലാം സ്വീകരിച്ചാല്‍ മറ്റൊരു വിവാഹ ഉടമ്പടി കൂടാതെ തന്നെ അവര്‍ക്ക് ദാമ്പത്യം തുടരാം.
- ഇദ്ദ കാലത്തിന് ശേഷം ഭാര്യക്ക് വേറെ വിവാഹത്തില്‍ ഏര്‍പ്പെടണമെന്ന് തോന്നിയാല്‍ നിയമപരമായി നിലവിലുള്ള നിക്കാഹില്‍ നിന്ന് മോചനം തേടേണ്ടതാണ്.
- നാല് മദ്ഹബുകളുടെയും വീക്ഷണത്തില്‍ ഇത്തരം ഭാര്യമാര്‍ ഇദ്ദകാലം കഴിഞ്ഞാല്‍ ഭര്‍ത്താവിനോടൊപ്പം തുടരാനോ സഹവസിക്കാനോ പാടുള്ളതല്ല.
ഭാര്യ ഭൗതികജീവിതത്തിലും ആത്മീയ ജീവിതത്തിലും ഭര്‍ത്താവിന് പൂര്‍ണവിധേയയായിരിക്കുമെന്നും അമുസ്‌ലിം ഭര്‍ത്താവിനുകീഴില്‍ മുസ്‌ലിം ഭാര്യക്ക് അവളുടെ ഇസ്‌ലാമിക വിശ്വാസങ്ങള്‍ നിലനിര്‍ത്താനോ ആ വിശ്വാസം ആവശ്യപ്പെടുന്ന ജീവിതക്രമം പാലിക്കാനോ സാധ്യമാവുകയില്ലെന്നും ഉള്ള സങ്കല്‍പമാണ് മേല്‍ പറഞ്ഞ ഫത്‌വാ കൗണ്‍സിലിന്റെയും മദ്ഹബുകളുടെയും ഈ നിലപാടിന്നാധാരം. അന്നും ഏറെക്കുറെ ഇന്നും ഈ സങ്കല്‍പം ശരിയാണു താനും. എങ്കിലും വ്യക്തി സ്വാതന്ത്ര്യം കൂടുതല്‍ മാനിക്കപ്പെടുന്ന ഇക്കാലത്ത് വ്യത്യസ്ത മതവിശ്വാസങ്ങള്‍ പുലര്‍ത്തുന്ന ദമ്പതികള്‍ക്ക് താന്താങ്ങളുടെ വിശ്വാസാചാരങ്ങള്‍ സംരക്ഷിച്ചുകൊണ്ട് കുറെയൊക്കെ ഒത്തുപോകാന്‍ കഴിയുന്നുണ്ട്. ഈ സാഹചര്യം കണക്കിലെടുത്തുകൊണ്ട്, ഭര്‍ത്താവ് അമുസ്‌ലിമായി തുടരുകയും ഭാര്യ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്യുന്ന പ്രശ്‌നത്തെക്കുറിച്ച് ഒരു വിഭാഗം ആധുനിക ഇസ്‌ലാമിക പണ്ഡിതന്മാര്‍ അവതരിപ്പിക്കുന്ന വീക്ഷണം ഇതാണ്: ആ ഭാര്യ സ്വന്തം ഭര്‍ത്താവിന്റെ ഹിദായത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് എല്ലാവിധ ദാമ്പത്യ ബാധ്യതകളും നിര്‍വഹിച്ചുകൊണ്ട് ഭര്‍ത്താവിനോടൊപ്പം തുടരുന്നതിന് വിശിഷ്യാ തന്റെ ആദര്‍ശജീവിതത്തിന് തടസ്സങ്ങളൊന്നുമില്ലാത്തേടത്തോളം കാലം കുഴപ്പമില്ല.
ദാമ്പത്യബന്ധം വേര്‍പ്പെടുത്തേണ്ടിവരുമെന്നും കുടുംബബന്ധം ഒഴിവാക്കേണ്ടിവരുമെന്നുമുള്ള ആശങ്ക സത്യമാര്‍ഗം സ്വീകരിക്കുന്നതിന് ഒരു തടസ്സമായിക്കൂടാ.
ഹീറ എന്ന നാട്ടിലെ ഒരു സ്ത്രീ ഭര്‍ത്താവിനെ കൂടാതെ ഇസ്‌ലാം സ്വീകരിക്കുകയും വിഷയം ഖലീഫ ഉമറി(റ)ന് മുമ്പില്‍ വരികയും ചെയ്തപ്പോള്‍ അദ്ദേഹം ഇങ്ങനെ വിധിച്ചു: 'അവള്‍ക്ക് വേണമെങ്കില്‍ ഭര്‍ത്താവിനെ വേര്‍പിരിയാം. വേണമെങ്കില്‍ തുടരുകയും ചെയ്യാം.' ഈ റിപ്പോര്‍ട്ട് പ്രബലമാണ്.
സഹോദരിയോട് പറയാനുള്ളത് ഇതാണ്: സത്യദീനിനെപ്പറ്റി ഭര്‍ത്താവിനോട് ഗുണകാംക്ഷാപൂര്‍വം സംസാരിക്കുകയും അദ്ദേഹത്തിന്റെ ഹിദായത്തിനായി സദാ പ്രാര്‍ഥിക്കുകയും ചെയ്തുകൊണ്ട് തന്റെ ആദര്‍ശജീവിതത്തിന് തടസ്സമില്ലാത്തേടത്തോളം പ്രിയതമനോടൊപ്പം കഴിയുക. ഭര്‍ത്താവ് എന്ന നിലയില്‍ അദ്ദേഹത്തിന് അവകാശപ്പെട്ട എല്ലാം വകവെച്ചുകൊടുക്കുകയും ക്ഷമ, സദ്‌സ്വഭാവം, സദാചാരം എന്നിവ മുറുകെപ്പിടിച്ചുകൊണ്ട് അദ്ദേഹത്തോടൊപ്പം കഴിയുകയും ചെയ്യുക. തീര്‍ച്ചയായും സഹോദരിയുടെ ക്ഷമയും പ്രാര്‍ഥനയും പെരുമാറ്റവും വഴി തന്റെ ഭര്‍ത്താവും താമസിയാതെ സത്യത്തിന്റെ പാതയില്‍ തന്നോടൊപ്പം ചേരുമെന്ന് ശുഭപ്രതീക്ഷ പുലര്‍ത്തുക.

ഇതര മതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കാമോ?

ചോദ്യം: ഇതര മതസ്ഥരുടെ മതാചാരങ്ങളിലോ ചടങ്ങുകളിലോ പങ്കെടുക്കുന്നതും അത്തരം മുഹൂര്‍ത്തങ്ങള്‍ ആഘോഷിക്കുന്നതും അനുവദനീയമാണോ?

ഉത്തരം: ഓരോ മതത്തിനും അതിന്റേതായ വിശ്വാസാദര്‍ശങ്ങളും കര്‍മാനുഷ്ഠാനങ്ങളും ആചാരാനുഷ്ഠാനങ്ങളും ആഘോഷങ്ങളുമൊക്കെയുണ്ടാവും. തങ്ങളുടെ മതത്തിന്റെ ചിഹ്നങ്ങളായി അവരവര്‍ ബഹുമാനിക്കുകയും ആദരിക്കുകയും പവിത്രമായി കാണുകയും ചെയ്യുന്ന ഒന്നിനെയും അവഹേളിക്കുകയോ പരിഹസിക്കുകയോ ചെയ്യാതെ അതെല്ലാം അവരവരുടെ സ്വാതന്ത്യത്തിന് വിട്ടു കൊടുക്കുകയാണ് ഇസ്‌ലാം ചെയ്തിട്ടുളളത്. അല്ലാഹുവിനെ കൂടാതെ ബഹുദൈവവിശ്വാസികള്‍ വിളിച്ചു പ്രാര്‍ഥിച്ചു കൊണ്ടിരിക്കുന്നവയെ നിങ്ങള്‍ ചീത്ത പറയരുതെന്നും അങ്ങനെ ചെയ്യുന്നത് നിങ്ങള്‍ ആരാധിക്കുന്ന അല്ലാഹുവിനെ ചീത്ത പറയിക്കാനവസരം നല്‍കുമെന്നും പരിശുദ്ധ ഖുര്‍ആന്‍ മുസ്‌ലിംകളെ ഉണര്‍ത്തുന്നുണ്ട് (അല്‍ അന്‍ആം 108).
ഓരോ മതവിശ്വാസിയും തങ്ങളുടെ മതത്തിന്റെ മാത്രമായ ചില വിശ്വാസാദര്‍ശങ്ങളും കര്‍മാനുഷ്ഠാനങ്ങളും ഉണ്ട് എന്ന് വിശ്വസിക്കുകയും അത് മറ്റു മതങ്ങളില്‍ നിന്ന് വിഭിന്നവും വ്യതിരിക്തവുമാണെന്നു മനസ്സിലാക്കുന്നുമുണ്ട്. അപ്പോഴാണല്ലോ ഓരോ മതവിശ്വാസിയും തങ്ങളുടെ മതത്തില്‍ അടിയുറച്ചു നില്‍ക്കുന്നതിന്റെ ഔചിത്യം. അല്ലാതെ ഒരു മതത്തിന്റെ എല്ലാ കാര്യങ്ങളിലും മറ്റുള്ള മതസ്ഥര്‍ കൂടി പങ്കാളികളാവണമെന്ന് പറയുന്നവര്‍ യഥാര്‍ഥ മതവിശ്വാസികളായിരിക്കില്ല.
അതുകൊണ്ട് മുസ്‌ലിംകളുടെ വിശേഷദിവസങ്ങള്‍ മുസ്‌ലിംകള്‍ ആഘോഷിക്കുകയും കൊണ്ടാടുകയും ചെയ്യുമ്പോള്‍ ക്രിസ്ത്യാനികളും ഹിന്ദുക്കളും അവരുടേതും കൊണ്ടാടുന്നു. അതിലൊന്നും ആര്‍ക്കും ഒരു പ്രയാസമോ ബുദ്ധിമുട്ടോ തോന്നേണ്ടതില്ല. ഇന്ത്യപോലുള്ള ഒരു ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്ന ആളുകളില്‍ പ്രത്യേകിച്ചും. അതൊക്കെ വിശാലമനസ്സോടെ ഉള്‍ക്കൊളളാനും അംഗീകരിക്കാനും ഓരോ പൗരനും സാധിക്കേണ്ടതാണ്.
ഇതുപോലെ തന്നെ പ്രാധാന്യമുള്ളതാണ് ഓരോ മതവിശ്വാസിയും തന്റെ വിശ്വാസാദര്‍ശങ്ങള്‍ക്ക് നിരക്കാത്തതോ അതിന് നേര്‍വിപരീതമോ ആയിട്ടുള്ള ചടങ്ങുകളില്‍ നിന്ന് പരസ്പര സ്‌നേഹവും ആദരവും സഹവര്‍തിത്വവും കാത്ത് സൂക്ഷിച്ചുകൊണ്ട് തന്നെ മാറിനില്‍ക്കുക എന്നുള്ളതും.
ബിംബാരാധനയും ബഹുദൈവവിശ്വാസവും ഇസ്‌ലാമിന് കടകവിരുദ്ധമാണെന്ന കാര്യം മനസ്സിലാക്കുന്ന ഒരു ഇതര മതസ്ഥന്‍ എത്ര സ്‌നേഹിതനാണെങ്കിലും അത്തരം കാര്യങ്ങളുള്‍ക്കൊള്ളുന്ന ചടങ്ങിലേക്ക് ഒരു മുസ്‌ലിമിനെ ക്ഷണിക്കില്ലെന്ന് മാത്രമല്ല ഊഷ്മളമായ വ്യക്തിബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുന്ന സുഹൃത്തുക്കളാണെങ്കില്‍ ആ കാര്യം വ്യക്തമായി പറയുകയും ചെയ്യും.
അതേസമയം, സുഹൃദ്ബന്ധത്തിന്റെയും സഹവാസത്തിന്റെയും പേരില്‍ നമ്മുടെ വിശേഷദിവസങ്ങളിലും ആഘോഷവേളകളിലും നാം ഇതര മതസ്ഥരായ സുഹൃത്തുക്കളെയും അയല്‍വാസികളെയും ക്ഷണിക്കുകയും അവര്‍ നമ്മെ ക്ഷണിക്കുമ്പോള്‍ നിരസിക്കുകയും ചെയ്യുന്നത് നീതിയല്ല. അനീതി ആരോടും പാടില്ല.
ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍, ഒരേ വിദ്യാലയത്തില്‍ പഠിക്കുന്നവര്‍, ഒരേ പ്രദേശത്ത് ജീവിക്കുന്നവര്‍... പരസ്പരം ആശംസകള്‍ കൈമാറലും ക്ഷണിച്ചാല്‍ ക്ഷണം സ്വീകരിക്കലുമെല്ലാം നീതിയുടെ താല്‍പര്യമാണ്. നമ്മുടെ വിശേഷദിവസങ്ങളിലും ആഘോഷങ്ങളിലും സുഹൃത്തുക്കള്‍ വരണമെന്നാഗ്രഹിച്ചിട്ടാണല്ലോ നാമവരെ ക്ഷണിക്കുക. അങ്ങനെ അവര്‍ വന്നു കഴിഞ്ഞാല്‍ നാമവരെ സല്‍കരിക്കുന്നത് പോലെ അവരുടെ പരിപാടികളില്‍ നമ്മെ സല്‍ക്കരിക്കുക എന്ന അവരുടെ ആഗ്രഹത്തെ നാം വില വെക്കാതിരിക്കുകയും അവരുടെ ക്ഷണം നിരസിക്കുകയും ചെയ്യുന്നത് നീതിയാണോ?
ഖുര്‍ആന്‍ പറയുന്നു: ''മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്തിട്ടില്ലാത്തവരും നിങ്ങളെ വീടുകളില്‍നിന്ന് ആട്ടിയോടിച്ചിട്ടില്ലാത്തവരുമായ ആളുകളോട് നന്മയിലും നീതിയിലും വര്‍ത്തിക്കുന്നത് അല്ലാഹു വിലക്കുകയില്ല. നിശ്ചയം, നീതിമാന്മാരെ അല്ലാഹു സ്‌നേഹിക്കുന്നു.മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളെ സ്വന്തം വീടുകളില്‍നിന്ന് ആട്ടിയോടിക്കുകയും അതിന് സഹായിക്കുകയും ചെയ്ത ജനത്തോട് മൈത്രി പുലര്‍ത്തുന്നതില്‍നിന്ന് മാത്രമാകുന്നു അല്ലാഹു നിങ്ങളെ നിരോധിക്കുന്നത്. അത്തരക്കാരോട് മൈത്രി പുലര്‍ത്തുന്നവര്‍ അതിക്രമകാരികള്‍ തന്നെയാകുന്നു'' (അല്‍ മുംതഹിന 8,9).
ഇതുമായി ബന്ധപ്പെട്ട് താഴെപറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
* ഏകദൈവവിശ്വാസത്തിന് കടകവിരുദ്ധവും സദാചാര ധാര്‍മിക മൂല്യങ്ങള്‍ക്ക് വില കല്‍പിക്കാത്തതുമായ ഏത് പരിപാടിയില്‍ നിന്നും, അതാര് നടത്തുന്നതാണെങ്കിലും അകന്ന് നില്‍ക്കേണ്ടതാണ്.
* തന്റെ ആദര്‍ശത്തിനും വിശ്വാസത്തിനും താന്‍ ഉള്‍ക്കൊണ്ടിട്ടുള്ള ധാര്‍മിക മൂല്യങ്ങള്‍ക്കും കോട്ടം തട്ടാത്ത വിധത്തില്‍ ആശംസകള്‍ കൈമാറുന്നതും അവര്‍ ക്ഷണിച്ചാല്‍ പങ്കെടുക്കുന്നതും അനുവദനീയമാകും.
* താനുള്‍ക്കൊണ്ടിട്ടുള്ള സത്യം (ഇസ്‌ലാം) ഇതര സഹോദരങ്ങള്‍ക്ക് പകര്‍ന്ന് കൊടുക്കുന്നതും പരിചയപ്പെടുത്തുന്നതും ഇത്തരം സന്ദര്‍ഭങ്ങള്‍ ഉപയോഗപ്പെടുത്തി അവരുമായി സൗഹൃദത്തിലാവുന്നതും ചര്‍ച്ച നടത്തുന്നതും മറ്റും പ്രോല്‍സാഹിപ്പിക്കേണ്ടതാണ്.

സ്ത്രീകളുടെ മയ്യിത്ത് നമസ്‌കാരം

ചോദ്യം: സ്ത്രീകളെ മയ്യിത്ത് നമസ്‌കരിക്കുന്നതില്‍ നിന്ന് പല പണ്ഡിതന്മാരും വിലക്കുന്നതായി കാണുന്നു. എന്താണ് ഈ വിഷയത്തിലെ ഇസ്‌ലാമികത? സ്ത്രീകള്‍ക്ക് ജനാസയെ അനുഗമിക്കാമോ?

സ്ത്രീകള്‍ക്കും പുരുഷന്മാരെപ്പോലെത്തന്നെ മയ്യിത്ത് നമസ്‌കരിക്കാവുന്നതാണ്. ശരീഅ ത്തിന്റെ അഭിസംബോധിതരില്‍ പുരുഷന്മാരെ പോലെ തന്നെ സ്ത്രീകളും ഉള്‍പ്പെടുന്നു എന്നതാണ് കാരണം. പ്രത്യേകമായ പ്രമാണങ്ങളിലൂടെ സ്ത്രീകളെ ഒഴിച്ചുനിര്‍ത്തിയിട്ടില്ലെങ്കില്‍ എല്ലാ കല്‍പനകളുടെ കാര്യത്തിലും ഇതുതന്നെയാണ് വിധി. സ്ത്രീകളെ മയ്യിത്ത് നമസ്‌കാരത്തില്‍ നിന്ന് തടയുന്ന യാതൊരു പ്രമാണവും വന്നിട്ടില്ലെന്ന് മാത്രമല്ല, സ്ത്രീകള്‍ക്ക് മയ്യിത്ത് നമസ്‌കരിക്കാമെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കോ മദ്ഹബുകള്‍ക്കോ അഭിപ്രായ വ്യത്യാസം പോലുമില്ല.
എന്നാല്‍, പുരുഷന്മാരെപ്പോലെ ജനാസ സംസ്‌കരണത്തില്‍ പങ്കുവഹിക്കുന്നതിലും ജനാസയെ പിന്തുടരുന്നതിലും സ്ത്രീകള്‍ക്ക് വിലക്കുണ്ട്. ഇമാം ബുഖാരിയും മുസ്‌ലിമും ഉമ്മു അത്വിയ്യ(റ)യില്‍ നിന്ന് ഉദ്ധരിക്കുന്നു: അവര്‍ പറഞ്ഞു: ''ജനാസയെ പിന്തുടരുന്നതില്‍ നിന്ന് ഞങ്ങള്‍ വിലക്കപ്പെട്ടിരിക്കുന്നു. ആ വിലക്ക് ഞങ്ങളോട് കര്‍ശനമാക്കിയിട്ടില്ല.'' ഇതിന്റെ വ്യാഖ്യാനത്തില്‍ ഇമാം ഇബ്‌നുഹജരില്‍ അസ്ഖലാനി ബുഖാരിയുടെ വ്യാഖ്യാനമായ ഫത്ഹുല്‍ബാരിയില്‍ പറയുന്നു: മറ്റു വിലക്കപ്പെട്ട കാര്യങ്ങളിലെന്ന പോലെയുള്ള ഊന്നല്‍ ഈ വിഷയത്തില്‍ ഇല്ല. അതായത് ജനാസയെ പിന്തുടരുന്നത് സ്ത്രീകളെ സംബന്ധിച്ചേടത്തോളം ഹറാമാക്കുകയല്ല, അത് കറാഹത്താക്കുകയേ ചെയ്തിട്ടുള്ളൂ.
എന്നാല്‍, സ്ത്രീകള്‍ക്ക് പുരുഷന്മാരെപ്പോലെ തന്നെ ജനാസയെ പിന്തുടരാമെന്നാണ് മാലികീ വീക്ഷണം. തിരുമേനി (സ) ഒരു ജനാസയില്‍ പങ്കെടുക്കുകയുണ്ടായി. അക്കൂട്ടത്തില്‍ ഒരു സ്ത്രീയെ കണ്ട ഉമര്‍ (റ) ബഹളം വെച്ചു. അന്നേരം 'അവളെ വിട്ടേക്കൂ' എന്ന് നബി(സ) ഉമറി (റ) നോട് പറഞ്ഞു. അബൂഹുറയ്‌റ നിവേദനം ചെയ്ത ഈ ഹദീസ് ഇബ്‌നുമാജയും നസാഇയും ഉദ്ധരിച്ചിട്ടുണ്ട്. ഇതാണ് മാലികികളുടെ തെളിവ്.
ശാഫിഈ മദ്ഹബിലെ പ്രസിദ്ധവും ഏറ്റവും ആധികാരികവുമായ ശറഹുല്‍ മുഹദ്ദബില്‍ സ്ത്രീകളുടെ ജനാസ നമസ്‌കാരത്തെ സംബന്ധിച്ച് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ പുരുഷന്മാരോടൊപ്പമാണെങ്കില്‍ പുരുഷന്റെ ഇമാമത്തില്‍ തന്നെ നിന്നുകൊണ്ട് അവരും നമസ്‌കരിക്കേണ്ടതാണ്. എന്നാല്‍, സ്ത്രീകള്‍ മാത്രമാണെങ്കില്‍ ഇമാം ശാഫിഈ(റ)യും മറ്റ് സഖാക്കളും പറഞ്ഞു: അവര്‍ ഒറ്റക്കൊറ്റക്ക് നമസ്‌കരിക്കലാണ് അഭികാമ്യം. ഇനി അവരിലാരെങ്കിലും ഇമാമായി നമസ്‌കരിച്ചാല്‍ അത് അനുവദനീയമാണ.് എന്നാല്‍, ഒറ്റക്ക് നമസ്‌കരിക്കുകയെന്ന ശ്രേഷ്ടമായ രീതിക്ക് അത് എതിരാകുന്നു. ഇതിനെ നിരൂപണം ചെയ്തുകൊണ്ട് ഇമാം നവവി (റ) പറയുന്നു: സ്ത്രീകള്‍ മറ്റു നമസ്‌കാരങ്ങള്‍ ജമാഅത്തായി നമസ്‌കരിക്കല്‍ സുന്നത്തായ പോലെ തന്നെ മയ്യിത്ത് നമസ്‌കാരവും ജമാഅത്തായി നിര്‍വഹിക്കുകയാണ് വേണ്ടത്. ഹസന്‍ ബിന്‍ സ്വാലിഹ്, സുഫ്‌യാനുസ്സൗരി, ഇമാം അഹ്മദ്, ഇമാം അബൂഹനീഫയുടെ സഖാക്കള്‍ തുടങ്ങിയ മുന്‍ഗാമികളായ പലരുടെയും അഭിപ്രായവും ഇതുതന്നെയാണ്. (ശറഹുല്‍ മുഹദ്ദബ് - 5/169, കിത്താബുല്‍ജനാഇസ് - ബാബുസ്സ്വലാത്തി അലല്‍ മയ്യിത്ത്)
ചുരുക്കത്തില്‍ സ്ത്രീകള്‍ ജനാസ നമസ്‌കരിക്കുന്നത് പാടില്ലെന്ന് കുറിക്കുന്ന ഒരു തെളിവും ഇല്ല. മാത്രമല്ല, മഹാനായ സഅദുബ്‌നു അബീവഖാസി(റ)ന്റെ മയ്യിത്ത് നമസ്‌കരിക്കാനായി തിരുപത്‌നി ആഇശ(റ)യുടെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ ജനാസ പ്രവാചക പത്‌നിമാരുടെ വീടുകള്‍ക്ക് മുമ്പില്‍ കൊണ്ടുവരികയുണ്ടായി എന്നും പ്രവാചക പത്‌നിമാര്‍ അവരുടെ റുമുകളില്‍ വെച്ച് അദ്ദേഹത്തിന്റെ മയ്യിത്ത് നമസ്‌കരിച്ചുവെന്നും ഇമാം മുസ്‌ലിം ഉള്‍പ്പെടെയുള്ളവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആ ഹദീസുകള്‍ ഇമാം നവവി (റ) തന്റെ ശറഹുല്‍ മുഹദ്ദബിലും ശറഹുമുസ്‌ലിമിലും ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട്.
അതിനാല്‍ സ്ത്രീകള്‍ തങ്ങളുടെ വേണ്ടപ്പെട്ടവരും ബന്ധുക്കളുമൊക്കെ മരിച്ചാല്‍ അവര്‍ക്ക് വേണ്ടി വീട്ടില്‍ വെച്ച് നമസ്‌കരിക്കുന്നതിന് യാതൊരു വിരോധവും ഇല്ലെന്നതാണ് ശരി. അത് ഒറ്റക്കോ ഇനി അവരിലാരെയെങ്കിലും ഇമാമാക്കിയോ നമസ്‌കരിക്കാവുന്നതാണ്. ഇക്കാര്യം ശാഫിഈ മദ്ഹബിലെ മിക്ക കിതാബുകളിലും രേഖപ്പെടുത്തപ്പെട്ട കാര്യമാണ്.




Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം