അതിരുകളില്ലാത്ത ആര്‍ത്തി
ജീവിതവിഭവങ്ങളുടെ വര്‍ധനവും സുഖസൗകര്യങ്ങളുടെ ആധിക്യവും ആഗ്രഹിക്കാത്ത ആരുമുണ്ടാവില്ല. മനുഷ്യ മനസ്സ് തിരയടങ്ങാത്ത കടലുപോലെയാണ്. ഒരു തിര തീരംതല്ലി തകരുമ്പോഴേക്കും നിരവധി തിരമാലകള്‍ രൂപം കൊണ്ടിട്ടുണ്ടാവും. അപ്രകാരം തന്നെ ഒരു മോഹം പൂര്‍ത്തീകരിക്കുമ്പോഴേക്കും ധാരാളം ആഗ്രഹങ്ങള്‍ ജന്മം കൊണ്ടിരിക്കും. പൂര്‍ത്തീകരിക്കപ്പെടുന്ന ഓരോ മോഹത്തിനു പിറകെയും പുതിയവ പിറവിയെടുക്കും. അതിനാല്‍ മനുഷ്യന്റെ ആഗ്രഹങ്ങള്‍ അന്ത്യനിമിഷം വരെ അനന്തമായി തുടരും. ആയിരങ്ങളാശിച്ചവന്‍ അതിന്റെ അധിപനാവുന്നതോടെ പതിനായിരങ്ങള്‍ കൊതിക്കും. അതു കിട്ടുന്നതോടെ മോഹം ലക്ഷങ്ങളിലേക്കും പിന്നീട് കോടികളിലേക്കുമെത്തും. സ്വത്ത് മതിയെന്ന് തോന്നുന്നവരും തീരുമാനിക്കുന്നവരും വളരെ വിരളമായിരിക്കും. അതിനാല്‍ ധനതൃഷ്ണയെ തൃപ്തിപ്പെടുത്താമെന്ന് കരുതി പണിയെടുക്കുന്നവര്‍ നിഴലുകളെ കവച്ചുവെക്കാനായി അവക്ക് പിറകെ ഓടുന്നവരെപ്പോലെയാണ്. മനുഷ്യന്റെ ഈ ആര്‍ത്തിയെ പ്രവാചകന്‍ ഇങ്ങനെ പരിചയപ്പെടുത്തുന്നു: ''മനുഷ്യന് സ്വര്‍ണത്തിന്റെ ഒരു താഴ്‌വര തന്നെ കിട്ടിയാലും രണ്ടാമതൊന്നവന്‍ കൊതിക്കും. രണ്ടെണ്ണം ലഭിച്ചാല്‍ മൂന്നാമത്തേത് മോഹിക്കും. മനുഷ്യന്റെ വയറ് നിറക്കാന്‍ മണ്ണിനല്ലാതെ കഴിയില്ല. എന്നാല്‍ പശ്ചാതപിക്കുന്നവന് അല്ലാഹു പൊറുത്ത് കൊടുക്കുന്നു.''
മനുഷ്യന്‍ അറ്റമില്ലാത്ത ആഗ്രഹങ്ങളുടെയും ഒടുങ്ങാത്ത മോഹങ്ങളുടെയും സാക്ഷാല്‍ക്കരിക്കാനാവാത്ത സങ്കല്‍പ്പങ്ങളുടെയും പിന്നാലെ പരക്കം പായുന്നു. ഇല്ലായ്മയുടെ വല്ലായ്മകളും വേവലാതികളും വിഹ്വലതകളുമായി കഴിഞ്ഞുകൂടുന്നു. മനുഷ്യന്റെ ധനതൃഷ്ണയെ തൃപ്തിപ്പെടുത്താന്‍ സമ്പത്തിന്റെ വമ്പിച്ച കൂമ്പാരങ്ങള്‍ക്ക് പോലും കഴിയില്ല. മഹാഭൂരിപക്ഷവും ജീവിക്കാനായി സ്വത്ത് സമ്പാദിക്കുന്നവരല്ല; സ്വത്ത് സമ്പാദിക്കാനായി ജീവിക്കുന്നവരാണ്. മനുഷ്യന്റെ ഈ പണക്കൊതിയെ ഖുര്‍ആന്‍ ഇങ്ങനെ നിരീക്ഷിക്കുന്നു: ''ധനത്തെ നിങ്ങള്‍ അതിരറ്റ് സ്‌നേഹിക്കുന്നു''(അല്‍ഫജ്ര്‍ 20).
സമൂഹത്തിലെ ഏറെപ്പേരും പണത്തിന് പരമപ്രാധാന്യം കല്‍പ്പിക്കുന്നവരാണ്. അത്തരക്കാരുടെ യഥാര്‍ഥ ദൈവം ധനമാണ്. പൂജാവസ്തു പണവും. അവരുടെ മതം വ്യാപാരമാണ്. ആരാധനാലയം കമ്പോളവും. അനുവദനീയത ലാഭവും നിഷിദ്ധത നഷ്ടവുമാണ്. അതിനാല്‍ അവരെല്ലാറ്റിനെയും നോക്കിക്കാണുക സാമ്പത്തിക മാനദണ്ഡമനുസരിച്ചാണ്. കൂട്ടിക്കിഴിച്ച് ലാഭചേതങ്ങളും നഷ്ട ശിഷ്ടങ്ങളും വരവു ചെലവുകളും നോക്കിയാണ് കാര്യങ്ങള്‍ തീരുമാനിക്കുക. മനുഷ്യ ബന്ധങ്ങള്‍ പോലും അതിനതീതമാവില്ല. അതിനാല്‍ പണക്കൊതിയന്മാര്‍, പ്രായാധിക്യത്തില്‍ പണിയെടുത്ത് വരുമാനമുണ്ടാക്കാനാവാതെ ആശുപത്രികളുടെയും മരുന്നുകളുടെയും ലോകത്ത് ചെലവുണ്ടാക്കി കഴിയുന്ന മാതാപിതാക്കളെ ശാപവും ശല്യവുമായി കരുതുന്നു. അവശരും അശരണരും അനാഥകളും അഗതികളും രോഗികളും വികലാംഗരും അടുത്ത ബന്ധുക്കളാണെങ്കില്‍ പോലും അവരെ അവഗണിക്കുന്നു. അത്തരക്കാര്‍ ജീവിതാന്ത്യം വരെ സഖിയും സഹധര്‍മിണിയും ഇണയും തുണയുമായി കഴിയേണ്ട പങ്കാളിയെ തെരഞ്ഞെടുക്കുന്നതുപോലും സമ്പത്തിന്റെ അടിസ്ഥാനത്തി
ലായിരിക്കും. സ്വന്തം മക്കളെ പോലും വേണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് അവര്‍ വരവാണോ ചെലവാണോ വരുത്തുക എന്ന് പരിശോധിച്ചായിരിക്കും. പണവും പണ്ടവും കൊണ്ടുപോകുന്ന പെണ്‍കുട്ടി വേണ്ടെന്നുവെച്ച് ഗര്‍ഭാശയത്തില്‍ വെച്ചുതന്നെ അവളെ കൊല്ലാന്‍ അവര്‍ക്കൊട്ടും മടിയുണ്ടാവുകയില്ല. ജീവിച്ചിരിക്കുന്ന മക്കളോടുള്ള സമീപനംപോലും അവരുടെ സാമ്പത്തികാവസ്ഥ പരിഗണിച്ചായിരിക്കും. അതിനാല്‍ മിക്ക മാതാപിതാക്കള്‍ക്കും അടുപ്പവും സ്‌നേഹവും പണക്കാരായ മക്കളോടായിരിക്കും. കൂലിപ്പണിയിലൂടെ ന്യായമായ നിലയില്‍ വരുമാനമുണ്ടാക്കി ലളിത ജീവിതം നയിക്കുന്ന മകനും കൈക്കൂലി വാങ്ങി പടുകൂറ്റന്‍ കൊട്ടാരമുണ്ടാക്കി ആര്‍ഭാട ജീവിതം നയിക്കുന്ന മകനുമുള്ള മാതാപിതാക്കള്‍ ആരെയാണ് കൂടുതല്‍ ഇഷ്ടപ്പെടുകയെന്നും ആരുടെ കൂടെയാണ് താമസിക്കുകയെന്നും പ്രത്യേകം പറയേണ്ടതില്ല. വരുമാനമുണ്ടാക്കുന്ന മകനും അംഗവൈകല്യം കാരണം അധ്വാനിക്കാന്‍ കഴിയാത്ത മകനുമുണ്ടെങ്കില്‍ കൂടുതല്‍ കാരുണ്യവും സഹതാപവും അര്‍ഹിക്കുന്നത് വികലാംഗനാണെങ്കിലും അധിക മാതാപിതാക്കളും കൂടുതല്‍ ഇഷ്ടപ്പെടുക ആരെയായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇവ്വിധം പണത്തിനുവേണ്ടി പിതാക്കന്മാരെ തള്ളിപ്പറയുന്ന മക്കള്‍ക്കും സ്വത്തിനുവേണ്ടി സഹധര്‍മിണിയെയും സന്താനങ്ങളെയും ഉപേക്ഷിക്കുന്ന ഭര്‍ത്താക്കന്മാര്‍ക്കും നമ്മുടെ സമൂഹത്തില്‍ ഒട്ടും പഞ്ഞമില്ല.
പലര്‍ക്കുമിന്ന് മതംപോലും കച്ചവടമാണ്. ആരാധനകളും അര്‍ച്ചനകളും ഭൗതിക നേട്ടങ്ങള്‍ക്കുള്ള ഉപാധിയും. അതുകൊണ്ടുതന്നെ ഏറെ പേരുടെയും ആരാധ്യന്മാര്‍ കരിഞ്ചന്തക്കും കള്ളക്കടത്തിനും തട്ടിപ്പിനും വെട്ടിപ്പിനും വഞ്ചനക്കും ചൂഷണത്തിനും കൊള്ളക്കും കൊലക്കുമൊക്കെ അരുനില്‍ക്കുന്ന അവയുടെ കൂട്ടാളികളാണ്. കൊടിയകുറ്റവാളികള്‍ തങ്ങള്‍ പിടികൂടപ്പെടാതിരിക്കാന്‍ ഭണ്ഡാരങ്ങളില്‍ പണം നിക്ഷേപിക്കുന്നത് അവക്കു കൂട്ടുനില്‍ക്കുന്ന ദൈവത്തെ പ്രീതിപ്പെടുത്താനാണല്ലോ.
പണത്തിന്റെയും പദവിയുടെയും മുമ്പില്‍ പതറാത്തവര്‍ വളരെ വിരളമാണെന്ന വസ്തുത മറ്റാരെക്കാളുമേറെ മനസ്സിലാക്കിയവര്‍ കൊടിയകുറ്റവാളികളാണ്. പൈശാചികതക്കെതിരെ പോരിനിറങ്ങിയവരെപ്പോലും അവര്‍ പണം നല്‍കി പാട്ടിലാക്കുന്നു. സമര്‍ഥരായ സാമൂഹികദ്രോഹികള്‍ തങ്ങള്‍ക്കെതിരെ തിരിയുന്നവരെ പ്രകോപിതരാക്കാതെ പ്രലോഭിപ്പിക്കുന്നതും അതിനാലാണ്. വലിയ പരിവര്‍ത്തനവാദികളെയും വിപ്ലവകാരികളെയുംപോലും അവര്‍ അതിവേഗം വിലയ്‌ക്കെടുക്കുന്നു.
ഇന്ന് ലോകത്ത് നിലനില്‍ക്കുന്ന ദാരിദ്രത്തിനുപോലും കാരണം ആര്‍ത്തിയാണ്. വിഭവങ്ങളുടെ അഭാവമല്ലല്ലോ ഇന്നത്തെ പ്രശ്‌നം. മറിച്ച് അതിന്റെ അസന്തുലിതമായ വിതരണമാണ്. പണക്കൊതിയന്മാര്‍ കാണുന്നതൊക്കെ തട്ടിയെടുക്കുകയും കിട്ടിയതൊക്കെ കെട്ടിപ്പൂട്ടിവെക്കുകയും ചെയ്യുന്നതിനാലാണ് ജനകോടികള്‍ പട്ടിണി കൊണ്ട് പ്രയാസപ്പെടുകയും പ്രാഥമികാവശ്യങ്ങള്‍ പൂര്‍ത്തികരിക്കാനാവാതെ വലയുകയും ചെയ്യുന്നത്.
പലരും പ്രശാന്തി പരതാറുള്ളത് പണത്തിലും അതിന്റെ ആധിക്യത്തിലുമാണെങ്കിലും ഫലത്തില്‍ പണം വര്‍ധിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ പെരുകുകയാണ് ചെയ്യുക. സാമ്പത്തിക വളര്‍ച്ച സൃഷ്ടിക്കുന്ന സങ്കീര്‍ണതകള്‍ മനസ്സിന്റെ സ്വാസ്ഥ്യം കെടുത്തുന്നു. തങ്ങളുടെ വരുതിയില്‍ വന്നെത്തിയ സ്വത്ത് വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച ചിന്തയും കൈവിട്ടു പോകുന്നതിനെക്കുറിച്ച കടുത്ത ആശങ്കയും അവരെ സദാ അലട്ടിക്കൊണ്ടിരിക്കും. അതിനാല്‍ സാധാരണക്കാര്‍ അനുഭവിക്കുന്ന മനശ്ശാന്തിയുടെയും സ്വസ്ഥതയുടെയും നേരിയ ഒരംശം പോലും കോടിപതികള്‍ക്ക് ലഭ്യമല്ല.
ഖാറൂന്റെ കഥ പറഞ്ഞ് ഖുര്‍ആന്‍ ആര്‍ത്തിക്കും അതിന്റെ അടിസ്ഥാനമായ സമ്പത്തിന്റെ ഉടമാവകാശത്തെ സംബന്ധിച്ച അബദ്ധധാരണകള്‍ക്കും അറുതി വരുത്തി. സമ്പത്ത് തന്റേതാണെന്ന ചിന്തയാണല്ലോ ആര്‍ത്തിയുടെ അടിസ്ഥാനം. അതിനെ തന്നെ നിരാകരിക്കുന്നു ഇസ്‌ലാം. അതിനായി പ്രസ്തുത സംഭവം ഇങ്ങനെ വിശദീകരിക്കുന്നു.
''ഖാറൂന്‍ മൂസയുടെ ജനതയില്‍ പെട്ടവനായിരുന്നു. അവന്‍ അവര്‍ക്കെതിരെ അതിക്രമം കാണിച്ചു. നാം അവന് ധാരാളം ഖജനാവുകള്‍ നല്‍കി. ഒരു കൂട്ടം മല്ലന്മാര്‍ പോലും അവയുടെ താക്കോല്‍ കൂട്ടം ചുമക്കാന്‍ ഏറെ പ്രയാസപ്പെട്ടിരുന്നു. അയാളുടെ ജനത ഇങ്ങനെ പറഞ്ഞ സന്ദര്‍ഭം: നീ അഹങ്കരിക്കരുത്. അഹങ്കരിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല. അല്ലാഹു നിനക്കു തന്നതിലൂടെ നീ പരലോക വിജയം തേടുക. എന്നാല്‍ ഇവിടെ ഇഹലോക ജീവിതത്തില്‍ നിനക്കുള്ള വിഹിതം മറക്കാതിരിക്കുക. അല്ലാഹു നിനക്കു നന്മ ചെയ്ത പോലെ നീയും നന്മ ചെയ്യുക. നാട്ടില്‍ നാശം വരുത്താന്‍ തുനിയരുത്. നാശകാരികളെ അല്ലാഹു ഇഷ്ടപ്പെടുകയില്ല''.
ഖാറൂന്‍ പറഞ്ഞു: ''എനിക്കിതൊക്കെ കിട്ടിയത് എന്റെ വശമുള്ള വിദ്യ കൊണ്ടാണ്.''
''അവനറിഞ്ഞിട്ടില്ലേ? അവനു മുമ്പ് അവനെക്കാള്‍ കരുത്തും സംഘബലവുമുണ്ടായിരുന്ന അനേകം തലമുറകളെ അല്ലാഹു നശിപ്പിച്ചിട്ടുണ്ടെന്ന്. കുറ്റവാളികളോട് അവരുടെ കുറ്റങ്ങളെക്കുറിച്ച് ചോദിക്കുക പോലുമില്ല. അങ്ങനെ അവന്‍ എല്ലാവിധ ആര്‍ഭാടങ്ങളോടും കൂടി ജനത്തിനിടയിലേക്ക് ഇറങ്ങിത്തിരിച്ചു. അതുകൊണ്ട് ഐഹിക ജീവിത സുഖം കൊതിക്കുന്നവര്‍ പറഞ്ഞു: ''ഖാറൂന് കിട്ടിയത് പോലുള്ളത് ഞങ്ങള്‍ക്കും കിട്ടിയിരുന്നെങ്കില്‍! ഖാറൂന്‍ ഭാഗ്യവാന്‍ തന്നെ.''
എന്നാല്‍ അറിവുള്ളവര്‍ പറഞ്ഞത് ഇങ്ങനെയാണ്: ''നിങ്ങള്‍ക്കു നാശം! സത്യവിശ്വാസം സ്വികരിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന് അല്ലാഹുവിന്റെ പ്രതിഫലമാണ് ഏറ്റവും വലുത്. എന്നാല്‍ ക്ഷമാശീലര്‍ക്കല്ലാതെ അതു ലഭ്യമല്ല.''
അങ്ങനെ അവനെയും അവന്റെ ഭവനത്തെയും നാം ഭൂമിയില്‍ ആഴ്ത്തി. അപ്പോള്‍ അല്ലാഹുവിനെക്കൂടാതെ അവനെ സഹായിക്കാന്‍ അവന്റെ കക്ഷികളൊന്നുമുണ്ടായില്ല. സ്വന്തത്തിനു സഹായിയാകാന്‍ അവനു സാധിച്ചതുമില്ല. അതോടെ ഇന്നലെ അവന്റെ സ്ഥാനം മോഹിച്ചിരുന്ന അതേ ആളുകള്‍ പറഞ്ഞു: '' കഷ്ടം! അല്ലാഹു തന്റെ ദാസന്മാരില്‍ അവനിഛിക്കുന്നവര്‍ക്ക് ഉപജീവനം ഉദാരമായി നല്‍കുന്നു. അവനിഛിക്കുന്നവര്‍ക്ക് ഇടുക്കം വരുത്തുകയും ചെയ്യുന്നു. അല്ലാഹു നമ്മോട് ഔദാര്യം കാണിച്ചില്ലായിരുന്നുവെങ്കില്‍ നമ്മെയും അവന്‍ ഭൂമിയില്‍ ആഴ്ത്തിക്കളയുമായിരുന്നു. കഷ്ടം! സത്യ നിഷേധികള്‍ വിജയം വരിക്കുകയില്ല.''
ആര്‍ത്തി കഠിനമായ കുറ്റമാണെന്ന് പഠിപ്പിക്കുന്ന പ്രവാചകന്‍ അത്തരക്കാര്‍ കുറ്റമുക്തരാകണമെങ്കില്‍ പശ്ചാത്താപം അനിവാര്യമാണെന്നു പഠിപ്പിക്കുന്നു. അതിനാല്‍ പ്രവാചകന്‍ മനുഷ്യ പ്രകൃതത്തിലെ ആര്‍ത്തിയെക്കുറിച്ചു പറയവെ ഇങ്ങനെ അരുള്‍ ചെയ്തത്. ''പശ്ചാത്തപിക്കുന്നവന് അല്ലാഹു പൊറുത്തു കൊടുക്കുന്നു.''
ആത്മവിശുദ്ധി ആര്‍ജിച്ച് മനസ്സിനെ സംസ്‌കരിക്കുകയും ജീവിതത്തെ സംബന്ധിച്ച ശരിയായ കാഴ്ചപ്പാട് ഉള്‍ക്കൊണ്ട് ആര്‍ത്തിക്ക് കടിഞ്ഞാണിടുകയും വേണമെന്ന് ഇസ്‌ലാം ശക്തമായി ആവശ്യപ്പെടുന്നു. ഇവ്വിധം ആര്‍ത്തിക്ക് അറുതിവരുത്തുന്നവര്‍ക്കുമാത്രമേ വിശുദ്ധ ജീവിതം സാധ്യമാവുകയുള്ളൂ.
Comments