Prabodhanm Weekly

Pages

Search

2012 മാര്‍ച്ച്‌ 10

ചരിത്ര പ്രധാനമായ കോടതി വിധി

യിരക്കണക്കിന് മുസ്‌ലിംകളെ കൂട്ടക്കുരുതിക്കിരയാക്കിയ ഗുജറാത്ത് കലാപം പത്താണ്ട് പിന്നിടുകയാണ്. ഉറ്റവരും ഉടയവരും ഉപജീവനോപാധികളും നഷ്ടപ്പെട്ട് നിരാലംബരായ ഇരകള്‍ക്ക് ഇനിയും നീതി ലഭിച്ചിട്ടില്ല. നാട്ടില്‍ നിന്നും വീട്ടില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട ആയിരങ്ങള്‍ സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ചുപോകാനാവാതെ ഇപ്പോഴും അങ്ങിങ്ങ് അശരണരായി കഴിയുകയാണ്. ഗുജറാത്ത് ഗവണ്‍മെന്റിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ അരങ്ങേറിയ വംശഹത്യയായിരുന്നു 2002-ല്‍ ഗുജറാത്തില്‍ നടന്നത്. രാജ്യത്തെ മതേതര രാഷ്ട്രീയ പാര്‍ട്ടികളും സാംസ്‌കാരിക സംഘടനകളും അതില്‍ ഏകാഭിപ്രായക്കാരാണ്. ദേശീയ മനുഷ്യാവകാശ കമീഷന്‍ ഉള്‍പ്പെടെയുള്ള ഔദ്യോഗികവും അനൗദ്യോഗികവുമായ മാനുഷിക-മൗലികാവകാശ പ്രസ്ഥാനങ്ങളുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടുകള്‍ അക്കാര്യം തെളിവുകള്‍ സഹിതം വിശദീകരിച്ചിട്ടുമുണ്ട്. കലാപ കേസുകള്‍ കേള്‍ക്കുന്ന കോടതികള്‍ പലവട്ടം മോഡി സര്‍ക്കാറിനെ വിമര്‍ശിക്കുകയുണ്ടായി. മതങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക, രാജ്യത്തിന്റെ ഐക്യവും സൗഹാര്‍ദവും തകര്‍ക്കുക, നിയമങ്ങള്‍ ലംഘിച്ച് ജനങ്ങളെ ദ്രോഹിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി നരേന്ദ്ര മോഡിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി 2011-ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്തിട്ടുള്ളത്. ജനാധിപത്യ പ്രതിബദ്ധതയും നീതിബോധവുമുള്ള ഒരു മുഖ്യമന്ത്രിക്ക് സ്ഥാനത്യാഗം ചെയ്യാന്‍ ഇതൊക്കെ ധാരാളമാണ്. പക്ഷേ, താന്‍ ചെയ്തതൊക്കെയും മഹത്തായ ദേശസേവനവും പുണ്യകര്‍മവുമാണ് എന്ന ഭാവത്തില്‍ വിലസുകയാണ് നരേന്ദ്ര മോഡി. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ബി.ജെ.പിയും അതിന്റെ ഉപജ്ഞാതാക്കളായ ഹിന്ദുത്വ സംഘടനകളും അദ്ദേഹത്തെ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്യുന്നു.
ഇത്തരമൊരു മുഖ്യമന്ത്രിയുടെ ഗവണ്‍മെന്റ് മര്‍ദിതര്‍ക്ക് നീതി നിഷേധിക്കുക സ്വാഭാവികം. ഉദ്യോഗസ്ഥരെ സ്വാധീനിച്ചും അന്വേഷണങ്ങള്‍ അട്ടിമറിച്ചും സാക്ഷികളെ കൂറുമാറ്റിയുമെല്ലാം അവരത് മുറക്ക് നടപ്പിലാക്കുന്നുണ്ട്. കലാപവുമായി ബന്ധപ്പെട്ട നൂറുക്കണക്കിന് കേസുകളില്‍ ബറോഡയിലെ ബെസ്റ്റ് ബേക്കറി കൂട്ടക്കൊലക്കേസില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. മുന്‍ എം.പി ഇഹ്‌സാന്‍ ജഫ്‌രിയെ ചുട്ടുകൊന്നതുള്‍പ്പെടെയുള്ള നിരവധി കേസുകള്‍ നിയമത്തിന്റെ നൂലാമാലകളില്‍ കുരുങ്ങി കോടതികളില്‍ കെട്ടിക്കിടക്കുകയാണ്. നീതിനിര്‍വഹണത്തിലെ ഈ പരാജയം മുസ്‌ലിംകളില്‍ കടുത്ത നിരാശയുളവാക്കിയിട്ടുണ്ട്.
ഫെബ്രുവരി എട്ടിന് ഗുജറാത്ത് ഹൈക്കോടതി പുറപ്പെടുവിച്ച വിധി ഈ പശ്ചാത്തലത്തില്‍ ചരിത്ര പ്രധാനമാകുന്നു. കലാപം നിയന്ത്രിക്കുന്നതിലും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിലും വഷളായ ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ അക്ഷന്തവ്യമായ അനാസ്ഥയും നിഷ്‌ക്രിയത്വവും കൈക്കൊണ്ടുവെന്ന് കോടതി ഒരിക്കല്‍ കൂടി മോഡിയെ തുറന്നാക്ഷേപിച്ചിരിക്കുന്നു. ഈ അനാസ്ഥയാണ് വന്‍തോതില്‍ മതസ്ഥാപനങ്ങള്‍ - അതില്‍ 70 ശതമാനവും പള്ളികളാണ്- തകര്‍ക്കപ്പെടാനിടയാക്കിയതെന്ന് ന്യായാസനം ചൂണ്ടിക്കാട്ടുന്നു. കലാപവേളയില്‍ ഗവണ്‍മെന്റ് മെഷിനറി കൈക്കൊണ്ട അനാസ്ഥയും അവഗണനയും സോദാഹരണം വിശദീകരിച്ചുകൊണ്ട് ദേശീയ മനുഷ്യാവകാശ കമീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കാന്‍ കൂട്ടാക്കാതിരുന്ന മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യവും കോടതിയുടെ നിശിതമായ വിമര്‍ശനത്തിന് വിധേയമായി. ജമാഅത്തെ ഇസ്‌ലാമി ഗുജറാത്ത് ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ ഡോ. ശക്കീല്‍ അഹ്മദ് സാഹിബ് അധ്യക്ഷനായി രൂപീകൃതമായ ഇസ്‌ലാമിക് റിലീഫ് കമ്മിറ്റി ഓഫ് ഗുജറാത്ത് (ഐ.ആര്‍.സി.ജി) സമര്‍പ്പിച്ച പൊതു താല്‍പര്യ ഹരജിയില്‍ വിധി പറയുകയായിരുന്നു ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഭാസ്‌ക്കര്‍ ഭട്ടാചാര്യയും ജസ്റ്റിസ് ജെ.ബി പദ്‌വാലയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്. കലാപത്തില്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ക്കപ്പെട്ട അഞ്ഞൂറിലേറെ -കൃത്യമായി പറഞ്ഞാല്‍ 572- മത സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ പുനര്‍ നിര്‍മിക്കണമെന്ന് ഉത്തരവിട്ടതാണ് വിധിയിലെ കാതലായ ഭാഗം. നേരത്തെ ദേശീയ മനുഷ്യാവകാശ കമീഷന്‍ ഈ ആവശ്യമുന്നയിച്ചതാണ്. മോഡി ഗവണ്‍മെന്റ് അത് നടപ്പാക്കാന്‍ കൂട്ടാക്കാതെ, മതസ്ഥാപനങ്ങളുടെ പുനരുദ്ധാരണം മതേതര ഗവണ്‍മെന്റിന്റെ ബാധ്യതയല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു. വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കുമെന്ന പോലെ മതസ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചു. ഉത്തരവ് നടപ്പാക്കുന്നതിന് സ്റ്റേറ്റ് മെഷിനറിയില്‍ മാത്രം വിശ്വാസമര്‍പ്പിക്കാതെ, സംസ്ഥാനത്തെ 26 ജില്ലകളിലെയും പ്രിന്‍സിപ്പല്‍ ജഡ്ജിമാരോട് മതസ്ഥാപനങ്ങളുടെ നഷ്ടപരിഹാരത്തിനുള്ള അപേക്ഷകള്‍ സ്വീകരിച്ച് തീരുമാനമെടുത്ത് ആറു മാസത്തിനകം ഹൈക്കോടതിയെ അറിയിക്കണമെന്നാവശ്യപ്പെട്ടിരിക്കുകയാണ്.സംസ്ഥാന സര്‍ക്കാര്‍ ഈ വിധിയെ മറികടക്കാന്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് കരുതപ്പെടുന്നത്. പ്രബലമായ തെളിവുകളും ന്യായങ്ങളും ആധാരമാക്കിയുള്ള ഹൈക്കോടതിവിധി,സുപ്രീംകോടതി ദുര്‍ബലപ്പെടുത്തുകയില്ലെന്നുതന്നെ പ്രതീക്ഷിക്കാം.
ഗുജറാത്തിന്റെ കലാപാനന്തര ചരിത്രത്തില്‍ ഒരു നാഴികക്കല്ലാണീ വിധി. ഗുജറാത്തിലെ ഇരകള്‍ക്ക് മാത്രമല്ല, രാജ്യത്തെങ്ങുമുള്ള മര്‍ദിതര്‍ക്കും പീഡിതര്‍ക്കും ഇന്ത്യന്‍ ജുഡീഷ്യറിയില്‍ പ്രതീക്ഷയും ആത്മവിശ്വാസവും വളര്‍ത്താന്‍ ഇതിനു കഴിയും. ഒപ്പം മര്‍ദകര്‍ക്കും, നീതിക്കു വേണ്ടിയുള്ള മര്‍ദിതരുടെ വിലാപങ്ങള്‍ അവഗണിക്കുകയും അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന അധികാര കേന്ദ്രങ്ങള്‍ക്കുമുള്ള ശക്തമായ താക്കീതുമാണിത്. ബി.ജെ.പിയും സംഘ്പരിവാറും ഭാവി പ്രധാനമന്ത്രിയായി എഴുന്നെള്ളിക്കുന്ന നരേന്ദ്രമോഡിയുടെ മുഖം എന്തുമാത്രം വികൃതവും ബീഭത്സവുമാണെന്ന് ദേശീയതലത്തില്‍ ഒരിക്കല്‍ കൂടി തുറന്നു കാട്ടുകയും ചെയ്തിരിക്കുന്നു ഗുജറാത്ത് ഹൈക്കോടതി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം