Prabodhanm Weekly

Pages

Search

2012 മാര്‍ച്ച്‌ 10

സാമ്പത്തിക സംഘാടനത്തിന്റെ ലക്ഷ്യങ്ങള്‍

മൗലാനാ മൗദൂദി

ചില വിഷയങ്ങളെക്കുറിച്ച് സംസാരിക്കാനാണ് എന്നെ ക്ഷണിച്ചിട്ടുള്ളത്. ആ വിഷയങ്ങള്‍ എന്തൊക്കെയെന്ന് ഞാന്‍ ആവര്‍ത്തിക്കാം. എങ്കിലേ നിങ്ങള്‍ക്ക് ചര്‍ച്ചയുടെ അതിരുകള്‍ നിര്‍ണയിച്ചു കിട്ടുകയുള്ളൂ.
ഒന്നാമത്തെ വിഷയം: ഇസ്‌ലാം ഒരു സാമ്പത്തിക വ്യവസ്ഥ മുന്നോട്ട് വെക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ എന്താണ് അതിന്റെ രൂപം? ആ ഘടനയില്‍ ഭൂമി, അധ്വാനം, മൂലധനം, കാര്യസ്ഥത (management) എന്നിവക്ക് എവിടെയാണ് സ്ഥാനം? രണ്ടാമത്തെ വിഷയം: സകാത്തും ചാരിറ്റി ഫണ്ടുകളും സാമൂഹിക ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കാമോ? മൂന്നാമത്തെ വിഷയം: ഒരു പലിശ രഹിത സാമ്പത്തിക ക്രമം നമുക്ക് സ്ഥാപിച്ചെടുക്കാന്‍ കഴിയുമോ?
ഈ ഓരോ വിഷയത്തെക്കുറിച്ചും വിശദമായി പഠിക്കാന്‍ തുനിഞ്ഞാല്‍ വാള്യങ്ങള്‍ തന്നെ വേണ്ടിവരും ആ പഠനങ്ങള്‍ രേഖപ്പെടുത്താന്‍. എന്റെ മുമ്പിലിരിക്കുന്നവര്‍ വിദ്യാസമ്പന്നരാകയാല്‍ വിഷയങ്ങളെ വളരെ ഹ്രസ്വമായി സ്പര്‍ശിച്ച് പോയാല്‍ തന്നെ മതിയാവും എന്നാണ് ഞാന്‍ കരുതുന്നത്.

ഇസ്‌ലാമിക സമ്പദ്ഘടനയുടെ രൂപം
ഇസ്‌ലാമിന് ഒരു സമ്പദ്ഘടനയുണ്ടോ, ഉണ്ടെങ്കില്‍ ആ ഘടനക്കകത്ത് ഭൂമി, അധ്വാനം, മൂലധനം, കാര്യസ്ഥത എന്നിവക്ക് എന്താണ് സ്ഥാനം എന്നിങ്ങനെ രണ്ട് ചോദ്യങ്ങളാണ് ഒന്നാമത്തെ വിഷയത്തില്‍ ഉള്ളത്.
ആദ്യത്തെ ചോദ്യത്തിന് ഉത്തരം പറയാം. അതെ, ഇസ്‌ലാം ഒരു സമ്പദ്ഘടന മുന്നോട്ട് വെക്കുന്നുണ്ട്. ഇതിനര്‍ഥം, എല്ലാ കാലത്തേക്കും പറ്റിയ സമ്പൂര്‍ണമായ ഒരു സാമ്പത്തിക ചട്ടക്കൂട് ഇസ്‌ലാം നേരത്തെ തയാറാക്കി വെച്ചിട്ടുണ്ട് എന്നല്ല. അപ്പറഞ്ഞതിന്റെ അര്‍ഥം ഇത്രമാത്രമാണ്: ഓരോ കാലത്തേക്കും അനുയോജ്യമായ സാമ്പത്തിക ഘടന നിര്‍മിച്ചെടുക്കാന്‍ നമ്മെ പ്രാപ്തമാക്കുന്ന മൗലിക തത്ത്വങ്ങള്‍ ഇസ്‌ലാം നമുക്ക് നല്‍കിയിരിക്കുന്നു. ഖുര്‍ആനും നബിചര്യയും വളരെ സൂക്ഷ്മമായി പഠിച്ച് നോക്കുക. ജീവിതത്തിന്റെ ഏത് വശമാണെങ്കിലും അതിന്റെ നാല് അറ്റങ്ങള്‍/ മൂലകള്‍ കാണിച്ച് തരുന്ന ഒരു രീതിയാണ് ഇസ്‌ലാം സ്വീകരിക്കുന്നതെന്ന് കാണാം. ഈ നാല് അതിരുകള്‍ മറികടക്കാന്‍ പാടില്ല. അതിനകത്ത് വെച്ച് ജീവിതത്തിന്റെ വിശദാംശങ്ങളെല്ലാം ചര്‍ച്ച ചെയ്ത് കാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ജീവിതാനുഭവങ്ങള്‍ മുന്നില്‍ വെച്ച് അവയെ ചിട്ടപ്പെടുത്താന്‍ നമുക്ക് സ്വാതന്ത്ര്യമുണ്ട്.
ജീവിതത്തിന്റെ മുഴുവന്‍ മണ്ഡലങ്ങളിലും, വ്യക്തിജീവിതത്തില്‍ നിന്ന് തുടങ്ങി സാമൂഹിക,സാംസ്‌കാരിക രംഗങ്ങളില്‍ വരെ മനുഷ്യന്റെ സന്മാര്‍ഗ ദര്‍ശനത്തിനായി ഇസ്‌ലാം മുന്നോട്ടുവെക്കുന്നത് ഒരേ തത്ത്വങ്ങളാണ്. സാമ്പത്തിക മേഖലയിലും പ്രയോഗിക്കുന്നത് അതേ തത്ത്വങ്ങള്‍ തന്നെ. ഇവിടെയും ചില തത്ത്വങ്ങള്‍ മുന്നോട്ട് വെക്കുകയും അതിരുകള്‍ നിശ്ചയിക്കുകയുമാണ് ഇസ്‌ലാം ചെയ്യുന്നത്. അതിനകത്ത് നമുക്ക് നമ്മുടേതായ ഒരു സാമ്പത്തിക ക്രമം വികസിപ്പിച്ചെടുക്കാം. വിശദാംശങ്ങള്‍ ഓരോ കാലത്തിനും വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാം.
ഇസ്‌ലാം നിര്‍ണയിച്ചുകൊടുത്ത ഈ അതിരുകള്‍ക്കകത്താണ് ഇസ്‌ലാമിക ചരിത്രത്തിലെ മഹാന്മാരായ പണ്ഡിതന്മാരും ദാര്‍ശനികരും വളരെ വിശദമായ സാമ്പത്തിക ക്രമങ്ങള്‍ ആവിഷ്‌കരിച്ചത് എന്ന് കാണാന്‍ കഴിയും. അവ വിശദാംശങ്ങളോടെ ഫിഖ്ഹി ഗ്രന്ഥങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ഈ വിശദാംശങ്ങളില്‍ നിന്ന് നമ്മുടെ കാലത്തേക്ക് ആവശ്യമുള്ളത് മാത്രമേ നാം സ്വീകരിക്കേണ്ടതുള്ളൂ. നമ്മുടെ കാലത്തേക്ക് വേണ്ട പുതിയ തത്ത്വങ്ങളും വിശദീകരണങ്ങളും നാം തന്നെ വികസിപ്പിച്ചെടുക്കേണ്ടിവരും. ഈ പുതിയ തത്ത്വങ്ങള്‍ പക്ഷേ, നേരത്തെ പറഞ്ഞ മൗലിക തത്ത്വങ്ങള്‍ക്ക് അനുരൂപവും ഇസ്‌ലാം നിര്‍ണയിച്ച പരിധികള്‍ ലംഘിക്കാത്തതും ആയിരിക്കും.

സാമ്പത്തിക
സംഘാടനത്തിന്റെ ലക്ഷ്യങ്ങള്‍
ഇസ്‌ലാമിക സമ്പദ്ഘടനയുടെ സ്വഭാവത്തെക്കുറിച്ച് ഒരേകദേശ ധാരണ ഇപ്പോള്‍ നിങ്ങള്‍ക്ക് ലഭിച്ചിരിക്കും. ഇസ്‌ലാമിന്റെ മൗലിക സാമ്പത്തിക തത്ത്വങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ്, ഇസ്‌ലാമിക സാമ്പത്തിക ക്രമത്തിന്റെ ലക്ഷ്യങ്ങളെന്തെന്ന് വിവരിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം ഇസ്‌ലാമിന്റെ മൗലിക സാമ്പത്തിക തത്ത്വങ്ങള്‍ നിങ്ങള്‍ക്ക് പിടികിട്ടുകയില്ല, അവ ഓരോ കാലത്തും എങ്ങനെയാണ് പ്രയോഗവത്കരിക്കേണ്ടത് എന്നതിനെക്കുറിച്ച് ശരിയായ ധാരണയും നിങ്ങള്‍ക്ക് ഉണ്ടാവുകയില്ല. ലക്ഷ്യങ്ങള്‍ ഇവയാണ്:
എ. വ്യക്തിസ്വാതന്ത്ര്യം:
വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കുകയെന്നതാണ് ആദ്യത്തേതും ഏറ്റവും സുപ്രധാനവുമായ ലക്ഷ്യം. പൊതു നന്മക്ക് വിഘാതമായിത്തീരുമ്പോള്‍ മാത്രമേ വ്യക്തിസ്വാതന്ത്ര്യത്തെ നിയന്ത്രിക്കാനുള്ള നീക്കമുണ്ടാവൂ. അത്രയധികം മൂല്യമാണ് വ്യക്തിസ്വാതന്ത്ര്യത്തിന് ഇസ്‌ലാം കല്‍പിക്കുന്നത്. ഓരോ മനുഷ്യനും വ്യക്തി എന്ന നിലക്കാണ് അല്ലാഹുവിന്റെ മുമ്പില്‍ കണക്ക് ബോധിപ്പിക്കേണ്ടിവരിക എന്നതാണ് ഈ പ്രാധാന്യത്തിന്റെ അടിസ്ഥാനം. ഇവിടെ സാമൂഹികമായ കൂട്ടുത്തരവാദിത്വമൊന്നുമില്ല. ഓരോ മനുഷ്യനും വെവ്വേറെ തന്റെ പ്രവൃത്തികള്‍ക്ക് ദൈവസന്നിധിയില്‍ ഉത്തരം പറയാന്‍ ബാധ്യസ്ഥനാണ്. അതിനാല്‍ ഓരോ വ്യക്തിക്കും അവന്റെ കഴിവുകള്‍ പരമാവധി പൂര്‍ണമായ അളവില്‍ വിനിയോഗിക്കാനുള്ള അവസരങ്ങള്‍ ഉണ്ടാകണം. ഈയൊരു സ്വാതന്ത്ര്യം രാഷ്ട്രീയ ധാര്‍മിക മേഖലകളില്‍ മാത്രം ഉണ്ടായാല്‍ പോരാ. സാമ്പത്തിക ജീവിതത്തിലും ഉണ്ടാവണം. നിങ്ങള്‍ വ്യക്തികളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുമ്പോള്‍ അയാളുടെ രാഷ്ട്രീയ, ധാര്‍മിക സ്വാതന്ത്ര്യത്തെക്കൂടിയാണ് നിങ്ങള്‍ ഇല്ലാതാക്കുന്നത്. സാമ്പത്തികമായി മറ്റൊരാളെയോ സ്ഥാപനത്തെയോ ഭരണകൂടത്തെയോ ആശ്രയിച്ച് കഴിയുന്ന ഒരാള്‍ക്ക് യഥാര്‍ഥ പ്രവര്‍ത്തന സ്വാതന്ത്ര്യം ഉണ്ടാവുകയില്ലെന്ന് ഒന്നാലോചിച്ചാല്‍ നിങ്ങള്‍ക്ക് ബോധ്യമാവും; അയാള്‍ക്ക് ഓരോ വിഷയത്തിലും സ്വന്തമായി അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ കൂടി. അതിനാല്‍ സാമ്പത്തിക പ്രവര്‍ത്തനത്തില്‍ വ്യക്തിക്ക് പരമാവധി സ്വാതന്ത്ര്യം അനുവദിക്കുക എന്നതാണ് ഇസ്‌ലാമിക തത്ത്വങ്ങളുടെ പൊതു സ്വഭാവം. പൊതു നന്മക്ക് വിഘാതമാവുമ്പോള്‍ മാത്രമേ നിയന്ത്രണങ്ങള്‍ വരൂ. അതിനാലാണ് ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ഒരു ഭരണകൂടത്തെ ഇസ്‌ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തം വിഭാവനം ചെയ്യുന്നത്. ജനങ്ങള്‍ വേണ്ടെന്ന് വെച്ചാല്‍ ആ ഭരണാധികാരിയെ മാറ്റുകയും ചെയ്യും. ജനങ്ങളുടെ പ്രതിനിധികളായിരിക്കും രാഷ്ട്രത്തെ നിയന്ത്രിക്കുക. വിമര്‍ശിക്കാനും അഭിപ്രായങ്ങള്‍ പറയാനുമുള്ള ജനങ്ങളുടെ സ്വാതന്ത്ര്യത്തിന് വിലക്ക് വീഴുകയില്ല. അതേസമയം ഭരണകൂടത്തിന്റെ സ്വാതന്ത്ര്യം അനിയന്ത്രിതവുമായിരിക്കില്ല. ഖുര്‍ആന്റെയും നബിചര്യയുടെയും മേല്‍നോട്ട നിയമങ്ങള്‍ ഭരണകൂടത്തെ നിയന്ത്രിക്കാനുണ്ടാകും.
വ്യക്തിക്ക് അല്ലാഹു നല്‍കുന്ന മൗലികാവകാശങ്ങള്‍ റദ്ദാക്കാന്‍ മനുഷ്യ നിര്‍മിതമായ ഒരു സ്ഥാപനത്തിനും അധികാരമില്ലെന്ന് കൂടി മനസ്സിലാക്കുക. വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ മാത്രമല്ല, അതിന് ഭീഷണിയായി ഉയര്‍ന്നുവരുന്ന ഏകാധിപത്യ പ്രവണതകളെ മുളയിലേ നുള്ളാനും ഇതുവഴി സാധിക്കുന്നു.
ബി. ധാര്‍മിക, ഭൗതിക വളര്‍ച്ചയിലെ സന്തുലനം
മനുഷ്യന്റെ ധാര്‍മിക വളര്‍ച്ച ഇസ്‌ലാമില്‍ മൗലിക പ്രാധാന്യമുള്ള ഒന്നാണ്. ഇത് സാധ്യമാവണമെങ്കില്‍ സമൂഹത്തിലെ ഓരോ വ്യക്തിക്കും മറ്റാരുടെയും സമ്മര്‍ദങ്ങളില്ലാതെ സ്വയം പ്രേരിതനായി സുകൃതങ്ങള്‍ ചെയ്യാനുള്ള അവസരമുണ്ടാവണം. എങ്കിലേ ഉദാരത, അനുകമ്പ, ദയ പോലുള്ള ധാര്‍മിക മൂല്യങ്ങള്‍ സമൂഹത്തിന്റെ ചാലക ശക്തിയായിത്തീരൂ. അതിനാലാണ്, സാമൂഹിക നീതി സ്ഥാപിക്കാന്‍ നിയമങ്ങളെ മാത്രം അവലംബിക്കരുതെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നത്. വിശ്വാസം, അര്‍പ്പണബോധം, ജ്ഞാനാര്‍ജനം, ധാര്‍മിക പരിശീലനം എന്നിവയിലൂടെ വ്യക്തിയുടെ ധാര്‍മിക നിലവാരം ഉയര്‍ത്തുകയാണ് വേണ്ടത്. അവന്റെ ജീവിത കാഴ്ചപ്പാടിലും അഭിരുചിയിലും അപ്പോള്‍ സമൂലമായ മാറ്റങ്ങള്‍ വരും. ഈ ധാര്‍മികശക്തി വ്യക്തിയെ നന്മയില്‍ വഴിനടത്തും.
ഈ നിലക്കൊന്നും വ്യക്തി സ്വയം മാറുന്നില്ലെങ്കിലാണ് പരിധികള്‍ ലംഘിക്കാതിരിക്കാന്‍ സമൂഹത്തിന് ചില സമ്മര്‍ദങ്ങള്‍ പ്രയോഗിക്കേണ്ടിവരുന്നത്. ആ സമ്മര്‍ദങ്ങളും ഫലിക്കാതെ വരുമ്പോഴാണ് നീതി നടപ്പാക്കാന്‍ നിയമത്തിന്റെ വഴി തേടുക. നീതി സ്ഥാപിക്കാന്‍ നിയമബലത്തെ മാത്രം ആശ്രയിക്കുകയും അങ്ങനെ തന്നത്താന്‍ മനസ്സറിഞ്ഞ് നന്മ ചെയ്യാനുള്ള വ്യക്തിയുടെ കഴിവിനെ കവര്‍ന്നെടുക്കുകയും ചെയ്യുന്ന ഏതൊരു സാമൂഹിക സംവിധാനവും ഇസ്‌ലാമിക വീക്ഷണത്തില്‍ അതീവ ദുര്‍ബലമായിരിക്കും.
സി. സഹകരണം, പൊരുത്തം, നീതിയുടെ നിര്‍വഹണം
ഇസ്‌ലാം മനുഷ്യന്റെ ഐക്യവും സാഹോദര്യവുമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. സംഘര്‍ഷത്തെയും ശൈഥില്യത്തെയും അത് നിരാകരിക്കുന്നു. അതൊരിക്കലും സമൂഹത്തെ വര്‍ഗങ്ങളായി തിരിക്കുന്നില്ല. വര്‍ഗസമരത്തിന് പ്രേരണ നല്‍കുന്നില്ല. പകരം സമൂഹത്തില്‍ സ്വാഭാവികമായി ഉയര്‍ന്നുവന്നിട്ടുള്ള വിഭാഗങ്ങള്‍ക്കിടയില്‍ സഹകരണവും അനുകമ്പയും ഊട്ടിയുറപ്പിക്കാനാണ് അത് ശ്രമിക്കുന്നത്.
മനുഷ്യ സമൂഹത്തെ വിശകലനം ചെയ്താല്‍ രണ്ട് തരത്തിലുള്ള വര്‍ഗങ്ങളെ നിങ്ങള്‍ക്ക് കണ്ടെത്താം. വളരെ കൃത്രിമമായും അന്യായമായും സൃഷ്ടിക്കപ്പെട്ടതാണ് ഒരു വര്‍ഗം. ദുഷിച്ച രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക സംവിധാനങ്ങളാണ് ബലപ്രയോഗത്തിലൂടെ ആ വര്‍ഗത്തെ സംരക്ഷിച്ച് പോരുന്നത്. ബ്രാഹ്മണിസവും ഫ്യൂഡലിസവും പാശ്ചാത്യ മുതലാളിത്തവുമൊക്കെ ജന്മം നല്‍കുന്ന വര്‍ഗങ്ങള്‍ ഈ ഇനത്തിലാണ് പെടുക.
ഇസ്‌ലാം ഒരു തരത്തിലുള്ള വര്‍ഗത്തെയും സൃഷ്ടിക്കുന്നില്ല. ഏതെങ്കിലും വര്‍ഗത്തെ നിലനിര്‍ത്താനും ആഗ്രഹിക്കുന്നില്ല. ധാര്‍മികവും നിയമപരവുമായ പരിഷ്‌കരണങ്ങളിലൂടെ അത്തരം വര്‍ഗ വിവേചനങ്ങള്‍ ഇല്ലാതാക്കാനാണ് ഇസ്‌ലാം ശ്രമിക്കുക. സാഹചര്യങ്ങള്‍, കഴിവുകളുടെ ഏറ്റ വ്യത്യാസങ്ങള്‍ എന്നിവ കാരണം സ്വാഭാവികമായി രൂപം കൊണ്ടതാണ് രണ്ടാമത്തെ ഇനം വര്‍ഗങ്ങള്‍. ഇത്തരം വര്‍ഗങ്ങളെ ബലം പ്രയോഗിച്ച് ഇല്ലാതാക്കാനോ കണിശതയുള്ള വര്‍ഗമാക്കി അവയെ നിലനിര്‍ത്താനോ അവയെ പരസ്പരം തമ്മിലടിപ്പിക്കാനോ ഇസ്‌ലാം ശ്രമിക്കില്ല. പകരം, ഇസ്‌ലാം അതിന്റെ ധാര്‍മികവും രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ വിവിധ സംരംഭങ്ങളിലൂടെ ഈ വര്‍ഗങ്ങള്‍ക്കിടയില്‍ ഐക്യവും രഞ്ജിപ്പും ദീനാനുകമ്പയും ഉണ്ടാക്കാനാണ് ശ്രമിക്കുക. എല്ലാ വര്‍ഗങ്ങള്‍ക്കും തുല്യാവസരവും നീതിയും ലഭ്യമാക്കിക്കൊണ്ട് വര്‍ഗ വ്യത്യാസങ്ങള്‍ സ്വാഭാവികമായി ഇല്ലാതാകാനുള്ള സാമൂഹിക സാഹചര്യം സൃഷ്ടിക്കുകയും ചെയ്യും.
ഇസ്‌ലാമിക സമ്പദ്ഘടനയെക്കുറിച്ച് ശരിയായ ധാരണ ഉണ്ടാകാന്‍ മേല്‍ പറഞ്ഞ മൂന്ന് കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. ഇനി ആ സമ്പദ്ഘടനയുടെ പ്രധാന തത്ത്വങ്ങളാണ് ഞാന്‍ വിവരിക്കാന്‍ പോകുന്നത്.
(തുടരും)
1965 ഡിസംബര്‍ 17-ന് പാകിസ്താനിലെ പഞ്ചാബ് യൂനിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രസംഗം

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം