Prabodhanm Weekly

Pages

Search

2012 മാര്‍ച്ച്‌ 10

അറബ് വസന്തം വിരിയിച്ച ശാബി കവിതകള്‍

കവര്‍‌സ്റ്റോറി അബൂ സ്വാലിഹ

ളരെ അപ്രതീക്ഷിതമായി ചില കവിതകള്‍ പ്രക്ഷോഭങ്ങളുടെ തീച്ചൂളയിലേക്ക് കയറിവരും. ചിലിയില്‍ വിക്ടര്‍ ജാറ, തുര്‍ക്കിയില്‍ നസീം ഹിക്മത്ത്, പാകിസ്താനില്‍ ഫൈസ് അഹ്മദ് ഫൈസ്... അക്കാലത്തെയോ മുന്‍കാലത്തെയോ മഹാ കവികളുടെ വരികള്‍ പ്രക്ഷോഭകാരികളുടെ ചുണ്ടില്‍ തീരെ വന്നില്ലെന്നും വരാം. കാവ്യഗുണമല്ല, കാവ്യ പ്രമേയത്തിന്റെ സമകാലിക പ്രസക്തിയാണ് പ്രക്ഷോഭകരെ ആകര്‍ഷിക്കുക. അറബ് വസന്തത്തിലും ഇങ്ങനെ ചില കവിതകള്‍ പ്രക്ഷോഭകരുടെ ഇഷ്ടഭാജനമായി. അവരില്‍ ഏറ്റവും ജനപ്രീതി പിടിച്ചുപറ്റിയ അറബിക്കവിയാണ് അബുല്‍ ഖാസിം അല്‍ ശാബി. മുക്കാല്‍ നൂറ്റാണ്ട് മുമ്പ് വിടപറഞ്ഞ, തീരെ പ്രശസ്തനല്ലാത്ത, ഒരു കുഞ്ഞ് കാവ്യ സമാഹാരം മാത്രം തന്റെ പേരില്‍ കുറിച്ചുവെച്ച ശാബിയുടെ വരികള്‍ ഉച്ചത്തില്‍ ചൊല്ലിയാണ് തുനീഷ്യയില്‍ സൈനുല്‍ ആബിദീന്‍ ബിന്‍ അലിയെയും ഈജിപ്തില്‍ ഹുസ്‌നി മുബാറകിനെയും അറബ് പ്രക്ഷോഭകര്‍ കടപുഴക്കിയത്.
ഇദാ ശ്ശഅ്ബു യൗമന്‍ അറാദല്‍ ഹയാ
ഫലാ ബുദ്ദ അന്‍ യസ്തജീബല്‍ ഖദ്ര്‍
വലാ ബുദ്ദ ലിലൈലിന്‍ അന്‍ യന്‍ജലി
വലാ ബുദ്ദ ലില്‍ ഖയ്ദി അന്‍ യന്‍കസിര്‍
വമന്‍ ലം യുആനിഖ്ഹു ശൗഖുല്‍ ഹയാ
തബഖര്‍ ഫീ ജവ്വിഹാ വന്‍ദസര്‍
(ജനം ഒരുനാള്‍ ജീവിക്കണമെന്ന് തീരുമാനിച്ചാല്‍, അതിന് അനുകൂലമായി ദൈവവിധി ഉത്തരം നല്‍കേണ്ടിവരും. രാത്രിക്ക് വഴിമാറേണ്ടിവരും. ബന്ധനങ്ങള്‍ പൊട്ടിത്തകരേണ്ടിവരും. ജീവിതക്കൊതി ആരെ പരിരംഭണം ചെയ്യുന്നില്ലയോ അവന്‍ അന്തരീക്ഷത്തില്‍ ആവിയായി അപ്രത്യക്ഷനാകും).
സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് കവിത ഇന്ധനം പകരുന്നത് കണ്ട് ഏകാധിപതികള്‍ ചകിതരായി. അക്ഷരങ്ങളെ പൂജിക്കുന്ന ചില മതവൃത്തങ്ങള്‍ ഏകാധിപതികള്‍ക്ക് ആശ്വാസം പകരും വിധം'ദൈവവിധി'(ഖദ്ര്‍)യില്‍ കയറിപ്പിടിച്ചു. ജനങ്ങള്‍ തീരുമാനിക്കും പ്രകാരമാണ് ദൈവവിധിയെന്ന പരാമര്‍ശം ഇസ്‌ലാമികവിരുദ്ധമാണെന്ന് അവര്‍ ഫത്‌വയെഴുതി. മാറാന്‍ ജനം തീരുമാനിക്കുമ്പോഴാണ് വിപ്ലവങ്ങള്‍ ഉണ്ടാവുന്നതെന്നും അതാണ് ദൈവേഛയായി പരിണമിക്കുന്നതെന്നുമുള്ള ലളിത സത്യം അവര്‍ കാണാതെ പോയി.
അറബിത്തെരുവുകളില്‍ മുഴങ്ങിക്കേട്ട ശാബി കവിതകളുടെയെല്ലാം പ്രമേയം 'ജീവിത'മാണ്. 'ജീവിത ഗാനങ്ങള്‍' (അഗാനില്‍ ഹയാത്ത്) എന്നാണ് അദ്ദേഹത്തിന്റെ ഏക കാവ്യസമാഹാരത്തിന് പേരിട്ടിരിക്കുന്നത്. സ്വാതന്ത്ര്യ ബോധമോ ഇഛാശക്തിയോ ഒന്നുമില്ലാതെ അന്തസ്സ് കെട്ട ജീവിതം വ്യക്തിയുടേതായാലും സമൂഹത്തിന്റേതായാലും മരണം തന്നെയാണ്. വ്യക്തിയുടെയും സമൂഹത്തിന്റെയും ശവമാണ് താന്‍ കാണുന്നതെന്ന് കവി ഉറപ്പിച്ചു പറയുന്നു. ഭൂമി ഒരിക്കലും 'ശവ'ത്തിനുള്ളതല്ല. അത് ഇഛാശക്തിയോടെയും സ്വാതന്ത്ര്യ ബോധത്തോടെയും ധീരമായി ജീവിക്കുന്നവര്‍ക്കുള്ളതാണ്. ഭൂമിയില്‍ അവകാശം ചോദിക്കാന്‍ ജീവിതത്തിനേ അര്‍ഹതയുള്ളൂ.
ഒരു കവിതയില്‍ ശാബി ഭൂമിയെ മാതാവായി സങ്കല്‍പ്പിക്കുന്നുണ്ട്. മരിച്ചവരെ കുറിച്ച് ചോദിക്കുമ്പോള്‍ ഭൂമി വാചാലയാവുന്നു: മാതൃഹൃദയത്തിന്റെ കനിവ് ഇല്ലായിരുന്നെങ്കില്‍ എന്റെ മാറില്‍ കുഴികുത്തി ഒരൊറ്റ ശവത്തെപ്പോലും വെക്കാന്‍ ഞാന്‍ സമ്മതിക്കുമായിരുന്നില്ല!
അത്രക്ക് ജീവിതാസക്തി നിറഞ്ഞതാണ് ശാബീ കവിതകള്‍. അത് കേവലമായ ജൈവിക സാന്നിധ്യമല്ല. ധീരതയുടെ ആദര്‍ശജീവിതമാണ്. ജീവിക്കുന്നെങ്കില്‍ സിംഹത്തെപ്പോലെ ജീവിക്കുക. ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം. അന്തസ്സാര്‍ന്ന ജീവിതത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ജീവന്‍ പൊലിഞ്ഞാലും അത് മരണമായി കാണേണ്ടതില്ല. അത് ഒരായിരം യഥാര്‍ഥ ജീവിതങ്ങള്‍ക്ക് വേണ്ടിയുള്ള വിത്തു പാകലാണ്. 'ഒരു ധാന്യക്കുല മരിക്കുമ്പോള്‍ താഴ്‌വാരങ്ങള്‍ ധാന്യക്കുലകളാല്‍ നിറയുന്നു' എന്ന് മഹ്മൂദ് ദര്‍വേഷ്.
മനുഷ്യത്വത്തിന്റെ ഘാതകന്‍ മറ്റാരുമല്ല, ജനതയെ അടക്കിവാഴുന്ന സ്വേഛാധിപതി (ശാബിയുടെ 'സ്വേഛാധിപതിയോട്' എന്ന കവിത കാണുക). ജനകീയ പ്രക്ഷോഭത്തെ ചോരയില്‍ മുക്കിക്കൊല്ലുന്ന ഏകാധിപതികള്‍, ആ ചോരച്ചാലുകള്‍ മഹാ കുത്തൊഴുക്കായി രൂപപ്പെട്ട് സകല ഏകാധിപത്യ കോട്ടകളെയും തകര്‍ത്തെറിയുമെന്ന മുന്നറിയിപ്പും കവി നല്‍കുന്നു. അവരെ ദഹിപ്പിച്ചുകളയുന്ന തീക്കാറ്റും വരാനിരിക്കുന്നു. സദ്ദാം ഹുസൈനെ ഏകാധിപത്യത്തിന്റെ പ്രതീകമായി സങ്കല്‍പിച്ചുകൊണ്ടുള്ള ഇറാഖി കവി അബ്ദുല്‍ വഹാബ് ബയാത്തിയുടെ 'വ്യാളി' എന്ന കവിതയും ഇതേ ആശയമാണ് പങ്കുവെക്കുന്നത്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണ് ശാബിയുടെ ജീവിതം. 1909-ല്‍ തുനീഷ്യയിലെ തോസൂര്‍ നഗരത്തില്‍ ജനിച്ചു. പിതാവ് ജഡ്ജിയായിരുന്നു. അദ്ദേഹത്തിനും കുടുംബത്തിനും ഈജിപ്തിലും തുനീഷ്യയിലുമായി മാറിമാറി താമസിക്കേണ്ടിവന്നു. ശാബിയുടെ കാവ്യ ജീവിതം രൂപപ്പെടുത്തുന്നതില്‍ ഇത് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കുട്ടിക്കാലം മുതലേ അവശനും രോഗിയുമായിരുന്നു ശാബി. ശരീരത്തെ കാര്‍ന്നു തിന്നുന്നത് ഹൃദ്‌രോഗമാണെന്ന് വൈകിയാണ് അറിഞ്ഞത്. 25 വയസ്സ് തികയും മുമ്പ് 1934-ല്‍ അദ്ദേഹം ഇഹലോകത്തോട് വിട പറയുകയും ചെയ്തു.
തുനീഷ്യയില്‍ ഫ്രഞ്ച് കൊളോണിയലിസം ഭീകരവാഴ്ച നടത്തുന്ന കാലത്താണ് ശാബി ജീവിച്ചിരുന്നത്. കൊളോണിയലിസത്തോട് രാജിയാവുന്ന പ്രവണതയെയാണ് അദ്ദേഹം 'മരണം' എന്ന് വിശേഷിപ്പിച്ചത്. കൊളോണിയല്‍ വിരുദ്ധ പോരാട്ടത്തിനുള്ള ഇന്ധനമായിരുന്നു ആ കവിതകളെങ്കിലും അക്കാലത്ത് അവ ഫ്രഞ്ച് ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ പെടുകയോ കൊളോണിയല്‍ വിരുദ്ധ പ്രക്ഷോഭകര്‍ അവയെ ഏറ്റെടുക്കുകയോ ചെയ്തിരുന്നില്ല. കവി തന്നെയും, അനാരോഗ്യം കാരണമാവാം, ഏതെങ്കിലും പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതായും അറിയില്ല. ചില കവിതകള്‍ അങ്ങനെയാണ്. അവ അവയുടെ ദൗത്യം കണ്ടെത്തുന്നത് വളരെ കഴിഞ്ഞ് ഒട്ടും നിനച്ചിരിക്കാതെ തീര്‍ത്തും പുതിയൊരു സന്ദര്‍ഭത്തിലായിരിക്കും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം